പോക്‌സോയ്ക്ക് പത്തുവർഷം;
എന്തുകൊണ്ട് കേസുകൾക്കിപ്പോഴും ശൈശവം?
പോക്‌സോയ്ക്ക് പത്തുവർഷം; എന്തുകൊണ്ട് കേസുകൾക്കിപ്പോഴും ശൈശവം?
കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയാനുള്ള പോക്സോ നിയമത്തിന് 2022 ജൂൺ 20ന് പത്തുവയസ് തികയുന്നു. പോക്സോ കേസുകളിൽ 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ച് ഒരു വർഷത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും നിരവധി കേസുകളാണ് വർഷങ്ങൾക്കുശേഷം വിചാരണ പോലും തുടങ്ങാതെ സംസ്ഥാനത്തുള്ളത്. പോക്സോ കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിൽ ഇത് തടയാന്‍ കൗമാരക്കാര്‍ക്കിടയില്‍ ബോധവത്കരണം നടത്തണമെന്ന ഹൈക്കോടതി നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിൽ പോക്സോ കേസുകളുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് അന്വേഷണം.
20 Jun 2022, 02:35 PM
കേരളത്തിലെ സ്‌കൂളുകളില്‍ പോക്‌സോ കേസുകള്‍ വര്‍ധിച്ചുവരികയാണെന്നും ഇത് തടയാന്‍ കൗമാരക്കാര്‍ക്കിടയില്‍ ബോധവത്കരണം നടത്തണമെന്നും കഴിഞ്ഞ ദിവസം ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. പോക്‌സോ കേസിനെക്കുറിച്ചും (പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ് ആക്റ്റ്) കേസില്‍പെട്ടാലുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും അവബോധമില്ലാതെയാണ് കൗമാരക്കാര്‍ ലൈംഗികബന്ധങ്ങളിലേര്‍പ്പെടുകയും ജീവിതം തകര്‍ക്കുകയും ചെയ്യുന്നതെന്നും കോടതി അഭിപ്രായപ്പെട്ടു. സ്‌കൂള്‍ പാഠ്യപദ്ധതിയിലൂടെ തന്നെ ബോധവത്കരണം നടത്തുന്നതിനുള്ള വഴികള്‍ തേടണമെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് നിര്‍ദേശിച്ചു. വിദ്യാഭ്യാസ വകുപ്പും സി.ബി.എസ്.ഇ.യും കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയും അതിനുള്ള വഴികള്‍ തേടണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
അടുത്ത കാലത്തായി കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്ന പ്രായപൂര്‍ത്തിയാകാത്തവരുടെ എണ്ണം കൂടിവരുന്ന സാഹചര്യത്തിലാണ് ഒരു പോക്‌സോ കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കവെ കോടതി മേല്‍പറഞ്ഞ നിരീക്ഷണങ്ങള്‍ നടത്തിയത്. അനന്തഫലങ്ങളെക്കുറിച്ച് ഒരു ധാരണയുമില്ലാതെയാണ് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇത്തരം ക്രിമിനല്‍ പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നത്. അതുകൊണ്ടുതന്നെ സ്‌കൂളുകളില്‍ നിന്നുതന്നെ ബോധവത്കരണം തുടങ്ങേണ്ടത് അനിവാര്യമാണ്. കേസുകളെക്കുറിച്ചും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെക്കുറിച്ചുമുള്ള ധാരണ കുട്ടികളിലുണ്ടാക്കണം. അവര്‍ പ്രതികളാകാതിരിക്കാനും ഇരകളാകാതിരിക്കാനും ഇത് വളരെ അത്യാവശ്യമാണ്. കുട്ടികളെ ലൈംഗികാതിക്രമങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനായുള്ള പോക്‌സോ നിയമം പ്രാബല്യത്തില്‍ വന്ന് പത്ത് വര്‍ഷം പൂര്‍ത്തിയാകുമ്പോഴും നിയമത്തെക്കുറിച്ച് ആളുകള്‍ക്ക് അവബോധമില്ലാത്തതാണ് കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാനും പ്രതികള്‍ ശിക്ഷിക്കപ്പെടാതിരിക്കാനും കാരണം.
പോക്‌സോ നിയമം
ഇന്ത്യന്‍ പീനല്‍ കോഡ് 1860 ഭേദഗതി ചെയ്താണ് കുട്ടികളെ ലൈംഗികാതിക്രമങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനുള്ള നിയമനിര്‍മാണം നടത്തിയത്. 2012-ലാണ് പോക്‌സോ (POCSO - Protection of Children from Sexual Offences Act 2012) രാജ്യത്ത് പ്രാബല്യത്തില്‍ വന്നത്. ലിംഗവ്യത്യാസമില്ലാതെ 18 വയസ്സിന് താഴെയുള്ള എല്ലാവര്‍ക്കും ലൈംഗികാതിക്രമത്തില്‍ നിന്ന് സംരക്ഷണം നല്‍കുന്നതിനുള്ളതാണ് ഈ നിയമം. കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തുന്നവര്‍ക്ക് കടുത്ത ശിക്ഷയാണ് പോക്‌സോ നിയമത്തിലുള്ളത്. 2019-ലെ ഭേദഗതി പ്രകാരം 16 വയസ്സിന് താഴെയുള്ളവരെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ വരെ വിധിക്കാമെന്നും ഉത്തരവുണ്ടായി.

കുട്ടികള്‍ തന്നെ പ്രതികളാകുന്ന കേസുകളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. 18 വയസ്സില്‍ താഴെയുള്ളവര്‍ തന്നെ പോക്‌സോ കേസില്‍പെടുന്ന സംഭവങ്ങളുമുണ്ട്. സഹപാഠികളായ പെണ്‍കുട്ടികളോടുള്‍പ്പെടെ ലൈംഗികാതിക്രമത്തിലും മോശം പെരുമാറ്റത്തിനും മുതിരുന്ന ആണ്‍കുട്ടികളുടെ എണ്ണം ഇന്ന് വളരെ കൂടുതലാണ്. ഇത്തരം പെരുമാറ്റങ്ങള്‍ അതിക്രമമമാണെന്നോ തെറ്റാണെന്നോ തിരച്ചറിയാത്ത പെണ്‍കുട്ടികളുമുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ശരിയായ രീതിയിലുള്ള അവബോധം നല്‍കുന്നതില്‍ രക്ഷിതാക്കളും അധ്യാപകരും വിദ്യാഭ്യാസ സംവിധാനവും പരാജയപ്പെടുന്നതാണ് ഇതിന് കാരണമെന്ന് അഡ്വ. മാജിദ അബ്ദുള്‍മജീദ് പറയുന്നു.""അംഗന്‍വാടികളില്‍ കൗമാരക്കാര്‍ക്കായി ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കാറുണ്ട്. പക്ഷെ അതില്‍ പങ്കെടുക്കുന്നത് പലപ്പോഴും പെണ്‍കുട്ടികള്‍ മാത്രമായിരിക്കും. സ്‌കൂളുകളിലും പെണ്‍കുട്ടികളെ മാത്രം ബോധവത്കരിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. നിങ്ങള്‍ ഒതുങ്ങി നടക്കുക, മാറിപ്പോവുക, സ്വന്തം ശരീരം സൂക്ഷിക്കുക തുടങ്ങിയ ഉപദേശങ്ങള്‍ ഇപ്പോഴും പെണ്‍കുട്ടികള്‍ക്ക് നല്‍കുന്നവര്‍ ആണ്‍കുട്ടികളെ മറക്കുന്നു. ആണ്‍കുട്ടികള്‍ക്ക് ഒരുവിധത്തിലുള്ള ബോധവത്കരണവും നല്‍കാന്‍ അധ്യാപകരോ രക്ഷിതാക്കളോ തയ്യാറാകുന്നില്ല''- അഡ്വ. മാജിദ പറഞ്ഞു.
