സവർക്കറെ വരയ്​ക്കുന്ന കലാകൃത്തുക്കളേ, നിങ്ങളെ ഒറ്റുകാരെന്ന്​ ചരിത്രം രേഖപ്പെടുത്തും

കന്യാകുമാരിയിൽ നടക്കുന്ന നാഷണൽ വുമൺ ആർട്ടിസ്റ്റ് ക്യാമ്പ് കലാമേഖലയിലെ ഏറ്റവും വലിയ അശ്ലീലമായി മാറിയിരിക്കുകയാണ്. ‘സവർക്കറെ വരയ്ക്കണം' എന്ന രാഷ്ട്രീയ ഗൂഢാലോചന അതേപടി ഏറ്റെടുത്ത കലാകൃത്തുക്കളെ, സാംസ്‌കാരിക രംഗത്തിലേക്കുള്ള ഹിന്ദുത്വ ഫാസിസത്തിന്റെ കടന്നുകയറ്റത്തിന് പരവതാനിവിരിച്ച ഒറ്റുകാരെന്ന് ചരിത്രം അടയാളപ്പെടുത്തും.

സൗത്ത് സോൺ കൾച്ചറൽ സെന്റർ തഞ്ചാവൂർ, ലളിതകലാ അക്കാദമി റീജിയണൽ സെന്റർ ചെന്നൈ എന്നിവ ചേർന്ന് കന്യാകുമാരിയിൽ വെച്ച്‌ നടത്തുന്ന നാഷണൽ വുമൺ ആർട്ടിസ്റ്റ് ക്യാമ്പ് കലാമേഖലയിലെ ഏറ്റവും വലിയ അശ്ലീലമായി മാറിയിരിക്കുകയാണ്. ഇന്റർനാഷണൽ വുമൺസ് ഡേയുടെ ഭാഗമായാണ് ഇത്തരമൊരു ക്യാമ്പ് ഒരുക്കിയിരിക്കുന്നത്. കേരളം, തമിഴ്‌നാട്, കർണ്ണാടകം, പുതുച്ചേരി, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ അമ്പതോളം കലാകൃത്തുക്കൾ ഇതിൽ പങ്കെടുക്കുന്നുണ്ട്.

സവർക്കറുടെ ചിത്രം വരയ്ക്കണമെന്ന് കൃത്യമായ നിർദ്ദേശം ക്യാമ്പ് അംഗങ്ങൾക്ക് സംഘാടകരിൽ നിന്നും ലഭിച്ചിരുന്നു! അതനുസരിച്ച് അവർ വരയ്ക്കുകയും ചെയ്തിരിക്കുന്നു. സവർക്കറുടെ ചരിത്രം ഇവർക്കാർക്കും അറിയാത്തതുകൊണ്ടല്ല. കൗണ്ടർ ചരിത്രം പ്രചരിപ്പിച്ച് മാത്രം ശീലമുള്ള സംഘപരിവാർ ഈ ആർടിസ്റ്റുകളെ സമർത്ഥമായി ഉപയോഗിച്ചുകൊണ്ട് സവർക്കറെ "മഹാത്മ' ആക്കുകയാണ്. ഈ ചരിത്രഅപനിർമ്മാണത്തിന് കലാരംഗം വേദിയാകുന്നു എന്നതാണ് ഏറ്റവും ഭീതിതവും അപലപനീയവുമായ കാര്യം

സാംസ്‌കാരിക രംഗത്തെ കാവിവത്കരിക്കുക എന്നത് ഏറെക്കാലമായി സംഘപരിവാർ ശ്രമിച്ചുവരുന്ന ലക്ഷ്യമാണ്. കേരളത്തിലെ ഉയർന്ന സാമൂഹിക നിലവാരവും സാംസ്‌കാരിക പ്രബുദ്ധതയും കാരണം തടയിടപ്പെട്ടുനിന്ന ആ ലക്ഷ്യത്തിലേക്കുള്ള ആദ്യചുവടായിട്ടുവേണം കന്യാകുമാരിയിൽ നടക്കുന്ന ഈ ക്യാമ്പിനെ വിലയിരുത്താൻ.

സവർക്കറെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ പ്രതീകമായി ഉയർത്തിക്കൊണ്ടുവരേണ്ടത് സംഘപരിവാറിന്റെ ആവശ്യമാണ്. ഗാന്ധിയ്ക്കും നെഹ്‌റുവിനും ഭഗത് സിംഗിനും തത്തുല്യമായ നിലയിൽ സവർക്കറെ അവരോധിക്കാൻ "ഇമേജ് മേക്കിംഗ്' നടക്കേണ്ടതും പോപ്പുലർ കൾച്ചറിന്റെ ഭാഗമാക്കേണ്ടതും അനിവാര്യമാണ്. അതിനായുള്ള എളുപ്പവഴി എന്ന നിലയിലാണ് സംഘപരിവാർ ബുദ്ധിയിൽ ഈയൊരു ചിത്രകലാക്യാമ്പ് ഒരുക്കപ്പെട്ടത് എന്ന് വ്യക്തം!

