19 Apr 2020, 06:44 PM
ചക്ക എന്ന് പറയുമ്പോ തേങ്ങ എന്ന് മനസ്സിലാക്കി, തെങ്ങ് വാങ്ങിയതില്‍ അഴിമതി എന്ന് പറഞ്ഞ് ബഹളം വെക്കുന്നവരുടെ നാട്ടില്‍ ഈ ഡാറ്റാ പ്രൈവസിക്ക് വേണ്ടി സംസാരിക്കുന്നവരാണ് ഫലത്തില്‍ പൊട്ടന്മാര്‍. ഇവിടെ ഞാനുള്‍പ്പെടെയുള്ള കുറച്ച് പേര്‍ ഉന്നയിച്ച വിഷയം ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളില്‍ നിന്നും വളരെ വ്യത്യസ്തമായ ഒന്നാണ്. കുറച്ച് വലിയ പോസ്റ്റാണ്. ചുരുക്കി പറയാനറിയില്ല.
സ്പ്രിംഗ്ളർ വിഷയത്തില്‍ സര്‍ക്കാരിന് വീഴ്ച ഉണ്ടായോ? ഉണ്ടായെങ്കില്‍ അതെന്ത്?
ഈ ചോദ്യത്തിന് ഒരു ഉത്തരം പറയുന്നതിന് മുന്‍പ് ഞാനൊരു കഥ പറയാം. ഇത് നടക്കുന്നത് 2013-14-സമയത്താണ്. അന്ന് ഒരു മാര്‍ച്ച് മാസം പകുതിയോടെ സര്‍ക്കാര്‍ പ്രസിലുള്ള എന്റെ ഒരു സുഹൃത്ത് വിളിച്ചു.
''സൂരജേ, നമ്മടെ നിയമസഭയില്‍ ഇപ്പോ ലിനക്‌സാണ് മിക്ക സ്ഥലത്തും ഉപയോഗിക്കുന്നത്. അതില്‍ അവര്‍ക്ക് ഒരു പ്രിന്റിങ്ങ് പ്രശ്‌നമുണ്ട് ഒന്ന് നോക്കാമോ''
സാധാരണഗതിയില്‍ ഡ്രൈവര്‍ പ്രശ്‌നമായിരിക്കും എന്ന് കരുതി, ''നോക്കാം, പരിഹരിക്കാനാവും എന്നുറപ്പില്ല'' എന്ന് പറഞ്ഞു. ''എന്തായാലും ഒന്ന് ചെന്ന് നോക്കൂ.'' എന്ന് പറഞ്ഞ് ആ സംഭാഷണം അവിടെ അവസാനിച്ചു. മുന്‍പ് പലതവണ ഞാനും സുഹൃത്തുക്കളും പലതരത്തില്‍ സപ്പോര്‍ട്ട് കൊടുത്തിട്ടുള്ള സ്ഥാപനങ്ങളില്‍ ഒന്നാണ് നിയമസഭ. അതുള്‍പ്പടെ മിക്ക സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പലപ്പോഴും പണി കഴിഞ്ഞാല്‍ നന്ദിമാത്രമേ കിട്ടൂ എന്ന പ്രശ്‌നമുണ്ട്. മാത്രമല്ല, ഈ വിഷയം എന്റെ കയ്യില്‍ നില്‍ക്കും എന്ന തോന്നലും ഇല്ല. അതിനാല്‍ ഞാന്‍ മൊത്തത്തില്‍ ഒന്ന് മടിച്ചു. ഏപ്രില്‍ പകുതിയോടെ വീണ്ടും വിളി വന്നു. ''സൂരജ് ലേശം ഗുരുതരമായ എന്തോ പ്രശ്‌നമാണ്. പലരും പോയി നോക്കിയിട്ട് ശരിയായില്ല എന്ന് പറഞ്ഞു. എനിക്ക് നിന്ന് തിരിയാന്‍ പറ്റാത്ത അവസ്ഥയാണ്. തുടര്‍ച്ചയായി വിളി വന്നുകൊണ്ടേ ഇരിക്കുന്നുണ്ട്. ഈ വിഷയത്തില്‍ സൂരജിനോളം പരിചയവും എനിക്കില്ല. സൂരജ് നിര്‍ബന്ധമായും ഒന്ന് ചെന്ന് നോക്കാമോ?'' എന്നാണ് ഇത്തവണ ചോദിച്ചത്.
