മലയാളത്തിലെ ഏറ്റവും മികച്ച സൈക്കൊ ത്രില്ലർ നരസിംഹമാണ്

കഥ തുടങ്ങിയിടത്ത് തന്നെ എത്തിച്ചേരുന്നതോടെ മാനസിക സംഘർഷങ്ങളുടെ ഒരു സമ്പൂർണ്ണവൃത്തം പൂർത്തിയാക്കിയ ഇന്ദുചൂഢൻ സ്വബോധത്തിലേക്ക് തിരിച്ച് വരുന്നു.

ലയാളത്തിലെ ഏറ്റവും മികച്ച സൈക്കൊ ത്രില്ലർ നരസിംഹമാണ്. പൂവള്ളി ഇന്ദുചൂഢൻ ആറ് വർഷത്തെ ചിത്തരോഗാലയ വാസത്തിന് ശേഷം തിരിച്ച് വരുന്നതോടെയാണ് ഭാരതപ്പുഴയുടെ തീരത്ത് കഥ ആരംഭിക്കുന്നത്.

സ്വന്തം പിതാവിന്റെ ചിതാഭസ്മം ഒഴുക്കാൻ വന്ന രാമകൃഷ്ണനെയും മൂത്ത സഹോദരൻ പവിത്രനെയും വെള്ളത്തിൽ നിന്നും പൊങ്ങി വന്ന് ഭയപ്പെടുത്തിയ ഇന്ദുചൂഢനെ ആളുകൾ ഒരു വിധം പിടിച്ച് കൊണ്ട് പോവുന്നു. പിടിച്ച് കൊണ്ട് പോവാൻ ഓടി വരുന്നവരെ നോക്കി ഇന്ദുചൂഢൻ താനിന്നൊരു വ്യക്തിയല്ല എന്ന് പറയുന്നത് കേട്ട് ഓടി വരുവാരുന്ന ഒരാൾ മലന്നടിച്ച് വീഴുന്നു. പടം കഴിയുന്ന വരെ അയാൾക്ക് പിന്നെ ബോധമില്ല.

തോറ്റ പരീക്ഷ എഴുതാൻ പോയ രാമകൃഷ്ണൻ പോൾ ആസാദ് എന്നയാളെ കുത്തി കൊന്നുവെന്നാണ് ഇന്ദുചൂഢൻ പറയുന്നത്. പോൾ ആസാദ് ജീവിച്ചിരുന്നതിനും മരിച്ചതിനും തെളിവുകൾ ഒന്നുമില്ല. പോൾ ആസാദ് ഇന്ദുചൂഢന്റെ ഒരു സങ്കല്പം മാത്രമാണ്. രാമകൃഷ്ണൻ മൂന്നാമത്തെ ചാൻസിൽ പേപ്പറെല്ലാം ക്ലിയർ ആക്കുന്നു.

അങ്ങാടിയിൽ വെച്ച് ഭാസ്കരന്റെ മേത്ത് വെച്ച കൈ എടുക്കാൻ വൈകിയ ഇന്ദുചൂഢൻ ഭാസ്കരന്റെ അനിയന്റെ വീട് കത്തിക്കുന്നു. നാനയുടെ സെന്റർ പേജിൽ കണ്ട ബാബിലോണയോടൊപ്പം അടിച്ച് പൂക്കുറ്റിയായി നൃത്തം വെക്കുന്നു. തന്റെ പിതാവായ ജസ്റ്റിസ് കരുണാകര മേനോന് മറ്റൊരു മകളുണ്ടെന്ന് പറഞ്ഞ് പരത്തുന്നു. അങ്ങേരവളെ തട്ടിയെന്ന് പറയുന്നു. സത്യാവസ്ഥ അന്വേഷിക്കാൻ വന്ന പൊലീസുകാരെ ഭീഷണിപ്പെടുത്തുന്നു. വിലക്കയറ്റത്തിനെതിരെ സമരം ചെയ്യുന്നവരുടെ പന്തലടക്കമടിച്ച് തകർക്കുന്നു. അമ്പലത്തിൽ കൊട്ടികൊണ്ട് നിന്ന മാരാരെ പിടിച്ച് കൊണ്ട് പോയി പോളിഷ് ചെയ്ത് വെച്ച ഒരു ചെമ്പിലേക്ക് ഉന്തിയിടുന്നു. ഭീമൻ രഘുവിനെ പെറുക്കിയിട്ട് അടിച്ച് പവിത്രന്റെ കമ്പിനി കത്തിയ്ക്കുന്നു. പാലക്കാട് ജില്ലയിൽ അവിടുത്തെ കളക്ടർ കർഫ്യു പ്രഖ്യാപിക്കുന്നു. ചിനക്കത്തൂർ പൂരം മാറ്റി വെക്കുന്നു.

