ഇങ്ങനെയൊരു
കോവിഡ് അനുഭവം
ആർക്കെങ്കിലുമുണ്ടോ?
ഇങ്ങനെയൊരു കോവിഡ് അനുഭവം ആർക്കെങ്കിലുമുണ്ടോ?
കോവിഡുകാലത്ത്, എനിക്ക് മാത്രം അനുഭവപ്പെടുന്ന ഒരു പ്രതിഭാസം ആണോ ഇത് എന്ന് നിശ്ചയമില്ല. സ്വാഭാവികമായ മാനുഷിക പെരുമാറ്റങ്ങൾ സാധ്യമാകാത്ത പോലെ, ജൈവികമായ ആസ്വാദനവും അസാധ്യമായപ്പോൾ കോവിഡിൽ ഞാൻ ശ്വാസം മുട്ടുകയാണ്. ഒരുപക്ഷേ കോവിഡിനു മുമ്പും ശേഷവും എന്ന് രണ്ടു തരത്തിൽ എന്റെ വായനാ ലോകങ്ങളെ പിരിച്ചെഴുതേണ്ടി വരും.
4 Jun 2021, 02:40 PM
ഈ വർഷത്തെ മികച്ച അന്താരാഷ്ട്ര ചലച്ചിത്രത്തിനുള്ള ഓസ്കാർ കിട്ടിയ "Another Round' എന്ന ഡാനിഷ് സിനിമയുടെ അവസാനം ഒരു രംഗമുണ്ട്- ഹൈസ്കൂൾ ബിരുദദാനം ആഘോഷിക്കുന്ന കുട്ടികളും അവിടേക്കെത്തിച്ചേരുന്ന അധ്യാപകരും ഒരുമിച്ചു നൃത്തം വയ്ക്കുകയും കെട്ടിപ്പിടിക്കുകയും ചെയ്യുന്ന ഒന്ന്. സിനിമയുടെ പൊതു "മൂഡി'ൽ നിന്നു മാറി, "Happy ending' നൽകുന്ന രംഗം. പൊതുവെ കാഴ്ചക്കാരെ സന്തോഷിപ്പിക്കുന്ന ഒരു രംഗം. പക്ഷെ ഈ സീൻ എനിക്കുണ്ടാക്കിയ അസ്വസ്ഥത ഭീകരമായിരുന്നു.
കുറച്ചധികം മനുഷ്യർ ഒരുമിച്ചു കൂടി നിൽക്കുക, നൃത്തം വെയ്ക്കുക, കെട്ടിപ്പിടിക്കുകയും ഇഴുകിനടക്കുകയും ചെയ്യുക- സിനിമ നമ്മളിൽ ഉണർത്തേണ്ട ഒരായിരം വികാരങ്ങളും ചോദ്യങ്ങളും ആയിരുന്നില്ല ആ നിമിഷം മനസ്സിൽ. അതിൽ ഒരാൾക്ക് കോവിഡ് ഉണ്ടായിരുന്നെങ്കിലോ എന്ന വ്യാകുലതയായിരുന്നു. മാസ്‌ക്ക് ഇല്ലാത്തതിൽ അസ്വാഭാവികത തോന്നി. പലതും ശരിയല്ലാത്തതുപോലെ, ഇങ്ങനെ അല്ലലോ വേണ്ടത് എന്ന തോന്നൽ. സിനിമയുടെ യഥാർത്ഥ തീം ആയിരുന്നില്ല, എന്റെ ചിന്തകൾ ആയിരുന്നു എന്നെ തുടർന്ന് അലോസരപ്പെടുത്തിയത്.
ഈയിടെ അരുന്ധതി റോയിയുടെ "The God of Small Things' വായിക്കുകയായിരുന്നു. അതിൽ മൂക്കിൽ കയറ്റിയ ഒരു ചില്ലു ഗോളം എടുക്കാൻ റാഹേൽ അമ്മുവിന്റെയും എസ്‌തയുടെയും കൂടെ ഡോക്ടറുടെ ക്ലിനിക്കിൽ ചെന്നിരിക്കുകയാണ്. ഒരുപാട് കുട്ടികളെ പല രോഗങ്ങൾക്കുള്ള ചികിത്സയ്ക്കായി കൊണ്ടു വന്നതിന്റെ വിവരണങ്ങളുണ്ട്. തിരക്കാണെന്നും ആൾക്കാർ അവരുടെ ഊഴം കാത്തു തിങ്ങിയിരിക്കുകയാണെന്നും തോന്നും. പിന്നീട് ഇതേ നോവലിൽ എയർപ്പോർട്ടിൽ സോഫിമോളെ കൂട്ടാൻ ചെല്ലുന്ന ഒരു അധ്യായമുണ്ട്. ആൾക്കാർ തുപ്പി ചുവപ്പിച്ച കങ്കാരൂ ഡസ്റ്റ് ബിന്നിൽ റാഹേൽ തൊടുകയും, അതു പോലെ എയർപോർട്ടിലെ "dirty' കർട്ടനുകളുടെ പിന്നിൽ ഒളിച്ചിരിക്കുകയും ചെയ്യുന്നുണ്ട്.