അങ്ങനെ ഞാന്‍ നിയമസഭയിലേക്ക് പോയി. അവിടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എല്ലാവരും തലയില്‍ കൈയ്യും വെച്ച് ഇരിക്കുന്നു. വര്‍ഷകാല സമ്മേളനത്തിന് വേണ്ടുന്ന ഒറ്റ സാധനങ്ങളും പ്രിന്റ് എടുക്കാന്‍ പറ്റിയിട്ടില്ല. നിയമസഭയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പ്രിന്റ് എടുത്ത് മേശപ്പുറത്ത് വെക്കണം. എന്ന് വെച്ചാല്‍ പുസ്തകമാക്കി ഓരോ MLA മാര്‍ക്കും കൊടുക്കണം. ജനുവരി-ഫെബ്രുവരി മാസത്തില്‍ തുടങ്ങേണ്ട പ്രിന്റിങ്ങ് ഇതുവരെ തുടങ്ങി വെക്കാന്‍ പോലും പറ്റിയിട്ടില്ല. യുദ്ധകാലടിസ്ഥാനത്തില്‍ പ്രശ്‌നം പരിഹരിക്കണം. ഇല്ലേല്‍ പലരുടേയും തലകള്‍ ഉരുളും എന്നാണ് സ്ഥിതി.
അവരുടെ ഭാഷയില്‍ പറഞ്ഞാല്‍ വിന്‍ഡോസ് ഉപയോഗിച്ചിരുന്നപ്പോള്‍ ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. പുതിയ IT പോളി പ്രകാരം വിന്‍ഡോസ് ഒഴിവാക്കിയതിന്റെ ഫലമായി ഉണ്ടായ പ്രശ്‌നമാണ്. അതിനാല്‍ പോളിസി മാറ്റണം എന്നൊക്കെ പറഞ്ഞ് കുറേ പേര്‍ ബഹളം വെക്കുന്നുണ്ട്. പക്ഷെ ഒരു പ്രശ്‌നമുണ്ടായി എന്നതിന്റെ പേരില്‍ ലിനക്‌സ് ഉപേക്ഷിക്കാന്‍ മുന്നില്‍ നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ഉദ്ദേശമില്ല. കാരണം ഈ പ്രശ്‌നത്തിന് ഒരു പരിഹാരം ഉണ്ട് എന്നൊരു വിശ്വാസം അവര്‍ക്കുണ്ട്. ''ഞങ്ങള്‍ക്ക് കമ്പ്യൂട്ടറും ITയും ഒന്നും വലിയ പിടിയില്ല. എന്നാലും ചുറ്റുമുള്ളവര്‍ പറയുന്നത് അങ്ങ് കണ്ണുമടച്ച് വിഴുങ്ങി, വലിയൊരു ബാധ്യത സര്‍ക്കാരിന് ഉണ്ടാക്കി വെക്കാന്‍ മനസാക്ഷി അനുവദിക്കുന്നില്ല. അതുകൊണ്ട് പരിഹാരം എങ്ങനെയെങ്കിലും കണ്ടുപിടിച്ച് തരണം''. ഇതാണ് അവര്‍ പറഞ്ഞ്
അങ്ങനെ ഒരോ സ്ഥലത്തും പോയി നോക്കി. ഒറ്റനോട്ടത്തില്‍ പ്രശ്‌നം വളരെ ലളിതമായിരുന്നു. മൂന്ന് തരത്തില്‍ ഡോക്യുമെന്റുകള്‍ അവിടെ ജനറേറ്റ് ചെയ്ത് വെച്ചിട്ടുണ്ട്. ഒന്ന് പഴയ വിന്‍ഡോസില്‍ ASCII/ISCII എന്‍കോഡിങ്ങില്‍, പിന്നെ വിന്‍ഡോസില്‍ ലിബ്രേ ഓഫീസ് വഴി ആറ്റോമിക്ക് ചില്ലോടുകൂടി ചെയ്ത യൂണികോഡ് ഡോക്യുമെന്റ്, പിന്നെ ലിനക്‌സില്‍ ആറ്റോമിക്ക് ചില്ല് ഇല്ലാതെ ചെയ്ത യൂണികോഡ് ഡോക്യുമെന്റ്. ഇതെല്ലാം കൂടി പേജ് മേക്കറില്‍ ചേര്‍ത്ത് വെച്ച് പ്രിന്റ് ചെയ്യാന്‍ ശ്രമിക്കുന്നു നടക്കുന്നില്ല. പേജ്‌മേക്കറിന് മലയാളം യൂണികോഡ് സപ്പോര്‍ട്ട് ഇല്ല എന്നുള്ളത് മറ്റൊരു കാര്യം.
