ഒന്നും ഒന്നും സദാ രണ്ടാകുന്നു, ജോത്സ്യനും യുക്തിവാദിക്കും ഇടയിലെ 'ദൈവം'

ദൈവം- ഫാക്ടറിലാണ് ഇതിന്റെ മുഴുവൻ പരിപാടിയും ഓടുന്നതെന്ന് പറയാൻ ഒരു മാതിരി ഒരു ജ്യോതിഷിയും മടിക്കാറില്ല. ഗണിതം എന്തായാലും പിശകില്ല. ഒന്നും ഒന്നും സദാ രണ്ടാകുന്നു. അത് വെച്ചുള്ള പ്രവചനം പിഴയ്ക്കുമോ പൊലിക്കുമോ എന്നൊക്കെ ദൈവമാണ് നിശ്ചയിക്കുന്നത്. ഈ ഭാഗമാണ് യുക്തിവാദികൾക്ക് തീരെയും മനസിലാവാതെ പോകുന്നത്. അവരത് ഒരിക്കലും മനസിലാക്കാനും ഇടയില്ല.

ജ്യോതിഷം ഒരു തൊഴിൽമേഖല കൂടിയാണ് എന്ന് വിചാരിക്കാതെയാണ് അത് നിരോധിക്കണം എന്നും മറ്റും പലരും പറഞ്ഞുപോരുന്നത്. രണ്ടുതരം ജ്യോതിഷികളെയാണ് ഇവിടെ പ്രധാനമായും കണ്ടുവരുന്നത്; പരമ്പരാഗത ജ്യോതിഷികളും നവകാല ജ്യോതിഷികളും.

പരമ്പരാഗത ജ്യോതിഷികൾ തന്നെ സാമുദായികമായി പല തരക്കാരാണ്. ഗണകസമുദായം, തങ്ങളുടെ കുലത്തൊഴിലായി എന്താണോ വിധിക്കപ്പെട്ടിരുന്നത് അതേപേരിൽ തന്നെയാണ് ഇന്നും അറിയപ്പെടുന്നത്. വിധിക്കപ്പെട്ടിരുന്ന കുലത്തൊഴിലിന്റെ പേരിൽ അറിയപ്പെടാൻ മടിക്കാത്ത അപൂർവ്വം പിന്നാക്ക സമുദായങ്ങളിലൊന്നാണ് ഗണകസമുദായം. മറ്റേതൊരു സമുദായത്തെയും പോലെ അവരും ഒരു സംഘടിതസമുദായമാണ്.

ബ്രാഹ്മണ, അമ്പലവാസി, നായർ, ഈഴവ സമുദായങ്ങളിലും ജ്യോതിഷ പാരമ്പര്യമുള്ള കുടുംബങ്ങളുണ്ട്. ദലിത്- ഗോത്ര പാരമ്പര്യങ്ങളിലും ആകാശഗോളങ്ങൾ വെച്ച് ചില ഗണിതവിചാരങ്ങളുണ്ട്. അവർക്ക് സംസ്കൃതഗ്രന്ഥങ്ങളില്ല. പകരം മനക്കണക്കാണ്. അതുകൊണ്ടവയെ നാടൻ മന്ത്രവാദങ്ങളായാണ് ആളുകൾ വിചാരിക്കുന്നത്.

പരമ്പരാഗത ജ്യോതിഷകുടുംബങ്ങളിൽ പെട്ടവരെല്ലാം ജ്യോതിഷം കൊണ്ട് ഉപജീവനം നടത്തുന്നവരാണ് എന്ന് ഇതിനർത്ഥമില്ല. പക്ഷേ അവർക്കിടയിൽ സ്വാഭാവിക വരുമാനമാർഗമായി കരുതപ്പെടുന്ന, നിലവിലുള്ള സമൂഹം മാനിച്ചിടുന്ന ഒരു തൊഴിൽ എടുപിടീന്ന് നിരോധിക്കണം എന്നും മറ്റും പറഞ്ഞ് കേൾക്കുന്നത് അവർക്കത്ര സുഖകരമായിരിക്കില്ല. അതവരെ സാമ്പത്തികമായി ക്ഷീണിപ്പിച്ചേക്കാം. ഇന്ത്യൻ സാമൂഹിക സാഹചര്യത്തിൽ അതിലൊരു സാംസ്കാരികമായ മുറിപ്പെടുത്തലും കൂടിയുണ്ട്. ഇത് ജ്യോതിഷപാരമ്പര്യമുള്ള ഇതര സമുദായങ്ങളിലെ കുടുംബങ്ങൾക്കും ബാധകമായൊരു കാര്യമാണ്.

