‘‘ഫോണെടുക്കാൻ പറ്റാത്ത തരത്തിലുള്ള ഭീഷണികൾ എനിക്ക് വന്നുകൊണ്ടിരിക്കുന്നു’’

‘‘എനിക്ക് ഫോണെടുക്കാൻ പറ്റാത്ത തരത്തിലുള്ള ഭീഷണികൾ വന്നുകൊണ്ടിരിക്കുന്നു. അറിയാവുന്ന നമ്പറുകൾ മാത്രമേ ഇപ്പോൾ എടുക്കാൻ കഴിയുന്നുള്ളൂ, അല്ലാത്ത നമ്പറുകളിൽ നിന്നൊക്കെ ഭീഷണികളാണ്. ഫേസ്ബുക്ക് അടക്കമുള്ള സാമൂഹ്യമാധ്യമ ആക്രമണങ്ങൾ വേറെയും. നമ്മുടെ കുടുംബത്തെയും മറ്റും തകർക്കും എന്നു പറയുന്ന ചെറിയൊരു ഭയപ്പെടുത്തലല്ല ഇത്, ഒരിടത്തിരുന്ന്, ഒരു സംഘം ആസൂത്രിതമായി ആക്രമണം നടത്തുകയാണ്​’’- ജോൺ ബ്രിട്ടാസ്​ എം.പി പറയുന്നു.

ൽഹിയിൽ ആർ.എസ്​.എസ്​ പ്രസിദ്ധീകരണങ്ങളിലൂടെയും ഫോണിൽ നേരിട്ടുവിളിച്ചും സോഷ്യൽ മീഡിയയിലൂടെയും സംഘ്​പരിവാർ തനിക്കെതിരെ ആസൂത്രിത ആക്രമണം നടത്തുകയാണെന്ന്​ ജോൺ ബ്രിട്ടാസ്​ എം.പി.

ട്രൂകോപ്പി തിങ്ക്​ എഡിറ്റർ ഇൻ ചീഫ്​ മനില സി. മോഹനു നൽകിയ പ്രത്യേക അഭിമുഖത്തിലാണ്​ ബ്രിട്ടാസ്​ ഇക്കാര്യം വെളിപ്പെടുത്തിയത്​.

‘‘എനിക്കെതിരെ സംഘ്​പരിവാർ വലിയ കോപ്പുകൂട്ടൽ നടത്തിക്കൊണ്ടിരിക്കുകയാണ്. ഡൽഹിയിൽ ആർ.എസ്.എസ് പ്രസിദ്ധീകരണങ്ങളിൽ എനിക്കെതിരെ ലേഖനങ്ങളും ചർച്ചകളും നടന്നുകൊണ്ടിരിക്കുകയാണ്. എനിക്ക് ഫോണെടുക്കാൻ പറ്റാത്ത തരത്തിലുള്ള ഭീഷണികൾ വന്നുകൊണ്ടിരിക്കുന്നു. അറിയാവുന്ന നമ്പറുകൾ മാത്രമേ ഇപ്പോൾ എടുക്കാൻ കഴിയുന്നുള്ളൂ, അല്ലാത്ത നമ്പറുകളിൽ നിന്നൊക്കെ ഭീഷണികളാണ്. ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമ ആക്രമണങ്ങൾ വേറെയും. നമ്മുടെ കുടുംബത്തെയും മറ്റും തകർക്കും എന്നു പറയുന്ന ചെറിയൊരു ഭയപ്പെടുത്തലല്ല ഇത്, ഇതൊരു പ്രോസസാണ്. ഒരിടത്തിരുന്ന്, ഒരു സംഘം ആസൂത്രിതമായി ഇങ്ങനെ നടത്തുന്ന ആക്രമണത്തിനെതിരെ നമ്മൾ പരാതി കൊടുത്താലും അവർക്കൊന്നുമില്ല. എത്രപേർക്കെതിരെയാണ് പരാതി കൊടുക്കുക? അതിന് നമുക്ക് സമയമുണ്ടോ? ഇതെല്ലാം അവർക്കറിയാം.’’

Photo: Rashtriya Swayamsevak Sangh, FB Page

‘‘നമ്മുടെയൊക്കെ സോഷ്യൽ മീഡിയ പേജുകളിലും മറ്റും അവർ പടച്ചുവിടുന്നത് നോക്കിയാൽ മതി. ഞാൻ ഇന്നുവരെ ഒരു സൈബർ അറ്റാക്കിനും ആരോടും പരാതിപ്പെടാൻ പോയിട്ടില്ല, പോവുന്നില്ല. കാരണം ഇവരുടെ അടിസ്ഥാനപരമായ കൾച്ചർ എന്താണെന്ന് ഈ സൈബർ അറ്റാക്കുക്കളിൽ നിന്ന് മനസ്സിലാക്കാം. എത്ര വൃത്തികെട്ട ഭാഷയാണ് ഉപയോഗിക്കുന്നത്. നമ്മളെത്ര വിചാരിച്ചാലും അതിന് മാറ്റമുണ്ടാകില്ല.’’

‘‘രാജ്യസഭയിൽ നമ്മൾ സംസാരിക്കുമ്പോൾ, അല്ലെങ്കിൽ ഒരു മന്ത്രി സംസാരിക്കുമ്പോൾ പാലിക്കേണ്ട മര്യാദയൊന്നും അവർ കാണിക്കാറില്ല. അവർ എങ്ങനെയെങ്കിലും തടസ്സപ്പെടുത്തികൊണ്ടിരിക്കും. എന്റെ പ്രസംഗം എത്രയോ തവണ വി. മുരളീധരൻ തടസ്സപ്പെടുത്തിയിട്ടുണ്ട്. സാധാരണ, മന്ത്രിമാരൊന്നും അങ്ങനെ തടസ്സപ്പെടുത്താൻ നിൽക്കാറില്ല. ഞാനും അദ്ദേഹവും തമ്മിൽ സഭയിൽ വാഗ്വാദങ്ങളുണ്ടായിട്ടുണ്ട്. ഒരുപക്ഷേ അവരുടെ ഗൂഢ ഉദ്ദേശ്യങ്ങളെയും തന്ത്രങ്ങളെയും നമ്മൾ തിരിച്ചറിയുന്നു, അതിനെതിരേ വാചാലമാകുന്നു, ശക്തമായി പ്രതികരിക്കുന്നു എന്നതുകൊണ്ടാവാം അവരിപ്പോൾ എന്നെ ഏറ്റവും വലിയ പ്രശ്‌നമായി കാണുന്നത്. അതായത് അവരുടെ യാഥാർഥ്യം തുറന്നുകാട്ടുന്നവരെ അവർക്ക് സഹിക്കില്ല. അവർക്കെതിരെ പറയുന്നവരെ പല രൂപത്തിലും വഴക്കിയെടുക്കാൻ ശ്രമിക്കും. അതിന് പറ്റിയില്ലെങ്കിൽ ഭീഷണിപ്പെടുത്തും. ദുഷ്​പ്രചാരണം നടത്തും.’’- ബ്രിട്ടാസ്​ പറഞ്ഞു.

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം

Comments