truecoppy
MORE
Truecopy Home
Readers
are
Thinkers

Monday, 18 January 2021

truecoppy
Truecopy Logo
Readers are Thinkers

Monday, 18 January 2021

Close
Banking
Random Notes
US Election
5 Minutes Read
Abhaya case verdict
Agriculture
Art
Astronomy
Babri Masjid
Bihar Ballot
Bihar Verdict
Biography
Book Review
Books
Capital Thoughts
Cartoon
Cas
Caste Politics
Caste Reservation
Cinema
Climate Emergency
Community Medicine
Contest
Controversy
corp
Covid-19
Crime
Crime against women
Cultural Studies
Cyberspace
Dalit Lives Matter
Dalit Politics
Dance
Data Privacy
Developmental Issues
Digital Economy
Digital Surveillance
Disaster
Documentary
Dream
Earth P.O
Economics
Economy
EDITOR'S PICK
Editorial
Education
Endosulfan Tragedy
Environment
Expat
Facebook
Fact Check
Farm Bills
Farmers' Protest
Feminism
Film Review
GAIL Pipeline Project
Gandhi
Gautam Adani
Gender
Gender and Economy
General strike
Government Policy
GRAFFITI
GRANDMA STORIES
Health
History
International Day of Older Persons
International Politics
International Politics
International Translation Day
Interview
Investigation
Kerala Budget 2021
Kerala Election
Kerala Politics
Kerala State Film Awards
Labour Issues
Labour law
Law
lea
learning
Life
Life Sketch
Literary Review
Literature
Long Read
LSGD Election
Media
Media Criticism
Memoir
Memories
Monsoon
Music
music band
National Politics
Nobel Prize
Novel
Nursing Bill
Obituary
Open letter
Opinion
Other screen
panel on Indian culture's evolution
Petition
Philosophy
Photo Story
Picture Story
POCSO
Podcast
Poetry
Police Brutality
Political Read
Politics
Politics and Literature
Pollution
Post Covid Life
Poverty
Promo
Racism
Rationalism
Re-Reading-Text
Refugee
Remembering Periyar
Science
Second Reading
Service Story
Sex Education
SFI@50
Sherlock Holmes
Spirituality
Sports
Statement
Story
Tax evasion
Teachers' Day
Team Leaders
Technology
Theatre
Travel
Travelogue
Tribal Issues
Trolls
True cast
Truecopy Webzine
Truetalk
UAPA
UP Politics
Video Report
Vizag Gas Leak
Weather
Youtube
ജനകഥ
naren

Interview

നരന്‍

കരിസലില്‍നിന്ന് പടരുന്ന
പരുത്തിമണം 

കരിസലില്‍നിന്ന് പടരുന്ന പരുത്തിമണം 

വേറിട്ട എഴുത്തുരീതികൊണ്ട് ചെറിയ കാലയളവില്‍ പുതു തമിഴ് എഴുത്തിലെ ശക്തമായ സാന്നിധ്യമായി മാറിയ നരനുമായി എ. കെ. റിയാസ് മുഹമ്മദ് നടത്തിയ സംഭാഷണം.

12 Aug 2020, 10:55 AM

നരൻ / എ. കെ. റിയാസ് മുഹമ്മദ്

ഗന്ധകഭൂമി എന്നറിയപ്പെടുന്ന വിരുതുനഗറിലാണ് നരന്‍ ജനിച്ചത്. കരിമണലിന്റെ ഗന്ധവും തനിമയുള്ള മൊഴിയുംകൊണ്ട് സമ്പന്നമാണ് നരന്റെ രചനകള്‍. ഉപ്പുനീര്‍മുതലൈ, ഏഴാം നൂറ്റ്രാണ്ടിന്‍ കുതിരൈകള്‍, ലാഹിരി, മിളക് പരുത്തി മറ്റ്‌റും യാനൈകള്‍ എന്നീ കവിതാസമാഹാരങ്ങളും കേശം, ശരീരം എന്നീ കഥാസമാഹാരങ്ങളും പുറത്തുവന്നിട്ടുണ്ട്.  

എ. കെ. റിയാസ് മുഹമ്മദ്: തമിഴ് സാഹിത്യ ചരിത്രത്തിലൂടെ കടന്നു പോകുമ്പോള്‍ പല പ്രമുഖ എഴുത്തുകാരും ഒരേസമയം കവികളും കഥാകൃത്തുക്കളും നോവലിസ്റ്റുകളുമായിരുന്നു എന്നുകാണാം. പുതുതലമുറയിലെ എഴുത്തുകാരില്‍ കവിതയെഴുതിക്കൊണ്ടായിരുന്നു താങ്കളുടെ തുടക്കം. പിന്നീട് കഥയിലേക്ക്​. പുതിയ നോവല്‍ ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു. താങ്കള്‍ സ്വന്തത്തെ ആരായാണ് അടയാളപ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നത്?

നരന്‍: സാഹിത്യത്തിലെ ഏതു മേഖലയിലേക്ക് കടന്നാലും അതെല്ലാമാണെന്നാണ് ഞാന്‍ കരുതുന്നത്. ഓരോന്നിനും അനന്യതയുണ്ട്. താങ്കള്‍ സൂചിപ്പിച്ച മൂന്നു കലാരൂപവും എനിക്കിഷ്ടപ്പെട്ടവയാണ്. എഴുത്തുമായി ബന്ധപ്പെട്ട മൂന്നു വ്യത്യസ്ത മാതൃകകളാണവ. ഈ ഓരോ വ്യത്യസ്ത്ക്കുള്ളില്‍ ഞാന്‍ സ്വന്തത്തെ അടയാളപ്പെടുത്തുന്നു. കവിതയുടെ ഭാവം കഥയിലോ കഥയുടെ ഭാവം നോവലിലോ വരുത്താതെയാണ് ഞാനെഴുതുന്നത്. കവിതയെഴുത്തിലും കഥയെഴുത്തിലും എന്റേതായ ശൈലിയുണ്ട്.  ഞാന്‍ കടന്നുപോയ ജീവിതത്തില്‍നിന്ന് ലഭിച്ച സത്തയുള്‍ക്കൊണ്ടുകൊണ്ടുള്ള എഴുത്തുമുറയാണ് നോവലിലും അവലംബിക്കുന്നത്. ആത്യന്തികമായി ഞാനൊരു എഴുത്തുകാരന്‍ മാത്രമാണ്. 

ചോദ്യം: താങ്കളുടെ കവിതകളിലും കഥകളിലും സ്ത്രീ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യമുണ്ട്. മാത്രമല്ല, അവര്‍ ധീരരും ശക്തരുമാണ്.

എന്റെ ബാല്യത്തില്‍ അച്ഛന്‍ മരിച്ചു. ഇരുപത്തിയൊന്നു വയസ്സു വരെ വീട്ടിലെ മൂന്നു സ്ത്രീകളെ കണ്ടാണ് വളര്‍ന്നത്​- അമ്മ, ചേച്ചി, അനിയത്തി. ഭര്‍ത്താവ് നേരത്തെ മരിച്ചതിനാല്‍ ഇരുപത്തിയെട്ടാം വയസ്സില്‍ അമ്മ വിധവയായി. കുടുംബത്തിന്റെ രണ്ട് അവസ്ഥകളെ കണ്ടയാളാണ് ചേച്ചി. അവരുടെ ഏഴു വയസ്സു വരെ സാമ്പത്തികമായി ഉയര്‍ന്ന നിലയും പിന്നീട് കൊടും ദാരിദ്യവും.

ഒരു പെണ്‍കുട്ടിയുമായി സംസാരിക്കാനും ഇടപെടാനും ഇഷ്ടപ്പെടുന്ന ആ സമയത്ത് അമ്മയുടെ മാനസികാവസ്ഥ എനിക്ക് മനസ്സിലാകാന്‍ തുടങ്ങുന്നു. നമ്മുടെ വീട്ടിലുള്ളവര്‍ക്ക് എന്തുകൊണ്ടാണ് നല്ലൊരു ജീവിതാവസ്ഥയില്ലയെന്ന ചോദ്യവും ഭയവും എന്നെ പിടികൂടുന്നു.

ഓട്ടിസം ബാധിച്ചവളാണ് അനിയത്തി. എന്റെ ഇരുപത്തിയൊന്നാം വയസ്സില്‍ ചെന്നൈയിലേക്ക് വരുന്നതുവരെ ഈ മൂവരുടെയും ജീവിതം കണ്ടുകൊണ്ടേയിരുന്നവനാണ് ഞാന്‍. 18 വര്‍ഷമായി ഞാന്‍ ചെന്നൈയിലാണ്. ഇതിനിടയില്‍ പത്തോ പതിനഞ്ചോ തവണ മാത്രമാണ് ഞാന്‍ സ്വദേശത്തേക്ക് പോയത്. എനിക്ക് വേദന പകരുന്ന സ്ഥലമാണത്. അതിനാല്‍ അങ്ങോട്ടുള്ള യാത്ര കഴിവതും ഒഴിവാക്കും. വിശേഷ പരിപാടികളില്‍ സംബന്ധിക്കുകയോ ബന്ധുക്കളുമായി ബന്ധം പുലര്‍ത്തുകയോ ചെയ്യുന്നുമില്ല. ഒറ്റക്കാണ്. നാടിന്റെ ഓര്‍മ്മകള്‍ മനസ്സില്‍ അങ്ങനെയാണ് കിടക്കുന്നത്.

ഇരുപത്തെട്ടാമത്തെ വയസ്സില്‍ അമ്മ വിധവയായ കാര്യം പറഞ്ഞുവല്ലോ. അവര്‍ക്ക് കുറച്ചുകൂടി പക്വത വന്ന കാലത്ത്​, അതായത് എന്റെ പതിനഞ്ചാം വയസ്സില്‍ എനിക്കൊരു പ്രണയമുണ്ടാകുന്നു. ഒരു പെണ്‍കുട്ടിയുമായി സംസാരിക്കാനും ഇടപെടാനും ഇഷ്ടപ്പെടുന്ന ആ സമയത്ത് അമ്മയുടെ മാനസികാവസ്ഥ എനിക്ക് മനസ്സിലാകാന്‍ തുടങ്ങുന്നു. നമ്മുടെ വീട്ടിലുള്ളവര്‍ക്ക് എന്തുകൊണ്ടാണ് നല്ലൊരു ജീവിതാവസ്ഥയില്ലയെന്ന ചോദ്യവും ഭയവും എന്നെ പിടികൂടുന്നു. വീണ്ടും വീണ്ടും അതേ ചോദ്യം മനസ്സില്‍ ആവര്‍ത്തിക്കുന്നു. ഭര്‍ത്താവില്ലെങ്കിലും ഒരു ബന്ധമോ പങ്കാളിയോ ഉള്ള സന്തോഷകരമായ ജീവിതമുണ്ടായിരിക്കണമെന്ന തോന്നല്‍. അതാണ് എന്റെ കഥകളിലെ സ്ത്രീകഥാപാത്രങ്ങളെ അത്തരത്തില്‍ ഉരുവപ്പെടുത്തിയിരിക്കുന്നത്. അവര്‍ അവര്‍ക്കിഷടമുള്ളത് ചെയ്യണം, സന്തോഷമായിരിക്കണം. പ്രത്യേകിച്ചും ‘വാരണാസി' എന്ന കഥയിലെ കഥാപാത്രം. പല കഥകളിലും അത്തരത്തില്‍ അറിഞ്ഞോ അറിയാതെയോ അമ്മയുടെ ചിത്രം വന്നുപോകാറുണ്ട്. അല്ലെങ്കില്‍ ഞാന്‍ കണ്ടുമുട്ടിയ ഏതെങ്കിലും സ്ത്രീകള്‍. ഒരു ശവത്തോടൊപ്പമാണ് അതിലെ സ്ത്രീ കഥാപാത്രം സഞ്ചരിക്കുന്നതെങ്കിലും അവള്‍ക്ക് നല്ലൊരു ജീവിതമുണ്ടാവണമെന്നും ഇഷ്ടപ്പെട്ട ഒരു ആണ്‍പങ്കാളിയുണ്ടാവണമെന്നുമാണ് ആ കഥയില്‍ പറയാന്‍ ശ്രമിച്ചത്. അതുകൊണ്ടാണ് ശവവും പേറിപ്പോകുന്ന ആംബുലന്‍സിന്റെ ഡ്രൈവറോട് അത്തരത്തില്‍ ആകര്‍ഷണം തോന്നുന്നത്.