സാമുദായിക പാരമ്പര്യമില്ലാതെ ജ്യോതിഷം വശമാക്കി ഉപയോഗിക്കുന്നവരും പല തരക്കാരാണ്. ചിലരതിനെ ജ്യോതിശാസ്ത്രവുമായി സമീകരിച്ച് ഭാരതീയ പാരമ്പര്യത്തിന്റെ അങ്ങേ തലയിലേക്കുവരെ നീട്ടി കാണാറുണ്ട്. ഇവർക്കിടയിൽ സാമുദായികമായ ഭിന്നതകൾക്ക് സാധുതയില്ല.

ആർ.എസ്.എസിന്റെ ചരിത്രവീക്ഷണത്തിൽ ഭാരതീയ ജ്യോതിശാസ്ത്രമായ ജ്യോതിഷം ഗ്രീസിലേക്കും അറേബ്യയിലേക്കും പോയത് അവരുടെ ദേശീയതയെ കുറിച്ചുള്ള ദർശനത്തിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒരു കാര്യമാണ്. അവരത് നിരന്തരം ആവർത്തിച്ച് പറഞ്ഞുപോരാറുണ്ട്.

ആർ.എസ്.എസ്. അല്ലാത്ത സ്കൂൾ ഓഫ് തോട്സിലും അറിവിന്റെ ഈ സംക്രമണത്തിന് ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിലുള്ള അംഗീകാരമുണ്ട്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഗണിതശാസ്ത്രപാരമ്പര്യം ആരും അങ്ങനെ തള്ളിക്കളയാറില്ല. വിഭിന്ന കാലങ്ങളിലായി, പലയിടങ്ങളിലായി പണിതുയർത്തിയിട്ടുള്ള പുരാതന നിർമിതികളിൽ ചിലതെങ്കിലും കണിശതരമായ ഗണിതയുക്തി കൂടാതെ (അനുഭൂതിമാത്രമായ കലശക്തി കൊണ്ട് മാത്രം) നിർമിച്ചെടുത്തു എന്ന് കരുതാനാവില്ല. ഭാരതീയമെന്ന് വ്യവഹരിക്കപ്പെടുന്ന അറിവുകളുടെ ആറിലൊന്നും ജ്യോതിഷമാണ്.

ജ്യോതിഷഗ്രന്ഥങ്ങൾ പിന്നെ എല്ലാത്തരം ചരിത്രവിദ്യാർഥികളുടെയും ഇഷ്ടവിഷയമാണ്. പ്രാചീനകാലങ്ങളെ നവീനമായി ഗണിച്ചെടുക്കാൻ ജ്യോതിഷഗ്രന്ഥങ്ങളിലെ ആകാശനിരീക്ഷണങ്ങൾ സഹായകമാണ്. ഇവിടെ, വളരെ ബൃഹത്തായ ഒരു വിഷയമായി ജ്യോതിഷത്തെ കണ്ട് അതിൽ ഗവേഷണവും രാഷ്ട്രീയവ്യാഖ്യാനവും ചരിത്രപഠനവും പത്രപ്രവർത്തനവും പ്രസാധനവും മറ്റും നടത്തുന്നത്, അതുമായി ബന്ധപ്പെട്ട് നേരിട്ട് പണിയെടുക്കുന്ന പലർക്കും ഒരു ആദർശമാണെങ്കിൽ ചിലർക്കെങ്കിലും അതൊരു വരുമാനമാർഗമായ തൊഴിലായിരിക്കും.

