കേന്ദ്രസർക്കാരിന്‍റെ
പുതിയ ബില്‍
നഴ്‌സിംഗ് മേഖലയെയും തകർക്കും
കേന്ദ്രസർക്കാരിന്‍റെ പുതിയ ബില്‍ നഴ്‌സിംഗ് മേഖലയെയും തകർക്കും
"1947-ലെ ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിന്റെ നിയമം പൂര്‍ണ്ണമായി മാറ്റിയിരിക്കുകയാണ്. കാലോചിതമായ മാറ്റങ്ങളോ ഈ മേഖലയ്ക്കും ജനങ്ങള്‍ക്കും ഉപകാരപ്രദമായ എന്തെങ്കിലുമോ ഈ ബില്ലില്‍ ഇല്ല. INC യുടെ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ജനകീയ ബോഡികളാണ് സംസ്ഥാന നഴ്‌സിംഗ് കൗണ്‍സിലുകള്‍. ഈ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ INC യും സംസ്ഥാന നഴ്‌സിംഗ് കൗണ്‍സിലും ഇല്ലാതാവും. മാത്രവുമല്ല സംസ്ഥാനങ്ങളുടെ പങ്കു തന്നെ ഇല്ലാതാവുകയുമാണ്.'' കരട് ബില്ലിനെതിരെ ഇന്ന് സംസ്ഥാനത്തെ സര്‍ക്കാര്‍ - സ്വകാര്യ ആശുപത്രികളിലും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പ്രതിഷേധ ദിനം ആചരിക്കുകയാണ്. കേരള ഗവണ്‍മെന്റ് നേഴ്‌സസ് അസോസിയേഷന്‍, കേരള നേഴ്‌സസ് യൂണിയന്‍, ഇന്ത്യന്‍ നേഴ്‌സസ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം.
15 Dec 2020, 10:28 AM
ഇന്ത്യന്‍ നഴ്‌സിംഗ് മേഖലയിലെ സമഗ്രമായ മാറ്റങ്ങളും പുരോഗതിയും കൈവരിക്കാന്‍ പ്രാപ്തമാക്കുന്നു എന്ന രീതിയില്‍ ഏഴു പതിറ്റാണ്ടിനു ശേഷം നാഷണല്‍ നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി കമ്മിഷന്‍ ബില്‍ 2020 എന്ന പേരില്‍ വരാന്‍ പോകുന്ന ബില്ലിന്റെ കരട് രൂപം സംസ്ഥാനത്തിനും നഴ്‌സിംഗ് മേഖലയ്ക്കും പൊതുജനങ്ങള്‍ക്കും അഭിപ്രായം പറയുന്നതിന് വേണ്ടി സമര്‍പ്പിച്ചിരിക്കുകയാണ്. 2020 ഡിസംബര്‍ 6 വരെയാണ് അനുവദിച്ചിരിക്കുന്ന സമയം. ഈ കരട് ബില്ല് അക്കാഡമിക് തലത്തില്‍ പലരും സ്വാഗതം ചെയ്തിരിക്കുകയാണ്. ഒറ്റ നോട്ടത്തില്‍ വര്‍ണകടലാസ്സില്‍ പൊതിഞ്ഞ ബില്ലിന്റെ സാരംശം പക്ഷേ നഴ്‌സിംഗ് മേഖലയില്‍ സംഘപരിവാരത്തിന്റെ ആധിപത്യം ഉറപ്പിക്കാനുള്ള തന്ത്രമാണ്.
പാര്‍ലിമെന്റ് ലെജിസ്ലേഷന്‍ വഴി വിദ്യാഭ്യാസത്തിന്റെ പുറത്തുള്ള സംസ്ഥാന ഗവണ്മെന്റിന്റെ മേധാവിത്വം പടിപടിയായി ഇല്ലാതാകുക എന്നതാണ് ഈ നീക്കത്തിനു പിറകിലെന്നാണ് പ്രാഥമികമായി ഇതിനെ വിലയിരുത്തേണ്ടത്.