രണ്ട് ദിവസം കൊണ്ട് പ്രശ്‌നപരിഹാരം പറഞ്ഞുകൊടുത്തു. സങ്കീര്‍ണ്ണമായ ഡോക്യുമെന്റ് സ്റ്റ്രക്ചറുകള്‍ ഒന്നും ഉപയോഗിക്കുന്നില്ല. ചിത്രങ്ങള്‍ ഒന്നും തന്നെ ഇല്ല. ഹെഡ്ഡിങ്ങും സബ്‌ഹെഡ്ഡിങ്ങും അണ്ടര്‍ ലൈനും വരുന്ന അക്ഷരങ്ങള്‍ മാത്രമുള്ള ഡോക്യുമെന്റ് പ്രിന്റെടുക്കാന്‍ പേജ് മേക്കറിന്റെ ആവശ്യമില്ല നേരെ ലിബ്രേ ഓഫീസില്‍ നിന്ന് പ്രിന്റ് എടുക്കാവുന്നതേ ഉള്ളൂ. ഡാറ്റ ജനറേഷന്‍ തൊട്ട് പ്രിന്റിങ്ങ് വരെ എല്ലാം ഒറ്റ ചട്ടക്കൂടില്‍ നടക്കുന്ന ഒരു കാപ്റ്റീവ് സിസ്റ്റമാണ് നിയമസഭ. അതുകൊണ്ട് എല്ലാ സിസ്റ്റവും ഒരുപോലെ ലിനക്‌സിലേക്ക് മാറ്റിയാല്‍ പ്രശ്‌നം തീരും.
ഇങ്ങനെ പറഞ്ഞാല്‍ പോര, പ്രൂഫ് വേണം എന്നായി. അങ്ങനെ പ്രത്യേക അനുമതി ഒക്കെ എടുത്ത്, നേരത്തെ പബ്ലിഷ് ചെയ്ത ഡോക്യുമെന്റുകള്‍, സോഴ്‌സ് അടക്കം എനിക്ക് തന്നു. ഞാനത് മൊത്തം ഫോര്‍മ്മാറ്റ് ചെയ്ത് പ്രിന്റ് ചെയ്ത് കാണിച്ച് കൊടുത്തു. അങ്ങനെ നിര്‍ദ്ദേശം അംഗീകരിച്ചു. അഞ്ചാം ദിവസത്തോടെ പരിഹാരമെന്താണ് എന്നതില്‍ ഒരു ധാരണയായി. കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ ഒരു വിളി വന്നു. സെക്രട്ടറിക്ക് സൂരജിനെ ഒന്ന് കാണണം എന്ന്.
സെക്രട്ടറിയെ കണ്ടു. ''സൂരജിന് ചെയ്യാനാവും എന്ന് മനസ്സിലായി. പക്ഷെ അത് ഇവിടുത്തെ ജീവനക്കാര്‍ക്ക് പറ്റും എന്ന് ഉറപ്പ് വരുത്തണം. അതുകൊണ്ട് നിലവിലുള്ള പ്രൊസിജിയറിലൂടെ ചെയ്ത് കാണിക്കണം'' എന്ന് പറഞ്ഞു. അപ്പോഴാണ്, പണിയുടെ ചൂട് അറിഞ്ഞ് തുടങ്ങിയത്. കണ്ടന്റ് ജനറേഷന്‍, പ്രൂഫ് റീഡിങ്ങ്, തുടങ്ങി പേജ് ലേയൗട്ട്, പ്രിന്റിങ്ങ്, ബൈന്റിങ്ങ് അങ്ങനെ മൊത്തം എട്ട് ലെയറുകളിലായി നടക്കുന്ന പണിയാണ് ഇത്. ഒരോഘട്ടത്തിലും ഓരോ തരം പ്രിന്ററുകളും ലേയൗട്ടുകളും. എല്ലാറ്റിലും ഈ പണികള്‍ ലിനക്‌സ് വെച്ച് ഓടിക്കാന്‍ പറ്റും എന്ന് ഞാന്‍ തെളിയിക്കണം.
