ഹലാൽ വിവാദം നല്ലതാണ്,
അത് മുസ്ലിംകൾക്ക് പുതിയ
സുഹൃത്തുക്കളെ സമ്മാനിക്കും
ഹലാൽ വിവാദം നല്ലതാണ്, അത് മുസ്ലിംകൾക്ക് പുതിയ സുഹൃത്തുക്കളെ സമ്മാനിക്കും
പോര്‍ക്ക് വിളമ്പുന്ന സ്ഥലത്ത് പോര്‍ക്ക് ഉണ്ടെന്ന് ബോര്‍ഡ് വെക്കുന്നതും ഹലാല്‍ ഭക്ഷണം ലഭ്യമാവുന്നിടത്ത് ഹലാല്‍ ബോര്‍ഡ് വെക്കുന്നതും, പൂര്‍ണമായും സസ്യാഹാരം മാത്രം വേണ്ടവര്‍ക്ക് വെജിറ്റേറിയന്‍ ബോര്‍ഡ് വെക്കുന്നതും തുടങ്ങി മധുരം കുറവും കൂടുതലും വേണ്ടിടത്ത് അങ്ങനെ ബോര്‍ഡ് വെക്കുന്നതുമെല്ലാം ഉപഭോക്താക്കള്‍ക്ക് ഏറ്റവും ഗുണകരമായ കാര്യം തന്നെയാണ്. ടോയ്‌ലറ്റുകള്‍ സ്ത്രീകള്‍ക്ക് / പുരുഷന്മാര്‍ക്ക് എന്ന് വേര്‍തിരിച്ചു ബോര്‍ഡ് വെക്കുന്നതുപോലെയുള്ള കാര്യങ്ങളായി മാത്രമേ അവ കാണേണ്ടതുള്ളൂ- സമസ്ത കേരള സുന്നി യുവജന സംഘം ജനറൽ സെക്രട്ടറിയും മർകസ് നോളെജ് സിറ്റി മാനേജിങ് ഡയറക്ടറുമായ ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി സംസാരിക്കുന്നു.
3 Dec 2021, 03:49 PM
അലി ഹെെദർ : സംഘ്പരിവാര്‍ കേന്ദ്രങ്ങള്‍ ആരംഭിച്ച ഹലാല്‍ വിരുദ്ധ പ്രചാരണം തീവ്ര ക്രിസ്ത്യന്‍ ഗ്രൂപ്പുകളും ഏറ്റെടുത്തു കഴിഞ്ഞു. ആഴത്തിലുള്ള വര്‍ഗീയ ധ്രുവീകരണങ്ങള്‍ക്ക് കാരണമായേക്കാവുന്ന തരത്തിലാണ് ഹലാല്‍ വിവാദം മുന്നോട്ടുപോകുന്നത്. ഇതിന്റെ മറവിൽ, മുസ്ലിം ജീവിതവുമായി ബന്ധപ്പെട്ട സകലതിനെയും വിദ്വേഷ പ്രചാരണങ്ങളിലൂടെ പ്രശ്‌നവത്കരിക്കുന്ന പ്രവണതയാണിപ്പോള്‍ കണ്ടുവരുന്നത്. കേരളീയ മുസ്ലിംകളുടെ ജീവിത രീതി, ഭക്ഷ്യ സംസ്‌കാരം തുടങ്ങിയവയെല്ലാം വിവാദങ്ങളിലകപ്പെടുന്ന സാഹചര്യങ്ങളെ എങ്ങനെയാണ് വിലയിരുത്തുന്നത്?