നഴ്‌സിംഗ് വിദ്യാഭ്യാസ സമ്പ്രദായത്തെയും അതിന്റെ രീതികളെയും മുന്നോട്ടുപോക്കിനേയും സംസ്ഥാന നിയന്ത്രണത്തില്‍ നിന്ന് പരിപൂര്‍ണമായി മാറ്റി അക്കാദമിക് സ്വയംഭരണത്തിലേക്ക് നയിച്ച് സര്‍ക്കാര്‍ പങ്ക് പൂര്‍ണമായും ഇല്ലാതാക്കാനുള്ള അക്കാദമിക് മേമ്പൊടികള്‍ ആണ് കരട് ബില്ലില്‍ കാണാന്‍ സാധിക്കുന്നത്.

1947-ലെ ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിന്റെ നിയമം പൂര്‍ണ്ണമായി മാറ്റിയിരിക്കുകയാണ്. കാലോചിതമായ മാറ്റങ്ങളോ ഈ മേഖലയ്ക്കും ജനങ്ങള്‍ക്കും ഉപകാരപ്രദമായ എന്തെങ്കിലുമോ ഈ ബില്ലില്‍ ഇല്ല. INC യുടെ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ജനകീയ ബോഡികളാണ് സംസ്ഥാന നഴ്‌സിംഗ് കൗണ്‍സിലുകള്‍. ഈ നിയമം പ്രാബല്യത്തില്‍ വരുന്നതോടെ INC യും സംസ്ഥാന നഴ്‌സിംഗ് കൗണ്‍സിലും ഇല്ലാതാവും. മാത്രവുമല്ല സംസ്ഥാനങ്ങളുടെ പങ്കു തന്നെ ഇല്ലാതാവുകയുമാണ്. ബില്ലിലെ ആദ്യ വ്യവസ്ഥ രാജ്യത്താകമാനം ഒരേ നിലവാരത്തില്‍ നഴ്‌സിംഗ് വിദ്യാഭ്യാസം പരിഷ്‌ക്കരിക്കും എന്നതാണ്. മറ്റു സംസ്ഥാനങ്ങളെ സംബന്ധിച്ച് കേരളം നഴ്‌സിങ്ങിന്റെ ഹബ്ബ് ആണ്. സര്‍വീസ് രംഗത്തും നഴ്‌സിംഗ് വിദ്യാഭ്യാസ രംഗത്തും ലോകപ്രശസ്ത കേരള ആരോഗ്യ മോഡല്‍, അതാണ് തച്ചുടക്കാന്‍ പോകുന്നത്. കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുന്ന ഒരു അധ്യക്ഷന്റെ നേതൃത്വത്തില്‍ ആയിരിക്കും ഈ കമ്മിഷന്‍. സ്വതന്ത്ര ബോര്‍ഡുകള്‍ രൂപീകരിച്ചുകൊണ്ട് ഒരു ചെയര്‍മാനേയും രണ്ടു മെമ്പര്‍മാരേയും ഉള്‍കൊള്ളുന്നതായിരിക്കും ഈ ബോര്‍ഡുകള്‍.
1) Nursing UG Education Board
2) Nursing and Midwifery PG Board
3) Nursing Assessment and Rating Board
4) Ethics and Registration Board
രാജ്യത്താകമാനം ഒരൊറ്റ രെജിസ്‌ട്രേഷനും, ഒരു പൊതുപരീക്ഷയും, ഒരു എക്‌സിറ്റ് എക്‌സാമിനേഷനുമാണ് ശുപാര്‍ശ ചെയ്യുന്നത്. വിദേശത്തു നിന്ന് പഠിച്ചുവരുന്നവര്‍ക്കും റജിസ്‌ട്രേഷന്‍ ഉണ്ടാവുമെന്ന് പറയുന്നു. പിന്നീട് പറയുന്നു നഴ്‌സിംഗ് ആന്‍ഡ് മിഡ് വൈഫറി അഡൈ്വസറി കൗണ്‍സില്‍ ഉണ്ടാകുന്നമെന്ന്. അക്കൗണ്ടുകള്‍ ഒക്കെ ഓഡിറ്റ് ചെയ്യുന്നതിന് വ്യവസ്ഥകള്‍ ഉണ്ടായിരിക്കും എന്നും പറയുന്നു. റജിസ്‌ട്രേഷന്‍ ഡീറ്റെയില്‍സ് എല്ലാവര്‍ക്കും അറിയാവുന്ന രീതിയില്‍ പ്രസിദ്ധീകരിക്കുമെന്ന് പറയുന്നു.

