ലോകകപ്പിൽ ശ്രദ്ധിക്കപ്പെടാൻ പോവുന്ന ടീമുകൾ ഏതൊക്കെ, എന്ത് കൊണ്ട് ?

2018ൽ സെമിഫൈനലിൽ ഫ്രാൻസിനോട് തോറ്റ ബെൽജിയമാണ് ഇത്തവണത്തെ യഥാർത്ഥ കറുത്ത കുതിരകൾ. റോമേലു ലൂക്കാക്കുവൊഴികെ അവരുടെ സുവർണ തലമുറയിലെ എല്ലാവരും മുപ്പത്തിലേക്ക് കടന്നു കഴിഞ്ഞു. 2018ലെ ക്വാർട്ടർ ഫൈനലിൽ ബെൽജിയം തോൽപ്പിച്ച ബ്രസീൽ ക്വാളിഫൈയിംഗ് റൗണ്ടിലെ പ്രൗഢഗംഭീര പ്രകടനത്തോടെയാണ് ഖത്തറിലെത്തുന്നത്. അർജന്റീനയുടെ 36 കൊല്ലമായ കാത്തിരിപ്പ് അവസാനിപ്പിക്കുമോ. മെസ്സിയുടെ പ്രധാന പ്രതിയോഗി ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക് ഇത്തവണയും വിലപിക്കാൻ തന്നെയാകും യോഗം! - ദീർഘകാലം ഗാർഡിയന്റെയും ഇൻഡിപെൻഡൻറിന്റെയും മിൻറ്​ ലോഞ്ചിന്റെയും കോളമിസ്​റ്റ്​ ആയിരുന്ന ദിലീപ് പ്രേമചന്ദ്രന്റെ പ്രവചനം.

Truecopy Webzine

ലോകോത്സവത്തിൽ ശ്രദ്ധിക്കപ്പെടാൻ പോവുന്ന ടീമുകൾ ഏതൊക്കെയാവും, ഇപ്പോഴത്തെ ചാമ്പ്യന്മാരായ ഫ്രാൻസ് തന്നെയാണ് ഒന്നാമത്തേത്. അടുത്ത കാലത്തെ യുഏഫാ നാഷൻസ് ലീഗ് മത്സരങ്ങളിൽ അത്ര നല്ല പ്രകടനമല്ല, ഫ്രാൻസിന്റേത്, പക്ഷേ, ഫ്രഞ്ച് ടീമിന് പ്രത്യക്ഷത്തിൽ ദൗർബല്യങ്ങളൊന്നുമില്ല. കിലിയൻ എംബാപ്പേയും കരീം ബെൻസീമയും നേതാക്കളായ താരമുൻനിരയാണ് ഫ്രാൻസിന്റേത്. അവരവരുടെ ദിവസം സ്വന്തം നിലയ്ക്ക് കളി ജയിപ്പിക്കാൻ പ്രാപ്തർ. മധ്യനിരയാലാവട്ടെ, റഫൈൽ വറാന്റെ ഫിറ്റ്‌നെസ് ഓക്കെയല്ല. പക്ഷേ, ഉയർന്ന ക്ലബ് ഫുട്‌ബോൾ ലെവലിൽ അത്യന്തം പരിചയസമ്പന്നരായ കളിക്കാരാണ് മധ്യബലം. നിസ്തുല ഡിഫൻഡർ ങ്കോളോ കാന്തേയുടെ പരിക്കും അതുകൊണ്ടുള്ള അസാന്നിധ്യവും സത്യം തന്നെ- പക്ഷേ, അവിടേക്ക് ഉയർന്നുവരും റയാൽ മാഡ്രിഡ് ഇരട്ടകളായ ഉറീലിയൻ ചൊമേനിയും എഡ്വാർഡോ കമവിംഗയും.

നാഷൻസ് ലീഗിലെ രണ്ടു കളിയിലും, ഹോം ആൻഡ് എവേ, ഡെൻമാർക്ക് ഫ്രാൻസിനെ തോൽപ്പിച്ചതാണ് എന്നോർക്കണം. ലോകകപ്പ് മത്സരങ്ങളിൽ ഡെൻമാർക്കിന്റെ ഇതപര്യന്തമുള്ള കളികളിൽ 1998 ലെ ക്വാർട്ടർ ഫൈനലാണ് ബെസ്റ്റ്. എന്നാൽ, ക്രിസ്റ്റ്യൻ എറിക്സൺ നെഞ്ചിൽ ഉറപ്പിച്ച ഇംപ്ലാന്റബിൾ കാർഡിയോവെർട്ടർ ഡിഫിബ്രിലേറ്ററുമായി വമ്പൻ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്.1986-ൽ ആവേശോജ്വലമായ ഡാനിഷ് ഡൈനമിറ്റ് ഫുട്ബോൾ കളിച്ച ഡെൻമാർക്കായിരിക്കും ഖത്തറിലെ കറുത്ത കുതിരകളിലൊന്ന്.