ഡോ. അബ്ദുല്‍ ഹകീം അസ്ഹരി : വിവാദങ്ങളെ ഭയപ്പെടേണ്ട ആവശ്യം ഇല്ല. മുസ്ലിംകളെ സംബന്ധിച്ച് അവരെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് എന്നു തോന്നിപ്പിച്ചു തുടങ്ങിയ വിവാദങ്ങള്‍ പലതും പിന്നീട് ഒരു സമുദായം എന്ന നിലയില്‍ അവര്‍ക്ക് ഗുണകരമായി മാറിയിട്ടുണ്ട്. വിവാദങ്ങള്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിയൊരുക്കുകയും പൊതുജനങ്ങള്‍ക്ക് വിഷയങ്ങളെ കുറിച്ച് കൂടുതല്‍ പഠിക്കാനും മനസ്സിലാക്കാനുമുള്ള അവസരങ്ങള്‍ ഉണ്ടാകുന്നതും ഏതൊരു വിവാദത്തിന്റെയും നല്ല വശമാണ്. പലരും ഇസ്ലാമിനെയും മുസ്ലിംകളെയും അടുത്തറിയാന്‍ ശ്രമിക്കുന്നത് തന്നെ ഇത്തരം വിവാദങ്ങളിലൂടെയാണ്. അതിനുള്ള ഒരു വാതില്‍ ഈ വിവാദങ്ങള്‍ തുറന്നിടുന്നുണ്ട്. അതുപയോഗപ്പെടുത്തുന്ന അനേകായിരം ആളുകളുണ്ട്. വിദ്വേഷ പ്രചാരണങ്ങളുടെ മുനയൊടിക്കാന്‍ ഈ ആളുകളുടെ അറിവ് മതി. വിദ്വേഷ പ്രചാരണങ്ങളിലൂടെ മുസ്ലിംകളെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുന്ന ഓരോ വിവാദങ്ങളും ഫലത്തില്‍ മുസ്ലിംകള്ക്ക് പുതിയ അനവധി സുഹൃത്തുക്കളെ നല്‍കുന്നുണ്ട് എന്നതാണ് വാസ്തവം. മുസ്ലിംകളോട്, അവരുടെ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളോട്, ആചാരാനുഷ്ഠാനങ്ങളോട് അനുകമ്പയും ഐക്യദാര്‍ഢ്യവും പുലര്‍ത്തുന്ന ഈ സുഹൃത്തുളെ പ്രതീക്ഷാപൂര്‍വം നോക്കി ക്കാണുന്ന ഒരാളാണ് ഞാന്‍. അവരിലാണ് ഈ രാജ്യത്തിന്റെയും ഭാവിയുടെയും പ്രതീക്ഷ.
ഉദാഹരണത്തിന്, ഹലാല്‍ എന്ന ആശയത്തെ കുറിച്ച് പൊതുജനങ്ങള്‍ക്ക് വളരെ പരിമിതമായ ധാരണ മാത്രമാണുള്ളത്. അതേ സമയം മുസ്ലിം ജീവിതത്തെ മുഴുവനും ചൂഴ്ന്നു നിൽക്കുന്ന ഒരു ആശയമാണ് ഹലാല്‍ എന്നത്. അത് കേവലം മാംസ്യാഹാരത്തിലോ അല്ലെങ്കില്‍ ഭക്ഷണ കാര്യത്തിലോ മാത്രം പരിമിതമായ ഒന്നല്ല. ഒരു മുസ്ലിമിന്റെ വസ്ത്രം, വേഷം, ആഭരണങ്ങള്‍, വിവാഹം, സമ്പത്ത്, ഭവനം തുടങ്ങി ജീവിതത്തിന്റെ സകലമാന വിഷയങ്ങളിലും ഹലാല്‍ ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. മുസ്ലിംകളെ സംബന്ധിച്ച് ഹലാല്‍ എന്നത് ഒരു ‘എത്തിക്കല്‍ പൊസിഷന്‍’ ആണ്. ധാര്‍മികതയും നൈതികതയുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന ഒരു ജീവിത വീക്ഷണം ആണത്. വിവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നവര്‍ക്ക് പോലും ഹലാലിനെ കുറിച്ച് അടിസ്ഥാന ധാരണ ഇല്ല എന്ന് അവര്‍ പങ്കെടുത്ത ചര്‍ച്ചകളിലൂടെ നാം കണ്ടു. പക്ഷേ, ഹലാലിനെ കുറിച്ച് പഠിക്കാനുള്ള, അറിയാനുള്ള അവസരമായി അതിനെ പലരും കണ്ടു. പല മാധ്യമപ്രവര്‍ത്തകരും സാമൂഹിക നിരീക്ഷകരും ഹലാലിനെ കുറിച്ചറിയാന്‍ എന്നെ വിളിക്കുകയുണ്ടായി. ആ സന്നദ്ധത വളരേ പ്രധാനപ്പെട്ടതാണ്.