രാഷ്ട്രീയ പ്രേരിത അധികാര പ്രയോഗങ്ങളോടും പുരുഷ കേന്ദ്രീകൃത തിട്ടൂരങ്ങളോടും എതിരിട്ടും വിസമ്മതം രേഖപ്പെടുത്തിയും അല്ലേ ഇവിടുത്തെ എല്ലാവിധ സ്ത്രീമുന്നേറ്റങ്ങളും നടന്നിട്ടുള്ളത്?
""സവർക്കറെ വരയ്ക്കണം'' എന്ന രാഷ്ട്രീയ ഗൂഢാലോചനയോട് മുഖംതിരിക്കാനും തങ്ങളുടേതായ സർഗസൃഷ്ടിയിലൂടെ പ്രതികരിക്കാനും ക്യാമ്പ് അംഗങ്ങളായ കലാകൃത്തുക്കൾ തയ്യാറാവാഞ്ഞതുകൂടിയാണ് ഇവിടെ വിമർശിക്കപ്പെടുന്നത്.

സാംസ്‌കാരിക രംഗത്തിലേക്കുള്ള ഹിന്ദുത്വ ഫാസിസത്തിന്റെ കടന്നുകയറ്റത്തിന് പരവതാനിവിരിച്ച ഒറ്റുകാരെന്ന് ചരിത്രം ഇവരെ അടയാളപ്പെടുത്തും.

അപകടകരമാംവിധം രാഷ്ട്രീയഅജ്ഞതയും അതിഭീകരമായ അനുസരണാ മനോഭാവവും വെച്ചുപുലർത്തുന്നതാണ് ഹിന്ദുത്വ ഫാസിസത്തിന് വളരാനുള്ള മണ്ണൊരുക്കുന്നതെന്ന് ജനാധിപത്യബോധമുള്ള ഏതൊരാൾക്കും അറിവുള്ളതാണ്. നിതാന്തജാഗ്രതയോടെയും ആർജ്ജവത്തോടെയും പ്രതിരോധിച്ചു നിർത്തേണ്ടതാണ് ഫാസിസത്തിന്റെ വ്യാപനം എന്നും രാഷ്ട്രീയപക്വതയുള്ള ഏതൊരാൾക്കും നിശ്ചയമുണ്ട്. എന്നാൽ, സംഘപരിവാറിന്റെ ആജ്ഞാനുവർത്തികളായി സവർക്കറെ വരച്ച് വെളുപ്പിച്ചെടുക്കാൻ തയ്യാറായ കലാകൃത്തുക്കളോട് സഹതാപത്തിൽ പൊതിഞ്ഞ പുച്ഛം മാത്രമേ ഈ അവസരത്തിൽ രേഖപ്പെടുത്താനാവൂ.

ക്യാമ്പിൽ പങ്കെടുത്തവരുടെ പേര് വിവരങ്ങൾ

എം.എഫ്. ഹുസൈനെ നാടുകടത്തിയതും , അഹമ്മദാബാദിലെ ഗാലറിയിൽ പ്രദർശിപ്പിക്കപ്പെട്ട പാക്കിസ്ഥാനി ആർട്ടിസ്റ്റുകളുടെ കലാസൃഷ്ടികൾ നശിപ്പിച്ചതും, MSU ബറോഡയിലെ വിദ്യാർത്ഥിയായിരുന്ന ചന്ദ്രമോഹനെ അദ്ദേഹം വരച്ച ചിത്രത്തിന്റെ പേരിൽ തേജോവധം ചെയ്തതും അടക്കം സംഘപരിവാർ കലയിൽ ഇടപെട്ടതിന്റെ വിധ്വംസകചരിത്രം വിസ്തൃതമായി നമുക്കുമുന്നിൽ കിടപ്പുണ്ട്. അതൊന്നു മറിച്ചുനോക്കിയാൽ മാത്രം മതി ഇന്ത്യൻ കലാ- സാംസ്‌കാരികമേഖല എന്തായിത്തീരണമെന്നാണ് സംഘപരിവാർ വിഭാവനം ചെയ്യുന്നത് എന്ന് തിരിച്ചറിയാൻ.

നാളെയൊരിക്കൽ ഗോഡ്‌സെയെ വരയ്ക്കാൻ ആവശ്യപ്പെടുമ്പോഴും റാൻമൂളികളായ കലാകൃത്തുക്കൾ വരിനിൽക്കുമായിരിക്കും. എന്നാൽ ബഹുഭൂരിപക്ഷം കലാ- സാംസ്‌കാരിക പ്രവർത്തകരും ഫാസിസത്തിനെതിരെ പ്രതിരോധം തീർക്കാൻ മുന്നിൽ നിന്ന് പൊരുതും!
കാരണം ‘കല'എല്ലായ്‌പ്പോഴും ഫാസിസത്തിനെതിരാണ്; കലാകൃത്ത് എല്ലാക്കാലത്തും പ്രതിപക്ഷമാണ്.

Comments