ഇടുതപക്ഷ സര്‍ക്കാറിനെ 'ഇക്ഷ.. ഇഞ്ഞ' വരപ്പിച്ച അയ്യപ്പനെക്കുറിച്ചൊന്നും ആരും ചര്‍ച്ച ചെയ്യാറേയില്ല. കാലത്ത് ഉഷഃപൂജയ്ക്ക് കിണ്ടിയില്‍ പൂവും വെള്ളവുമായി വരുന്ന മേല്‍ശാന്തിയോട് ഗുരുവായൂരപ്പന്‍ ചോദിക്കുന്നത് ഇങ്ങനെയായിരിക്കാം: 'കൈയൊക്കെ സോപ്പിട്ട് കഴുകിയിട്ടില്ലേ തിരുമേനി?' മെക്കയും മദീനയും ഒരു ദിവസം പൂട്ടിയിട്ടാല്‍ അന്നത്തോടെ ലോകാവസാനമാണെന്നായിരുന്നു ഇതുവരെയുള്ള വിശ്വാസം. ഇപ്പോള്‍ ഒരുമാസത്തോളമായി, ലോകത്തിന് വലിയ കുഴപ്പമൊന്നും സംഭവിച്ചിട്ടില്ല.
14 Apr 2020, 09:09 AM
ലോക്ഡൗണ്‍ വീണതിന്റെ പിറ്റേന്ന് കാലത്ത് വീട്ടുമുറ്റത്തേക്ക് നോക്കിയപ്പോള്‍ പൂവാകയുടെ കൊമ്പില്‍ അതാ ഇരിക്കുന്നു ആറ് ചെമ്പോത്തുകള്‍!
കാറ്റില്‍പെട്ട തൂവാല പോലെ ചില്ലകളില്‍ നിന്ന് ചില്ലകളിലേക്ക് പാറിയും ഒച്ചവെച്ചും കൊമ്പുകളില്‍ കൊക്കുകള്‍ ഉരച്ചും അവ എനിക്ക് മംഗളകരമായ ഒരു സുപ്രഭാതം സമ്മാനിച്ചു.
ഒരു വഴിക്ക് പുറപ്പെടുമ്പോള്‍ ചകോരങ്ങളെ കണികാണുന്നത് പൊതുവെ ശുഭകാര്യലബ്ധി വരുത്തുമെന്നാണ് പുരാണ കഥകള്‍ പോലും പറയുന്നത്. കുചേലന്‍ കൃഷ്ണനെ കാണാന്‍ പോയപ്പോള്‍ അദ്ദേഹത്തെ ഒരു ചെമ്പോത്തുകൂടി അനുഗമിച്ചിരുന്ന കാര്യം നമ്മള്‍ സ്‌കൂളില്‍ പഠിച്ചിട്ടുണ്ട്. അങ്ങനെ നോക്കിയാല്‍ നാല്‍പത് ദിവസത്തെ ലോക്ഡൗണ്‍ ഇന്ത്യയ്ക്ക് നല്ലതേ വരുത്തൂവെന്ന് എന്റെ മനസ്സ് പറഞ്ഞു.
തൃശൂര്‍ നഗരത്തില്‍ നിന്ന് മൂന്നുകിലോമീറ്റര്‍ മാറി മാവ്, പ്ലാവ്, തെങ്ങ്, എലവങ്കം, പാഷന്‍ ഫ്രൂട്ട്, പവഴമല്ലി ഇത്യാദി മരങ്ങളുടെ നിഴലിനുതാഴെ ഇരുപത്തിയഞ്ച് സെന്റിനകത്താണ് എന്റെ ഭാര്യവീട്. വിവാഹിതനായി വന്നുകയറിയശേഷം ഒന്നോ രണ്ടോ തവണയല്ലാതെ ഒരു ചെറിയ ചെമ്പോത്തിനേയും ഞാനിതുപോലെ കൂട്ടത്തോടെ കണ്ടിട്ടില്ല. ഉപ്.. ഉപ് എന്ന് ഒരിക്കല്‍പ്പോലും അവ ഒച്ചവെക്കുന്നത് കേട്ടിട്ടില്ല.
ഇക്കാര്യം നേരിട്ട് ചോദിച്ചാല്‍ ചെമ്പോത്തുകള്‍ നല്‍കുന്ന ഉത്തരം "നീയൊക്കെ അതിന് ഒരു ഗ്യാപ്പ് തന്നിട്ടുവേണ്ടേ' എന്നായിരിക്കും.
ചെമ്പോത്ത് പറയുന്നതിലും കാര്യമുണ്ട്.
ചിറക് തുറന്നൊന്നു പറക്കാന്‍, കണ്ണിലെ പ്രണയത്തിന്റെ കനത്ത ചുവപ്പിലേക്ക് തന്റെ ഇണയെ ഒന്നുചേര്‍ത്തു പിടിക്കാന്‍, ജനുവരിയിലെ മഞ്ഞില്‍ നനഞ്ഞുകുതിര്‍ന്ന തൂവലുകളെ ഒരുമ്മകൊണ്ട് ഉണക്കിയെടുക്കാന്‍, മാര്‍ച്ചില്‍ അവളിട്ട മുട്ടകളിലെ വെളുത്ത ജനല്‍വിരി നീക്കി സ്വന്തം മക്കളെ ഒന്നുകാണാന്‍, ഈ ലോകം വെട്ടിപ്പിടിക്കാനുള്ള മരണപ്പാച്ചിലിനിടയില്‍ എന്നെങ്കിലും നമ്മളൊരവസരം അവര്‍ക്ക് നല്‍കിയിട്ടുണ്ടോ!
ഞാന്‍ കാതോര്‍ത്തു.
അയല്‍പക്കത്തെ മാവിലിരുന്ന് ഒരണ്ണാന്‍ കുറേനേരമായി ചിലക്കുന്നു. അവന്റെ കൂട്ടുകാരിയാകട്ടെ ഓരോന്നിനും ഹൃദ്യമായി മറുപടി പറയുന്നുമുണ്ട്. ഒരുപക്ഷേ അവന്‍ എന്നും ഈ നേരത്ത് ഇതൊക്കെത്തന്നെ പറയുന്നുണ്ടാവും. പക്ഷേ അവളിലേക്ക് ഈ നഗരബഹളങ്ങള്‍ക്കിടയില്‍ നിന്ന് ഒന്നും എത്തുന്നുണ്ടാവില്ല. സൈലന്‍സര്‍ മുറിച്ചെടുത്ത ഒരു ബുള്ളറ്റിലോ ബസ്സിന്റെ ടയറിനടിയിലോ പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് പുതുക്കാത്ത ഓട്ടോവിന്റെ കരിമ്പുകയിലോ തട്ടി അതൊക്കെ വീണുപോയിരിക്കാം.
പത്രവിതരണക്കാരന്‍ ശിവരാമന്റെ സ്‌കൂട്ടര്‍ വന്നുപോയതോടെ റോഡിപ്പോള്‍ പൂര്‍ണ നിശബ്ദതയിലാണ്. കാലത്ത് പൂവരശില്‍ നിന്നുവീണ ഇലകളും പൂവുകളുമൊക്കെ ചതയാതെ അതേപോലെ റോഡില്‍ കിടപ്പുണ്ട്.
ചൂടായ ഇരുമ്പുചട്ടിയിലേക്ക് അപ്പുറത്തെ ഫ്‌ളാറ്റിലെ സ്ത്രീ ദോശമാവ് കോരിയൊഴിക്കുന്ന ശബ്ദം എനിക്കിപ്പോള്‍ കേള്‍ക്കാം. മുകള്‍നിലയില്‍ നിന്ന് ഭാര്യ ബ്രഷിലേക്ക് പകരുന്ന സെന്‍സൊഡൈന്‍ പേസ്റ്റിന്റെ മണം ഗോവണിയിറങ്ങി സിറ്റൗട്ടിലേക്ക് വരുന്നുണ്ട്.
ഒരു ഒച്ച് തികച്ചും ശാന്തനായി റോഡ് മുറിച്ച് വാസുദേവന്‍ ചേട്ടന്റെ വീടിനു നേരെ പോയി. വഴിയില്‍ അതു ബാക്കിവെച്ച പശ കാറ്റില്‍ പതുക്കെ ഉണങ്ങിത്തുടങ്ങിയതും ചെമ്പോത്തിലൊരെണ്ണം മരത്തില്‍ നിന്ന് ഇണയോടൊപ്പം മുറ്റത്തേക്കിറങ്ങി. കീടങ്ങളില്‍ ചിലതിനെ കൊക്കിലെടുത്ത് കൊറിക്കുന്നതിനിടയില്‍ അവ എന്റെ അസ്വസ്ഥതയിലേക്ക് പരിഹാസത്തോടെ നോക്കുന്നത് ഞാന്‍ കണ്ടു.