നടപടി അതിവേഗം
പോക്‌സോ നിയമം പ്രാബല്യത്തില്‍ വന്നതോടെ കുട്ടികള്‍ ഇരകളാകുന്ന ലൈംഗികാതിക്രമ കേസുകളിലെ നടപടികളില്‍ വലിയ മാറ്റങ്ങളാണുണ്ടായത്. പോക്‌സോ കേസുകള്‍ കൈകാര്യം ചെയ്യാന്‍ മാത്രമായി പ്രത്യേകം കോടതികള്‍ സ്ഥാപിക്കപ്പെട്ടു. ഒട്ടേറെ കേസുകളില്‍ കടുത്ത ശിക്ഷകള്‍ വിധിക്കപ്പെട്ടു.
പോക്‌സോ കേസുകളില്‍ അന്വേഷണം വേഗത്തിലാക്കാനുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ അടുത്തിടെ സ്വീകരിച്ചിട്ടുള്ളത്. സംസ്ഥാനത്തെ എല്ലാ പൊലീസ് ജില്ലകളിലും പോക്‌സോ കേസ് അന്വേഷണത്തിന് പ്രത്യേക സംഘങ്ങള്‍ രൂപീകരിക്കാന്‍ തീരുമാനമുണ്ടായത് 2022 മേയ് മാസത്തിലാണ്. പോക്‌സോ കേസുകളില്‍ അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന സുപ്രീം കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് പ്രത്യേക അന്വേഷണ സംഘങ്ങള്‍ രൂപീകരിക്കുന്നത് സംബന്ധിച്ച ശുപാര്‍ശ സംസ്ഥാന സര്‍ക്കാരിന് നല്‍കിയത്.
സംസ്ഥാനത്തെ 20 പൊലീസ് ജില്ലകളിലും ഡിവൈ.എസ്.പി. റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ 19 വീതം ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് രൂപീകരിക്കുന്നത്. കേസുകള്‍ കുറവുള്ള 60 പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരായ ഇന്‍സ്‌പെക്ടര്‍മാരെ പിന്‍വലിച്ച് എസ്.ഐ.മാരെ നിയമിക്കും. ഇവരെ പോക്‌സോ സംഘങ്ങളില്‍ ഉള്‍പ്പെടുത്തും.
നിലവിലെ 16 നര്‍കോട്ടിക്‌സ് ജില്ലാ ഡിവൈ.എസ്.പി.മാരുടെ തസ്തിക നര്‍കോട്ടിക്‌സ്-ലിംഗനീതി എന്നാക്കി പോക്‌സോ കേസ് അന്വേഷണച്ചുമതല നല്‍കാനും തീരുമാനമായിട്ടുണ്ട്. നാല് ഡിവൈ.എസ്.പി. തസ്തിക പുതിയതായി സൃഷ്ടിക്കും. കേസുകള്‍ കുറവുള്ള സ്റ്റേഷനുകളിലെ 60 ഇന്‍സ്‌പെക്ടര്‍മാരെ ഇവിടെ നിയമിക്കുന്നതിനൊപ്പം എസ്.ഐ.മാരുടേതടക്കം 300 തസ്തികകള്‍ പുതിയതായി സൃഷ്ടിക്കണം. ഇതിനായി സര്‍ക്കാരിന് വര്‍ഷം 16.8 കോടി രൂപയുടെ ബാധ്യതയുണ്ടാകും.
ഒരു വര്‍ഷം 3000-ലേറെ കേസ്, മലപ്പുറം മുന്നിൽ
സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെടുന്ന പോക്‌സോ കേസുകളുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കേസുകളുടെ എണ്ണത്തില്‍ ക്രമാനുഗതമായ വര്‍ധനയുണ്ടാകുന്നതായി കഴിഞ്ഞ അഞ്ചുവര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. ഓരോ വര്‍ഷവും മൂവായിരത്തിലധികം കേസുകളാണ് സംസ്ഥാനത്ത് പോക്‌സോ നിയമത്തിനുകീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നത്.
2022-ല്‍ ഇതുവരെ 1142 കേസുകളാണ് പോക്‌സോ നിയമപ്രകാരം സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളതെന്നാണ് കേരള പൊലീസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ വര്‍ഷം തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കുടുതല്‍ കേസുകള്‍. 142 കേസുകളാണ് തിരുവനന്തപരും സിറ്റി, റൂറല്‍ പൊലീസ് ജില്ലകളിലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 113 കേസുകളുള്ള മലപ്പുറം, എറണാകുളം ജില്ലകളാണ് രണ്ടാം സ്ഥാനത്ത്. 111 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കോഴിക്കോട് ജില്ലയാണ് മൂന്നാമത്. കൊല്ലം ജില്ലയില്‍ 100 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. തൃശൂര്‍ -93, പാലക്കാട് -76, കാസര്‍കോട് -72, ആലപ്പുഴ -61, പത്തനംതിട്ട -60, കോട്ടയം -58, ഇടുക്കി -49, കണ്ണൂര്‍ -48, വയനാട് -46 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്കുകള്‍.
2021-ല്‍ 3559 കേസുകളാണ് പോക്‌സോ നിയമപ്രകാരം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടത്. 460 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മലപ്പുറം ജില്ലയാണ് മുന്നില്‍. രണ്ടാം സ്ഥാനത്തുള്ള തിരുവനന്തപുരം ജില്ലയില്‍ 436 കേസുകളാണുള്ളത്. കൊല്ലം (327), എറണാകുളം (324) എന്നീ ജില്ലകളാണ് മൂന്നും നാലും സ്ഥാനങ്ങളില്‍. തൃശൂര്‍ -295, കോഴിക്കോട് -286, പാലക്കാട് -256, ഇടുക്കി -206, ആലപ്പുഴ -200, കണ്ണൂര്‍ -189, കോട്ടയം -168, വയനാട് -149, പത്തനംതിട്ട -135 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്കുകള്‍. റെയില്‍വെ പൊലീസ് ഒരു കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
2020-ല്‍ 3056 കേസുകളാണ് പോക്‌സോ നിയമപ്രകാരം സംസ്ഥാനത്ത് എടുത്തിട്ടുള്ളത്. മലപ്പുറം (387), തിരുവനന്തപുരം (358) എന്നീ ജില്ലകളിലാണ് കേസുകളുടെ എണ്ണം കൂടുതല്‍. കോഴിക്കോട് -255, പാലക്കാട് -254, കൊല്ലം -252, ഇടുക്കി -188, ആലപ്പുഴ -180, കണ്ണൂര്‍ -159, കാസര്‍കോട് -148, വയനാട് -138, കോട്ടയം -132, റെയില്‍വെ പൊലീസ് -1 എന്നിവയാണ് മറ്റു ജില്ലകളിലെ കേസുകളുടെ എണ്ണം.