naran

‘മാനേന്തി' എന്ന കഥയില്‍ പെണ്‍കഥാപാത്രത്തെ നാട്ടുകാര്‍ കലഹക്കാരിയായാണ് കാണുന്നത്. ഒന്നിനെയും കൂസാത്ത പെണ്ണ്. പരിചയപ്പെടുന്ന ഒരു പുരുഷന്‍ അവളോട് യാത്ര പോയാലോ എന്നു ചോദിക്കുമ്പോള്‍ പെട്ടെന്ന് അവള്‍ കൂടെയിറങ്ങിപ്പോകുന്നു. താങ്കള്‍ പറഞ്ഞപോലെ ധീരയായ കഥാപാത്രം. ‘മരിയപുഷ്പത്തിന്‍ സൈക്കിള്‍കള്‍' ഉള്‍പ്പെടെയുള്ള എല്ലാ കഥകളിലും പെണ്‍തനിമ അത്തരത്തിലാണുള്ളത്. അതുകൊണ്ടുതന്നെ എന്റെ കഥകളില്‍ ആണ്‍കഥാപാത്രങ്ങളെക്കാളും പെണ്‍കഥാപാത്രങ്ങളാണ് ശക്തര്‍. സ്ത്രീകള്‍ പ്രാധാന്യത്തോടെ കടന്നുവരുന്ന കവിതകളാണ് കൂടുതലും എഴുതിയിട്ടുള്ളത്. പ്രത്യേകിച്ചും ‘പെണ്ണുടല്‍' എന്ന കവിത. പൂര്‍ണമായല്ലെങ്കിലും സ്വന്തം വാഴ്‌വുകളില്‍നിന്ന് പകര്‍ന്നതായിരിക്കണം സൃഷ്ടികളെന്ന് ഞാന്‍ വിശ്വസിക്കുന്നു. അത് മറ്റുള്ളവരുടെ ജീവിതത്തില്‍ ചെറുതെങ്കിലുമൊരു ചലനമുണ്ടാക്കണം. ഒരു പടികൂടി കടന്ന്, അവ പുരോഗമനപരമായിരിക്കണം എന്നും കരുതുന്നു. എന്റെ കഥകള്‍ പിന്തിരിപ്പനായിരിക്കാന്‍ പാടില്ല എന്ന ശാഠ്യമുണ്ടെനിക്ക്. പുരോഗമനമെന്ന് ഉദ്ദേശിക്കുന്നത്, ഓരോരുത്തര്‍ക്കും അവരുടേതായ ഇടം നല്‍കുക എന്നതാണ്. ഉദാഹരണത്തിന്, ഞങ്ങളുടെ ബന്ധുക്കള്‍ക്കിടയില്‍ ജീവിക്കാതിരുന്നിരുന്നുവെങ്കില്‍ ഒരുപക്ഷേ എന്റെ അമ്മ മറ്റൊരുതരം ജീവിതം നയിക്കുമായിരുന്നു എന്നെനിക്ക് തോന്നുന്നു. സമൂഹത്തെ ഭയന്ന് ജീവിതം ഹോമിച്ചവളാണ് അവര്‍.     

സാമൂഹ്യമായ കെട്ടുപാടുകളെയും ജാതീയ പശ്ചാത്തലങ്ങളെയും മനുഷ്യരുടെ വാക്കുകളെയും ഭയന്ന് തള്ളി നീക്കുന്ന ശൂന്യമായ ജീവിതമുണ്ടല്ലോ, അതാണ് ഞാനുദ്ദേശിക്കുന്നത്. അതൊക്കെ മറികടന്നുള്ള സമത്വമാണ് വേണ്ടത്. നോക്കൂ, ഒരു വയലുണ്ടെങ്കില്‍ നമുക്ക് മാത്രമായല്ല വിതയ്ക്കുന്നത്. പക്ഷികളും ചെറുജീവികളും അണ്ണാന്‍മാരും നെല്‍മണികളും ചോളക്കതിരുകളും ഭക്ഷിക്കണം. കൊയ്ത്തുകഴിഞ്ഞാല്‍ കൊയ്‌തെടുക്കുന്നതില്‍ കുറച്ച് അവിടെ കരുതിക്കൂട്ടി വാരി വിതറി പെറുക്കാതെയാണ് മടങ്ങാറ്. പക്ഷികള്‍ക്ക് വേണ്ടത് പക്ഷികള്‍ക്കും അണ്ണാന്‍മാര്‍ക്ക് വേണ്ടത് അണ്ണാന്‍മാര്‍ക്കും മറ്റു ജീവികള്‍ക്ക് വേണ്ടത് മറ്റു ജീവികള്‍ക്കും ആണിനു വേണ്ടത് ആണിനും പെണ്ണിനു വേണ്ടത് പെണ്ണിനും കൊടുക്കണം. ഇത് വലിയ പുരോഗമനചിന്തയൊന്നുമല്ല. ഓരോന്നിനും അതിന്റേതായ അവകാശപ്പട്ടത് നല്‍കണം.

ഒരു ആണ്‍കുട്ടി പുറപ്പെട്ടു പോയാല്‍ സമ്പാദിക്കാന്‍ പോയവനാകും. പക്ഷേ പെണ്‍കുട്ടി അത് ചെയ്താല്‍, ഓടിപ്പോയവളാവും. അതിനാല്‍ കുറഞ്ഞ പക്ഷം ചിന്തയുടെ ചെറുതിരിയെങ്കിലും കഥകളിലൂടെ തെളിയിക്കണമെന്നാണ് ഞാന്‍ കരുതുന്നത്. 

താങ്കള്‍ ശ്രദ്ധിച്ചിട്ടുണ്ടാവും, കേരളമൊഴിച്ച് തമിഴ്‌നാട്ടിലെ ഉള്‍നാടുകളിലുള്ള പെണ്‍കുട്ടികളെ പത്തു പതിനഞ്ചു വര്‍ഷം മുമ്പു വരെ നിര്‍ദ്ദിഷ്ട വയസ്സിനപ്പുറം പഠിക്കാന്‍ അയക്കില്ലായിരുന്നു. ഇന്ത്യയിലെ മറ്റിടങ്ങളില്‍ ഇപ്പോഴും ആ സ്ഥിതിയില്‍ മാറ്റമില്ല. എന്റെ കൂടെ പഠിച്ച പെണ്‍കുട്ടികളെയോ അല്ലെങ്കില്‍ ഞങ്ങളുടെ തെരുവിലെ എന്റെ സമപ്രായക്കാരായ പെണ്‍കുട്ടികളെയോ കോളേജ് പഠനം കഴിഞ്ഞയുടനെ കല്യാണം കഴിപ്പിച്ചു വിടും. എന്നാല്‍ ആണ്‍കുട്ടികള്‍ക്കാണെങ്കില്‍ പിന്നേയും പത്തു വര്‍ഷം കഴിയും. ഞാന്‍ പരീക്ഷ കഴിഞ്ഞ ദിവസം രാത്രി ആരോടും പറയാതെ ചെന്നൈയിലേക്ക് വണ്ടി കയറി. എന്നാല്‍, തെരുവില്‍ എന്റെ കൂടെ കളിച്ച അല്ലെങ്കില്‍ പഠിച്ച സുഹൃത്തായ ഒരു പെണ്‍കുട്ടിക്ക് അതേപോലെ ആരോടും പറയാതെ ഇറങ്ങി പുറപ്പെടാന്‍ കഴിയുകയേയില്ല. ഒരു ആണ്‍കുട്ടി പുറപ്പെട്ടു പോയാല്‍ സമ്പാദിക്കാന്‍ പോയവനാകും. പക്ഷേ പെണ്‍കുട്ടി അത് ചെയ്താല്‍, ഓടിപ്പോയവളാവും. അതിനാല്‍ കുറഞ്ഞ പക്ഷം ചിന്തയുടെ ചെറുതിരിയെങ്കിലും കഥകളിലൂടെ തെളിയിക്കണമെന്നാണ് ഞാന്‍ കരുതുന്നത്. 

ചോദ്യം: മനുഷ്യരാവട്ടെ മറ്റു ജീവികളാകട്ടെ എല്ലാറ്റിനും അതിന്റേതായ അവകാശമുണ്ടെന്ന് താങ്കള്‍ പറഞ്ഞു. ഇതുപോലെ ‘ഭൂമിയിലെ അവകാശി'കളെക്കുറിച്ച് പറഞ്ഞ എഴുത്തുകാരനാണ് ബഷീര്‍. മലയാളത്തിലെ എഴുത്തുകാരുമായുള്ള വായനാനുഭവം എന്താണ്​?

തമിഴിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ട ബഷീറിന്റെ ഏറെക്കുറെ എഴുത്തുകളെല്ലാം വായിച്ചിട്ടുണ്ട്. ആരുമായും താരതമ്യം ചെയ്യാന്‍സാധിക്കാത്ത മാസ്റ്ററാണ് ബഷീര്‍. മലയാളത്തില്‍ ബഷീര്‍ കഴിഞ്ഞാല്‍ സക്കറിയയാണ് ഇഷ്ട എഴുത്തുകാരന്‍. ഒ.വി. വിജയന്‍, അശോകന്‍ ചെരുവില്‍, ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, കല്‍പ്പറ്റ നാരായണന്‍, ഉണ്ണി. ആര്‍, സന്തോഷ് ഏച്ചിക്കാനം, കെ.ആര്‍. മീര എന്നിങ്ങനെ മലയാളത്തില്‍നിന്ന് മൊഴിമാറ്റം ചെയ്യപ്പെട്ട പല എഴുത്തുകാരെയും വായിക്കുകയും ഇഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. ഉണ്ണി. ആറിന്റെ ‘ബാദുഷ എന്ന കാല്‍നട യാത്രക്കാരന്‍', ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന്റെ ‘ആര്‍ക്കും വേണ്ടാത്ത ഒരു കണ്ണ്', കെ. ആര്‍. മീരയുടെ ‘ശൂര്‍പ്പണഖ', സന്തോഷ് ഏച്ചിക്കാനത്തിന്റെ ‘ഒറ്റവാതില്‍' ‘ബിരിയാണി' എന്നിവ മനസിലിപ്പോഴുമുള്ള കഥകളാണ്. 

ചോദ്യം: ‘മാനേന്തി' എന്ന കഥയെക്കുറിച്ച് പറഞ്ഞു. വളരെ സൂക്ഷ്മമായ ആഖ്യാനമാണ് അതില്‍. ഏറെ സഞ്ചരിച്ച് ശില്‍പങ്ങളെയൊക്കെ നിരീക്ഷിച്ചെഴുതിയ പോലെയാണ് ആ കഥ വായിച്ചപ്പോള്‍ തോന്നിയത്. 

ഏഴാമത്തെയോ എട്ടാമത്തെയോ കഥയാണ് ‘മാനേന്തി'. തുടര്‍ച്ചയായി ഒരേതരത്തിലുള്ള ഇരുണ്ട കഥകളാണ് എഴുതുന്നതെന്ന തോന്നല്‍ എന്നിലുണ്ടായി.  ഇടയ്ക്കിടെ യാത്ര ചെയ്യുന്ന ഒരാളാണ് ഞാന്‍. ഗുഹാചിത്രങ്ങളെയും ഉപേക്ഷിക്കപ്പെട്ട പഴയകാല ക്ഷേത്രങ്ങളെയും ശില്‍പങ്ങളെയും അന്വേഷിച്ചുള്ള യാത്ര. തഞ്ചാവൂരിലെ ഉള്‍നാടുകളിലും ഗ്രാമങ്ങളിലും പുറംലോകമറിയാത്ത പഴയ ക്ഷേത്രങ്ങളും കല്‍മണ്ഡപങ്ങളുമുണ്ട്.  ചോള കാലത്തു നിര്‍മ്മിക്കപ്പെട്ട അത്തരത്തിലുള്ള ക്ഷേത്രങ്ങളെയും ശില്‍പങ്ങളെയും ഗോപുരങ്ങളെയും ഒരു ദിവസം മുഴുവന്‍ ചെലവഴിച്ച് കാണാനായുള്ള യാത്രകള്‍. എനിക്ക് ചിത്രകാരന്മാരും ഫോട്ടോഗ്രാഫര്‍മാരുമായ സുഹൃത്തുക്കളുണ്ട്. കൂടാതെ ചെറു സംഗീതസംഘമുണ്ട്. അവരുടെ കൂടെ ചുറ്റിക്കറങ്ങാറുണ്ട്. പാറയില്‍ കൊത്തിവെച്ച ശില്‍പങ്ങള്‍ കാണാന്‍ കാട്ടിലേക്ക് പോകുന്ന പതിവുമുണ്ട്. ഇത്തരം യാത്രകളെ ആധാരമാക്കി യാത്ര തുടങ്ങുന്നതു മുതല്‍ അവസാനിക്കുന്നതു വരെ പ്രമേയമാക്കി  ഒരു കഥയെഴുതണമെന്ന തോന്നലില്‍നിന്നാണ് ‘മാനേന്തി' പിറക്കുന്നത്. ഒരു യാത്രയുടെ അവസാനം ഫോര്‍ട്ടുകൊച്ചിയില്‍വെച്ചാണ് ആ കഥയെഴുതുന്നത്. കൃത്യമായി പറഞ്ഞാല്‍ ഡച്ച് ഹെറിറ്റേജ് ഹോട്ടലില്‍വെച്ചാണ് കഥയുടെ മുക്കാല്‍ഭാഗവും എഴുതിയത്. അവിടെത്തന്നെയുള്ള ഡേവിഡ് ഹാളില്‍ ഒരു ചിത്രപ്രദര്‍ശനം നടന്നുകൊണ്ടിരിക്കെയാണ് ബാക്കി ഭാഗം എഴുതിയത്.