കപ്പ് ഡിഫൻഡ് ചെയ്യാൻ റഷ്യയിലെത്തിയ ജർമനി ഒരു സാഡ് ദുരന്തമായിരുന്നു. അവർക്ക് ഒരു പാട് തെളിയിക്കാനുണ്ട് ഇപ്പോൾ ഗൾഫിലെത്തുമ്പോൾ. ഫൈനൽ ലിസ്റ്റിൽ മുകളിലത്തെ എട്ടിലെത്താതെ ജർമനി ആദ്യമായി പുറത്താവുന്നത് 2018ൽ ആണ്. എൺപതു വർഷത്തെ കളിചരിത്രമെടുത്താൽ ആദ്യം (1950ൽ അവരെ കളിക്കാൻ അനുവദിച്ചിരുന്നില്ല) റയാൽ മാഡ്രിഡിന്റെ ക്ലാസ് മിഡ്ഫീൽഡർ ടോണി ക്രൂസിന്റെ പ്രതിഭയൊന്നും അവകാശപ്പെടാനില്ലാത്ത ജർമൻ മധ്യനിരക്ക് കടുത്ത ഒന്നാം റൗണ്ട് പരീക്ഷണങ്ങളാണ് കാത്തിരിക്കുന്നത്.

സ്‌പെയിൻ ലൂയീ എന്റിക്കിനുകീഴിൽ പുനർനിർമാണത്തിലാണ്. 2014 ലും 2018 ലും ദുഃഖഭരിതമായിരുന്നു അവസ്ഥ. 2014 ൽ ഇറ്റലിയും ഇംഗ്ലണ്ടും ഉണ്ടായിരുന്നിട്ടും ടേബിളിൽ ടോപ്പിലെത്തിയ കോസ്റ്ററിക്കയും ഉറുഗ്വയുമാണ് നോക്കൗട്ട് ഘട്ടത്തിലേക്ക് കടന്നത്. ജർമനി ഒരിക്കലും, ജപ്പാന്റെ ബ്ലൂ സാമുറായിയെ ലഘുവായി കാണില്ല, നാലു കൊല്ലം മുമ്പ് റഷ്യയിൽ സൗത്ത് കൊറിയയോട് അപമാനിതമായതിന്റെ കയ്പുനിറഞ്ഞ ഓർമ്മകൾ ജർമനിക്കുണ്ട്.

സ്‌പെയിനും മുന്നോട്ടു പോവാതിരിക്കില്ല. ബാഴ്‌സലോണയുടെ പെദ്രിയും ഗവിയും ആരാധകരെ ത്രില്ലടിപ്പിക്കും എന്ന കാര്യം ഉറപ്പ്. എന്നാൽ ക്ലിനിക്കലായ ഒരു അറ്റാക്കിംഗ് ഓപ്ഷൻ ഇല്ലാത്തതു കൊണ്ടു തന്നെ സ്‌പെയിൻ ഇത്തവണ വലിയ വില കൊടുക്കേണ്ടി വരും. ശരിയാണ്, അൽവാരോ മൊറാട്ട സ്‌പെയിന്നു വേണ്ടി 27 ഗോൾ നേടിയിട്ടുണ്ട്. പക്ഷേ, മൊറാട്ടയെ ആരും ഫെർനാണ്ടോ ടോറസ്സിനോടോ ഡേവിഡ് വിയ യോടോ റാഊളിനോടോ എമിലിയോ ബൂത്രഗെനിയോടോ ഉപമിക്കാൻ ഇടയില്ല.

