ആറാം ക്ലാസിലെ കുട്ടികൾ
അവരുടെ ടീച്ചറെ ലോകകപ്പിലേക്ക്
പായിച്ച കഥ
ആറാം ക്ലാസിലെ കുട്ടികൾ അവരുടെ ടീച്ചറെ ലോകകപ്പിലേക്ക് പായിച്ച കഥ
ഈ ലോകകപ്പ് കഴിയുന്നതുവരെ, കളി കണ്ടതിന് കുട്ടികളെ ശകാരിക്കുന്ന അധ്യാപകരാവുന്നതിനുപകരം, അതിനെതന്നെ വലിയൊരു ടീച്ചിങ് എയ്ഡ് ആയി സ്വീകരിക്കുന്നത് യുക്തിപൂര്‍വവും വിദ്യാര്‍ത്ഥികേന്ദ്രിതവുമായ ഒരു സമീപനമാവുമെന്ന് ഓര്‍മിപ്പിച്ചുകൊള്ളട്ടെ. ക്ലാസ് റൂമിലെ സ്വന്തം അനുഭവം മുൻനിർത്തി എഴുതുന്നു, കോഴിക്കോട് ഫാറൂഖ് ട്രെയിനിങ് കോളേജിലെ രണ്ടാം വർഷ ബി.എഡ് വിദ്യാർഥി മരിയ സണ്ണി.
30 Nov 2022, 06:24 PM
ലോകകപ്പുകാലത്തെ ടീച്ചിങ് പ്രാക്ടീസ് ഇത്രമാത്രം ഭീകരമാവും എന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ല.
നിലമ്പൂരിലെ വനപ്രദേശത്തോടു ചേർന്നുകിടക്കുന്ന ഒരു ചെറിയ ഗ്രാമത്തില്‍ ജനിച്ചുവളര്‍ന്ന എനിക്ക് മലപ്പുറത്തിന്റെ ഫുട്‌ബോള്‍ ഭ്രാന്ത് ഒരു പുതുമയായിരുന്നില്ല. അങ്ങാടികളും ഇടവഴികളുമെല്ലാം ലോകകപ്പ് ഒരുക്കങ്ങള്‍ കൊണ്ടും അലങ്കാരങ്ങള്‍ കൊണ്ടും നിറയും. ഓര്‍മയിലുള്ള ആദ്യ വേള്‍ഡ് കപ്പിന്റെ ആവേശവും അതിവൈകാരിക നിമിഷങ്ങളും ഇന്നും മങ്ങാതെ കിടപ്പുണ്ട്.
എന്നെക്കാള്‍ ഒരു വയസ്സിനു മാത്രം മൂപ്പുള്ള ചേട്ടന്‍ അന്ന് പത്രങ്ങളില്‍ വരുന്ന ബ്രസീല്‍ കളിക്കാരുടെ ചിത്രങ്ങള്‍ വെട്ടി ഒട്ടിച്ച വലിയ ഒരു ബോര്‍ഡ് മുറിയില്‍ സ്ഥാപിച്ചതു മുതല്‍ കക്ക എന്ന ഒറ്റ ബ്രസീല്‍ കളിക്കാരന്റെ പേരു മാത്രം അറിയുന്ന ഞാനും ഒരു ബ്രസീലിയന്‍ ആരാധികയായി മാറി. അത്തരം ബോര്‍ഡുകളും പുസ്തകങ്ങളുമൊക്കെ ഞങ്ങളുടെ അടുത്തുള്ള എല്ലാ വീടുകളിലും ആ കാലത്ത് പ്രത്യക്ഷപ്പെടുമായിരുന്നു. കളിയുണ്ടാവുന്ന ദിവസങ്ങളിലെല്ലാം അയലത്തും കൂടെയുമുള്ള അര്‍ജന്റീനിയന്‍ ആരാധകരോട് വെല്ലുവിളിക്കാനും വിജയങ്ങളാഘോഷിക്കാനും അവന്റെ കൂടെ ഞാനും കട്ടക്ക് കൂടി. അന്ന് അത് ആ ഓളത്തിനൊത്തുള്ള വെറുമൊരു ആവേശമായിരുന്നു. വലുതായപ്പോള്‍ പഠനത്തിലും മറ്റു തിരക്കിലും പെട്ട് പിന്നീടുവരുന്ന ലോക കപ്പുകളില്‍ ഈ ആവേശം ചോര്‍ന്നുപോയിരുന്നു.
