കഥയില്‍ പ്രത്യക്ഷപ്പെടുന്നവര്‍ ഒരു കൂട്ടം ഉറ്റ സുഹൃത്തുക്കള്‍. മാസത്തില്‍ ഒരിക്കല്‍ സന്ധ്യക്ക് അവരിലൊരാളുടെ പാര്‍പ്പിടത്തില്‍ മറ്റെല്ലാവരും എത്തുന്നു. ലഘു പാനീയങ്ങള്‍. ബിയര്‍. വീഞ്ഞ്. കഠിനങ്ങള്‍ ഇല്ല. പിന്നെ അത്താഴം. എല്ലാവരും ആ പ്രത്യേക സന്ധ്യയെ, അതിലെ ലഹരിയുടെ മിതത്വത്തിന് ഊന്നല്‍ നല്‍കാന്‍, 'ഗോള്‍ഡിലോക്‌സ് സന്ധ്യ' എന്നാണ് വിളിക്കുന്നത്.
Tobin Keller: Do you think you can identify the voice you heard if you heard it again?
Silvia Broome: Well, I'd say yes, if it were... It was almost a whisper. Whispers disguise the quality of a voice.
- "The Interpreter' (2005)
സിഡ്‌നി പോളക്കിന്റെ "ദ ഇന്റ്റര്‍പ്രറ്റര്‍' (2005) എന്റെ നിര്‍മിതിയായിരുന്നെങ്കില്‍ ആ ചലച്ചിത്രം പുറത്തിറങ്ങുന്നത് "വിസ്പര്‍' എന്ന പേരിലായിരിക്കണമെന്ന് ഞാന്‍ ദുര്‍വാശിയോടെ ആവശ്യപ്പെടുമായിരുന്നു. കാരണം അതിന്റെ ഇതിവൃത്തത്തില്‍ പടരുന്ന ഭയവലയത്തിന്റെ തുടക്കം മിക്കവാറും വെറുമൊരു മന്ത്രണം, ഒരു വിസ്പര്‍. അതു കേള്‍ക്കുന്നത് സില്‍വിയ ബ്രൂം എന്ന കഥാപാത്രവും.
പ്രേക്ഷകര്‍ പ്രത്യേകിച്ച് ശ്രദ്ധിക്കാന്‍ ഇടയില്ലാത്ത വിശദാംശങ്ങങ്ങളിലേക്ക് കടന്നു പറഞ്ഞാല്‍, സംഗീതവും ഭാഷാശാസ്ത്രവും പഠിച്ച ശേഷം ഐക്യരാഷ്ട്രസഭയില്‍ ദ്വിഭാഷിയായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് സില്‍വിയ. അവരുടെ അസാധാരണ ഗ്രഹണപ്രജ്ഞയില്‍ ഒരു മന്ത്രണം തികച്ചും വ്യത്യസ്തമാകാം. സാധാരണ സ്വരങ്ങളുടെ ചില ശാബ്ദിക അടയാളങ്ങള്‍, ഘടകങ്ങള്‍ പോലും, മന്ത്രണങ്ങളില്‍ അശ്രവ്യമാകാം.
തുടക്കത്തില്‍ ഞാന്‍ രേഖപ്പെടുത്തിയത് തിരക്കഥയിലെ ഒരു ഭാഗം, ഐ.എം.ഡി.ബി (IMDb) ഭാഷ്യം. അതിന്റെ തുടര്‍ച്ചയില്‍ പറഞ്ഞാല്‍, അഭാഷണത്തിനും വാചികതക്കും ഇടയില്‍ മന്ത്രണം പ്രത്യേക വിനിമയമാണ്.
ഒരു പ്രത്യേക ഭാഷ പോലും. ശബ്ദതയുടേത് എന്നതിലേറെയത് നിശ്ശബ്ദതയുടെ ഛായാഭേദം, പക്ഷേ അതേ നിലയില്‍ ശബ്ദത്തേക്കാള്‍ ശാബ്ദികം, സാര്‍ത്ഥകം ശിശുവിന്റെ ചെവികളില്‍, കാമിനിയുടെ ചെവികളില്‍, കുറ്റക്യത്യത്തിലെ കൂട്ടാളിയുടെ ചെവികളില്‍.
യദൃച്ഛയാ, സില്‍വിയ കേള്‍ക്കുന്നത് ഒരു വധ ഭീഷണിയാണ്. പക്ഷേ, ഞാന്‍ എഴുതുന്നത് പോളിക്കിന്റെ ചലച്ചിത്രത്തെക്കുറിച്ചല്ല.
"കാസ്പിയന്‍' ചില സ്പര്‍ശരേഖകള്‍'
എഴുതപ്പെടാത്തൊരു കഥയുടെ തലക്കെട്ടാണ് മുകളില്‍. അതിലെ നിശ്ശബ്ദമായൊരു വാക്കു മാത്രമാണ് ഇപ്പോള്‍ കാസ്പിയന്‍.
