ആത്‍മഹത്യക്കും കൊലക്കുമിടയിലൂടെ; ബാങ്കുകളിൽ എന്താണ് സംഭവിക്കുന്നത്?

''നവലിബറൽ നയങ്ങൾ ഏതു തൊഴിൽത്തുറയിൽ നിന്നും ആദ്യം കുത്തിച്ചോർത്തുക മാനവികതയാണ്, ആർദ്രതയാണ്, കരുതലാണ്, പരസ്പരസ്‌നേഹമാണ്. ബാങ്കിങ് ആവുമ്പോൾ അവിടത്തെ തൊഴിൽശക്തി കൈവരിക്കേണ്ടത് ഷൈലോക്കിന്റെ പുതിയ മുഖമാണ്, ഭാവമാണ്, പ്രവർത്തനമാണ്.'' പരിഷ്‌കൃത സമൂഹത്തിൽ നിന്ന് പ്രതീക്ഷിക്കാനാവാത്ത തരത്തിലുള്ള പിരിമുറുക്കത്തിലൂടെ കഴിഞ്ഞുപോരുന്ന ബാങ്കിങ് മേഖലയിലെ തൊഴിൽശക്തി അഭിമുഖീകരിക്കുന്ന സമ്മർദ്ദങ്ങൾ വെളിപ്പെടുത്തുകയാണ് എ.കെ രമേശ്.

ർഷങ്ങൾക്ക് മുമ്പാണ്, മുംബൈ എയർപോർട്ടാണ് ‌രംഗം. ദില്ലിയിൽ നിന്നും വരാനുള്ള ബാങ്ക് ചെയർമാനെയും കാത്ത് ബൊക്കെയുമായി നിൽക്കുകയാണ് താരതമ്യേന ചെറുപ്പക്കാരനായ ജനറൽ മാനേജർ. കൃത്യസമയത്തു തന്നെ വിമാനം എത്തി. എപ്പോഴത്തെയും പോലെ ആദ്യം ഇറങ്ങിവന്നത് ചെയർമാൻ തന്നെയായിരുന്നു. ചെറിയ ഒരു സൂട് കേസ് മാത്രം. ജനറൽ മാനേജർ അത് ഉപചാരപൂർവം കൈനീട്ടി വാങ്ങി അകത്തുവെച്ചു തിരിഞ്ഞുനിന്നതും കാറിന്റെ ഡോർ താനേ അടഞ്ഞു‌ പോയി. ഓട്ടോമാറ്റിക് ലോക്ക് ആണ്. ചെയർമാൻ പുറത്തും താക്കോലും പെട്ടിയും അകത്തും. വിയർത്തുപോയ ജനറൽ മാനേജർ ഉൽപന്നമദിത്വം കൈ വിടാതെ പെട്ടെന്നുതന്നെ വേറൊരു കാറിൽ ആളെക്കയറ്റി ഗസ്റ്റ് ഹൗസിലേക്ക് അയച്ചു. മിനിറ്റുകൾക്കകം പെട്ടിയും മോചിപ്പിച്ച് ആൾ ചെയർമാന്റെ മുറിയിലെത്തുകയും ചെയ്തു.

പാഠം പഠിപ്പിക്കുന്ന രീതികൾ

സ്വാഭാവികമായും ആരും പ്രതീക്ഷിക്കുക ബോസ്സിന്റെ അനുമോദനങ്ങളാണ്. അവിടെയാണ് ഒരു യൂടേൺ. ആളെക്കണ്ടതും അയാൾ കാട്ടുപന്നിയെപ്പോലെ അമറാൻ തുടങ്ങി. വിറച്ചുപോയി ജനറൽ മാനേജർ. വാക്കുകൾ കൊണ്ടും ആംഗ്യങ്ങൾ കൊണ്ടും ആകാവുന്ന ക്ഷമാപണങ്ങളൊക്കെ നടത്തിനോക്കിയിട്ടും ആൾ മെരുങ്ങുന്നില്ല. ഒടുക്കം, പറഞ്ഞാൽ ആരും വിശ്വസിക്കില്ല, അയാൾ എന്നോട് നേരിട്ട് പറഞ്ഞത്, ലിറ്ററലി ഐ ടച്ച്ട് ഹിസ് ഫീറ്റ് എന്നാണ്. കാൽ പിടിച്ചു മാപ്പ് പറഞ്ഞു എന്ന്! അതിനു കിട്ടിയ മറുപടി ഒരട്ടഹാസമായിരുന്നു.

ഐ വിൽ ടീച്ച് യൂ എ ലെസ്സൺ എന്ന്!