മുസ്ലിംകള് അഭിമുഖീകരിക്കാന്‍ സാധ്യത ഇല്ലാത്ത ഒരുപാടാളുകള്‍ ഇത്തരം ചര്‍ച്ചകളുടെ ഭാഗമാകുമ്പോള്‍, ഇസ്ലാമിനെ അറിയാനുള്ള ഒരവസരം സൃഷ്ടിക്കപ്പെടുന്നുണ്ട്. അത് ഈ മതത്തെ, അതിന്റെ ആശയങ്ങളെ കൂടുതല്‍ ട്രാന്‍സ്പരൻറ് ആക്കുന്നുണ്ട്. മുസ്ലിംകളുടെ കൂടെ നില്‍ക്കണം എന്ന ഉത്തരവാദിത്വം ഈ ആളുകള്‍ പലപ്പോഴും സ്വയം ഏറ്റെടുക്കുന്നുണ്ട്. ആ അര്‍ഥത്തില്‍ ഓരോ വിവാദങ്ങളും ഇസ്ലാമിനോടും മുസ്ലിംകളോടുമുള്ള അസ്പൃശ്യതയുടെ, ഭീതിയുടെ അളവില്‍ വലിയ കുറവ് വരുത്തുന്നുണ്ട് എന്നാണ് എന്റെ അനുഭവം.
മതപരമായ ചടങ്ങിനിടെ ഭക്ഷണത്തില്‍ മന്ത്രിച്ചൂതുന്ന മുസ്ലിം പുരോഹിതന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ബി.ജെ.പി ഹലാല്‍ വിവാദം ശക്തിപ്പെടുത്തിയത്. പിന്നീട് ബി.ജെ.പി അതൊരു കാമ്പ യിനായി ഏറ്റെടുക്കുകയായിരുന്നു. കേരളത്തിലെ മുസ്ലിംകളെ പരാമര്‍ശിച്ചു കൊണ്ടുള്ള ബി.ജെ.പി. നേതാക്കളുടെ പ്രസ്താവനകളിലൊക്കെ "താലിബാന്‍', "ജിഹാദി' പ്രയോഗങ്ങള്‍ കാണാം. 2016 മുതലുള്ള കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റുകളില്‍ മുസ്ലിംകളെ അപകടകാരികളാക്കി ചിത്രീകരിക്കാൻ ഇത്തരം വാക്കുകള്‍ നിരന്തരം പ്രയോഗിക്കുന്നുണ്ട്. ഇത്തരം രീതികളിലൂടെ സംഘപരിവാര്‍ ലക്ഷ്യം വെക്കുന്നത് എന്തായിരിക്കാം?
