സഹതാപക്കഞ്ഞികൊണ്ട്
കലയിലെ ദാരിദ്ര്യം
ഊട്ടാന്‍ നില്‍ക്കരുത്
സഹതാപക്കഞ്ഞികൊണ്ട് കലയിലെ ദാരിദ്ര്യം ഊട്ടാന്‍ നില്‍ക്കരുത്
മിണ്ടാതിരിക്കുന്ന ഒരാളോട് തിരിച്ചും മിണ്ടാതിരുന്നാല്‍ ലോകം കൂടുതല്‍ അടഞ്ഞുപോകും. പകരം അയാളോട് ''സുഖമല്ലേ?'' എന്ന് വെറുതെ ചോദിച്ചുനോക്കുമോ? അടച്ചിരിപ്പുകാലം കഴിഞ്ഞ് കാണുമ്പോള്‍ 'ചിത്രം നന്നായി' എന്നുമാത്രം പറയാതെ, നിങ്ങളുടെ സൗഹൃദവലയത്തിലെ ഒരു ചിത്രമെഴുത്താള്‍ക്ക് വെറുതെ ഒരു സ്‌കെച്ച്ബുക്ക് സമ്മാനിക്കുമോ? ഒരു കളര്‍ബോക്സ്? ഒരു മഷിപ്പേന? തിരിച്ചൊന്നും ആവശ്യപ്പെടാതെ?
18 Apr 2020, 07:33 PM
അയാളിപ്പോള്‍ വരയ്ക്കുന്നുണ്ടാവില്ല
ഒരു ചായപ്പെട്ടിയില്‍ പന്ത്രണ്ടോ പതിനാലോ കളറുകളുണ്ടാവും. അതില്‍ എല്ലാ നിറങ്ങളും എല്ലാരും ഉപയോഗിക്കില്ല. ഇഷ്ടമുള്ള നിറങ്ങള്‍ ഉപയോഗിച്ചുകഴിഞ്ഞാല്‍ ആ പെട്ടി ഉപേക്ഷിക്കപ്പെടുകയാണ് പതിവ്. പലപ്പോഴും ഉപേക്ഷിക്കപ്പെടുന്ന നിറങ്ങള്‍ ഫ്ളൂറസെന്റ് കളര്‍ പോലെയുള്ള ചില ബ്രൈറ്റ് കളേഴ്സാവും. എന്തുവരക്കുമ്പോഴും ഫ്ളൂറസെന്റ് കളര്‍ ഉപയോഗിക്കുന്ന ഒരു സഹപാഠിയുണ്ടായിരുന്നു എനിക്ക്. നിനക്കെങ്ങനെ തോന്നുന്നു ഈ കണ്ണഞ്ചിപ്പിക്കുന്ന കളര്‍ ഉപയോഗിക്കാന്‍ എന്ന് ഞാനൊരിക്കല്‍ അവനോട് ചോദിച്ചു. അവന്‍ പറഞ്ഞു, ഇതൊക്കെ വെറുതെ കളയുകയല്ലേ എല്ലാരും എന്ന്. അതിനര്‍ത്ഥം എല്ലാരും കളയുന്ന കളര്‍ അവന്‍ പെറുക്കിയെടുത്ത് സൂക്ഷിച്ചിരുന്നുവെന്നാണ്. 'ദാരിദ്ര്യം അവനെ ബ്രൈറ്റാക്കി' എന്നൊരുപമ എനിക്കിപ്പോള്‍ കിട്ടുന്നു. ദാരിദ്ര്യം കലയെ ബ്രൈറ്റാക്കുന്നു എന്നുകൂടി എനിക്കെഴുതാനാവുന്നു. ദാരിദ്ര്യം കലയുമായി ചെയ്ത സങ്കടഗാഥകളോളം വരില്ല ലോകത്ത് ഒരു ഇതിഹാസവും. നാം ആസ്വദിച്ച മാസ്റ്റര്‍പീസുകളുടെയെല്ലാം അടിയടരില്‍ ഒരു കണ്ണുനീര്‍ത്തുള്ളിയുടെ തിളക്കമുണ്ടായേക്കാം എന്നുപോലും എനിക്കെഴുതാം. അവയ്ക്കുമേല്‍ കെട്ടിവെച്ച സഹതാപസാഹിത്യങ്ങളെ വെറുതെവിടാം. സഹതാപക്കഞ്ഞികൊണ്ട് കലയിലെ ദാരിദ്ര്യം ഊട്ടാന്‍ നില്‍ക്കരുത്.