എടാ നിന്നെ ഞാൻ എടുത്തോളാം എന്നു തന്നെ! പിറ്റേന്ന് രാവിലെ ആ ജനറൽ മാനേജർ സസ്പെന്ഷനിൽ ആവുകയാണ്.

എം.ഡി കുപിതനാണ്, താൻ സസ്പെൻഷനിലും. ഒന്ന് സഹായിക്കണം-- അയാൾ ബാങ്കിന്റെ ഈ.ഡിയോടപേക്ഷിച്ചു. പിറ്റേന്ന് നേരിട്ട് ഹെഡ് ഓഫീസിൽ എത്താൻ അയാൾക്ക് നിർദേശം കിട്ടി. ഇതിനകം വാർത്ത കാട്ടുതീ പോലെ പറക്കുകയും അത് ചില പത്രങ്ങളിൽ വെണ്ടക്കത്തലക്കെട്ടാവുകയും, ഒന്നിൽ മുഖപ്രസംഗത്തിൽ കയറി വരികയും ചെയ്തു. അത് കണ്ടതോടെ നമ്മുടെ കാട്ടുപോത്ത് വിറളി പിടിച്ചലറിയത് ജനറൽ മാനേജരുടെ മൊബൈൽ ഫോൺ കസ്റ്റഡിയിൽ എടുക്കാനാണ്. ഉടൻ തന്നെ അതിലെ കാൾ ഡീറ്റെയിൽസ് എടുക്കാനായിരുന്നു ഉഗ്രശാസനം.

പരിഹാരരീതികൾ

ഈ.ഡി. യെ ചെന്നു കണ്ടപ്പോൾ അയാൾ വളരെ മാന്യമായാണ് ജനറൽ മാനേജറോട് പെരുമാറിയത്. സസ്‌പെൻഷൻ പിൻവലിക്കാനുള്ള എളുപ്പവഴി അദ്ദേഹം മുന്നോട്ടുവെച്ചു. ഡ്രായർ തുറന്ന് എ4 ഷീറ്റിൽ തയ്യാറാക്കിവെച്ച ഒരപേക്ഷ അയാൾ കൈമാറി. ഇത് ഒപ്പിട്ടു കൊടുത്താൽ മതി എന്നായിരുന്നു ഉപദേശം.

അത് വായിച്ച ജനറൽ മാനേജർ ബോധം കെട്ടില്ലെന്നേയുള്ളൂ. പത്രങ്ങളിൽ വന്ന വാർത്തകൾ കവർ അപ്പ് ചെയ്യാനായിരിക്കാം, ചെയർമ്മാനെക്കുറിച്ചുള്ള സ്തുതിവചനങ്ങളാണ് അതിന്റെ ആദ്യഭാഗം മുഴുവൻ.

തന്നേക്കാൾ സീനിയർ ആയ അപേക്ഷകർ ഉണ്ടായിട്ടും, ജി.എം തസ്തികയിലേക്ക് തന്നെ പരിഗണിച്ച മഹാനാണ്, തന്റെ ഭാര്യയുടെ ആരോഗ്യകാര്യത്തിൽ അതീവ തല്പരനായിരുന്നു അദ്ദേഹം എന്നിങ്ങനെ. ഭാര്യ അത്യാസന്ന നിലയിൽ ആശുപത്രിയിൽ കിടക്കെയാണ് അയാളോട് പിറ്റേന്ന് തന്നെ മുംബൈയിൽ ചെന്നു ചാർജ് എടുക്കണമെന്ന് എംഡി കല്പിച്ചതും നിവൃത്തിയില്ലാതെ ആൾ അനുസരിച്ചതും. തിരിച്ച് ആശുപത്രിയിൽ പാഞ്ഞെത്തുമ്പോളേക്ക് ഭാര്യ കോമ സ്റ്റേജിൽ ആയിരുന്നു, അടുത്ത ദിവസം അവർ മരണമടയുകയും ചെയ്തു. ഇക്കാര്യം ഏതോ പത്രത്തിൽ വന്നത്തിന്റെ ദുഷ്‌പേര് മറി കടക്കാനാവണം, അങ്ങിനെയൊരു പരാമർശം. വായിച്ചുനോക്കിയതും അയാൾ നോ പറഞ്ഞു. മരിച്ചുപോയ ഭാര്യയോട് നീതി പുലർത്താൻ അതേവഴി ഉണ്ടായിരുന്നുള്ളൂ എന്നാണ് അദ്ദേഹം പിന്നീട് ഞങ്ങളോട് നേരിൽ പറഞ്ഞത്.