താലിബാന്‍ എന്നത് അഫ്ഗാനിസ്ഥാനിലെ ഒരു രാഷ്ട്രീയ സംഘടനയുടെ പേരാണ്. അതിനെ ഒരിക്കലും മുസ്ലിംകളുടെ ഒരു അടയാളമോ ഇസ്ലാമിന്റെ ഒരു ദര്‍ശനമോ ആയി കാണാന്‍ കഴിയില്ല. ജിഹാദി എന്ന് പ്രയോഗിക്കുന്നത് പലപ്പോഴും ജിഹാദ് എന്നത് ഒരു തെറ്റായ കാര്യമാണ് എന്ന ധാരണയില്‍ നിന്നാണ്, അങ്ങനെ വരുത്തി തീര്‍ത്താല്‍ ആ പ്രയോഗം കൊണ്ട് ജനങ്ങളില്‍ പരിഭ്രാന്തി ഉണ്ടാക്കാം എന്ന തെറ്റായ ധാരണയില്‍ നിന്നാണ്. ഇസ്ലാമില്‍ ജിഹാദ് എന്നത് നന്മക്ക് വേണ്ടി നിലകൊള്ളലാണ്. നന്മക്കുവേണ്ടി ശക്തമായി നിലകൊള്ളുന്നതിനാണ്, അതിനു വേണ്ടിയുള്ള പരിശ്രമങ്ങള്‍ക്കുമാണ് ഇസ്ലാമില്‍ ജിഹാദ് എന്ന് പ്രയോഗിക്കുന്നത്. ആ പ്രയോഗം തെറ്റായി മനസ്സിലാക്കേണ്ടതില്ല. ഹലാല്‍ പോലെ ജിഹാദിനെ കുറിച്ചും ധാരണയില്ലാത്തവര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാക്കികൊടുക്കുക എന്നതാണ് നമുക്ക് ചെയ്യാന്‍ കഴിയുന്നത്. മുസ്ലിംകള് അപകടകാരികളാണെന്ന്ആരെങ്കിലും പറയുന്നുണ്ടെങ്കില്‍ ഇസ്ലാമിക കാഴ്ചപ്പാടുകള്‍ ജനങ്ങൾക്കിടയില്‍ കൂടുതല്‍ സ്വീകാര്യത കൈവരിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. ഏതു തരം ആശയം സ്വീകരിക്കാനും സ്വീകരിക്കാതിരിക്കാനും മനുഷ്യര്‍ക്ക് സ്വാതന്ത്ര്യമുണ്ട്.
ഇസ്ലാമിക ആശയങ്ങളില്‍ പല കാര്യങ്ങളും, അവ ഒരു മതദര്‍ശനം എന്ന നിലക്കല്ല, മറിച്ച് മനുഷ്യനന്മക്ക് സ്വീകാര്യമായത് എന്ന നിലയില്‍, ധാരാളം സമൂഹങ്ങളും വ്യക്തികളും ഇപ്പോള്‍ പിന്തുടരുന്നുണ്ട്. വ്രതാനുഷ്ഠാനം തന്നെ ഉദാഹരണം. മുസ്ലിംകളുടെ വ്രതത്തില്‍ നിന്ന് അവ വ്യത്യാസപ്പെടുന്നത് മുസ്ലിംകള് വ്രതത്തെ ഒരു നിര്‍ബന്ധ ആരാധനയായി കണ്ട്, ആ ഉദ്ദേശ്യത്തോടെ ചെയ്യുന്നു എന്നും മറ്റുള്ളവര്‍ വ്രതത്തിന്റെ ഭൗതികമായ ഗുണങ്ങള്‍ കാംഷിച്ചും ചെയ്യുന്നു എന്നുള്ളത് മാത്രമാണ്. മുസ്ലിംകളുടെ ഭക്ഷ്യ രീതികളും പലിശ രഹിതമായ സാമ്പത്തിക വിനിമയ രീതികളും ഇപ്പോള്‍ ആധുനിക സമൂഹങ്ങളില്‍ വലിയ തോതില്‍ സ്വീകരിക്കപ്പെടുന്നുണ്ട്. പുറം നാടുകയിലേക്ക് യാത്ര ചെയ്യുന്ന ആളുകളെ സംബന്ധിച്ച് ഇതൊന്നും പുതുമയുള്ള കാര്യമല്ല. വിവാദങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്കൊന്നും ദീര്‍ഘകാലാടിസ്ഥാനത്തില്‍ അവരുടെ ലക്ഷ്യം നേടാന്‍ കഴിയില്ല. എന്നു മാത്രമല്ല, ആ വിവാദങ്ങളുടെ ഗുണഭോക്താക്കളായി മുസ്ലിം സമുദായം മാറുകയും ചെയ്യും.

ഊതിയും ഓതിയും മറ്റും ഭക്ഷണവും ജലവും നല്‍കുന്നത് ശ്രേഷ്ഠമായി കരുതുന്ന വിശ്വാസം, ഹലാൽ വിവാദത്തിനിടെ വിമർശിക്കപ്പെട്ടിരുന്നു. പല സാംസ്‌കാരിക പ്രവര്‍ത്തകരും ഹലാല്‍ വിവാദത്തില്‍ ബി.ജെ.പിയെ എതിര്‍ത്തപ്പോഴും ഇത്തരം രീതികള്‍ അപരിഷ്‌കൃതമാണെന്നുകൂടി അഭിപ്രായപ്പെട്ടിരുന്നു.