അയാള്‍ക്ക് മാര്‍ക്ക് കുറഞ്ഞിരിക്കണം. അയാളിപ്പോള്‍ വരയ്ക്കുന്നുണ്ടാവില്ല. എല്ലാവരുമയാളെ മറന്നുകാണും. ഒരുപക്ഷേ അയാള്‍ മരിച്ചുപോയിരിക്കണം. ഉപേക്ഷിച്ച നിറങ്ങള്‍ മാത്രമല്ല, വരച്ച ക്യാന്‍വാസില്‍ തന്നെ വരച്ചവര്‍, നിര്‍മ്മിച്ച കളിമണ്‍ശില്പം തച്ചുടച്ച് അതേ മണ്ണില്‍ വീണ്ടും ശില്പം ചെയ്തവര്‍, ഒരുനേരത്തെ ഊണുമാത്രം കഴിച്ച് മിച്ചം വന്ന പൈസയ്ക്ക് മെറ്റീരിയല്‍ വാങ്ങിയവര്‍, കല പഠിക്കാന്‍ മാത്രം ഇടദിവസങ്ങളില്‍ കൂലിപ്പണി ചെയ്തവര്‍, ഹോട്ടലുകളില്‍ അടിമപ്പണി ചെയ്തവര്‍, കിലോമീറ്ററുകള്‍ നടന്ന് വലിയവീട്ടിലെ കുഞ്ഞുങ്ങളെ വര പഠിപ്പിച്ചവര്‍, നിങ്ങളുടെ ഇഷ്ടത്തിന് സ്വന്തം ഇഷ്ടം ബലികൊടുത്ത് കമ്മീഷന്‍ വര്‍ക്കുകള്‍ ചെയ്തവര്‍, നിങ്ങള്‍ പറഞ്ഞപ്പോള്‍ നിങ്ങളുടെ കാമുകീകാമുകന്മാരുടെ ചിത്രം രഹസ്യമായി വരച്ചുതന്നവര്‍, നിങ്ങള്‍ക്ക് കള്ളക്കേസുകള്‍ ജയിക്കാന്‍ നൂറുരൂപയ്ക്ക് കള്ളയൊപ്പിട്ട് തന്നവര്‍, ഒരു പൈന്റ് ഓപ്പീയാറിനാല്‍ നിങ്ങളുടെ അടിയന്തിരകലാവശ്യം സാധിപ്പിച്ചുതന്നവര്‍. പൈസക്കല്ലാതെ നിങ്ങള്‍ പണിയെടുപ്പിച്ച കലത്തൊഴിലാളികള്‍. അവരെയാണ് നിങ്ങള്‍ 'മാവോയിസ്റ്റാക്കിയത്'. അവരെയാണ് നിങ്ങള്‍ 'കഞ്ചാവു മാഫിയ' എന്നുവിളിച്ചത്. കള്ളനു കിട്ടേണ്ട ഇരുട്ടടികള്‍ മാറിക്കൊണ്ടവരാണവര്‍. അവരാണ് നിങ്ങളുടെ തുമ്പില്ലാ കേസുകളില്‍ തുമ്പായത്.
