മതേതരവും ഫെഡറലിസത്തിലൂന്നിയതുമായ ഒരു രാജ്യത്തിന്റെ നിലനിൽപ്പിനെക്കുറിച്ച് ഗൗരവമായ ആലോചനകള്‍ ഉണ്ടായേ മതിയാകൂ- അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുഫലം നൽകുന്ന സൂചനകളിലൂടെ
10 Mar 2022, 04:28 PM
ദേശീയ രാഷ്ട്രീയം ഇനിയും ഏറെക്കാലം വലതുപക്ഷ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പിടിയിലായിരിക്കുമെന്നതിന്റെ വ്യക്തമായ സൂചനകള്‍ നല്‍കിയാണ് അഞ്ചു സംസ്ഥാനങ്ങളിലേക്ക് (ഉത്തര്‍ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂര്‍, ഗോവ) നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഫലം വരുന്നത്. ദേശീയ രാഷ്ട്രീയത്തിലും ബി.ജെ.പിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിലും അംഗബലം കൊണ്ട് നിര്‍ണായകമായ സ്വാധീനം ചെലുത്തുന്ന ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബി.ജെ.പി തുടര്‍ച്ചയായി രണ്ടാമതും അധികാരത്തിലെത്തുകയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബി.ജെ.പി ജയിച്ച മണ്ഡലങ്ങളുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ടെങ്കിലും അവരുടെ തുടർഭരണ വിജയത്തിന്റെ നിര്‍ണായകമായ രാഷ്ട്രീയ പ്രാധാന്യത്തെ അതൊട്ടും ദുര്‍ബലമാക്കുന്നില്ല.
നിരവധി പ്രതികൂല രാഷ്ട്രീയ ഘടകങ്ങള്‍ പ്രത്യക്ഷത്തില്‍ ബി.ജെ.പിക്കെതിരായി ഉത്തര്‍പ്രദേശിലുണ്ടായിരുന്നു. കര്‍ഷക സമരവും അലഞ്ഞുതിരിയുന്ന കന്നുകാലികളടക്കം കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങളും ദലിതര്‍ക്കു നേരെയുള്ള അതിക്രമങ്ങളും വിലക്കയറ്റമടക്കം ദേശീയതലത്തില്‍ത്തന്നെ മോദി സര്‍ക്കാരിന്റെ നയങ്ങളുടെ ദുരിതഫലങ്ങളുമൊക്കയായി ചടുലവും സജീവവുമായ എതിര്‍പ്രചാരണാന്തരീക്ഷം ഉത്തര്‍ പ്രദേശിലുണ്ടായിരുന്നു. ഇതൊന്നും തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ല എന്ന് പറയുന്നത് ശരിയായ വിലയിരുത്തലാകില്ല. അഖിലേഷ് യാദവിന്റെ നേതൃത്വത്തില്‍ സമാജ്വാദി പാര്‍ട്ടി ഈ സാഹചര്യങ്ങളെയും പ്രശ്‌നങ്ങളെയും ഉയര്‍ത്തിക്കാട്ടുകയും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലേതില്‍ നിന്ന് തങ്ങളുടെ വോട്ടു ശതമാനവും സീറ്റുകളുടെ എണ്ണവും മോശമല്ലാത്ത തരത്തില്‍ വര്‍ധിപ്പിക്കുകയും ചെയ്തു. എന്നാല്‍ ബി.ജെ.പിയുടെ വിജയം തടയാന്‍ കഴിയുന്ന വിധത്തില്‍ ഇതൊന്നും രാഷ്ട്രീയ വളർച്ച നേടിയില്ല എന്നതാണ് വസ്തുത.