ഓതിയും ഊതിയും മന്ത്രിച്ചും വെള്ളം കുടിക്കുന്നത് മിക്ക മതങ്ങളിലും കാണപ്പെടുന്ന സംഗതിയാണ്. ഇസ്ലാം മത വിശ്വാസികള്‍ക്കിടയില്‍ അത് കൂടുതല്‍ വ്യക്തമായി തന്നെ കാണാം. പ്രവാചകചര്യയിലും പ്രവാചക അനുചരന്മാരുടെ ചര്യകളിലും ഇത്തരം കാര്യങ്ങള്‍ വളരെയധികം കാണാന്‍ കഴിയും. ഇസ്ലാമിനു പുറത്തുള്ള മത -ഗോത്ര സമൂഹങ്ങളിലും സമാനമായ ആചാരങ്ങള്‍ കാണാന്‍ കഴിയും.
വിശ്വാസം കൊണ്ടോ കുടുംബ ബന്ധം കൊണ്ടോ സൗഹൃദം കൊണ്ടോ മറ്റോ പരസ്പരം ബന്ധിക്കപ്പെടുന്ന ആളുകള്‍ക്കിടയില്‍ അനുവര്‍ത്തിച്ചു വരുന്ന രീതികളാണ് ഇവയൊക്കെ. അതിനെ സഹിഷ്ണുതയോടെ മനസ്സിലാക്കാന്‍ കഴിയുക എന്നത് നമ്മളെ സംബന്ധിച്ച് പ്രധാനമാണ്. ഹലാല്‍ വിവാദത്തില്‍ ബി.ജെ.പിയെ എതിര്‍ത്തപ്പോഴും ഇത്തരം രീതികള്‍ അപരിഷ്‌കൃതമാണെന്ന് പറയുന്നവര്‍ യഥാര്‍ഥത്തില്‍ എന്തിനെയാണ് എതിര്‍ക്കുന്നത്? മുസ്ലിംകളുടെ വിശ്വാസാചാരങ്ങളോട് സഹിഷ്ണുതാപരമായ നിലപാട് സ്വീകരിച്ചുകൊണ്ടല്ലാതെ മുസ്ലിംകള്‍ക്കെതിരെയുള്ള ഒരു വിദ്വേഷ പ്രചാരണത്തെയും നിങ്ങള്‍ക്ക് എതിര്‍ത്തു തോല്‍പ്പിക്കാന്‍ കഴിയില്ല. മറിച്ചാണെങ്കില്‍, നിങ്ങളുടെ നിലപാടും ആത്യന്തികമായി വിദ്വേഷ പ്രചാരണത്തിലേക്കായിരിക്കും കോണ്‍ട്രിബ്യൂട്ട് ചെയ്യുക. മുസ്ലിംകളെ കുറിച്ച് മാത്രമല്ല, വിദ്വേഷ പ്രചാരണം നേരിടുന്ന ഏതൊരു സമൂഹത്തെയും കുറിച്ച് ഇത്തരമൊരു നിലപാടേ ചരിത്ര ബോധവും സാമൂഹിക കാഴ്ചപ്പാടും ഉള്ള ഏതൊരാള്‍ക്കും എടുക്കാന്‍ കഴിയൂ.
മതത്തെ മുന്നില്‍ നിര്‍ത്തി സാമ്പത്തികമായി മുസ്ലിം വിഭാഗങ്ങളെ ഉപരോധിക്കുക എന്നതാണ് സംഘപരിവാര്‍ ലക്ഷ്യമിടുന്നതെന്ന ഒരു വായന ഹലാല്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്നിരുന്നു. അങ്ങനെ ആണെങ്കില്‍ മതപരമായ വിശദീകരണം കൊണ്ട് മാത്രം ഈ സാമ്പത്തിക ഉപരോധത്തെ മറികടക്കാന്‍ സാധിക്കുമോ?