വായിച്ചതിൽ, ഒപ്പിടാൻ പറ്റില്ലെന്ന് തോന്നുന്ന ഭാഗം, അടയാളപ്പെടുത്തിത്തരൂ എന്നായി ഈ ഡി. അദ്ദേഹം പറഞ്ഞതിൻ പടി ജി.എം വിയോജനം അടയാളപ്പെടുത്തി കൊടുക്കുകയും ചെയ്തു. അതുമായി ഈ.ഡി, എം.ഡി യെ ചെന്നുകണ്ടു. തിരിച്ചുവരുമ്പോൾ അദ്ദേഹം ഏറെ ശാന്തനായിരുന്നു. രാത്രി ഒന്ന് കൂടി വായിച്ചു നോക്കി മൈൻഡ് അപ്ലൈ ചെയ്ത് പിറ്റേന്ന് രാവിലെ വരാനായിരുന്നു നിർദേശം. അതുകൊണ്ട് ഈ.ഡി തയ്യാറാക്കി നൽകിയ ആ കത്തിന്റെ ഫോട്ടോകോപ്പി എടുക്കാൻ അയാൾക്ക് കഴിഞ്ഞു, ഞങ്ങൾക്ക് അത് വായിക്കാനും.

മിടുക്കനായതുകൊണ്ട് ജി.എം സ്വന്തം ഭാഷയിൽ ആർജ്ജവത്തോടെ വേറൊരു മറുപടി തയ്യാറാക്കി ഈ.ഡി യെക്കാട്ടി. അങ്ങേര് ഞെട്ടിപ്പോയി. ഇത്ര ധിക്കാരം പറ്റുമോ എന്നാണ് അയാൾ ഉള്ളാലെ ചോദിച്ചിരിക്കുക. പക്ഷേ പുറത്ത് അത് പ്രകടിപ്പിച്ചില്ല. ഇതിനകം റിസേർവ് ബാങ്കിൽ ഡെപ്യൂട്ടി ഗവർണർ ആയിരുന്ന കെ.സി ചക്രബർത്തിയെ ഞങ്ങൾ വിവരമറിയിച്ചിരുന്നു. അദ്ദേഹം നേരിട്ട് ഇടപെട്ടതോടെ സസ്‌പെൻഷൻ പിൻവലിക്കാൻ ചെയർമാൻ നിർബന്ധിതനാവുകയായിരുന്നു.

വായിച്ചിട്ട് വിശ്വാസം വരുന്നില്ലല്ലേ? പ്രഷർ കുക്കറിന്റെ അകത്തെ സമ്മർദ്ദം പുറത്ത് നിൽക്കുന്നവർ അറിഞ്ഞുകൊള്ളണം എന്നില്ല. അത്രക്കവിശ്വസനീയമാണ് ബാങ്കിംഗ് മേഖലയിലെ തൊഴിൽ സമ്മർദ്ദം.

ഒറ്റപ്പെട്ട സംഭവങ്ങളല്ല

അന്നത്തെ ധനമന്ത്രി ജെയ്റ്റ്‌ലിയുടെ ക്ലാസ്മേറ്റ് ആയ ഒരു ധിക്കാരിയായ ബ്യൂറോക്രാറ്റിന്റെ ഒറ്റ തിരിഞ്ഞ പ്രവർത്തനമല്ലിത്. ഇന്ത്യൻ ബാങ്കിൽ ഈ.ഡി. യായിരുന്ന മറ്റൊരു കഥാപാത്രത്തിന്റെ കഥ കേൾക്കൂ. ആ ബാങ്കിൽ ആൾ ഏറെ സൗമ്യനായിരുന്നു. ജീവനക്കാർക്കും മാനേജർമാർക്കും ആളെപ്പറ്റി നല്ലതേ പറയാനുണ്ടായിരുന്നുള്ളൂ. പക്ഷേ ഇതേ ആൾ കാനറാ ബാങ്കിൽ എം.ഡി ആയി എത്തിയപ്പോൾ ആ സൗമ്യത മുഴുവൻ ചോർന്നുപോയ കഥയാണ് കേട്ടത്. കുറ്റം ആ നല്ലവനായിരുന്ന ഈ.ഡി.യുടേതല്ല, മോശക്കാരനായ എം.ഡി. യുടേതുമല്ല.

ബാങ്കിൽ ജി.എം ആയി പ്രൊമോഷൻ കിട്ടി മാസങ്ങൾ കഴിഞ്ഞ് കണ്ടുമുട്ടിയ മറ്റൊരാളെ അഭിനന്ദിച്ചപ്പോൾ, ആൾ നേരിട്ട് മലയാളത്തിൽ പറഞ്ഞ വാചകങ്ങൾ ഇതാണ് :"ചീത്ത പറഞ്ഞോട്ടെ, തെറി വിളിച്ചോട്ടെ, പക്ഷേ naay എന്നാണ് വിളിക്കുന്നതെങ്കിലോ?' മുഴുവൻ "ന' എന്നുച്ഛരിക്കാതെ പാതി തമിൾ കലർത്തി കീഴ്ജീവനക്കാരെ naaye എന്നു വിളിച്ച് പോന്ന ആ ചെയർമാൻ ആനന്ദവികടനിൽ സ്ഥിരമായി ആത്മീയപംക്തി കൈകാര്യം ചെയ്തിരുന്ന മാന്യദേഹമാണ്.