കഥയുടെ സ്ഥലീയ പശ്ചാത്തലം കാസ്പിയന്‍ കടല്‍ അല്ല, തീരം അല്ല. കാസ്പിയന്‍ വിദൂരം, അസന്ദര്‍ശിതം. പക്ഷേ, ചില അത്താഴങ്ങളില്‍, വൈന്‍ ഗ്ലാസുകളുടെ വക്കില്‍ കാസ്പിയന്‍ അലയടിക്കുന്നു; ഒപ്പം ഒരു ബാധയിലൂടെ അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ എന്റെ ചെവികളിലും. എല്ലാറ്റിനും പിന്നില്‍ ഒരിക്കലും നിലയ്ക്കാത്തൊരു ഉറവിടമായി ഒരു മന്ത്രണം.
കഥയില്‍ പ്രത്യക്ഷപ്പെടുന്നവര്‍ ഒരു കൂട്ടം ഉറ്റ സുഹൃത്തുക്കള്‍. മാസത്തില്‍ ഒരിക്കല്‍ സന്ധ്യക്ക് അവരിലൊരാളുടെ പാര്‍പ്പിടത്തില്‍ മറ്റെല്ലാവരും എത്തുന്നു. ലഘു പാനീയങ്ങള്‍. ബിയര്‍. വീഞ്ഞ്. കഠിനങ്ങള്‍ ഇല്ല. പിന്നെ അത്താഴം. എല്ലാവരും ആ പ്രത്യേക സന്ധ്യയെ, അതിലെ ലഹരിയുടെ മിതത്വത്തിന് ഊന്നല്‍ നല്‍കാന്‍, "ഗോള്‍ഡിലോക്‌സ് സന്ധ്യ' എന്നാണ് വിളിക്കുന്നത്.
കഥാപാത്രങ്ങളില്‍ ഒരാള്‍ ധുരംധര്‍. ശബ്ദഗ്രഹണശാസ്ത്രത്തില്‍ ഗവേഷണം നടത്തുന്നു.
കഥാപാത്രങ്ങളില്‍ ഒരുവള്‍ കാതറിന്‍ പോള്‍. നഗരത്തിലെ ഏറ്റവും വലിയ പുസ്തകശേഖരം കാണാവുന്നേടത്തെ ലൈബ്രേറിയന്‍.
സിഡ്‌നി പോളക്ക്
ഊഴമനുസരിച്ച് ഗോള്‍ഡിലോക്‌സ് സന്ധ്യ തന്റെ ഫ്‌ളാറ്റിലായ ദിവസം ധുരംധര്‍ പറയുന്നു. "അകൂസ്റ്റിക്‌സിലെ പരീക്ഷണങ്ങള്‍ എനിക്ക് വളരെ ഇഷ്ടമാണ്. പക്ഷേ നമ്മുടേതു പോലുള്ളൊരു പാര്‍ട്ടിയിലെ ശബ്ദസാധ്യതകള്‍ ... ചര്‍ച്ചകള്‍, പൊട്ടിച്ചിരികള്‍, ലോഹവും സ്ഫടികവും കൂട്ടി മുട്ടുന്ന ഒച്ചകള്‍... ഹാ! പിന്നെ തീര്‍ച്ചയായും ചിയേഴ്‌സ്...
ഇവയെല്ലാം മുഴുവനായി രേഖപ്പെടുത്താനോ പഠിക്കാനോ ഇന്നലെ വരെ എനിക്ക് തോന്നിയിട്ടില്ല. ഇന്നു രാവിലെ പെട്ടെന്നൊരു ബോധോദയം. ഇപ്പോള്‍ എല്ലാ ഉപകരണങ്ങളും തയ്യാര്‍. നിങ്ങള്‍ എല്ലാവര്‍ക്കും സമ്മതമാണെങ്കില്‍ ഇന്നത്തെ പാര്‍ട്ടിയുടെ ശബ്ദരേഖ നമുക്ക് കിട്ടും.'
എല്ലാവരും പറഞ്ഞു: "സമ്മതം'.
ആരാണത് മന്ത്രിച്ചത്?
ഊഴമനുസരിച്ച് ഗോള്‍ഡിലോക്‌സ് സന്ധ്യ തന്റെ ഫ്‌ളാറ്റിലായ ദിവസം രാവിലെ കാതറിന്‍ അഭിജിത്തിനെ വിളിക്കുന്നു. "അഭി, ഓര്‍മ്മയുണ്ടല്ലോ? ഇന്നത്തെ പാര്‍ട്ടി എന്റെ വീട്ടില്‍. കഴിഞ്ഞ പാര്‍ട്ടിയുടെ സൗണ്ട് ട്രാക്ക് ഇന്നല്ലേ നാം കേള്‍ക്കുന്നത്?'
"അതെ.'
"അപരിചിതര്‍ കേള്‍ക്കുന്നത് പോലെ നാം നമ്മളെ കേള്‍ക്കും, അല്ലേ? അതത്ര സുഖകരമായിരിക്കുമോ? മടുപ്പനായിരിക്കില്ലേ? എന്തോ, എനിക്കെന്തൊക്കെയോ തോന്നുന്നു.'