പരമ്പാരഗത ജ്യോതിഷികളെ പോലെ ജ്യോതിഷവൃത്തി നവകാലതൊഴിലായി സ്വീകരിച്ചവരും യഥേഷ്ടമുണ്ട്. അവരതിൽ പലതരം പുതുമകൾ പോലും കൊണ്ടുവരാറുണ്ട്. ഗണിതഭാഗത്ത് കമ്പ്യൂട്ടറും പ്രവചനഭാഗത്ത് മനുഷ്യനും എന്ന ശൈലിയും മറ്റും അങ്ങനെ വന്നതാണ്. ഗണിതവും പ്രവചനവും കമ്പ്യൂട്ടർ കൊണ്ട് ചെയ്യാവുന്ന പ്രോഗ്രാമുകളുമുണ്ട്. പക്ഷേ, പ്രവചനത്തിലെ ദൈവം-ഫാക്ടർ സോഫ്റ്റ്​വെയറിൽ നിൽക്കുന്നതല്ല. അതിന് ആവശ്യക്കാരും കുറവാണ്. ജ്യോതിഷത്തിലെ പോസ്റ്റ് - ഹ്യൂമനിസത്തിന് അങ്ങനെയൊരു പരിമിതിയുണ്ട്.

ദൈവം- ഫാക്ടറിലാണ് ഇതിന്റെ മുഴുവൻ പരിപാടിയും ഓടുന്നതെന്ന് പറയാൻ ഒരു മാതിരി ഒരു ജ്യോതിഷിയും മടിക്കാറില്ല. ഗണിതം എന്തായാലും പിശകില്ല. ഒന്നും ഒന്നും സദാ രണ്ടാകുന്നു. അത് വെച്ചുള്ള പ്രവചനം പിഴയ്ക്കുമോ പൊലിക്കുമോ എന്നൊക്കെ ദൈവമാണ് നിശ്ചയിക്കുന്നത്. ഈ ഭാഗമാണ് യുക്തിവാദികൾക്ക് തീരെയും മനസിലാവാതെ പോകുന്നത്. അവരത് ഒരിക്കലും മനസിലാക്കാനും ഇടയില്ല.

ജ്യോതിഷം കൂടാതെ ക്ഷേത്രങ്ങൾക്ക് പ്രവർത്തിക്കാനാവില്ല. അതിനിപ്പോൾ ബ്രാഹ്മണ- അബ്രാഹ്മണ ഭേദം ഒന്നുമില്ല. എല്ലാവരും സമയം നോക്കാറുണ്ട്. ഈ നിലയ്ക്ക് ആരാധനാലയങ്ങളെ ചുറ്റിപ്പറ്റി ധാരാളം ജ്യോതിഷികൾ വേല എടുക്കുന്നുണ്ട്. ജ്യോതിഷി - പുരോഹിത കൂട്ടുകെട്ടിലാണ് പൂജാ സ്റ്റോറുകൾ എന്ന സവിശേഷമായ വ്യാപാരമേഖല തന്നെ തുറന്നുപ്രവർത്തിക്കുന്നത്. കോടിക്കണക്ക് രൂപയാവും ഈ മേഖലയിലെ ദിവസകച്ചവടം.

ടെമ്പിൾ ടൂറിസം ഒരു ആക്ഷേപപദമല്ലാതായി കഴിഞ്ഞ തരം കമ്പോളവൽകൃത ലോകത്ത് ജ്യോതിഷികൾ ഒരു അനിവാര്യതയാണ്. ജ്യോതിഷികളാണ് ടെമ്പിൾ ടൂറിസത്തിന്റെ ചാലകശക്തി. അവർ നിശ്ചയിക്കുന്ന പടിയാണ് ടെമ്പിൾ ടൂറിസത്തിന്റെ ഭൂപടം ഉരുവാകുന്നത്. ഏതുകാലം ഏതൊക്കെ വഴി പോയി എങ്ങനെയൊക്കെ വഴിപാട് കഴിക്കണം എന്ന് നിശ്ചയിക്കുന്നത് ജ്യോതിഷികളാണ്. അവർക്കാണതിന്റെ കൃത്യമായ ഡാറ്റയുള്ളത്. ഡാറ്റ കൊണ്ടായില്ല. ആളുകൾക്ക് തൃപ്തിയാവും വിധം അതിനെ ക്യൂറേറ്റ് ചെയ്യുക കൂടി വേണം. അതൊക്കെ ജ്യോതിഷികളാണ് ചെയ്യുന്നത്.

ഇസ്‍ലാമിക പാരമ്പര്യത്തിലും ജ്യോതിഷമുണ്ട്. അത് ചന്ദ്രായനവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. അത് പ്രവചനരഹിതമായ കാലഗണനയിലാണ് ഊന്നുന്നത്. ഇസ്‍ലാമിന്റെ അവസാനത്തെ പ്രവചനം പതിനാല് നൂറ്റാണ്ട് മുന്നെ കഴിഞ്ഞ് പോയതാണ്. എന്നിരിക്കിലും മുസ്‍ലിം സമുദായത്തിലും പരമ്പരാഗത ഗണകരുടെതായ ഒരു ശ്രേണിയില്ലാതില്ല. അറബിക്കഥകളിൽ മാത്രമല്ല കേരളത്തിലും മുസ്‍ലിം ജ്യോതിഷികളുണ്ട്.