'ഒറ്റദിവസം പിടിച്ച് അകത്തിട്ടപ്പോഴേക്കും എന്തൊരു പ്രയാസമാണെന്നു നോക്കിയേ. അപ്പോ നീയൊക്കെ ചേര്‍ന്ന് ഫുള്‍ടൈം ലോക്ഡൗണിലാക്കിയ ഞങ്ങളെ കാര്യമോ. എടോ പക്ഷിയായാലും മനുഷ്യനായാലും സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാകണമെങ്കില്‍ അത് നഷ്ടപ്പെടണം'
പത്രവായന കഴിഞ്ഞ് കൈ ഇരുപത് സെക്കന്റ് സോപ്പിട്ടു കഴുകി.
സാനിറ്റൈസര്‍ ഒന്നുരണ്ട് തുള്ളി മൊബൈലില്‍ തളിച്ച് വൃത്തിവരുത്തിയശേഷം എന്റെ സുഹൃത്തും ഖത്തറില്‍ ഏന്‍ജിനീയറുമായ ശ്രീനാഥിന് അന്നു കണ്ടതും ചിന്തിച്ചതുമായ കാര്യങ്ങളൊക്കെവെച്ച് ഒരു വോയിസ് മെസേജ് വിട്ടു.
കുറച്ചു കഴിഞ്ഞപ്പോള്‍ സ്വതസിദ്ധമായ ചിരിയോടെ ശ്രീനാഥിന്റെ മറുപടി വന്നു: "നീ പറഞ്ഞപ്പോഴാണ് ഞാന്‍ ഉപ്പന്റെ (ചെമ്പോത്ത്) കാര്യം ആലോചിച്ചത്. ശരിക്ക് പറഞ്ഞാ ഉപ്പനെ കണ്ടകാലം തന്നെ മറന്നു. കഴിഞ്ഞ ഒന്നുരണ്ട് ദിവസമായി നീ പറഞ്ഞ കാര്യം തന്നെയാണ് ഞാനും ആലോചിച്ചുകൊണ്ടിരിക്കുന്നത്. ഓഫീസില്‍ വെറുതേയിരുന്നപ്പോള്‍ ഒരു കടലാസ് എടുത്ത് അതൊക്കെ കുറിച്ചുവെയ്ക്കുകയും ചെയ്തു. പ്രകൃതിയെ സംബന്ധിച്ചിടത്തോളം മനുഷ്യന്‍ ഒരു വൈറസ്സും കൊവിഡ് ഒരു ആന്റിബോഡിയുമാണ്. പ്രകൃതിക്കിട്ട് പണി കൊടുത്തുകൊണ്ടാണല്ലോ ഇതുവരെയുള്ള മനുഷ്യന്റെ വളര്‍ച്ച. ഉദാഹരണമായി പറയുകയാണെങ്കില്‍ മനുഷ്യനൊരു അനിമലിസ്റ്റിക് ലൈഫ് തുടര്‍ന്നിരുന്ന സമയത്ത് നമ്മുടെ ലൈഫ് സ്പാന്‍ എന്നു പറയുന്നത് ഒരു തേര്‍ട്ടി ടു ഫോര്‍ട്ടി ഇയേഴ്‌സായിരുന്നു. നാല്പതെന്നൊക്കെ പറഞ്ഞാല്‍ വയസ്സന്മാരായി. ഇന്ന് ഇറ്റലിയിലും ഫ്രാന്‍സിലുമൊക്കെ നാല്‍പതിനും അമ്പതിനും ഇടയിലുള്ളവരൊക്കെ ചെറുപ്പക്കാരാണ്. പണ്ട് മനുഷ്യന്മാരെ കൃത്യസമയത്ത് മൂക്കില്‍ പഞ്ഞിവെച്ച് കിടത്തി സോഷ്യല്‍ ബാലന്‍സിംഗ് നടത്തിക്കൊണ്ടിരുന്നവരാണ് ഈ വൈറസുകള്‍.
മനുഷ്യന്‍ ഇവര്‍ക്കെതിരെ ശക്തിനേടി ഇതിനെയൊക്കെ അടിച്ചമര്‍ത്തിയിട്ടാണ് നമ്മുടെ ലൈഫ് സ്പാന്‍ അന്‍പതും അറുപതും എഴുപതും എണ്‍പതുമൊക്കെയാക്കി മാറ്റിയത്.
ഇപ്പൊ നോക്കുക, ഇപ്പൊ ശരിക്കും പറഞ്ഞാ ഈ കോവിഡ് അറ്റാക്കിന്റെ വലിയൊരു സ്‌പെഷ്യാലിറ്റി എന്നു പറയുന്നത്, അത് വൈറസിനോട് പട പൊരുതി മനുഷ്യന്റെ ലൈഫ് സ്പാന്‍ വര്‍ധിപ്പിച്ച വികസിത രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ ആഘാതം ഉണ്ടാക്കിയിരിക്കുന്നത്. ചൈനയില്‍ വുഹാനില്‍ മാത്രമേ അത് അലമ്പുണ്ടാക്കിയിട്ടുള്ളൂ. ഫ്രാന്‍സിന്റെയും ഇറ്റലിയുടേയും ബ്രിട്ടന്റെയും അമേരിക്കയുടേയും കാര്യം അങ്ങനെയല്ല. പരന്നാണ് അറ്റാക്ക് ചെയ്തിരിക്കുന്നത്.
ശ്രീനാഥിന്റെ കണ്ടെത്തല്‍ നൂറ് ശതമാനം ശരിയാണെന്ന് എനിക്കും തോന്നി.
മാതൃഭൂമി ബുക്‌സിന്റെ എഡിറ്റര്‍മാരിലൊരാളായ സുരേഷ് ഒരിക്കല്‍ പറഞ്ഞത് ഓര്‍മയുണ്ട്, ലോകത്ത് ഇന്നേവരെ നടന്ന യുദ്ധങ്ങളില്‍ ഒന്നും തന്നെ തെറ്റും ശരിയും തമ്മിലായിരുന്നില്ല, മറിച്ച് രണ്ട് ശരികള്‍ക്കുവേണ്ടി ആയിരുന്നു. ഇപ്പോള്‍ കൊറോണയുടെ കാര്യത്തില്‍ നടന്നുകൊണ്ടിരിക്കുന്നതും ഇതൊക്കെത്തന്നെ.
ഒരുഭാഗത്ത് പ്രകൃതി വൈറസിനെവെച്ച് മനുഷ്യനെ കൊല്ലുന്നു, മറുവശത്ത് മനുഷ്യന്‍ ആന്റിബയോട്ടിക്കുകള്‍ ഉണ്ടാക്കി വൈറസിനോട് യുദ്ധം ചെയ്യുന്നു. രണ്ടിലും ശരിയുണ്ട്.
പ്രകൃതിയുടെ കാഴ്ചയില്‍ മനുഷ്യനാണ് കൊവിഡ്- 19 എന്നു പറഞ്ഞുവല്ലോ. മുക്കാല്‍ ലക്ഷത്തോളം ആളുകള്‍ അവരുടെ ശ്വാസകോശത്തില്‍ ബാക്കിവെച്ചിട്ടുപോയ പ്രാണവായു തിരിച്ചറിവിന്റെ കാറ്റായി വന്ന് നാളെ ഈ ലോകത്തെ പൊതിയുമെന്നും അതിലൂടെ വിശ്വസ്‌നേഹത്തിന്റെ പുതുപരാഗണങ്ങള്‍ നടക്കുമെന്നുമൊക്കെ നമ്മള്‍ പ്രതീക്ഷിച്ചുകൊണ്ടിരിക്കേ ചില ആളുകളുടെ സ്വഭാവം കണ്ടാല്‍ മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍ അപകടകാരിയായ ഒരു വൈറസ് തന്നെയല്ലേ എന്ന് തോന്നിപ്പോകും.
പ്രധാനമന്ത്രി ലോക്ഡൗണ്‍ പ്രഖ്യാപിച്ച് രണ്ട് ദിവസം കഴിഞ്ഞതേയുള്ളൂ. പിംഗലകേശിനിയായി തൃശൂര്‍ റൗണ്ടില്‍ പ്രത്യക്ഷപ്പെട്ട മരണത്തെ പേടിച്ച് ഞാന്‍ വീടിന്റെ മേല്‍ നിലയില്‍ നെറ്റ്ഫ്‌ളിക്‌സ് സിനിമകളും അല്ലറചില്ലറ പുസ്തകവായനയുമായി പേടിച്ച് ഒതുങ്ങിയിരിക്കുകയാണ്. അന്നേരത്താണ് താഴെ സ്വീകരണമുറിയില്‍ നിന്നും ഭാര്യയുടെ വിളി
'ഹലോ, നിങ്ങളൊന്നിങ്ങോട്ട് വന്നേ'
കണ്ടുകൊണ്ടിരിക്കുന്ന ഹിന്ദി വെബ്‌സീരീസ് പാതിയില്‍ നിര്‍ത്തി ഈര്‍ഷ്യയോടെ ഞാന്‍ താഴോട്ടിറങ്ങി. കയ്യില്‍ മൊബൈലുകളുമായി ഇടിവെട്ടിയതുപോലെ ഇരിക്കുകയാണ് ഭാര്യ. മുന്നില്‍ ചെറുതും വലുതുമായി രണ്ട് മൂന്ന് ബാഗുകളും കിടപ്പുണ്ട്.