സംഭാഷണം ആ സ്ഥായിയില്‍ തുടരുന്നു. കാതറിന്റെ വാക്കുകള്‍ ഇവിടെ ചേര്‍ത്തത് വരാനിരിക്കുന്നതിനെക്കുറിച്ചുള്ള ഒരു മുന്നറിയിപ്പ്, ഒരു തരം പ്രമനിഷന്‍, അവളെ അലട്ടുന്നുവെന്ന് അഭിജിത്തിന് തോന്നിയതിനാലാണ്.
സന്ധ്യക്ക് കാതറിന്റെ വീട്ടില്‍ സുഹൃത്തുക്കള്‍ വന്നു ചേരുന്നു. അഭാവം ബിലഹരിയുടേത് മാത്രം. ബിലഹരി (ചിലര്‍ക്ക് "ബില്‍', ചിലര്‍ക്ക് "ഹരി') സിഡ്‌നിയിലാണ്. ഓസ്‌ട്രേലിയയിലെ ഏതോ എയര്‍ലൈനില്‍ ഐ.ടി പ്രവര്‍ത്തകന്‍.
അഭിജിത്തിന്റെയും ധുരംധറിന്റെയും ഓണ്‍ലൈന്‍ സ്‌നേഹിതന്‍. ഹാങ്ഔട്ട്‌സിലെ കൂട്ടുകാരെ കാണാനാണ് ഇത്രയും ദൂരം പറന്ന് ബില്‍ നഗരത്തില്‍ എത്തിയത്. ധുരംധറിന്റെ ഫ്‌ളാറ്റില്‍ നടന്ന പാര്‍ട്ടിയിലെ മുഖ്യ അതിഥിയായാണ് മറ്റുള്ളവര്‍ ആകസ്മികമായി ബില്ലിനെ പരിചയപ്പെടുന്നത്.
എല്ലാവരും തീന്മേശക്ക് ചുറ്റും ഇരുന്നതിനുശേഷം ധുരംധര്‍ തന്റെ പ്രിയപ്പെട്ട ഉപകരണങ്ങളില്‍ പെരുമാറാന്‍ തുടങ്ങുന്നു. ശബ്ദരേഖ തുടങ്ങുന്നു. എല്ലാവരും സൂക്ഷ്മമായി ശ്രദ്ധിക്കുന്നു.
പ്രവചിതമായ പ്രതികരണങ്ങള്‍. ഒടുവില്‍ എല്ലാവരുടെയും ശ്രദ്ധ പിടിച്ചെടുക്കാന്‍ ധുരംധര്‍ പെരുവിരല്‍ ഉയര്‍ത്തുന്നു. "ഒരു പ്രശ്‌നമുണ്ട്.'
"പ്രശ്‌നം? എന്ത് പ്രശ്‌നം?' "കൃത്യമായി പറഞ്ഞാല്‍ പ്രശ്‌നമല്ല. ഒരു ദുരൂഹത, ഒരു തരം അസ്വാഭാവികത. നിങ്ങളാരെങ്കിലും ഈ റിക്കോഡിങ്ങില്‍ അങ്ങനെയൊന്നു കേട്ടോ, ശ്രദ്ധിച്ചോ?... ഇല്ല. പക്ഷേ, ഞാന്‍ അങ്ങനെയൊന്നു കേട്ടു.
അലൗകികമെന്ന് തോന്നിക്കും വിധം ഒരു ശബ്ദം. ഉപകരണം ഓണ്‍ ചെയ്താല്‍ മുപ്പത്തിനാലാം മിനിട്ടിനു ശേഷം. പിറകോട്ടടിച്ച് ആ ഭാഗം നമുക്ക് വീണ്ടും കേള്‍ക്കാം. ഞാന്‍ എല്ലാമൊന്ന് കൂടുതല്‍ കൃത്യപ്പെടുത്തട്ടെ.'
വീണ്ടും കേട്ടപ്പോള്‍, ശരിയാണ്, എല്ലാവര്‍ക്കും കേള്‍ക്കാം. ഒരു മന്ത്രണം, അടക്കംപറച്ചില്‍.
"കാസ്പിയന്‍!'
ആരാണത് പറഞ്ഞത്?
ധുരംധര്‍ പറഞ്ഞു, "നിങ്ങളില്‍ ആരെങ്കിലും അങ്ങനെ മന്ത്രിച്ചോ? ഇല്ലെന്നാണ് എന്റെ നിഗമനം.
റിക്കോഡിങ് നടക്കുന്ന സമയത്ത് മൂന്നോ നാലോ തവണ എനിക്ക് അടുക്കളയിലേക്ക് പോകേണ്ടി വന്നു. പാര്‍ട്ടിയില്‍ എല്ലാവരും പറഞ്ഞതു മുഴുവന്‍ ഞാന്‍ കേട്ടിട്ടില്ല. എങ്കിലും ഈ അടക്കംപറച്ചിലില്‍ നിങ്ങളില്‍ ആരുടെയും ഒച്ച ഞാന്‍ തിരിച്ചറിയുന്നില്ല. അലൗകികങ്ങളില്‍ എനിക്കു വിശ്വാസവുമില്ല.
