റവല്യൂഷനും സോഷ്യലിസവും ലെനിനിസവും മാറ്റുരക്കുന്ന കുന്നത്തൂർ

ഏപ്രിൽ ആറിന്​ കേരളം നിയമസഭാ തെരഞ്ഞെടുപ്പിൽ വിധിയെഴുതും. എൽ.ഡി.എഫ് ഭരണത്തുടർച്ചക്കും യു.ഡി.എഫ് ഭരണമാറ്റത്തിനും മാറ്റുരയ്​ക്കുന്ന ​പോരാട്ടത്തിന്റെ ചൂടിലേക്കുണർന്നുകഴിഞ്ഞു. സീറ്റുവിഭജന ചർച്ചകളും സ്ഥാനാർഥി നിർണയവും അന്തിമഘട്ടത്തിലാണ്​. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കണക്കുകളുടെയും അതിനുശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലെയും പൊതുവായ രാഷ്ട്രീയചിത്രം പരിശോധിക്കുകയാണിവിടെ.

Election Desk

2001 മുതൽ തുടർച്ചയായി നാലുതവണ ജയിച്ച എം.എൽ.എയെ പാർട്ടിയിൽനിന്ന് സംസ്​ഥാന സെക്രട്ടറി പുറത്താക്കുന്നു, ആ മണ്ഡലം തങ്ങളുടെ പാർട്ടിക്ക് വേണ്ടെന്നും മറ്റൊരു മണ്ഡലം മതിയെന്നും ഇവിടെ സിറ്റിങ് എം.എൽ.എയെ നിർത്തുകയാണെങ്കിൽ എതിർ സ്ഥാനാർഥിയെ നിർത്തുമെന്നും സെക്രട്ടറി മുന്നണി കൺവീനർക്ക് കത്തുകൊടുക്കുന്നു- നമ്മുടെ കേരളത്തിലെ ഒരു പാർട്ടിയിൽ നടക്കുന്ന സംഭവങ്ങളാണിത്. പാർട്ടിയുടെ പേരു കേട്ടാൽ ആരും ഒന്ന് വിറയ്ക്കും: റഷല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി, ബ്രാക്കറ്റിൽ ലെനിനിസ്റ്റ്- ആർ.എസ്.പി (എൽ).

ഈപ്പറഞ്ഞ റവല്യൂഷനും സോഷ്യലിസവും ലെനിനിസവുമെല്ലാം പേരിലേയുള്ളൂ, കാര്യത്തോടടുക്കുമ്പോൾ കേരള കോൺഗ്രസിനേക്കാൾ കഷ്ടമാണ് അവസ്ഥ.

കോവൂർ കുഞ്ഞുമോൻ / ചിത്രീകരണം: ദേവപ്രകാശ്

പാർട്ടിക്ക് ഇടതുമുന്നണി ദാനം നൽകിയ പി.എസ്.സി അംഗത്വം എം.എൽ.എയായ കുഞ്ഞുമോൻ പാർട്ടിക്കുപുറത്തുള്ളയാൾക്ക് ദാനം നൽകാൻ തീരുമാനിച്ചു, പാർട്ടി പരിപാടികൾ തന്നോട് ആലോചിക്കുന്നില്ല എന്നെല്ലാം ആരോപിച്ചാണ് സംസ്ഥാന സെക്രട്ടറി എസ്. ബലദേവ് കുഞ്ഞുമോനെ പാർട്ടിയിൽനിന്ന് പുറത്താക്കിയത്, എന്നിട്ട് മണ്ഡലം വേണ്ടെന്നും പറഞ്ഞ് മുന്നണി കൺവീനർക്ക് കത്തും കൊടുത്തു. ഇതിനിടെ, ബലദേവ് വിഭാഗത്തെ കുഞ്ഞുമോൻ പാർട്ടിയിൽനിന്ന് പുറത്താക്കുകയും പുതിയ സംസ്ഥാന സെക്രട്ടറിയായി ഷാജി ഫിലിപ്പിനെ നിയമിക്കുകയും ചെയ്തു.

എന്നാൽ താൻ ഇപ്പോഴും സെക്രട്ടറിയാണെന്ന് ബലദേവ് പറയുന്നു. കാരണം, തന്റെ പേരിലാണ് പാർട്ടി രജിസ്റ്റർ ചെയ്തിരിക്കുന്നത്, അതുകൊണ്ട് തന്നെ പുറത്താക്കാനാകില്ല. ബലദേവിനെ റാഞ്ചാൻ യു.ഡി.എഫ് ശ്രമം നടത്തുന്നുമുണ്ട്.

2016 - നിയമസഭ തെരഞ്ഞെടുപ്പിലെ കക്ഷിനില.