കൂലിയില്ലാതെ ജോലിക്കെടുത്ത ഒരാളുടെ അവസ്ഥ ആയിത്തുടങ്ങിയോ എന്ന് തോന്നാതെ ഇല്ല. എന്നാലും IT-ഡിപ്പാര്‍ട്ട്‌മെന്റ് തൊട്ട് എല്ലാ സ്ഥലത്തെ ആളുകളുമായി നല്ല കൂട്ടായപ്പോ ഇട്ടിട്ട് പോകാനും വയ്യ. മാത്രമല്ല, നിയമസഭയില്‍ നൈസായി മൊത്തമായി ഫ്രീ സോഫ്റ്റ് വെയര്‍ കുത്തിക്കേറ്റാന്‍ പറ്റിയ ഒരവരസരവും കൂടി ആയി. അങ്ങനെ രണ്ട് ദിവസം അവിടെ നിന്ന് ബാക്കി പണിയെല്ലാം ചെയ്യാനുള്ള സൗകര്യം തന്നു. പറഞ്ഞ പ്രകാരം ഫുള്‍സെറ്റപ്പില്‍ കാര്യങ്ങള്‍ ഓടിച്ചു. ചില്ലറ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പറ്റാത്തതായി ഉണ്ടായിരുന്നു. അത് പക്ഷെ കാലങ്ങളായി അഡ്രസ് ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ ആയതിനാല്‍ തള്ളിക്കളയാം എന്ന് പറഞ്ഞ് സെക്രട്ടറി പച്ചക്കൊടി കാണിച്ചു.
ചുരുക്കി പറഞ്ഞാല്‍ പണി കിട്ടി, കൂലിയില്ല എന്ന അവസ്ഥ. അങ്ങോട്ടുമിങ്ങോട്ടുമുള്ള ഉരുട്ടല്‍ നീങ്ങി നീങ്ങി മെയ് പത്ത് ആയി എന്നാണോര്‍മ്മ. ഒരു ദിവസം ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ വിളിച്ചു, ''സൂരജ് എന്തായാലും ഈ പ്രശ്‌നം പരിഹരിക്കൂ, ഇല്ലെങ്കില്‍ സമ്മേളനസമയത്ത് കാര്യങ്ങള്‍ കൈവിട്ട് പോകും, കാശിന് വഴിയുണ്ടാക്കാം'' എന്ന് പറഞ്ഞ് പണി തുടങ്ങി.
അപ്പഴാണ് യഥാര്‍ത്ഥ ചിത്രം കിട്ടിയത്. സര്‍ക്കാരിന് ടെന്റര്‍ വഴിയും അല്ലാതെയും പലതരത്തില്‍ പ്രൊജക്റ്റുകള്‍ കൊടുക്കാനാകും. ചില സര്‍ക്കാര്‍, സര്‍ക്കാര്‍ അനുബന്ധ സ്ഥാപനങ്ങള്‍ വര്‍ക്ക് ചോദിച്ച് വന്നാല്‍ മറ്റ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് അത് കൊടുക്കാതിരിക്കാന്‍ ആവില്ല. ആ സ്ഥാപനങ്ങള്‍ക്ക് വേണമെങ്കില്‍ എടുത്ത വര്‍ക്ക് പുറത്തേക്ക് കൈമാറുകയും ചെയ്യാം. അവിടെ അപ്പോള്‍ ടെന്റര്‍ നടപടികള്‍ വേണ്ട. മൊത്തത്തില്‍ ഒറ്റസ്ഥലത്തും ടെന്റര്‍ ഇല്ലാതെ തന്നെ നിയമപരമായി തന്നെ സര്‍ക്കാര്‍ പണികള്‍ ചെയ്യാനാകും. ഇത് ചിലപ്പോ കുടുക്കും, ഊരാകുടുക്കും നല്ലതും ചീത്തയും ഒക്കെ ആവാം. അങ്ങനെ മേല്‍പറഞ്ഞ അതേ വഴിയിലൂടെ മറ്റൊരു സ്ഥാപനം വന്ന് കൈ വെച്ച് പൊള്ളിയ ഇടത്താണ്, തൊട്ടു പിന്നാലെ ഞാന്‍ എത്തിയത്. എനിക്ക് മുന്നേ സപ്പോര്‍ട്ട് കൊടുക്കാന്‍ പോയ ആ സ്ഥാപനത്തിലെ ഒരു പെണ്‍കുട്ടിയെ ജീവനക്കാര്‍ റാഗ് ചെയ്ത് കരയിച്ച് ഓടിച്ച് വിട്ട ചരിത്രം വരെ അവിടെ ഉണ്ടായിരുന്നു. ഈ പ്രതിസന്ധി അവസാന നിമിഷത്തിലേക്കെത്തിച്ചതില്‍ ആ ഡിപ്പാര്‍ട്ട്‌മെന്റിനും മനപ്പൂര്‍വ്വമല്ലാത്ത ഒരു പങ്കുണ്ട്. അതുകൊണ്ട് ആ ഡിപ്പാര്‍ട്ട്‌മെന്റിനോട് പറഞ്ഞ്, അവരുടെ പ്രതിനിധിയായി എന്നെ അവതരിപ്പിച്ച് എനിക്കുള്ള ഫണ്ട് റിലീസ് ചെയ്യിക്കാം എന്നാണ് ഉദ്യോഗസ്ഥര്‍ കരുതിയത്.