ഒപ്പം തന്നെ, ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ നിര്‍ണായകമായ രാഷ്ട്രീയ സാന്നിധ്യം ഉണ്ടായിരുന്ന മായാവതിയുടെ നേതൃത്വത്തിലുള്ള ബഹുജന്‍ സമാജ് പാര്‍ട്ടി അതിന്റെ രാഷ്ട്രീയ സാന്നിധ്യത്തിന്റെ ഏറ്റവും ദരിദ്ര കാലത്തിലാണ്. ബി. എസ്.പിയുടെ ദലിത് വോട്ടുകള്‍ 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുതലുള്ള കണക്കുകളും സംഭവവികാസങ്ങളും നോക്കിയാല്‍ ക്രമാനുഗതമായി ബി.ജെ.പിയിലേക്ക് പോകുന്നത് കാണാം. ഇത്തവണയാകട്ടെ മായാവതി മറ്റ് നാട്യങ്ങളൊന്നുമില്ലാതെത്തന്നെ ബി.ജെ.പി വിജയത്തിന് വിഘാതമുണ്ടാക്കാത്ത രാഷ്ട്രീയ നിലപാട് സ്വീകരിക്കുകയും ചെയ്തു. കേവലം 12 ശതമാനത്തോളം വോട്ടാണ് ആദ്യവിശകലനത്തില്‍ ബി. എസ്.പിക്ക് ലഭിച്ചതായി കാണുന്നത്. ദേശീയതലത്തില്‍ത്തന്നെ മുഖ്യധാരാ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ, ദലിത് സ്വത്വ രാഷ്ട്രീയത്തിന്റെ അവസാന വട്ടമാണ് ഇപ്പോഴത് ഓടിക്കൊണ്ടിരിക്കുന്നത്. സ്വത്വവാദ രാഷ്ട്രീയം അതിന്റെ ആദ്യവട്ടങ്ങളിലെ സ്വത്വപ്രഖ്യാപനത്തിനും രാഷ്ട്രീയ ശക്തിപ്രകടനത്തിനും ശേഷം വലതുപക്ഷ രാഷ്ട്രീയത്തിന്റെ കൂട്ടാളികളോ നിശബ്ദ അനുകൂലികളോ ആയിത്തീരുകയോ അല്ലെങ്കില്‍ മുന്നോട്ടു പോകാനുള്ള രാഷ്ട്രീയവികാസം അസാധ്യമാക്കുംവിധം, അതില്‍തന്നെയുള്ള സങ്കുചിതത്വത്തിന്റെ തടവുകാരോ ആയിമാറുന്ന അനിവാര്യതയാണ് ഇവിടെയും കണ്ടത്.
സമാജ്വാദി പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് ഫലം നിരാശയുണ്ടാക്കുന്നുണ്ടെങ്കിലും ഉത്തര്‍പ്രദേശിലെ ഒരു ഗണ്യമായ പ്രതിപക്ഷ ശക്തി എന്ന സ്ഥാനം അത് തിരിച്ചുപിടിച്ചിട്ടുണ്ട്. യാദവ -ഒ. ബി. സി രാഷ്ട്രീയത്തിന്റെ ഇത്തിരിവട്ടത്തില്‍ നിന്ന് പുറത്തുവരാനുള്ള ഒരവസരം കൂടിയാണ് അവര്‍ക്കിത്. ജാതി രാഷ്ട്രീയത്തിന്റെ സൂക്ഷ്മമവഴികള്‍ വടക്കേ ഇന്ത്യയില്‍ അവസാനിച്ചു എന്നിതിനര്‍ത്ഥമില്ല. എന്നാല്‍, മണ്ഡല്‍ - കമണ്ഡല്‍ രാഷ്ട്രീയ കാലത്തിനു ശേഷം കമണ്ഡല്‍ രാഷ്ട്രീയം മണ്ഡല്‍ രാഷ്ട്രീയത്തെ തങ്ങളുടെ താത്പര്യങ്ങള്‍ക്കൊത്ത് ഉച്ചാടനം ചെയ്യുന്നതിലും ആവാഹനം ചെയ്യുന്നതിലും വിജയിച്ചിരിക്കുന്നു എന്നതാണ് വസ്തുത.