പക്ഷേ, ഇവിടെയൊരു സാഹചര്യമുണ്ട്. അടക്കംപറച്ചിലും സാധാരണ സംഭാഷണങ്ങളിലെ സ്വരവും തമ്മില്‍ ചില വ്യത്യാസങ്ങളുണ്ട്. ഈ ശബ്ദരേഖ എനിക്ക് സൂക്ഷ്മമായി പഠിക്കണം... നമുക്ക് പതിവുകളിലേക്ക് കടക്കാം?'
ശബ്ദരൂപത്തില്‍ പടരുന്നൊരു വൈറസ് പോലെയാണ് "കാസ്പിയന്‍!' എന്ന മന്ത്രണം എല്ലാവരെയും അലട്ടിയത്. എല്ലാ വിവരങ്ങളും ബിലഹരി അറിഞ്ഞു. ഇപ്പോള്‍ ഹാങ്ഔട്ട്‌സില്‍ എല്ലാവരും ബിലഹരിയുടെ വലയത്തിലാണ്.
ധുരംധര്‍ ഒരിടത്ത് ബില്ലിനോട് പറയുന്നു: "ഒച്ചകളുടെ ലോകത്തില്‍ ഇത്രയും അന്ധാളിപ്പ് സാധ്യമാണെന്ന് ഇപ്പോളാണ് എല്ലാവരും അറിയുന്നത്.'
സില്‍വിയ കേട്ടത്, ഞാന്‍ കേട്ടത്
എന്റെ കാസ്പിയന്‍ ആഖ്യാനം ഒരിക്കലും എഴുതി മുഴുമിക്കാന്‍ കഴിയില്ലെന്ന് നൂറു ശതമാനവും ബോധ്യപ്പെട്ടതിനുശേഷം ഒന്നിനു പിറകിലൊന്നായി ലാപ്‌റ്റോപ്പില്‍ പടംകാണലുമായി കഴിച്ചു കൂട്ടിയ ദിവസങ്ങളിലാണ് ഞാന്‍ "ദ ഇന്റര്‍പ്രറ്റര്‍' കാണുന്നത്.
ആകയാല്‍ അതിലെ മന്ത്രണം ആവര്‍ത്തനമെന്നു തോന്നിക്കുന്നൊരു ഇതിവൃത്തത്തിരിവില്‍, പൂര്‍വാനുഭവ പ്രതീതി (Déjà vu) അനുഭവപ്പെടുത്തുന്നൊരു നിമിഷത്തില്‍, എന്നെ എത്രത്തോളം അമ്പരപ്പിച്ചെന്ന് ആര്‍ക്കും ഈഹിക്കാം.
മന്ത്രണങ്ങള്‍ കേള്‍ക്കുന്നവരുടെ സാന്നിധ്യവും പദവിയും സംശയാസ്പദമാകാം. സില്‍വിയ കേട്ട മന്ത്രണം വെറും മനോവിഭ്രാന്തിയാണെന്ന് സംശയിക്കപ്പെടുന്നു. മന്ത്രണം സൂചിപ്പിച്ച വധപരിപാടിക്കു പിന്നിലെ ഗൂഢാലോചനയില്‍ സില്‍വിയ പങ്കാളിയാണെന്നും സംശയിക്കപ്പെടുന്നു.
അങ്ങനെ പല വിധത്തിലും ഈ കഥാപാത്രം സംശയിക്കപ്പെടുന്നു. ചിലപ്പോള്‍, ഒരു സംവിധാനവുമായുള്ള വൈചാരികവും പ്രത്യയശാസ്ത്രപരവുമായ ഇടപാടുകളേക്കാള്‍ ആപല്‍ക്കരമാണ് ഐന്ദ്രിയമായ ഇടപാടുകള്‍.
പറച്ചിലും അടക്കംപറച്ചിലും തമ്മിലുള്ള വ്യത്യാസത്തിന്റെ ശാസ്ത്രീയ വിശദീകരണം തിരക്കാന്‍ എന്നെ പ്രേരിപ്പിച്ചത് സില്‍വിയ ബ്രൂം നല്‍കിയ സൂചനയായിരുന്നു.
സ്വരം ഇല്ലാത്ത ഒരു തരം ശബ്ദീകരണമാണ് അടക്കംപറച്ചില്‍. അതില്‍ ശബ്ദോല്‍ത്പാദനം സാധ്യമാക്കുന്ന പേശികള്‍ ആരോ തട്ടിയെടുത്ത അവസ്ഥയില്‍ എത്തുന്നു. പറച്ചിലില്‍ ഈ പേശികള്‍ സ്വരത്തിനും സ്വരമില്ലായ്മക്കും ഇടയില്‍ മാറി മാറി പ്രവര്‍ത്തിക്കുന്നു.
മേതില്‍ രാധാകൃഷ്ണന്‍
ഫോട്ടോ: കമല്‍റാം സജീവ്
അടക്കംപറച്ചിലില്‍ ഇതേ പേശികള്‍ മാറി മാറി പ്രവര്‍ത്തിക്കുന്നത് മന്ത്രണത്തിനും സ്വരമില്ലായ്മക്കും ഇടയിലാണ്. മാറ്റം ശബ്ദ ഖണ്ഡങ്ങളില്‍ മാത്രം. പേശികളുടെ വിറയല്‍ നിലയ്ക്കുന്നു.
