പെൺജീവിതം മാറ്റിമറിച്ച കാൽനൂറ്റാണ്ടിന്റെ കുടുംബശ്രീ ഇട​പെടൽ

കഴിഞ്ഞ 24 വർഷത്തെ കുടുംബശ്രീ ഇടപെടലിലൂടെ അനേകായിരം സ്ത്രീകളെ, കുടുംബാംഗങ്ങളെ, യുവജനങ്ങളെ തൊഴിൽമേഖലയിലേക്ക് കൊണ്ടുവരുന്നതിനും അതിലൂടെ ദാരിദ്ര ലഘൂകരണ പ്രക്രിയയിൽ പ്രധാന പങ്കു വഹിയ്ക്കുന്നതിനും സാധിച്ചു എന്നത് അഭിനന്ദനാർഹമായ നേട്ടമാണ്. ഓരോ പഠനവും പുതിയ സമീപനങ്ങളും പരീക്ഷണാടിസ്ഥാനത്തിൽ ഉള്ളതാണ്. കുടുംബശ്രീ എൻ.യു.എൽ.എമ്മിൽ സ്​റ്റേറ്റ്​ മിഷൻ മാനേജരായ പ്രിയ പോൾ എഴുതുന്നു.

ദാരിദ്ര്യത്തിന്റെ തോത് കുറയ്ക്കുക, അതിനായി കുടുംബശ്രീ വനിതകൾക്ക് ഉപജീവനമാർഗം കണ്ടെത്തുക എന്നത് കുടുംബശ്രീ സംവിധാനത്തിന്റെ ആവിർഭാവം മുതൽ, മിഷന്റെ പ്രധാന ഉത്തരവാദിത്വങ്ങളിൽ ഒന്നായിരുന്നു. കുടുംബത്തിലെ പ്രധാന വരുമാനദാതാവ് എന്നതിനേക്കാൾ അതിൽ ഭാഗഭാക്കാകുക എന്ന ലക്ഷ്യത്തോടെ ഉപജീവന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയായിരുന്നു മിഷന്റെ ആദ്യ സമീപനം. സ്ത്രീകൾക്ക് തങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് ഇളക്കം തട്ടാതെ വീട്ടിലോ കൂട്ടായോ ഒത്തൊരുമിച്ച് ചെയ്യാവുന്ന സ്വയം തൊഴിൽ സംരംഭങ്ങളായിരുന്നു പ്രധാന ഉപജീവനമാർഗ്ഗമായി പരിഗണിച്ചത്. എന്നാൽ പരമ്പരാഗത തൊഴിലുകൾ, ചെറുകിട സംരംഭങ്ങൾ എന്നിവയിൽനിന്ന്​ വിപണിയുടെ ആവശ്യകത പരിഗണിച്ച് കാലോചിത മാറ്റം വരുത്തുന്നതിനും സംരംഭം വികസനത്തിൽ നൂതന മാർഗങ്ങൾ അവലംബിക്കുന്നതിനും കുടുംബശ്രീയ്ക്കു സാധിച്ചിട്ടുണ്ട് എന്നത് എടുത്തുപറയാവുന്നതാണ്.

അധികവരുമാനത്തിൽനിന്ന്​ പ്രധാന വരുമാനത്തിലേക്ക്​

ഉപജീവന പ്രവർത്തനങ്ങൾ കുടുംബശ്രീ വനിതകൾക്ക് ലഭ്യമാക്കുന്നതിന് സ്വയം തൊഴിൽ സംരംഭങ്ങൾക്ക് മുൻഗണന നൽകിവരുന്നുണ്ടെങ്കിലും സാധ്യമായ ഇടങ്ങളിൽ വേതനാധിഷ്ഠിത തൊഴിലവസരങ്ങളും കുടുംബശ്രീ മിഷൻ കണ്ടെത്തുന്നുണ്ട്. കുടുംബശ്രീ 25ാം വർഷത്തിലേക്ക് കടക്കുമ്പോൾ ദാരിദ്ര്യ നിർമാർജ്ജന പ്രവർത്തനങ്ങളുടെ ഭാഗമായി സാമ്പത്തിക- സാമൂഹിക- സ്ത്രീശാക്തീകരണത്തിനുതകുന്ന രീതിയിൽ ഉപജീവന മേഖലയിലെ കുടുംബശ്രീ ഇടപെടൽ മനസ്സിലാക്കുന്നത് ഇത്തരുണത്തിൽ നല്ലതാണ്.

കുടുംബശ്രീ ഐ.ടി. യൂണിറ്റ്‌. പരമ്പരാഗത തൊഴിലുകൾ, ചെറുകിട സംരംഭങ്ങൾ എന്നിവയിൽനിന്ന്​ വിപണിയുടെ ആവശ്യകത പരിഗണിച്ച് കാലോചിത മാറ്റം വരുത്തുന്നതിനും സംരംഭം വികസനത്തിൽ നൂതന മാർഗങ്ങൾ അവലംബിക്കുന്നതിനും കുടുംബശ്രീയ്ക്കു സാധിച്ചിട്ടുണ്ട്.