എഴുത്തുകാരുടെ ദാരിദ്ര്യകഥകള്‍ നമ്മളെത്രയോ കേട്ടു. ലോകോത്തര ആര്‍ട്ടിസ്റ്റുമാരുടെ കഥകളും കേട്ടു. തൊട്ടടുത്തവീട്ടിലെ ദാരിദ്ര്യം മാത്രമാണ് നമ്മുടെ ദാരിദ്ര്യമല്ലാതിരിക്കുന്നത്. എത്തിച്ചേരാന്‍ കഴിയാത്ത ഒരു സോമാലിയയായി നമ്മള്‍ ദാരിദ്ര്യത്തെ മറ്റൊരിടത്തില്‍ മാത്രം സങ്കല്പിക്കാന്‍ പഠിച്ചു. ദാരിദ്ര്യത്തിന്റെ ജീവചരിത്രം കാരൂരില്‍ നമ്മള്‍ കണ്ടു, ബഷീറില്‍ കണ്ടു, ചെക്കോവിലും മാക്സിം ഗോര്‍ക്കിയിലും, എമിലി സോളയിലും കണ്ടു. ഷൂസില്ലാത്ത കാലുകള്‍ വരയ്ക്കുമ്പോള്‍ കരവാജിയോ അന്നാട്ടിലെ ദാരിദ്ര്യത്തെ വരച്ചു, ഉരുളക്കിഴങ്ങ് തിന്നുന്നവരുടെ രാത്രിയില്‍ വാന്‍ഗോഗ് കട്ടപിടിച്ച ദാരിദ്ര്യത്തെയും വരച്ചുചേര്‍ത്തു. കലയ്ക്ക് വിഷയമാവുക മാത്രമല്ല അവിടെ ദാരിദ്ര്യം. കല തന്നെ ദാരിദ്ര്യത്തിന്റെ വംശഗാഥകളായി മാറുകയായിരുന്നു.
കാല്പനികദാരിദ്ര്യത്തിനുമാത്രമേ ചന്തമുള്ളൂ നമുക്ക്. സമകാലികദാരിദ്ര്യം ആമത്തലപോലെ കുപ്പായക്കുടുക്കിനുള്ളില്‍ ചുരുണ്ടുകൂടിയിരിക്കുന്നു. കലാപ്രവര്‍ത്തനം വലിയ മുതല്‍മുടക്ക് ആവശ്യമുള്ള ഒരു പണിയായിട്ട് അധികകാലമൊന്നുമായിട്ടില്ല. കലയില്‍ ഒരു മോഹവിപണി രൂപപ്പെട്ട ആര്‍ട്ട് ബൂം കാലം മുതല്‍, ഒരുപക്ഷേ ഡീലര്‍ റോണിയുടെയോ കാന്‍സന്റെയോ മെറ്റീരിയലുകളേ ഉപയോഗിക്കൂ എന്നൊരു രീതി ഉണ്ടായിവന്നിട്ടുണ്ട്. നല്ല മെറ്റീരിയല്‍ ഉപയോഗിക്കണമെന്ന വാശി ഒരു മോശം കാര്യവുമല്ലതന്നെ. എന്നാല്‍ 'പെര്‍ഫെക്ഷനിസം' എന്ന് ഒളിഞ്ഞും തെളിഞ്ഞും പറയുന്ന മെറ്റീരിയല്‍ഭദ്രത മാത്രമായി കലാകൃതിയെ പരിഗണിച്ചുതുടങ്ങിയ ഗാലറിസ്റ്റുകളും ചെറുകിട ശേഖകരും ഉണ്ടാക്കിയ പൊതുധാരണ ബാധിച്ചത് മൂലധനസുരക്ഷിതത്വമില്ലാത്ത ചെറുകിട കലാപ്രവര്‍ത്തകരെയാണ്. ചാര്‍ക്കോളില്‍ വരച്ചിരുന്ന അവര്‍ക്ക് ചാര്‍ക്കോള്‍ ഒരു അവമതിപ്പുള്ള മീഡിയമാക്കിമാറ്റിയത് ഗാലറികള്‍ നിശ്ചയിച്ച അങ്ങാടിനിലവാരസൂചികയാണ്. അക്രിലിക്കാണ് ഈ നൂറ്റാണ്ടിന്റെ മീഡിയം എന്ന് എല്ലാ കലാപ്രവര്‍ത്തകരെയും ഒരേപോലെ വിശ്വസിപ്പിക്കാന്‍ വിപണിക്ക് കഴിഞ്ഞു. ന്യൂസ്പ്രിന്റില്‍ ഡ്രോയിംഗ് ചെയ്യുന്ന ആളുകളെ ഇപ്പോള്‍ കാണാനേയില്ല. കാരണം അത് മൂല്യം കുറഞ്ഞ മെറ്റീരിയലായി മാറി. കലാമൂല്യത്തെ മെറ്റീരിയല്‍മൂല്യമെന്ന് തെറ്റിധരിക്കുവോളമെത്തിയോ വിപണിയധിഷ്ഠിതമായി രൂപപ്പെട്ട കലാനിര്‍മ്മാണപ്രക്രിയ എന്നുപോലും ഒരാള്‍ സംശയിച്ചാല്‍ തെറ്റുപറയാനാകില്ല.