2019-ല്‍ 3640 കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമത്തിന്റെ പേരില്‍ പോക്‌സോ നിയമപ്രകാരം 3640 കേസുകളാണുണ്ടായത്. മലപ്പുറം (448), തിരുവനന്തപുരം (446) ജില്ലകള്‍ തന്നെയാണ് കേസുകളുടെ എണ്ണത്തില്‍ മുന്നില്‍. 343 കേസുകളുള്ള എറണാകുളം ജില്ല മൂന്നാം സ്ഥാനത്തും 334 കേസുകളുള്ള കോഴിക്കോട് ജില്ല നാലാം സ്ഥാനത്തുമാണ്. തൃശൂര്‍ -309, കൊല്ലം -289, പാലക്കാട് -258, കണ്ണൂര്‍ -222, കോട്ടയം -195, ആലപ്പുഴ -190, കാസര്‍കോട് -163, ഇടുക്കി -155, വയനാട് -147, റെയില്‍വെ പൊലീസ് -5 എന്നിങ്ങനെയാണ് മറ്റു കണക്കുകള്‍.
2018-ല്‍ സംസ്ഥാനത്തെ ആകെ പോക്‌സോ കേസുകളുടെ എണ്ണം 3181 ആണ്. മലപ്പുറം ജില്ലയില്‍ 410 കേസുകളുള്ളപ്പോള്‍ തിരുവനന്തപുരത്ത് 385 കേസുകളാണുള്ളത്. തൃശൂര്‍ -282, കോഴിക്കോട് -276, എറണാകുളം -268, കൊല്ലം 262, കണ്ണൂര്‍ -245, പാലക്കാട് -200, ആലപ്പുഴ -178, കോട്ടയം -157, ഇടുക്കി -135, വയനാട് -131 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കേസുകളുടെ കണക്ക്. റെയില്‍വെ പൊലീസ് നാല് കേസുകളാണെടുത്തത്.
കെ.വി. ശശികുമാർ: 30 വര്‍ഷത്തെ പീഡനം
30 വര്‍ഷത്തോളം വിദ്യാര്‍ഥിനികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ അധ്യാപകന്‍ അറസ്റ്റിലായതാണ് അടുത്തിടെ സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച കേസ്. മലപ്പുറം സെൻറ് ജെമ്മാസ് സ്‌കൂളിലെ റിട്ട. അധ്യാപകനും സി.പി.എം. നഗരസഭാ കൗണ്‍സിലറുമായ കെ. വി. ശശികുമാറാണ് പൂര്‍വ വിദ്യാര്‍ഥികളുടെ പരാതിയെ തുടര്‍ന്ന് അറസ്റ്റിലായത്. ഗണിത അധ്യാപകനായിരുന്ന ശശികുമാര്‍ കഴിഞ്ഞ മാര്‍ച്ചിലാണ് വിരമിച്ചത്. വിരമിക്കല്‍ ചടങ്ങിന്റെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ കണ്ട ഒരു പൂര്‍വ വിദ്യാര്‍ഥിനിയാണ് അധ്യാപകനെതിരെ ആദ്യം ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചത്. ശശികുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത് പരോക്ഷമായ കുറിപ്പിലൂടെയായിരുന്നു വെളിപ്പെടുത്തല്‍. ഇതിനുപിന്നാലെ ഇതേ അധ്യാപകനില്‍ നിന്ന് ദുരനുഭവമുണ്ടായ കുടുതല്‍ വിദ്യാര്‍ഥിനികള്‍ വെളിപ്പെടുത്തല്‍ നടത്തി. സ്‌കൂളിലെ നിരവധി പൂര്‍വ വിദ്യാര്‍ഥികളാണ് ഫേസ്ബുക്ക് കുറിപ്പിലൂടെയും കമന്റുകളിലൂടെയും വെളിപ്പെടുത്തല്‍ നടത്തിയത്. അനവധി വിദ്യാര്‍ഥിനികള്‍ വെളിപ്പെടുത്തല്‍ നടത്തിയതോടെയാണ് പൂര്‍വ വിദ്യാര്‍ഥി സംഘടന പൊലീസില്‍ പരാതി നല്‍കിയത്.
30 വര്‍ഷത്തിലേറെ കാലം സര്‍വീസിലുണ്ടായിരുന്ന ശശികുമാര്‍ ഒമ്പത് വയസ്സ് മുതല്‍ 12 വയസ്സ് വരെയുള്ള യു.പി. ക്ലാസുകളിലെ പെണ്‍കുട്ടികളെയാണ് ഉപദ്രവിച്ചിരുന്നത്. ലൈംഗികാതിക്രമമാണ് നേരിട്ടതെന്നുപോലും തിരിച്ചറിയാനുള്ള പ്രായമാകാത്തവരായിരുന്നു ആ കുട്ടികള്‍. എങ്കിലും ചില കുട്ടികളെങ്കിലും പരാതിപ്പെട്ടിരുന്നു. പരാതിപ്പെടുന്നവരെ സ്‌കൂള്‍ അധികൃതര്‍ ഭീഷണിപ്പെടുത്തുകയായിരുന്നു പതിവ്. അധ്യാപകനുമായി കൊഞ്ചിക്കുഴയാന്‍ പോയിട്ടല്ലേ എന്നൊക്കെയായിരുന്നു സ്‌കൂള്‍ അധികൃതര്‍ അവരോട് പറഞ്ഞിരുന്നത്. പരാതിയുമായെത്തുന്ന മാതാപിതാക്കളെ കേസുമായി പോകുമ്പോഴുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പറഞ്ഞ് പിന്മാറാന്‍ നിര്‍ബന്ധിക്കുകയായിരുന്നു. പോക്‌സോ നിയമം വരുന്നതിനുമുമ്പുള്ള ആ കാലത്ത് അവബോധവും ആളുകള്‍ക്ക് കുറവായിരുന്നു. ഇതെല്ലാം പരാതികള്‍ മറയ്ക്കപ്പെടാനുള്ള കാരണമായി.