കുടുംബശ്രീ വനിതകൾക്ക് അധികവരുമാനം എന്ന നിലയിൽ നിന്ന്​ പ്രധാന വരുമാന മാർഗ്ഗം എന്ന നിലയിലേക്ക് ഉപജീവനമാർഗം വികസിപ്പിക്കുന്നതിനും അവ സുസ്ഥിരമാക്കുന്നതിനും ആവശ്യമായ നിരവധി പിന്തുണാസംവിധാനങ്ങൾ കൊണ്ടുവരുന്നതിനും സംരംഭപഠനം മുതൽ നയപരമായ തീരുമാനങ്ങളും സമീപനങ്ങളും ഘട്ടംഘട്ടമായി നടപ്പിലാക്കുന്നതിന് സാധിച്ചു എന്നതാണ് ഉപജീവന മേഖലയിലെ കുടുംബശ്രീമിഷന്റെ ഇടപെടലിനെ വേറിട്ടുനിർത്തുന്നത്.

മൃഗസംരക്ഷണം, ഭക്ഷ്യസംസ്‌കരണം (പപ്പടം, അച്ചാർ, കൊണ്ടാട്ടം, വെളിച്ചെണ്ണ എന്നിവ), സോപ്പ്, ചന്ദനത്തിരി, മെഴുകുതിരി നിർമാണം തുടങ്ങി തങ്ങളുടെ വീടുകളിലോ അല്ലെങ്കിൽ എങ്കിൽ എന്തെങ്കിലും ഒരു അയൽക്കൂട്ടാംഗത്തിന്റെ വീട്ടിൽ ഒന്നിച്ചിരുന്നോ ചെയ്യാവുന്ന ചെറുകിട സംരംഭങ്ങളാണ് ആദ്യമുണ്ടായിരുന്നത്. എന്നാൽ വരുമാനദായക സംരംഭങ്ങൾ എന്ന നിലയിൽ ഇതിൽ സംരംഭ സാധ്യതകൾ കണ്ടെത്തുന്നതിനും സംരംഭങ്ങൾക്ക് നിർവ്വചനം നൽകി സാമ്പത്തിക പിന്തുണ ലഭ്യമാക്കുന്നതിനും കുടുംബശ്രീ മിഷൻ ശ്രമിച്ചിട്ടുണ്ട്. ജില്ലകളിൽ നിന്നും ലഭ്യമാകുന്ന സംരംഭ വിലയിരുത്തലും ആവശ്യകതയും കണക്കിലെടുത്ത് സംരംഭങ്ങൾക്ക് ലഭ്യമാക്കുന്ന സഹായങ്ങൾക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കുന്നതിനും അതിനു മാറ്റങ്ങൾ വരുത്തുന്നതിനും കുടുംബശ്രീ മിഷൻ ശ്രദ്ധിച്ചിരുന്നു. സംരംഭങ്ങളുടെ നിർവചനം തന്നെ ഏറെ ശ്രദ്ധേയമാണ്.

അയ്യായിരം മുതൽ മുതൽ 2 ലക്ഷം രൂപ വരെ മുതൽമുടക്ക്. ഒരു ലക്ഷം രൂപ മുതൽ അഞ്ച് ലക്ഷം രൂപ വരെ വിറ്റുവരവ്. ഓരോ അംഗത്തിനും കുറഞ്ഞത് 1500 രൂപ രൂപ പ്രതിമാസ വരുമാനം. ഉടമസ്ഥനും തൊഴിലാളിയും മുതലാളിയും എല്ലാം സംരംഭകർ തന്നെ.

കുടുംബശ്രീ ക്ലോത്ത് ബാഗ് യൂണിറ്റ്‌.

ഈ നിർവചനത്തിൽ നിന്നും രണ്ടരലക്ഷം രൂപ മുതൽ 10 ലക്ഷം രൂപ വരെ മുതൽമുടക്ക്, കുറഞ്ഞത് 8000 രൂപ മുതൽ 12,000 രൂപ വരെ ഓരോ വ്യക്തിക്കും പ്രതിമാസ വരുമാനം എന്ന നിലയിലേക്ക് പിന്നീട് മാറ്റം വന്നു.