എന്റെ കാസ്പിയന്‍ ആഖ്യാനമാകട്ടെ മന്ത്രണത്തില്‍ നിന്ന് സ്വരമില്ലായ്മയിലേക്ക് പിന്‍വാങ്ങിയ ഒരൊച്ചയായിരുന്നു. ചില ഇതിവൃത്തങ്ങള്‍ എഴുത്തുകാരോട് സ്വകാര്യത ആവശ്യപ്പെടുന്നു.
"കാസ്പിയന്‍!' എന്നുച്ചരിച്ചത് ഏതു കഥാപാത്രവുമല്ല, ഞാന്‍ തന്നെയായിരുന്നു.
ഒരു ദിവസം നട്ടുച്ചക്കു ശേഷം വീട്ടിലെ മുറിയില്‍ പ്രത്യേകിച്ച് ഒന്നിനെക്കുറിച്ചും ചിന്തിക്കാതെ കോണോടു കോണായി നടക്കുമ്പോളാണ് അത് സംഭവിച്ചത്. എന്റെ മനസ്സില്‍ എവിടെയോ ലില്ലിപ്പുട്ടുകള്‍ ഉണ്ടായിരുന്നെന്ന് പറയാം.
ലില്ലിപ്പുട്ടുകള്‍ എന്തെങ്കിലും എഴുതുക ഇടത്തുനിന്ന് വലത്തോട്ടല്ല, വലത്തുനിന്ന് ഇടത്തോട്ടുമല്ല, അപ്പോഴത്തെ എന്റെ നടത്തം പോലെ കോണോടു കോണായിട്ടാവും. ഇത്രയും നര്‍മത്തിനിടയിലാണ് ആ ഉപജാപകപൂര്‍വ്വമായ "കാസ്പിയന്‍!'
വായുവിലൂടെ പുറത്തുനിന്ന് "കാസ്പിയന്‍' എന്ന ശബ്ദം എന്റെ ചെവികളില്‍ വീണിട്ടില്ല. ശബ്ദനാളം നേരിട്ട് ചെവികളോട് സംസാരിച്ചതാണെന്നും തോന്നിയിട്ടില്ല. ആമാശയത്തോളം ആഴത്തില്‍നിന്ന് എന്തോ ഒരു തരം ഉദീരണം, പൊട്ടക്കുളത്തില്‍ ഓര്‍ക്കാപ്പുറത്തൊരു കുമിള പോലെ, മുകളിലേക്ക് പൊന്തി ചെവിയടഞ്ഞെന്നാണ് കൂടുതലും തോന്നിയത്.
പക്ഷേ, അക്ഷരങ്ങള്‍ക്ക് അനുസൃതമായി എന്റെ ചുണ്ടുകള്‍ ചലിക്കുന്നുണ്ടായിരുന്നു.
അസാധാരണമായൊരു ശാരീരിക അനുഭവം. കാസ്പിയന്‍ ഒരു ആത്മകഥ ആകുമായിരുന്നു. ഒരു വ്യതിയാനം മാത്രം. മാമൂല്‍ ചട്ടക്കൂടാവുന്ന ആഖ്യാന ക്രമങ്ങളിലെ സംഭവങ്ങള്‍ ഇല്ല, സമയരേഖകള്‍ ഇല്ല. ശരിക്കും എന്റെ ഇന്ദ്രിയാവബോധത്തിന്റെ ആത്മകഥയായിട്ടാണ് ഞാനത് സങ്കല്പിച്ചത്. കാതറിന്‍ എന്റെയൊരു ഐന്ദ്രിയ വിസ്തരണമാണ് .
കാതറിന്‍ ചില നിരകള്‍ക്കിടയില്‍
"കാസ്പിയന്‍ ' എന്ന വാക്കിന് ഏകദേശമൊരു പ്രാസരൂപം ഒരുക്കാനല്ല ഞാനൊരു കഥാപാത്രത്തിന് "കാതറിന്‍' എന്ന പേരിട്ടത്. പേര് ആകസ്മികമായിരുന്നു.
എന്റെ വിഭാവനത്തില്‍ കാതറിന്‍ ഒരു ഇല, ഇലകളോട് സംസാരിക്കുന്നൊരു ചെറുപ്പക്കാരി. ഒരിക്കല്‍ ധുരംധര്‍ ഹാങ്ഔട്ട്‌സില്‍ ബില്ലിനോട് പറയുന്നുണ്ട്, "കൂട്ടത്തില്‍ ഏറ്റവും സൂക്ഷ്മമായ ശ്രവണശക്തിയുള്ള വ്യക്തി കാതറിനാണ്.'
കാതറിന്‍ നേരിടുന്ന ദുരവസ്ഥ ഈ ഐന്ദ്രിയ പാരമ്യത്തില്‍. സില്‍വിയ നേരിടുന്ന ആരോപണങ്ങള്‍ക്ക് വിപരീതമായി, കാതറിന്‍ നേരിടുന്ന ആരോപണങ്ങള്‍ സ്വയം പഴി ചുമത്തല്‍.