ജനങ്ങളുടെ രാഷ്ട്രീയ - സാമ്പത്തിക പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിക്കൊണ്ടുള്ള സമരങ്ങള്‍ക്ക് മാത്രമേ ബി.ജെ.പിക്കെതിരെ പിടിച്ചുനില്‍ക്കാന്‍ സമാജ്വാദി പാര്‍ട്ടിക്ക് സഹായകമാകൂ. അതവര്‍ എത്രത്തോളം ഉപയോഗിക്കും എന്ന് കണ്ടറിയണം. ജാതി രാഷ്ട്രീയത്തിനുപകരം അതീവ ദുര്‍ബലവും അവസരവാദചരിത്രം ഏറെപ്പേറുന്നതുമെങ്കിലും ഇന്ത്യയിലെ സോഷ്യലിസ്റ്റ് രാഷ്ട്രീയധാരയുടെ രാഷ്ട്രീയം അല്പമെങ്കിലും ഉള്‍ക്കൊള്ളാന്‍ എസ്.പി തയ്യാറായാല്‍ ഉത്തര്‍പ്രദേശ് ഒരു ഏകപക്ഷീയ ഹിന്ദു രാജ്യമാകില്ല.
ബി. ജെ. പിയെ സംബന്ധിച്ച് ഇത് വരാനിരിക്കുന്ന ദേശീയ തെരഞ്ഞെടുപ്പിനേക്കാള്‍ വലിയ ഊര്‍ജം നല്‍കുന്ന വിജയമാണ്. തങ്ങളുടെ വോട്ടു വിഹിതം നാല് ശതമാനത്തോളം വര്‍ധിപ്പിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. നരേന്ദ്ര മോദി ദേശീയതലത്തില്‍ ബി. ജെ. പിയില്‍ അനുഭവിക്കുന്ന അപ്രമാദിത്തം ഉത്തര്‍ പ്രദേശില്‍ യോഗി ആദിത്യനാഥ് ഉറപ്പിച്ചുകഴിഞ്ഞു. മോദിയും യോഗിയും തമ്മിലുള്ള തൊഴില്‍ വിഭജനം വല്യ കുഴപ്പങ്ങളില്ലാതെ മുന്നോട്ടു പോകും. യോഗിയെ പിണക്കാനോ അയാള്‍ക്ക് മുകളില്‍ എന്തെങ്കിലും തരത്തിലുള്ള അധികാര പ്രയോഗം നടത്താനോ കേന്ദ്ര ബി. ജെ. പിക്ക് ത്രാണിയില്ല. മോദിക്ക് ശേഷമുള്ള ബി. ജെ. പിയുടെ ദേശീയ പുരുഷനായി യോഗി അവകാശവാദമുന്നയിക്കുന്ന നിമിഷത്തിനെയാണ് ബി. ജെ. പിയും ആര്‍. എസ്. എസും നെഞ്ചിടിപ്പോടെ കാത്തിരിക്കുന്നത്. അതിന്റെ ഗുണദോഷങ്ങള്‍ എന്തൊക്കെയാകുമെന്ന് അവര്‍ക്കും അത്ര നിശ്ചയമില്ല എന്നതാണ് കാരണം.