എന്തായാലും ഏകദേശം 45 ദിവസത്തെ രാപ്പകലില്ലാത്ത അധ്വാനം കൊണ്ട് ജൂലൈ മാസത്തിന് മുന്നേ ഞാന്‍ ഏറ്റെടുത്ത പണി തീര്‍ത്തു. അപ്പോഴേക്കും നേരത്തേ പറഞ്ഞ സ്ഥാപനം നൈസായി കൈ കഴുകി. പിന്നീട് കുറേ അധികം പേപ്പര്‍ വര്‍ക്കിലൂടെ മറ്റൊരു സ്ഥാപനം വഴിയാണ് എനിക്കുള്ള ഫണ്ട് റിലീസ് ചെയ്തത്. അതുകൊണ്ട് രേഖകളില്‍ ജൂണ്‍ മാസത്തില്‍ തുടങ്ങി ജൂലൈ മാസത്തില്‍ പണി തീര്‍ത്തതായാണ് ഉള്ളത്.
ഞാനീ പണി എടുത്തത് UDF സര്‍ക്കാരിന്റെ കാലത്താണ്. ഞാന്‍ അവിടെ പണി എടുക്കുന്ന കാര്യവും എനിക്ക് ഒരു സ്വകാര്യസ്ഥാപനത്തിന്റെ ലേബല്‍ ഉള്ള കാര്യവും എല്ലാം എല്ലാ പാര്‍ട്ടിയില്‍ പെട്ടവര്‍ക്കും അറിയാവുന്ന കാര്യമാണ്. പക്ഷെ അസ്സാധാരണമായ സാഹചര്യം കണക്കിലെടുത്ത് വിട്ടുവീഴ്ച അനുവദിക്കാന്‍ എല്ലാവരും തയ്യാറായി. അങ്ങനെയാണ് നിയമസഭയെ പൂര്‍ണ്ണമായും സ്വതന്ത്രസോഫ്റ്റ് വെയറിലേക്ക് മാറ്റുന്നതില്‍ ഒരു നിര്‍ണ്ണായക പങ്ക് വഹിക്കാന്‍ കഴിഞ്ഞതും. അന്ന് ഒരു കടുംപിടുത്തം ഏതെങ്കിലും ഭാഗത്ത് നിന്ന് വന്നിരുന്നെങ്കില്‍, ഒരു പക്ഷേ കേരളത്തിലെ സ്വതന്ത്ര സോഫ്റ്റ് വെയര്‍ ചരിത്രത്തിലെ ഒരു കരിനിഴല്‍ ആയി നിയമസഭയിലെ ആ വര്‍ഷകാലസമ്മേളനം മാറിയേനെ.
പലസമയത്തും ഇത്തരം ഇളവുകളിലൂടേയും കുറുക്ക് വഴിയിലൂടേയും പ്രൊജക്റ്റ് നടപ്പാക്കേണ്ടി വരാറുണ്ട്. ഇവിടേയും അത്തരം കുറേ ചട്ടങ്ങളില്‍ കൂടിയാണ് സ്പ്രിംഗ്ളറും വന്നതായി മനസ്സിലാക്കാന്‍ കഴിഞ്ഞത്. മാര്‍ച്ച് മാസത്തിന്റെ തുടക്കത്തില്‍ തന്നെ കോവിഡ് അനുബന്ധ പ്രവര്‍ത്തനങ്ങളില്‍ ഇടപെട്ടവരുടെ കൂട്ടത്തില്‍ ഞാനും ഉണ്ട്. ഇതിലെ വെല്ലുവിളികളെ കുറിച്ച് ഒരു വ്യക്തി എന്ന നിലയിലും ഒരു സംരംഭകന്‍ എന്ന നിലയിലും വിരുദ്ധമായ ദിശകളില്‍ ഒരുപോലെ ചിന്തകളും ആശങ്കകളും ഉണ്ട്. രണ്ട് ദിവസം മുന്നേ സ്പ്രിംഗ്ളര്‍ വിഷയത്തില്‍ ഇട്ടപോസ്റ്റ് മറ്റ് അനുബന്ധചര്‍ച്ചകളിലേക്കും നയിച്ചു. ഇപ്പോള്‍ ബഹളം വെക്കുന്ന മിക്ക ആളുകളും മറന്ന് പോകുന്ന ചില കാര്യങ്ങള്‍ ഉണ്ട്.