ചോദ്യം:  കേരളത്തിന്റെ പശ്ചാത്തലത്തിലുള്ള കുറച്ചു കഥകള്‍ താങ്കളെഴുതിയിട്ടുണ്ട്. യേശു, മയില്‍, ഉടല്‍, കൂട്ടിയമ്മ എന്നിങ്ങനെ. അവയില്‍ സംഭാഷണം കടന്നു വരുമ്പോള്‍ മലയാളം തന്നെയാണ് ഉപയോഗിച്ചിരിക്കുന്നതും. കേരളം താങ്കളെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്?

ബാല്യം മുതല്‍ക്കേ അവിടുത്തെ പച്ചപ്പ് എന്നെ അങ്ങോട്ട് പോകാന്‍ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കുന്നു. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് രണ്ടു തവണ കേരളത്തിലേക്ക് ഒളിച്ചോടിവന്നിട്ടുണ്ട്. ഒരു തവണ കൊച്ചിയിലേക്കും മറ്റൊരു തവണ തിരുവനന്തപുരത്തേക്കും. കലയുമായി ബന്ധപ്പെട്ട് പലവിധത്തിലുള്ള പ്രവൃത്തികള്‍ നടക്കുന്ന ദേശമാണ്​ കേരളം. 2014 മുതല്‍ കൊച്ചി മുസിരിസ് ബിനാലേയില്‍ തുടര്‍ച്ചയായി പങ്കെടുക്കുന്നു. അടിസ്ഥാനപരമായി എഴുത്തിനെ വിഷ്വലാക്കി മാറ്റണമെന്നും ആ കാഴ്ചകളെ വായനക്കാരന്റെ മുന്നിലൂടെ ഓടിച്ചുകൊണ്ടിരിക്കണമെന്നുമാണ് ഞാന്‍ വിശ്വസിക്കുന്നത്. കാഴ്ചയിലെ കൃത്യതയും ചിത്രത്തിന്റെ അഴകും എഴുത്തില്‍ വരയ്ക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. അങ്ങോട്ട് കേരളത്തിലേക്ക് ആകര്‍ഷിക്കാനുള്ള മറ്റൊരു പ്രധാന കാരണം, മലയാള സാഹിത്യമാണ്. അവയിലൂടെ അനുഭവിച്ചറിയുന്ന സ്ഥലചിത്രീകരണം തമിഴിലെ ചില എഴുത്തുകാരുടെ സൃഷ്ടികളില്‍ മാത്രമാണ് കാണാനാവുക. അവയില്‍ തെളിയുന്ന മരങ്ങളും പച്ചപ്പുമൊക്കെയുണ്ടല്ലോ അത്. ഞാന്‍ ജനിച്ചത് വരണ്ട പ്രദേശത്താണ്. കേരളത്തിലെ ഭൂപ്രകൃതിയില്‍നിന്ന് തികച്ചും നേര്‍വിപരീതമായ ഒരു സ്ഥലം. വരള്‍ച്ചയും ജലക്ഷാമവുമൊക്കെയുള്ള പ്രദേശം. പഴയ രാമനാഥപുരത്തില്‍പ്പെട്ട ഭൂഭാഗം. നീരുറവകള്‍ തീര്‍ത്തുമില്ല. ദിവസത്തില്‍ നാലു തവണയാണ് കോര്‍പ്പറേഷനില്‍നിന്ന് വെള്ളമെത്തുക. അങ്ങനെയൊരു ഇടത്തില്‍നിന്ന് വന്ന ഒരാളെന്ന നിലയില്‍ പച്ചപ്പ് തേടി കണ്ണുകളും മനസ്സും പോയിക്കൊണ്ടേയിരിക്കും.     

ചോദ്യം: കാഴ്ചയുടെ കൃത്യതയെപ്പറ്റി സൂചിപ്പിച്ചുവല്ലോ. ‘മാനേന്തി', ‘മരിയപുഷ്പത്തിന്‍സൈക്കിള്‍', ‘മയില്‍', ‘നീലനിറം' എന്നീ കഥകളിലൂടെ സഞ്ചരിച്ചപ്പോള്‍, വായനക്കുശേഷം പുതുമയുള്ള ചിത്രങ്ങളായി നീണ്ട നേരം അവ മനസ്സില്‍ തങ്ങിനില്‍ക്കുന്ന അനുഭവമാണുള്ളത്. പ്രത്യേകിച്ചും ‘മാനേന്തി' എന്ന കഥയില്‍ ശില്‍പങ്ങളെ സൂക്ഷ്മമായാണ് ആഖ്യാനം ചെയ്തിരിക്കുന്നത് 

എല്ലാവരും കാഴ്ച പ്രദാനം ചെയ്യുകയെന്ന ലക്ഷ്യം വെച്ചാണ് എഴുതുന്നത്. അതില്‍തന്നെയും സൂക്ഷ്മത പകരുക എന്നൊരു വിഷയമുണ്ടല്ലോ. ഒരു പെയിന്റിംഗ് ഉദാഹരണമായി എടുക്കുകയാണെങ്കില്‍, ഒരു കഥ തന്നെ അതിന്റെ ഫ്രെയിമിനകത്ത് കാണാന്‍പറ്റും. അതേപോലെ കഥയെയും ഒരു ഫ്രെയിമിനകത്തേക്ക് കൊണ്ടുവരാനാണ് നോക്കുന്നത്. സിനിമയെ ഞാന്‍ ഉദാഹരണമായി എടുക്കില്ല. പെയിന്റിംഗുകളെ മാത്രമേ പറയൂ. കഥയില്‍ ഒരു ഖണ്ഡിക വായിക്കുമ്പോള്‍ അതില്‍ അടുക്കുകളായ രണ്ടോ മൂന്നോ കാഴ്ചകളുണ്ടായിരിക്കണമെന്നാണ് ഞാന്‍ കരുതുന്നത്. ‘നീലനിറം' എന്ന കഥയെടുക്കുകയാണെങ്കില്‍, നിറങ്ങള്‍കൊണ്ടുള്ള കാഴ്ചയ്ക്കാണ് പ്രാധാന്യം.

കഥയെഴുതുന്നതിന് മുമ്പ് ഒരു ഭൂപ്രകൃതിയെയോ ഒരു വിഷയത്തെയോ വിഷ്വലൈസ് ചെയ്യാന്‍ സാധിക്കില്ലെന്ന് തോന്നുകയാണെങ്കില്‍ ആ കഥയെ കൈവിടാറാണ് പതിവ്. അങ്ങനെ കൈവിടപ്പെട്ട കഥകളില്‍ ഒന്ന് ഒരു ട്രാന്‍സ്‌ജെന്ററുടെ പ്രണയം പ്രമേയമാക്കിയുള്ളതാണ്.

‘മയില്‍' എന്ന കഥയിലാണെങ്കില്‍, നിറത്തോടൊപ്പം ശബ്ദവും കൊണ്ടുവരാന്‍ ശ്രമിച്ചിട്ടുണ്ട്. ‘മരിയപുഷ്പത്തിന്‍ സൈക്കിള്‍കള്‍' എന്ന കഥയില്‍ അവസാനഭാഗത്ത്, സ്ഥലദൃശ്യത്തില്‍ പൂര്‍ണമായ അര്‍ത്ഥത്തിലുള്ള വിഷ്വലാണുള്ളത്. കല്ലറയിലെ ഇരുണ്ട ചുറ്റുപാടില്‍ കത്തിച്ചുവെച്ച അനേകം മെഴുകുതിരികള്‍പോലെ. ‘മാനേന്തി'യില്‍ ശില്‍പങ്ങളില്‍ ഒളിച്ചിരിക്കുന്ന സൂക്ഷ്മത പകര്‍ത്താനാണ് തുനിഞ്ഞത്. കഥയെഴുതുന്നതിന് മുമ്പ് ഒരു ഭൂപ്രകൃതിയെയോ ഒരു വിഷയത്തെയോ വിഷ്വലൈസ് ചെയ്യാന്‍ സാധിക്കില്ലെന്ന് തോന്നുകയാണെങ്കില്‍ ആ കഥയെ കൈവിടാറാണ് പതിവ്. അങ്ങനെ കൈവിടപ്പെട്ട കഥകളില്‍ ഒന്ന് ഒരു ട്രാന്‍സ്‌ജെന്ററുടെ പ്രണയം പ്രമേയമാക്കിയുള്ളതാണ്. LGBTQ മായി ബന്ധപ്പെട്ട ചില സുഹൃത്തുക്കളുമായി അതേക്കുറിച്ച് സംസാരിക്കാറുണ്ടെങ്കിലും ഇനിയും പൂര്‍ണ്ണമായും അതിനെ മനസിലാക്കാന്‍ എന്നെക്കൊണ്ടു സാധിച്ചിട്ടില്ല. പ്രകടമായ ചില കാര്യങ്ങള്‍ നമ്മള്‍ക്കറിയാമെങ്കിലും അവരുടെ മുഴുവന്‍ബോധത്തെയും മനസിലാക്കുമ്പോള്‍ മാത്രമേ

ezhaam nootrandin
ഏഴാം നൂറ്റ്രാണ്ടിന്‍ കുതിരൈകള്‍ കവർ

ട്രാന്‍സ്‌ജെന്റർ പ്രണയത്തെ പകര്‍ത്താന്‍ സാധിക്കൂ. അതിനാല്‍ അതിനെ തിരിച്ചറിയുന്ന ദിവസത്തിനായി ഞാന്‍ കാത്തിരിക്കുന്നു. അപ്പോള്‍ മാത്രമേ ഞാന്‍ ആ കഥയെഴുതുകയുള്ളൂ.  എങ്കിലും അതിന്റെ ഛായയുള്ള ഒരു കഥയാണ് കേരളം പശ്ചാത്തലമായി വരുന്ന ‘കുട്ടിയമ്മ' എന്ന കഥ. ഒരു ട്രാന്‍സ്‌ജെന്ററുടെ അമ്മയുടെ കഥയാണത്. ചില സ്ഥലങ്ങള്‍ പ്രമേയമായി വരുമ്പോള്‍ കഥയുമായി ബന്ധപ്പെട്ട കാഴ്ചയുടെ കൃത്യതയ്ക്ക് വേണ്ടി ഞാന്‍ ആ ഇടത്തേക്ക് പോകാറുണ്ട്. ഉദാഹരണമായി ‘മയില്‍' എന്ന കഥയിലെ കഥാപാത്രം ഇടുങ്ങിയ പാതയിലൂടെ നടന്ന് മലഞ്ചെരിവിലുള്ള ചെറിയൊരു തടാകക്കരയിലേക്ക് ചെല്ലുകയും നിറയെ വെള്ളാരങ്കല്ലുകളും പാറക്കെട്ടുകളുമുള്ള ആ ഇടത്ത് ഒരു പാറക്കെട്ടിനു മേലെ ഇരിക്കുകയും ചെയ്യുന്നു. ഏതോ ഒരു സ്ഥലത്തു കണ്ട കാഴ്ചയാണത്. അതിനെ മറ്റൊരു ഭൂപ്രകൃതിയിലേക്ക് സന്നിവേശിപ്പിച്ചാണ് ആ കഥ ചെയ്തിരിക്കുന്നത്. ‘നീലനിറ'ത്തിലും അത്തരത്തില്‍ അതില്‍ വരുന്ന ചാപ്പലിനെ ചിത്രീകരിമ്പോഴുള്ള കൃത്യതയ്ക്ക്​​ ആ കാലഘട്ടത്തിലെ ചാപ്പലുകള്‍ ഏതു തരത്തിലുള്ളവയായിരുന്നു എന്നറിയാൻ ഒരു മാസം ചെലവഴിച്ചിട്ടുണ്ട്. കവിതയാകട്ടെ, കഥയാകട്ടെ മുഖ്യമായും ചിത്രകലയും ഫോട്ടോഗ്രാഫിയുമാണ് എന്നെ വഴി നടത്തുന്നത്. പ്രത്യേകിച്ചും ബ്ലാക്ക് ആന്റ് വൈറ്റ് ഫോട്ടോഗ്രാഫി. 

ചോദ്യം: ശബ്ദങ്ങളും കഥകളിലും കവിതകളിലും കടന്നു വരുന്നുണ്ട്. ഉദാഹരണത്തിന് ‘മയില്‍' എന്ന കഥയിലെ മയിലിന്റെ ശബ്ദം. ഒരു മാറ്റൊലി പോലെയുള്ള അനുഭവമാണത്. ശബ്ദത്തെ പകര്‍ത്താനുള്ള വാക്കിനെ തുടര്‍ച്ചയായി എഴുത്തില്‍ ഉപയോഗിച്ചിരിക്കുന്നു. പല കവിതകളിലും പലയിടത്തായി അക്കങ്ങള്‍ ഉപയോഗിച്ചതായും കണ്ടിട്ടുണ്ട്. അക്കങ്ങളെ അതിന്റേതായ സ്വരൂപത്തിലാണ് പ്രയോഗിച്ചിരിക്കുന്നത്. അതിനുള്ള കാരണമെന്താണ്?