'നീയെന്താ കൊറോണയെ പേടിച്ച് നാടുവിട്ട് പോണോ?' എന്ന എന്റെ തമാശയ്ക്ക് ഉത്തരം പറയാതെ അവള്‍ സിറ്റൗട്ടില്‍ അലക്കിത്തേച്ച ഷര്‍ട്ടും ഉടയാത്ത മുണ്ടുമായി കാലിനുമേല്‍ കാല്‍ കയറ്റിവെച്ച് പൂവരശിലേക്ക് നോക്കി നില്‍ക്കുന്ന കുഞ്ഞമ്മാവന്റെ അടുത്തേക്ക് എന്നെയും കൂട്ടിനടന്നു.
ഞങ്ങളെ അയല്‍ക്കാരി ലീനാകുമാരിയുടെ വീട്ടിലെ കാര്യസ്ഥനാണ് കുഞ്ഞമ്മാവന്‍. ഈ പട്ടാമ്പിക്കാരന്‍ ഇവിടെ വന്നിട്ട് ഏതാണ്ട് പത്തിരുപത് വര്‍ഷമായിക്കാണും. ഇപ്പോള്‍ വയസ്സ് എണ്‍പതു കഴിഞ്ഞു. എങ്കിലും കഴിഞ്ഞവര്‍ഷം വരെ പ്രായത്തിന്റെ പാരവശ്യങ്ങളൊന്നുമില്ലാതെ അടുക്കളയിലും പറമ്പിലുമായി പാഞ്ഞുനടന്നിരുന്ന കുഞ്ഞമ്മാവന്റെ ഇരുചെവികളും പെട്ടെന്നൊരു ദിവസം പണിമുടക്കി.
അതോടെ അക്ഷരസ്ഫുടത നഷ്ടപ്പെട്ട നാവ്, മുറിഞ്ഞുവീണ ഗൗളിവാല്‍ പോലെ വായില്‍ കിടന്ന് വെറുതേ പിടച്ചുകൊണ്ടിരുന്നു.
എങ്കിലും ടൈല്‍സ് വിരിച്ച മുറ്റത്ത് ഒരു മാവില വീണാല്‍ ഏത് ഉച്ചയുറക്കത്തില്‍ നിന്നും കുഞ്ഞമ്മാവന്‍ ഞെട്ടിയുണരും. വീടിനോട് ഇത്രക്ക് സ്‌നേഹവും വിധേയത്വവും പുലര്‍ത്തുന്ന മറ്റൊരു കാര്യസ്ഥനേയും ഞാനിന്നുവരെ കണ്ടിട്ടില്ല. പൊതുവേ പിശുക്കനായ കുഞ്ഞമ്മാവന് ഇടക്ക് ഒരു ദാനശീലം വന്നുകേറും. വീട്ടുകാര്‍ ഉപേക്ഷിച്ച ചീഞ്ഞ പഴങ്ങളും പച്ചക്കറികളുമൊക്കെ വാരിക്കെട്ടി അടുത്ത വീടുകളില്‍ കൊണ്ടുപോയി കൊടുക്കുന്ന പരിപാടിയാണിത്. വയസ്സായ മനുഷ്യനെ വിഷമിപ്പിക്കേണ്ടല്ലോ എന്നുകരുതി പലരും അത് സവിനയം സ്വീകരിച്ച് മൂപ്പര് തിരിച്ചുപോയതും എല്ലാം എടുത്ത് വെയ്സ്റ്റ് ബിന്നിലിടും.
ലീനമോള്‍ക്ക് രണ്ട് മക്കളാണ്. ഭര്‍ത്താവ് കൊല്ലത്തില്‍ നാലഞ്ചുതവണ വിദേശത്തുനിന്ന് നാട്ടിലെത്തി തിരിച്ച് പോകാന്‍ മാത്രം കാശൊക്കെയുണ്ടാക്കി രക്ഷപ്പെട്ട പാര്‍ട്ടിയാണ്. പിന്നെയുള്ളത് ലീനമോളുടെ അമ്മ. അവര്‍ക്കും കുഞ്ഞമ്മാവനും തമ്മില്‍ രണ്ട് മാസത്തെ വ്യത്യാസമേയുള്ളൂ. പലവിധ അസുഖങ്ങള്‍ നിമിത്തം അവരെ അധികം പുറത്ത് കാണാറില്ല.
'ഇപ്പൊ പട്ടാമ്പീന്ന് ഒരു ഓട്ടോവന്ന് കുഞ്ഞമ്മാവനെ ഗേറ്റിന്റെ മുമ്പില്‍ ഇറക്കിവിട്ട് ഒരുപോക്കുപോയി', ഭാര്യ എന്റെ ചെവിയില്‍ മന്ത്രിച്ചു.
'നോക്കിയപ്പോ വീട് പൂട്ടിക്കിടക്കുന്നു'
'അപ്പൊ ലീനയെവിടെ', ഞാന്‍ ചോദിച്ചു.
'ഞാനിപ്പൊ വിളിച്ച് വെച്ചതേയുള്ളൂ. എന്നിട്ടാണ് നിങ്ങളെ വിളിച്ചത്.'
ചുരുക്കത്തില്‍ സംഭവിച്ചത് ഇങ്ങനെയാണ്.
ലീനയേയും കുടുംബത്തേയും സ്വന്തം വീടിനേയും വീട്ടുകാരേയും പോലെ നോക്കിയും കണ്ടും സേവിച്ച് പോന്ന ഈ പാവം മനുഷ്യനെ എങ്ങനെയെങ്കിലും ഒഴിവാക്കണമെന്ന് ഭര്‍ത്താവുമായി ചേര്‍ന്ന് ലീനമോള്‍ ആലോചിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം ഒന്നായി.
മക്കളെ വിളിച്ച് ചോദിച്ചപ്പോള്‍ അച്ഛനെ അവര്‍ക്ക് വേണ്ട. വന്നുവന്ന് ഒരിലപോലും പെറുക്കിയെടുക്കാന്‍ പറ്റാത്തവിധം കുഞ്ഞമ്മാവന്റെ ശരീരവും ക്ഷീണിച്ചു തുടങ്ങുകയാണ്. ഏതെങ്കിലും അനാഥാലയത്തില്‍ കൊണ്ട് വിടാമെന്നു പറഞ്ഞാല്‍ ചെലവിനു കൊടുക്കേണ്ടിവരും.
എന്തു ചെയ്യണമെന്നറിയാതെ തലപുകഞ്ഞിരിക്കുമ്പോഴാണ് തേടിയ വള്ളിപോലെ കോവിഡ് വന്ന് കാലില്‍ ചുറ്റിയത്. ലീനമോളുടെ തലയില്‍ ലഡുപൊട്ടി. അവര്‍ ഫോണെടുത്ത് റസിഡന്റ്സ് അസോസിയേഷന്‍ സെക്രട്ടറിയെ വിളിച്ചു. 'കുഞ്ഞമ്മാവന് നല്ല ചുമ. കൊറോണയാണോ എന്നൊരു ഡൗട്ട് ഉണ്ട്'.

മറുതലയ്ക്കല്‍ സെക്രട്ടറി ഞെട്ടി.
'വീട്ടില്‍ വയസ്സായ അമ്മയുള്ളതുകാരണം സംഗതി പുലിവാലാകും', ലീനയോട് പറഞ്ഞു.
'ഭയമില്ല, പക്ഷേ കരുതല്‍ വേണമല്ലോ. അതോണ്ട് കുഞ്ഞമ്മാവനെ ഞാനിപ്പോള്‍ ഒരു ഡോക്ടറെ കാണിച്ച് എത്രയും പെട്ടെന്ന് പട്ടാമ്പിയിലെ മകന്റെയടുത്ത് വിട്ട് കോറണ്ടൈനിലാക്കാന്‍ പോവുകയാണ്'.
ഇതൊക്കെ തന്നോടെന്തിനാണ് പറയുന്നത് എന്ന് മനസ്സിലായില്ലെങ്കിലും ലീനമോള്‍ പറഞ്ഞതിനൊക്കെ സെക്രട്ടറി രഞ്ജിത്ത് യെസ്... മാഡം... യെസ്... മാഡം എന്ന് പച്ചക്കൊടി വീശിക്കൊണ്ടിരുന്നു.