കേരളത്തില്‍ പത്തനംതിട്ടയിലേയും കാസർഗോട്ടേയും പാലക്കാട്ടേയും കോവിഡ് റിപ്പോര്‍ട്ട് ചരിത്രം നിങ്ങള്‍ മറന്നാലും ഉത്തരവാദിത്തപ്പെട്ടവര്‍ക്ക് അങ്ങനെ അങ്ങ് വിടാന്‍ പറ്റില്ല. ആ സമയത്ത് IMA-യുടെ നേതൃത്വത്തില്‍ ഇരിക്കുന്നവര്‍ വരെ പറഞ്ഞത് ഇവിടെ ലക്ഷക്കണക്കിന് പേര്‍ കോറോണയ്ക്ക് കീഴടങ്ങുമെന്നാണ്. 2018-ആഗസ്തിലെ വെള്ളപ്പൊക്കത്തേക്കാള്‍ ഒരു യുദ്ധസമാനമായ സാഹചര്യമാണ് ഇവിടെ വരുന്നത് എന്നാണ് പൊതുവില്‍ ചിത്രീകരിക്കപ്പെട്ടത്. ഈ പേടിപ്പിച്ച ആളുകളില്‍ മിക്കവരും സാര്‍ക്കാരിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരല്ല എന്നുള്ളത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. അങ്ങനെയൊരു സാഹചര്യത്തില്‍ ഒരു 1% ഫെയിലിയര്‍ റേറ്റ് പോലും സര്‍ക്കാരിന് താങ്ങാന്‍ പറ്റണം എന്നില്ല. ഇവിടെ മുന്‍പരിചയമുള്ളതോ തെളിയിക്കപ്പെട്ടതോ ആയ ഒരു സംവിധാനം വേണം. അതും ഒരു single point dependency യും പറ്റില്ല. പ്ലാന്‍ A, പ്ലാന്‍ B അങ്ങനെ ഒന്നിന് പുറകേ ഒന്നായി പല പ്ലാനുകള്‍ വേണം. അതില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ഒന്നിലെ ഒരു കഷണമാണ് സ്പ്രിംഗ്ളറിന്റെ സംവിധാനം.
വെള്ളപ്പൊക്കം വന്നപ്പോള്‍ ചരുവം വഞ്ചി ആയതുപോലെയോ അതിലേക്കാള്‍ യാദൃശ്ചികമായോ ആണ് സ്പ്രിംഗ്ളറിന്റെ ടൂള്‍ ഇവിടെ ചിത്രത്തിലേക്ക് വന്നത് എന്നാണ് ഇതുവരെ ഉള്ള ഇടപെടലില്‍ മനസ്സിലായത്. എന്നാല്‍ സര്‍ക്കാര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ കേരളത്തില്‍ കൊറോണ നിയന്ത്രണ വിധേയമായി. ഇനി മറ്റൊരു പൊട്ടിപുറപ്പെടല്‍ ഉണ്ടാവില്ല എന്ന് തീര്‍ത്ത് പറയാനും പറ്റില്ല. എപ്പഴും പൊട്ടാവുന്ന ടൈം ബോംബ് പോലെ അത് നമ്മുടെ കൂടെ തന്നെ ഉണ്ട്.
എന്തായാലും സ്പ്രിംഗ്ളര്‍ വിഷയത്തില്‍ സര്‍ക്കാരിന് ചെറുതായി ഒന്ന് പിഴച്ചു. അത് പക്ഷെ അറിഞ്ഞുകൊണ്ടോ വേണമെന്ന് വെച്ചോ ചെയ്തതല്ല എന്ന് ഏതാണ്ട് ഉറപ്പുള്ള കാര്യമാണ്. ഒരു പക്ഷെ, പതിവ് വാര്‍ത്താസമ്മേളത്തില്‍, തെറ്റ് പറ്റിയോ എന്ന കാര്യം പരിശോധിച്ച് വേണ്ട നടപടി എടുക്കും എന്ന് ഒറ്റവാചകം പറഞ്ഞിരുന്നെങ്കില്‍ തുടക്കത്തില്‍ തന്നെ ഈ ബഹളം അടങ്ങിയേനെ.