നിറങ്ങളുടെ സൗന്ദര്യം പോലെ മറ്റു ചില വിഷയങ്ങളെയും കവിതയില്‍ പ്രയോഗിക്കാന്‍ സാധിക്കുമോയെന്ന്​ ചിന്തിച്ചു. ഉദാഹരണമായി, ‘രാവിലെ എഴുന്നേല്‍ക്കുമ്പോള്‍...' എന്നൊരു കവിത ആരംഭിക്കുന്നുവെന്നിരിക്കട്ടെ. അതിനു പകരം ‘രാവിലെ 7.15ന് എഴുന്നേല്‍ക്കുമ്പോള്‍...' എന്നു തുടങ്ങുകയാണെങ്കില്‍ അതില്‍ വലിയൊരു സൂക്ഷ്മഗുണമുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്. ശബ്ദങ്ങളും ആകൃതികളും നിറങ്ങളും അക്കങ്ങളും സമയവുമൊക്കെ പ്രയോഗിക്കുമ്പോള്‍ കവിതയുടെ സ്വഭാവം തീവ്രമായി മാറുമെന്നും ഞാന്‍ വിശ്വസിക്കുന്നു. ഇരുട്ടില്‍ നില്‍ക്കുന്ന ഒരു രൂപത്തെ നമ്മള്‍ സന്ദേഹത്തോടെയേ നോക്കൂ. കവിതകളിലേക്ക് അതിനെ പകര്‍ത്തുമ്പോള്‍ കോടമഞ്ഞില്‍ നില്‍ക്കുന്നതുപോലെയുള്ള കാഴ്ചയായിരിക്കും മനസ്സില്‍ പതിയുക. അതിനെ നട്ടുച്ച വെയിലില്‍ നില്‍ക്കുന്ന പ്രതീതിയുണ്ടാക്കുംവിധം വ്യക്തതയോടെ പതിപ്പിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതിനാല്‍ കവിതയില്‍ കൂടുതല്‍ സൂക്ഷ്മഗുണത്തെ കൊണ്ടുവരാന്‍ വേണ്ടിയാണ് നിറം, ആകൃതി, ശബ്ദം, അക്കം എന്നിവയൊക്കെ പ്രയോഗിക്കുന്നത്. പലരും രൂപഭംഗി എഴുത്തില്‍ പ്രയോഗിക്കുന്നുണ്ടെങ്കിലും അതില്‍നിന്ന് വേറിട്ട് നില്‍ക്കാന്‍വേണ്ടിയാണ് ചില ഘടകങ്ങളെ ഉപയോഗപ്പെടുത്തി എഴുതിക്കൊണ്ടിരിക്കുന്നത്. 

ചോദ്യം: ചിത്രകലയാണ് താങ്കളെ വഴിനടത്തുന്നതെന്ന് പറഞ്ഞു. ആദ്യ കവിതാസമാഹാരമായ ‘ഉപ്പുനീര്‍മുതലൈ' മുതല്‍ അവസാനമിറങ്ങിയ ‘മിളകു പരുത്തി മറ്റ്‌റും യാനൈകള്‍' വരെയുള്ള പുസ്തകങ്ങളില്‍ ചെറുചിത്രങ്ങളും വരകളും വക്രരേഖകളുമൊക്കെ അത്രമേല്‍ ഉപയോഗിച്ചു കണ്ടിട്ടുണ്ട്. ‘മിളകു പരുത്തി മറ്റ്‌റും യാനൈകള്‍' എന്ന കവിതാസമാഹാരത്തിലൂടെ കടന്നുപോയപ്പോള്‍ ഒരു പ്രത്യേകത തോന്നിയത്, പല അദ്ധ്യായങ്ങളുള്ള നോവല്‍പോലെയാണ് അതിന്റെ ഘടനയെന്നതാണ്. ഒരു നീണ്ടകവിത വായിക്കുമ്പോള്‍തന്നെ അതിലെ ചില വരികള്‍ഹൈക്കു പോലെ ഒറ്റവരി കവിതയായി മാറുന്നുമുണ്ട്. 

കറുപ്പ് വെളുപ്പ് ഫോട്ടോഗ്രാഫിയും എന്റെ ജീവിതവും കണ്ടുമുട്ടിയ മനുഷ്യരും കൂടിയാണ് എന്നെ വഴിനടത്തുന്നത്. ചിത്രകലയുടെ തനിമ എന്നത് നിറങ്ങളോ ആകാരമോ ഉപയോഗിച്ചുള്ള സംവേദനമാണ്. കാലച്ചുവട് പ്രസിദ്ധീകരിച്ച

uppuneer muthale
ഉപ്പുനീര്‍മുതലൈ കവർ

ആദ്യകവിതാസമാഹാരമായ ‘ഉപ്പുനീര്‍മുതലൈ' തൊട്ട് ഓരോന്നിലും വ്യത്യസ്ത രൂപഭംഗിയാണ് സ്വീകരിച്ചിരിക്കുന്നത്. ‘ഉപ്പുനീര്‍മുതലൈ'യില്‍, ലളിതമായ സെന്‍മനോഗതിയോടു കൂടിയ കവിതകളെയായിരിക്കും കാണാന്‍ കഴിയുക. രണ്ടാമത്തെ കവിതാസമാഹാരമായ ‘ഏഴാം നൂറ്റാണ്ടിന്‍കുതിരൈ'യില്‍ കുറച്ചു പരുഷമായ ഭാഷയാണ്. അതിറങ്ങിയ സമയത്ത് ലളിതമായി മനസിലാക്കാന്‍ കഴിയുന്നില്ല എന്ന അഭിപ്രായമുണ്ടായിരുന്നു. അതിനുശേഷം പുറത്തിറങ്ങിയ ‘ലാഹിരി' എന്ന സമാഹാരത്തില്‍ ഭാഷ മയപ്പെടുത്തി സ്വാഭാവികമായി എഴുതാനാരംഭിച്ചു. എങ്കിലും ചില ഘടകങ്ങള്‍, അതായത് നിറങ്ങള്‍, ആകാരങ്ങള്‍, അക്കങ്ങള്‍, സമയം എന്നിവയൊക്കെ കവിതകളിലാണെങ്കിലും കഥയിലാണെങ്കിലും ശരി, നിലനിര്‍ത്തുകയും ചെയ്യും. അതെന്റെ ചെറിയ അടയാളമാണ്. അതേപോലെ, നാലു സമാഹാരങ്ങള്‍ക്കിടയിലും തീര്‍ച്ചയായും മൂന്നു വര്‍ഷത്തെ ഇടവേളയുണ്ടായിരുന്നു. ഞാന്‍ കടന്നുപോയ കാലത്ത് ജീവിതത്തില്‍ നടന്ന സംഭവങ്ങളുടെ ചെറിയ അംശങ്ങൾ നിങ്ങള്‍ക്ക് കാണാന്‍പറ്റും. ഇരുപത്തിനാലുമുതല്‍ ഇരുപത്തിയൊന്‍പത് വയസ്സു വരെയുള്ള കാലത്തെഴുതിയ കവിതകളാണ് ‘ഉപ്പുനീര്‍മുതലൈ' എന്ന സമാഹാരത്തില്‍. അവയൊക്കെ ലോകത്തെ ഒരു പോസിറ്റീവ് മനസ്സോടെ നോക്കിക്കണ്ട് അല്ലെങ്കില്‍, സെന്‍മനോഭാവത്തോടെ എഴുതിയ കവിതകളാണ്. ആ സമയത്ത് സുരക്ഷിതമായൊരു ജോലിയുമുണ്ടായിരുന്നു. കൂടാതെ പ്രണയവും. ലോകം ശാന്തം സുന്ദരം ശ്രേഷ്ഠം എന്നു വിചാരിച്ചു നടന്നിരുന്ന കാലം. ലോകത്തെക്കുറിച്ചോ സമൂഹത്തെക്കുറിച്ചോ യാതൊരു ഉത്കണ്ഠയുമില്ലാത്ത പ്രകൃതിയുമായി പൊരുത്തപ്പെട്ടു പോവുകയെന്ന തരത്തില്‍ ലളിതമായ ചിന്തകള്‍ മാത്രം വെച്ചു പുലര്‍ത്തുന്നവയായിരുന്നു ആ കവിതകള്‍. 
രണ്ടാമത്തെ സമാഹാരമായ ‘ഏഴാം നൂറ്റ്‌റാണ്ടിന്‍ കുതിരൈകള്‍' പുറത്തിറങ്ങുമ്പോള്‍ കല്യാണം കഴിഞ്ഞിരുന്നു. ഒരു കുഞ്ഞും പിറന്നു. സ്വന്തം ജീവിതത്തില്‍ ചില പ്രശ്‌നങ്ങളുണ്ടാവുമ്പോള്‍ ഈ നാട് എത്ര മോശമാണെന്ന തോന്നലുകളെക്കുറിച്ചും ഒറ്റയായ മനുഷ്യന്‍ ലൗകികമായ അന്തരീക്ഷത്തിലേക്ക് വരുമ്പോഴുണ്ടാവുന്ന കുഴപ്പങ്ങളെക്കുറിച്ചുമാണ് കവിതകള്‍ സംസാരിക്കാന്‍ തുടങ്ങുന്നത്. എന്തു തെറ്റ് നടന്നാലും ഒടുവില്‍ ഭരണകൂടത്തിന്റെയടുത്തായിരിക്കും അവസാനം നിങ്ങള്‍ ചെന്നുനില്‍ക്കുക. അതുകൊണ്ടുതന്നെ, ആ കവിതകളില്‍ ചെറിയ മട്ടില്‍ രാഷ്ട്രീയ ആക്ഷേപഹാസ്യമുണ്ട്. അതിലെ എല്ലാ കവിതകളും തീവ്രമായ രാഷ്ട്രീയ ചോദ്യങ്ങളുന്നയിക്കുന്നവയാണ്. ആദ്യസമാഹാരത്തിനും രണ്ടാമത്തെതിനുമിടിയിലെ മൂന്നു വര്‍ഷത്തിനിടയില്‍ ചെയ്യാത്ത കുറ്റത്തിന് എനിക്കെതിരെ രണ്ടു തവണ പൊലീസ് കേസുണ്ടായി. അവ ജീവിതത്തെ സാരമായി ബാധിച്ചു.

പിതാവ് മരിച്ചപ്പോള്‍ കുടുംബത്തിന്റെ ഉത്തരവാദിത്വമേറ്റേടുത്ത് 2002 മുതല്‍ 2010 വരെ നാട്ടിലേക്ക് പോകാതെ തുടര്‍ച്ചയായി ജോലി ചെയ്ത് കുറച്ചു പണം സമ്പാദിച്ചിരുന്നു.  ഞങ്ങള്‍ക്ക് പരിചയമുള്ള പണക്കാരായ രണ്ടുപേര്‍ പുതിയതായി സ്ഥാപനം തുടങ്ങുന്നെന്നും കല്യാണ സമയത്ത് തിരിച്ചു തരാമെന്നും പറഞ്ഞ് കൂട്ടുകച്ചവടത്തിനായി ആവശ്യപ്പെട്ടപ്പോള്‍ ആ പണം ഞാന്‍ കൊടുത്തു, അത് മടക്കി നല്‍കിയില്ല. മാത്രവുമല്ല, എന്നെ കേസില്‍ കുടുക്കുകയും ചെയ്തു. അപ്പോഴാണ് വിവാഹം. എന്നെ വിശ്വസിച്ചാണ് ഒരു പെണ്‍കുട്ടി വന്നിരിക്കുന്നത്. വീടിന് അഡ്വാന്‍സ് പോലും കൊടുക്കാനില്ലാത്ത അവസ്ഥയിലായിരുന്നു. ആ പ്രതിസന്ധി എന്നെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചു. മുപ്പത്തിയേഴ് ഉറക്കഗുളിക കഴിക്കുകയും മൂന്നു ദിവസത്തിനുശേഷം രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചുവരികയും ചെയ്തു. സമനിലയിലേക്ക് മടങ്ങിയ ആ സമയത്തുതന്നെ എന്നെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയും ശരീരമാസകലം തല്ലിച്ചതച്ച് അവശനാക്കി എന്റെ പക്കലുണ്ടായിരുന്ന രേഖകളെല്ലാം അവര്‍ കൈവശപ്പെടുത്തുകയും ചെയ്തു.