ലീനവേഗം ചെന്ന് കുഞ്ഞമ്മാവന്റെ തുണിയും കോണാനുമൊക്കെ എടുത്ത് ബാഗിലും പെട്ടിയിലുമായി നിറച്ച് ഒരു ടാക്‌സി വിളിച്ച് നേരെ പട്ടാമ്പിയിലേക്ക് വിട്ടോളാന്‍ പറഞ്ഞു.
ലീനയാകട്ടെ വീടും പൂട്ടി അമ്മയേയും മകളേയും കൂട്ടി, കഴിഞ്ഞ പ്രളയകാലത്ത് വെള്ളം പൊങ്ങിയപ്പോള്‍ വാങ്ങിയിട്ട, പുഴയ്ക്കലിലെ ആഡംബര ഫ്‌ളാറ്റിലേക്ക് മുങ്ങി.
ഒരു കനത്ത ചുമയോടെ മേലേപട്ടാമ്പിയില്‍ വന്നിറങ്ങിയ അച്ഛനെ അടുത്ത ചുമയ്ക്കുമുമ്പ് മകന്‍ എടുത്ത് ഓട്ടോറിക്ഷയിലിട്ട് റിട്ടേണ്‍ വിട്ടു. ഓട്ടോവില്‍ നിന്നിറങ്ങി വന്നിട്ടുള്ള ഇരിപ്പാണിത്.
അതുകണ്ടപ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത വിഷമം തോന്നി.
"കുഞ്ഞമ്മാവന്‍ തിരിച്ചുവന്നകാര്യം വിളിച്ചറിയിച്ചപ്പോള്‍ ലീന പറഞ്ഞതെന്താണെന്നു കേള്‍ക്കണോ?'
ഭാര്യ എന്നെപ്പിടിച്ച് മാറ്റിനിര്‍ത്തി.
"പെട്ടിയും ബാഗുമൊക്കെ എടുത്ത് പുറത്തിട്ട് കുഞ്ഞമ്മാവനെ ഗേറ്റിനുവെളിയില്‍ റോഡിലോട്ട് ഇറക്കി വിട്ടോളാന്‍'
അതുകേട്ടതും എനിക്കങ്ങോട്ട് ചൊറിഞ്ഞുവന്നു. ഫോണ്‍ വാങ്ങി ലീനമോളുടെ നമ്പര്‍ ഡയല്‍ ചെയ്തു.
"ഒന്നിവിടം വരെ വന്ന് വീടിന്റെ വാതില്‍ തുറന്നുതന്നിരുന്നുവെങ്കില്‍ കുഞ്ഞമ്മാവനുള്ള ഫുഡ് ഞാനിവിടുന്ന് ഉണ്ടാക്കി കൊടുത്തോളാമെന്നുവരെ പറഞ്ഞതാ. പക്ഷേ ലീനയ്ക്ക് വരാന്‍ പറ്റില്ലെന്ന്. ഫ്‌ളാറ്റീന്ന് ഇവിടേക്ക് രണ്ട് കിലോമീറ്ററല്ലേയുള്ളൂ'.
ഫോണ്‍ അടിക്കുന്നുണ്ട്. കുറച്ചു കഴിഞ്ഞപ്പോള്‍ 'ഹലോ' എന്ന ലീനമോളുടെ മധുരശബ്ദം.
'വീട്ടിലെ പട്ടിക്ക് കൊടുക്കുന്ന പരിഗണനയെങ്കിലും നിങ്ങക്കാ മനുഷ്യന് കൊടുത്തുകൂടെ' ഞാന്‍ ചോദിച്ചു.
'ഒന്നുമില്ലെങ്കിലും പത്തിരുപതുകൊല്ലം നിങ്ങള്‍ക്കൊക്കെ വെച്ച് വിളമ്പിത്തന്ന് വിയര്‍പ്പൊഴുക്കിയ മനുഷ്യനല്ലേ. അയാളെ നിങ്ങള്‍ക്ക് വേണ്ടെങ്കില്‍ അതു പറഞ്ഞപ്പോരേ. എല്ലാം കൂടെ കൊറോണയുടെ തലയില്‍ കെട്ടിവെച്ച് നാട്ടുകാരുടെ മുമ്പില്‍ സ്‌നേഹസ്വരൂപിണിയാണെന്നു കാണിക്കാന്‍ ഈ നാടകം കളിക്കേണ്ട വല്ല കാര്യവുമുണ്ടോ?'
'സന്തോഷ് ഇതിലെടപെടാന്‍ നിക്കണ്ട. ഇത് ഞങ്ങടെ കാര്യമാണ്. അയാളെ ഇറക്കിവിടാന്‍ പറഞ്ഞാല്‍ ഇറക്കിവിടുക. പ്രശ്‌നം തീര്‍ന്നില്ലേ. കുവൈറ്റിലേക്ക് വിളിച്ച് ചോദിച്ചപ്പോ രാമുവേട്ടനും ഇതുതന്നെയാ പറഞ്ഞത്.'
ലീന അപ്പുറത്ത് കിടന്ന് ചെയ്ത തെറ്റുകള്‍ക്ക് ന്യായീകരണം കണ്ടെത്തുകയാണ്. അവരുടെ ഭര്‍ത്താവ് രാമുച്ചേട്ടന്‍ കൂടെ ഇതില്‍ ഭാഗമാണ് എന്നറിഞ്ഞതോടെ ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. കുഞ്ഞമ്മാവനാകട്ടെ പ്രത്യേകിച്ച് ഒരു ഭാവമാറ്റവുമില്ലാതെ പൂവരശിലേക്ക് തന്നെ നോക്കി നില്‍ക്കുകയാണ്. നിശബ്ദതയുടെ വേലിയേറ്റം, മറ്റുള്ളവര്‍ക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ പറ്റാത്ത ഒരു തുരുത്തായി കുഞ്ഞമ്മാവനെ മാറ്റിയിട്ടുണ്ട്.
അതുകൊണ്ട് ചുറ്റിലും നടക്കുന്ന സംഗതികളില്‍ നിന്നൊക്കെ അയാള്‍ ഒരു കായല്‍ ദൂരത്തിലായിരുന്നു.
'ലീന വരും'
കുഞ്ഞമ്മാവന്‍ ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ടിരുന്നു.
ലീനമോള്‍ വിളിച്ച് പറഞ്ഞിട്ടാണോ എന്നറിയില്ല കൃത്യം ഒരു മണിക്കൂര്‍ കഴിഞ്ഞതും അറുപതിനോടടുത്ത ഒരാള്‍ ടാക്‌സിയുമായി വീടിന്റെ ഗെയ്റ്റില്‍ വന്നുനിന്നു.
കാലത്ത് കുഞ്ഞമ്മാവനെ വണ്ടിയില്‍ കൊണ്ടുപോയി പട്ടാമ്പിയില്‍ വിട്ട ഡ്രൈവറാണ്.
അയാള്‍ മുറ്റത്ത് വന്ന് ഭവ്യതയോടെ പറഞ്ഞു.
'ലീനാമാഡം വിളിച്ചു പറഞ്ഞിട്ട് വന്നതാ. ഞാനവര്‍ക്കുവേണ്ടി ഇടയ്‌ക്കൊക്കെ ഓട്ടം പോകുന്ന ആളാ. പേര് ഗംഗാധരന്‍. വിയ്യൂരടുത്താ. മേഡം ഇങ്ങേരെ അങ്ങോട്ട് കേറ്റില്ലെന്നാണ് പറയുന്നത്. വീട്ടുകാര്‍ക്കും വേണ്ട. വല്ല പട്ടിയോ പൂച്ചയോ ആയിരുന്നെങ്കീ ചാക്കിലാക്കി വഴിയില്‍ കളയമായിരുന്നു. ഇതങ്ങനെയാണോ?'
'വയസ്സാംകാലത്ത് നോക്കാന്‍ ആളില്ലാതാവുന്നതിനേക്കാള്‍ വലിയൊരു ഗതികേട് വേറെയില്ല്യ സാറേ'
'വീട്ടിലാണെങ്കി ഞാനും ഭാര്യേം മാത്രേള്ളൂ. ഞങ്ങളെ ഉപേക്ഷിക്കാന്‍ ഞങ്ങള്‍ക്ക് മക്കളൂല്ല. ഒരു മുറി ഒഴിവുണ്ട് സാറേ. കുഞ്ഞമ്മാവനെ ഞാന്‍ കൊണ്ടോക്കോളാം.'