ശശികുമാറിനെതിരായ വെളിപ്പെടുത്തലുകള്‍ കണ്ടപ്പോള്‍, ശരീരത്തില്‍ സ്പര്‍ശിച്ചതുപോലെയുള്ള സംഭവങ്ങളാകുമെന്നാണ് ആദ്യം കരുതിയതെന്നും എന്നാല്‍ പലരുടെയും ദുരനുഭവങ്ങള്‍ കേട്ടപ്പോള്‍ ഞെട്ടിപ്പോയെന്നും പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മയുടെ പ്രതിനിധി അഡ്വ. ബീനാ പിള്ള പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പ് പഠിച്ചിറങ്ങിയവരും അടുത്തിടെ സ്‌കൂളില്‍ നിന്ന് ഇറങ്ങിയവരുമടക്കം അറുപതോളം പേരാണ് കെ.വി. ശശികുമാറിനെതിരെ വെളിപ്പെടുത്തല്‍ നടത്തിയിട്ടുള്ളത്. 2019-ല്‍ ശശികുമാറിനെതിരെ സ്‌കൂളിന് ഒരാള്‍ ഇ-മെയില്‍ അയച്ചിരുന്നു. ഇയാള്‍ പീഡോഫൈല്‍ ആണെന്നും എന്താണ് പീഡോഫീലിയ എന്നും വിശദീകരിച്ചുകൊണ്ടുള്ളതായിരുന്നു ഇ-മെയില്‍. എന്നാല്‍ സ്‌കൂള്‍ അധികൃതര്‍ ഒരു നടപടിയുമെടുത്തില്ല.
വ്യക്തിഗതമായി രണ്ട് പോക്‌സോ കേസുകളും സെക്ഷന്‍ 364 പ്രകാരമുള്ള 10 കേസുകളുമാണ് ശശികുമാറിനെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ ഒരു പോക്‌സോ കേസില്‍ ജാമ്യം ലഭിച്ച് ശശികുമാര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. പ്രതി ജാമ്യത്തിലിറങ്ങി എന്നത് കേസ് ദുര്‍ബലമാണെന്നതിന്റെ സൂചനയല്ലെന്നും ഇനിയും കൂടുതല്‍ ആളുകള്‍ പരാതിയുമായി മുന്നോട്ടുവരുന്നുണ്ടെന്നും ബീനാ പിള്ള പറഞ്ഞു. നേരത്തെയുണ്ടായിരുന്ന ജഡ്ജി മാറി കേസ് പരിഗണിക്കുന്നതിന്റെ തൊട്ടുമുമ്പത്തെ ദിവസം താത്കാലികമായി വന്ന ജഡ്ജിയാണ് പ്രതിക്ക് ജാമ്യം അനുവദിച്ചതെന്നും ഈ ജഡ്ജി ഇത്തരത്തിലുള്ള വേറെയും കേസുകളില്‍ ജാമ്യം കൊടുത്തിട്ടുണ്ടെന്നും ബീനാ പിള്ള പറഞ്ഞു.
ശശികുമാറിന്റെ ലൈംഗികാതിക്രമത്തിന് ഇരയായ ഒട്ടേറെ പേര്‍ ഇപ്പോള്‍ പൊലീസിന് ഇമെയിലുകള്‍ അയക്കുന്നുണ്ട്. അവയെല്ലാം പൊലീസ് ഗൗരവമായി തന്നെ പരിഗണിക്കുന്നുണ്ട്. വ്യക്തിഗതമായി നല്‍കിയ പരാതികളിലെല്ലാം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ പൂര്‍വ വിദ്യാര്‍ഥി കൂട്ടായ്മ നല്‍കിയ പരാതിയില്‍ ഇതുവരെ കേസെടുത്തിട്ടില്ല. ഒന്നര മാസം മുമ്പ് ഡിവൈ.എസ്.പി.യ്ക്ക് നല്‍കിയ ഈ പരാതിയില്‍ നടപടിയുണ്ടായാല്‍ മാത്രമെ ശശികുമാര്‍ 30 വര്‍ഷം ചെയ്തു എന്നുപറയുന്ന കാര്യങ്ങള്‍ വെളിച്ചത്ത് വരികയുള്ളൂവെന്ന് അഡ്വ. ബീന പിള്ള പറയുന്നു. പുതിയ ഡിവൈ.എസ്.പി.യെ കണ്ട് പരാതി ഓര്‍മപ്പെടുത്തിയിട്ടുണ്ടെന്നും ഉടന്‍ തന്നെ നടപടിയുണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനല്‍കിയിട്ടുണ്ടെന്നും ബീന പിള്ള പറഞ്ഞു. കേസ് രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ അതിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും അവര്‍ പറഞ്ഞു.
വനിതാ കമ്മീഷന്‍ മലപ്പുറത്ത് നടത്തിയ സിറ്റിങ്ങില്‍ 15 പേരോളം പരാതികള്‍ നല്‍കിയിരുന്നു. വനിതാ കമ്മീഷന്‍ അധ്യക്ഷയും അംഗവും സ്‌കൂളില്‍ പോയി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. കമ്മീഷന്‍ അംഗം പരാതിക്കാരുമായി സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വനിതാ കമ്മീഷന്‍ ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല.
ഒതുക്കപ്പെടുന്ന പരാതികള്‍
അധ്യാപകര്‍ വിദ്യാര്‍ഥികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കുന്ന പരാതികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. രജിസ്റ്റര്‍ ചെയ്യപ്പെടുന്ന പോക്‌സോ കേസുകളില്‍ ഭൂരിഭാഗവും അധ്യാപകര്‍ക്കെതിരെയുള്ളതാണ്. മലപ്പുറത്തെ ശശികുമാറിനെതിരായ വെളിപ്പെടുത്തലുകള്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ഉണ്ടായെങ്കില്‍, ഒരിക്കലും പുറത്തുവരാത്ത ഇതുപോലെയുള്ള എത്രയോ സംഭവങ്ങള്‍ കേരളത്തിലെ ഒട്ടേറെ സ്‌കൂളുകളിലുണ്ടാകും. തിരിച്ചറിവില്ലാത്ത പ്രായത്തില്‍ നേരിടുന്ന അതിക്രമങ്ങള്‍ വര്‍ഷങ്ങള്‍ക്കുശേഷവും തുറന്നുപറയാന്‍ സാധിക്കാതെ വീര്‍പ്പുമുട്ടുന്നവരും ഏറെയുണ്ടാകും. പോക്‌സോ നിയമം വരികയും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയും ചെയ്യുന്നതിനാല്‍ ഇപ്പോള്‍ കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെങ്കിലും എല്ലാ സംഭവങ്ങളും പുറത്തുവരുന്നുണ്ടെന്ന് പറയാനാകില്ല. പുറത്തുവരാത്ത കേസുകളുടെ എണ്ണമായിരിക്കും പുറത്തുവരുന്നവയേക്കാള്‍ കൂടുതല്‍. രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളില്‍ നടപടികള്‍ കര്‍ശനമാണെങ്കിലും കുട്ടികള്‍ക്ക് മതിയായ അവബോധം ഇപ്പോഴുമുണ്ടെന്ന് പറയാനാകില്ല. മാത്രമല്ല, കേസുമായി മുന്നോട്ടുപോകാന്‍ രക്ഷിതാക്കള്‍ക്ക് പലപ്പോഴും താത്പര്യമുണ്ടാകുന്നുമില്ല. കുട്ടിയുടെ ഭാവി ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് അതിന് തടസ്സമകുന്നത്. സെക്‌സ് എഡ്യുക്കേഷനും നിയമത്തെക്കുറിച്ചുള്ള അവബോധവുമൊക്കെ കരിക്കുലത്തിന്റെ ഭാഗമാക്കിക്കൊണ്ട് തന്നെ വിദ്യാര്‍ഥികളിലേക്കെത്തിക്കണം.