naran

പണം വാങ്ങിയെന്നതിനുള്ള തെളിവുകളില്ലാതാക്കി. ഈ സംഭവം, നേരത്തെ മാനസികമായി നിലതെറ്റിയിരുന്ന എന്നെ പിന്നേയും വല്ലാതെ ഉലച്ചു. ഒരു വര്‍ഷം അങ്ങനെ കടന്നു. അതിനിടയില്‍ ഒരു പുതിയ ജോലി കിട്ടി. അങ്ങനെയിരിക്കെ ഞാനും അമ്മയും ഒരു ദിവസം ചേച്ചിയുടെ വീട്ടില്‍ പോയി. ചേച്ചിക്ക് ഒരു മകളുണ്ട്, ഒന്‍പതാം ക്ലാസിലാണ്. വീടിന്റെ മുകള്‍നിലയിലാണ് അവളുടെ മുറി. അവള്‍ കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ തൊട്ടടുത്ത വീട്ടിലെ ഒരു പയ്യന്‍ കുളിമുറിയിലേക്ക് എത്തിനോക്കി. ഇത് ചോദിക്കാന്‍ അവന്റെ വീട്ടില്‍ ചെന്നപ്പോള്‍ ആ പയ്യന്‍ ഓടിപ്പോയിരുന്നു. പ്ലസ് വണ്ണിലോ പ്ലസ് ടൂവിലോ പഠിക്കുന്ന ചെറിയ പയ്യനായിരുന്നു. പൊലീസില്‍ പരാതി നല്‍കാന്‍ സ്റ്റേഷനില്‍ ചെന്നപ്പോള്‍ ഞങ്ങളോട് അവിടെയിരിക്കാന്‍ പറഞ്ഞു. കുറച്ചു സമയത്തിനുള്ളില്‍ ആ പയ്യനെയും കൂട്ടി  ചിലര്‍ സ്‌റ്റേഷനിലെത്തി. ഒരു മണിക്കൂറിനുള്ളില്‍ മുഴുവന്‍ കാഴ്ചയും കീഴ്‌മേല്‍ മറിഞ്ഞു. പൊലീസ് എന്നോട് ഒറ്റക്ക് മാറിനില്‍ക്കാന്‍ പറഞ്ഞു. എന്റെ ആകാരം ഒരു മുസ്‌ലിമിന്റെതാണന്ന് പറഞ്ഞ് പേരു ചോദിച്ചു. യഥാര്‍ത്ഥപേര് ആരോഗ്യ സെല്‍വരാജ് എന്നാണ്. കൃസ്ത്യന്‍ പേരാണത്. എന്നോടവര്‍ മോശമായി പെരുമാറാന്‍ തുടങ്ങി. ഉടുപ്പുകളെല്ലാം ഊരി അടിവസ്ത്രത്തില്‍മാത്രം നിര്‍ത്തി. അമ്മ, ചേച്ചി, ചേച്ചിയുടെ ഭര്‍ത്താവ് എന്നിങ്ങനെ ഏഴെട്ട് പേരുടെ മുമ്പിലാണ് ഇത് ചെയ്തത്. ഞാന്‍ ആ പയ്യനെ അടിച്ചെന്നും ആശുപത്രിയില്‍ അഡ്മിറ്റായി ചികില്‍സക്കുശേഷം എനിക്കെതിരെ കേസ് നല്‍കാനാണെന്നും പറഞ്ഞാണ് വ്യാജ പ്ലാസ്റ്ററിട്ട് അവനെ സ്‌റ്റേഷനില്‍ ഹാജരാക്കിയത്. 
ഒരു മിനിറ്റ്​ പൊലീസ് സ്റ്റേഷനില്‍ നടന്ന സംഭവമുണ്ടല്ലോ, വാദിയെ പ്രതിയാക്കുന്ന നടപടി... ഇതിനെക്കുറിച്ച് ആരോട് പറയും?. ഒടുവില്‍ ഞാനും അമ്മയും മറ്റുള്ളവരും കരഞ്ഞ് പരാതിയില്ലെന്നും കേസൊന്നും വേണ്ടെന്നും കെഞ്ചിയശേഷമാണ് പോകാന്‍ അനുവദിച്ചത്. ഞാന്‍ നേരിട്ട അപമാനമത്തെക്കുറിച്ചല്ല, ലോകത്ത് എത്രപേര്‍ ഇത്തരം അനുഭവങ്ങളിലൂടെ കടന്നുപോകുന്നുണ്ടാവാമെന്ന ചോദ്യങ്ങളാണ് മനസ്സിലുയര്‍ന്നത്. വളരെ മോശമായ ആ കാലത്താണ് കവിതയിലൂടെ രാഷ്ട്രീയമായ ചോദ്യം ചോദിക്കാന്‍ തുനിയുന്നത്. പിന്നീട് ഇറങ്ങിയ പുസ്തകമാണ് ‘ലാഹിരി'. സമ്പാദ്യം തുലച്ച് നില്‍ക്കുന്ന അവസ്ഥയിലായിരുന്നല്ലോ വിവാഹം. ഭാര്യ നല്ല ശമ്പളമുള്ള സോഫറ്റ്‌വെയര്‍ എഞ്ചിനീയറായിരുന്നു. അവര്‍ക്ക് എന്നിലുള്ള വിശ്വാസം

lahiri
ലാഹിരി കവർ

നഷ്ടപ്പെട്ടതോടെ കുടുംബജീവിതത്തില്‍ താളപ്പിഴകളാരംഭിച്ചു. വിവാഹമോചനത്തിലാണ് അത് കലാശിച്ചത്. അങ്ങനെയൊരു കാലത്ത് എഴുതിയതാണ് ‘ലാഹിരി'യിലെ കവിതകള്‍. ആ സമയത്ത് ആഴ്ചയില്‍ മൂന്നു നാലു ദിവസം സ്ഥിരം മദ്യപിക്കുമായിരുന്നു. മയക്കുമരുന്നിനും അടിമപ്പെട്ടിരുന്നു. അപ്പോള്‍പിറന്ന കവിതകളാണവ. അതില്‍ രാഷ്ട്രീയവും ലഹരിയും മതത്തോടുള്ള ചോദ്യങ്ങളുമെല്ലാമുണ്ട്. ‘ലാഹിരി'യ്ക്കുശേഷം മൂന്നു വര്‍ഷത്തെ ഇടവേള കഴിഞ്ഞാണ് ‘മിളകു പരുത്തി മറ്റ്‌റും യാനൈകള്‍'പുറത്തിറങ്ങുന്നത്. പൊതുവേ ഒരു കവിതയില്‍ അവസാനത്തെ വരിയിലായിരിക്കും ആ കവിതയുടെ മൊത്തം പ്രകാശനവും നടക്കുക. കാതലായ അവസാനത്തെ വരിയില്‍ കവിതയെ തളച്ചിടുന്നതെന്തിനാണെന്നും എന്തുകൊണ്ട് കവിതയിലെ ഓരോ വരിയെത്തന്നെയും കവിതയാക്കിക്കൂടായെന്നുമുള്ള ചിന്തയില്‍നിന്നാണ് ‘മിളകു പരുത്തി മറ്റ്‌റും യാനൈകളി'ല്‍ ഒരു കവിതയിലെ ഓരോ വരിയെയും ഒറ്റക്കവിതയാക്കുന്ന രീതി പുലര്‍ത്തിയത്. ആ ഒറ്റവരിയില്‍ കവിതയുടെ ആഴം കൊണ്ടുവരാന്‍ കഴിയുമോ എന്നത് മാത്രമായിരുന്നു പ്രധാനം. ‘മിളകു പരുത്തി മറ്റ്‌റും യാനൈകളു'ടെ ഘടനയെപ്പറ്റി പറയുകയാണെങ്കില്‍, പത്തു അദ്ധ്യായങ്ങളാണ് അതിലുള്ളത്. പത്തും വ്യത്യസ്ത വിഷയങ്ങള്‍. ‘അമ്മ' എന്നതാണ് ആദ്യത്തേത്. അതുകഴിഞ്ഞ് മതിഭ്രംശത്തെക്കുറിച്ച്​. മൂന്നാമത്തെ അദ്ധ്യായത്തില്‍ മരണം. പ്രണയവും രാഷ്ട്രീയവും ആദിവാസികള്‍ നേരിടുന്ന പ്രശ്‌നങ്ങളുമെല്ലാം പ്രത്യേകമായ അദ്ധ്യായങ്ങളാണ്. കൊളാഷ് പോലെയാണ് അതിന്റെ നിര്‍മ്മിതി. ക്രമരാഹിത്യത്തെ ക്രമപ്പെടുത്തിയിരിക്കുന്ന തരത്തിലുള്ള കവിതകള്‍.

ചോദ്യം: ശ്രദ്ധയില്‍പ്പെട്ട മറ്റൊരു പ്രധാന ഘടകമാണ് പരുത്തി. താങ്കളുടെ കൂടുതല്‍ സൃഷ്ടികളിലും അതുണ്ട്. അവസാനമിറങ്ങിയ കവിതാസമാഹാരമായ ‘മിളകു പരുത്തി മറ്റ്‌റും യാനൈകളു'ടെ തലക്കെട്ടിലും പരുത്തിയുണ്ട്. 

ഓരോരോ ഭൂപ്രകൃതിയിലും അതിനനുസരിച്ച സസ്യവര്‍ഗമുണ്ടായിരിക്കുമല്ലോ. എന്റെ നാട്ടില്‍, നൂറുവര്‍ഷത്തില്‍ കൂടുതലായി പരുത്തിയാണ് കരിസല്‍(കരിമണല്‍) മണ്ണില്‍ വലിയ അളവില്‍ വിളയുന്നത്. ബ്രിട്ടിഷുകാരുടെ കാലത്ത് വന്‍തോതില്‍ പരുത്തി ഇവിടെനിന്ന് കയറ്റുമതി ചെയ്തിരുന്നു. തന്റെ ഭൂപ്രകൃതിയില്‍നിന്ന് സൂര്യകാന്തി വയലുകളെയും ഗോതമ്പ് വയലുകളെയും വാന്‍ഗോഗ് എങ്ങനെ ചായച്ചിത്രങ്ങളിലേക്ക് പകര്‍ത്തിയോ അത്തരത്തില്‍ കരിസല്‍മണ്ണില്‍ വിളയുന്ന പരുത്തിയെ തുടര്‍ച്ചയായി ഞാനെന്റെ സൃഷ്ടികളില്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. എന്റെ ഭൂപ്രകൃതിയോട് ഞാന്‍ ചെയ്യേണ്ട പ്രധാന കാര്യമാണതെന്ന് കരുതുന്നു.  ഞാനറിയാതെ എന്റെ നിലം എന്റെയുള്ളിലുണ്ട്. കരിസല്‍മണ്ണ് എന്റെയുടലുമായി ഒട്ടിക്കിടക്കുന്നു. 

ചോദ്യം: താങ്കളുടെ കൃതികളോട് ഏതു തരത്തിലാണ് നിരൂപകരും വായനക്കാരും പ്രതികരിച്ചത്?

 ‘ലാഹിരി' ഇറങ്ങി നാലു വര്‍ഷമായി. നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ആഴ്ചയില്‍കുറഞ്ഞത് ഒരു ആസ്വാദനക്കുറിപ്പെങ്കിലും സോഷ്യല്‍മീഡിയയില്‍ വരും. ‘ലാഹിരി'യാണ് പുതിയ വായനക്കൂട്ടത്തെ എനിക്കുണ്ടാക്കിത്തന്നത്. വായനക്കാരാണ് എന്റെ ശക്തിയെന്ന് ഞാന്‍ വിചാരിക്കുന്നു. എന്തുകൊണ്ടെന്നാല്‍, ഇവിടെ സാഹിത്യം ഓരോ ഗ്രൂപ്പിലുമധിഷ്ഠിതമാണ്. അവരുടേതായ ചെറിയ സാഹിത്യ പ്രസിദ്ധീകരണവുമുണ്ടാവും. അതിന്റെ ഭാഗഭാക്കായില്ലെങ്കില്‍ പുസ്തകമിറക്കുകയോ സൃഷ്ടികള്‍ പ്രസിദ്ധപ്പെടുത്തുകയോ അവനെ/അവളെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യില്ല. സൃഷ്ടി മികച്ചതാണെങ്കില്‍ അവയെക്കുറിച്ച് ആ ഗ്രൂപ്പുമായി ബന്ധപ്പെട്ട ആരും ഒരക്ഷരം മിണ്ടുക പോലുമില്ല. കാലാകാലങ്ങളായി അതാണ് സമ്പ്രദായം. ചെന്നൈയിലേക്ക് വന്നിട്ട് പതിനെട്ടു വര്‍ഷമായി. നവീന സാഹിത്യത്തിന്റേതായ ലോകത്തിനകത്തുതന്നെയാണ് ഞാനും. ഒരു മികച്ച സൃഷ്ടിയെ കണ്ടതായ ഭാവം ഇവിടെയാരും നടിക്കാറില്ല. അതുകൊണ്ടു തന്നെ വായനക്കാരാണ് എന്റെ ബലമെന്നു വിശ്വസിക്കുന്നു. വായനക്കാര്‍ക്ക് അത്തരത്തിലുള്ള ഗ്രൂപ്പു ചിന്തയൊന്നുമില്ല. ഏതെങ്കിലുമൊരു പുസ്തകത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ കുറഞ്ഞപക്ഷം ആഴ്ചയിലൊരിക്കലെങ്കിലും ഒരു ഫോണ്‍ വിളിയായോ ഈ-മെയിലായോ ലഭിക്കാറുണ്ട്. 