ഉത്തര്‍ പ്രദേശിലെ തെരഞ്ഞെടുപ്പ് ഫലം മതേതര രാഷ്ട്രീയത്തിന് നല്‍കുന്ന കാഴ്ച ഹിന്ദുത്വ വര്‍ഗീയതയുടെ രാഷ്ട്രീയം ഏതുതരത്തിലുള്ള പ്രതികൂല രാഷ്ട്രീയാന്തരീക്ഷത്തിലും തങ്ങളുടെ വിജയം ഉറപ്പിക്കാന്‍ കഴിയുന്ന തരത്തില്‍ ഒരു ഭൂരിപക്ഷമതരാഷ്ട്രീയ ജനതയെ ഉണ്ടാക്കിയെടുത്തു എന്നതാണ്. അതിനെ മറികടക്കുക ഒട്ടും എളുപ്പമല്ല. ഭൂരിപക്ഷ മത രാഷ്ട്രീയത്തോട് അതിന്റെ ഏറിയും കുറഞ്ഞുമുള്ള വകഭേദങ്ങളില്‍ തങ്ങളെ വാര്‍ത്തെടുത്ത് എതിരാളികളാക്കുന്ന കോണ്‍ഗ്രസിന്റേതടക്കമുള്ള രാഷ്ട്രീയ ആത്മഹത്യയുടെ ദുരന്തകാണ്ഡം അതിന്റെ ചരിത്രപരമായ അവസാനത്തിലേക്കെത്തുകയാണ്. കോണ്‍ഗ്രസിന് ഉത്തര്‍ പ്രദേശില്‍ കേവലം രണ്ടു ശതമാനം വോട്ടാണ് ലഭിച്ചത്. രണ്ടു തരത്തിലുള്ള അപ്രസക്തിയെയാണ് കോണ്‍ഗ്രസ് നേരിടുന്നത്. ഒന്ന്, ഒരു മതേതര പ്രതിപക്ഷ ശക്തി എന്ന നിലയില്‍ ബി. ജെ. പി വിരുദ്ധ ജനത കോണ്‍ഗ്രസിനെ കാണുന്നില്ല. രണ്ട്, ഇന്ത്യയിലെ വന്‍കിട ബൂര്‍ഷ്വാസിയുടേയും ഭൂവുടമകളുടേയും താത്പര്യങ്ങള്‍ സംരക്ഷിക്കുന്ന വലതുപക്ഷ പാര്‍ട്ടിയെന്ന സ്ഥാനം കോണ്‍ഗ്രസിനെ ഇനി വിശ്വസിപ്പിച്ചേല്‍പ്പിക്കാന്‍ ഇന്ത്യയിലെ ഉപരിവര്‍ഗം തയ്യാറല്ല. അതായത് ചരിത്രപരമായ അപ്രസക്തിയും അന്ത്യവുമാണ് കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത്. കോണ്‍ഗ്രസിന്റെ നേതൃത്വമാകട്ടെ ജീര്‍ണമായ ഹിന്ദു മതരാഷ്ട്രീയ നാടകങ്ങളും നെഹ്റു കുടുംബാശ്രിതത്വവും ചെന്ന ആത്മഹത്യാമിശ്രിതം ദിനേന സേവിച്ച് സാവകാശ മരണത്തിനുള്ള അവസാന ഒരുക്കത്തിലുമാണ്.
ഉത്തരാഖണ്ഡിലും ബി. ജെ. പിയുടെ വിജയം ഉത്തര്‍പ്രദേശിന് സമാനമായ അയല്‍പക്ക രാഷ്ട്രീയ കാലാവസ്ഥയിലാണ്. ഭരണം ബി. ജെ. പിക്ക് കിട്ടിയ സ്ഥിതിക്ക് ഇപ്പോള്‍ ജയിച്ചുവന്ന കോണ്‍ഗ്രസുകാരില്‍ എത്ര പേര്‍ ബി. ജെ. പിയിലേക്ക് പോകുമെന്നേ അറിയേണ്ടതുള്ളൂ.