സ്വയം തൊഴിൽ മേഖല

സംരംഭം ആരംഭിക്കാൻ താൽപര്യപ്പെടുന്ന ഏത് കുടുംബശ്രീ അംഗത്തിനും തങ്ങളുടെ താല്പര്യത്തിനും കഴിവിനും അനുസരിച്ച് ഉൽപാദന സേവനമേഖലയിൽ സംരംഭം ആരംഭിക്കാം. ഇതിന് അംഗങ്ങൾ ഒരേ അയൽക്കൂട്ടത്തിൽ നിന്നു തന്നെ ആകണമെന്നില്ല. ഒരേ സി.ഡി.എസിലെ ഏതു അയൽക്കൂട്ടത്തിൽ നിന്നുമുള്ള അംഗങ്ങൾക്ക് ഗ്രൂപ്പ് രൂപീകരിക്കാവുന്നതാണ്. സ്വയംസഹായ സംഘങ്ങളിലെ സംരംഭനിർവചനത്തിൽ നിന്നും കുടുംബശ്രീ സംരംഭങ്ങളെ വേറിട്ടുനിർത്തുന്ന സവിശേഷതയാണിത്. ഇതിനാൽ തന്നെ താൽപര്യപ്പെടുന്ന വ്യക്തികൾക്ക് മാത്രം ചേർന്ന് സംരംഭങ്ങൾ നടത്തുന്നതിന് സാധിക്കുന്നു. സംരംഭ പ്രവർത്തനങ്ങളുടെ ആവശ്യകത കണക്കിലെടുത്ത് അംഗങ്ങളെ നിശ്ചയിക്കാൻ സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. മൂന്നു മുതൽ 10 വരെ അംഗങ്ങളാകാം ഗ്രൂപ്പ് സംരംഭങ്ങളിൽ. ഇത് അംഗങ്ങളുടെ പ്രവർത്തനങ്ങൾ, വിജയപരാജയങ്ങൾ എന്നിവ മനസ്സിലാക്കി കുടുംബശ്രീമിഷൻ സ്വീകരിച്ച നയപരമായ തീരുമാനമാണ്​.

തൊഴിലും വരുമാനവും ആവശ്യമായ വ്യക്തികളെ കണക്കിലെടുക്കുമ്പോൾ സ്വയംതൊഴിൽ മേഖല തന്നെയാണ് ഏറെ പ്രസക്തവും പ്രാധാന്യമർഹിക്കുന്നതും. അതിനാൽ, സർക്കാർ സർക്കാറിതര സ്ഥാപനങ്ങൾ, വകുപ്പുകൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവരെല്ലാം സ്വയം തൊഴിൽ പ്രോത്സാഹിപ്പിക്കുന്നുണ്ട്. പദ്ധതികൾ, സ്‌കീമുകൾ തുടങ്ങിയവയിലൂടെ സബ്‌സിഡി, സംരംഭകത്വ പരിശീലനം എന്നിവ നൽകുന്നു. എന്നാൽ സംരംഭകത്വത്തിലേക്ക് കടന്നുവരുന്ന സ്ത്രീകളും, ദരിദ്രരും ‘ബിസിനസ്' എന്ന വാക്കിന്റെ അർത്ഥവും വ്യാപ്തിയും മനസ്സിലാക്കാത്തവരാണ്. ഒരു വരുമാനമാർഗ്ഗം എന്നതിലുപരി അത് വിപണിയിൽ പിടിച്ചുനിൽക്കുന്ന അളവിൽ മുന്നോട്ടുകൊണ്ടുപോകാൻ ഒട്ടുമിക്ക വ്യക്തികൾക്കും സാധിക്കാറില്ല. ലാഭനഷ്ടങ്ങൾ പോലും കണക്കാക്കാൻ സാധിക്കാത്തതിനാൽ തന്നെ പ്രവർത്തനം ആരംഭിച്ച് മാസങ്ങൾ/ കുറഞ്ഞ വർഷങ്ങൾക്കുള്ളിൽതന്നെ നിർത്തേണ്ടതായും വരുന്നുണ്ട്. ഓരോവർഷവും സംരംഭങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ പരിശീലനവും സബ്‌സിഡിയും നൽകുന്നതിലുപരി അവയുടെ നിലനിൽപ്പിനാവശ്യമായ കൈത്താങ്ങ് നൽകുന്നതിന് വകുപ്പുകൾക്കും സ്ഥാപനങ്ങൾക്കും പലപ്പോഴും പരിമിതിയുണ്ട്. സ്ഥായിയായ വരുമാനം ലഭ്യമാക്കുന്നതിനും, സംരംഭങ്ങൾ നിലനിൽക്കുന്നതിനാവശ്യമായ പിന്തുണ വിലയിരുത്തുന്നതിന്റെ ഭാഗമായി അഥവാ സംരംഭങ്ങൾ നിലനിൽക്കാത്തത് എന്തുകൊണ്ട് എന്ന് മനസ്സിലാക്കുന്നതിനായി 2006 ലും തുടർന്ന് 2011 ലുമായി കുടുംബശ്രീ മിഷൻ നടത്തിയ സംരംഭ പഠനം ഒട്ടനവധി മേഖലകളിലേക്ക് വെളിച്ചം വിതറിയിരുന്നു.