ചോദ്യം: ഇരുപത്തിയൊന്നാമത്തെ വയസ്സില്‍ ചെന്നൈയിലേക്ക് നാടുവിട്ടുപോയി. അതിനു മുമ്പേ എഴുതാന്‍ തുടങ്ങിയിരുന്നുവോ? 

സ്‌കൂള്‍ കാലത്തുതന്നെ എഴുതുമായിരുന്നു. ആനുകാലികങ്ങളിലേക്ക് അയച്ചു കൊടുത്തിരുന്നുവെങ്കിലും വെളിച്ചം കണ്ടില്ല. ചെന്നൈയിലേക്ക് വന്നശേഷമാണ് ഒരു മുഖ്യധാരാ പ്രസിദ്ധീകരണത്തില്‍ കവിത അച്ചടിച്ചു വരുന്നത്- തീരാനദിയില്‍. ചെന്നൈയിലേക്ക് വരുന്നതിനുമുമ്പ് എനിക്ക് നവീന(ആധുനിക/പുതു)കവിതകളെന്താണെന്നുതന്നെ അറിയില്ലായിരുന്നു.

devatachan
ദേവതച്ചന്‍

അന്നു ശ്രദ്ധേയനായിക്കൊണ്ടിരുന്ന നാട്ടുകാരന്‍ കൂടിയായ എസ്. രാമകൃഷ്ണനെ ഇടയ്ക്കിടെ കാണാറുണ്ടായിരുന്നെങ്കിലും പരിചയപ്പെട്ടിരുന്നില്ല. എന്റെ നാടായ വിരുതുനഗറില്‍നിന്ന് മുപ്പതു കിലോമീറ്റര്‍അകലെയാണ് കോവില്‍പ്പട്ടി എന്ന സ്ഥലം. തമിഴിലെ പ്രധാനപ്പെട്ട പല എഴുത്തുകാരും അവിടെ നിന്നുള്ളവരാണ്. നാട്ടിലുള്ള എഴുതുന്നവരും വായിക്കുന്നവരുമായ പലരും അവിടെ എഴുത്തുകാരന്‍ കോണങ്കിയെ കാണാന്‍ പോകാറുണ്ടായിരുന്നു. എന്റെ കോളേജ് പ്രിന്‍സിപ്പലായ പെരിയസാമി രാജയും അക്കൂട്ടത്തിലുള്ള ആളായിരുന്നു. കോണങ്കിയെ കാണാന്‍ അവര്‍ കോവില്‍പ്പെട്ടിയിലേക്ക് പോകുമ്പോള്‍ ഒപ്പം കൂടാറുണ്ടായിരുന്നെങ്കിലും ഞാന്‍ ബസ്സിറങ്ങി വല്ല സിനിമയ്ക്കും പോയി അദ്ദേഹത്തെ കണ്ട് തിരിച്ചുപോകുന്നവരുടെ കൂടെ മടങ്ങുമായിരുന്നു. നവീന കവിതകളെക്കുറിച്ച് വലിയ ധാരണയില്ലാത്തതുകൊണ്ടുതന്നെ വലിയ എഴുത്തുകാരനായും ആദര്‍ശവാനായും കരുതിപ്പോന്നിരുന്ന വൈരമുത്തു എഴുതിയിരുന്നവയായിരുന്നു എന്നെ സംബന്ധിച്ച് കവിതകള്‍. 
സംവിധായകന്‍ വസന്തബാലന്‍ എന്റെ നാട്ടുകാരനാണ്. തന്റെ ആദ്യ ചിത്രമായ ‘ആല്‍ബ'ത്തിന്റെ പ്രാരംഭജോലികള്‍ അദ്ദേഹം തുടങ്ങിയ സമയത്താണ് ഞാന്‍ ചെന്നൈയില്‍ വരുന്നത്. രണ്ടാമത്തെ പടമായ ‘വെയിലി'ന്റെ സ്‌ക്രിപ്റ്റ് അദ്ദേഹം ചെയ്തുകൊണ്ടിരുന്ന സമയം. സൗഹൃദത്തിന്റെ അടിസ്ഥാനത്തില്‍ കവിതകളെഴുതി വെച്ചിരുന്ന ഡയറിയുമായി ഞാനദ്ദേഹത്തെ കാണാന്‍ ചെന്നു. അത് വായിച്ച അദ്ദേഹം അവയൊന്നും കവിതകളല്ലെന്ന് പറഞ്ഞു. നൂറോളം കവിതകളുണ്ടായിരുന്നു. അദ്ദേഹമെന്താണ് പറയുന്നതെന്ന് ആലോചിച്ചുകൊണ്ടിരിക്കെ, ഒന്നു രണ്ടു കവിതകളില്‍ കവിത്വഗുണമുണ്ടെന്നും ബാക്കിയുള്ളവ  കൊള്ളില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നിട്ട് എന്റെ കൈയ്യിലൊരു പുസ്തകം വെച്ചു തന്നു. കവി ദേവതച്ചന്റെ കവിതകളുടെ സമാഹാരം. ആ പുസ്തകം വീണ്ടും വീണ്ടും വായിച്ചപ്പോള്‍ ഞാനെഴുതിയവയല്ല കവിതകളെന്നും അതിലുള്ളവയാണ് കവിതകളെന്നും മനസ്സിലായി. ആ പുസ്തകം നല്‍കിയ ഊര്‍ജ്ജത്തില്‍ ദേവതച്ചനെ കാണാന്‍ അന്നു രാത്രിതന്നെ പുറപ്പെട്ടു. കോവില്‍പ്പട്ടിക്കാരനായ അദ്ദേഹം ഒരു ജ്വല്ലറി ഉടമ കൂടിയാണ്. ഒരു പകല്‍ മുഴുവന്‍ എന്താണ് കവിതയെന്ന് എനിക്കദ്ദേഹം വിവരിച്ചുതന്നു. എല്ലാം ഞാന്‍ വെറുതെ കേട്ടുകൊണ്ടിരുന്നു. എന്നെ സംബന്ധിച്ച് അതൊരു പുതിയ ലോകമായിരുന്നു. അത്രത്തോളം അദ്ദേഹം പറഞ്ഞ കാര്യങ്ങളെല്ലാം മനസ്സില്‍ ആഴത്തില്‍ പതിഞ്ഞിരുന്നു. അതില്‍പിന്നീട് കവിതയെയും സാഹിത്യത്തെയും ഞാന്‍ കാണാന്‍ തുടങ്ങിയത് തീര്‍ത്തും വ്യത്യസ്ത ചിന്തയോടു കൂടിയാണ്. ആ കൂടിക്കാഴ്ച ജീവിതത്തില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു. അതിനുശേഷം കവിതയുമായി ബന്ധപ്പെട്ട് ആരോടും അത്തരം സംഭാഷണത്തില്‍ ഏര്‍പ്പെട്ടിട്ടേയില്ല. അന്ന് ഇരുപത്തിനാല് വയസ്സുകാരനായ ഞാന്‍ ചോദിച്ച നവീന കവിതയുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങള്‍ക്കും അദ്ദേഹത്തിന് ഉത്തരമുണ്ടായിരുന്നു. ഒരു തരം വെളിച്ചത്തെയാണ് ഞാനനുഭവിച്ചത്. അന്നദ്ദേഹം എന്നോടു പറഞ്ഞ ഉദാഹരണം ഓര്‍മയിലുണ്ട്. ഒരു തള്ളമാനിന്റെയും മാന്‍കുട്ടിയുടെയും കഥ. കുറച്ചു വെള്ളം മാത്രമുള്ള ചെറിയ ഒരു കുഴിയില്‍നിന്ന് രണ്ടു മാനുകള്‍ വെള്ളം നുകരുകയാണ്. തള്ളമാന്‍ കുടിക്കട്ടെയെന്ന് കരുതി മാന്‍കുട്ടിയും കിടാവ് കുടിക്കട്ടെയെന്ന് കരുതി തള്ളമാനും കാത്തിരിക്കുകയാണ്. രണ്ടു മാനുകളും വെള്ളം നുണയുന്നതല്ലാതെ വയറ്റിലേക്കെടുക്കുന്നില്ല. ഇതു സാധാരണ നമ്മള്‍ കാണുന്ന ചിത്രമാണ്. പക്ഷേ അദ്ദേഹം ആ കഥയില്‍നിന്ന് മറ്റൊരു ചെറിയ കവിതയെ രൂപപ്പെടുത്തുകയാണ്. ആ രണ്ടു മാനുകളുടെയും നിഴലുകള്‍ വെള്ളത്തില്‍ കിടക്കുന്നുണ്ട്. അപ്പോള്‍ ആ മാനുകള്‍ എന്താണ് കുടിക്കുന്നത്. വെള്ളത്തെയല്ല മറിച്ച് തങ്ങളുടെ നിഴലുകളെയാണ് നുണഞ്ഞ് നുണഞ്ഞ് കുടിക്കുന്നത്. ആ ചിത്രമുണ്ടല്ലോ, അതില്‍ ഈയൊരു ഇടത്തെ എന്തുകൊണ്ടു ശ്രദ്ധിച്ചില്ലയെന്നത് എനിക്ക് വലിയ അത്ഭുതമായിരുന്നു.  അന്നുമുതല്‍ ആരുടേയും കണ്ണില്‍പ്പെടാത്ത ഒരു ചെറുചിത്രം എനിക്ക് ലഭിച്ചുകൊണ്ടിരുന്നു. എല്ലാവരിലും ആ കഥയിലെ ചിത്രം പതിയുമെങ്കിലും ഒളിഞ്ഞിരിക്കുന്ന ഇത്തരം അപൂര്‍വ്വങ്ങളായ സംഭവങ്ങളുണ്ടല്ലോ, അതൊരു കവിക്ക് മാത്രമേ കണ്ടെത്താന്‍ സാധിക്കൂ എന്നു ഞാന്‍ വിശ്വസിക്കുന്നു. എല്ലാ ഉത്തരങ്ങളും ലഭിച്ചിരിക്കുന്നുവെന്നും ഇനി വായിക്കുകയും എഴുതുകയും മാത്രമാണ് വേണ്ടതെന്നും ഞാന്‍ കരുതി. ദേവതച്ചനുമായി നടന്ന ആ സംഭാഷണമാണ് ഇന്നും കവിതാവഴിയില്‍ വെളിച്ചം തെളിയിക്കുന്നത്. എന്നാല്‍, ഒരു ഗുരുവിന്റെ ബിംബം പിന്‍പറ്റുന്ന എഴുത്തല്ല എന്റേത്.  കവിതയില്‍ എന്റേതായ ഒരു മൊഴിയെ ഞാന്‍ ഉരുവാക്കിയെടുത്തു. 

ചോദ്യം: ആദ്യകവിതാസമാഹാരമായ ഉപ്പുനീര്‍മുതലൈ ഇറങ്ങിയശേമാണ് കഥ എഴുതാനാരംഭിച്ചതെന്ന് തോന്നുന്നു. കഥയിലേക്ക് കടക്കുന്നതെങ്ങനെയാണ്?

2011 കാലത്താണ് ചെറുകഥ എഴുതാനാരംഭിക്കുന്നത്. എഴുതുന്നതൊക്കെ കീറിക്കളയുമായിരുന്നു. 2014ല്‍ ആദ്യകഥയെഴുതി, അത് കവി വെയ്യില്‍ എഡിറ്ററായ വികടന്‍തടം എന്ന മാഗസിനില്‍ പ്രസിദ്ധീകരിച്ചു. കഥയെഴുതാന്‍കഴിയുമെന്ന് അതോടെ എനിക്ക് മനസ്സിലായി. 

ചോദ്യം: കഥയില്‍ താങ്കളെ സ്വാധീനിച്ച എഴുത്തുകാരനോ എഴുത്തുകാരോ ആരെങ്കിലുമുണ്ടോ?

വായനാനുഭവത്തില്‍, ചെറുകഥയില്‍ എനിക്കിഷ്ടപ്പെട്ട എഴുത്തുകാരന്‍

jayamohan
ജയമോഹന്‍

ജയമോഹനാണ്. എസ്. രാമകൃഷ്ണന്റെ കഥകളും ഇഷ്ടമാണ്. പേര് പറഞ്ഞാല്‍ തീരാത്ത അനേകം എഴുത്തുകാരുമുണ്ട്. ഇപ്പോള്‍ എഴുതുന്ന പുതുതലമുറയിലെ എഴുത്തുകാരില്‍നിന്നുപോലും ഞാന്‍ പാഠങ്ങള്‍ ഉള്‍ക്കൊള്ളാറുണ്ട്. സക്കറിയയുടെ കഥകളും എന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. പ്രത്യേകിച്ചും യേശു കഥാപാത്രമായി വരുന്ന അദ്ദേഹത്തിന്റെ കഥകള്‍ വളരെ ഇഷ്ടമാണ്. 