എന്നാല്‍ ഇതില്‍ നിന്നൊക്കെ വളര്‍ന്ന്, ഒരു നാല് ലോകകപ്പിനിപ്പുറം ഇത്രയധികം എന്റെ നിലനില്‍പ്പിനെ പോലും സ്വാധീനിക്കുന്ന ഒന്നായി ഈ കളി ഇങ്ങനെ എനിക്കുമുന്നില്‍ വട്ടം വന്ന് നില്‍ക്കുമെന്ന് കരുതിയേയില്ല. കോഴിക്കോട് ഫാറൂഖ് ട്രെയിനിങ് കോളേജില്‍ ബി.എഡിനു ചേര്‍ന്ന അന്നുമുതല്‍ മൂന്നാം സെമസ്റ്ററില്‍ വരുന്ന ടീച്ചിങ് പ്രാക്ടീസ് കാലം ഒരു അല്പം ആശങ്കയോടെയാണ് കണ്ടിരുന്നത്. അങ്ങനെ മൂന്നാം സെമസ്റ്ററിലെ ആദ്യ ഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി. ആ ആവേശത്തില്‍ അടുത്തുള്ള ജി.യു.പി സ്‌കൂളിൽ രണ്ടാം ഘട്ടത്തിന് ചേര്‍ന്നു. ചെന്നുകയറിയ ആദ്യ ക്ലാസില്‍ തന്നെ കേട്ട ചോദ്യം, ‘ടീച്ചറെ, ടീച്ചര്‍ ഏത് ടീമാ' എന്നാണ്. ഒരു ടീമിനെ പറഞ്ഞാല്‍ മറ്റു ടീമുകാര്‍ ഇടയും. കുട്ടികളെ കയ്യിലെടുത്തേ പറ്റൂ. ഞാന്‍ ഒരു ന്യൂട്രല്‍ സ്റ്റാന്‍ഡ് എടുത്തു: ‘എല്ലാരേം ഇഷ്ടമാണ്, എല്ലാരും എന്റെ ടീമാണ്, ഞാന്‍ സ്‌നേഹിക്കുന്നത് ഫുട്‌ബോളിനെയാണ്’ എന്നൊക്കെ തട്ടിവിട്ടു.
പക്ഷെ അവര്‍ അത്ര പെട്ടെന്നൊന്നും എന്റെ കുടുക്കില്‍ വീഴുന്നവരായിരുന്നില്ല. ടീച്ചര്‍ കാര്യായിട്ടാണോ പറയണേ, അതോ ചുമ്മാ ഷോ ഇറക്കിയതാണോ എന്നറിയാന്‍ അവര്‍ ചില കുനിഷ്ട് ചോദ്യങ്ങള്‍ എറിഞ്ഞുകൊണ്ടിരുന്നു.