കുറഞ്ഞ മുതൽമുടക്ക്, കുറഞ്ഞ വരുമാനം, വിപണി കണ്ടെത്തി വിപണനം നടത്തുന്നതിനുള്ള പരിമിതി, പാക്കിംഗ്, ലേബലിംഗ് എന്നിവയുടെ അഭാവം, കണക്ക് എഴുത്തിന്റെ അറിവില്ലായ്മ തുടങ്ങി പല കാരണങ്ങളും കണ്ടെത്തുന്നതിന് സാധിച്ചിരുന്നു. കൂടുതൽ മുതൽമുടക്കിനു മൂലധനം കണ്ടെത്തുന്നതിനു സാധിക്കാതെ വരുന്നതിനാൽ ഉല്പാദനം കൂട്ടുന്നതിനും ഉത്പാദനക്ഷമത ഉയർത്തുന്നതിനും കഴിയാതെ വരുന്നുണ്ട്. ഇതിൽ ബാങ്ക് വായ്പ കാലയളവ് വരെ പലരും നിർബന്ധപൂർവ്വം സംരംഭം തുടർന്നു കൊണ്ടുപോവുകയും തുടർന്ന് നിർത്തുകയും ചെയ്യുന്നു. ഇത്തരം പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് പല മേഖലകളിലും ഇടപെടൽ ആവശ്യമായി വരുന്നുണ്ട്. മാത്രമല്ല, കുറഞ്ഞത് ഒരു വർഷമെങ്കിലും തുടർപിന്തുണ നൽകേണ്ടതുണ്ട്. 2007 മുതൽ കുടുംബശ്രീമിഷന്റെ സംരംഭ സമീപനരീതിയിൽ ഏറെ മാറ്റം വരുത്താൻ ഈ പഠനത്തിനു സാധിച്ചിട്ടുണ്ട്. സബ്‌സിഡി എന്നതിലുപരി വിവിധങ്ങളായ സാമ്പത്തിക സഹായങ്ങൾ, വിപണന സഹായങ്ങൾ, സംരംഭക കൺസൾട്ടൻസി സപ്പോർട്ട്, വ്യത്യസ്ത പരിശീലനങ്ങൾ, പരിശീലന ഏജൻസികളുടെ പിന്തുണ എന്നിവയെല്ലാം വികസനപ്രക്രിയയിൽ കുടുംബശ്രീ മിഷൻ കൊണ്ടുവന്ന മാറ്റങ്ങൾ ആണ്. ആറുമാസത്തെ പ്രവർത്തനം പൂർത്തിയാകുമ്പോൾ അപ്പോൾ നന്നായി പ്രവർത്തിക്കുന്ന സംരംഭങ്ങൾക്ക് മൂലധനത്തിനായി റിവോൾവിംഗ് ഫണ്ട്, യന്ത്രസാമഗ്രികൾ/ടെക്‌നോളജി എന്നിവയ്ക്ക് ടെക്‌നോളജി/ ടെക്‌നോളജി അപ്‌ഡേഷൻ ഫണ്ടുകൾ, അടിയന്തരഘട്ടങ്ങളിൽ ആവശ്യമായിവരുന്ന മൂലധനത്തിന് ക്രൈസിസ് മാനേജ്‌മെന്റ് ഫണ്ട്, സംരംഭങ്ങൾ വിപുലപ്പെടുത്തുന്നതിനും നഷ്ടത്തിലായവ പുനരുദ്ധരിക്കുന്നതിനു രണ്ടാംഘട്ട ധനസഹായം എന്നിവയെല്ലാം എല്ലാം സംരംഭങ്ങളുടെ ആവശ്യകത കണക്കിലെടുത്ത് നൽകിവരുന്ന സാമ്പത്തിക സഹായങ്ങൾ ആണ്. ഇവയ്ക്കുപുറമേ സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് കൈത്താങ്ങായി പ്രത്യാശാ ഫണ്ടും, സ്റ്റാർട്ടപ്പ് ഫണ്ടും കൂടാതെ പ്രകൃതിക്ഷോഭങ്ങൾ അപ്രതീക്ഷിത അവസരങ്ങളിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങളിൽ നഷ്ടം വരുന്ന സംരംഭങ്ങൾക്കുള്ള സിക്ക് എം.ഇ. ഫണ്ട് എന്നിവ കാലാകാലങ്ങളിൽ കുടുംബശ്രീ നടപ്പിലാക്കിവരുന്ന സ്‌കീമുകളാണ്.

