തെളിവ്

You know my methods, Watson.
Sherlock Holmes

മേശപ്പുറത്തെ പങ്കയുടെ കാറ്റിൽ
ഏടുകൾ മറിയുന്ന പുസ്തകം
സ്വപ്നം കണ്ടുണർന്ന

ഉച്ചയ്ക്ക്

കിടപ്പുമുറിയിൽ
കട്ടിലിന്റെ താഴെ നിന്ന്, ഒരിക്കൽ
അടുക്കളയിൽ നിന്നും കാണാതായ
കത്തി കിട്ടുന്നു

അന്തി നടത്തത്തിൽ
പല തവണ തലയിലെ തൊപ്പി ഊരി
കൊമ്പുകൾ തൊടുന്നു

ചെവികളുടെ നീളം
ചൂണ്ടുവിരൽകൊണ്ട് അളക്കുന്നു

തെളിവില്ലാതെ പൂർത്തിയാവുന്ന പകൽ

അതിവേഗം ഇരുളിലേക്ക് കുതിക്കുന്നു.

തിരിച്ച് വീട്ടിൽ എത്തുമ്പോൾ

വാതിൽക്കൽ രണ്ടു ജോഡി ചെരുപ്പുകൾ
തലകൾ മാറി കൂട്ടി ഇട്ടിരിക്കുന്നതു കാണുന്നു

ഇരിപ്പുമുറിയിലെ പങ്ക തിരിയുന്ന കാറ്റ് ഇപ്പോൾ

അടഞ്ഞു കിടക്കുന്ന വാതിലിന്റെ വിടവിലൂടെ
മുഖത്ത് വന്നു മുട്ടുന്നു

മൂക്ക് പഴയ ഒരു മണം കണ്ടുപിടിക്കുന്നതുവരെ
പുറത്തുതന്നെ കാത്ത് നിൽക്കുന്നു.


കരുണാകരൻ

കവി, കഥാകൃത്ത്​, നോവലിസ്​റ്റ്​. യുവാവായിരുന്ന ഒമ്പതുവർഷം, യക്ഷിയും സൈക്കിൾ യാത്രക്കാരനും, ബൈസിക്കിൾ തീഫ്​, ഉടൽ എന്ന മോഹം എന്നിവ പ്രധാന പുസ്​തകങ്ങൾ. ദീർഘകാലം പ്രവാസിയായിരുന്നു.

Comments