അപ്പോഴേയ്ക്കും രഞ്ജിത്തും എത്തി. എവിടെയോ താമസസൗകര്യം പറഞ്ഞുറപ്പിച്ചിട്ടുള്ള വരവാണ്. അതൊന്നും വേണ്ടെന്നറിഞ്ഞപ്പോള്‍ സ്‌കൂട്ടറില്‍ നിന്ന് ഒരു കുപ്പി സാനിറ്റൈസറും രണ്ട് പച്ചമാസ്‌കും എടുത്ത് കുഞ്ഞമ്മാവനു വീട്ടി. അതുവാങ്ങി അയാള്‍ രണ്ട് കൈകളും വൃത്തിയായി കഴുകി. അണുവിമുക്തമായ വിരലുകള്‍ മുണ്ടില്‍ തുടച്ചുകൊണ്ട് അയല്‍പക്കത്തേക്ക് നോക്കി വീണ്ടും ഉരുവിട്ടു.
'ലീന വരും'...
ഇറക്കിവിട്ടിട്ടും ലീനയില്‍ അയാള്‍ക്കുള്ള വിശ്വാസവും സ്‌നേഹവും കണ്ടപ്പോള്‍ എനിക്ക് ശരിക്കും സങ്കടം വന്നു. പെട്ടിയും ബാഗുകളുമൊക്കെ കൊണ്ടുപോയി ഗംഗാധരന്‍ കാറില്‍ വെയ്ക്കുന്നതിനിടയില്‍ കുഞ്ഞമ്മാവന്‍ വീടിന്റെ ഗെയ്റ്റില്‍ തൂങ്ങിക്കിടക്കുന്ന വലിയ താഴില്‍ പിടിച്ച് പ്രതീക്ഷയോടെ ഇത്തിരിനേരം നിന്നു. കുഞ്ഞാമ്മാവന്‍ പോയ അന്ന് രാത്രി തന്നെ ലീന കുടുംബസമേതം ഫ്‌ളാറ്റില്‍നിന്ന് തിരിച്ചുവന്നു.
പ്രധാനമന്ത്രിയുടെ ആവശ്യപ്രകാരം ലീനയുടെ വീട്ടിലും ഈ രാത്രി ചിരാതുകള്‍ കത്തിച്ചുവെച്ചിട്ടുണ്ട്. അതിലെ വെളിച്ചം ആ വീടിനെ ആവശ്യത്തിലധികം പ്രകാശമാനമാക്കുന്നുണ്ട്. പക്ഷേ അകത്ത് മുഴുവന്‍ ഇരുട്ടുമായി പുറത്ത് കുറേ വിളക്കുകള്‍ കൊളുത്തിവെച്ചിട്ടെന്തു കാര്യം.
മരണത്തിന്റെ കാല്‍ക്കീഴില്‍ കിടക്കുമ്പോഴെങ്കിലും മനുഷ്യന് ഒന്ന് മാറി ചിന്തിച്ചുകൂടേ?
വൈറസിനു വളരാന്‍ ഒരന്യകോശം വേണമല്ലോ. കുഞ്ഞാമ്മാവനെ കിട്ടിയപ്പോള്‍ അതുവരെ നിര്‍ജ്ജീവാവസ്ഥയിലായിരുന്ന ലീനമോളുടെ കിരാതരൂപം നമ്മള്‍ കണ്ടു. മാനവികതയെ ഒന്നാകെ കാര്‍ന്നുതിന്നുകൊണ്ട് അതു വളര്‍ന്നു. നാളെ ഈ അമ്മയെ കണ്ടുവളരുന്ന കുഞ്ഞുങ്ങളോ?
സ്വന്തം പകര്‍പ്പുകളുണ്ടാക്കുമ്പോള്‍ ഡി.എന്‍.എയില്‍ വരുന്ന അപ്രതീക്ഷിതമായ മാറ്റങ്ങള്‍ കാരണം ചില വൈറസുകളുടെ പുതുതലമുറക്ക് വ്യത്യസ്തമായ സ്വഭാവമായിരിക്കുമത്രേ. ചിലപ്പോള്‍ നിലവിലുള്ള 'അമ്മ വൈറസി'നേക്കാളും അപകടകാരികളായി അവ പരിണമിച്ചേക്കാം.
പക്ഷേ നമ്മുടെ ഡ്രൈവര്‍ ഗംഗാധരനെപ്പോലെ ചില ആന്റിബയോട്ടിക്കുകള്‍ ഇവിടെയുണ്ടെങ്കില്‍ ഇത്തരം മഹാമാരികള്‍ക്ക് അധികകാലം പിടിച്ചുനില്‍ക്കാന്‍ പറ്റില്ല. സ്‌നേഹംകൊണ്ട് സ്വയം പ്രകാശിക്കുന്ന ഇവരെപ്പോലുള്ളവരാണ് ഈ ലോകത്തെ പിന്നെയും മുന്നോട്ടു നയിക്കുന്നത്.
നൂറ്റിഅമ്പതോളം രാജ്യങ്ങളിലായി 800 കോടി ജനങ്ങളെ ബാധിച്ചു കഴിഞ്ഞ കൊറോണയെപ്പറ്റി പ്രശസ്ത എഴുത്തുകാരനും ചരിത്രാധ്യാപകനുമായ യുവാല്‍ നോവ ഹരാരി പറയുന്നത് ഇങ്ങനെയാണ്: 'ഈ കൊടുങ്കാറ്റ് കടന്നുപോവുകതന്നെ ചെയ്യും. മനുഷ്യവര്‍ഗം നിലനില്‍ക്കും. നമ്മളില്‍ മിക്കവരും ജീവിക്കും. പക്ഷേ ഇത് ഇന്നത്തേതില്‍ നിന്നും വളരെ വ്യത്യസ്തമായ ജീവിതമായിരിക്കും.'
ദൈവങ്ങളുടെ അപ്രമാദിത്വത്തെ പൊക്കിപ്പിടിച്ചുകൊണ്ട് ജനങ്ങളുടെ മനസ്സില്‍ വര്‍ഗീയതയുടെ പുനഃപ്രതിഷ്ഠ നടത്തിക്കൊണ്ടിരിക്കുന്ന ഭരണകൂടത്തിനും അവരുടെ സാമന്തന്മാര്‍ക്കും കിട്ടിയ വമ്പന്‍ തിരിച്ചടിയായി നാളെ ഈ കോവിഡ് മാറുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഇന്ത്യ കാണാന്‍ പോകുന്ന 'വ്യത്യസ്തമായ ജീവിതം' ഇതായിരിക്കും.

കൊറോണക്കാലം കഴിയുന്നതോടെ എല്ലാവരും നിരീശ്വരവാദികളായി അമ്പലങ്ങളും പള്ളികളും ഉപേക്ഷിക്കും എന്നല്ല ഇതിനര്‍ത്ഥം. താന്‍ പിടിച്ച വിശ്വാസങ്ങള്‍ക്ക് മൂന്ന് കൊമ്പാണെന്ന പഴയ പിടിവാശിയില്‍ ഒരയവ് വന്നിരിക്കുമെന്നു മാത്രം.
ഭയത്തില്‍ നിന്നുള്ള മോചനത്തിനുവേണ്ടിയാണ് വിശ്വാസികള്‍ ഈശ്വരന്റെ അടുത്തേക്ക് പോകുന്നത്. അവിടെയെത്തുമ്പോള്‍ കാണുന്നത് ഈശ്വരന്‍ പോലും ഭയന്നിരിക്കുന്നതാണ്. ഭയം മനുഷ്യനെ ഇത്രമേല്‍ ഒന്നാക്കിയ ചരിത്ര സംഭവം വേറെയുണ്ടായിട്ടില്ലെന്ന് കഴിഞ്ഞദിവസം ഒരു പത്രക്കുറിപ്പില്‍ കഥാകൃത്ത് ശിഹുബുദ്ദീന്‍ പൊയ്ത്തുംകടവ് പറഞ്ഞത് വായിച്ചു.
സുനാമിക്കും പ്രളയത്തിനും വലിയ ആഘാതങ്ങള്‍ ഉണ്ടാക്കാനല്ലാതെ ദൈവങ്ങളുടെ മേല്‍ക്കോയ്മ പിടിച്ചെടുക്കാന്‍ പറ്റിയിരുന്നില്ല.