അധ്യാപകര്‍ക്കെതിരെ പരാതി പറയുന്ന കുട്ടികള്‍ പലപ്പോഴും ക്ലാസ് മുറികളില്‍ വരെ അപമാനിക്കപ്പെടുകയും ഭീഷണി നേരിടുകയും ചെയ്യുന്ന സ്ഥിതിയുണ്ട്. അതിന് ഉദാഹരണമാണ് ദിവസങ്ങള്‍ക്ക് മുമ്പ് മലപ്പുറം ജില്ലയിലെ ഒരു സ്‌കൂളിലുണ്ടായ സംഭവം. സ്‌കൂളിലെ 15 ഓളം വിദ്യാര്‍ഥിനികള്‍ ഒരുമിച്ച് പോയിട്ട് ഒരു അധ്യാപകനെപ്പറ്റി പരാതി പറഞ്ഞു. പരാതിയെക്കുറിച്ച് അന്വേഷിക്കേണ്ടതിന് പകരം അധ്യാപകര്‍ കുട്ടികളെ ചീത്ത പറയുകയാണ് ചെയ്തത്. കുട്ടികളെ അടിക്കുകയും ചെയ്തു. ചില രക്ഷിതാക്കളെ വിളിച്ച് അവരെയും അധ്യാപകര്‍ വഴക്ക് പറഞ്ഞു. എന്തിനാണ് ആവശ്യമില്ലാത്ത കാര്യത്തിനൊക്കെ പോകുന്നത്, മിണ്ടാതിരുന്നുകൂടെ എന്നാണ് ഈ അധ്യാപകര്‍ ചോദിക്കുന്നത്. പരാതിയുമായി പോയ 15 കുട്ടികളില്‍ ഒരാള്‍ വീട്ടില്‍ പോയി അമ്മയോട് കാര്യങ്ങള്‍ പറഞ്ഞു. സാമൂഹിക പ്രവര്‍ത്തകയായ ഈ അമ്മ ചൈല്‍ഡ് ലൈനില്‍ വിളിച്ച് പറഞ്ഞു. ചൈല്‍ഡ് ലൈന്‍ സ്‌കൂളില്‍ പോയി കൗണ്‍സിലിങ് നടത്തിയപ്പോള്‍ എല്ലാ കുട്ടികളും പേടിച്ച് മിണ്ടാതിരുന്നു. എന്നാല്‍ ഒരു കുട്ടി എന്തൊക്കെയാണ് നടക്കുന്നതെന്നും പരാതി പറഞ്ഞപ്പോള്‍ അധ്യാപകര്‍ എന്താണ് ചെയ്തതെന്നുമൊക്കെ എഴുതി നല്‍കി. ആ അമ്മ ചൈല്‍ഡ് ലൈനിനെ അറിയിക്കുകയും ഒരു കുട്ടി ഈയൊരു ധൈര്യം കാണിച്ചതുകൊണ്ടും മാത്രം ആ സ്‌കൂളിലെ സംഭവം പുറത്തറിയുകയും പൊലീസ് കേസെടുക്കുകയും പ്രതി അറസ്റ്റിലാവുകയും ചെയ്തു.

ലൈംഗികാതിക്രമം എന്ന് പറയുന്നത് മാനവുമായോ അന്തസ്സുമായോ ബന്ധപ്പെട്ടതല്ലെന്നും എന്റെ ശരീരത്തിനുനേരെ ഒരാള്‍ അക്രമം നടത്തിയാല്‍ അതിനെതിരെ പ്രതികരിക്കണമെന്നുമാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്. എന്നാല്‍ ഇത്തരത്തിലുള്ള അവബോധം കൊടുക്കേണ്ട അധ്യാപകരും രക്ഷിതാക്കളും തന്നെ പരാതി പുറത്തറിയാതെ ഒതുക്കിത്തീര്‍ക്കുന്ന സാഹചര്യങ്ങളാണ് പലപ്പോഴും ഉണ്ടാകുന്നത്. ഈയൊരു സാഹചര്യത്തില്‍ അതിക്രമത്തിന് ഇരയാകുന്ന കുട്ടികളെ കോടതി വരെയെത്തിക്കുന്നതിന് ശിശു ക്ഷേമ സമിതി ഉള്‍പ്പെടെയുള്ള സംവിധാനങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കേണ്ടത് ആവശ്യമാണെന്ന് അഡ്വ. മാജിദ അബ്ദുള്‍മജീദ് പറഞ്ഞു. കോടതിയില്‍ പോയി സുരക്ഷിതമായി മൊഴി കൊടുക്കാനുള്ള സാഹചര്യം മാത്രം ഉണ്ടായാല്‍ പോരെന്നും കുട്ടികളുടെ മാനിസകാരോഗ്യം സംരക്ഷിക്കുന്നതിനുള്ള സംവിധാനങ്ങളും വേണമെന്നും അഡ്വ. മാജിദ അഭിപ്രായപ്പെട്ടു.