ധുരംധര്‍ ബില്ലിനോട്: "എനിക്കൊരു അബദ്ധം പറ്റി, ബില്‍. ശബ്ദരേഖയില്‍ കേട്ട വിസ്പര്‍ നീയടക്കം അന്നത്തെ പാര്‍ട്ടിയില്‍ ഉണ്ടായിരുന്ന ഓരോ ആളുടെ ഒച്ചയുമായും ഞാന്‍ തട്ടിച്ചു നോക്കി. എവിടെയെങ്കിലും ഒരു മാച്ച്? ഒടുവില്‍ എനിക്ക് തോന്നിയതിതാണ്: ആ മന്ത്രണം ഏറ്റവും അധികം അടുക്കുന്നത് കാത്തിയുടെ ഒച്ചയോടാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, പാര്‍ട്ടിയില്‍ ഒരാളാണ് ശരിക്കും അത് മന്ത്രിച്ചതെങ്കില്‍, ആ ആള്‍ കാത്തിയാകാനാണ് ഏറ്റവും കൂടുതല്‍ സാധ്യത.'
ബില്‍ അല്‍പ്പം കുസൃതിയോടെ ചോദിച്ചു, "നിന്റെ ഫ്‌ളാറ്റില്‍ ഉണ്ടായിരുന്ന ആരുമല്ല അതു മന്ത്രിച്ചതെങ്കിലോ?'
"എങ്കിലെനിക്ക് അലൗകികമെന്നു പറയപ്പെടുന്ന പ്രതിഭാസങ്ങളിലേക്ക് തിരിയേണ്ടി വരും. ബില്‍, പ്രപഞ്ചത്തിന്റെ രഹസ്യം താപനിലയിലാണെന്ന് നീ വിശ്വസിക്കുന്നു, ശബ്ദത്തിലാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. നിനക്കതറിയാം.
സംഗീത വിദ്വാന്മാരുടെ വ്യാഖ്യാനങ്ങളിലെ ആത്മീയതയും കാല്പനികതയും എല്ലാ മാറ്റിനിര്‍ത്തിക്കൊണ്ട്, തികച്ചും ഭൗതികമായിതന്നെ പ്രപഞ്ചം നാദബ്രഹ്മമാണെന്ന് തിരിച്ചറിയാന്‍ എനിക്ക് പ്രയാസമില്ല.
നമുക്ക് കേള്‍ക്കാനാവാത്ത ശബ്ദങ്ങളുടെ ലോകം വല്ലാത്തൊരു കച്ചേരിയല്ലേ? ദൈവ പ്രജ്ഞയുടെ സാന്നിധ്യം പോലും അവിടെയാണെന്നു തോന്നും. പക്ഷേ അങ്ങോട്ട് കടക്കാന്‍ എന്റെ കൈയിലെ ഉപകരണങ്ങള്‍ മതിയാവില്ല. തത്ക്കാലം എന്റെ ഉത്തരം കാത്തിയില്‍ തങ്ങി നില്‍ക്കുന്നു.'
"കാത്തിയോടിതു പറഞ്ഞോ?' പറഞ്ഞു. അതാണ് എനിക്ക് പറ്റിയ അബദ്ധം. ഗവേഷണം എന്നെയൊരു കണ്ടെത്തലില്‍ എത്തിച്ചതിന്റെ ആവേശത്തില്‍, വിവര വിതരണത്തില്‍ അല്‍പം വകതിരിവ് ആവശ്യമാണെന്ന ചിന്ത എനിക്കുണ്ടായില്ല. അല്ലെങ്കില്‍ത്തന്നെയെന്ത്? കാസ്പിയന്‍ ഒരു അശ്ലീല പദമാണോ? അസാധാരണമായൊരു ജലാശയത്തിന്റെ പേര് ഉള്ളില്‍ പറഞ്ഞാലും പുറത്തു പറഞ്ഞാലും, പറയുന്നത് മനഃപൂര്‍വം ആയാലും അല്ലെങ്കിലും അതിലെന്തു പ്രശ്‌നം? പക്ഷേ, ഏതോ ചില വിഭ്രാന്തികളില്‍ കാത്തി തളര്‍ന്നു പോയി. എന്തോ പാപം ചെയ്‌തെന്ന തോന്നല്‍. ഇതിന്റെ മനഃശാസ്ത്രം എനിക്കു പിടികിട്ടില്ല. ചില പ്രത്യേക മതവിശ്വാസങ്ങളും ചരിത്രത്തിലെ ചില ഇരുണ്ട സംഗതികളും കൂടിക്കലര്‍ന്ന് ആകെയൊരു വല്ലാത്ത മിശ്രമാണ് കാത്തിയുടെ മനസ്.'