അപാകതകളായി ഒട്ടനവധി കാര്യങ്ങള്‍ ചൂണ്ടികാണിക്കാനുണ്ട്. ആരോഗ്യ സര്‍വീസ് രംഗവും വിദ്യാഭ്യാസരംഗവും ലോക അംഗീകാരം നേടിയതാണ്. ഇതിനെ പൊളിച്ചെഴുതാനാണ് പുതിയ തീരുമാനം. സെലക്ഷന്‍ കമ്മീഷന്റെ അംഗങ്ങളെ നിയമിക്കുന്നത് കേന്ദ്രസര്‍ക്കാരാവുന്നതോടെ ഇലക്റ്റഡ് ബോഡികള്‍ ഇല്ലാതാവുകയും, പൂര്‍ണ മേധാവിത്വം കേന്ദ്ര ഗവണ്മെന്റ് നോമിനികള്‍ക്കാവുകയും ചെയ്യും.

സംസ്ഥാനങ്ങളെ ആറ് കോര്‍പ്പറേറ്റ് സോണുകളാക്കി മാറ്റി രണ്ടുവര്‍ഷത്തെ കാലാവധി നിശ്ചയിക്കുമ്പോള്‍, ഇത്തരം റോട്ടേഷന്‍ വ്യവസ്ഥയില്‍ കേരളത്തിന് പ്രാധാന്യം കിട്ടാതെ പോകും. അതുമാത്രമല്ല എക്‌സ് ഒഫീഷ്യോ മെമ്പര്‍ ആയി കേരളത്തില്‍ നിന്ന് ആകെ ശ്രീചിത്തിരയിലെ നഴ്‌സിംഗ് ഓഫീസറെ മാത്രമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് സര്‍വീസിനെയോ, ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനെയോ, ജോയിന്റ് ഡയറക്ടര്‍ ഓഫ് നഴ്‌സിംഗ് എഡ്യൂക്കേഷനെയോ ഉള്‍പെടുത്തിയിട്ടില്ല. ഡല്‍ഹി ആസ്ഥാനമാക്കിയ ഒരു കേന്ദ്രീകൃത കോക്കസിന്റെ നിയന്ത്രണത്തിലാവും കാര്യങ്ങള്‍ തീരുമാനിച്ചു നടപ്പാക്കുന്നത്.

ഏറ്റവും വലിയ അപാകത സര്‍വീസ് രംഗത്തെ കുറിച്ച് ഒന്നും തന്നെ പ്രതിപാദിച്ചിട്ടില്ല എന്നതാണ്. രോഗി-നേഴ്‌സ് അനുപാതത്തെക്കുറിച്ചോ നഴ്‌സമാരുടെ സേവന, വേതന വ്യവസ്ഥകളെ കുറിച്ചോ, റിക്രൂട്‌മെന്റിനെ കുറിച്ചോ, ജോലിയുടെ പ്രൊമോഷന്‍ സാധ്യതകളെ കുറിച്ചോ ഒന്നും പറഞ്ഞിട്ടില്ല. പക്ഷെ, തൊഴിലാളി വിരുദ്ധ സമീപനത്തിന് ഉതകുന്ന രീതിയില്‍ സംഘടനകളെ അനുവദിക്കില്ല എന്ന പരോക്ഷമായ സൂചനയും ഇതിലുണ്ട്. ഏതെങ്കിലും സര്‍വീസ് പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ നീതി ന്യായ വ്യവസ്ഥയെ സമീപിക്കാന്‍ പാടില്ലെന്ന് വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്.
ഇന്ത്യയിലെ 1958 നഴ്‌സിംഗ് സ്ഥാപനങ്ങളില്‍ 92 ശതമാനവും സ്വകാര്യ മേഖലയില്‍ ആണ്. അവിടുത്തെ നഴ്‌സമാരുടെ അവകാശങ്ങളെ കുറിച്ചോ വിദ്യാഭ്യാസ പ്രാതിനിധ്യത്തെക്കുറിച്ചോ ഒരു നിര്‍ദ്ദേശം പോലും നല്‍കിയിട്ടില്ല.
എന്‍ട്രന്‍സ് ടെസ്റ്റും എക്‌സിറ്റ് ടെസ്റ്റും നിര്‍ബന്ധം ആക്കപ്പെടുമ്പോള്‍ ഇതിനു വേണ്ടി നഴ്‌സുമാരെ സജ്ജരാക്കാന്‍ സ്വകാര്യ സ്ഥാപനങ്ങള്‍ തഴച്ചു വളരുകയും ഇരട്ടി ചൂഷണത്തിന് നഴ്‌സുമാര്‍ വിധേയരാകേണ്ടിയും ചെയ്യും. മാത്രമല്ല ഒരേ സമയത്ത് എക്‌സിറ്റ് എക്‌സാം നടത്താന്‍ സാധിക്കുന്ന സാഹചര്യം ഉണ്ടാവും എന്ന് പറയുന്നത് അസംബന്ധം ആണ്. കാരണം, പരീക്ഷകള്‍ എപ്പോള്‍ നടത്തണം, എങ്ങനെ നടത്തണം, എത്ര ചാന്‍സ് ഉണ്ട് എന്നൊന്നും സൂചിപ്പിച്ചിട്ടില്ല. എന്‍ട്രന്‍സ് എക്‌സാം ആര് നടത്തുമെന്ന് പറഞ്ഞിട്ടില്ല. കോളേജുകള്‍ക്ക് അനുമതി ആര് നല്‍കും എന്ന് വ്യക്തതയില്ല.
കേന്ദ്ര കമ്മഷീന്റെ അംഗീകാരത്തോടെ മൂന്ന് അംഗങ്ങളെ സംസ്ഥാന സര്‍ക്കാര്‍ കമ്മിഷന് നിയമിക്കാം എന്ന് പറയുന്നു, അതേ സമയത്ത് സ്റ്റേറ്റ് കമ്മിഷനെക്കുറിച്ചു പരാമര്‍ശവുമില്ല. ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയായാണ് ഇതിനെ കാണേണ്ടത്. കമ്മീഷന്റെ ഫണ്ട് എങ്ങനെ കണ്ടെത്തുമെന്നതിനെ കുറിച്ചും സൂചന ഇല്ല.

നഴ്‌സ് സ്വകാര്യ പ്രാക്ടീഷനര്‍ സമ്പ്രദായം എങ്ങനെ നടപ്പാക്കുമെന്ന് വിശദീകരിച്ചിട്ടില്ല. നഴ്‌സിംഗ് യൂണിവേഴ്‌സിറ്റികളെ കുറിച്ചോ, ഗവേഷണ രംഗത്തെ കുറിച്ചോ സൂചനയില്ല.
കമ്മ്യൂണിറ്റി ഹെല്‍ത്ത് ഏരിയയുടെ പ്രാധാന്യം ഈ മഹാമാരിയുടെ കാലത്ത് നാം തിരിച്ചറിഞ്ഞതാണ്. 1957 തൊട്ട് ആരോഗ്യ മേഖലയിലെ അടിത്തട്ടിലെ ഇടപെടലുകള്‍ ആണ് സാധാരണക്കാരില്‍ സാധാരണക്കാരുടെ ആരോഗ്യം സംരക്ഷിക്കുന്നത്. ആ ഒരു തിരിച്ചറിവോ പരിഗണനയോ ഈ കരട് രേഖയില്‍ വിഷയം പോലുമല്ല. ഇത് സൂചിപ്പിക്കുന്നത് കമ്മ്യൂണിറ്റി നഴ്‌സിങ്ങിനെ പാടേ നിരാകരിക്കാനുള്ള സാധ്യത ആണ്.
നാഷണല്‍ ഹെല്‍ത്ത് മിഷന്‍ സംസ്ഥാന ആരോഗ്യ മേഖലയില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ ആണ് നടത്തുന്നത്. ആ NHM-നെ കുറിച്ചോ അതിന്റെ ഭാവി സാധ്യതകളെ കുറിച്ചോ സൂചിപ്പിച്ചിട്ടില്ല.
ഇന്ത്യയിലെ 1958 നഴ്‌സിംഗ് സ്ഥാപനങ്ങളില്‍ നിന്ന് പഠിച്ച ഇറങ്ങുന്നത് 3 ലക്ഷം നേഴ്‌സുമാരാണ്. ഇന്ത്യയിലെ 20ലക്ഷത്തിലധികം നഴ്‌സുമാരില്‍ 12 ലക്ഷത്തിന്റെയും ജന്മദേശം കേരളമാണ്. ലോകത്താകമാനം ജോലി ചെയുന്ന മലയാളി നഴ്‌സുമാര്‍ കേരളത്തിന്റെ സാമ്പത്തിക ഭദ്രതയുടെ അടിത്തറയാണ്. കേരളത്തിലെ 124 നഴ്‌സിംഗ് കോളേജില്‍ നിന്ന് ഒരു വര്‍ഷം 17,000 ഡിഗ്രി നഴ്‌സുമാരും, 134 സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങില്‍ നിന്ന് 6000 ഡിപ്ലോമ നഴ്‌സുമാരും പഠിച്ചിറങ്ങുന്നുണ്ട്. ഇവരുടെയൊക്കെ മേധാവിത്വം കൈക്കലാക്കാന്‍ സംഘപരിവാരം നടത്തുന്ന ഗൂഢാലോചനയുടെ ആദ്യ പടിയാണ് ഈ കരട്. വിശദമായ ചര്‍ച്ചയോ കൂടിയാലോചനയോ സംസ്ഥാന സര്‍ക്കാറുകളുടെ നിര്‍ദ്ദേശങ്ങളോ ഒന്നും സ്വീകരിക്കാതെയാണ് ഈ കരട് പുറത്തിറക്കിയിരിക്കുന്നത്. പാര്‍ലമെന്റിലെ ഭൂരിപക്ഷം വെച്ച് ജനവിരുദ്ധ നയങ്ങള്‍ പാസ്സാക്കുന്ന അതേ ലാഘവത്തോടെ ഈ ബില്ലും പാസ്സാക്കിയാല്‍ ഈ രംഗവും പൂര്‍ണമായും കേന്ദ്ര ഗവര്‍ണ്മെന്റ്‌ന്റെ കുത്തകയിലാവും. ഇതിനെതിരെ വലിയ രീതിയിലുള്ള പൊതുജന അഭിപ്രായങ്ങള്‍ ഉയര്‍ന്നു വരേണ്ടതുണ്ട്. ഒരു മഹാമാരിയുടെ കാലത്ത് കേരളത്തിന്റെ പൊതുജന ആരോഗ്യ മേഖലയുടെ പ്രസക്തി ലോകം മുഴുവന്‍ അംഗീകരിച്ചതാണ്. ആ രംഗത്തെ നട്ടെല്ലായ നഴ്‌സുമാരെ അടര്‍ത്തി മാറ്റാനുള്ള ശ്രങ്ങള്‍ക്കെതിരെ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നു വരേണ്ടതുണ്ട്.
കേരള നേഴ്‌സസ് ആന്‍ഡ് മിഡ്വൈവ്‌സ് കൗണ്‍സില്‍ (KNMC) പ്രസിഡന്റാണ് ലേഖിക
രാകേഷ് കെ.പി
Dec 16, 2020
10 Minutes Read
എസ്. അനിലാൽ
Dec 11, 2020
12 Minutes Read
ഡോ. എം. മുരളീധരന്‍
Nov 25, 2020
9 Minutes Read
ഡോ.കെ.പി. അരവിന്ദൻ
Nov 21, 2020
3 Minutes Read