2018ൽ സെമിഫൈനലിൽ ഫ്രാൻസിനോട് തോറ്റ ബെൽജിയമാണ് ഇത്തവണത്തെ യഥാർത്ഥ കറുത്ത കുതിരകൾ. റോമേലു ലൂക്കാക്കുവൊഴികെ അവരുടെ സുവർണ തലമുറയിലെ എല്ലാവരും മുപ്പത്തിലേക്ക് കടന്നു കഴിഞ്ഞു. തിബോൾട്ട് കോർട്ടോയിസ്, കെവിൻ ഡി ബ്രയ്‌നെ, ഈഡൻ ഹസാർഡ്, അലക്‌സ്വിറ്റ്‌സൽ, ഡ്രൈസ് മെർട്ടിൻസ് : എല്ലാരും മുപ്പതുകളിൽ. പ്രായമാകുന്ന പ്രതിരോധത്തിലേക്ക് വൗട്ട് ഫയസ് കനത്ത കൂട്ടിച്ചേർക്കലാണ്. ലിയാൺട്രോ ട്രൊസ്സാർഡും യൂറി ടെയ്‌ലെമെൻസും ചാൾസ് ഡി കെറ്റലെയ്‌റും മധ്യനിരയിൽ നിന്നുതന്നെ ഗോളുകൾ കണ്ടെത്തും. ജെറെമി ഡോക്കുവും ലൂയി ഒപ്പൻഡയും റൊബർട്ടോ മാർട്ടിനെസ്സിന്റെ ടീമിന് അത്യുഗ്രൻ അറ്റാക്കിംഗ് സാധ്യതകൾ നൽകും. നാലു കൊല്ലം മുമ്പത്തെ സമ്മർദ്ദമൊന്നും നാലയലത്തില്ലാത്തതുകൊണ്ടുതന്നെ, ഇത്തവണ കാണേണ്ട കളികൾ ബെൽജിയത്തിന്റേതായിരിക്കും.

കഴിഞ്ഞ വർഷം യൂറോ കപ്പ് ഫൈനലിൽ ഇറ്റലിയോട് പെനാൽറ്റിയിൽ തോറ്റ ഇംഗ്ലണ്ടിന്റെ സ്ഥിതി എന്തായിരിക്കും ഹാരി കെയിൻ എന്ന മുടിഞ്ഞ സെന്റർ ഫോർവേഡ് ഇംഗ്ലണ്ടിനുണ്ട്. ഫിൽ ഫോഡനും റഹീം സ്റ്റെർലിംഗും ജെയിംസ് മാഡിസണും കൂടെ ചേരുമ്പോൾ അക്രമണ മുന്നേറ്റങ്ങളിൽ സർഗാത്മകതയ്ക്ക് അതീവ സാധ്യതകളാണ്. പക്ഷേ, ഇംഗ്ലണ്ടിന്റെ കളി നിശ്ചയിക്കാൻ പോകുന്നത് മറ്റൊരാളായിരിക്കും. മാഞ്ചസ്റ്റർ സിറ്റിയുടെ ദ്രുതപാദനായ ജാക്ക് ഗ്രീലിഷിന്റെ സാമ്പാ താരത്തെപ്പോലുള്ള ഡ്രിബ്‌ളിംഗ് ഇംഗ്ലണ്ടിന്റെ കളിയിലെ നിർണയ ഘടകമായിരിക്കും. അടുത്ത കാലത്തായി വളരെയടുത്ത് എന്നു തോന്നിപ്പിക്കുമെങ്കിലും കപ്പിന് കയ്യെത്താ ദൂരത്തു തന്നെയാണ് ഇംഗ്ലണ്ട്.

2018ലെ ക്വാർട്ടർ ഫൈനലിൽ ബെൽജിയം തോൽപ്പിച്ച ബ്രസീൽ ക്വാളിഫൈയിംഗ് റൗണ്ടിലെ പ്രൗഢഗംഭീര പ്രകടനത്തോടെയാണ് ഖത്തറിലെത്തുന്നത്. അപരാജിതർ. 40 ഗോളുകൾ. സെലെസാവോയ്ക്ക് വേണ്ടി 75 ഗോളുകൾ അടിച്ച നെയ്മർ തന്നെയാണ് ടീമിലെ നക്ഷത്രം. പക്ഷേ, ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിനെതിരെ വിജയഗോൾ നേടിയ റയാൽ മാഡ്രിഡിന്റെ വിനീഷ്യസ് ജൂനിയറും അതേ ക്ലബിന്റെ റൊഡ്രീഗോയും ഇത്തവണത്തെ യുവരക്തങ്ങളാണ്. മുൻ നിരയിൽ റിച്ചാർലിസണും ഗബ്രിയേൽ ജീസസും റഫീനിയയും കൂടെയാവുമ്പോൾ ബ്രസീലിന് ഗോളടി ഇത്തവണ വിഷയമാവില്ല.