നവലിബറല്‍ ഇക്കോണമി രാജ്യത്തെ പണമുള്ളവരെയും ഇല്ലാത്തവരെയും രണ്ടുതട്ടിലാക്കി നിര്‍ത്താന്‍ പരിശ്രമിച്ചു. കല എപ്പോഴും പണത്തിന്റെ കരുണയാല്‍ പുലരേണ്ട ഒന്നായി. കലയിലെ ക്രയവിക്രയങ്ങള്‍ ഒരു സവിശേഷവിഭാഗത്തിന്റെ കരുണയില്‍ അധിഷ്ഠിതമായി. ആര്‍ട്ട് മാര്‍ക്കറ്റിന്റെ വ്യവഹാരം പൂര്‍ണമായും ഈ ശക്തികള്‍ ഏറ്റെടുത്തു. ജനാധിപത്യസമൂഹത്തില്‍, കലയില്‍ പണിയെടുക്കുന്നവര്‍ക്ക് ദൈനംദിനജീവിതം മുന്നോട്ടുകൊണ്ടുപോവാനുള്ള പദ്ധതികള്‍ വിഭാവനം ചെയ്യുന്നതില്‍ നമ്മുടെ സാംസ്‌കാരികനയങ്ങള്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടു.
വരാനിരിക്കുന്നത് ആഗോളക്ഷാമകാലം. കലവാങ്ങാനും വില്ക്കാനും ആളുകള്‍ മുന്‍പത്തേക്കാള്‍ മടിക്കും. കലയില്‍ ജീവിതം കണ്ടവര്‍ പതുക്കെ അതില്‍നിന്ന് പിന്തിരിയും. പണിതുതീരാത്ത വീടുപോലെ അവരുടെ കലയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ പാതിവഴിയില്‍ നിലയ്ക്കും. അവരുടെ പകല്‍സ്വപ്നങ്ങളില്‍മാത്രം താമസയോഗ്യമായ ഒരു വീടുപണി നടന്നുകൊണ്ടിരിക്കും. കാരണം, കല എല്ലായ്പ്പോഴും പണാധിഷ്ഠിത മനോവ്യാപാരങ്ങളെ പിന്‍കാലുകൊണ്ട് തട്ടിമാറ്റി ജീവിതത്തെ സൗന്ദര്യപ്പെടുത്താനുള്ള പണിയില്‍ മുഴുകിയിരിക്കുന്നു.