കുട്ടികള്‍ തിരിച്ചറിയുന്നുണ്ട്, പക്ഷെ
കുട്ടികളെ അധ്യാപകര്‍ ഉപദ്രവിക്കുന്ന സംഭവങ്ങള്‍ പുതിയ കാര്യമല്ലെന്നും മുമ്പും ഉണ്ടായിരുന്നെങ്കിലും അതൊന്നും അതിക്രമമാണെന്നോ കുറ്റകൃത്യമാണെന്നോ തിരിച്ചറിഞ്ഞിരുന്നില്ലെന്നും സാമൂഹിക പ്രവര്‍ത്തക എം. സുല്‍ഫത്ത് പറയുന്നു. പലപ്പോഴും തമാശയായോ അധ്യാപകരുടെ സ്‌നേഹപ്രകടനമായോ ആണ് ഇത്തരം പെരുമാറ്റങ്ങളെ കണക്കാക്കിയിരുന്നത്. എന്നാല്‍ ഇന്ന് കുട്ടികള്‍ ശരീരത്തിനുമേലുള്ള അതിക്രമങ്ങള്‍ തിരിച്ചറിയുന്നുണ്ട്. പക്ഷെ അവര്‍ക്ക് ഭയമില്ലാതെ അത് തുറന്നുപറയാനുള്ള അന്തരീക്ഷം ബഹുഭൂരിപക്ഷം സ്‌കൂളുകളിലുമില്ല. തുറന്നുപറയാന്‍ സാധിക്കുന്ന ചില അധ്യാപകരെങ്കിലും ചില സ്‌കൂളുകളില്‍ ഉണ്ടാകും. പക്ഷെ അവരോട് തുറന്നുപറഞ്ഞാലും സ്‌കൂളിന്റെ പേര് മോശമാകുന്ന ഭീതിയില്‍ സ്ഥാനപനങ്ങള്‍ അതിനെ ഗൗരവത്തിലെടുക്കുകയോ നടപടികള്‍ സ്വീകരിക്കുകയോ ചെയ്യില്ല- സുല്‍ഫത്ത് പറഞ്ഞു. സ്ഥാപനത്തിന്റെ ഒതുക്കലുകളെ മറികടന്ന് പുറത്തുവന്നാല്‍ അതിന് സഹായിച്ച അധ്യാപകരെ സ്ഥാപനവും മറ്റു അധ്യാപകരും പി.ടി.എ.യുമൊക്കെ ഒറ്റപ്പെടുത്തുന്ന സ്ഥിതിയാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
കുട്ടികളുടെ ഭാവിയും കേസുമായി നടന്നാലുണ്ടാകുന്ന ബുദ്ധിമുട്ടുകളും ആലോചിച്ചാണ് പലപ്പോഴും രക്ഷിതാക്കള്‍ കേസുമായി മുന്നോട്ടുപോകാന്‍ മടിക്കുന്നത്. മാത്രമല്ല, പുറത്തുവന്ന കേസുകളില്‍ എത്രപേര്‍ ശിക്ഷിക്കപ്പെട്ടു എന്നതും പ്രധാനമാണ്. പോക്‌സോ കേസുകളില്‍ ഒരു വര്‍ഷത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്നാണ് ചട്ടമെങ്കിലും മിക്ക കേസുകളിലും അത് സംഭവിക്കാറില്ല. പ്രതികള്‍ ശിക്ഷിക്കപ്പെടുന്നതും അപൂര്‍വമാണ്. ഇതും രക്ഷിതാക്കളെ പിന്തിരിപ്പിക്കുന്ന ഘടകമാണ്. കേസും കോടതിയുമായി നടന്ന് കുട്ടിയുടെ മാനസികാവസ്ഥയും ഭാവിയും തകര്‍ക്കേണ്ടെന്ന് അവര്‍ തീരുമാനിക്കുകയാണ് ചെയ്യുന്നത്. കേസുകള്‍ നീണ്ടുപോകുമ്പോള്‍ കുട്ടികള്‍ അനുഭവിക്കുന്ന ട്രോമ വലുതാണ്. കൂടാതെ അതേ സ്ഥാപനത്തില്‍ തന്നെ വീണ്ടും പഠിക്കേണ്ടി വരുന്നതും അധ്യാപകര്‍ ഒറ്റപ്പെടുത്തുന്നതുമൊക്കെ വലിയ പ്രശ്‌നമാണ്. ഇത്രയൊക്കെ പ്രശ്‌നങ്ങളുള്ളതുകൊണ്ടുതന്നെ കു്ട്ടികള്‍ തുറന്നുപറഞ്ഞാലും രക്ഷിതാക്കളും അധ്യാപകരും ഒതുക്കിതീര്‍ക്കുന്ന പ്രവണതയാണ് കൂടുതലായി കണ്ടുവരുന്നത്.
കേസ് തെളിയിക്കപ്പെട്ടില്ലെങ്കില്‍ കുട്ടികള്‍ ജയിലില്‍ കിടക്കേണ്ടി വരുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുന്ന അധ്യാപകരുമുണ്ട്. ഇത്തരം കേസുകളില്‍ പെടുന്ന അധ്യാപകര്‍ പലപ്പോഴും ഇത് പുറത്തുവന്നാല്‍ എങ്ങനെ അതില്‍ നിന്ന് രക്ഷപ്പെടണമെന്ന് അറിയുന്നവരായിരിക്കും.
അതിക്രമത്തിനിരയാകുകയും അത് തുറന്നുപറയുകയും ചെയ്യുന്ന കുട്ടികളെ അധ്യാപകര്‍ തന്നെ ഭീഷണിപ്പെടുത്തുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങള്‍ എത്രയോ ഉണ്ട്. കുട്ടികള്‍ ലൈംഗികാതിക്രമത്തിനിരയായി എന്ന് അറിഞ്ഞിട്ട് അത് മറച്ചുവെക്കുന്നതും പോക്‌സോ നിയമപ്രകാരം കുറ്റകരമാണ്. എന്നാല്‍ അതേക്കുറിച്ചുള്ള അറിവില്ലായ്മയും ചിലപ്പോള്‍ മാനത്തിന്റെയൊക്കെ പേരില്‍ സംഭവങ്ങള്‍ മറച്ചുവെക്കുന്നതിലേക്ക് നയിക്കുന്നുണ്ട്. സ്‌കൂളിലെ എല്ലാ അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്കും ഉള്‍പ്പെടെ പോക്‌സോ നിയമത്തെക്കുറിച്ച് ബോധവത്കരണം നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് തയ്യാറായാല്‍ മാത്രമെ ഇതിനൊരു മാറ്റമുണ്ടാകൂ.
പോക്‌സോ കേസ് എന്താണ്, അതിനുള്ള ശിക്ഷ എന്താണ് തുടങ്ങിയ കാര്യങ്ങള്‍ എല്ലാ സ്‌കൂളുകളില്‍ പരസ്യപ്പെടുത്തേണ്ടതുണ്ടെന്ന് എം. സുല്‍ഫത്ത് പറയുന്നു. അതിക്രമത്തിനിരയാകുന്ന കുട്ടികള്‍ക്ക് സ്ഥാപനത്തില്‍ നിന്നും സര്‍ക്കാരില്‍ നിന്നും കിട്ടേണ്ട പിന്തുണ എന്തൊക്കെയാണെന്നും എങ്ങനെയാണ് കേസുമായി മുന്നോട്ടുപോകേണ്ടതെന്നും കുട്ടികളും രക്ഷിതാക്കളും അറിഞ്ഞിരിക്കണം. പോക്‌സോ കുറ്റകൃത്യത്തെക്കുറിച്ചുള്ള വിവരം കിട്ടിയാല്‍ ഉടനെ പൊലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന കാര്യം മിക്ക സ്‌കൂളുകളിലെയും പ്രധാനാധ്യാപകനുപോലും അറിയില്ലെന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ബോധവത്കരണ പ്രവര്‍ത്തനങ്ങളൊക്ക സര്‍ക്കാര്‍ സംവിധാനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും വേണ്ട രീതിയില്‍ എത്തേണ്ടിടത്ത് അത് എത്തുന്നില്ല.- സുല്‍ഫത്ത് പറഞ്ഞു.

പോക്സോ കേസുകളില്‍ തെളിവ് ശേഖരിക്കുന്നതടക്കമുള്ള സംവിധാനങ്ങള്‍ ശിശുസൗഹൃദമല്ല എന്നതും ഒരു പ്രശ്‌നമാണെന്ന് സുല്‍ഫത്ത് ചൂണ്ടിക്കാട്ടുന്നു. ചൈല്‍ഡ് ലൈന്‍ കൗണ്‍സിലര്‍മാരുടെ പോലും ഇടപെടലുകള്‍ പലപ്പോഴും ശിശുസൗഹൃദമല്ലെന്നും കുട്ടികള്‍ക്ക് കാര്യങ്ങള്‍ തുറന്നുപറയാനുള്ള അന്തരീക്ഷം കൗണ്‍സലിങ്ങുകളില്‍ ഉണ്ടാകുന്നില്ലെന്നും അവര്‍ പറഞ്ഞു.