ഈ അനുഭവകഥകൾ വിവരിച്ചത് വെറുതെയല്ല. പരിഷ്കൃതസമൂഹത്തിൽ നിന്ന് പ്രതീക്ഷിക്കാനാവാത്ത തരത്തിലുള്ള പിരിമുറുക്കത്തിലൂടെ കഴിഞ്ഞു പോരുന്ന ബാങ്കിങ് മേഖലയിലെ തൊഴിൽശക്തി നേരിടുന്ന സാഹചര്യങ്ങൾ വെളിപ്പെടുത്താനാണ്. ഒപ്പം ഒറ്റയൊറ്റ വ്യക്തികളുടെ സ്വഭാവവൈകല്യങ്ങളല്ല ഇതിനു പിന്നിൽ എന്നു ചൂണ്ടിക്കാട്ടാനും. അതേപ്പറ്റിയാണ് ഇനി പറയാനുള്ളത്.

പുതിയ കാലത്തെ ബാങ്കർ

നവലിബറൽ നയങ്ങൾ ഏതു തൊഴിൽത്തുറയിൽ നിന്നും ആദ്യം കുത്തിച്ചോർത്തുക മാനവികതയാണ്, ആർദ്രതയാണ്, കരുതലാണ്, പരസ്പരസ്നേഹമാണ്. ബാങ്കിങ് ആവുമ്പോൾ അവിടത്തെ തൊഴിൽശക്തി കൈവരിക്കേണ്ടത് ഷൈലോക്കിന്റെ പുതിയ മുഖമാണ്, ഭാവമാണ്, പ്രവർത്തനമാണ്. നോ ഫ്രീ ലഞ്ച് എന്നാണ് അന്നത്തെ പ്രമാണം.

അന്നാണ് മുൻഗണനവിഭാഗത്തിനുള്ള വായ്പ വെട്ടിക്കുറക്കാൻ തുടങ്ങിയത്, കാർഷികവായ്പക്കുള്ള മിനിമം പരിധി ഇല്ലാതാക്കിയത്. എല്ലാം കമ്പോളത്തിന് വിടുക എന്നതായി മുദ്രാവാക്യം. പലിശയും കമ്പോളത്തിന് വിട്ടു. ലാഭം മാത്രമായി നോട്ടം. ആദായകരമല്ലാത്ത സ്കൂൾ എന്നും ആദായകരമല്ലാത്ത ആശുപത്രി എന്നും ആദായകരമല്ലാത്ത അമ്മ എന്നും അശ്ലീലച്ചുവയില്ലാതെ നാം കേട്ടു പോന്നു. ലോകബാങ്ക് പണ്ടേ തയ്യാറാക്കി വെച്ച റിപ്പോർട്ട്‌ നരസിംഹന്റെ പേരിൽ എഴുതിച്ച് ഒപ്പിടീച്ച് വാങ്ങിച്ച് നടപ്പാക്കിത്തുടങ്ങിയത് അക്കാലത്താണ്. ലാഭം അതിൽക്കൂടുതൽ ലാഭം എന്നതായി പ്രമാണം. പഴയ രീതികൾ മാറി. പുതിയ കാലത്തിനിണങ്ങുന്നവർ മതി ബാങ്കിൽ എന്നായി. അവിടെ എല്ലാം റൊക്കം കാശിന്റെ ഇടപാടായിമാറി. ദയാരഹിതമായ ലാഭമാത്രപ്രചോദിതമായ ഒരേർപ്പാടായി മാറി ബാങ്കിങ്.

അതിനു കണക്കായ മേലധികാരികൾ മതി എന്നായി. നിഷ്ക്കരുണം നിർദാക്ഷിണ്യം കളി നടത്തിക്കുന്നവരായി മാറി ബാങ്ക് മേലാളന്മാർ. കമ്പാഷൻ എന്ന ഒരു വാക്ക് തന്നെ അപ്രത്യക്ഷമായി. കംപാഷനൈറ്റ്‌ നിയമനങ്ങൾ മാത്രമല്ല, ആ മനോഭാവം തന്നെയും കാണാനില്ലാതായി. അത്തരമൊരു കാലത്ത് ഏത് ദയാശാലിയും കഠിന ഹൃദയനായില്ലെങ്കിൽ, അയാൾ സ്ഥാനത്തിന് ചേരാത്തവനാവും. വൻകിട മുതലാളിമാർക്ക് വിനീതവിധേയരായി നിന്നുകൊണ്ട് പണിയെടുക്കുക, അവർ നോക്കിക്കൊള്ളും നിങ്ങളുടെ പ്രൊമോഷനുകളും ഭാവിജീവിതവും എന്നതായി മാറി നില.