അവര്‍ക്കെങ്ങനെ ഉദ്ദേശ്യങ്ങള്‍ ഉണ്ടാകാം. പക്ഷേ, വ്യത്യസ്തമായ കാഴ്ചപ്പാടാണ് ഇതിലൊക്കെ മുസ്ലിംകള്ക്കുള്ളത്. ഇസ്ലാമിക വിശ്വാസമനുസരിച്ച് ഒരാള്‍ സമ്പത്ത് ആര്‍ജ്ജിക്കുന്നതും നഷ്ടപ്പെടുത്തുന്നതും സൃഷ്ടാവായ അല്ലാഹുവിന്റെ തീരുമാനപ്രകാരം മാത്രമാണ്. ഒരാള്‍ക്ക് നല്കപ്പെട്ടതിനെ തടയാനോ തടയപ്പെട്ടതിനെ നല്‍കാനോ അല്ലാഹുവിനല്ലാതെ സാധ്യമല്ല എന്ന ഉറച്ച വിശ്വാസമാണ് ഒരു വിശ്വാസിയുടെ കരുത്ത്. വിദ്വേഷ പ്രചാരണം ഒന്നുമില്ലാത്ത സാഹചര്യത്തിലും ഒരാള്‍ക്ക് സമ്പത്ത് നഷ്ടപ്പെടാം. അപ്പോഴും അതിനുള്ള വിശ്വാസപരമായ കാരണങ്ങളിലേക്കാണ് മുസ്ലിം നോക്കുക. സകാത്ത് കൃത്യമായി നല്കിയിട്ടില്ലേ എന്നായിരിക്കും അവന്റെ അപ്പോഴത്തെ ആശങ്ക. മതപരമായ വിശദീകരണങ്ങള്‍ക്കൊണ്ടാണ് മുസ്ലിം അവരുടെ സാമ്പത്തിക അവസ്ഥയെ ഏതു സാഹചര്യത്തിലും മനസ്സിലാക്കുന്നത് എന്നര്‍ത്ഥം. അതു മതിയാകാത്തവര്‍ക്കേ മറ്റുള്ള വിശദീകരണങ്ങള്‍ ആവശ്യമുള്ളൂ.
ഭക്ഷണത്തില്‍ വര്‍ഗീയ വിഷം കലര്‍ത്തുന്ന സംഘപരിവാറിന്റെ നിലപാടിനെതിരെ ഡി.വെെ.എഫ്.ഐ. സംസ്ഥാനത്തൊട്ടാകെ ഫുഡ് സ്ട്രീറ്റ് എന്ന പേരില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നല്ലോ. പ്രാദേശികമായി യൂത്ത് കോണ്‍ഗ്രസും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഡി.വൈ.എഫ്.ഐ സമരത്തില്‍ പന്നി ഇറച്ചി വിളമ്പിയതുമായി ബന്ധപ്പെട്ട് പലരൂപത്തിലുള്ള വിമര്‍ശനം ഉയര്‍ന്നിരുന്നു. ആ സമരരീതിയെ, യുവജന സംഘടനകളുടെ നിലപാടിനെ എങ്ങനെ വിലയിരുത്തുന്നു?