അർജന്റീനയുടെയും സ്ഥിതി സമാനമാണ്. ലയണൽ മെസ്സിയും ഏഞ്ചൽ ഡി മരിയായും ലോത്താരോ മാർട്ടിനെസും പൗലോ ഡി ബാലയും കിടിലോൽ കിടിലന്മാർ. വേണ്ടിവന്നാൽ റിവർ പ്ലേറ്റിൽ ഖ്യാതി തെളിയിച്ച് ഇപ്പോൾ മാഞ്ചസ്റ്റർ സിറ്റിയിലെത്തി നിൽക്കുന്ന ജൂലിയൻ അൽവാരസുമുണ്ട്. പക്ഷേ, ഇമ്മാതിരി പേരുകളൊന്നും മിഡ്ഫീൽഡിൽ എടുത്തുകാണിക്കാനില്ല. റൊഡ്രീഗോ ഡി പോളും ലിയാൻഡ്രോ പാരഡിസും കേമൻമാർ. പക്ഷേ, മധ്യനിരയിൽ അർജന്റീനയുടെ തുറുപ്പുചീട്ട് വയസ്സു മുപ്പതു കഴിഞ്ഞ ശേഷം മാനേജർമാർ കണ്ടു പിടിച്ച അലക്‌സാണ്ടർ ഗോമസ് എന്ന പാപ്പു ആണ്. നല്ല ഐഡിയ ഉള്ള കളിക്കാരൻ. ഇയാളും യുവാവായ എൻസോ ഫെർനാണ്ടസും ഉള്ളുണർന്നു കളിക്കേണ്ടി വരും അർജന്റീനയുടെ 36 കൊല്ലമായ കാത്തിരിപ്പ് അവസാനിപ്പിക്കാൻ.

മെസ്സിയുടെ പ്രധാന പ്രതിയോഗി ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക് ഇത്തവണയും വിലപിക്കാൻ തന്നെയാകും യോഗം! റൊണാൾഡോയുടെ ദിവസത്തിൽ റൊണാൾഡോ ഗോളൊക്കെ അടിച്ചേക്കും, തർക്കമില്ല. 2018ൽ റയൽ മാഡ്രിഡിനൊപ്പം നാല് ചാമ്പ്യൻസ് ലീഗ് ടൈററിൽ നേടിയ ശേഷം ക്ലബ്ബ് വിട്ട റൊണാൾഡോ വിമർശനങ്ങളുടെ അമ്പുകൾക്കു മുന്നിൽ പരുങ്ങുകയാണിപ്പോഴും.

മുൻനിരയിലുള്ള ടീമുകളെല്ലാം ഇപ്പോൾ എടുക്കുന്ന തന്ത്രങ്ങൾ റൊണാൾഡോയുടെ കളിരീതികളിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. പന്ത് തിരിച്ചു കൊടുക്കുന്നതിലും വേണമെങ്കിൽ ഫോർവേഡുകളെക്കൊണ്ടു തന്നെ ഡിഫൻസ് കളിപ്പിക്കുന്നതിലുമൊക്കെയാണ് ഇന്നത്തെ മികച്ച ടീമുകൾ പുതിയ കളിയടവുകളിലൂടെ ശ്രദ്ധിക്കുന്നത്. എന്നാൽ, റൊണാൾഡോ കളി തുടങ്ങിയേടത്തു തന്നെ കളിക്കുകയാണ്. ഗോളടിക്കുക മാത്രമാണ് തന്നെ ഏൽപ്പിച്ച ജോലി എന്ന മട്ടിൽ. റയാൽ മാഡ്രിഡിൽ നിന്നും നിരാശാജനകമായ യുവന്തസ് ഏടും താണ്ടി തുടങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിൽ തന്നെ എത്തി നിൽക്കുകയാണ് റൊണാൾഡോ ഇപ്പോൾ.

റൊണാൾഡോ ഫോക്കൽ പോയിന്റ് ആവുമ്പോൾ ടീമിന്റെ കളി മന്ദീഭവിക്കുന്നതായി കാണാം. കഠിനാധ്വാനിയും പ്രതിഭാശാലിയുമായ ഡീഗോ ജോട്ടാ പരിക്കുമൂലം പുറത്താവുക കൂടെ ചെയ്തതോടെ കഴിഞ്ഞ നാലഞ്ചു വർഷങ്ങളായി പോർച്ചുഗൽ കളിച്ചു വരുന്ന പെഡസ്ട്രിയൻ ഫുട്‌ബോളിനപ്പുറം മറ്റൊന്നും സംഭവിക്കാൻ സാധ്യതയില്ല.