അത്തരമൊരു കാലത്താണ് ജോലിസമ്മർദ്ദം കാരണം കെട്ടിത്തൂങ്ങി മരിക്കേണ്ടിവന്ന ഒരു വനിതാ ബ്രാഞ്ച് മാനേജരുടെ കഥ അതിവൈകാരികതയോടെ കെട്ടിയവതരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. നവലിബറൽ ആശയങ്ങൾ നാഴികക്ക് നാൽപ്പത് വട്ടം ഒളിഞ്ഞും തെളിഞ്ഞും വിളമ്പിക്കൊണ്ടിരിക്കുന്ന മാധ്യമങ്ങളാണ് അതിനു മുൻപന്തിയിൽ എന്നതാണ് വിരോധാഭാസം.

കഴിഞ്ഞ ഒരു പത്തു വർഷത്തെ ഇന്ത്യയിലെ ആത്മഹത്യകളും കുഴഞ്ഞുവീണുള്ള മരണങ്ങളും എടുത്തു നോക്കൂ, അതിൽ ഗണ്യമായൊരു ശതമാനം ബാങ്കിങ് മേഖലയിൽ നിന്നാണ്. ഉറപ്പ്.

എന്തുകൊണ്ടിങ്ങനെ?

ജോലിഭാരം കൂടുന്നതാണ് സമ്മർദ്ദത്തിന്റെ കാരണം എന്നത് ഒരു ലളിതോക്തിയാണ്. അതൊരു ഭാഗികകാരണമേ ആവുന്നുള്ളൂ. ഉടമകൾക്ക് അതിനു മറിച്ചൊരു ന്യായം പറയാനുണ്ട്. ടെക്നോളജിക്ക് ഞങ്ങൾ കാശ് ചിലവാക്കുമ്പോൾ പ്രോഡക്റ്റിവിറ്റി കൂടുന്നതിൽ എന്തത്ഭുതം എന്നാണ് ചോദ്യം. ഒരനുഭവം പറയാം. ഇതെഴുതുന്ന ആൾ ബാങ്കിൽ ചേരുമ്പോൾ പ്രതിശീർഷ ബിസിനസ്‌ 14 ലക്ഷമായിരുന്നു. ഇപ്പോളത് കൂടിക്കൂടി 17 കോടിയായാണ് വളർന്നത്. 32 പേർ പണിയെടുത്ത അതേ ശാഖയിൽ ഇപ്പോൾ 8 പേരേയുള്ളൂ. അന്നൊന്നും ചെയ്തിട്ടില്ലാത്ത ഒട്ടനവധി ജോലികൾ ഇപ്പോൾ അധികമായി ചെയ്യുന്നുമുണ്ട്.

ടെക്നോളജിയുടെ വരവോടെ പണിയെടുക്കുന്നവരുടെ ജോലിയിലെ വിരസത മാറുമെന്നും അവർക്ക് സർഗാത്മകമായി പ്രവൃത്തി എടുക്കാൻ അവസരമാവും എന്നുമാണ് പ്രചരിപ്പിച്ചിരുന്നത്. പക്ഷേ മോഡേൺ ടൈംസ്സിലെ ചാർളി ചാപ്ലിനെപ്പോലെ തൊഴിൽ ശക്തിയാകെ യന്ത്രാനുബന്ധങ്ങൾ മാത്രമായി മാറുകയായിരുന്നു. കൺവെയർ ബെൽറ്റിന്റെ സ്പീഡ് കൂടുന്നതനുസരിച്ച് നട്ട് മുറുക്കുന്നതിന്റെ സ്പീഡും കൂടിക്കൂടിവരികയും ഒടുക്കം അയാൾ തന്നെ മാനവികത നഷ്ഷ്ടപ്പെട്ട് യന്ത്രത്തിന്റെ ഭാഗമായിത്തീരുകയും ചെയ്യുകയാണ്. കൊടുക്കുന്നതൊക്കെ പെട്ടെന്ന് തിന്നുതീർക്കുന്ന ബകനെപ്പോലെ, പത്രമാപ്പീസിലെ യന്ത്രം, കൊടുത്ത പണിതീർത്ത് അടുത്ത വാർത്തക്കായി അലറുന്ന ഒരു ദൃശ്യം പി .എം താജ് തലസ്ഥാനത്ത് നിന്നൊരു വാർത്തയുമില്ല എന്ന നാടകത്തിൽ വരച്ചു ചേർത്തിട്ടുണ്ട്. അതുതന്നെയാണ് ഇവിടെയും നില. യന്ത്രത്തിന്റെ വേഗതക്കനുസരിച്ച്, അതിന്റെ കൽപ്പനക്കനുസരിച്ച് യന്ത്രാനുബന്ധമായി തീരുന്ന തൊഴിൽശക്തിയും തൊഴിലെടുക്കുക എന്ന ഏകജോലിയിൽ തളച്ചിടപ്പെടുന്നു.