"കാത്തി എപ്പോളും ഉള്ളില്‍ സംസാരിച്ചു കൊണ്ടിരിക്കുന്നുവെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഈ തോന്നല്‍ ശരിയെങ്കില്‍, അവള്‍ എപ്പോളും ഉള്ളില്‍ എന്തെക്കൊയോ കേള്‍ക്കുന്നുമുണ്ട്... ധുരം, ഞാനൊരു കാര്യം പറഞ്ഞാല്‍ നീ വിശ്വസിക്കില്ല.' "ശ്രമിക്കൂ.' "നിന്റെ ഫ്‌ളാറ്റില്‍ അത്താഴത്തിനു വന്നപ്പോള്‍ കാത്തിക്ക് ഞാനൊരു പുതുമുഖമായിരുന്നു. പക്ഷെ, അവളുടെ രൂപം എനിക്ക് പരിചിതമായിരുന്നു. പാര്‍ട്ടിക്കു മുന്‍പേ ഞാന്‍ കാത്തിയെ കണ്ടിരുന്നു. കൃത്യമായും മുഴുവനായും കണ്ടില്ല, പക്ഷെ, വീണ്ടും കണ്ടാല്‍ തിരിച്ചറിയാന്‍ ആവശ്യമുള്ളത്രയും കണ്ടിരുന്നു.'
"അതെങ്ങനെ?'
ഓര്‍ക്കുന്നോ, ഞാന്‍ നിങ്ങളുടെ നഗരത്തിലെത്തുന്നത് ഒരു വെള്ളിയാഴ്ച. ശനിയാഴ്ച വൈകിയിട്ട് പാര്‍ട്ടി. അന്ന് രാവിലെ ഞാന്‍ നഗരം കാണാന്‍ പുറത്തിറങ്ങി. വഴിവക്കില്‍ ഒരു കല്‍ക്കെട്ടിടം. ഇരുമ്പുപടിയില്‍ "ക്ലോസ്ഡ്' എന്നറിയിക്കുന്ന കാര്‍ഡ്‌ബോര്‍ഡ് കണ്ടെങ്കിലും ഞാന്‍ കെട്ടിടത്തിലേക്ക് കയറി.
വലിയൊരു ഹാള്‍. വിജനം. അവിടെയൊരു പ്രത്യേക ഇടമുണ്ട്. പ്രത്യേക സജ്ജീകരണം. ഇടതുവശത്ത് കൂറ്റന്‍ കണ്ണാടി ജനാലകളുടെ ചുവട്ടില്‍ പൂച്ചട്ടികളുടെ നിര. വലതുവശത്ത് പുസ്തക ഷെല്‍ഫുകളുടെ നിര. ഈ രണ്ട് നിരകള്‍ക്കിടയിലൂടെ എതിര്‍വശത്തേക്ക് ഒരു ചെറുപ്പക്കാരി നടക്കുന്നു.
"കാതറിന്‍?'
"അതെ, പക്ഷേ ആ സമയത്ത് എനിക്കതറിയില്ല, ഉവ്വോ? ഇല്ല. പക്ഷേ ആ നടത്തം! വളരെ പതുക്കെ. ഇടത്തോട്ടും വലത്തോട്ടും മുഖം തിരിച്ചുകൊണ്ട് അവള്‍ നടക്കുന്നു.
ചെവികള്‍ ഉള്ളില്‍ കൂര്‍പ്പിച്ച് അവള്‍ കേള്‍ക്കുകയാണ്. ഇലകള്‍ അവളോട് സംസാരിക്കുന്നു, പുസ്തകങ്ങള്‍ അവളോട് സംസാരിക്കുന്നു. അഥവാ ഇലകള്‍ പുസ്തകങ്ങളോടും പുസ്തകങ്ങള്‍ ഇലകളോടും സംസാരിക്കുന്നു.
ഞാന്‍ വായിച്ചറിഞ്ഞൊരു പുത്തന്‍ സാങ്കേതിക വിദ്യയുണ്ട്. അതില്‍ ഇലകള്‍ക്കും മനുഷ്യര്‍ക്കും ഇടയില്‍ വിനിമയം സാധ്യമാണ്. നമ്മുടെ ശ്രവ്യപരിധിക്ക് മുകളിലുള്ള ആവൃത്തികളിലൂടെയാണ് ഇലകള്‍ സംസാരിക്കുന്നത്. ആരേക്കാളുമധികം നിനക്കത് മനസ്സിലാകും: അള്‍ട്രാസൗണ്ട്.' "ഓ! മൈ ഗോഡ്!'
"ഇലകളോടും സ്ഫടികത്തോടും താര്യതയോടും വെളിച്ചത്തോടും എനിക്കുള്ള അതേ സ്‌നേഹമാണ് എനിക്കവളോട് തോന്നിയത്. ഏതാനും ചുവടുകള്‍ മുന്നോട്ടു വെച്ചാല്‍ അവള്‍ നടത്തത്തിന്റെ അറ്റം എത്തും. പിന്നെ തിരിയും, അഭിമുഖമാവും.
ഞാന്‍ സ്ഥലം വിട്ടു. അത്രയും ഒച്ചയില്ലാത്ത കാല്‍വെയ്പുകളോടെ അത്രയും വേഗം ഞാന്‍ ഒരിക്കലും നടന്നിട്ടില്ല. അനിമേഷന്‍ പടങ്ങളിലേ അത് സാധ്യമാകൂ...
