ലോകത്തിന് ശ്വാസം മുട്ടുമ്പോൾ ജോർജ് ഫ്ലോയിഡിന്റെ നിലവിളി

കോവിഡ് 19 എന്ന പേരിൽ അറിയപ്പെടുന്ന വൈറസ് ഭൂമിയിലെമ്പാടും മനുഷ്യ ശരീരത്തിലേക്ക് സംക്രമിക്കുകയും ലോകജീവിതത്തെ സ്തംഭിപ്പിക്കാൻ തുടങ്ങുകയും ചെയ്തതോടെ ഈ സാഹചര്യത്തെ കുറിച്ച് വിവിധ കോണുകളിൽ നിന്നും വ്യത്യസ്ത വീക്ഷണങ്ങളിലുള്ള വിശകലനങ്ങളും വിലയിരുത്തലുകളും ഉയർന്നു വന്നുകൊണ്ടിരിക്കുന്നു. ഉപരിതലത്തിൽ താരതമ്യേന സുഗമവും സ്വച്ഛവും രേഖീയവുമെന്ന് തോന്നിച്ച വർത്തമാനത്തിന്റെ ഗതിയെ ഉലയ്ക്കുന്ന ഒരു അപ്രതീക്ഷിത സംഭവമെന്ന നിലയിൽ കോവിഡ് 19 എന്ന പ്രതിഭാസം ഇത്തരം വിലയിരുത്തലുകളെയും വിശകലനങ്ങളേയും തുറന്നു വിടാതിരുന്നാലേ അത്ഭുതമുള്ളൂ.

ഏറ്റവും ചുരുക്കിപ്പറഞ്ഞാൽ ഈ രചനകളിൽ ഏറിയ പങ്കും സാരാംശത്തിൽ രണ്ടു വിരുദ്ധ നിലപാടുകൾ കൈക്കൊള്ളുന്നവയാണെന്ന് കാണാം. കോവിഡ് 19 ന്റെ ലോക മനുഷ്യജീവിതത്തിലേക്കുള്ള ഇടപെടൽ ഇന്ന് ആധിപത്യം പുലർത്തുന്ന ആഗോള മുതലാളിത്ത മൂലധന വ്യവസ്ഥയേയും അതിന്റെ ഭരണ കൂട രൂപങ്ങളേയും കൂടുതൽ ശക്തിപ്പെടുത്താനാകും സഹായിക്കുക എന്ന് ഒരു കൂട്ടർ വാദിക്കുമ്പോൾ കോവിഡ് 19 നെ പ്രതിരോധിക്കുന്നതിൽ ഭരണാധികാരികൾ പരാജയപ്പെടുന്നതിന്റെയും കോവിഡ് 19 ന്റെ വ്യാപനത്തോടെ നവ ലിബറൽ സ്വതന്ത്ര കമ്പോള വ്യവസ്ഥ നേരിട്ട് കൊണ്ടിരിക്കുന്ന നാനാ മുഖമായ പ്രതിസന്ധികളുടെയും മനുഷ്യവംശം അതിജീവനത്തിനായി നടത്തുന്ന കൂട്ട പരിശ്രമങ്ങളുടെയും പശ്ചാത്തലത്തിൽ ഒരു പുതിയ ലോകം താനേ ഉരുത്തിരിയാൻ ബാധ്യസ്ഥമാണെന്ന് മറ്റൊരു കൂട്ടർ വാദിക്കുന്നു. ഈ വാദ മുഖങ്ങൾക്കിടയിലേക്കാണ് ഒരു പക്ഷെ അവയുടെ സൈദ്ധാന്തിക പരിമിതികൾ തുറന്നു കാട്ടാനെന്ന വണ്ണം ആഗോള മുതലാളിത്തത്തിന്റെ തലസ്ഥാനത്തെ പിടിച്ചുലച്ചുകൊണ്ട് ഒരു കീഴാള ജനസഞ്ചയ പ്രക്ഷോഭം പെട്ടെന്ന് ഉയർന്നു വന്നത്.