പത്തൊമ്പതാം നൂറ്റാണ്ടിലെ ചിക്കാഗോയിലെ മാംസംസംസ്കരണമേഖലയിലെ അറവുശാലകളിൽ പണിയെടുത്ത തൊഴിലാളികളുടെ അവസ്ഥ അപ്റ്റൺ സിൻക്ലയറുടെ "ജംഗിൾ " വിശദീകരിക്കുന്നുണ്ട്. സമാനമാണ് ബാങ്കിങ് മേഖലയിലെ തൊഴിൽ സാഹചര്യം. ഇവിടെയും ഉത്പാദനക്ഷമത വർധിപ്പിക്കുന്നത് ഒട്ടകത്തിന്റെ ചുമലിൽ അവസാനത്തെ വൈക്കോലും കയറ്റിവെച്ചാണ്.

പണിയുടെ മട്ടു മാറുന്നു

ചെറിയ പലിശക്ക് നിക്ഷേപം സ്വീകരിച്ച് അതിലും കൂടുതൽ പലിശക്ക് വായ്പ കൊടുത്ത് ലാഭം ഉണ്ടാക്കുന്നതല്ല ഇപ്പോൾ ബാങ്കിങ്. അത് പണിയുടെ ഒരു ചെറിയ ഭാഗം മാത്രം. പലിശേതരവരുമാനം വർധിപ്പിക്കണം എന്നതാണ് ഇപ്പോൾ പ്രമാണം. അതിനു കാരണം രണ്ടാണ്.

ഒന്ന്, ബാങ്കുകളിൽ നിന്ന് വാവായ്പയെടുക്കാതെ തന്നെ വൻകിടക്കാർക്ക് ധനസമാഹരണത്തിനുള്ള വഴികൾ ഒരുക്കിക്കിട്ടിയിട്ടുണ്ട്. ഡി.എഫ്.എച്ച്.ഐ പോലുള്ള സ്ഥാപനങ്ങളും അവയുണ്ടാക്കിയ പുതിയ ധനോൽപ്പന്നങ്ങളും വലിയ മുതലാളിമാർക്ക് പുതിയ അവസരങ്ങളാണ് തുറന്നുകൊടുത്തത്. ബാങ്കിന് വേണമെങ്കിൽ തങ്ങൾ വായ്പ എടുത്തുകൊള്ളാം എന്നതായി വലിയ മുതലാളിമാരുടെ മട്ട്. അത്തരക്കാരോട് ഈടാക്കാവുന്ന പലിശയെത്ര എന്നും അവർ തന്നെ കൽപ്പിക്കും. അതേ നടക്കൂ. അതുകൊണ്ടാണ് കാർഷികവായ്പയേക്കാൾ ചുരുങ്ങിയ പലിശക്ക് കാർ നിർമ്മാണക്കമ്പനിക്ക് വായ്പ കിട്ടുന്നത്.