സഹതാപമോ സഹാനുഭൂതിയോ കൊണ്ട് കലയിലെ ദാരിദ്ര്യത്തെ മൂടിവെക്കാനാവില്ല. വിപണിനിര്‍മ്മിച്ച മോഹാലസ്യത്തിലേക്ക് ഒരു വിഹിതംകൂടി എന്നമട്ടില്‍ കലയിലെ അന്താരാഷ്ട്രഭാവനകള്‍ക്ക് കൈയ്യയച്ച് സഹായം ചെയ്യുന്നതിനൊപ്പം താഴെത്തട്ടിലേക്കു കൂടി ഒരു നോട്ടം സര്‍ക്കാര്‍ സംവിധാനങ്ങളില്‍നിന്നുണ്ടാവണം. അതിനു ക്രിയാത്മകമായ പ്രവര്‍ത്തനരേഖകള്‍ ഉണ്ടാവണം. ആര്‍ട്ടിസ്റ്റുകള്‍ക്കുള്ള 'അടിയന്തിര റേഷന്‍' എന്നമട്ടില്‍ ഇപ്പോള്‍ ആലോചിക്കുമ്പോലെയല്ല, ദീര്‍ഘവീക്ഷണമുള്ള പദ്ധതികള്‍ ഉണ്ടാവണം. അഴിച്ചുപണികളെക്കുറിച്ച് കൂട്ടമായി ആലോചിക്കേണ്ടതാണ്.
മിണ്ടാതിരിക്കുന്ന ഒരാളോട് തിരിച്ചും മിണ്ടാതിരുന്നാല്‍ ലോകം കൂടുതല്‍ അടഞ്ഞുപോകും. പകരം അയാളോട് ''സുഖമല്ലേ?'' എന്ന് വെറുതെ ചോദിച്ചുനോക്കുമോ? അടച്ചിരിപ്പുകാലം കഴിഞ്ഞ് കാണുമ്പോള്‍ 'ചിത്രം നന്നായി' എന്നുമാത്രം പറയാതെ, നിങ്ങളുടെ സൗഹൃദവലയത്തിലെ ഒരു ചിത്രമെഴുത്താള്‍ക്ക് വെറുതെ ഒരു സ്‌കെച്ച്ബുക്ക് സമ്മാനിക്കുമോ?
ഒരു കളര്‍ബോക്സ്?
ഒരു മഷിപ്പേന?
തിരിച്ചൊന്നും ആവശ്യപ്പെടാതെ?
എം.സി.പ്രമോദ് വടകര
23 Apr 2020, 09:40 AM
പ്രിയ സുധീഷ്, മൗനത്തിൽ നിന്ന് പിറന്ന വാക്കുകൾ ഹൃദയത്തിൽ അലിഞ്ഞു ചേരുന്നു. ശരിയാണ്, ദാരിദ്യം കലയുമായി ചെയ്ത സങ്കട ഗാഥകളോളം വരില്ല ലോകത്ത് ഒരു ഇതിഹാസവും. കാല്പനിക ദാരിദ്യത്തിനു മാത്രമേ ചന്തമുള്ളൂ നമുക്ക്. കമ്പോളങ്ങളുടെ ആർത്തിയിൽ കാഴ്ചകൾ മായുന്ന കാലത്ത് താഴേത്തട്ടിലക്കൊരു നോട്ടം പോലും വല്ലാത്തൊരു ചേർത്തു പിടിക്കലാവും കലാകാരനും !!!
Ratheesh Vasudevan
20 Apr 2020, 04:40 PM
നന്നായി ... സുധീഷ് . സ്നേഹം
Mini
19 Apr 2020, 05:11 PM
Why not?
Sreenivasan
19 Apr 2020, 03:45 PM
കലാകൃത്തിനെ എങ്ങിനെ ചേർത്തു നിർത്താം എന്നു കാട്ടിത്തരുന്ന എഴുത്ത് .... ഗംഭീരം.
Truecopy Webzine
Dec 04, 2020
1 Minutes Read
സുധീഷ് കോട്ടേമ്പ്രം
Oct 18, 2020
9 Minutes Read
കവിത ബാലകൃഷ്ണന്‍/ സുധീഷ് കോട്ടേമ്പ്രം
Sep 05, 2020
10 minute read
ബി.ഉണ്ണികൃഷ്ണന്‍
Aug 01, 2020
7 minute read
ബിപിന്‍ ബാലചന്ദ്രന്‍
Jul 29, 2020
9 Minutes Read
ദീപക്ക് കുമാർ
26 Apr 2020, 04:00 PM
വളരെ പ്രസ്‌കതമായ നിരീക്ഷണം