പഞ്ചാബാണ് ഇന്ത്യയില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന ബി. ജെ. പി വിരുദ്ധ രാഷ്ട്രീയത്തിന്റെ മറ്റൊരു സാധ്യതയെ നിലനിര്‍ത്തിയ സംസ്ഥാനം. അവിടെ ആം ആദ്മി പാര്‍ട്ടി വമ്പന്‍ വിജയം നേടി. കോണ്‍ഗ്രസിന്റെ വോട്ടുകള്‍ ഒറ്റയടിക്ക് ആപിലേക്ക് ഒഴുകിയെത്തി. ബി. ജെ. പിയുടെ ഹിന്ദുത്വ - ഭൂരിപക്ഷ മത രാഷ്ട്രീയത്തിന് ചരിത്രപരമായ കാരണങ്ങളാല്‍ വേരുറപ്പിക്കാന്‍ കഴിയാത്ത സംസ്ഥാനമാണ് പഞ്ചാബ്. അകാലിദളുമായുള്ള ബി. ജെ. പി കൂട്ടുകെട്ട് ചില തെരഞ്ഞെടുപ്പ് വിജയങ്ങള്‍ ഇരുകൂട്ടര്‍ക്കും ഉണ്ടാക്കിയെങ്കിലും അകാലികളുടെ അസ്തിത്വ പ്രതിസന്ധിയിലേക്കാണ് ഈ തെരഞ്ഞെടുപ്പോടെ എത്തിച്ചേര്‍ന്നത്. ബി.ജെ.പി ബന്ധം ഒഴിയാന്‍ തീരുമാനിച്ചപ്പോഴേക്കും അകാലിദള്‍ അതിന്റെ വിധിയെഴുതിയിരുന്നു.
ഇന്ത്യയില്‍ തമിഴ്നാടും കേരളവും അടക്കമുള്ള സംസ്ഥാനങ്ങളില്‍ ശക്തമായി നിലനില്‍ക്കുന്ന ബി. ജെ. പി വിരുദ്ധതയുടെ സ്വഭാവം പഞ്ചാബില്‍ ഒരു പരിധിവരെ കാണാം. ഹിന്ദി പശുപ്രദേശത്തിന്റെയും ഹിന്ദു ഭൂരിപക്ഷത്തിന്റെയും ഇന്ത്യന്‍ ഭരണകൂടത്തിന്റെയുമൊക്കെ അടിച്ചല്‍പ്പിക്കലിനോട് പലതരത്തില്‍ ചെറുത്തുനിന്ന ഒരു ചരിത്രപശ്ചാത്തലം കൂടി പഞ്ചാബിനുണ്ട്. ഇത്തരത്തില്‍ ഭൂരിപക്ഷ മതരാഷ്ട്രീയത്തോടും ഹിന്ദി പശുപ്രദേശത്തോടുമുള്ള മറ്റു പ്രദേശങ്ങളുടെ ചെറുത്തുനില്‍പ്പു കൂടിയായിരിക്കും ഇനി ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വലിയൊരു വൈരുധ്യം.
ആപ് ഇത്തരം രാഷ്ട്രീയ സംഘട്ടനങ്ങളെയൊന്നും പ്രതിനിധീകരിക്കുന്നില്ല. അത് ഇന്ത്യന്‍ ഹിന്ദു മധ്യവര്‍ഗത്തിന്റെ പാര്‍ട്ടിയാണ്. എന്നാല്‍ ബി. ജെ. പിയെപ്പോലൊരു പാര്‍ട്ടി ഭൂരിപക്ഷ മതവര്‍ഗീയത ഉപയോഗിക്കുന്ന രീതിയിലല്ല ആപ് രാഷ്ട്രീയത്തില്‍ ഇടപെടുന്നത്. അത് ഇന്ത്യന്‍ മധ്യവര്‍ഗത്തിന്റെ തങ്ങള്‍ക്കുകൂടി ഇടമുള്ള മുതലാളിത്ത സമൂഹമെന്ന അഭിലാഷത്തെയാണ് പ്രതിനിധീകരിക്കുന്നത്. ദേശീയത, ഭൂരിപക്ഷമതത്തിനുള്ള പ്രത്യേക പരിഗണന, സാമ്പത്തിക നയങ്ങളില്‍ മുതലാളിത്ത പാത പിന്തുടരുക എന്നിവയിലെല്ലാം ആപ് മറ്റേതൊരു വലതുപക്ഷ ഭരണവര്‍ഗം കക്ഷിയേയും പോലെയാണ്. എന്നാല്‍ അത്തരത്തിലൊരു ഘടനയില്‍ മധ്യവര്‍ഗത്തിന്റെ സുഗമമായ പങ്കാളിത്തം അവര്‍ ഉറപ്പുവരുത്തും. അതുകൊണ്ടുതന്നെ നഗരസഭ കാര്യാലയത്തിലെ അഴിമതിക്ക് ആപ് എതിരാണ്. അത് നിര്‍ത്താന്‍ ആത്മാര്‍ത്ഥമായിത്തന്നെ ശ്രമിച്ചേക്കും. കാരണം സുഗമമായി ചലിക്കുന്ന ഒരു ഭരണകൂട സംവിധാനമാണ് മുതലാളിത്തത്തിനും ആവശ്യമുള്ളത്. വില്ലേജാപ്പീസിലെ ഗുമസ്തന്റെ കൈക്കൂലി മുതലാളിത്തത്തിന്റെ നിലനില്‍പ്പിന് ആവശ്യമില്ല എന്ന് മാത്രമല്ല തടസവുമാണ്. (അതുകൊണ്ട്, മുതലാളിത്തത്തെ തകര്‍ക്കാനാണ് കേരളത്തില്‍ സര്‍ക്കാര്‍ കാര്യാലയങ്ങളില്‍ കൈക്കൂലി വാങ്ങുന്നത് എന്നല്ല!). അതുകൊണ്ടുതന്നെ ഒരു നീണ്ട കാലയളവിലേക്ക് നോക്കിയാല്‍ ഇന്ത്യന്‍ മധ്യവര്‍ഗത്തിന്റെ വോട്ടുവിഹിതത്തിനായി ആപും ബി. ജെ. പിയും തമ്മില്‍ കടുത്ത മത്സരം നടന്നേക്കാം. അത്തരത്തിലൊരു മധ്യവര്‍ഗം വേണ്ടത്രയില്ലാത്ത ഉത്തര്‍പ്രദേശും മധ്യപ്രദേശുമൊക്കെ അപ്പോഴും ആപ് പോലൊരു പാര്‍ട്ടിക്ക് കാര്യമായ പിന്തുണയില്ലാതെ പ്രദേശങ്ങളായി തുടരുകയും ചെയ്യും.
ഇടതുപക്ഷവും ഇടതുപക്ഷ കക്ഷികളും കാഴ്ചക്കാരായി മാത്രം നിന്ന തെരഞ്ഞെടുപ്പുകളാണ് കഴിഞ്ഞുപോയത്. ഇന്ത്യ കണ്ട ഏറ്റവും വലിയ കര്‍ഷക സമരങ്ങളിലൊന്നിന്റെ പരിമിതമായ തെരഞ്ഞെടുപ്പ് രാഷ്ട്രീയപ്രതിഫലനത്തിന്റെ ഗുണഭോക്താവാകാന്‍ ആപ് പോലൊരു മധ്യ-വലതുപക്ഷ കക്ഷിയെ അനുവദിക്കേണ്ട തരത്തില്‍ ദുര്‍ബലമാണ് ഇന്ത്യയിലെ ഇടതുപക്ഷം. തീര്‍ച്ചയായും അതിനെല്ലാം ഉത്തരം പറയേണ്ടത് ഇടതുപക്ഷ കക്ഷികളുടെ നേതൃത്വമാണ്. എന്നാല്‍ അത്തരത്തിലുള്ള ഒരുതരത്തിലുള്ള രാഷ്ട്രീയ സ്വയംവിമര്‍ശനങ്ങള്‍ക്കും പൊതുസംവാദങ്ങള്‍ക്കും ശേഷിയില്ലാതെ, കടന്നലുകളും കുന്തക്കാരും കൊട്ടാരം കവികളുടെ വാഴ്ത്തുപാട്ടുകളുമൊക്കെയായി കഴിയുകയാണ് ഇടതുപക്ഷം എന്നതാണ് വാസ്തവം. കേരളത്തില്‍ ഇടതുപക്ഷം ഇപ്പോള്‍ ചെയ്യുന്നത് ബി. ജെ. പിയും ആപും തങ്ങള്‍ക്കൊപ്പം നിര്‍ത്താന്‍ പാടുപെടുന്ന മധ്യവര്‍ഗത്തിന്റെ താത്പര്യങ്ങളെ ഉപരിവര്‍ഗത്തിന്റെ നിയോ-ലിബറല്‍ സാമ്പത്തിക അജണ്ടയോട് പരസ്പര ഗുണാശ്രിതത്വം വാഗ്ദാനം ചെയ്തുകൊണ്ട് ഒപ്പം നിര്‍ത്തുകയാണ്. എന്തുതരം രാഷ്ട്രീയ- സാമ്പത്തിക ബദലിനെക്കുറിച്ചാണ് സംസാരിക്കേണ്ടത് എന്ന കാര്യത്തില്‍ വലിയ ഏറ്റുമുട്ടലുകള്‍ ഉണ്ടാകേണ്ടതുണ്ട്.