പള്ളിയില്‍ വെള്ളം കയറി പ്രാര്‍ത്ഥിക്കാന്‍ പറ്റാതായതോടെ അമ്പലങ്ങളിലെ ഓഡിറ്റോറിയം തുറന്ന് നിസ്‌കാരപ്പായ ഇട്ട് കൊടുത്തതുപോലെ കാല്‍പനികമായ ചില മതസൗഹാര്‍ദ്ദങ്ങള്‍ ഇവിടെ അരങ്ങേറിയെങ്കിലും വെള്ളം വരാത്ത സ്ഥലങ്ങളില്‍ ഈ പറഞ്ഞ യേശുവും കൃഷ്ണനും അള്ളാഹുവുമൊക്കെ വെവ്വേറെ മതില്‍ കെട്ടിനകത്ത് പഴയപോലെയൊക്കെത്തന്നെ കഴിഞ്ഞുപോന്നു. വെള്ളം ഇറങ്ങിപ്പോയതും ആചാര സംരക്ഷണം, നാമജപഘോഷയാത്ര, പള്ളിത്തര്‍ക്കം, കുരിശ് കയ്യേറ്റം എന്നൊക്കെ പറഞ്ഞുകൊണ്ട് വിശ്വാസികള്‍ വീണ്ടും തമ്മില്‍ത്തല്ല് തുടങ്ങി.
പക്ഷേ നമ്മുടെ കോവിഡ് അളിയന് ഒരു ഏരിയമാത്രം പിടിച്ചിട്ടുള്ള കളിയില്ല. നേരെ ചെന്ന് കേറുന്നത് ദൈവത്തിന്റെ നെഞ്ചത്തോട്ടാണ്.
പണ്ട് 1518ല്‍ ക്യൂബയിലും മെക്‌സിക്കോവിലുമൊക്കെയുള്ള ആദിമനിവാസികളെ മതംമാറ്റാന്‍ പോയ ഹെനന്‍ കോര്‍ത്തസ് എന്നു പറയുന്ന ഒരു സ്പാനിഷുകാരനുണ്ടായിരുന്നു. യൂക്കാട്ടാന്‍ ദ്വീപിലെത്തിച്ചേര്‍ന്ന കോര്‍ത്തസ് അവിടത്തെ ആളുകളോട് ക്രിസ്തുമതം സ്വീകരിക്കാന്‍ പറഞ്ഞു. അവരത് ഒരു ചെവിയിലൂടെ കേട്ട് മറ്റ് ചെവിയിലൂടെ വിടുകയും തങ്ങളുടെ ഗോത്ര ദൈവങ്ങളില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു.
കയ്യിലുള്ള പത്തഞ്ഞൂറ് പട്ടാളക്കാരേയും വെച്ച് ഇവന്മാരെ പെട്ടെന്ന് തോല്‍പ്പിക്കാന്‍ പറ്റില്ലെന്നു മനസ്സിലാക്കിയ കോര്‍ത്തെസ് അമരിന്ത്യക്കാരുടെ ക്ഷേത്രങ്ങളിലേക്ക് നേരെ കേറിച്ചെന്ന് അവര്‍ നൂറ്റാണ്ടുകളായി പൂജിച്ച് ബഹുമാനിച്ചിരുന്ന ഗോത്രദൈവങ്ങളുടെ വിഗ്രഹങ്ങള്‍ തല്ലിപ്പൊട്ടിച്ച് തോട്ടിലെറിഞ്ഞു. ഇതുകണ്ട് ദ്വീപുനിവാസികള്‍ നെഞ്ചത്തടിച്ച് നിലവിളിക്കാന്‍ തുടങ്ങി. തങ്ങളുടെ ദൈവങ്ങള്‍ സ്വയം രക്ഷിക്കുവാന്‍ പോലുമാവാതെ നിന്നനില്‍പില്‍ തകര്‍ന്നടിയുന്നത് നേരിട്ടുകണ്ട് ഗോത്രവര്‍ഗക്കാര്‍ ഹെനന്‍ കോര്‍ത്തസ്സിനെ ദൈവത്തിലും വലിയവനായി കണ്ട് ക്രിസ്തുമതത്തില്‍ ചേര്‍ന്നു.
ഈ തന്ത്രം തന്നെയാണ് കൊറോണ മെക്കയിലും മദീനയിലും ഗുരുവായൂരും സെന്റ്പീറ്റേഴ്‌സ് ബസിലിക്കയിലും ചെന്ന് പയറ്റിയത്.
മെക്കയും മദീനയും ഒരു ദിവസം പൂട്ടിയിട്ടാല്‍ അന്നത്തോടെ ലോകാവസാനമാണെന്നായിരുന്നു ഇതുവരെയുള്ള വിശ്വാസം. ഇപ്പോള്‍ ഒരുമാസത്തോളമായി, ലോകത്തിന് വലിയ കുഴപ്പമൊന്നും സംഭവിച്ചിട്ടില്ല. ഇടുതപക്ഷ സര്‍ക്കാറിനെ 'ഇക്ഷ.. ഇഞ്ഞ' വരപ്പിച്ച അയ്യപ്പനെക്കുറിച്ചൊന്നും ആരും ചര്‍ച്ച ചെയ്യാറേയില്ല. കാലത്ത് ഉഷഃപൂജയ്ക്ക് കിണ്ടിയില്‍ പൂവും വെള്ളവുമായി വരുന്ന മേല്‍ശാന്തിയോട് ഗുരുവായൂരപ്പന്‍ ചോദിക്കുന്നത് ഇങ്ങനെയായിരിക്കാം:
'കൈയൊക്കെ സോപ്പിട്ട് കഴുകിയിട്ടില്ലേ തിരുമേനി?'
സാധാരണ പതിനായിരങ്ങള്‍ പങ്കെടുക്കാറുള്ള കുരുത്തോല പ്രദക്ഷിണത്തിന് ഇത്തവണ മാര്‍പ്പാപ്പയുടെ കൂടെയുണ്ടായിരുന്നത് സന്യസ്തരും ഒന്നുരണ്ട് പ്രധാന പുരോഹിതന്മാരും മാത്രം. പ്രാര്‍ത്ഥനയിലൂടെ രോഗശാന്തിയെന്നൊക്കെയുള്ള ആന മണ്ടത്തരങ്ങളും പറഞ്ഞു നടന്ന തബ്ലീഗുകാരും യഹോവാസാക്ഷികളുമൊക്കെ ശ്വാസം കിട്ടാതായപ്പോള്‍ പാരസെറ്റമോള്‍ ദൈവത്തെ വെള്ളമൊഴിച്ച് ജീവനോടെ വിഴുങ്ങി.
സംസംവെള്ളത്തിലും, ഗംഗാജലത്തിലും, വീഞ്ഞിലും കാണാത്ത ദൈവത്തെ നാട്ടുകാര്‍ സോപ്പിന്‍ വെള്ളത്തില്‍ കണ്ടെത്തിയപ്പോഴാണ് എന്റെ നാടായ കാസര്‍കോട്ടുനിന്ന് ഒരു പൊലീസുകാരന്റെ വാട്‌സ്ആപ്പ് സന്ദേശം ഫോണിലെത്തിയത്. ടൗണിലിറങ്ങി തേരാപ്പാര നടന്നവന്മാരുടെ അടികൊണ്ട് പൊളിഞ്ഞ ചന്തിയുടെ സെല്‍ഫികള്‍ മൊബൈലുകളിലാകെ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്.
പൊതുപരിപാടികളും ആഘോഷങ്ങളും നിര്‍ത്തിവെക്കണമെന്ന അഭ്യര്‍ത്ഥനയുമായി പൊലീസ് വണ്ടി മൈക്കും കെട്ടി പാഞ്ഞുനടക്കുന്നു. ആ സമയത്താണ് കാസര്‍കോട് കോസ്റ്റല്‍ എസ്.ഐക്ക് ഒരു രഹസ്യവിവരം കിട്ടുന്നത്. എത്തടുക്കഭാഗത്ത് തെയ്യംകെട്ട് നടന്നുകൊണ്ടിരിക്കുകയാണ്. പൊലീസ് വണ്ടി എത്തിയപ്പോള്‍ തെയ്യം ഉറഞ്ഞു തുടങ്ങുകയാണ്. പണ്ടാര പെര്‍ഫോമെന്‍സ്. ചുറ്റിലും പത്ത് നൂറ് ഭക്തരുണ്ട്. പിന്നെ ഒന്നും നോക്കിയില്ല. ആദ്യത്തെ അടി തെയ്യത്തിനു തന്നെ കൊടുത്തു.
ഉറഞ്ഞുതുള്ളിക്കൊണ്ടിരുന്ന തെയ്യം 'എന്നെത്തന്നെയാണോ ഉദ്ദേശിച്ചത്' എന്ന അര്‍ത്ഥത്തില്‍ എസ്.ഐയെ ഒന്നു നോക്കി. അപ്പൊ നടുപ്പുറത്തേക്ക് ഒരടി കൂടി വീണു. അതുവരെ ഉറഞ്ഞു തുള്ളിക്കൊണ്ടിരുന്ന തെയ്യം പെട്ടെന്ന് മനുഷ്യനായി. 'എന്റെമ്മേ..' എന്നൊരു നിലവിളി പുറത്തുചാടി. പൊലീസുകാര്‍ വളഞ്ഞിട്ടു തല്ലിയതും തെയ്യം ഉടുത്തിരുന്ന പട്ടും പൊക്കിപ്പിടിച്ച് ജീവനുംകൊണ്ടോടി... കാട് കയറി. അതുകണ്ട് ഭക്തരും ഓടി. വീടിനുള്ളില്‍ കയറി രക്ഷപ്പെടാന്‍ നോക്കിയവരെയൊക്കെ പൊലീസ് വലിച്ച് പുറത്തിട്ട് കണക്കിനു കൊടുത്തു.