നിലവില്‍ കൊറോണയ്ക്ക് മരുന്നോ പ്രതിരോധ കുത്തിവെപ്പോ ഇല്ല. ലക്ഷണങ്ങള്‍ കാണിക്കാത്തവരും രോഗവാഹകര്‍ ആകും എന്നുള്ളതാണ് പ്രധാന വെല്ലുവിളി. അതുകൊണ്ടാണ് കുറ്റമറ്റ ഒരു ആരോഗ്യ-IT സംവിധാനം വേണമെന്ന് സര്‍ക്കാര്‍ പറയുന്നത്. ആളുകളെ പൂര്‍ണ്ണമായും ട്രാക്ക് ചെയ്യണം, എന്നാല്‍ വ്യക്തിവിവരം ചോരുകയോ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കുള്ളിലെ തന്നെ ആളുകള്‍ക്ക് പോലും ദുരുപയോഗം ചെയ്യാന്‍ അവസരമുണ്ടാവുകയുമരുത്. പൂച്ചയ്ക്കാര് മണി കെട്ടും എന്ന് പറയുമ്പോലെ ആണിത്. ഇതാണ് മനസ്സിലാക്കിയിടത്തോളം സര്‍ക്കാരിന്റെ അവസ്ഥയും നിലപാടും. 100% ഗ്യാരണ്ടിയോടെ ഒരു സൊലുഷന്‍ ആര് കൊടുത്താലും സര്‍ക്കാര്‍ രണ്ട് കയ്യും നീട്ടി സ്വീകരിക്കും. നമ്മുടെ പ്രതിപക്ഷത്തിനും ഇവിടെ അവസരമുണ്ട്.
മെയ് മാസത്തോടുകൂടി ലോക്ക് ഡൗണ്‍ അവസാനിപ്പിക്കാനുള്ള സമ്മര്‍ദ്ദം കൂടും. കൂടുതല്‍ പേര്‍ യാത്ര ചെയ്ത് തുടങ്ങും. ലോകം മൊത്തം ധാരാളം കൊറോണ കോവിഡ് രോഗികള്‍ ഉള്ളപ്പോള്‍ കേരളത്തിന് മാത്രമായി പൂര്‍ണ്ണ രോഗമുക്തി അവകാശപ്പെടാനാവില്ല. വീണ്ടും കൊറോണ വന്നാല്‍ അടച്ചിടല്‍ അത്ര എളുപ്പവുമല്ല. ഇനി അടച്ചിടുകയാണെങ്കില്‍ എത്രകാലം ഇങ്ങനെ അടച്ചിട്ടിരിക്കാനാവും? അടച്ചിടലാണോ ശരിയായ പരിഹാരം? വ്യവസായങ്ങളും സ്ഥാപനങ്ങളും തുറക്കാതെ എത്രകാലം നമുക്ക് മുന്നോട്ട് പോകാനാവും? രോഗം വരാതിരുന്നാല്‍ മാത്രം മതിയോ? പട്ടിണി കിടക്കാത്ത അവസ്ഥയും വേണ്ടേ? ഇത് ഭരിക്കുന്ന ആളുകളുടെ മാത്രം തലവേദന അല്ല. നമ്മള്‍ ഓരോരുത്തരും ഈ ചോദ്യത്തിനുത്തരം കണ്ടെത്താന്‍ സഹായിക്കേണ്ടവരാണ്.
ഇന്നുണ്ടാക്കുന്ന ഈ ബഹളം സര്‍ക്കാരിന്റെ മൊത്തം പ്രവര്‍ത്തനങ്ങളെ അത് സാരമായി ബാധിച്ചു എന്ന് പറയാതെ വയ്യ. മുഖ്യമന്ത്രി സ്ഥിരമായി നടത്താറുള്ള വാര്‍ത്താ സമ്മേളനത്തില്‍ നിന്ന് പിന്‍വാങ്ങിയത് പോലും ഇതിന്റെ തുടര്‍ച്ചയാണ് എന്നാണ് ഞാന്‍ കരുതുന്നത്. മുഖ്യമന്ത്രി ഒരു ആരോഗ്യവിദഗ്ധനോ IT വിദഗ്ധനോ ആവണമെന്ന് ശഠിക്കരുത്. ഇതുവരെ ഉള്ള അനുഭവത്തില്‍ പ്രതിപക്ഷം എപ്പോഴും എല്ലായ്‌പ്പോഴും കുറ്റം കണ്ടുപിടിക്കാന്‍ മാത്രം നടക്കുകയാണ്. അതല്ലാതെ എന്തെങ്കിലും ഒരു നല്ലകാര്യം അവകാശപ്പെടാന്‍ വേണ്ടി നമ്മുടെ പ്രതിപക്ഷത്തിന്റ കയ്യില്‍ ഒരു പുല്ലും ഞാന്‍ കാണുന്നില്ല. ഇവിടെ കൊറോണയുടെ മറവില്‍ CAA-NRC നിശബ്ദമായി നടപ്പിലാക്കാനുള്ള ചരട് വലി നടക്കുന്നതിനെ കുറിച്ച് പോലും നമ്മുടെ പ്രതിപക്ഷം മനസ്സിലാക്കാന്‍ ശ്രമിക്കാത്തത് വലിയൊരു ദുരന്തസൂചന കൂടിയാണ്.