ഉത്തര്‍പ്രേദശില്‍ കോണ്‍ഗ്രസിന് സംഭവിച്ചത് അതിന്റെ മറ്റൊരു രൂപത്തില്‍ മനസിലാക്കാന്‍ ബംഗാളിലെ ഇടതുപക്ഷത്തെ നോക്കിയാല്‍ മതി. ഒരൊറ്റ ഇടതുമുന്നണി സാമാജികനുമില്ലാത്ത ഒരു നിയമസഭയാണ് ബംഗാളില്‍ ഇന്നുള്ളത്. അത്രയും സംഭവിക്കുമ്പോഴും ഒരേ സംഘം നേതൃത്വവും നയങ്ങളും പാരമ്പര്യത്തിന്റെ തഴമ്പും പ്രദര്‍ശിപ്പിച്ച് കഥാപ്രസംഗം നടത്തിയിരിക്കുന്നു എന്നതാണ് അപഹാസ്യമായ വസ്തുത.
അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം കാണിക്കുന്ന വലിയൊരു രാഷ്ട്രീയമാറ്റം ഇന്ത്യയുടെ ഭൗമ രാഷ്ട്രീയ ഭൂപടത്തിലേതാണ്. ഹിന്ദി പശുപ്രദേശത്തിലെ കനത്ത സ്വാധീനം കൊണ്ട് ബി. ജെ. പി എന്ന ഹിന്ദുത്വ രാഷ്ട്രീയ-കോര്‍പറേറ്റ് കൂട്ടുകെട്ടിന്റെ കക്ഷി രാജ്യം മുഴുവനായും തുടര്‍ച്ചയായി ഭരിക്കാനുള്ള തന്ത്രം വിജയകരമായി നടപ്പാക്കുകയാണ്. ഇത്തരത്തിലൊരു ഹിന്ദി പശുപ്രദേശ ഭൂരിപക്ഷ മത രാഷ്ട്രീയാധിപത്യത്തിന്റെ സാധ്യതകള്‍ പ്രകടമാകാൻ തുടങ്ങിയ സാഹചര്യത്തിൽ, മതേതരവും ഫെഡറലിസത്തിലൂന്നിയതുമായ ഒരു രാജ്യത്തിന്റെ നിലനിൽപ്പിനെക്കുറിച്ച് ഗൗരവമായ ആലോചനകള്‍ ഉണ്ടായേ മതിയാകൂ.
പ്രമോദ് പുഴങ്കര
Jun 28, 2022
17 minutes read
ആകാശി ഭട്ട്
Jun 19, 2022
2 Minutes Read
ആഷിക്ക് കെ.പി.
Jun 18, 2022
7.6 minutes Read
കെ.വി. ദിവ്യശ്രീ
Jun 18, 2022
10 Minutes Read
പ്രമോദ് പുഴങ്കര
Jun 03, 2022
4 Minutes Read
ടി.ജെ. ശ്രീലാൽ
May 25, 2022
8 minutes Read
പ്രമോദ് പുഴങ്കര
May 24, 2022
9 Minutes Read
പ്രമോദ് പുഴങ്കര
May 16, 2022
6 Minutes Read