ലോകമാകെ പ്രാണ ഭീതിയിൽ ആയിരിക്കുമ്പോൾ ജോർജ് ഫ്‌ലോയിഡിന്റെ നിലവിളി ഒരു രാഷ്ട്രീയ സംഭവമായി ( political event )മാറുകയാണ്

അമേരിക്കൻ മുതലാളിത്തത്തിൽ പതിയിരിക്കുന്ന വംശീയതയുടെ തനി നിറം ഒരിക്കൽ കൂടി പുറത്തു കാട്ടും വിധം നടന്ന ജോർജ് ഫ്‌ലോയിഡ് എന്ന ആഫ്രിക്കൻ അമേരിക്കൻ വംശജന്റെ നിന്ദ്യവും ക്രൂരവുമായ കൊലപാതകത്തിൽ പ്രതിഷേധിച്ചുകൊണ്ട് അമേരിക്കൻ നഗരങ്ങളിൽ ആളിക്കത്തിയ പ്രക്ഷോഭം അമേരിക്കൻ പ്രസിഡണ്ടെന്ന ലോകത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരിയെ തന്റെ കൊട്ടാരത്തിന്റെ നിലവറയിൽ ഒളിക്കാൻ പ്രേരിപ്പിച്ചു എന്നാണ് കേൾക്കുന്നത്. ലോകം കോവിഡ് 19 കൊണ്ട് ശ്വാസം മുട്ടുമ്പോൾ ലോകമെങ്ങുമുള്ള കറുത്തവരും വെളുത്തവരുമായ കീഴാളരെ "എനിക്ക് ശ്വാസം മുട്ടുന്നു' എന്ന മുദ്രാവാക്യം മുഴക്കിക്കൊണ്ട് പ്രതിഷേധിക്കാൻ പ്രേരിപ്പിച്ച ഈ രാഷ്ട്രീയ സംഭവത്തെ യാദൃച്ഛികമോ സാധാരണമോ ആയ ഒരു അമേരിക്കൻ പ്രതിഭാസമായി അവഗണിക്കാൻ ആകില്ല. ലോകമാകെ പ്രാണ ഭീതിയിൽ ആയിരിക്കുമ്പോൾ ജോർജ് ഫ്‌ലോയിഡിന്റെ നിലവിളി ഒരു രാഷ്ട്രീയ സംഭവമായി ( political event )മാറുകയാണ്. അടിമത്ത നിരോധനത്തിന് ശേഷവും അമേരിക്കയിൽ നടന്നുകൊണ്ടിരുന്ന കറുത്തവരുടെയും ലാറ്റിനോകളുടെയും എണ്ണമറ്റ കൊലപാതകങ്ങളിൽ ഒന്ന് മാത്രമല്ല ഇത്.

കാൾ മാർക്സ്

അമേരിക്കൻ അടിമത്ത നിരോധനത്തിലേക്ക് നയിച്ച ആഭ്യന്തര യുദ്ധത്തിന് തുടക്കം കുറിച്ച, കാൾ മാർക്‌സിനെയും വിക്റ്റർ യുഗോയെയും ലോകമനസ്സാക്ഷിയെ ഉണർത്താൻ പ്രേരിപ്പിച്ച ജോൺ ബ്രൗണിന്റെ തൂക്കിക്കൊല പോലെ ഒന്നാണ് ഈ രാഷ്ട്രീയ സംഭവം. ഇതിനു കാരണം ജോർജ് ഫ്‌ലോയിഡിന്റെ നിലവിളി ലോകമെമ്പാടുമുള്ള സ്വാതന്ത്ര്യ ദാഹികൾ ഏറ്റു വിളിക്കുന്നു എന്നതാണ്.
ഈ രാഷ്രീയ സംഭവം ഉയർന്നു വന്നത് കോവിഡ് 19 സൃഷ്ടിച്ച ഒരു രാഷ്ട്രീയ- നരവംശശാസ്ത്ര പശ്ചാത്തലത്തിൽ ആണ്. ഈ പശ്ചാത്തലം വ്യക്തമാക്കാൻ ഇറ്റാലിയൻ തത്വചിന്തകനായ ജോർജോ അഗംബന്റെ ചില പരികൽപ്പനകൾസഹായകരമാണ്. കോവിഡ് 19 മായി ബന്ധപ്പെട്ടു അദ്ദേഹമെഴുതിയ ബ്ലോഗുകൾ ഇതിനകം പല കോണുകളിൽ നിന്നുമുള്ള ആക്രമണങ്ങൾക്ക് വിധേയമായിക്കഴിഞ്ഞു. സ്‌ലാവോ സിസെക് തന്നെ അദ്ദേഹത്തിന്റെ വളരെ പ്രചാരം നേടിയ "Pandemic' എന്ന കൃതിയിൽ അഗംബന്റെ നിലപാടുകളെ പൂർണ്ണമായും തള്ളിക്കളയുകയാണ് ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ വിമർശന വിധേയമായിക്കൊണ്ടിരിക്കുന്ന ബ്ലോഗെഴുത്തുകളുടെ യഥാർത്ഥ പൊരുൾ വ്യക്തമാകണമെങ്കിൽ അവക്കാ ധാരമായ അദ്ദേഹത്തിന്റെ മൗലിക ചിന്തകളിലേക്കു തന്നെ കടക്കേണ്ടിവരും.