വളരെ ജൈവികമായ വായനയിൽ, കുട്ടികളുടെ സ്വാഭാവിക രീതികളായി മാത്രം തോന്നാവുന്നത് പലതും വായിക്കുമ്പോൾ എന്നിൽ ഒരു തരം ഭയം നിറയുകയാണ്. അമ്മു അവരെ ശകാരിക്കുമ്പോൾ "I think it's high time you learned the difference between CLEAN and DIRTY. Especially in this country' എന്ന് പറയുന്നുണ്ട്. വായനക്കാരിയായ ഞാൻ അതു വായിച്ചു തലകുലുക്കി. റാഹേലേ, താൻ ചെയ്തത് ശരി അല്ലാട്ടോ എന്നു വീണ്ടും പറയാൻ തോന്നി. നോവൽ എഴുതുമ്പോൾ അരുന്ധതി റോയി ഒട്ടും തന്നെ ഉദ്ദേശിക്കാത്ത നിലയിലാണ് ആ ഭാഗം വായിച്ചെടുത്തത് എന്നാലോചിക്കുമ്പോൾ ഞാൻ ആശങ്കപ്പെടുന്നു.
ഡോക്ടറെ കാണാൻ പോയ സാഹചര്യത്തിൽ അവിടെ ആർക്കെങ്കിലും കോവിഡ് ഉണ്ടായിരുന്നെങ്കിലോ എന്നും തിരക്കുള്ള എയർപോർട്ടിൽ അവർ എത്ര സുരക്ഷിതരാണ് എന്നുമുള്ള ആലോചനകൾ ഈ നോവലിന്റെ ഭാഗമല്ല. ഇത്ര മനോഹരമായ ഒരു എഴുത്ത് വായിക്കുമ്പോൾ എന്തുകൊണ്ട് അത് എന്റെ കോവിഡ് ഭയങ്ങളെ ഉണർത്തുന്നു എന്നു വീണ്ടും ആലോചിച്ചു. ഒന്നര വർഷം മുമ്പ് വളരെ സ്വാഭാവികമായി, നോവലിന്റെ ഭാവത്തിൽ വായിച്ചു മനസ്സിലാക്കാമായിരുന്ന ഈ രംഗങ്ങളും വാക്കുകളും ഇന്ന് ഞാൻ വായിച്ചെടുക്കുന്നതും ആസ്വദിക്കുന്നതുമായ തലം വിഭിന്നമാണ്.
ഒരു സിനിമയും ഒരു നോവലും മാത്രമല്ല, സ്വതന്ത്രരും സ്വസ്ഥരുമായി മനുഷ്യർ ഇടപഴകുന്ന എല്ലാം എന്നെ അസ്വസ്ഥയാക്കുന്നു. ഞാൻ ഏറെ ഇഷ്ടപ്പെടുന്ന റാഹേലിനും എസ്‌തയ്ക്കും കോവിഡ് ബാധിക്കുന്നതായി ചേർത്തു വായിക്കുന്നു. ഈ മഹാമാരി ശരീരത്തെയും മാനസികാരോഗ്യത്തെയും മാത്രമല്ല, എന്റെ ആസ്വാദനക്ഷമതയെ കൂടി ബാധിച്ചു എന്നു തിരിച്ചറിയുന്നത് അപ്പോഴാണ്.

എന്തിനെയും അതിന്റെ പരിപൂർണ്ണമായ വൈകാരിക തലത്തിൽ വായിച്ചെടുക്കുന്നതിൽ നിന്ന്, ഉള്ളിലെവിടെയോ ഒരു ആധിയോടെ വായിക്കുന്നതിലേക്കുള്ള ദൂരം ഒന്നര വർഷമായിരുന്നു. "ആർക്കറിയാം' പോലെ ഒരു സിനിമ കാണുമ്പോൾ മാത്രം ഇതാണ് നാച്യുറൽ എന്നു തോന്നുകയും സ്വസ്ഥമായി കാണാൻ സാധിക്കുകയും ചെയുന്ന ഒരു അവസ്ഥ. കോവിഡിന്റെ പശ്ചാത്തലത്തിൽ എഴുതിയ കഥകളും അനുഭവങ്ങളും വായിക്കുമ്പോൾ സമാധാനം കിട്ടുന്ന അവസ്ഥ. എനിക്ക് മാത്രം അനുഭവപ്പെടുന്ന ഒരു പ്രതിഭാസം ആണോ എന്ന് നിശ്ചയമില്ല. സ്വാഭാവികമായ മാനുഷിക പെരുമാറ്റങ്ങൾ സാധ്യമാകാത്ത പോലെ, ജൈവികമായ ആസ്വാദനവും അസാധ്യമായപ്പോൾ കോവിഡിൽ ഞാൻ ശ്വാസം മുട്ടുകയാണ്. ഒരുപക്ഷേ കോവിഡിനു മുമ്പും ശേഷവും എന്ന് രണ്ടു തരത്തിൽ എന്റെ വായനാ ലോകങ്ങളെ പിരിച്ചെഴുതേണ്ടി വരും.
ഫൗസിയ ആരിഫ്
Mar 27, 2023
3 Minutes Read
സുധീഷ് കോട്ടേമ്പ്രം
Jan 01, 2023
5 Minutes Read
ശിൽപ നിരവിൽപ്പുഴ
Dec 31, 2022
3 Minutes Read
ലക്ഷ്മി പദ്മ
Dec 30, 2022
8 Minutes Read
മുസാഫിര്‍
Nov 21, 2022
6 Minutes Read
പുഷ്പവതി
Nov 17, 2022
15 Minutes Read