ഫുട്ബോള്‍ ഫാന്‍സ് ആയ കൂട്ടുകാരുടെ സ്റ്റാറ്റസുകളില്‍ കാണുന്നതും പണ്ട് കേട്ടതും ഒക്കെ വച്ച് ഞാന്‍ ഒരു വിധം പിടിച്ചുനിന്നു. അന്നത്തോടെ ഒരു കാര്യം മനസിലായി. ലോകകപ്പ് കാണാതെ ഈ പിള്ളേരെ കയ്യിലെടുക്കാന്‍ പറ്റില്ല. അന്നുതന്നെ ഹോസ്റ്റല്‍ മുറിയില്‍ ചെന്ന് കുത്തിയിരുന്ന് സകലമാന ലോകകപ്പ് റിവ്യുകളും വായിച്ചു. ആ ആത്മവിശ്വാസത്തില്‍ പിറ്റേന്ന് ക്ലാസില്‍ ചെന്ന് ‘നിങ്ങള്‍ക്ക് ലോകകപ്പ് വിശേഷം പറയണം അല്ലേടാ, ഇന്നാ പിടിച്ചോ’ എന്നും പറഞ്ഞ് ഒരു ചെറിയ പ്രസംഗം അങ്ങു കാച്ചി. ദാ കിടക്കണു പിള്ളേര്. അവരുടെ മുഖത്ത് അന്ന് കണ്ട സന്തോഷം, അവര്‍ എന്നെ അവരിലൊരാളായി സ്വീകരിച്ചു കഴിഞ്ഞു. ഞാന്‍ പറഞ്ഞതിലധികം അവര്‍ക്ക് ഇങ്ങോട്ട് പറയാനുണ്ടായിരുന്നു. ഇവരെല്ലാം ജനിക്കുന്നതിനും എത്രയോ മുന്‍പ് നടന്ന ലോകകപ്പുകളെ പറ്റിയും അതില്‍ പിറന്ന അത്ഭുതകരമായ ഗോളുകളെ പറ്റിയും എത്ര ആധികാരികമായാണ് അവരെന്നോട് സംസാരിക്കുന്നത്..
പിറ്റേന്ന് ക്ലാസില്‍ ചെല്ലുമ്പോള്‍ എന്റെ ചാര്‍ട്ടും ടീച്ചിങ് എയ്ഡുമൊക്കെ തൂക്കാന്‍ കണ്ടുവച്ച സ്ഥലത്ത് നോക്കുമ്പോഴല്ലേ, വെള്ളയും നീലയും വരയുള്ള അര്‍ജന്റീനയുടെ പതാക രാജകീയമായി സ്ഥാനം പിടിച്ചിരിക്കുകയാണ്. നാട്ടിന്‍പുറത്തും അങ്ങാടിയിലും നിറയുന്ന ഈ ലോകകപ്പ് ആവേശം എന്റെ ക്ലാസ്മുറിയിലേക്കും എത്തിയിരിക്കുന്നു. ‘കാര്‍ണിവലൈസേഷന്‍’ എന്നൊക്കെ പറഞ്ഞാൽ അത് ഇതാണ് എന്നു ഞാന്‍ മിഖായേല്‍ ഭക്തിനെ സ്മരിച്ചു.
ക്ലാസുകൾ മുഴുവന്‍ നിറയുന്ന കൊടികള്‍, മെസ്സിയുടെയും നെയ്മറിന്റെയും റൊണാള്‍ഡോയുടെയും കുഞ്ഞു കട്ടൗട്ടുകള്‍, സ്റ്റിക്കറുകള്‍, തങ്ങളുടെ പ്രിയപ്പെട്ട ടീമിന്റെ ജേഴ്‌സി യൂണിഫോമിനകത്ത് ഇട്ടുവരുന്ന കടുത്ത ആരാധകര്‍. ഓരോ ക്ലാസും തലേന്നത്തെ കളിയെ പറ്റി ചെറിയൊരു അവലോകനം കഴിഞ്ഞശേഷം മാത്രം ആരംഭിക്കാന്‍ പറ്റുന്ന അവസ്ഥ. ക്ലാസില്‍ അവര്‍ അടങ്ങിയിരിക്കാതെയാവുമ്പോള്‍, ഇപ്പോള്‍ ശ്രദ്ധിച്ചാല്‍ ക്ലാസിന്റെ അവസാന 10 മിനുറ്റ് നമുക്കു ലോകകപ്പിനെ പറ്റി സംസാരിക്കാം എന്ന് പറയുമ്പോള്‍ അവരുടെ കണ്ണില്‍ നിറയുന്ന തെളിച്ചം. ആ ഒരു 10 മിനുറ്റിനുവേണ്ടി കഠിനമായ കവിതകള്‍ പോലും ശ്രദ്ധിച്ച്, ചോദിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം തെറ്റാതെ ഉത്തരം പറയാനും ആരും തെറ്റിക്കാതെ ഇരിക്കാനും അവര്‍ പുലര്‍ത്തുന്ന വ്യഗ്രത.