സ്ലാവോയ് സിസെക്

" Homo Sacer- Sovereign Power and Bare life', The State Of Exception, തുടങ്ങിയ തന്റെ രാഷ്ട്രീയ സിദ്ധാന്ത രചനകളിലെ നിലപാടുകളെ നമ്മുടെ വർത്തമാന സന്ദർഭത്തിലേക്കു കൊണ്ട് വരികയാണ് അദ്ദേഹം ചെയ്യുന്നത്. ലിബറൽ ജനാധിപത്യത്തിലായാലും സ്വേച്ഛാധിപത്യത്തിലായാലും സാമൂഹ്യ ജീവിത ഭദ്രതക്ക് അനിവാര്യമെന്ന് കരുതപ്പെടുന്ന കേവല പരാമാധികാര ( Sovereignty ) ത്തിന്റെ രാഷ്ട്രീയ സാങ്കേതിക വിദ്യയാണ് അഗംബന്റെ അന്വേഷണ വിഷയം.

ജനങ്ങൾക്കുമേൽ അധികാരം ഉറപ്പിക്കുന്നതിനായി അധികാരം കയ്യാളുന്ന വ്യക്തിക്ക് നിയമങ്ങൾ മരവിപ്പിച്ചുകൊണ്ട് അടിയന്തിര അപവാദവസ്ഥ ( State of Exception ) പ്രഖ്യാപിക്കാനും അപവാദത്തെ നിയമമാക്കി മാറ്റാനുമുള്ള അവകാശത്തിനു വേണ്ടി വാദിക്കുന്ന നാസി ചിന്തകനായ കാൾ ഷിമിത് ( Carl Schimitt ) ന്റെ ആശയങ്ങളെയാണ് ജനങ്ങളുടെ രാഷ്ട്രീയ നഗ്‌ന ജീവിതാവസ്ഥ വ്യക്തമാക്കാൻ അഗംബൻ ഉപയോഗിക്കുന്നത്. കാൾ ഷിമിത് രാഷ്ട്രീയ ഭദ്രതക്ക് അനിവാര്യമായ പരമാധികാരത്തെ നിർവ്വചിക്കുന്നത് തന്നെ അടിയന്തര അപവാദാവസ്ഥ പ്രഖ്യാപിക്കാനുള്ള അധികാരം എന്നാണ്. ആധുനിക ഭരണകൂട പരമാധികാരത്തിന്റെ ഈ മൗലിക സ്വഭാവം വ്യക്തമാക്കാൻ അഗംബൻ ഉദാഹരിക്കുന്നത് നാസി ജർമ്മനിയിൽ ഹിറ്റ്‌ലറുടെ ഭരണകാലം മുഴുവൻ നീണ്ടു നിന്ന അടിയന്തിര- അപവാദാവസ്ഥയാണ്.