കാലത്തിനൊത്ത വിപണന മാർഗങ്ങൾ

വിപണന മാർഗങ്ങൾ കണ്ടെത്തി നൽകുക എന്നതാണ് ആണ് മിഷൻ സ്വീകരിച്ച മറ്റൊരു നടപടി. വീടുകളിൽ തയ്യാറാക്കുന്ന അച്ചാർ, പപ്പടം, കറിപ്പൊടികൾ, ഭക്ഷ്യവസ്തുക്കൾ, വെളിച്ചെണ്ണ തുടങ്ങിയവയും പരമ്പരാഗത ഉൽപ്പന്നങ്ങളും മാത്രമാണ് വിപണനത്തിനായി ഉണ്ടായിരുന്നത്. ആകർഷകമായ പാക്കിംഗോ ലേബലോ ഒന്നുമില്ലാത്ത ഇവ എങ്ങനെ വിപണനം ചെയ്യും എന്ന് ആശയവിനിമയങ്ങൾ നടത്തിയതിന്റെ അടിസ്ഥനത്തിൽ കോട്ടുവിളയിലിൽ 2007ലെ ആദ്യ മാസചന്ത നടത്തുന്നതിന് തീരുമാനിക്കുകയും പൊതു സ്വീകാര്യത മനസ്സിലാക്കി മാസചന്തകളും ആഴ്ച ചന്തകളും ഉത്സവ ചന്തകളും ആരംഭിക്കുകയും ചെയ്തു. തുടർന്ന് പ്രാദേശിക മേളകൾ വിവിധ വകുപ്പുകൾ മാധ്യമങ്ങൾ എന്നിവയുമായി സഹകരിച്ചു നടത്തുന്ന സമീപനവും സ്വീകരിക്കുകയുണ്ടായി. കാലത്തിനനുസരിച്ച് ആവശ്യകത മനസ്സിലാക്കി കുടുംബശ്രീ ബസാർ, നാനോ മാർക്കറ്റുകൾ (ഇതരകടകളിൽ കുടുംബശ്രീ ഉല്പന്നങ്ങൾക്കായി പ്രത്യേക ഇടം കണ്ടെത്തൽ), പഴയ കെ.എസ്.ആർ.ടി.സി. ബസുകൾ നവീകരിച്ച പിങ്ക് കഫേ എന്നിങ്ങനെ കുടുംബശ്രീ ഉത്പന്നങ്ങൾ വിപണനം നടത്തുന്നതിന് അനവധി വിപണന മാർഗം മിഷൻ കണ്ടെത്തിയിട്ടുണ്ട്. ഓൺലൈൻ വിപണനത്തിനായി ആയി ബസാർ ഡോട്ട് കോം, ആമസോണുമായി സഹകരിച്ച് ‘ആമസോൺ സഹേലി', ഫ്ലിപ്​കാർട്ടുമായി സഹകരിച്ച്​ ‘​ഫ്ലിപ്​കാർട്ട്​ സമർഥ്​’ എന്നിവ നൂതന വിപണന മാർഗങ്ങളാണ്. കൂടാതെ, ദേശീയ മേളകളിലെ പങ്കാളിത്തവും പുതിയ അവസരമൊരുക്കി നൽകുകയാണ്.

പിങ്ക് കഫെ

മുൻപ് സൂചിപ്പിച്ചതുപോലെ പോലെ, സംരംഭകരായി വരുന്ന സ്ത്രീകൾക്ക് തങ്ങളുടെ കുടുംബ കാര്യങ്ങളിൽ വിട്ടുവീഴ്ച നടത്തുന്നതിന് ഏറെ പരിമിതിയുള്ളതിനാലും സംരംഭം നടത്തിപ്പിന്​ പ്രാവീണ്യം കുറവായതിനാലും തുടർപിന്തുണ ഏറെ ആവശ്യമാണ്. താല്പര്യമുള്ള വ്യക്തികളെ കണ്ടെത്തി ആവശ്യമായ പരിശീലനം ലഭ്യമാക്കി ഇവരെ മറ്റൊരു സംരംഭം ഗ്രൂപ്പായി മാറ്റി ഇവരിലൂടെ സംരംഭങ്ങൾക്കാവശ്യമായ സഹായം നൽകുക എന്ന സമീപനമാണ് സ്വീകരിച്ചത്. സംരംഭങ്ങൾ/ ഉപജീവനമാർഗങ്ങൾ സംബന്ധിച്ച് അറിവ് പകരൽ, സംരംഭം ആരംഭിക്കാൻ താല്പര്യമുള്ള വ്യക്തികൾക്ക് ആവശ്യമുള്ള ഉള്ള പൊതുഅവബോധം നൽകൽ, സംരംഭകത്വ പരിശീലനം ലഭ്യമാക്കൽ, വായ്പ ലഭ്യമാക്കുന്നതിനുള്ള പ്രോജക്ട് പ്രൊപ്പോസൽ തയ്യാറാക്കൽ, മാസച്ചന്തകളിൽ സംരംഭകർക്കാവശ്യമായ സഹായം നൽകൽ, സംരംഭങ്ങളുടെ ഓഡിറ്റ്, കണക്കെഴുത്തിനു സഹായിക്കൽ, വിവിധ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കൽ തുടങ്ങി വിവിധ സേവനങ്ങൾ എം. ഇ. സി മാർ നൽകിവരുന്നു.