അവിടുന്നങ്ങോട്ട് സ്‌കൂള്‍ കഴിഞ്ഞ് ഓടി വന്ന് കോളേജിന്റെ യൂസഫ് അല്‍ സാഖര്‍ ഓഡിറ്റോറിയത്തിലും ഹോസ്റ്റലിലും വെക്കുന്ന കളികള്‍ ഒന്നും വിടാതെ കാണാന്‍ തുടങ്ങി. മലബാറിന്റെ ഫുട്ബോള്‍ ഭ്രമത്തെ മൊത്തത്തില്‍ ആവാഹിച്ചിരിക്കുകയാണ് ഫാറൂഖ് കോളേജ് എന്നു തോന്നും. ഓരോ വരാന്തയും മൂക്കും മൂലയും വരെ ലോകകപ്പ് ഓളത്തിലാണ്. ഈ ബഹളത്തിനിടയിലും കളി കാര്യമാക്കാതെ നടന്ന എന്നെയാണ് ഈ കുഞ്ഞു പിള്ളേര്‍ ഈ വലിയ കളിക്കളത്തിലേക്ക് വലിച്ചിട്ടത്. കളി വല്ലാത്തൊരു വികാരമായി എന്നില്‍ വളരുന്നത് ഞാനറിഞ്ഞു. മിക്ക ടീമിലെയും കളിക്കാരുടെ വായില്‍ കൊള്ളാത്ത ഘടാഘടിയന്‍ പേരുകളും അവരുടെ പ്ലേയിങ് സ്‌റ്റൈലുമൊക്കെ നിഷ്പ്രയാസം എനിക്ക് വിശദീകരിച്ചു തരുന്ന എന്റെ കുഞ്ഞുങ്ങളോടൊപ്പം പിടിച്ചുനില്‍ക്കാന്‍ ഞാനും ഓരോരുത്തരെയും പഠിച്ചു തുടങ്ങി. ഏതോ പത്രത്താളില്‍ നിന്ന് വെട്ടിയെടുത്ത് ക്ലാസില്‍ ഒട്ടിച്ചു വച്ചിരിക്കുന്ന കളിയുടെ ഷെഡ്യൂള്‍ നോക്കി, ടീച്ചറെ ഇന്ന് ഇത്ര മണിക്ക് ഇന്ന ടീമിന്റെ കളിയുണ്ട് എന്ന് ഓരോ ദിവസത്തെ കളിയും അവരെന്നെ ഓര്‍മിപ്പിക്കും.
കളിയുടെ പേരില്‍ പഠനത്തില്‍ പിറകോട്ട് പോവില്ല എന്ന് എനിക്കുറപ്പുതന്ന, തലേദിവസത്തെ കളി കണ്ട ഉറക്കക്ഷീണം മാറാത്ത കണ്ണുകളുമായി ക്ലാസില്‍ ശ്രദ്ധിച്ചിരിക്കുന്ന കുഞ്ഞുങ്ങളെ കാണുമ്പോള്‍ എനിക്കവരോട് എന്തെന്നില്ലാത്ത സ്‌നേഹം തോന്നാറുണ്ട്.
അര്‍ജന്റീന സൗദിയോട് തോറ്റത്തിന്റെ പിറ്റേദിവസം ക്ലാസില്‍ ചെന്നപ്പോള്‍ ഞാന്‍ കളിമട്ടില്‍ അര്‍ജന്റീന ആരാധകനായ നിഹാലിനോട്, ‘അപ്പൊ എങ്ങനാ കൊടി നമുക്ക് അഴിക്കുവല്ലേ’ എന്ന് ചോദിച്ചപ്പോൾ, ഉള്ളിലെ വിഷാദമൊക്കെ മാറ്റിവെച്ച് അവന്‍ തന്ന ഉത്തരം, ‘ഇല്ല ടീച്ചറെ, ഇത് ഒരു കളിയല്ലേ, അടുത്ത കളി ഞങ്ങള്‍ ജയിച്ചിരിക്കും’ എന്നാണ്.