കാൾ ഷിമിത്

എന്നാൽ ഭരണകൂട പരമാധികാരം കയ്യാളുന്നവർ അപകട ഘട്ടങ്ങൾ മുൻനിർത്തി പ്രഖ്യാപിക്കുന്ന അടിയന്തര -അപവാദാവസ്ഥകളിൽ യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നത് ? അപ്പോൾ നിയമങ്ങൾ റദ്ദാക്കപ്പെടുകയും അതിലൂടെ ജനങ്ങളെ ഒരേസമയം നിയമത്തിന്റെ പരിരക്ഷയിൽ നിന്ന് പുറത്താക്കുകയും പരമാധികാര പ്രയോഗത്തിനകത്ത് അവരെ നിലനിർത്തുകയുമാണ് ചെയ്യുന്നത്. ഈ സത്യ വൈപരീത്യത്തിൽ ( Paradox )യഥാർത്ഥത്തിൽ സംഭവിക്കുന്നത് നിയമത്തിന്റെ പരിരക്ഷയിൽ നിന്ന് പുറത്താക്കപ്പെടുന്ന ജനങ്ങൾ അവരുടെ രാഷ്ട്രീയ ജീവിതത്തിൽ നിന്നുതന്നെ പുറത്താക്കപ്പെടുന്നു എന്നതാണ്. അങ്ങനെയവർ അവരുടെ മാനുഷികമായ നിലനിൽപ്പിന്റെ സവിശേഷതകളിൽ നിന്നുതന്നെ പുറത്താകുന്നു. മനുഷ്യരായിരിക്കെ മൃഗങ്ങളാകുന്നു. ഈ വിധം മനുഷ്യർ അരിസ്റ്റോട്ടിൽ പറയുന്ന രാഷ്ട്രീയ മൃഗത്തിൽ ( Bios )നിന്നും മൃഗശരീരങ്ങളായി (Zoe ) വിഘടിപ്പിക്കപ്പെടുന്നു. ഇങ്ങനെ രാഷ്ട്രീയവും സാമൂഹികവുമായ ജീവിതത്തിന്റെ ഉടുവസ്ത്രങ്ങളിൽ നിന്നും വേർപെടുത്തപ്പെട്ട അവകാശാധികാരങ്ങൾ എടുത്തുമാറ്റപ്പെട്ട മനുഷ്യ ജീവിതാവസ്ഥയെയാണ് നഗ്‌ന അഗംബൻ ജീവിതം ( Bare Life ) എന്ന് വിളിക്കുന്നത്.

കോവിഡ് 19 ന്റെ വ്യാപനത്തോടെ ഇന്ന് ലോകം ഒന്നാകെ തന്നെ ജനങ്ങളുടെ രാഷ്ട്രീയ -സാമൂഹിക ജീവിതങ്ങളെ മുഴുവൻ സ്തംഭിപ്പിച്ചുകൊണ്ടുള്ള ഒരടിയന്തര അപവാദാവസ്ഥയിലാണ്. ഈ സ്ഥിതി വിശേഷത്തെ ജനങ്ങളുടെ രാഷ്ട്രീയ മുക്തമായ നഗ്‌ന ജീവിതത്തെ കുറിച്ചുള്ള തന്റെ സിദ്ധാന്തത്തിന്റെ ഒരാഗോള മാതൃകയായി കണ്ട് അതിനെ വിവരിക്കാനാണ് അഗംബൻ ശ്രമിച്ചത്. എന്നാൽ ഇത് കോവിഡ് 19 നെ ചെറുക്കാനുള്ള മനുഷ്യരുടെ പരിശ്രമങ്ങളെ പിന്നോട്ടടിക്കുന്ന ഒരു നിലപാടായി പൊതുവെ തെറ്റിദ്ധരിക്കപ്പെട്ട. കോവിഡ് പ്രതിരോധത്തിന്റെ പ്രാധാന്യം കുറച്ചു കാണാതെതന്നെ ഹസ്തദാനവും ആലിംഗനവും ശവസംസ്‌കാരവും മുതൽ പ്രകടനങ്ങളും പ്രതിഷേധങ്ങളും വരെയുള്ള ജീവിതത്തിന്റെ ചലനങ്ങളും ചടങ്ങുകളും പിൻവലിക്കപ്പെട്ട ഒരു ജീവിതാവസ്ഥയുടെ രാഷ്ട്രീയവും ധാർമ്മികവുമായി നഗ്‌നമാക്കപ്പെട്ട നില കാട്ടിത്തരികയാണ് അഗംബൻ ചെയ്യുന്നത് എന്ന് വേണം കരുതാൻ. ഭരണകൂട പരമാധികാരത്തിന്റെ മൗലിക സ്വഭാവമായ "അപവാദാവസ്ഥ'ക്ക് ( State Of Exception ) കീഴ്‌പ്പെട്ട, അങ്ങനെ സാമൂഹികവും രാഷ്ട്രീയവുമായ ജീവിതം വേർപെടുത്തപ്പെട്ട മനുഷ്യാവസ്ഥയുടെ കാഴ്ചയാണത്.