പിന്നെ, ശബ്ദരേഖയിലെ "കാസ്പിയന്‍' ശബ്ദത്തെക്കുറിച്ച് കേട്ട നിമിഷത്തില്‍ ഞാന്‍ വിചാരിച്ചു, ഒരു കാത്തിയ്ക്കു മാത്രമേ അത് കഴിയൂ. ഇലകള്‍ സംസാരിക്കുന്ന മാധ്യമത്തിലൂടെ ഒരു കടലിന്റെ പേര് ഉച്ചരിക്കാന്‍ അവള്‍ക്കേ കഴിയൂ.'
എന്തുകൊണ്ട് "കാസ്പിയന്‍'
ഒരു ചോദ്യം കൂടി തുടക്കത്തില്‍ത്തന്നെ കടന്നു കൂടിയിട്ടുണ്ട്. എന്തുകൊണ്ട് "കാസ്പിയന്‍' എന്ന വാക്ക്? എന്തുകൊണ്ടത് മറ്റൊരു വാക്കായില്ല?
ആ വാക്ക് കേള്‍ക്കുമ്പോള്‍ കാസ്പിയനെക്കുറിച്ച് ഏറെ നേര്‍ത്തൊരു ചിന്ത പോലും എന്റെ മനസ്സില്‍ ഉണ്ടായിരുന്നില്ല. പക്ഷേ, അഞ്ചാറു വര്‍ഷങ്ങള്‍ക്കു മുന്‍പ്, ചില വായനകളിലൂടെ. ലോകത്തിലെ ഏറ്റവും സങ്കീര്‍ണമായ തര്‍ക്കഭൂമി എന്ന നിലയ്ക്ക് കാസ്പിയന്‍ എന്നില്‍ മുഖരമായിരുന്നു.
രാഷ്ട്രീയം, സമ്പദ്‌വ്യവസ്ഥ, വികസനം എന്നീ വിഷയങ്ങള്‍ക്കു മേല്‍ പടര്‍ന്ന് കാസ്പിയന്റെ വ്യാപ്തി ദുര്‍ഘടനയായി മാറുന്നു.
അഞ്ചു രാജ്യങ്ങളാണ് കാസ്പിയന് തീരം കൊടുക്കുന്നത്. ഈ രാജ്യങ്ങളുടെ വികസന അഭിലാഷങ്ങള്‍ അന്യോന്യം ഇടയുന്നു. ഇവയില്‍ ചിലതിനോട് അനുകൂലിച്ചും ചിലതിനോട് പ്രതികൂലിച്ചും ഐക്യരാഷ്ട്രസഭയുടെ ലോകാചാരം നിലനില്‍ക്കുന്നു.
വിശദ വിവരങ്ങള്‍ക്ക് ഇവിടെ പഴുതില്ല. തര്‍ക്കത്തിന്റെ കാതലാകട്ടെ കാസ്പിയന്റെ ഭൂമിശാസ്ത്രപരമായ നിര്‍വചനത്തെ ആശ്രയിച്ചിരിക്കുന്നു. എന്നാല്‍ ഈ നിര്‍വചനവും തര്‍ക്കവിഷയം!
തുടക്കം തൊട്ടുള്ള പല ചരിത്രരേഖകളിലും കാസ്പിയന്‍ ഒരു കടലാണ്. പക്ഷേ, മറ്റു ചില രേഖകളില്‍ തടാകങ്ങളുടെ പട്ടികയിലാണ് കാസ്പിയന്‍. ഭൂമിശാസ്ത്രത്തിന്റെ നിര്‍ണയം ഇവിടെയുമല്ല, അവിടെയുമല്ല:
ഒരേ സമയത്ത് കാസ്പിയന്‍ കടലുമാണ്, തടാകവുമാണ്; അതേ സമയത്ത് കാസ്പിയന്‍ കടലുമല്ല, തടാകവുമല്ല. "അതോ/ഇതോ' എന്ന അവസ്ഥയുടെയും "അതും/ഇതും' എന്ന അവസ്ഥയുടെയും ഈ സമ്മിളിതത്തത്തേക്കാള്‍ വലിയൊരു "ബൂളിയന്‍' ദുര്‍ഘടന ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാമറെന്ന നിലയ്ക്ക് ഇന്നേ വരെ ഞാന്‍ കണ്ടിട്ടില്ല.
ബിന്ദു റ്റി എസ്
24 Apr 2020, 10:13 AM
"എഴുത്തിന്റെ സിദ്ധിയും കിടിലവും ലക്ഷ്യതയുടെ ഏകാധിപത്യമല്ല, അലക്ഷ്യതയുടെ അരാജകത്വമാണ്."ശരിയാണ്.കാസ്പിയന്‍.... ആ മന്ത്രണം ...അത് കാതറീന്‍ തന്നെയാണ്.എന്നും തര്‍ക്കവിഷയമായ ഭൂമിശാസ്ത്രത്തോടെ, നിര്‍വചനങ്ങളിലൊതുങ്ങാതെ 'കാതറീ്‍ന്‍'