ഇത്രമേല്‍ ജീവിതത്തെ പ്രതീക്ഷയോടെ കാണാന്‍ ഏത് കവിതയും നോവലും എത്ര ക്ലാസില്‍ എത്ര ലസന്‍ പ്ലാനില്‍ എത്ര പഠനപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്താലാണ് എനിക്ക് അവരില്‍ എത്തിക്കാനാവുന്നത്. അവരോടൊപ്പം ലോകകപ്പെന്ന മഹാകാവ്യത്തെ ഒരുമിച്ച് നുകരുക എന്നതാണ് ഒരു മലയാളം അധ്യാപികയായ ഞാന്‍ ഇവിടെ സ്വീകരിക്കുന്ന ബോധനതന്ത്രം. മറ്റൊരു സിദ്ധാന്തഭാരവുമില്ലാതെ മൂല്യവും മനോഭാവവും ആശയങ്ങളും ഒരു പെഡഗോഗിക് അനാലിസിസിലൂടെയെന്നപോലെ അവരിലേക്കെത്തിക്കാന്‍ ഇതില്‍പ്പരം മറ്റൊരു മാര്‍ഗമില്ല. ഓരോ കളിക്കുശേഷവുമുള്ള, അവരോടൊപ്പം ചേര്‍ന്നുള്ള അവലോകനത്തില്‍ അധ്യാപികയുടെ ബോധപൂര്‍വവും എന്നാല്‍ പ്രത്യക്ഷത്തില്‍ പ്രകടവുമല്ലാത്ത ഒരു പരുവപ്പെടുത്തല്‍ മാത്രമാണ് ഇവിടെ ആവശ്യമുള്ളത്. യഥാര്‍ത്ഥ കൺസ്ട്രക്ടിവിസം പ്രയോഗികമാകുന്നത് ഇവിടെയെല്ലാമാണ്. തന്റെ ജീവിത ചുറ്റുപാടുകളോട് നിരന്തരം ഇടപെട്ട്സ്വയമേവ ജ്ഞാനം നിര്‍മിക്കുന്ന, പുതിയ വിദ്യാഭ്യാസ നയങ്ങള്‍ സങ്കല്പിച്ചുവച്ചിരിക്കുന്ന ഒരു ഐഡിയല്‍ വിദ്യാര്‍ത്ഥിയായി ഓരോരുത്തരും മാറുന്നു. ഇവിടെ വളരെ അനായാസമായി പരാജയങ്ങളെ നേരിടാനും പ്രതീക്ഷയോടെ ജീവിതത്തെ മുന്നോട്ടു നയിക്കാനും അവന്‍ പഠിച്ചു കഴിഞ്ഞു.
ഈ ലോകകപ്പ് കഴിയുന്നതുവരെ, കളി കണ്ടതിന് കുട്ടികളെ ശകാരിക്കുന്ന അധ്യാപകരാവുന്നതിനുപകരം, അതിനെ തന്നെ വലിയൊരു ടീച്ചിങ് എയ്ഡ് ആയി സ്വീകരിക്കുന്നത് യുക്തിപൂര്‍വവും വിദ്യാര്‍ത്ഥികേന്ദ്രിതവുമായ ഒരു സമീപനമാവുമെന്ന് ഓര്‍മിപ്പിച്ചുകൊള്ളട്ടെ.
ഞാന്‍ പഴയൊരു ബ്രസീല്‍ ഫാന്‍ ആണെന്ന് അറിയുന്ന ആര്യന്‍ അല്പം അനുതാപത്തോടെ, ‘ഇന്ന് നെയ്മറിന് കളിക്കാന്‍ പറ്റില്ലാലെ ടീച്ചറെ, സാരല്ല, അടുത്ത കളി ആവുമ്പോഴേക്ക് മൂപ്പരെ കാല് ശെരിയാവും' എന്ന് എന്നോട് ഐക്യപ്പെടുമ്പോള്‍ ഏത് ടെക്സ്റ്റ് ബുക്കിലെ ഏത് മൂല്യബോധമാണ് ഞാന്‍ അവനെ ഇനി ഇരുത്തി പഠിപ്പിക്കേണ്ടത് എന്ന് വിസ്മയപ്പെട്ടുപോകുന്നു.