എന്നാൽ ജോർജ് ഫ്‌ലോയിഡിന്റെ കൊലയെത്തുടർന്ന് ഉയർന്നുവന്ന ലോക കീഴാള ജനതയുടെ പ്രക്ഷോഭം അഗംബൻ വിവരിക്കുന്ന നഗ്‌ന ജീവിതത്തിന് (Bare Life ) ഒരു രാഷ്ട്രീയ മറുവശമുണ്ടെന്നാണ് കാട്ടിത്തരുന്നത്. ഇവിടെ നമുക്ക് ഭരണകൂട പരമാധികാരപ്രയോഗത്തെ കുറിച്ചുള്ള അഗംബന്റെ മുകളിൽ നിന്നുള്ള കാഴ്ചക്ക് പകരം ജീവിതത്തിന്റെ അടിയിൽ നിന്ന് പ്രവർത്തിക്കുന്ന ശക്തികളുടെ ഒരു കാഴ്ച വേണ്ടി വരും.

സാമ്പത്തിക-രാഷ്ട്രീയ-ധാർമ്മിക പ്രശ്‌നങ്ങൾ ഐക്യപ്പെട്ടു പ്രവർത്തിക്കുന്ന ഈ ജൈവ രാഷ്ട്രീയ സമര ( Bio political struggles ) ങ്ങളിലെ ചെറുത്തുനിൽപ്പിന്റെ അപരാധികാര ( Other Power) ത്തെ വ്യക്തമാക്കുന്ന ഒരു ഇന്ത്യൻ രാഷ്ട്രീയാനുഭവത്തിന്റെ പ്രാധാന്യത്തെക്കൂടി ഈ സന്ദർഭത്തിൽ എടുത്തു കാട്ടേണ്ടിയിരിക്കുന്നു.

ഇത്തരമൊരു കാഴ്ചക്ക് തടസ്സമായി നിന്നത്, ഭരണകൂടത്തിന്റെ അധികാരമാണ് ആദ്യമേ നിലനിൽക്കുന്ന അധികാരത്തിന്റെ മൗലിക രൂപമെന്നും ജനങ്ങളുടെ ചെറുത്തുനിൽപ്പ് അതിനെതിരേ രണ്ടാമത് വരുന്ന പ്രതികരണം മാത്രമാണ് എന്നുമുള്ള പാശ്ചാത്യ മുഖ്യധാരാ ആധുനികരാഷ്ട്ര മീമാംസയുടെ ധാരണയാണ്. ജനങ്ങളുടെ ചെറുത്തുനിൽക്കുന്ന അധികാരത്തെ ഭരണ കൂടാധികാരത്തെ ആശ്രയിച്ചു നിൽക്കുന്ന ഒന്നായിക്കാണുന്ന ഒരു ധാരണയാണിത് . എന്നാൽ ജനങ്ങളുടെ ചെറുത്തുനിൽക്കാനുള്ള അധികാരമാണ് ആദ്യമേ നിലനിൽക്കുന്നതെന്നും അതിനെ അമർച്ച ചെയ്യാനും മെരുക്കാനും വേണ്ടി നിലവിൽ വന്നതാണ് ഭരണകൂടാധികാരമെന്നു വരുമ്പോൾ ആധുനിക രാഷ്ട്രമീമാംസയുടെ അടിസ്ഥാനങ്ങൾ തന്നെ തകിടം മറിയുന്നത് കാണാം .