ഈ തലവേദനകൾക്കിടെ, മണ്ഡലം സി.പി.എം ഏറ്റെടുക്കാൻ പോകുന്നുവെന്ന പ്രചാരണമുണ്ടായി, ഒപ്പം, കുഞ്ഞുമോനും യു.ഡി.എഫിലേക്ക് പോകുന്നുവെന്നും. എന്നാൽ, എം.എൽ.എ ഉടൻ ഇത് നിഷേധിച്ചു: എന്തുവന്നാലും താൻ തന്നെയായിരിക്കും കുന്നത്തൂരിൽ എൽ.ഡി.എഫ് സ്ഥാനാർഥി എന്ന് സ്വയം പ്രഖ്യാപിക്കുകയും ചെയ്തു. ഇത് ആദ്യം സി.പി.എമ്മും പിന്നെ ഇടതുമുന്നണിയും പിന്നെ കുന്നത്തൂരിലെ ജനങ്ങളും സമ്മതിച്ചാൽ മാത്രമേ കുഞ്ഞുമോന് അഞ്ചാമത്തെ തവണയും നിയമസഭ കാണാനാകൂ. തന്റെ പാർട്ടിയെ ഘടകക്ഷിയാക്കണമെന്ന ആവശ്യവും എം.എൽ.എക്കുണ്ട്.

2014ൽ ഔദ്യോഗിക ആർ.എസ്.പി യു.ഡി.എഫിലേക്കുപോയപ്പോൾ, എൽ.ഡി.എഫ് നടത്തിയ രാഷ്ട്രീയനീക്കത്തിലാണ് കുഞ്ഞുമോൻ സ്വന്തമായി വിപ്ലവപ്പാർട്ടിയുണ്ടാക്കി മുന്നണിയിൽ തുടർന്നത്. 2016ൽ ഇടതുസ്വതന്ത്രനായി മൽസരിച്ച അദ്ദേഹം 20,529 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ആർ.എസ്.പിയിലെ ഉല്ലാസ് കോവൂരിനെ തോൽപ്പിച്ചത്.

പിളർപ്പിനിടെ, മണ്ഡലം ഏറ്റെടുക്കാനും മുൻ എം.പി സോമപ്രസാദിനെ മൽസരിപ്പിക്കാനും സി.പി.എം കാര്യമായി ആലോചിക്കുന്നുണ്ട്.
എന്നാൽ, സ്ഥാനാർഥിയെ പ്രഖ്യാപിച്ച് യു.ഡി.എഫ് പ്രചാരണത്തിൽ മുന്നിലെത്തിക്കഴിഞ്ഞു- കഴിഞ്ഞ തവണ യു.ഡി.എഫ് സ്ഥാനാർഥിയായിരുന്ന ആർ.എസ്.പി സംസ്ഥാന കമ്മിറ്റി അംഗം ഉല്ലാസ് കോവൂർ തന്നെ. ഐശ്വര്യ കേരള യാത്ര ചക്കുവള്ളിയിലെത്തിയപ്പോൾ പ്രതിപക്ഷനോവ് രമേശ് ചെന്നിത്തല തന്നെയാണ് പ്രഖ്യാപനം നടത്തിയത്.

ഈ ചടങ്ങിൽ ഒരു സംഭവം കൂടി നടന്നു. കുഞ്ഞുമോന്റെ പാർട്ടിയുടെ യുവജനവിഭാഗം സംസ്ഥാന പ്രസിഡന്റ് ശ്യാം പള്ളിശ്ശേരിക്കൽ യു.ഡി.എഫിലെത്തി. ആർ.എസ്.പി നേതാവ് ഷിബു ബേബിജോൺ ശ്യാമിനെ പാർട്ടിയിലെടുക്കുകയും ചെയ്തു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ചവറ ജില്ല പഞ്ചായത്ത് ഡിവിഷനിൽ ഇടതുമുന്നണി സ്ഥാനാർഥിയായിരുന്ന, ഡി.വൈ.എഫ്.ഐ മുൻ നേതാവായ ശ്യാം അതെല്ലാം ഒരു നിമിഷം കൊണ്ട് ഒരു ദുഃസ്വപ്‌നം പോലെ അങ്ങു മറന്നുകളഞ്ഞു.

എന്നാൽ, ഐശ്വര്യ കേരള യാത്രയുടെ ഒരു സ്വീകരണച്ചടങ്ങിൽ കൊടിക്കുന്നിൽ സുരേഷ് എം.പി നടത്തിയ വെളിപ്പെടുത്തൽ കോൺഗ്രസുകാർക്കിടയിൽ ഒരു ഇടിത്തീയായി പതിച്ചു: ‘‘ലോക്‌സഭയിലേക്ക് മൂന്നുതവണയും കുന്നത്തൂരിൽനിന്ന് കോൺഗ്രസിന് ലീഡ് കിട്ടി. പക്ഷെ, നിയമസഭ വരുമ്പോൾ തോൽക്കുന്നു. അല്ലെങ്കിൽ നാം തോറ്റുകൊടുക്കുന്നു. നമ്മൾ തോൽവി ചോദിച്ചുവാങ്ങുകയാണ്. ഇത്തവണ നമുക്ക് തോൽക്കാൻ മനസ്സില്ല. നമ്മൾ വിജയിക്കും. കുന്നത്തൂരിൽനിന്ന് ഒരു യു.ഡി.എഫ് എം.എൽ.എ ഉണ്ടാകും. ഇത് അഭിമാനപ്രശ്‌നമാണ്.'' കുന്നത്തൂരിൽ കോൺഗ്രസുകാർക്ക് ആർ.എസ്.പിയോട് ഒരുതരം വല്യേട്ടൻ മനോഭാവമുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ആ പാരവെപ്പിനെക്കുറിച്ചാണ് എം.പി തുറന്നടിച്ചത്. അപ്പോൾ, ഇത്തവണയും കോൺഗ്രസ് വക പാരയുണ്ടാകുമോ? ഉണ്ടാവില്ലെന്നതിന് ഒരുറപ്പുമില്ല.