രണ്ടാമത്തെ കാര്യം, വൻകിട കമ്പനികൾ എടുത്ത വായ്പ വഴിമാറ്റി ചെലവഴിച്ചും, കള്ളക്കണക്കെഴുതി നഷ്ടം കാട്ടിയും, കാശ് വേറെ വഴിക്ക് കുത്തിച്ചോർത്തിയും ബാങ്കുകളിൽ കിട്ടാക്കടം വരുത്തിവെക്കുമ്പോൾ പലിശയിനത്തിൽ വരവ് കുറയും. കിട്ടാക്കടത്തിന് ബാലൻസ് ഷീറ്റിൽ നീക്കിയിരിപ്പ് വെക്കുകയും വേണം. അങ്ങനെ വരുമ്പോൾ ലാഭം കാട്ടാൻ പുതുവഴികൾ കണ്ടെത്തിയേ പറ്റൂ. ബാങ്ക് കൗണ്ടറുകളെ സെയിൽസ് പോയിന്റ് ആക്കുക എന്നത് ഒരു മാർഗമാണ്. യു.പി.എസ്.സി ഫോറം മുതൽ കോളേജ് അഡ്മിഷൻ ഫോറം വരെ ബാങ്ക് കൗണ്ടറുകളിൽ വിൽക്കപ്പെടുന്നു. അതിനും പുറമെയാണ്, ഹോട്ടൽ മുതലാളി അടുത്ത ഹോട്ടലിൽ ഊണ് കഴിക്കാൻ പോകുന്നത് പോലെ, ബാങ്കുകൾ മറ്റു ധനകാര്യസ്ഥാപനങ്ങളുടെ പ്രോഡക്റ്റുകളുടെ വില്പന നടത്തുന്നത്. ഇൻഷുറൻസ് ബന്ധിതനിക്ഷേപങ്ങൾ ഇങ്ങനെ വിൽക്കുന്നതിനു വലിയ ടാർഗറ്റുകളാണ് നൽകിപ്പോരുന്നത്. പതിവ് ജോലിക്ക് പുറമെയാണീ കമ്മീഷൻ പണി. ഇതുണ്ടാക്കി വെക്കുന്ന സമ്മർദ്ദങ്ങൾ ചെറുതല്ല. ബാങ്ക് ജീവനക്കാർക്കും ഓഫീസർമാർക്കും കീഴ്ത്തല മാനേജർമാർക്കും, തങ്ങളുടെ ബോസിന് പുറമെ രാവണൻതലകളുമായി പുതിയ ഒട്ടേറെ ബോസ്സുകളാണ് കല്പനകളുമായി എത്തുന്നത്. ഏൽപ്പിച്ചു കൊടുത്ത ടാർഗറ്റ് എത്താത്തതിന് ഇവരെല്ലാവരും ഒറ്റക്കൊറ്റക്കും കൂട്ടം ചേർന്നും നടത്തുന്ന മുരൾച്ചകൾ ഭീകരമാണ്. അതു കാരണം അകാലത്തിൽ രക്തസമ്മർദ്ദം ഏറുന്നവരുടെ എണ്ണം കൂടുകയാണ്.

ഓട്ടത്തിൽ പിഴച്ചുപോവുന്നവനെ തിരിഞ്ഞുനോക്കാൻ പോലും ഓടിക്കൊണ്ടിരിക്കുന്ന സഹജീവികൾക്കാവില്ല. സഹതാപവും അനുതാപവുമൊക്കെ അപരിചിതമാവുകയാണ്. വീണവനെ താങ്ങാൻ നിന്നാൽ ഓടുന്നവന്റെ ചവിട്ടേറ്റ് താനും വീഴും എന്ന ഭയചിന്തയാണ് ഓടിക്കൊണ്ടേയിരിക്കാതെ ജീവിക്കാൻ നിവൃത്തിയില്ലാത്തവരിൽ നിറയുന്നത്. അത്രക്ക് അമാനവികവും മനുഷ്യവിരുദ്ധവും ആയിത്തീർന്ന ഒരു വ്യവസ്ഥയിലാണ് തങ്ങൾ എന്ന് തിരിച്ചറിയാൻ പോലും ആവുന്നില്ല മിക്കവർക്കും. ആ കെണിയിൽ നിന്ന് നിന്ന് പുറത്ത് കടക്കാനാവണമെങ്കിൽ ഈ വ്യവസ്ഥ തന്നെ ശാശ്വതമല്ല എന്ന ബോധത്തിന് മേൽക്കൈ നേടാനാവണം. അത്തരമൊരു ശുഭാപ്തിവിശ്വാസത്തെ മുളയിലേ നുള്ളിക്കളയാനുള്ള ഉപകരണങ്ങളായി പ്രവർത്തിച്ചു കൊണ്ടേയിരിക്കുന്ന മാധ്യമങ്ങളാണ്, ഇപ്പോൾ വീണു കിട്ടിയ ഒരാത്മഹത്യയിൽ ചാടിപ്പിടിക്കുന്നത്. ഇതൊരൊറ്റപ്പെട്ട സംഭവമാണ് എന്ന മട്ടിലാണ് പൊടിപ്പും തൊങ്ങലും വെച്ച് കണ്ണീർക്കഥകൾ ചമയ്ക്കുന്നത്.