സര്‍ക്കാര്‍ സ്‌കൂളുകളടക്കം ഇത്തരം കേസുകളില്‍ പെടുന്ന അധ്യാപകരെ സ്ഥലം മാറ്റി സ്‌കൂളിന്റെ പേര് രക്ഷിച്ചെടുക്കുകയാണ് പലപ്പോഴും ചെയ്യുന്നതെന്ന് സുല്‍ഫത്ത് പറയുന്നു: ""ആരോപണവിധേയരാകുന്ന അധ്യാപകര്‍ക്ക് ഏതെങ്കിലും രാഷ്്ട്രീയ പാര്‍ട്ടിയുമായി ബന്ധമുണ്ടെങ്കില്‍ അത് ഉപയോഗിച്ച് കേസ് ഒതുക്കിത്തീര്‍ക്കാന്‍ അവര്‍ ശ്രമിക്കുന്നു. രക്ഷിതാക്കളെയും കുട്ടികളെയും ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും പരാതികള്‍ പിന്‍വലിപ്പിക്കുന്ന സ്ഥിതിയുമുണ്ട്. കുട്ടികള്‍ തുറന്നുപറയുകയും പരാതി നല്‍കുകയും ചെയ്തിട്ടും സസ്‌പെന്‍ഷന്‍ പോലും ലഭിക്കാത്ത അധ്യാപകര്‍ എത്രയോ ഉണ്ട്. പുറത്തറിഞ്ഞാല്‍ പോലും ശിക്ഷിക്കപ്പെടില്ലെന്ന ഉറപ്പിലാണ് ഇത്തരം അധ്യാപകര്‍ കുട്ടികളുടെ നേരെ അതിക്രമം നടത്തുന്നത്. ഭീഷണിപ്പെടുത്തിയും മറ്റും പരാതികള്‍ പിന്‍വലിക്കുമ്പോള്‍ അത് വ്യാജ പരാതികളായിരുന്നു എന്ന രീതിയിലാണ് പിന്നീട് പറയുന്നത്.- '' സുല്‍ഫത്ത് പറഞ്ഞു.
കുടുംബപ്രശ്‌നത്തിലും പോക്‌സോ
പോക്‌സോ നിയമത്തിലെ വ്യവസ്ഥകള്‍ ശക്തമാണെങ്കിലും രജിസ്റ്റര്‍ ചെയ്യപ്പെടുന്ന കേസുകളില്‍ നാലിലൊന്നില്‍ പോലും പ്രതികള്‍ ശിക്ഷിക്കപ്പെടുന്നില്ല എന്നതാണ് വാസ്തവം. അതോടൊപ്പം പോക്‌സോ നിയമം ദുരപയോഗം ചെയ്യുന്നതായുള്ള ആരോപണങ്ങളും അടുത്ത കാലത്തായി വര്‍ധിച്ചുവരികയാണ്.
കുടുംബപ്രശ്‌നങ്ങളിലും സ്വത്ത് തര്‍ക്കത്തിലുമൊക്കെ കുട്ടികളെക്കൊണ്ട് കള്ള മൊഴികള്‍ കൊടുപ്പിച്ച് പോക്‌സോ കേസിനെ ആയുധമാക്കുന്നത് അടുത്ത കാലത്തായി വര്‍ധിക്കുന്നതായി കേസുകള്‍ പരിശോധിച്ചാല്‍ മനസ്സിലാക്കാം. പ്രായപൂര്‍ത്തിയാകാത്ത മകന്റെ മൊഴിപ്രകാരം കടയ്ക്കാവൂരില്‍ അമ്മയ്‌ക്കെതിരെ പോക്‌സോ കേസെടുത്തത് വലിയ വിവാദമായിരുന്നു. അമ്മ ലൈംഗികമായി ഉപദ്രവിച്ചെന്നായിരുന്നു കുട്ടിയുടെ മൊഴി. ലൈംഗികാതിക്രമം നടന്നു എന്നതിന് വൈദ്യപരിശോധനയില്‍ തെളിവുകള്‍ ലഭിച്ചില്ല. എന്നാല്‍ കുട്ടി മൊഴിയില്‍ ഉറച്ചുനിന്നതോടെ അമ്മ അറസ്റ്റിലായി. ഒരു മാസത്തോളം ജയില്‍വാസം അനുഭവിച്ചതിനുശേഷമാണ് ഹൈക്കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് അമ്മയ്ക്ക് ജാമ്യം ലഭിച്ചത്. വനിതാ ഐ.പി.എസ്. ഓഫീസറുടെ നേതൃത്വത്തില്‍ അന്വേഷണം നടത്താനും ഹൈക്കോടതി ഉത്തരവിട്ടു. പരാതി വ്യാജമാണെന്ന് ഈ അന്വേഷണത്തില്‍ കണ്ടെത്തുകയും അമ്മയെ കോടതി കുറ്റവിമുക്തയാക്കുകയും ചെയ്തു.
ദമ്പതിമാര്‍ തമ്മിലുള്ള പ്രശ്‌നങ്ങളിലും പോക്‌സോ കേസ് ദുരുപയോഗം ചെയ്യുന്നതായി സമീപകാല സംഭവങ്ങള്‍ വ്യക്തമാക്കുന്നു. പങ്കാളിയോടുള്ള വൈരാഗ്യം തീര്‍ക്കാനും കുട്ടിയെ വിട്ടുകിട്ടാനുമാണ് ഇത്തരം സാഹചര്യങ്ങളില്‍ വ്യാജ പോക്‌സോ പരാതികള്‍ ഉന്നയിക്കുന്നത്. മാസങ്ങള്‍ക്കുമുമ്പ് പൊന്നാനിയിലും വഴിക്കടവിലും ഉണ്ടായ പോക്‌സോ പരാതികള്‍ ഇത്തരത്തിലുള്ളതായിരുന്നു.
വിവാഹമോചന കേസ് കുടുംബ കോടതിയില്‍ നടക്കുന്നതിനിടെയാണ് പൊന്നാനിയില്‍ മകളെ അച്ഛന്‍ പീഡിപ്പിച്ചെന്ന് അമ്മ ആരോപണമുന്നയിച്ചത്. എന്നാല്‍ പൊലീസിന്റെ അന്വേഷണത്തില്‍ പരാതി വ്യാജമാണെന്ന് കണ്ടെത്തി. അച്ഛനൊപ്പം കഴിഞ്ഞിരുന്ന കുട്ടിയെ തിരികെ കിട്ടാന്‍ വേണ്ടിയാണ് അമ്മ വ്യാജ പരാതി നല്‍കിയത്.