അപ്പോൾ ചെറുത്തുനിൽക്കുന്ന അധികാരത്തിന്റെ പ്രാഥമ്യത്തേയും ( Primacy of Resistance) സ്വതന്ത്രമായ ഉണ്മയേയും തെളിയിക്കുന്ന മറ്റൊരു ബദൽ അധികാരം സാധ്യമാണെന്ന് വരുന്നു. ഭരണകൂടാധികാരം നിയമങ്ങൾ പിൻവലിക്കുന്ന അടിയന്തര- അപവാദാവസ്ഥക്ക് നടുവിലും രാഷ്ട്രീയവും ധാർമ്മികവുമായി നഗ്‌നരാക്കപ്പെട്ട് വീടുകൾക്കുള്ളിൽ അടയ്ക്കപ്പെട്ട മനുഷ്യർക്ക് പുതിയ ചെറുത്തു നിൽപ്പുകളിലൂടെ അവരുടെ രാഷ്ട്രീയമായ നിലനിൽപ്പ് അനായാസം വീണ്ടെടുക്കാൻ കഴിയുന്നത് അതുകൊണ്ടാണ്. ഇതിനു തെളിവാണ് ജോർജ് ഫ്‌ലോയിഡിന്റെ കൊലപാതകത്തെ തുടർന്ന് കറുത്തവരുടെ മനുഷ്യാവകാശങ്ങൾക്കായി ജനങ്ങൾ കോവിഡ് ഭയത്തെ മറികടന്ന് ലോകമെങ്ങും സമര സന്നദ്ധരാകുന്നത്. എല്ലാ നിറങ്ങളിലുമുള്ള സൈബർ തൊഴിലാളികളും കൈവേലക്കാരും സേവന ത്തൊഴിലാളികളും സ്ത്രീകളും എല്ലാമടങ്ങുന്ന ജനസഞ്ചയ സമരത്തിന്റെ അലകൾ അമേരിക്കയിൽ നിന്നും കോവിഡ് ബാധക്കിടയിലും യൂറോപ്പിലേക്കും ആഫ്രിക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്കും വ്യാപിച്ചു എന്നോർക്കുക.

സാമ്പത്തിക-രാഷ്ട്രീയ-ധാർമ്മിക പ്രശ്‌നങ്ങൾ ഐക്യപ്പെട്ടു പ്രവർത്തിക്കുന്ന ഈ ജൈവ രാഷ്ട്രീയ സമര ( Bio political struggles ) ങ്ങളിലെ ചെറുത്തുനിൽപ്പിന്റെ അപരാധികാര ( Other Power) ത്തെ വ്യക്തമാക്കുന്ന ഒരു ഇന്ത്യൻ രാഷ്ട്രീയാനുഭവത്തിന്റെ പ്രാധാന്യത്തെക്കൂടി ഈ സന്ദർഭത്തിൽ എടുത്തു കാട്ടേണ്ടിയിരിക്കുന്നു. നോട്ടു നിരോധനം പോലെ മുകളിൽ നിന്നുള്ള ഒരു രാജ കൽപ്പനക്കു സമാനമായി പെട്ടെന്ന് ലോക് ഡൗൺ പ്രഖ്യാപിച്ച നരേന്ദ്ര മോദിയെ ഞെട്ടിച്ചു കൊണ്ട് ഭൂമിക്കടിയിൽ നിന്നെന്നപോലെ ഇന്ത്യൻ ഹൈവേകളിൽ പ്രത്യക്ഷപ്പെട്ട കോടിക്കണക്കിനായ കുടിയേറ്റ തൊഴിലാളി സഞ്ചയം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഒരു പുതിയ ദൃശ്യമായിരുന്നു. ഗതാഗതം വിലക്കപ്പെട്ടപ്പോൾ, ഒറ്റക്കും, സ്ത്രീകളും കുട്ടികളും വൃദ്ധരുമടങ്ങുന്ന സംഘങ്ങളായും ആയിരക്കണക്കിന് കിലോമീറ്ററുകൾ വീടുകളിലേക്ക് കാൽ നടയായിപ്പോകാൻ അവർ തീരുമാനിക്കുകയായിരുന്നു. എന്നാൽ തകർക്കപ്പെട്ട ഗ്രാമങ്ങങ്ങളിൽ നിന്ന് വിദൂര നഗരങ്ങളിലേക്ക് തൊഴിൽ തേടി വന്ന ഈ കൂട്ടരുടെ കൂട്ട പലായനത്തെ ജീവിതം വഴിമുട്ടിയ കുറെ മനുഷ്യരുടെ ദയനീയ സാഹസം മാത്രമായി കണ്ടാൽ പോരാ . തണലറ്റ നെടും പാതകളിലൂടെ കൊടിയ ദുരിതങ്ങളെ നേരിട്ടുകൊണ്ട് ആയിരക്കണക്കിന് കിലോമീറ്ററുകൾ കാൽനടയായും സൈക്കിൾ ചവിട്ടിയും വീടണയാൻ തീരുമാനിക്കുന്ന ഒരു ജനതയുടെ ഇച്ഛാശക്തി അസാമാന്യമായ ഒന്നാണ്. ഇന്ത്യൻ ജനജീവിതത്തിന്റെ അടിത്തട്ടിനെയും അതിന്റെ ശക്തികളെയും കുറിച്ച് ഒരു ധാരണയുമില്ലാത്ത മേലാള വർഗ്ഗങ്ങളെ സംബന്ധിച്ചിടത്തോളം കോവിഡ് 19 കാലത്തെ അമ്പരപ്പിക്കുന്ന ഈ കൂട്ട പലായനം ഉൾക്കിടിലം ഉണർത്താൻ പോന്ന ഒരു ചരിത്ര സംഭവമാണെന്ന കാര്യത്തിൽ സംശയിക്കേണ്ടതില്ല.