ചോദ്യം: പുതുകഥകള്‍ സൂക്ഷ്മമായ ആഖ്യാനം വെച്ചു പുലര്‍ത്തുന്നതും വ്യക്തികേന്ദ്രീകൃതമല്ലാത്തതും കഥയവസാനിച്ചു കഴിഞ്ഞാല്‍ കഥയെ അനുവാചകന് വിട്ടുകൊടുക്കുന്നതുമായ രീതിയിലുമാണ് എഴുതപ്പെടുന്നത്. താങ്കളുടെ മിക്ക കഥകളിലെയും അവസാനവരി വളരെ മൂര്‍ച്ചയുള്ള വിളിമ്പ് പോലെയാണ്. കഥയുടെ മുഴുവന്‍ സത്തയെയും കാട്ടുന്ന ആ വരി മനസ്സിനെ തൊടുന്ന ഉണര്‍വിനെയാണ് പകരുന്നത്. ആ വരിയുടെ നിര്‍മ്മിതിയെക്കുറിച്ചറിയാന്‍ താല്‍പര്യമുണ്ട്?

ഓരോര്‍ത്തര്‍ക്കും അവരുടേതായ ക്രാഫ്റ്റുണ്ടായിരിക്കുമല്ലോ. ‘ലയണ്‍ സര്‍ക്കസ്' എന്ന കഥ വായിക്കുമ്പോള്‍ പ്രകടമായിത്തന്നെ അതറിയാം. തുടക്കത്തില്‍ സര്‍ക്കസിലേക്ക് ആളുകള്‍ എത്തുന്നില്ല, അവസാനിക്കുമ്പോള്‍ വളരെയധികം ആളുകള്‍ വന്നുകൊണ്ടിരിക്കുന്നു. കഥയുടെ ആദ്യവരിക്കും അവസാനവരിക്കും തമ്മിലൊരു ബന്ധമുണ്ടായിരിക്കും. മൊത്തം കഥയുടെ ഉയിരിനെയും വെളിവാക്കുന്ന ഒരു വരിയാണത്. ഇത് എ​േൻറതായ ക്രാഫ്റ്റാണ്.

ചോദ്യം: ആദ്യനോവലായ ‘ഏഴു കടല്‍ഏഴു മലൈ' ആനന്ദവികടനില്‍ ഖണ്ഡശ്ശഃയായി വന്നുകൊണ്ടിരിക്കുകയാണ്. എന്താണ് വരാനിരിക്കുന്ന സൃഷ്ടികള്‍?

‘ഏഴു കടല്‍ഏഴു മലൈ' ഈയടുത്താണ് പ്രസിദ്ധീകരിച്ചു തുടങ്ങിയത്. പ്രതീക്ഷിച്ചതിലും കൂടുതലാണ് പ്രതികരണം. വരാനിരിക്കുന്നത് നോവല്ലയാണ്. പേരിട്ടിട്ടില്ല. ഭാര്യയെയും രണ്ടു പെണ്‍മക്കളെയും ഉപേക്ഷിച്ച് ചിട്ടിക്കാശുമായി നാട്ടില്‍നിന്ന് ഓടിപ്പോയ ഒരു മനുഷ്യന്‍ പതിനാറു വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചു വരുന്നതാണ് പ്രമേയം. ഒറ്റ ദിവസത്തിലാണ് കഥ നടക്കുന്നത്. ‘പാദം' എന്ന പേരിലൊരു കഥാസമാഹാരവും പുറത്തിറങ്ങും. ശ്രീരംഗം ക്ഷേത്രവുമായി ബന്ധപ്പെട്ട മറ്റൊരു നോവലിന്റെ പണിപ്പുരയിലാണ്. ഇക്കാലത്ത് അതിനെ പുസ്തകമായി കൊണ്ടുവരണോ എന്ന സംശയത്തിലുമാണ് ഞാന്‍. ‘മരിയാപുഷ്പത്തിന്‍സൈക്കിള്‍കള്‍', 'തേടല്‍' എന്നീ രണ്ടു കഥകളെ ആധാരമാക്കി സംവിധായകന്‍ എം. ആര്‍. ഭാരതിയും ‘വാരണാസി' എന്ന കഥയെ അടിസ്ഥാനപ്പെടുത്തി സംവിധായകന്‍ റാമും സിനിമ ചെയ്യുന്നുണ്ട്. ‘സാള്‍ട്ട്' എന്ന പേരില്‍ പ്രസിദ്ധീകരണസ്ഥാപനം നടത്തുന്നുണ്ട്. കഥ, കവിത, മൊഴിമാറ്റം എന്നിങ്ങനെ വര്‍ഷത്തില്‍ അഞ്ചു പുസ്തകങ്ങള്‍ ഞങ്ങള്‍ പ്രസിദ്ധീകരിക്കാറുണ്ട്. രണ്ടു പുതിയ എഴുത്തുകാരെ പരിചയപ്പെടുത്തുന്നുമുണ്ട്. എന്റെ 13 ചെറുകഥകള്‍ ഷാഫി ചെറുമാവിലായി മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്ത് ‘കേശം' എന്ന പേരില്‍ പുസ്തകമായി വരുന്നുണ്ട്. കൂടാതെ ‘മിളകു പരുത്തി മറ്റ്‌റും യാനൈകള്‍' മലയാളത്തിലേക്ക്  മൊഴിമാറ്റം ചെയ്യുന്നുണ്ടെന്ന് താങ്കളും പറഞ്ഞിട്ടുണ്ടല്ലോ. 

മൂന്നു തമിഴ് കവിതകള്‍/നരൻ/മൊഴിമാറ്റം: എ. കെ. റിയാസ് മുഹമ്മദ്

മഞ്ഞപ്പല്ലുകള്‍

അമ്മേ മുമ്പ് നമുക്ക് മുതുകുണ്ടായിരുന്നുവോ?
അതേ മകളേ, എന്നാല്‍ അവ നിവര്‍ന്നിരുന്നു.

അമ്മേ മുമ്പ് നമുക്ക് കൈകളുണ്ടായിരുന്നുവോ?
അതേ മകളേ, എന്നാല്‍ അവ നമ്മുടെ
തോളില്‍ തൂങ്ങിക്കിടന്നിരുന്നു 
നെഞ്ചിനു കുറുകെ കെട്ടിയിടപ്പെട്ടിരുന്നില്ല.

അമ്മേ മുമ്പ് നമുക്ക് ചന്തികളുണ്ടായിരുന്നുവോ?
അതേ മകളേ, പക്ഷേ ചാട്ടകളില്ലായിരുന്നു.

ഈ മലകളെപ്പോലെയുള്ള മാറിടമുണ്ടായിരുന്നുവോ?
അതേ മകളേ, അലമാരിയുടെ ഉരുണ്ട പിടിയെപ്പോലെ
പിടിച്ചു തിരിക്കുന്ന ആണ്‍ചട്ടമ്പികളില്ലായിരുന്നു.

കുഞ്ഞുങ്ങളാലും അന്നംകൊണ്ടും നിറയ്ക്കപ്പെട്ട
വീര്‍ത്ത വയറുകളുണ്ടായിരുന്നുവോ?
അതേ മകളേ, എന്നാല്‍ അവ അന്യരാലും
അന്യ വിളകളാലും നിറയ്ക്കപ്പെട്ടിരുന്നില്ല

നമ്മുടെ ഉടലില്‍ ആടകള്‍ ധരിക്കപ്പെട്ടിരുന്നുവോ?
അതേ മകളേ, ചെങ്കുത്തായോ ഇടംവലമായോ 
ഊരിക്കളയാന്‍ കഴിയുന്നവ
ചീന്തിക്കളഞ്ഞവയല്ല. 

നെല്ലുകള്‍ നമ്മുടെയടുത്തു തന്നെയുണ്ടായിരുന്നുവോ?
അതേ മകളേ, എന്നാല്‍ അവ പേരിടപ്പെട്ടവയായിരുന്നില്ല. 

നിലങ്ങള്‍?നദികള്‍?
അതേ മകളേ, നിലത്തില്‍ മണ്ണുണ്ടായിരുന്നു 
നദികളില്‍ വെള്ളവുമൊഴുകിയിരുന്നു.

ഇപ്പോഴാണ് വലതു കാലിലെ ചെരുപ്പിനെ
ഇടതു കാലിലണിയുന്നത്. 

ചിലപ്പോള്‍
ഇരുകാലുകളിലും ഇടത് ഇടത്
അല്ലെങ്കില്‍ വലത് വലത് 

അമ്മേ നമുക്ക് വായയുണ്ടായിരുന്നുവോ?
നാവുകള്‍.... പല്ലുകള്‍.... 
നമ്മള്‍ ചിരിക്കുമായിരുന്നുവോ?
അതേ മകളേ, കാട്ടുമക്കാചോളത്തിന്റെ
പച്ച പുറംതൊലിയെ ഉരിച്ചു നോക്ക്
ഇപ്പോഴും ചിരിക്കുന്നപോലെ കാണാം
നമ്മുടെ പഴയ മഞ്ഞപ്പല്ലുകള്‍.

 

ഞാന്‍

ഞാന്‍

ഇടതു തട്ടിനടിയില്‍ പുളി ഒട്ടിക്കപ്പെട്ട തുലാസ്
യേശുവിന്റെ ഇടതു കവിളിലെ ചുംബനം.
തേയിലയില്‍ കൂട്ടിചേര്‍ത്ത മരപ്പൊടി.
ശ്രദ്ധയെ വഴിതിരിച്ചുവിടാന്‍ 
രാവിലെ 10 രൂപയെ വീശുന്നവന്‍. 
ചടങ്ങുകളില്‍ കള്ളക്കാമുകിയെ
അനിയത്തിയെന്ന് പരിചയപ്പെടുത്തുന്നവന്‍.
നിറയെ പഞ്ഞി നിറക്കപ്പെട്ട പെണ്ണിന്റെ മേല്‍വസ്ത്രം.
കൊത്താന്‍ ഓടിവരുന്ന നീര്‍ക്കോലി.
ആധാരമെഴുത്തിലെ കള്ളക്കൈയ്യൊപ്പ്.

ഞാന്‍
മുക്കാലോളം വെള്ളം നിറക്കപ്പെട്ട
 പാത്രത്തില്‍ പാലൊഴിക്കുന്നവന്‍.
വൈക്കോല്‍ കുത്തിനിറച്ച കിടാവിനെ കാട്ടി
അകിട് മോഷ്ടിക്കുന്നവന്‍.
കെട്ടിയോളുടെ ആണ്‍കൂട്ടുകാരുടെ വാഹനത്തിന്റെ
ബ്രേക്ക് വയറിനെ അറുക്കുന്നവന്‍.
വെറും ചുണ്ണാമ്പു മാവുകൊണ്ട്
മാത്രമുണ്ടാക്കിയ വേദനസംഹാരി ഗുളിക.
ഉത്സവക്കൂട്ടങ്ങളില്‍ മുലയെ പിടിക്കുന്ന കരങ്ങള്‍.
വെള്ളയാടിന്റെ തലയെ മുന്നില്‍ കിടത്തി
ചെമ്മരിയാടിറച്ചി വില്‍ക്കുന്ന ഇറച്ചിക്കട.

ഞാന്‍
ഒരു കിലോയില്‍ ഒളിച്ചിരിക്കുന്ന രണ്ടു ചീഞ്ഞ പഴം.
കുരുമുളക് കൈയ്യിലെടുക്കുമ്പോള്‍ കുടുങ്ങുന്ന പപ്പായക്കുരു.
ആദ്യ അലക്കില്‍ ചുരുങ്ങി ചായം പോകുന്ന പുത്തനുടുപ്പ്.
കാഴ്ചയറ്റവന്‍ ഒറ്റയ്ക്ക് നടന്നുപോകുമ്പോള്‍ മുഖത്തിനു നേരെ
കുത്തുമ്പോലെ ചേഷ്ട കാണിക്കുന്നവന്‍.
നെടുമ്പാതയില്‍ വഴി ചോദിക്കുന്ന വാഹനങ്ങള്‍ക്ക്
കരുതിക്കൂട്ടി തെറ്റായ വഴി പറയുന്നവന്‍.
തനിക്ക് സാധിച്ചതും കമിഴ്ന്നു കിടന്നുറങ്ങുന്നവന്‍.
സര്‍ക്കാര്‍ ടെണ്ടര്‍. 