ഭാര്യാസഹോദരന്‍ മകളെ പീഡിപ്പിച്ചെന്നാണ് വഴിക്കടവില്‍ യുവാവ് പരാതി നല്‍കിയത്. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൗണ്‍സിലിങ്ങിനിടെ സത്യം പറഞ്ഞു. അച്ഛന്‍ പറഞ്ഞിട്ടാണ് കള്ളമൊഴി നല്‍കിയതെന്ന് കുട്ടി വെളിപ്പെടുത്തി. ദമ്പതിമാര്‍ക്കിടയിലെ പ്രശ്‌നം തന്നെയാണ് ഇവിടെയും പരാതിക്ക് കാരണം.
പ്രായപൂര്‍ത്തിയാകാത്ത തന്റെ സഹോദരിയെ ബിസിനസ് പാര്‍ട്ണറും സുഹൃത്തും ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നായിരുന്നു പെരിന്തല്‍മണ്ണയിലെ യുവാവിന്റെ പരാതി. മജിസ്‌ട്രേറ്റിന് നല്‍കിയ രഹസ്യമൊഴിയില്‍ പരാതി കള്ളമാണെന്ന് പെണ്‍കുട്ടി തന്നെ തുറന്നുപറഞ്ഞു. സഹോദരന്‍ നിര്‍ബന്ധിച്ചതുകൊണ്ടാണ് പരാതി നല്‍കിയതെന്നും പെണ്‍കുട്ടി വ്യക്തമാക്കി. ബിസിനസ് പാര്‍ട്ണര്‍മാര്‍ തമ്മിലുള്ള സാമ്പത്തിക തര്‍ക്കമാണ് ഇവിടെ പരാതിക്കിടയാക്കിയത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാക്രണത്തിന് ഇരയാക്കി ഗര്‍ഭിണിയാക്കിയെന്ന കേസിലാണ് തെന്നലയില്‍ 18-കാരന്‍ പ്രതിയായത്. തെറ്റ് ചെയ്തിട്ടില്ലെന്ന് 18-കാരന്‍ പറഞ്ഞെങ്കിലും ഗര്‍ഭിണിയായ പെണ്‍കുട്ടി മൊഴിയില്‍ ഉറച്ചുനിന്നു. ഇതോടെ 18-കാരന്‍ ജയിലിലായി. ഒടുവില്‍ ഡി.എന്‍.എ. പരിശോധനയില്‍ പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയത് ഇയാളല്ലെന്ന് തെളഞ്ഞതോടെ കോടതി ജാമ്യം അനുവദിച്ചു. എന്നാല്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഈ 18-കാരന്‍ ഇപ്പോഴും പ്രതിയാണ്. സംശയമുള്ളവരുടെ ഡി.എന്‍.എ. പരിശോധനകള്‍ നടത്തി കേസിലെ യഥാര്‍ഥ പ്രതിയെ കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം.
കുടുംബപ്രശ്‌നങ്ങളില്‍ പോക്‌സോ നിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ ഹൈക്കോടതി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കീഴ്‌ക്കോടതി ശിക്ഷിച്ച പോക്‌സോ കേസ് പ്രതിയെ 2021 നവംബറില്‍ വെറുതെവിട്ടുകൊണ്ടുള്ള ഉത്തര വില്‍ ഹൈക്കോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. കോടതി വെറുതെവിട്ടാലും ഇത്തരം കേസുകളില്‍ ഉള്‍പ്പെടുന്ന നിരപരാധികള്‍ വേട്ടയാടപ്പെടുകയാണെന്നും കോടതി അഭിപ്രായപ്പെട്ടു. മകളെ പീഡിപ്പിച്ചെന്ന കേസില്‍ കീഴ്‌ക്കോടതി ജീവപക്യത്തം തടവ് ശിക്ഷ വിധിച്ച അച്ഛനെയാണഅ ഹൈക്കോടതി വെറുതെവിട്ടത്. ഭര്‍ത്താവിനെ വീട്ടില്‍ നിന്ന് പുറത്താക്കാന്‍ രണ്ടാം ഭാര്യ കണ്ടെത്തിയ വഴിയായിരുന്നു വ്യാജ പീഡന പരാതിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
പോക്‌സോ നിയമപ്രകാരമുള്ള പരാതികളില്‍ പൊലീസ് അതിവേഗം നടപടി സ്വീകരിക്കുന്നതും നിയമം കര്‍ശനവുമായത് ഈ നിയമത്തെ ദുരപയോഗം ചെയ്യുന്നതിനും കാരണമാകുന്നു. ജാമ്യം ലഭിക്കാന്‍ വരെ ബുദ്ധിമുട്ടുള്ള കേസായതിനാല്‍ പകപോക്കുന്നതിനുള്ള ഉപകരണമായി പോക്‌സോ നിയമത്തെ ഉപയോഗപ്പെടുത്തുന്നവരുണ്ട്. നിയമത്തെക്കുറിച്ച് നല്ല ധാരണയുള്ളവരാണ് ഇത്തരത്തില്‍ വ്യാജ പരാതികളുമായി വരുന്നത്. മുതിര്‍ന്നവര്‍ അവരുടെ പക തീര്‍ക്കുന്നതിനും വ്യക്തിതാത്പര്യങ്ങള്‍ക്കും വേണ്ടിയാണ് പലപ്പോഴും വ്യാജ പരാതികള്‍ ഉന്നയിക്കുന്നത്. കുട്ടികളെ ഉപയോഗിച്ച് പോക്‌സോ കേസുകള്‍ നല്‍കുമ്പോള്‍ അവിടെ ഇരകളാക്കപ്പെടുന്നതും സമ്മര്‍ദം അനുഭവിക്കുന്നതും കുട്ടികള്‍ തന്നെയാണ്. അച്ഛനോ അമ്മയോ അല്ലെങ്കില്‍ അടുപ്പമുള്ള മുതിര്‍ന്ന മറ്റാരെങ്കിലുമോ ആയിരിക്കും കുട്ടികളെ വ്യാജ മൊഴികള്‍ നല്‍കാന്‍ നിര്‍ബന്ധിക്കുന്നത്. ഇത്തരത്തില്‍ നല്‍കുന്ന മൊഴികള്‍ പലപ്പോഴും കുട്ടികള്‍ക്ക് അടുപ്പമുള്ള വ്യക്തികള്‍ക്കെതിരെ തന്നെയായിരിക്കും. ഇതും കുട്ടികളെ തന്നെയാണ് മാനസികമായി തളര്‍ത്തുന്നത്.
കെ.വി. ദിവ്യശ്രീ
Sep 29, 2022
4 minutes Read
എം.സുല്‍ഫത്ത്
Aug 19, 2022
6 Minutes Read
മനില സി.മോഹൻ
Aug 17, 2022
4 Minutes Watch
കെ.വി. ദിവ്യശ്രീ
Aug 03, 2022
10 Minutes Read
കെ.വി. ദിവ്യശ്രീ
Jul 21, 2022
17 Minutes Read
കെ.വി. ദിവ്യശ്രീ
Jul 18, 2022
15 Minutes Read
കെ.വി. ദിവ്യശ്രീ
Jun 30, 2022
11 Minutes Watch
കെ.വി. ദിവ്യശ്രീ
May 29, 2022
6 Minutes Read