ജോർജ് ഫ്‌ളോയിഡിന്റെ കഴുത്ത് ഞെരിക്കുന്ന ഡെറിക് ഷോവിൻ

പഴയ സംഘടിത ഫാക്റ്ററി തൊഴിലാളി വർഗ്ഗത്തിന്റെ മാനദണ്ഡങ്ങൾ വച്ച് നോക്കുമ്പോൾ ഈ കുടിയേറ്റ തൊഴിലാളികൾ അസംഘടിത കൂലിത്തൊഴിലാളികളുടെയോ തെണ്ടിത്തൊഴിലാളികളുടെയോ പറ്റങ്ങൾ മാത്രമാണ്.എന്നാൽ ആഗോളവത്ക്കരിക്കപ്പെട്ട മുതലാളിത്തത്തിന്റെ കാലത്തെ ചൂഷണത്തിന്റേയും ചെറുത്തുനിൽപ്പിന്റെയും സ്വഭാവം പാടെ മാറിയിരിക്കുന്നു. പഴയ തൊഴിലാളി വർഗ്ഗത്തിന്റെ മുന്നണി - പിന്നണി ശ്രേണി ഇന്ന് നിലനിൽക്കുന്നില്ല. പഴയ വ്യവസായ മുതലാളിത്ത മൂലധനം അതിന്റെ ഭാഗമായി അതിനോട് ബലമായി ചേർത്തു നിർത്തിയിരുന്ന തൊഴിൽ ശക്തി ഇന്ന് അതിൽ നിന്ന് വേർപെട്ടിരിക്കുന്നു. മാർക്‌സിന്റെ ഭാഷയിൽ പറഞ്ഞാൽ സ്ഥിരമൂലധനവും ( Constant Capital ) തൊഴിൽ ശക്തിയാകുന്ന അസ്ഥിര മൂലധനവും ( Variable Capital )തമ്മിൽ ഇന്ന് വിഘടിച്ചിരിക്കുന്നു. അതിനാൽ ഇന്ന് മുതലാളിത്ത ചൂഷണവും അതിനെതിരായ ചെറുത്തുനിൽപ്പും പഴയ ഫാക്റ്ററി മാതൃകയിൽ മാത്രം ഒതുങ്ങി നിൽക്കുന്നവയല്ല. ഇന്ന് കൃഷിക്കാരും കൈവേലക്കാരും ഐ റ്റി പ്രൊഫഷണലും തുടങ്ങി സ്ത്രീകളും ദളിതരും ആദിവാസികളും വിദ്യാർത്ഥികളും വരെ കായികാദ്ധ്വാനത്തിലും സേവനാദ്ധ്വാനത്തിലും ഏർപ്പെട്ടിരിക്കുന്ന എല്ലാത്തരം കീഴാളരും മുതലാളിത്ത മൂലധനത്തിന്റെ ഇരകളും അതേസമയം അതിനെ ചെറുത്തു നിൽക്കുന്ന ശക്തികളുമാണ്.