ഫുട്‌ബോളിലെ പുതിയ ലോകത്തിന്റെ സ്ഥിതി എന്താണ് 1990ലെ കാമറൂൺ ഇന്ദ്രജാലം കണ്ട സാക്ഷാൽ പെലെ പോലും പ്രവചിച്ചതാണ്. 20-ാം നൂറ്റാണ്ടിൽ തന്നെ ഒരു ആഫ്രിക്കൻ ലോകകപ്പ് ജേതാവ് ഉണ്ടാവുമെന്ന്. മൂന്നു ദശകങ്ങൾ കഴിഞ്ഞിട്ടും ഒരൊറ്റ ആഫ്രിക്കൻ ടീമിനും സെമിയിൽ പോലും എത്താൻ കഴിഞ്ഞിട്ടില്ല. പരിക്ക് മാറ്റാൻ മന്ത്രവാദിയെ വരെ രംഗത്തിറക്കിയിട്ടും സാദിയോ മാനേയെ ടീമിലെത്തിക്കാൻ കഴിയാത്തത് സെനഗലിലൂടെയുള്ള ആഫ്രിക്കൻ സ്വപ്നങ്ങളെയും അസ്ഥാനത്താക്കുന്നു. ഘാനയും കാമറൂണും മൊറോക്കോയും ഭൂതകാലത്തിന്റെ കരുത്തുപേറുന്ന ടീമുകളല്ല.

സ്വന്തം നാട്ടിൽ ഭ്രാന്തമായ പിന്തുണയായിരിക്കും ഖത്തറിന്. അക്രം ആ ഫിഫും അൽമോസ് അലിയും കഴിവുറ്റ കളിക്കാർ. അടുത്ത റൗണ്ടിലേക്ക് കടക്കുകയെന്നത് ബസാം അൽ റാവി കോട്ട കാക്കുന്നതിൽ എത്ര മാത്രം മിടുക്ക് കാണിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും.

ഇറാന്റെ പ്രശ്‌നം ഒത്തൊരുമയില്ലായ്മയാണ്. ചില കളിക്കാർ ഇപ്പോൾ ഇറാനിൽ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് അനുകൂലമായും ചിലർ എതിർത്തും പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. സൗദി അറേബ്യയും ആസ്‌ട്രേലിയയും ടീം റീബിൽഡിംഗിന്റെ വഴിയിലാണ്. സോൺ ഹ്യൂംഗ് മിന്നിന്റെ ഫിറ്റ്‌നസിലാണ് സൗത്ത്‌കൊറിയയുടെ പ്രതീക്ഷ. ഹിദെതോഷി നകാത്തയും കെയ്‌സുകൊ ഹോണ്ടയും തെല്ലഹങ്കാരത്തോടെ സ്വന്തം കഴിവുകൾ യൂറോപ്യൻ ക്ലബ്ബുകൾക്ക് വിറ്റ കാലത്തെ ജപ്പാൻ അല്ല ഇന്നത്തെ ജപ്പാൻ. അമേരിക്കയുടെതും മെക്‌സിക്കോവിന്റേതും പതിവുപോലെ നല്ല ചെറുത്തുനിൽപ്പായിരിക്കും. വെയിൽസും പോളണ്ടും സ്വിറ്റ്‌സർലന്റും ചില കളിക്കാരുടെ പ്രഭയിൽ ചില ദിവസം മിന്നിയേക്കാം. നിരാശയുടെ രണ്ടു ദശാബ്ദങ്ങൾക്കു ശേഷം ഇത് സൗത്ത് അമേരിക്കയുടെ സമയമാകാം. ലോകോത്സവത്തിലെ വലിയ സമ്മാനം ആരായിരിക്കും ഉയർത്തിപ്പിടിക്കുക ബാഴ്‌സലോണയിൽ ടീം മേററുകളായിരുന്ന മെസ്സിയോ നെയ്മാറോ അതോ, ഫുട്‌ബോൾ യുവതലമുറയുടെ പ്രതിരൂപമായ എംബാപ്പയോ

ആരു ജയിച്ചാലും ഫുട്‌ബോൾ ജയിക്കട്ടെ.
തിയറി പ്രകാരമാണെങ്കിൽ 1-0 സ്‌കോറിൽ ഏഴു ജയം മതി കപ്പ് നേടാൻ. അങ്ങനെ പറയുമ്പോൾ നമുക്ക് വീണ്ടും സാച്ചിയിലേക്ക് പോകാം.

ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് 102 ൽ ദിലീപ് പ്രേമചന്ദ്രൻ എഴുതിയ ലേഖനത്തിൻറെ പൂർണ്ണ രൂപം വായിക്കാം - കപ്പ് സൗത്ത് അമേരിക്കയിലേക്കാണ്, ബെൽജിയം ഇടങ്കോലിട്ടില്ലെങ്കിൽ

Comments