യൂറോപ്പുകാർ ഗ്രിഗോറിയൻ കലണ്ടറിൽ ക്ലിപ്തമായ കുറെ അവധിദിനങ്ങൾ നടപ്പിലാക്കിയതോടെ നക്ഷത്രത്തെ പിടിച്ച് കെട്ടിത്തൂക്കാവുന്ന ഒരു ആത്മവിശ്വാസത്തിലേക്ക് ക്രൈസ്തവ ലോകം എത്തിച്ചേർന്നു. അതുകൊണ്ടാവാം അവർക്കിടയിലെ ജ്യോതിഷ വിശ്വാസികൾ മിക്കവാറും ഹൈന്ദവ ജ്യോത്സ്യരെ തന്നെയാണ് സമീപിച്ച് പോരുന്നത്. സാമ്പത്തികമായി ഉയർന്ന, വ്യവസായികളായ ക്രൈസ്തവരിലാണ് ഈ ട്രെൻഡ് കാണുന്നത്. വാസ്തു നോക്കുന്നവരെ മദ്ധ്യവർഗക്കാരിലും കണ്ടേക്കാം. ക്രൈസ്തവരിലെ അടിസ്ഥാന ജനവിഭാഗം ഏതാണ്ട് പൂർണമായും തന്നെ ഗ്രിഗോറിയൻ കലണ്ടറിന്റെ ലളിത ജ്യോതിഷത്തെ നേരിട്ടുതന്നെ പ്രയോജനപ്പെടുത്തി പോരുന്നു. സൂര്യായനമാണ് ആ കലണ്ടറിന്റെ അടിസ്ഥാനം.

ഒരു നിയോജകമണ്ഡലത്തിൽ ഏതാണ്ട് നാലായിരം വോട്ടാണ് ഗണക മഹാസഭ അവകാശപ്പെടുന്നത്. ഇത് ഗതിനിർണായകമായ ഒരു ഗണിതമാണ്. അവരുടെ പരമ്പരാഗതതൊഴിൽ നിരോധിക്കുന്നതിൽ അവർക്കുമാത്രമല്ല നഷ്ടം വരുന്നതും. അപ്പോൾ ജ്യോതിഷ നിരോധനം നടപ്പിലാക്കാൻ ശ്രമിക്കുന്നത് സാമ്പത്തികമായും സാമുദായികമായും ഒരു വലിയ വെല്ലുവിളിയായിരിക്കും.

വാർത്താധിഷ്ഠിത വിപ്ലവങ്ങളെ പ്രതി ജ്യോതിഷം നിരോധിച്ചാലും അത് ചെയ്യുന്നവരെ പിടികൂടി ശിക്ഷിക്കാനൊന്നും കഴിയില്ല. കവടി തന്നെ തൊണ്ടിയായി പിടിച്ചാലും അത് കുട്ടികൾ പെറുക്കിക്കൊണ്ടുവന്ന കക്കയാണെന്ന് പറയുന്നിടത്ത് ആ കേസ് തള്ളിപ്പോവും.

സ്വധർമ്മം രക്ഷിക്കാൻ ആർക്കും കളവ് പറയാം. അതിലും തെറ്റ് തോന്നിയാൽ കളവ് പറയുന്നതിന്റെ പ്രായശ്ചിത്തവിധി ആചരിച്ചാൽ മതിയാവും. അത് എന്തെന്നറിയാനും ആചരിക്കാനും ജ്യോതിഷം പഠിച്ചവർക്ക് അശേഷം ബുദ്ധിമുട്ടുണ്ടാവില്ല.

ശാസ്ത്രീയയുക്തിയ്ക്കും പരമമായ ഭക്തിയ്ക്കും പിടികൊടുക്കാതെ ഒരു വിശ്വാസമായും വാണിജ്യവുമായി ജ്യോതിഷവും ഇവിടുത്തെ മനുഷ്യർക്കൊപ്പം ജീവിക്കുന്നു.

Comments