ഈ പശ്ചാത്തലത്തിൽ ഇന്ത്യയിൽ ഇന്നുയർന്നു വന്നിരിക്കുന്ന പത്തുകോടിയോളം വരുന്ന കുടിയേറ്റ തൊഴിലാളികളെ അസംഘടിതരായ തെണ്ടിത്തൊഴിലാളികൾ എന്ന് വിളിക്കാനാവില്ല. മറ്റൊരു തരത്തിൽ പറഞ്ഞാൽ പഴയ നോട്ടത്തിലുള്ള അസംഘടിതത്വമാണ് ഈ തൊഴിലാളിവർഗ്ഗത്തിന്റെ സംഘടനാ സ്വഭാവം. അതായത് മുകളിൽ നിന്നുള്ള ആജ്ഞകൾ ഇല്ലാതെ തന്നെ സ്വയം തീരുമാനങ്ങളെടുക്കാനും സ്വയം സംഘടിക്കാനും പ്രവർത്തിക്കാനും കഴിവുള്ള ഒരു വർഗ്ഗമാണിത്. അഥവാ ദളിതരും സ്ത്രീകളും മുസ്ലിങ്ങളും എല്ലാമടങ്ങുന്ന കീഴാള ജനസഞ്ചയമാണിത്.

കോവിഡ് 19 നെ ചെറുക്കാൻ പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗതുടർന്ന് ഇന്ത്യ ഉപരിതലത്തിൽ ശാന്തമാക്കപ്പെട്ടിരുന്നു. കാശ്മീർ വിഭജനത്തിന്റെയും പൗരത്വ ഭേദഗതി നിയമത്തിന്റേയും കാര്യത്തിൽ ആർ എസ് എസ്സിന്റെ രാഷ്ട്രീയ നയങ്ങൾ നടപ്പാക്കാൻ തുടങ്ങിയ നരേന്ദ്ര മോദി ഗവർമെന്റിനെതിരെ രാജ്യവ്യാപകമായി ഉയർന്ന പ്രക്ഷോഭങ്ങൾ എല്ലാം ഒരർത്ഥത്തിൽ അമർച്ച ചെയ്യപ്പെടുകയാണ് ഉണ്ടായത്. ലോക്ഡൗൺ പ്രഖ്യാപനത്തിലൂടെ , അഗംബൻ പറയുന്നതുപോലെ രാജ്യം അടിയന്തര- അപവാദാവസ്ഥയിലേക്ക് വീഴുകയും ജനങ്ങൾ രാഷ്ട്രീയവും സാമൂഹികവുമായ നഗ്‌ന ജീവിത( Bare Life ) ത്തിന് വിധിക്കപ്പെടുകയുമാണ് ഉണ്ടായത്. ഈ സന്ദർഭത്തിലാണ് ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിൽ കുടിയേറിയ പുതിയ തൊഴിലാളി വർഗ്ഗ ജനസഞ്ചയം ഭരണകൂടത്തിനെതിരായ ചെറുത് നിൽപ്പിനു സമാനമായ , രാജ്യത്തെ നടുക്കിയ മഹാപ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്.

ഭരണ കൂടത്തിന്റെ അടിച്ചമർത്തുന്ന അധികാരത്തിനു മുൻപേ തന്നെ നിലകൊള്ളുന്ന മനുഷ്യരുടെ ചെറുത്തു നിൽക്കാനുള്ള സ്വാധികാരത്തിന് ഏതു അടിയന്തര- അപവാദാവസ്ഥയിലും രാഷ്ട്രീയമായി ഉയിർത്തെഴുന്നേൽക്കാൻ കഴിയുമെന്നതിനു തെളിവാണ് ജോർജ് ഫ്‌ലോയിഡിന്റെ കൊലയെ തുടർന്ന് കോവിഡ് 19 കാലത്ത് അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും കറുത്തവരുടെ മനുഷ്യാവകാശങ്ങൾക്കു വേണ്ടി ഉയർന്നു വന്ന പ്രക്ഷോഭങ്ങളും ഇന്ത്യയിലെ വിദൂര ഗ്രാമങ്ങളിലേക്കുള്ള കുടിയേറ്റക്കാരുടെ കൂട്ട പലായനങ്ങളും. കുടിയേറ്റ തൊഴിലാളികൾ ആയിരക്കണക്കിന് കിലോമീറ്ററുകളുടെ ദൂരം സ്വന്തം കാലുകൾകൊണ്ട് നടന്നു കീഴടക്കാൻ തുനിഞ്ഞതിലെ ചെറുത്തുനിൽപ്പിന്റെ സഹന സമരം വേർതിരിച്ചെടുക്കാൻ ഇന്ത്യൻ രാഷ്ട്രീയക്കാർക്കും മാധ്യമങ്ങൾക്കും ബുദ്ധിജീവികൾക്കും ഭയമാണെന്നു മാത്രം.

Comments