മഞ്ഞുമലയുടെ അറ്റം

യഥാർത്ഥത്തിൽ ഇത് മഞ്ഞുമലയുടെ ഒരു ചെറിയ അറ്റം മാത്രമാണ്. രോഗത്തിന്റെ ലക്ഷണം മാത്രമാണ് എന്നർത്ഥം. അതിന് ചികിൽസിക്കണമെങ്കിൽ വെള്ളം വേറെ വെക്കണം എന്നു തന്നെയാണ് തുടർന്ന് നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങൾ തെളിയിക്കുന്നത്. മേൽപ്പറഞ്ഞ നരഹത്യ നടന്ന അതേ ബാങ്കിലെ മറ്റൊരു മാനേജർക്ക് , 55 വയസ്സ് കഴിഞ്ഞതിനാൽ തങ്ങൾ ആഗ്രഹിക്കുന്ന തരത്തിലുള്ള കാര്യക്ഷമത പ്രകടിപ്പിക്കാൻ ആവില്ലെന്നും പറഞ്ഞു കൊണ്ട് പിരിച്ചുവിടാതിരിക്കാൻ കാരണം ചോദിച്ച് മെമ്മോ നൽകിയത് ഇക്കഴിഞ്ഞ ദിവസമാണ്. അത്യന്തം സ്ഫോടാകാത്മകമാണ് സ്ഥിതി എന്നർത്ഥം.

ലാഭാർത്തി ഒന്നു മാത്രം ലക്ഷ്യമിട്ട് പ്രവർത്തിച്ചുപോരുന്ന അതീവ നിഷ്ഠൂരവും ദയാരഹിതവുമായ ഒരു വ്യവസ്ഥിതിയിൽ ഇതും ഇതിനപ്പുറവും സംഭവിക്കും. അതിനെ തിരിച്ചിടീക്കാൻ ആവും എന്ന ശുഭപ്രതീക്ഷ തൊഴിലെടുക്കുന്നവർക്ക് മുഴുവൻ പകർന്നു നൽകാൻ ആവാത്തിടത്തോളം ഇനിയും ഇമ്മാതിരി ആത്മഹത്യകൾ പെരുകുക തന്നെ ചെയ്യും. അങ്ങനെയൊരു ശുഭപ്രതീക്ഷ അടുത്തൊന്നും വളർന്നുവരാൻ ഇടയില്ല എന്നുതന്നെയാണ്, ഈ അവസാനമരണത്തോടുള്ള ബാങ്ക് ജീവനക്കാരുടെ സംഘടനകളുടെ സമീപനവും പ്രതികരണരീതിയും തെളിയിക്കുന്നത്. വ്യവസ്ഥയോട് രാജിയാവാൻ കഴിയാതെ പോയ ഒരു വ്യക്തിയുടെ അപക്വമായ വൈകാരികപ്രകടനമാണ് അതെന്ന മട്ടിൽ നിർവികാരമായി അതിനോട് പ്രതികരിച്ച സംഘടനകൾ ഉണ്ട്‌. മരിച്ചത് തങ്ങളുടെ അംഗമല്ലല്ലോ എന്ന മട്ടിൽ പ്രതികരിച്ചവരുണ്ട്. വൈകാരികമായി ക്ഷോഭം പ്രകടിപ്പിച്ചവരും ഉണ്ട്‌. ജീവനക്കാരുടെ ഐക്യവേദി ഇക്കാര്യത്തിൽ ഒന്നും മിണ്ടിക്കണ്ടതേയില്ല. എ.ഐ.ബി.ഓ.സി യും ബി.ഇ.എഫ്.ഐ യും മാത്രമാണ് പ്രതിഷേധസ്വരം മുഴക്കി പ്രതികരിച്ചത്. ഇത് ഒരു മുന്നറിയിപ്പായിക്കണ്ട്, ഇതിന് പിന്നിലുള്ള യഥാർത്ഥ പ്രശ്നം മനസ്സിലാക്കിക്കൊണ്ട്, ജീവനക്കാരെയും ഓഫീസർമാരെയും ശുഭാപ്തിവിശ്വാസികളാക്കി മാറ്റിക്കൊണ്ടേ ഇതിനെ പ്രതിരോധിക്കാനാവൂ. ഒറ്റയൊറ്റ ദുർബലവ്യക്തികളുടെ മനോനില തകരാറിലായതല്ല, മറിച്ച് ഒരു വ്യവസ്ഥ തന്നെ തകരാറിലായതാണ് പ്രശ്നം എന്ന് കൃത്യമായി അവരെ ബോധ്യപ്പെടുത്താനുള്ള ബാധ്യത ഈ മേഖലയിൽ പ്രവർത്തിക്കുന്ന യൂണിയനുകളുടേതാണ്. അതിന് കഴിയാത്തവരെ തിരുത്താൻ പൊതുജനാധിപത്യ പ്രസ്ഥാനങ്ങൾ ഉയർന്നു വരിക തന്നെ ചെയ്യും. തെളിഞ്ഞുവരുന്നത് വ്യവസ്ഥയുടെ മറച്ചു വെച്ച കൊമ്പുകളും തേറ്റകളും തന്നെയാണ്. അത് പറയാനും പ്രചരിപ്പിക്കാനും ഈയൊരു ദുർമരണം ഇടവരുത്തട്ടെ.

Comments