അപ്പോഴാണ് സത്യം പുറത്തുവരുന്നത്. എല്ലാറ്റിനും കാരണം സ്ഥലത്തെ പ്രധാന കണിയാനാണ്. മഹാമാരിയുടെ കാലത്ത് തെയ്യം നിര്‍ബന്ധമാണോ എന്ന് ചോദിച്ച് രാശിവെയ്ക്കാന്‍ പോയവരോട് ജ്യോതിഷി പറഞ്ഞുവത്രേ, 'തെയ്യം കഴിപ്പിച്ചില്ലെങ്കില്‍ കൊറോണയേക്കാള്‍ ഭയങ്കരമായ ആപത്ത് ഈ നാട്ടിലുണ്ടാകു'മെന്ന്.
ഈ മഹാജ്യോതിഷിയിപ്പോള്‍ ലോക്കപ്പില്‍ ഇരുന്ന് പൊലീസുകാരുടെ ജാതകം ഗണിച്ചുകൊണ്ടിരിക്കുകയാണത്രേ.
കേള്‍ക്കുമ്പോള്‍ തമാശയായിട്ട് തോന്നാം. പക്ഷേ തെയ്യങ്ങളുടെ തറവാടായ കാസര്‍കോട്ട് വെച്ച് ഒരു തെയ്യത്തിന് തല്ല് കൊണ്ടിട്ടുണ്ടെങ്കില്‍ അത് കേരളത്തില്‍ നടന്ന ആദ്യ സംഭവമായിരിക്കും. ആനിമല്‍ പ്രൊട്ടക്ട് ആക്റ്റ് ഒക്കെ നിലവിലുണ്ടെങ്കിലും വയനാട്ടുകുലവന്‍ തെയ്യംകെട്ടിന് ബപ്പിടുവാന്‍ (മൃഗബലി) നായാട്ടുകാര്‍ സംഘം സംഘമായി കാടുകേറി നാനാതരം മൃഗങ്ങളെ വേട്ടയാടിക്കൊണ്ടുവന്ന് തെയ്യത്തിനു സമര്‍പ്പിച്ച് പരസ്യമായി നിയമലംഘനം നടത്തിക്കൊണ്ടിരിക്കുന്നതൊക്കെ നൂറുകണക്കിന് പൊലീസുകാരെ സാക്ഷി നിര്‍ത്തിക്കൊണ്ടാണ്.
ഇതിനെതിരെ ഇന്നുവരെ ഒരു ലാത്തിപോലും പൊങ്ങിയിട്ടില്ല.
ഇങ്ങനെയൊക്കെ കാര്യങ്ങള്‍ പോകുമ്പോഴാണ് പൊലീസിന്റെ രൂപത്തില്‍ കൊറോണ ചെന്ന് തെയ്യത്തിനെ തല്ലുന്നത്.
പാന്റമിക്കിന്റെ ഒരു പവറ് നോക്കണേ!
യുവാല്‍ നോവ ഹരാരി പറഞ്ഞതുപോലെ ഇങ്ങനെയാണ് ലോകം മാറുന്നത്. മാറേണ്ടതും.
ഇനി നാളെ നമ്മളൊരു സ്റ്റേജില്‍ ചെന്ന് വിശ്വാസത്തേക്കാള്‍ വലുതാണ് ശാസ്ത്രമെന്നൊക്കെ പറയുമ്പോള്‍ കല്ലെടുക്കുന്നവന്മാര്‍ എറിയും മുമ്പ് ഒന്നാലോചിക്കും. അതാണ് കോവിഡിന്റെ അവതാര ദൗത്യം.
ഭയത്തേക്കാള്‍ വലിയൊരു ടീച്ചര്‍ ഇല്ലെന്ന് ഈ രോഗം നമ്മെ പഠിപ്പിച്ചു തന്നു.
എത്രപറഞ്ഞിട്ടും ഉപദേശിച്ചിട്ടും അനുസരണക്കേട് കാണിച്ച ജനം പൊലീസ് ലാത്തിയെടുത്തപ്പോള്‍ നേരെ വീട്ടിലേക്ക് ചെന്ന് വാതിലടച്ച് ലോക്ഡൗണിലിരുന്നു.
ഒരുനിമിഷം പോലും പിരിഞ്ഞിരിക്കാന്‍ പറ്റാതെ ദൈവത്തിനുവേണ്ടി മനുഷ്യബോംബ് ആവാന്‍ തയ്യാറായവര്‍ വരെ തല്‍ക്കാത്തേക്ക് തങ്ങളുടെ തമ്പുരാനില്‍ നിന്ന് ഒരുമീറ്റര്‍ അകലം പാലിക്കുന്നതെന്തുകൊണ്ടാണ്.
ഉത്തരം ഒന്നേയുള്ളൂ. ഭയം!
ശ്വാസം മുട്ടിച്ച് കൊല്ലുമ്പോള്‍ ജോസഫെന്നോ രമേശെന്നോ ഫാസിലെന്നോ കൊറോണ നോക്കാറില്ല. അംബാനിയാണെങ്കിലും പാട്ടുരായ്ക്കല്‍ പാലത്തിനടിയില്‍ കിടക്കുന്ന നാടോടിയാണെങ്കിലും കൊറോണയ്ക്ക് ഫുട്‌ബോള്‍ കളിക്കാന്‍ ഏതെങ്കിലുമൊരു ശ്വാസകോശം മാത്രംമതി.
മാസ്‌ക് വെക്കാന്‍ വിസമ്മതിച്ചവനാണ് ട്രംപ്. കൊറോണയോടുള്ള പരസ്യമായ വെല്ലുവിളി. എന്നിട്ടെന്തായി. ആരോഗ്യ ഇന്‍ഷുറന്‍സ് ഇല്ലാത്തവര്‍ക്കു കൂടി ചികിത്സ കിട്ടുന്നരീതിയില്‍ അമേരിക്കയുടെ നിയമസംവിധാനം തന്നെ പൊളിച്ചെഴുതി ട്രംപിനെ വരച്ചവരയില്‍ നിര്‍ത്താന്‍ കോവിഡിനു സാധിച്ചു. ട്രംപിന്റെ വലം കൈയ്യാണല്ലോ ബൊള്‍സനാരോ. ബ്രസീലിയന്‍ പ്രധാനമന്ത്രി. തീവ്രവലതുപക്ഷക്കാരന്‍. നിസ്വാര്‍ത്ഥ സേവനം ചെയ്തുകൊണ്ടിരുന്ന ഏഴായിരത്തോളം ക്യൂബന്‍ ഡോക്ടര്‍മാരും ചാരന്മാരാണെന്നും കള്ളന്മാരാണെന്നും അധിക്ഷേപിച്ചു തിരിച്ചയച്ചു. ഇപ്പൊ രോഗം വന്ന് പിടിച്ച് നില്‍ക്കാന്‍ പറ്റാതായപ്പോള്‍ അതേ ഡോക്ടര്‍മാരെത്തന്നെ തിരിച്ച് വിളിപ്പിച്ച് ചെയ്തുപോയ തെറ്റിന് ബൊള്‍സനാരോയെക്കൊണ്ട് മാപ്പു പറയിപ്പിക്കാന്‍ കൊറോണതന്നെ വേണ്ടിവന്നു.
സാരമില്ല സുഹൃത്തുക്കളേ രണ്ടു കൈകളും നന്നായി ഉരച്ച് കഴുകിക്കോ.
നമ്മള്‍ വെട്ടിനുറുക്കിയ പ്രകൃതിയുടെ ചോരയാണിതില്‍. മരണം കൊണ്ടെങ്കിലും ആ കറ നമ്മളെ വിട്ടുപോകട്ടെ.