നഗര​ങ്ങളിലെ മുൻകൈകൾ

സംരംഭങ്ങളുടെ നിലനിൽപ്പിനും വരുമാനം വർദ്ധിപ്പിക്കുന്നതിനും ആവശ്യമായ ഇത്തരം സഹായങ്ങൾ നൽകിവരുന്നതിനൊപ്പം നൂതനവും കാലോചിതവും സാമൂഹിക ആവശ്യങ്ങൾ മനസ്സിലാക്കിയും സംരംഭവികസനത്തിനുള്ള ശ്രമവും കുടുംബശ്രീ മിഷൻ നടത്തിവരുന്നു. നഗരപ്രദേശങ്ങളുടെ സാഹചര്യം മനസ്സിലാക്കി 2000 ത്തിൽ കുടുംബശ്രീ മിഷൻ പ്രോത്സാഹിപ്പിച്ച ഐ.ടി യൂണിറ്റുകൾ, തുടർന്ന് അംഗൻവാടി കുട്ടികൾക്ക് ലഭ്യമാക്കി വരുന്ന അമൃതം ന്യൂട്രിമിക്‌സ്, കാന്റീൻ കേറ്ററിങ് യൂണിറ്റുകൾ, ജനകീയ ഹോട്ടലുകൾ, ഹരിതകർമസേന, എറൈസ് മൾട്ടിപർപ്പസ് യൂണിറ്റുകൾ, സാന്ത്വനം, ഹർഷം യൂണിറ്റുകൾ എന്നിവയെല്ലാം ഇവിടെ ഉത്തമ ഉദാഹരണങ്ങളാണ്. കുടുംബശ്രീ ട്രാവൽസ്, വനിത ഫിറ്റ്‌നസ് വെൽനസ് സെന്ററുകൾ, ഡേ കെയറുകൾ തുടങ്ങി നൂതന സംരംഭങ്ങൾ എല്ലാം തന്നെ സേവനമേഖലയുടെ ആവശ്യകത പരിഗണിച്ച് മിഷൻ പ്രോത്സാഹിപ്പിച്ച വരുന്നതാണ്. ഇതിനു പുറമേ, ഉപജീവന സാധ്യതകൾ പരിഗണിച്ച് സർക്കാർ വകുപ്പുകളുടെ ആവശ്യകത മനസ്സിലാക്കി സംയോജനത്തിനുള്ള സാധ്യതയും കണക്കിലെടുത്ത് റെയിൽവേയുമായി സഹകരിച്ച് റെയിൽവേ പാർക്കിംഗ് മാനേജ്‌മെൻറ്​, എ സി വെയ്റ്റിംഗ് ഹാൾ മാനേജ്‌മെൻറ്​, മോട്ടോർവാഹനവകുപ്പുമായി സംയോജിച്ച് ഇ -സേവ കേന്ദ്രങ്ങൾ, സാമൂഹ്യനീതി വകുപ്പുമായി ചേർന്ന് അംഗൻവാടി കുട്ടികൾക്കുള്ള പൂരക പോഷകാഹാരം, സർക്കാർ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള കാന്റീൻ, സപ്ലൈകോയുമായി സഹകരിച്ച് തുണിസഞ്ചി നിർമാണം, കേരള മെഡിക്കൽ സർവീസസ് കോർപറേഷനുമായി സംയോജിപ്പിച്ചുള്ള സാനിറ്ററി നാപ്കിൻ നിർമ്മാണം, കൊച്ചിമെട്രോയ്ക്ക് ആവശ്യമായ മനുഷ്യവിഭവശേഷി ലഭ്യമാക്കൽ എന്നിവയെല്ലാം ഇവയിൽ ചിലത് മാത്രമാണ്.

അംഗൻവാടി കുട്ടികൾക്കുള്ള അമൃതം ന്യൂട്രിമിക്‌സ് നിർമ്മാണം.

ഗുണനിലവാരം വർധിപ്പിക്കുന്നതിനും ഉൽപാദനം കൂട്ടുന്നതിനും മൊത്തമായി ഓർഡറുകൾ ലഭ്യമാക്കുന്നതിനും യൂണിറ്റുകളുടെ ക്ലസ്റ്റർ രൂപീകരിക്കുന്ന രീതിയും കുടുംബശ്രീ മിഷൻ പിന്തുടരുന്നുണ്ട്. കുടുംബശ്രീമിഷനെ മാത്രം ആശ്രയിക്കാതെ സംരംഭ കൂട്ടായ്മയിലൂടെ വിപണി കണ്ടെത്തുന്നതിനുള്ള പ്രോത്സാഹനം കൂടിയാണിത്. മൂല്യവർധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്നതിനുള്ള ശ്രമവും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്.