ഞാന്‍
ഉള്ളങ്കൈയ്യില്‍ പണം അമുക്കി വെക്കുന്ന ചെക്ക്‌പോസ്റ്റ്.
ലഹരി തൊടാന്‍ കാശു ലഭിക്കാതെ
കുഞ്ഞിന്റെ ചുമക്കുള്ള മരുന്നിനെ മോഷ്ടിക്കുന്നവന്‍. 
ബസ്സില്‍ വായിക്കാന്‍ കൊടുക്കുന്ന     
‘ഞാന്‍ ഹൃദ്രോഗി, എനിക്ക് കല്യാണം കഴിക്കാത്ത
മൂന്നു സഹോദരിമാര്‍...' സന്ദേശപത്രം.
അവസാന നിമിഷം ‘വളരെ വേദനാജനകം' - ‘സിസേറിയനാണ്' -
‘ഇനിയും പണമടക്കുക' എന്നു പറയുന്ന പ്രസവ വാര്‍ഡിലെ
ഉത്തരവാദിയുടെ കള്ളക്കണ്ണീര്‍.
വ്യാജമായ ആത്മഹത്യാക്കുറിപ്പ്.

ഞാന്‍
ആശുപത്രിയിലെ ടോക്കണില്‍
9-ആം അക്കത്തെ 6-ആം അക്കമായി
തലതിരിച്ചു കാട്ടി ആദ്യം ചെല്ലുന്നവന്‍.
വിലകൂടിയ ‘ജാക്ക് ഡാനിയല്‍' മദ്യകുപ്പിയില്‍
ഒഴിക്കപ്പെട്ട ‘ഓള്‍ഡ് മങ്ക്'.
അഭിമുഖത്തിനായി വന്നവളോട് കുടുംബ കഷ്ടത്തെ
കണ്ണീരൊലിപ്പിച്ച് കേട്ടശേഷം
തന്റെയുടലുമായി ഇണങ്ങിപ്പോകാന്‍ പറയുന്നവന്‍. 
വരച്ചുകഴിഞ്ഞ് മരിച്ചു പോയവന്റെ ചിത്രത്തില്‍
തന്റെ കൈയ്യൊപ്പ് ചാര്‍ത്തുന്നവന്‍.    
 മാര്‍ക്കറ്റില്‍ ഇന്നത്തെ പച്ചക്കറികളോടൊപ്പം കലര്‍ത്തപ്പെട്ട
ചീഞ്ഞളിഞ്ഞ ഇന്നലത്തെ പച്ചക്കറി. 

ഞാന്‍
കള്ളച്ചന്ത ~ അജ്ഞാതകത്ത് ~ ഹെയര്‍ഡൈ ~ വിഗ്ഗ് ~ സ്ഥലം കൊള്ള ~ ലേലച്ചീട്ട് ~ വ്യാജ മൂല്യനിര്‍ണ്ണയം ~ കള്ള ലിംഗം ~ കള്ള യോനി ~ കള്ളക്കണക്ക് ~കുറ്റമൊഴിഞ്ഞ നാവ് ~ സ്വരം മാറ്റി പറയുന്നവന്‍ ~ ചെക്ക്‌പോസ്റ്റ് ~    കള്ളസാക്ഷി ~ കളളപ്പാതിരി

 

പെണ്ണുടല്‍

കുഞ്ഞിനെപ്പോലെ പരിശുദ്ധമായി കഴുകപ്പെട്ട്
വെള്ളത്തുണിയാല്‍ ചുറ്റപ്പെട്ട്
ദേവാലയത്തിലെ വെള്ളയുടുപ്പുപോലെ വെളുക്കപ്പെട്ട്
ചുളിവുകള്‍ അകറ്റപ്പെട്ട്
ചെമ്പു പാത്രങ്ങളെപ്പോലെ നന്നായി തേച്ചുവൃത്തിയാക്കപ്പെട്ട്
പിന്നീട്
ആ മൂന്നെഴുത്തും നന്നായി നക്കപ്പെട്ട്
...... എന്നൊരു കീടം കുതികാലാല്‍ മര്‍ദ്ദിക്കപ്പെട്ട്
ആദായ വിലയ്ക്ക് വില്ക്കപ്പെട്ട്
കുഴല്‍ക്കിണര്‍ ഊറ്റിയെടുക്കപ്പെട്ട്
തറ വിരിപ്പും നിങ്ങളുടെ പാദങ്ങളാല്‍ അവയുടെ മുഖവും
തുടക്കപ്പെട്ട്

എളിയ കര്‍ഷകന്റെ നിലത്തില്‍ ഉറപ്പിച്ച അടയാളക്കല്ല് 
പിടിച്ചു വലിച്ചെറിയപ്പെട്ട്
പ്രപഞ്ചത്തില്‍ ആദ്യമായി രുചിക്കപ്പെട്ട ആപ്പിള്‍കനി
വിലക്കപ്പെട്ട്
ചക്കിലേക്ക് കരിമ്പ് കയറ്റിക്കൊണ്ടു പോകുന്ന വാഹനം
ഊരപ്പെട്ട്
കൂട്ടല്‍ക്കുറി വടിവിലുള്ള മരച്ചട്ടയില്‍ വിരിക്കപ്പെട്ട കൈ 
അടിക്കപ്പെട്ട്

പൂര്‍വികാരായ ആദിവാസികള്‍ തുരത്തപ്പെട്ട്
പാതിരാത്രിയിലെ നേര്‍ച്ചപ്പെട്ടി ഉടയ്ക്കപ്പെട്ട്
തീന്‍മേശയിലെ കൊഴുത്ത കന്നുകുട്ടി കഴിക്കപ്പെട്ട്
ആസാദീ... ആസാദീ... എന്നോടിവരുന്ന
കാശ്മീരി ബാലന്‍ തുളക്കപ്പെട്ട്
ദരിദ്രന്റെ തലമുടി അധികാരത്താല്‍ മുണ്ഡനം ചെയ്യപ്പെട്ട്
സഭയില്‍ കുടിയനായ അരചന്റെ കൈയിലുള്ള    
തുണി അഴിക്കപ്പെട്ട്

........ കടിക്കപ്പെട്ട്, കഴിക്കപ്പെട്ട്, തുപ്പപ്പെട്ട്, 
പുകയ്ക്കപ്പെട്ട്, നുകരപ്പെട്ട്, 
ഞെരുക്കപ്പെട്ട്, ഉടയ്ക്കപ്പെട്ട്, ....... 

വീണ്ടുമൊരു തവണ
കുഞ്ഞിനെപ്പോലെ പരിശുദ്ധമായി കഴുകപ്പെട്ട്
വെള്ളത്തുണിയാല്‍ ചുറ്റപ്പെട്ട്
......... പുതയ്ക്കപ്പെട്ട് അല്ലെങ്കില്‍ ചിതയിലെരിക്കപ്പെട്ട്        
 .....................
എത്ര  വര്‍ഷങ്ങള്‍ ആവിയായിരിക്കുന്നു ഇതുപോലെ. 

  • Tags
  • #Literature
  • #Interview
  • #Naren
  • #A. K. Riyas Muhammad
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.

Divya Prasad

19 Aug 2020, 01:35 PM

എഴുത്തുകാരൻ തന്റെ രചനാസങ്കേതങ്ങളെക്കുറിച്ചും ജീവിതവും എഴുത്തുമായുള്ള അഭേദ്യമായ ബന്ധത്തെക്കുറിച്ചുമെല്ലാം വ്യക്തതയോടെ മനസ്സുതുറന്നു സംസാരിച്ചിരിക്കുന്നു. ചോദ്യകർത്താവിനു അഭിനന്ദനങ്ങൾ.. ശ്രീ.നരനെ മലയാളി വായനക്കാർക്ക് പരിചയപ്പെടുത്തിയ ട്രൂ കോപ്പിക്ക് നന്ദി.

കീർത്തി ജ്യോതി

17 Aug 2020, 02:35 PM

അത്രയും ആഴത്തിൽ ഒരെഴുത്തുകാരനെ പഠിച്ചു ചോദ്യങ്ങൾ ചോദിക്കുക എന്നത് പകരം വയ്ക്കാനില്ലാത്ത ഒരു കഴിവ് തന്നെയാണ്. ഒരെഴുത്തുകാരനെ മുഴുവൻ വരച്ചു കാട്ടാൻ ഈ ചോദ്യങ്ങൾക്ക് കഴിഞ്ഞു എന്നത് താങ്കളുടെ വിജയമാണ്.

അനീഷ് നാറാത്ത്

16 Aug 2020, 05:38 PM

എഴുത്തിന്റെ മൂന്ന് വ്യത്യസതേഖലകളിലേക്ക് ഒരേ സമയം ഇറങ്ങി ചെന്ന് അനുവാചകന്റെ മനസ്സിൽ ചില നല്ല അടയാളെടുത്തലുകൾ രേഖപ്പെടുത്തിയ തമിഴ് എഴുത്തുകാരൻ നരൻമായുള്ള റിയാസ് മുഹമ്മദിന്റെ അഭിമുഖം ശ്രദ്ധേയമായി. കവിതയും കഥയും നോവലും ഒപ്പം വരകളും വഴങ്ങുന്ന ഈ എഴുത്ത്കാരന്റെ കൃതികളെ കുറിച്ചുള്ള പഠനം ഇനിയും വേണ്ടിയിരിക്കുന്നു. ഉപ്പ് നിർമുതെൈല എന്ന ആദ്യ കൃതി മുതൽ മിളകും പരുത്തി മറ്റും യാനൈകൾ എന്ന കൃതി വരെയുള്ള എഴുത്തുകാരന്റെ അനുഭവങ്ങളും നേർക്കാഴ്ചചകളും അദ്ദേഹത്തിന്റെ രചനകളുെടെ സൗകുമാര്യതയും മനോഹരമായി വരച്ച് കാട്ടാൻ അഭിമുഖത്തിന് സാധിച്ചു.. നരൻ ഇനിയും എഴുത്തു തുടരട്ടെ.. പുതിയ എഴുത്തുനായി നമുക്ക് കാത്തിരിക്കാം. ട്രൂ കോപ്പി ക്ക് ഭാവുകങ്ങൾ

ഉമേഷ്‌ രാമന്‍

16 Aug 2020, 02:17 PM

എഴുത്തുകാരൻ്റെ രചനയുടെ ആഴങ്ങളിലേക്കിറങ്ങിയുള്ള ചോദ്യങ്ങൾ. നരൻ - തീർച്ചയായും മലയാളി ശ്രദ്ധിക്കപ്പെടേണ്ട ഒരാൾ- വായിക്കപ്പെടേണ്ട ഒരാൾ തന്നെ... നരനെ പരിചയപ്പെടുത്തിയതിന് റിയാസ് മുഹമ്മദിനും ട്രൂ കോപ്പിക്കും നന്ദി

Lakshmi

15 Aug 2020, 04:32 PM

Awesome

G B valsan.

12 Aug 2020, 10:08 PM

അഭിമുഖം നന്നായി. എഴുത്തുകാരനെ നന്നായി കണ്ടു., കേട്ടു, അറിഞ്ഞു അഭിനന്ദനങ്ങൾ റിയാസിനും നരനും ട്രൂ കോപ്പിക്കും

Sindhu thulasi

12 Aug 2020, 05:54 PM

👌💐

Jeo Baby Interview 2

Interview

ജിയോ ബേബി / മനില സി. മോഹന്‍

ജിയോ ബേബി എങ്ങനെ മഹത്തായ ആ അടുക്കളയിലെത്തി?

Jan 16, 2021

54 Minutes Watch

shafeeq

Story

കുറുമാന്‍

(സു) ഗന്ധങ്ങളാല്‍ അടയാളപ്പെടുത്തിയ സ്ഥലങ്ങള്‍

Jan 15, 2021

6 Minutes Read

sithara 2

Interview

സിതാര കൃഷ്ണകുമാർ / മനില സി. മോഹന്‍

സിതാരയുടെ പലകാലങ്ങള്‍

Jan 13, 2021

55 Minutes Watch

Sulfikar 1

Poetry

സുള്‍ഫിക്കര്‍

ഒരാളെക്കൂടി പരിചയപ്പെടുന്നു; സുൽഫിക്കറിന്റെ കവിത

Jan 04, 2021

2 Minutes Read

Noorleena Ilham 2

Poetry

നൂർലീന ഇൽഹാം

ഒരു ബർഗ്ഗറിന്റെ കഥ

Jan 02, 2021

2 Minutes Watch

Julia David 2

Poetry

ഡോ. ജൂലിയാ ഡേവിഡ് 

കാണി;  ഡോ. ജൂലിയാ ഡേവിഡിന്റെ കവിത

Jan 01, 2021

2 Minutes Watch

Sayyid Munavvar Ali Shihab 2

Interview

മുനവറലി ശിഹാബ് തങ്ങൾ / മനില സി. മോഹന്‍

കൂടുതൽ സീറ്റ് ചോദിക്കാൻ ലീഗിന് അവകാശമുണ്ട് : മുനവറലി ശിഹാബ് തങ്ങൾ

Dec 31, 2020

41 Minutes Watch

Francis 2

Memoir

ഫ്രാന്‍സിസ് നൊറോണ

പരിശുദ്ധ ഓര്‍മക്ക്...

Dec 24, 2020

7 Minutes Read

Next Article

ഞായറാഴ്ച മുതല്‍ മഴ കുറയും

About Us   Privacy Policy

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster