‘ഞങ്ങള്‍ ആണുങ്ങളും'
ലതിക സുഭാഷിന്റെ
തലമുണ്ഡനവും
‘ഞങ്ങള്‍ ആണുങ്ങളും' ലതിക സുഭാഷിന്റെ തലമുണ്ഡനവും
പുരുഷന്‍ ഉത്തരവിടുകയും സ്ത്രീ വാതിലിനു പിറകില്‍ മറഞ്ഞുനിന്നു അനുസരിക്കുകയും ചെയ്യുന്ന ആ പഴയ ഫ്യൂഡല്‍ സിദ്ധാന്തം മറ്റൊരു തരത്തില്‍ രാഷ്ട്രീയത്തിലും കാലദേശഭേദമില്ലാതെ പുനരവതരിക്കുന്നു എന്നത് ഒരു ദുഃഖസത്യമാണ്. ഒരു നേതാവെന്ന നിലയില്‍ തന്റേതായ ഇടമുണ്ടാക്കാനായ എത്ര വനിതാ നേതാക്കള്‍ ഉണ്ടാവും നമുക്ക്?
15 Mar 2021, 03:46 PM
മഹിള കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷ് ആ സ്ഥാനം ഉപേക്ഷിച്ചശേഷം തല മുണ്ഡനം ചെയ്തു പ്രതിഷേധിച്ചത് ഒരു സീറ്റിനെ പേരിലാണ് എന്നത് മാറ്റിനിര്‍ത്തിയാല്‍ അതിന്റെ രാഷ്ട്രീയമാനം വളരെ വലുതാണ്; ഒരു പ്രതീകാത്മക ശുദ്ധീകരണ പ്രക്രിയയും. ‘ഞങ്ങള്‍ ആണുങ്ങള്‍' വെച്ചുനീട്ടുന്ന ഔദാര്യമാണ് ‘നിങ്ങള്‍ പെണ്ണുങ്ങള്‍' നേടുന്ന സ്ഥാനങ്ങള്‍ എന്ന തീര്‍ത്തും പുരുഷകേന്ദ്രീകൃതമായ ഒരു ചിന്തക്കു നേരെയാണ് ലതിക എന്ന രാഷ്ട്രീയപ്രവര്‍ത്തക തന്റെ മുണ്ഡനം ചെയ്ത ശിരസ്സ് ഉയര്‍ത്തി നില്‍ക്കുന്നത്. ബിന്ദു കൃഷ്ണയുടെ കണ്ണീരുമായി ഇതിനെ പ്രത്യക്ഷത്തില്‍ താരതമ്യം ചെയ്യാമെങ്കിലും ഇതിന്റെ രാഷ്ട്രീയമാനം കുറച്ചു കൂടി ഗഹനമാവുന്നത് അത് ഒരു ഇന്ത്യന്‍ രാഷ്ട്രീയാവസ്ഥയെ പ്രതിഫലിപ്പിക്കുന്നു എന്നതിനാലാണ്. ബിന്ദുവിന്റെ കണ്ണീര്‍ ഒരു ചെറിയ ഭൂമികയിലാണ് വീണതെങ്കില്‍ ലതികയുടെ മുടിച്ചുരുള്‍ പറന്നുവീണത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പാട്രിയാര്‍ക്കിക്കു മേലെയാണ്, ചരിത്രത്തിനു മേലെയാണ്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സ്ത്രീ സംവരണത്തില്‍ പോലും, അത് നിയമനിര്‍മ്മാണത്തിലൂടെ തീരുമാനിക്കപ്പെട്ടാണെങ്കിലും, ഒരു തരം ഔദാര്യത്തിന്റെ വലയം അതിനെ ചുറ്റിനില്‍ക്കുന്നുണ്ട്. അതിനാല്‍ തന്നെ ഈ മുണ്ഡനം ചെയ്യപ്പെട്ട ശിരസ്സ് ഇന്ത്യ എന്ന രാഷ്ട്രത്തിലെ സ്ത്രീരാഷ്ട്രീയത്തെ പ്രതിഫലിപ്പിക്കുന്നു എന്നുതന്നെ പറയേണ്ടിവരും. ലതികയുടെ തലമുണ്ഡനം ഒരു ചോദ്യമാണ് ഉത്തരമല്ല; അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടാലും ഇല്ലെങ്കിലും.

ഇന്ത്യന്‍ രാഷ്ട്രീയം തന്നെ എടുക്കാം. ഇന്ദിരാഗാന്ധി എന്ന വനിതാനേതാവ് ഉയര്‍ന്നു വരുന്നത് നെഹ്റു എന്ന വടവൃക്ഷത്തിന്റെ തണലില്‍ നിന്നുകൊണ്ടാണ്, എങ്കിലും പിന്നീട് അവര്‍ തന്റെ അസ്തിത്വം തെളിയിച്ചത് സ്വന്തം കരുത്ത് അരക്കിട്ടുറപ്പിച്ചുകൊണ്ടാണ്. രാഷ്ട്രീയത്തിലേയും ഭരണത്തിലേയും ശരിതെറ്റുകള്‍ക്കപ്പുറം താനൊരു നേതാവാണെന്ന് ഉറപ്പിച്ചു പറയാനും പ്രവര്‍ത്തിച്ചു കാണിക്കാനും അവര്‍ക്ക് ആര്‍ജ്ജവമുണ്ടായിരുന്നു. അതിന്റെ ദുരുപയോഗം ചെന്നുനിന്നത് അടിയന്തിരാവസ്ഥ പോലൊരു രാഷ്ട്രീയ ദുരന്തത്തിലാണെന്നതു മറന്നുകൊണ്ടല്ല ഇപ്പറയുന്നത്.
Also Read: യു.ഡി.എഫ് പ്രചാരണത്തിന് വര്‍ഗീയ വീഡിയോ
പിന്നീട് സോണിയ ഗാന്ധിയില്‍ എത്തുമ്പോള്‍ ഉത്തരവാദിത്തങ്ങള്‍ അവര്‍ക്കുമേല്‍ അടിച്ചേല്‍പിക്കപ്പെടുകയായിരുന്നു, പിന്നീടവര്‍ അതിന്റെ ഭാഗമായെങ്കിലും. അത് ഒരു വനിതാനേതാവിന് നല്‍കിയ അംഗീകാരമൊന്നും ആയിരുന്നില്ല, മറിച്ച്, രാജീവ് ഗാന്ധിവധത്തെ തുടര്‍ന്ന് അനാഥമാക്കപ്പെട്ട (നാഥന്‍ എന്നത് നെഹ്റു കുടുംബം ആണ് എന്ന സങ്കല്‍പം) പ്രസ്ഥാനത്തെ നയിക്കാന്‍ ആ കുടുംബത്തില്‍ അന്ന് അവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. എന്നുപറഞ്ഞാല്‍ അതൊരു വനിതാ നേതാവിന് നല്‍കിയ അംഗീകാരമൊന്നും ആയിരുന്നില്ല.

പുരുഷന്‍ ഉത്തരവിടുകയും സ്ത്രീ വാതിലിനു പിറകില്‍ മറഞ്ഞുനിന്നു അനുസരിക്കുകയും ചെയ്യുന്ന ആ പഴയ ഫ്യൂഡല്‍ സിദ്ധാന്തം മറ്റൊരു തരത്തില്‍ രാഷ്ട്രീയത്തിലും കാലദേശഭേദമില്ലാതെ പുനരവതരിക്കുന്നു എന്നത് ഒരു ദുഃഖസത്യമാണ്. ഒരു നേതാവെന്ന നിലയില്‍ തന്റേതായ ഇടമുണ്ടാക്കാനായ എത്ര വനിതാ നേതാക്കള്‍ ഉണ്ടാവും നമുക്ക്? തമിഴ്നാട്ടില്‍ ജയലളിതയുടെ ഉയര്‍ച്ചയാണ് ഒരു ചരിത്രം. പക്ഷെ അവിടെയും അതെ, എം.ജി.ആര്‍ എന്ന മഹാമേരുവിന്റെ തണലില്‍ നിന്നുമാണ് അവര്‍ ഉയര്‍ന്നുവന്നത്. എം.ജി.ആര്‍ എന്ന അച്ചുതണ്ടില്ലായിരുന്നെങ്കില്‍ ജയലളിത എന്ന നേതാവുണ്ടാകുമായിരുന്നോ എന്ന് ചോദിച്ചാല്‍ കൃത്യമായ ഉത്തരം കിട്ടില്ല.
പിന്നീട് ജയലളിത എന്ന നേതാവിന്റെ പ്രവര്‍ത്തനം പുരുഷകേന്ദ്രീകൃതമായ ഇതേ രാഷ്ട്രീയത്തോടുള്ള വെല്ലുവിളികൂടിയായിരുന്നു എന്ന കാര്യം നമ്മള്‍ കാണാതെ പോകരുത്. പക്ഷേ, പൊളിറ്റിക്കല്‍ പാട്രിയാര്‍ക്കിക്കെതിരായ യുദ്ധം (നേരിട്ടല്ലെങ്കിലും) ജയലളിതക്കപ്പുറം പോയില്ല എന്നത് ശ്രദ്ധേയമാണ്. ശശികല എന്ന ഘടകം ഈ പിന്‍ഗാമീചര്‍ച്ചയുടെ പുറത്തു നില്‍ക്കുന്ന ഒരു ഘടകം മാത്രമാണ്.