ഉൽപാദന സേവന മേഖലയ്ക്ക് മുൻതൂക്കം നൽകുമ്പോഴും വനിതകൾ താൽപര്യപ്പെടുന്ന മൃഗസംരക്ഷണ കാർഷിക മേഖലകളെയും പ്രോത്സാഹിപ്പിച്ചു വരുന്നുണ്ട്. നിലവിലുള്ള പരിമിതികളെ അതിജീവിച്ച് സംരംഭ ഗ്രൂപ്പുകളായും പ്രൊഡ്യൂസർ കമ്പനിയായി മാറ്റിയും സംരംഭങ്ങൾ ഈ മേഖലകളിൽ തുടർന്നു പോകുന്നുണ്ടെന്നും സാധ്യമായ അവസരങ്ങളിൽ മൂല്യവർധിത ഉത്പന്നങ്ങൾ നിർമിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തുന്നതിനു ശ്രമിയ്ക്കുന്നുണ്ട്. മൃഗസംരക്ഷണമേഖലയിൽ പൊതുവേയുള്ള ആക്ഷേപമാണല്ലോ, ഇവ സബ്​സിഡിക്കുമാത്രം വേണ്ടിയുള്ളതാണ് എന്നത്. എന്നാൽ, മാർഗ്ഗനിർദ്ദേശം പാലിച്ച് ഇത് പ്രധാന ഉപജീവനമാർഗമാക്കി ഒട്ടനവധി വനിതകൾ ഇന്നീ രംഗത്തുണ്ട്.

സംരംഭങ്ങളുടെ കാര്യത്തിൽ പരാമർശിച്ചതുപോലെ കാലാനുസൃത മാറ്റം കാർഷികമേഖലയിലും കൊണ്ടുവരുന്നതിനു കുടുംബശ്രീ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. പാട്ടകൃഷിയിൽനിന്ന് സംഘകൃഷിയിലേക്ക്, തുടർന്ന് ജോയിൻ ലയബിലിറ്റി ഗ്രൂപ്പുകളിലേക്കുമുള്ള യാത്രക്കുപുറമേ അഗ്രി നഴ്‌സറികൾ, അഗ്രി ന്യൂട്രി ഗാർഡൻ, വൃക്ഷത്തൈ ഉത്പാദനം എന്നിവയും, നഗരപ്രദേശങ്ങളിൽ സാധ്യമായ ആയ ഗാർഡനിംഗ്, ലാൻഡ്‌സ്‌കേപ്പിങ്, വെർട്ടിക്കൽ ഗാർഡൻ എന്നിവയ്ക്ക് ആവശ്യമായ സഹായം നൽകുന്നതിനുള്ള ഉള്ള സേവനം ലഭ്യമാക്കുന്നതിനുള്ള ഗ്രീൻ കാർപ്പെറ്റ് പദ്ധതിയും ഈ മേഖലയിൽ കുടുംബശ്രീ ഇടപെടലാണ്.

വേതനാധിഷ്ഠിത തൊഴിൽമേഖല

സംരംഭമേഖലയിലെ ഇടപെടൽ പോലെ തന്നെ വേതനാധിഷ്ഠിത തൊഴിൽമേഖലയിലും കുടുംബശ്രീ ഇടപെടുന്നുണ്ട്. തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽ കാർഡ് ലഭ്യമാക്കൽ, പി.എം.എ.വൈ- ലൈഫ് പദ്ധതി ഗുണഭോക്താക്കളുടെ ഭവനനിർമാണത്തിന് കുടുംബശ്രീ യൂണിറ്റുകളുടെ സേവനം ലഭ്യമാക്കുക, പി.എം.എ.വൈ- ലൈഫ് ഗുണഭോക്താക്കൾക്ക് തൊഴിലുറപ്പ് പദ്ധതിയിൽ തൊഴിൽ ദിനങ്ങൾ ഉറപ്പാക്കുക എന്നതെല്ലാം മിഷന്റെ പ്രത്യേക ഇടപെടലുകളാണ്. ഇതിനുപുറമേ അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് തൊഴിൽ പരിശീലനം ലഭ്യമാക്കുന്ന് ദീൻ ദയാൽ ഉപാധ്യായ ഗ്രാമീണ് കൗശല്യ യോജന (ഡി. ഡി. യു. യു. ജി. കെ. വൈ) പദ്ധതിയും, ദീൻദയാൽ അന്ത്യോദയ യോജന നഗര ഉപജീവന മിഷൻ പദ്ധതിയും മിഷൻ നടപ്പിലാക്കി വരുന്നുണ്ട്. ഈ പദ്ധതികളിലൂടെ ഗ്രാമ നഗര മേഖലകളിലെ യുവജനങ്ങൾക്ക് വൈദഗ്ധ്യ പരിശീലനവും ഏജൻസികളുടെ സഹായത്തോടെ കുറഞ്ഞത് 8000 രൂപയെങ്കിലും വേതനം ലഭ്യമാകുന്ന രീതിയിൽ തൊഴിൽ ലഭ്യമാക്കുന്നതിനുള്ള ശ്രമവും നടത്തിവരുന്നുണ്ട്. പട്ടികജാതി മേഖലയിലെ കുട്ടികൾ, യുവജനങ്ങൾ എന്നിവർക്കുവേണ്ടി നടത്തിവരുന്ന ബ്രിഡ്ജ് കോഴ്‌സുകൾ, പി എസ് സി കോച്ചിംഗ്, നൈപുണ്യ പരിശീലനങ്ങൾ എന്നിവയും സജീവ ശ്രദ്ധ ആകർഷിക്കുന്നതാണ്.