ഗഫൂർ കരുവണ്ണൂർ
27 Apr 2020, 12:32 AM
കൊറോണ കാലം ഘടന തെറ്റിയ ദിനരാത്രങ്ങളെയും സമ്മാനിക്കുന്നുണ്ട്. ഉച്ചവരെ ഉറങ്ങുന്നവരേയും ,പുലരുവോളം ഉണ്ർന്നിരിക്കുന്നവരേയും കാണാം. എല്ലാവരേയും വിളിച്ച് ക്ഷേമ മന്വേഷിക്കുമെന്ന് വിചാരിച്ചവർ പോലും ആരെയും വിളിക്കുന്നില്ല .രാവിലെ മരണക്കണക്കെടുപ്പ്. എണ്ണപ്പെരുപ്പം വലുതാവുന്നതിനെ നോക്കി നിൽക്കൽ. ദൈവങ്ങളെ ആരും വിളിക്കാറില്ല പള്ളികളിലും അമ്പലങ്ങളിലും ദൈവങ്ങൾ പേടിച്ചു കഴിയുന്നു. .എല്ലാ വിശ്വാസിയിലും ഇത്തിരി ക്കാലമെങ്കിലും ഒരവിശ്വാസി ജീവിക്കും . ആ കാലമാണ് ഈ കോവിഡ് കാലം. ഇതും കഴിഞ്ഞ് വിഷുവും പൊന്നോണവും വരും വർഗീയതയുടെ ആരവം വീണ്ടും തിളച്ചുപൊങ്ങും. വടിവാളുകളും തോക്കുകളും തിളങ്ങി നിൽക്കും കലാപങ്ങളിൽ പെട്ടു പോയ ഒരു മിടുക്കൻ എതിരാളിയിൽ കോവിഡ് വൈറസ് ആരോപിക്കും. മിനുട്ടുകൾക്കകം കലാപഭൂമി ശാന്തമാകും . കരുതി വെക്കാനുള്ള ആയുധം കൂടിയാണ് കൊറോണ . എച്ചിക്കാനത്തിന്റെ കുറിപ്പ് വല്ലാതെ സ്പർശിക്കുന്നുണ്ട് .നന്ദി
ഗഫൂർ കരുവണ്ണൂർ
26 Apr 2020, 03:58 PM
കൊറോണ കാലത്തെ ദൈവം എല്ലാവരുടേയും ചിന്തയായിരുന്നു. . പള്ളിയിൽ നിന്ന് പുറത്താക്കിയവർ . പള്ളിയെ ധിക്കരിച്ചതിന് പ്രത്യേക പ്രാർത്ഥന കഴിച്ചവർ. കൊറോണ വന്ന് അടച്ചു പൂട്ടിക്കളഞ്ഞ് ഒരു വേളയെങ്കിലും അവിശ്വാസിയാക്കിയിട്ടുണ്ട് വിശ്വാസികളെ . കോ വിഡ് കാലം കഴിഞ്ഞാൽ വർഗീയ ലഹള തുടങ്ങുകയായി. ലഹളയിലെ ഒരുത്തനെ പിടിച്ച് കോവിഡ് പോസറ്റീവാക്കിയാൽ വർഗ്ഗീയ വാദികളൊക്കെയും ഓടിയൊളിക്കുമായിരിക്കും. .ചില ധാരണകൾ ക്കു മേൽ ആഘാതം തീർത്ത ഒരു വിമോചകൻ കൂടിയാണ് കൊറോണ .എച്ചിക്കാനത്തിന്റെ എഴുത്തിന് ഉമ്മകൾ.
മോഹൻചന്ദ്രൻ
18 Apr 2020, 05:42 PM
നല്ല ഗംഭീരൻ ആലോചന.,എഴുത്ത്. കഥാകത്തിന് അഭിനന്ദനങ്ങൾ.
രഹ്ന
17 Apr 2020, 03:24 PM
ഹൃദ്യമായ വരികൾ...നന്ദി...
Praveen Vaisakhan
17 Apr 2020, 01:34 PM
ഗംഭീരം ...സത്യം
Sham
17 Apr 2020, 12:48 PM
കഥയൊക്കെ കൊള്ളാം എച്ചിക്കാനം, പക്ഷെ നിങ്ങളറിയാത്ത ചില കളികൾ കൂടിയുണ്ടീ കൊറോണ ദൈവത്തിനു പിന്നിൽ അതെന്താണെന്ന് നമുക്ക് കാത്തിരുന്ന് കാണാം...
അഭിലാഷ് പരപ്പ
17 Apr 2020, 07:08 AM
അമ്പല വിശ്വാസങ്ങളേക്കാളും കല്യാണം മുടക്കികളായ ജ്യോൽസ്യരും പണം വിഴുങ്ങി തെയ്യങ്ങളും തുലയട്ടെ... നല്ല വരികൾ സർ
Jaison j nair
17 Apr 2020, 04:29 AM
നിങ്ങൾ വെട്ടിനുറുക്കിയ പ്രകൃതിയുടെ കറ ,സോപ്പിട്ട് നന്നായി കഴുകിക്കോ! കൊറോണ ചിരിച്ചു കൊണ്ട് നോക്കി നിൽക്കുന്നു. എന്തെങ്കിലും മാനുഷികത ബാക്കി നിൽക്കുന്നുണ്ടെങ്കിൽ അത് ഈ കാലത്തുണ്ടാകണം. ലീന വരുമായിരിക്കും..... അയാളിലെ പ്രതിക്ഷ - ഉള്ളിലെ നന്മയാണ്. ലീനയുടെ നിലത്തെഴുത്ത് കളരിയാണ് കൊറോണ .
Chandrabose R
16 Apr 2020, 07:45 PM
കൊറോണ നൽകിയ പാഠങ്ങൾ നല്ലൊരു വായനാനുഭവം തന്നതിന് നന്ദി ,സന്തോഷ്
ഡോ: ബി. ഇക്ബാല്‍
Dec 25, 2022
6 Minutes Read
ഡോ. യു. നന്ദകുമാർ
Oct 22, 2022
3 Minute Read
എന്‍.ഇ. സുധീര്‍
Jul 29, 2022
8 Minutes Read
കെ.വി. ദിവ്യശ്രീ
Jul 21, 2022
17 Minutes Read
ഡോ. ഗായത്രി ഒ.പി.
Jul 01, 2022
6 Minutes Read
S K Nambiar
15 Oct 2020, 10:16 AM
കൊറോണയുടെ ഭാഗമായി ഒരുപാട് വ്യാമോഹങ്ങൾ പലർക്കും ഉണ്ടായി. അതിൽ പ്രധാനം 'ഇരുകാലിജന്തു' പുനർവിചിന്തനത്തിന് തയ്യാറാവുമെന്നും അതുവഴി ഒരു നവലോകം പടുത്തുയർത്തപ്പെടുമെന്നുമായിരുന്നു.ലോക്ക്ഡൗൺ വന്നപ്പോൾ സ്വാഭാവികമായും പ്രകൃതിയിൽ പ്രസ്തുത ജന്തുക്കളുടെ വൃത്തികെട്ട ഇടപെടലുകൾ ഇല്ലാതായി.എന്തിനേറെ പറയുന്നു, ഓസോൺ പാളിയിലെ സുഷിരം അടഞ്ഞു വരുന്നതായും വാർത്തകൾ വന്നു(ഇപ്പോൾ അപകടകരമാം വിധത്തിൽ വീണ്ടും സുഷിരം വന്നതായാണ് വാർത്ത).അന്യം നിന്നു പോയ നന്മകളുടെ വീണ്ടെടുപ്പ് ഒരു ലോക്ക്ഡൗൺകാല ദിവാസ്വപ്നം മാത്രമാണെന്നതിന്റെ തെളിവ് നമുക്ക് ചുറ്റും ഇപ്പോൾ നടന്നു കൊണ്ടേയിരിക്കുന്നു.രാഷ്ട്രീയത്തിന്റെ പേരിലുള്ള കുതിരക്കച്ചവടങ്ങളും,ജീർണതകളും,അധികാര വ്യാമോഹങ്ങളും,രാഷ്ട്രീയത്തെ മറയാക്കിയുള്ള കള്ളക്കടത്തുകളും,പ്രകൃതിയെ മറന്നു കൊണ്ടുള്ള വികസനത്തെ പൊടി തട്ടിയെടുക്കലും എല്ലാം നമ്മൾ ഇരുകാലി ജന്തുക്കൾ കാട്ടിക്കൂട്ടിക്കൊണ്ടേയിരിക്കുന്നു.അതിനിടയിൽ ആർക്കും ദോഷം ചെയ്യാത്ത ഈശ്വര വിശ്വാസമാണ് പ്രധാന പ്രശ്നം എന്ന രീതിയിലും ചിലർ പ്രചരണം നടത്തിക്കൊണ്ടേയിരിക്കുന്നു.ചുരുക്കിപ്പറഞ്ഞാൽ ഇരുകാലി ജന്തുവിന്റെ പരിമിതികൾ മാത്രമാണ് കൊറോണക്കാലത്ത് ഏറ്റവുമധികം മുഴഞ്ഞു നിൽക്കുന്നത്.അതിപ്പോൾ പ്രതിരോധ മരുന്നും വാക്സിനും കണ്ടെത്തിയാൽപ്പോലും.