Also Read: ചില സന്ദേഹങ്ങളോടെ; ഇടതുരാഷ്ട്രീയത്തിന്റെ തുടര്‍ഭരണത്തെക്കുറിച്ച്
ഒരു ദളിത് നേതാവെന്ന നിലയില്‍ മായാവതിയുടെ ഉയര്‍ച്ചയായിരുന്നു ഇന്ത്യന്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്ത മറ്റൊരു ഘടകം. എന്നാല്‍ ഇവിടെയുമതെ അവര്‍ വളര്‍ന്നുവന്നത് കാന്‍ഷിറാം എന്ന പ്രതിഭാസത്തിന് കീഴിലാണ്. മറ്റൊരു പിന്‍ഗാമി.

അങ്ങനെ തണല്‍ പറ്റാതെ വളര്‍ന്ന ഒരു നേതാവ് മമത ബാനര്‍ജിയാണ് എന്ന് പറയാം. കോണ്‍ഗ്രസില്‍ നിന്നും വഴക്കിട്ടിറങ്ങി ഒരു തരത്തിലുള്ള നീക്കുപോക്കുകള്‍ക്കും വഴങ്ങാതെ നേരെ ബംഗാള്‍ രാഷ്ട്രീയത്തില്‍ തന്റെ കാലുറപ്പിക്കാന്‍ അവര്‍ക്കായത് സ്വന്തം കരുത്തുകൊണ്ടുമാത്രമാണ്. മമതയുടെ രാഷ്ട്രീയം നിലനില്‍ക്കുന്നത് കണ്ണിനു കണ്ണ് എന്ന കാഴ്ചപ്പാടില്‍ തന്നെയാണ് എന്ന് മാത്രമല്ല, അതിനെ ഒരുതരത്തിലും ആദര്‍ശവല്ക്കരിക്കാന്‍ കഴിയില്ല താനും.
എന്നാല്‍ മമത ബാനര്‍ജി എന്ന നേതാവ് പുരുഷ കേന്ദ്രീകൃതമായ രാഷ്ട്രീയത്തിന്റെ ഭ്രമണപഥത്തിനപ്പുറത്താണ് എന്ന് സമ്മതിച്ചേ തീരു.
വികസനത്തിലും ലിംഗനീതിയിലും സമത്വത്തിലും ഏറെ വിപ്ലവം സൃഷ്ടിച്ചു എന്ന് അഭിമാനിക്കുന്ന കേരളത്തില്‍ എന്തുകൊണ്ട് ഒരു വനിതാമുഖ്യമന്ത്രി വന്നില്ല?
ഞങ്ങളുടെ തലമുറയടക്കം ‘കേരം തിങ്ങും കേരളനാട്ടില്‍ കെ.ആര്‍.ഗൗരി ഭരിക്കട്ടെ' എന്ന മുദ്രാവാക്യം ഉയര്‍ത്തിയ 1987 ല്‍ മുഖ്യമന്ത്രിയായത് ഇ.കെ. നായനാരായിരുന്നു! 1996 ല്‍ വി.എസ്. അച്യുതാനന്ദന്‍ മാരാരിക്കുളത്ത് പരാജയപ്പെടുകയും സുശീലാഗോപാലന്‍ അമ്പലപ്പുഴയില്‍ നിന്നും വിജയിക്കുകയും ചെയ്തപ്പോള്‍ അവര്‍ മുഖ്യമന്ത്രിയാകും എന്നുതന്നെയാണ് ആദ്യം കരുതിയത്. പക്ഷെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്ത നായനാര്‍ മുഖ്യമന്ത്രിയാവുകയും പിന്നെ തലശ്ശേരിയില്‍ നിന്ന് ജയിക്കുകയും ചെയ്തു. ഈ ചരിത്രം തന്നെയാണ് ഇപ്പോഴും സി.പി.എമ്മിനെ വേട്ടയാടുന്നത്.
ഒരു വനിതാ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാട്ടി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍, അല്ലെങ്കില്‍ ഒരു സ്ത്രീയെ ജില്ലാതലത്തിലെങ്കിലും പാര്‍ട്ടി സെക്രട്ടറിയാക്കാന്‍ 2021 ലും സി.പി.എം നേതൃത്വം ഇപ്പോഴും വിമുഖത കാണിക്കുന്നത് എന്തുകൊണ്ട് എന്ന ചോദ്യം ഇനിയുമേറെക്കാലം ഉത്തരമില്ലാതെ കിടക്കും. പാര്‍ട്ടി പോളിറ്റ്ബ്യൂറോയിലെ ഏക വനിതാ സാന്നിധ്യം ബൃന്ദ കാരാട്ട് മാത്രമാണ്. അവര്‍ ഈ പദവിയിലെത്തി പതിനാറു വര്‍ഷം കഴിഞ്ഞിട്ടും മറ്റൊരു സ്ത്രീ അവിടെ എത്തിയിട്ടില്ല.
എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലും ചിത്രം ഇതുതന്നെ. ചാരുകസേരയില്‍ കിടന്ന് മുറുക്കിത്തുപ്പുന്ന കാരണവരാകാന്‍ അധികാരം പുരുഷനുമാത്രം, പാര്‍ട്ടി ഏതായാലും! അതുകൊണ്ടാണ് മുസ്ലിം ലീഗ് നൂര്‍ബിന റഷീദിനെ സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ നമ്മള്‍ അത്ഭുതം കൂറിയതും ശോഭ സുരേന്ദ്രന്‍ അനിശ്ചിതത്വത്തിന്റെ രാഷ്ട്രീയമായി തുടരുന്നതുമെല്ലാം. ഒരു പുരുഷ നേതാവ് പറഞ്ഞതുകൊണ്ട് നിലപാട് മാറ്റുന്ന സ്ത്രീകളെയല്ലാതെ ഒരു സ്ത്രീനേതാവ് പറഞ്ഞതുകൊണ്ട് നിലപാട് തിരുത്താന്‍ തയ്യാറായ പുരുഷ നേതാക്കളെ എന്തുകൊണ്ടാണ് കാണാന്‍ കഴിയാത്തത്?

‘ഞങ്ങള്‍ ആണുങ്ങളും പിന്നെ ഞങ്ങള്‍ നെഞ്ചുവിരിച്ചു പറയുന്നത് കേള്‍ക്കുന്ന സ്ത്രീകളും' എന്ന സമവാക്യം കൃത്യമായി പിന്തുടരുന്ന ബി.ജെ.പി യില്‍ ആ ഒരു അധികാരശ്രേണിയെ ഒരു പരിധിവരെയെങ്കിലും ചെറുത്തു നിന്നത് സുഷമ സ്വരാജായിരുന്നു പക്ഷെ പല പോസിലുള്ള കാരണവന്മാരുടെ കണ്ണിലും അവര്‍ കരടായിരുന്നു എന്നതാണ് ചരിത്രം.
നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും പൊതുവിലുള്ള പ്രശ്‌നം സ്ത്രീകളും ദളിതരും ഉന്നത സ്ഥാനത്തു വരുന്നതിനെ അവര്‍ അംഗീകരിക്കുന്നില്ല എന്നതാണ്. ഏതു പൊതുതത്വത്തിനും ഉള്ള അപവാദം മാത്രമേ ഇവിടെയും കാണാനാവൂ. അതുകൊണ്ടാണ് ലതിക സുഭാഷ് തല മുണ്ഡനം ചെയ്തപ്പോള്‍ ആ മുടി ആദര്‍ശഭേദമെന്യേ രാഷ്ട്രീയ മാടമ്പിമാരുടെ കണ്ണില്‍ ചെന്നുവീണതും അവരുടെ ശിരസ്സ് രാഷ്ട്രീയത്തില്‍ ഇനിയും ഉദിച്ചിട്ടില്ലാത്ത ലിംഗനീതിയുടെയും ലിംഗസമത്വത്തിന്റെയും പ്രതീകമാവുന്നതും.
Jayarajan
16 Mar 2021, 05:09 PM
Well said.
Truecopy Webzine
Apr 12, 2021
4 Minutes Read
Truecopy Webzine
Apr 05, 2021
8 minutes read
Election Desk
Apr 03, 2021
2 Minutes Read
Election Desk
Apr 03, 2021
3 Minutes Read
Election Desk
Apr 03, 2021
2 Minutes Read
സിവിക് ചന്ദ്രൻ
Apr 03, 2021
4 Minutes Read
Think
Apr 02, 2021
2 Minutes Read
PJJ
20 Mar 2021, 08:30 AM
"‘ഞങ്ങള്‍ ആണുങ്ങള്‍' വെച്ചുനീട്ടുന്ന ഔദാര്യമാണ് ‘നിങ്ങള്‍ പെണ്ണുങ്ങള്‍' നേടുന്ന സ്ഥാനങ്ങള്‍ എന്ന തീര്‍ത്തും പുരുഷകേന്ദ്രീകൃതമായ ഒരു ചിന്തക്കു നേരെയാണ് ലതിക എന്ന രാഷ്ട്രീയപ്രവര്‍ത്തക തന്റെ മുണ്ഡനം ചെയ്ത ശിരസ്സ് ഉയര്‍ത്തി നില്‍ക്കുന്നത്. " Indeed relevant beyond party politics.