നിർമാണമേഖലയിൽ പ്രവർത്തിക്കുന്ന കുടുംബശ്രീ അംഗങ്ങൾ

സംരംഭങ്ങളുടെ നടത്തിപ്പിൽ ലാഭനഷ്ടങ്ങൾ, ബ്രാൻഡിങ്, പാക്കിംഗ്, ലേബലിംഗ് തുടങ്ങി പല കുറവുകളും ചൂണ്ടിക്കാണിക്കുമ്പോൾ കുടുംബശ്രീ എന്നും സ്ത്രീസഹജമായ ജോലികളുടെ തുടർച്ചയായുള്ള സംരംഭങ്ങളാണ് കൂടുതൽ പരിഗണിക്കുന്നത് എന്ന് വിമർശിക്കുമ്പോഴും നാം ഓർക്കേണ്ടത് സംരംഭകരായി വരുന്ന സാധാരണക്കാരായ കുടുംബശ്രീ വനിതകളേയും ദരിദ്രരേയുമാണ്​. തങ്ങളുടെ പരിമിതികൾക്കിടയിലും വരുമാനമാർഗം എന്ന ലക്ഷ്യത്തോടെ വരുന്ന സ്ത്രീകളുടെ താൽപര്യത്തിനനുസരിച്ച് മാത്രമേ ഓരോ പിന്തുണയും ലഭ്യമാക്കാൻ സാധിക്കുകയുള്ളൂ. ഈ പരിമിതിയിൽ നിന്നാണ് കുടുംബശ്രീമിഷൻ പ്രവർത്തിക്കുന്നതും.

തങ്ങളുടെ പരിമിതികളുടെയും ചിന്തകളുടെയും അതിർവരമ്പുകൾ മറികടക്കാൻ പ്രാപ്തമാകുമ്പോൾ മാത്രമേ തങ്ങൾക്ക് ലഭ്യമാകുന്ന ഓരോ അവസരങ്ങളും ഫലപ്രദമാക്കാൻ അവർക്ക് സാധിക്കുകയുള്ളൂ. കഴിഞ്ഞ 24 വർഷത്തെ കുടുംബശ്രീ ഇടപെടലിലൂടെ അനേകായിരം സ്ത്രീകളെ, കുടുംബാംഗങ്ങളെ, യുവജനങ്ങളെ തൊഴിൽമേഖലയിലേക്ക് കൊണ്ടുവരുന്നതിനും അതിലൂടെ ദാരിദ്ര ലഘൂകരണ പ്രക്രിയയിൽ പ്രധാന പങ്കു വഹിയ്ക്കുന്നതിനും സാധിച്ചു എന്നത് അഭിനന്ദനാർഹമായ നേട്ടമാണ്. ഓരോ പഠനവും പുതിയ സമീപനങ്ങളും പരീക്ഷണാടിസ്ഥാനത്തിൽ ഉള്ളതാണ്.

വിജയ പരാജയങ്ങൾ കണക്കിലെടുത്ത് ആവശ്യമായ തിരുത്തലുകൾ വരുത്തിയുള്ള ഈ പ്രയാണം കൂടുതൽ ഉപജീവനമാർഗങ്ങൾ സൃഷ്ടിക്കുന്നതിന് ഇടയാക്കും. കുടുംബശ്രീ ഉല്പന്നങ്ങൾക്കായി തനതു ബ്രാൻഡ്, കുടുംബശ്രീ ഉൽപന്നങ്ങൾക്ക് മാത്രമായി ബ്രാൻഡഡ് ഷോപ്പ് തുടങ്ങി വനിതകൾക്ക് എംപ്ലോയ്‌മെൻറ്​ എക്‌സ്‌ചേഞ്ച് സെന്റർ എന്നിങ്ങനെ പുതിയ ആശയങ്ങളും പ്രവർത്തനങ്ങളുമായി കുടുംബശ്രീ യാത്ര തുടരുകയാണ്.

Comments