മീനവിയൽ ഇന്ദുചൂഢന്റെ അമ്പിയാണ് അച്ചു. ഇന്ദുചൂഢൻ വളരെ വയലന്റായ ഒരു അവസ്ഥയാണെങ്കിൽ അച്ചു ഒരു പാവത്താനാണ്. ഇന്ദുചൂഢന്റെ റെമോ വെർഷന് പേരില്ല. അനുരാധ എന്ന യുവതിയായ പെൺകുട്ടിയെ കാണുമ്പഴാണ് റെമൊ പുറത്ത് വരുന്നത്. അനുരാധ എന്ന പേര് അനുധാരയെന്നാണ് ഇന്ദുചൂഢൻ ഉച്ചരിക്കുന്നത്.

തന്റെ ഡീസൽ വണ്ടിയിൽ പെട്രോളടിക്കാമെന്നും ഗുരുവായൂരിൽ റൂമെടുക്കാമെന്നും ഇന്ദുചൂഢൻ പറഞ്ഞത് കേട്ട് അനുരാധ തന്റെ മാമനായ കല്ലട്ടി വാസുദേവനൊപ്പം ജീവനും കൊണ്ട് ഓടി രക്ഷപെടുന്നു. പിന്തുടർന്നെത്തിയ ഇന്ദുചൂഢൻ അവിടെ അട്ടം നോക്കി കിടന്ന അവളുടെ അമ്മൂമ്മയെ എടുത്ത് പുറത്തിടുന്നു.

ഇന്ദുചൂഢൻ വയലന്റാവുമ്പോൾ തന്റെ കൂടെ ഒരു സിംഹമുണ്ടെന്ന് വിചാരിക്കുന്നു. പാലക്കാട് സൈലന്റ് വാലിയിൽ സിംഹവാലൻ കുരങ്ങുണ്ട്. അത് തന്നെ വംശനാശ ഭീഷണി കാരണം പേടിച്ചിരിക്കയാണ്. അല്ലാതെ ഭാരതപ്പുഴയുടെ തീരത്ത് എവിടെയാണ് സിംഹം. ദതെന്താപ്പാദ് ഗിർ വനമോ.

എന്തായാലും ഗതി കിട്ടാതെ അലയുന്ന തന്റെ പിതാവിനെ ഒഴുക്കാൻ തന്നെ പവിത്രൻ തീരുമാനിക്കുന്നു. മണം പിടിച്ചെത്തിയ ഇന്ദുചൂഡൻ തീർത്തും കൈ വിട്ട് പോവുന്നു. ചിതാഭസ്മം എടുത്ത് അടുപ്പിലിടുന്നു. വികെ ശ്രീരാമനും കലാഭവൻ മണിയും വിജയകുമാറും നായർ പടയാളികളുടെ വേഷം കെട്ടി വന്ന് ഇന്ദുചൂഡനെ പിടിച്ച് കൊണ്ട് പോവുന്നു. കഥ തുടങ്ങിയിടത്ത് തന്നെ എത്തിച്ചേരുന്നതോടെ മാനസിക സംഘർഷങ്ങളുടെ ഒരു സമ്പൂർണ്ണവൃത്തം പൂർത്തിയാക്കിയ ഇന്ദുചൂഢൻ സ്വബോധത്തിലേക്ക് തിരിച്ച് വരുന്നു. കളക്ടർ കർഫ്യു പിൻവലിക്കുന്നു. ചിനക്കത്തൂർ പൂരം കാണാൻ പോകുന്ന വഴി ഇന്ദുചൂഢൻ അനുരാധയെ കണ്ട് മുട്ടുന്നു. നായിക നായകന്മാരെന്ന നിലയ്ക്ക് അവർ ഒരുമിച്ച് ജീവിക്കാൻ വിധിക്കപ്പെടുന്നു. വഴിയിൽ നിന്ന് മദ്ദളം വായിക്കുന്ന ഒരു യുവാവിനെ ഇന്ദുചൂഢൻ ദിനേശനെന്ന് വിളിക്കുന്നു.

പോൾ ആസാദിനെ പോലെ, സിംഹത്തെ പോലെ ഇന്ദുചൂഢന്റെ വേറൊരു തോന്നലാണ് ദിനേശൻ. ദിനേശൻ ജീവിച്ചിരുന്നതിനും മരിച്ചതിനും തെളിവുകൾ ഒന്നുമില്ല. പക്ഷേ ദിനേശൻ മാത്രം ഇന്ദുചൂഢനെ വിട്ട് പോവുന്നില്ല. ഈ ദിനേശൻ നായകനായി വരുന്ന ഒരു സൈക്കോ ത്രില്ലറാണ് വടക്കുംനോക്കി യന്ത്രം.

Comments