ഒന്ന് നിശ്ചയം. ഇത് വെറുമൊരു ലോകകപ്പല്ല. നമുക്കും വളര്‍ന്നുവരുന്ന നമ്മുടെ കുഞ്ഞുങ്ങള്‍ക്കും കുറേക്കൂടി മെച്ചപ്പെട്ട ഒരു ലോകസാഹചര്യത്തെ സാധ്യമാക്കാന്‍ പോന്ന വിമോചനമന്ത്രം കൂടിയാണ്.
കുട്ടികളുടെ കളി കാണലിനെപ്പറ്റി പരാതി പറയുന്ന രക്ഷിതാക്കളോടാണ്... അവര്‍ ഉറക്കമിളച്ചിരുന്നു കളി കാണട്ടെ. ആ സമയത്ത് മനഃപാഠമാക്കാമായിരുന്ന പാഠപുസ്തകത്തിലെ അറിവിനെക്കാള്‍ പതിന്മടങ്ങു ജീവിതപാഠങ്ങള്‍ അവര്‍ ആര്‍ജിക്കുകയാണ്, അവര്‍ കളി കണ്ടുതന്നെ വളരട്ടെ.
കോഴിക്കോട് ഫാറൂഖ് ട്രെയിനിങ് കോളേജിലെ രണ്ടാം വർഷ ബി.എഡ് വിദ്യാർഥി
ജസീലമോൾ
1 Dec 2022, 06:30 AM
വായിക്കപ്പെടേണ്ടതും നല്ല സന്ദേശം ഉൾക്കൊള്ളുന്നതുമായ രചന....👍☺️☺️
നിഖിൽ വി എം
1 Dec 2022, 01:40 AM
മികവാർന്ന എഴുത്ത്... മനോഹരമായി എഴുതിയിരിക്കുന്നു. ധാരാളം രചനകളിലൂടെ ഉയരട്ടെ മരിയൻ മാഹാത്മ്യം... ആശംസകൾ
സൽസബീൻ
1 Dec 2022, 12:57 AM
അധ്യാപന ജീവിതത്തിൽ ഫുട്‌ബോൾ കഥകൾക്കും വലിയ തോതിൽ പങ്കുള്ളതിനാൽ എത്രയോ ക്ലാസുകൾ നമുക്ക് വിജയകരമായി പൂർത്തീകരിക്കാൻ സാധിക്കും എന്നതിന് ഉദാഹരണം മാത്രം 👏👏👏
മുഹമ്മദ് ഷരീഫ്
30 Nov 2022, 11:59 PM
ഗംഭീരം
അഫീഫ് തറവട്ടത്ത്
30 Nov 2022, 11:25 PM
മനോഹരം
രമ ജി വി അധ്യാപിക പൊന്നാനി
30 Nov 2022, 10:19 PM
വളരെയധികം ഇഷ്ടമായി. ഞാൻ അവരുടെ കൂടെയാണ്. ഇന്ന് മുതൽ ഞാനും ഇങ്ങനെയാവും....
Jinesh Thankachan
30 Nov 2022, 09:35 PM
"In learning you will teach and in teaching you will learn" മികച്ച വിവരണം മരിയാ😍
വിനോദ്
30 Nov 2022, 09:24 PM
അഭിനന്ദനങ്ങൾ. മികച്ച അധ്യാപിക.
Tinu
30 Nov 2022, 08:58 PM
നല്ല ചിന്തകൾ, പങ്കുവെക്കലുകൾ ഹൃദ്യം... അഭിനന്ദനങ്ങൾ.
സച്ചു ഐഷ
Jan 05, 2023
4 Minutes Read
ഹരികുമാര്‍ സി.
Dec 30, 2022
3 Minutes Read
ദിലീപ് പ്രേമചന്ദ്രൻ
Dec 24, 2022
34 Minutes Watch
ഡോ. പി.ജെ. വിൻസെന്റ്
Dec 23, 2022
25 Minutes Watch
Abhilash kainikkara
1 Dec 2022, 09:29 AM
അതിമനോഹരം