2016ൽ ബി.ഡി.ജെ.എസിന് വിട്ടുകൊടുത്ത ഇവിടെ, തഴവ സഹദേവൻ 21,675 വോട്ട് നേടിയിരുന്നു. കൊല്ലം ജില്ലയിലെ ഏക പട്ടികജാതി സംവരണ മണ്ഡലമാണ്.

സിപിഎമ്മിന് സ്വാധീനമുള്ള ഈ മണ്ഡലത്തിൽ ആർ.എസ്.പിയാണ് സ്ഥിരമായി മത്സരിക്കാറ്. 1957 മുതൽ ഇതുവരെ നടന്ന പതിനാലു തെരഞ്ഞെടുപ്പുകളിൽ ഒൻപതു തവണ ആർ.എസ്.പി സ്ഥാനാർത്ഥികളാണ് ജയിച്ചത്. 2001 മുതൽ കുഞ്ഞുമോനാണ് ജയിക്കുന്നത്.

തിരു- കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് 1952ൽ നടന്ന തെരഞ്ഞെടുപ്പിൽ കുന്നത്തൂർ ദ്വയാംഗ മണ്ഡലമായിരുന്നു. 1957ൽ സി.പി.ഐയിലെ പന്തളം പി. ആർ. 12180 വോട്ടിനും ആർ. ഗോവിന്ദൻ 11339 വോട്ടിനും വിജയിച്ചു. 1960ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ ജി. ചന്ദ്രശേഖരപിള്ള 2170 വോട്ടിനും സിപിഐയിലെ പി. സി. ആദിച്ചൻ 448 വോട്ടിനും വിജയിച്ചു.
1965ൽ കേരള കോൺഗ്രസിലെ ടി. കൃഷ്ണൻ 3437 വോട്ടിന് വിജയിച്ചു. 1967ൽ സ്വതന്ത്രനായ കെ. ചന്ദ്രശേഖര ശാസ്ത്രി കേരളാ കോൺഗ്രസിലെ ടി. കേശവനെ തോൽപ്പിച്ചു. 1970ൽ ആർ.എസ്.പിയിലെ സത്യപാലനും 1977ൽ ആർ.എസ്.പിയിലെ കല്ലട നാരായണനും ജയിച്ചു.
1980ൽ കല്ലട നാരായണൻ 10896 വോട്ടിന് ജനതാപാർട്ടിയിലെ കോട്ടക്കുഴി സുകുമാരനെ തോൽപ്പിച്ചു. 1982ൽ ജനത (ജി) യിലെ കോട്ടക്കുഴി സുകുമാരൻ 3390 വോട്ടിന് കല്ലട നാരായണനെ തോൽപ്പിച്ചു. 1987ൽ ആർ.എസ്.പിയിലെ ടി നാണുമാസ്റ്റർ 10653 വോട്ടിന് കോൺഗ്രസിലെ കെ.കെ. ബാലകൃഷ്ണനെ തോൽപ്പിച്ചു. 1991ലും 96ലും ടി. നാണുമാസ്റ്റർ തന്നെ.

2001ൽ കോവൂർ കുഞ്ഞുമോൻ 3486 വോട്ടിന് കോൺഗ്രസിലെ പന്തളം സുധാകരനെ തോൽപ്പിച്ച് ജൈത്രയാത്ര തുടങ്ങി. 2006ൽ കുഞ്ഞുമോൻ ഭൂരിപക്ഷം 22573 വോട്ടായി ഉയർത്തി. 2011 ൽ കുഞ്ഞുമോൻ ഹാട്രിക് തികച്ചു.
കൊല്ലം കുന്നത്തൂർ താലൂക്കിലെ കുന്നത്തൂർ, മൈനാഗപ്പള്ളി, പോരുവഴി, ശാസ്താംകോട്ട, ശൂരനാട് വടക്ക്, ശൂരനാട് തെക്ക്, പടിഞ്ഞാറേ കല്ലട എന്നീ പഞ്ചായത്തുകളും, കൊല്ലം താലൂക്കിലെ മൺട്രോതുരുത്ത്, കിഴക്കേക്കല്ലട, എന്നീ പഞ്ചായത്തുകളും കൊട്ടാരക്കര താലൂക്കിലെ പവിത്രേശ്വരം പഞ്ചായത്തും അടങ്ങിയതാണ് മണ്ഡലം.

Comments