ഈ കരാര്‍ കൊടുക്കുന്നതില്‍ മനപ്പൂര്‍വ്വമുള്ള വീഴ്ച ഉണ്ടായതായി ഒറ്റനോട്ടത്തില്‍ തോന്നുന്നില്ല. അതേ സമയം നമ്മുടെ സര്‍ക്കാരിന് ഡാറ്റയുടെ വിലയും, ഒരു IT enabled ലോകത്ത് ഡാറ്റ കൈകാര്യം ചെയ്യുമ്പോള്‍ പുലര്‍ത്തേണ്ടുന്നതില്‍ ഉള്ള ജാഗ്രതയില്‍ വന്ന കുറവും എല്ലാം വീഴ്ച തന്നെയാണ്. ഇതാണ് ഇവിടെ തിരുത്തേണ്ടതും, ചര്‍ച്ച ചെയ്യപ്പെടണ്ടതുമായ ഒരു കാര്യം. നിര്‍ഭാഗ്യവെച്ചാല്‍ ഈ കാര്യത്തില്‍ എന്തോ സാമ്പത്തിക കുറ്റകൃത്യം നടന്നു എന്ന് തെളിയിക്കാന്‍ പ്രതിപക്ഷവും ഡാറ്റയ്‌ക്കോ സ്വകാര്യതയ്‌ക്കോ വിലയില്ലെന്ന് വരുത്തി തീര്‍ക്കാന്‍ മറുപക്ഷവും നടത്തുന്ന ശ്രമങ്ങള്‍ രണ്ടും ഒരേ കുഴിയിലേക്കാണ് നമ്മളെ മൊത്തത്തില്‍ കൊണ്ടുചെന്നെത്തിക്കുന്നത്. അതുകൊണ്ട് ഈ ബഹളം വെക്കുന്ന നമ്മുടെ MLA-മാര്‍ വരുന്ന വര്‍ഷകാല സമ്മേളനത്തിലെങ്കിലും ഒരു നല്ല ഡാറ്റ പോളിസി കൊണ്ടുവരാനായി സമ്മര്‍ദ്ദം ചെലുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ഇവിടെ പക്ഷെ യുദ്ധകാലടിസ്ഥാനത്തില്‍ നമ്മള്‍ ചെയ്യേണ്ടത്, എല്ലാവരും കൂടി കൂട്ടായി ഇരുന്ന് ആലോചിച്ച് നല്ലൊരു കൊറോണ പ്രതിരോധപദ്ധതിക്ക് രൂപം കൊടുക്കുകയാണ്. നിലവില്‍ ഒരു ലക്ഷ്യവുമില്ലാതെ പറന്ന് നടക്കുന്ന പ്രതിപക്ഷത്തെ ആരെങ്കിലും ഈ കാര്യം പറഞ്ഞ് മനസ്സിലാക്കിയെങ്കില്‍ നന്നായേനെ.
(ഇലക്ട്രിക്കല്‍ എഞ്ചിനീയറും സ്വതന്ത്രസോഫ്റ്റ് വെയര്‍ ആക്റ്റിവിസ്റ്റുമാണ് ലേഖകന്‍)
ഉമ്മർ ടി.കെ.
Jan 11, 2021
15 Minutes Read
ഒ. സി. നിധിന്‍ പവിത്രന്‍
Jan 04, 2021
14 Minutes Read
നിസാമുദ്ദീന്‍ ചേന്ദമംഗലൂര്‍
Jan 02, 2021
15 Minutes Read
പ്രമോദ് പുഴങ്കര
Dec 20, 2020
23 Minutes Read
മനോജ് കെ. പുതിയവിള
Dec 19, 2020
30 Minutes Read
ടി.പി.കുഞ്ഞിക്കണ്ണന്‍
Dec 18, 2020
6 minutes read
സെബിൻ എ ജേക്കബ്
Dec 17, 2020
19 Minutes Read
Mohankumar
20 Apr 2020, 12:05 PM
Very sensible, sane writeup. Let us acknowledge It is vital we discuss the difficult issues and tough decisions that crop up in today's tech driven life. The more deeply we grasp the needs, solutions available, and the pluses and minuses the latter come with, the better for us. To that object, the objective of a better understanding of technology and its effective usage, Suraj has provided food for thought. Thanks, and lets dialogue more.