ആശയങ്ങളെ ആശയങ്ങള്‍ കൊണ്ട് തന്നെ നേരിടുകയാണ് വേണ്ടത്. അതിനു പകരം, മത്സരബുദ്ധിയോടെയുള്ള പ്രകടനങ്ങള്‍, വിദ്വേഷ പ്രചാരണങ്ങള്‍ എന്നിവ പരിഹാരമല്ല. മാംസം വിളമ്പുന്ന ഹോട്ടലുകളില്‍ സസ്യാഹാരികളായ മതവിശ്വാസികള്‍ക്ക് കയറാന്‍ പറ്റാത്തത് പോലെ പോര്‍ക്ക് വിളമ്പുന്ന ഹോട്ടലുകളില്‍ മുസ്ലിംകള്ക്ക് കയറാന്‍ സാധിക്കുകയില്ല. പന്നിയിറച്ചി മുസ്ലിംകള്ക്ക് നിഷിദ്ധമാണ് എന്നതിന് പുറമെ, അതുമായി സംസര്‍ഗ്ഗം സംഭവിച്ച വസ്തുവും അശുദ്ധമാവും എന്നാണ് ഇസ്ലാമിക കാഴ്ചപ്പാട്. പന്നിയിറച്ചി വിളമ്പിയ പാത്രം ഏഴു പ്രാവശ്യം ശുദ്ധമായ വെള്ളം ഉപയോഗിച്ച് കഴുകിയാലേ ശുദ്ധിയാവുന്നുള്ളൂ. അതിലൊരു വട്ടം വെള്ളത്തില്‍ ശുദ്ധമായ മണ്ണ് കലര്‍ത്തിയും കഴുകണം. പന്നിയോ നായയോ നികൃഷ്ട ജീവികളായതുകൊണ്ടല്ല, മറിച്ച് അവയുടെ മാംസം മനുഷ്യഭോജനത്തിന് ഗുണകരമല്ല എന്നത് കൊണ്ടാണിങ്ങനെ ചെയ്യുന്നത്. പൂച്ചക്ക് വെള്ളം മുടക്കിയതിന്റെ പേരില്‍ സ്വര്‍ഗം നഷ്ടപ്പെടുകയും നായക്ക് ഭക്ഷണം നല്‍കിയതിന്റെ പേരില്‍ സ്വര്‍ഗ്ഗം ലഭിക്കുകയും ചെയ്ത മനുഷ്യരുടെ കഥകള്‍ പറഞ്ഞാണ് മുസ്ലിംകള് കുട്ടികളെ സാമൂഹിക നീതിയെ കുറിച്ചുള്ള ബാലപാഠങ്ങള്‍ പഠിപ്പിക്കുന്നത്. മൃഗങ്ങളോടുള്ള ഇസ്ലാമിന്റെ വീക്ഷണം അത്തരത്തിലുള്ളതാണ്. പിന്നെ, ഇത്തരം സമരങ്ങളുടെ കാര്യം. ഞാന്‍ നേരത്തെ പറഞ്ഞല്ലോ, വിദ്വേഷ പ്രചാരണം നേരിടുന്നവരോട് സൂക്ഷ്മാര്‍ഥത്തില്‍ അനുകമ്പ പുലര്‍ത്തുന്ന നിലപാടുകളിലൂടെ അല്ലാതെ നിങ്ങള്‍ക്ക് ഒരു വിദ്വേഷത്തെയും ഇല്ലായ്മ ചെയ്യാന്‍ കഴിയില്ല. മറിച്ചുള്ളതെല്ലാം ആത്യന്തികമായി വിദ്വേഷത്തെ ശക്തിപ്പെടുത്തുകയായിരിക്കും ഫലത്തില്‍ ചെയ്യുക. അതാണ് ചരിത്രപരമായ നമ്മുടെ അനുഭവവും.

ഡിവൈഎഫ്ഐ ഫുഡ്‌സ്ട്രീറ്റ് സമരത്തില്‍ നിന്നും / Photo : DYFI Kerala, fb Page
നാസി ജര്‍മനിയില്‍ ജൂതമത വിശ്വാസികളെ നികൃഷ്ടരാക്കി ചിത്രീകരിക്കാന്‍ അവരുടെ കോഷര്‍ ആഹാര സംസ്‌കാരത്തെ കുറിച്ച് ഭരണകൂടം പൊതുസമൂഹത്തില്‍ അവമതിപ്പു സൃഷ്ടിച്ചിരുന്നു. കോഷര്‍ പ്രകാരം കശാപ്പു മൃഗത്തിന്റെ രക്തം അനുവദനീയമല്ലാത്തതിനാല്‍ അത് കളയുന്ന സമ്പ്രദായത്തെ സംബന്ധിച്ച് നാസികള്‍ നിര്‍മിച്ച അപവാദ പ്രചാരണം, ജൂതര്‍ മനുഷ്യരക്തം ഉള്‍പ്പടെ ശേഖരിച്ച് ആഭിചാര ക്രിയയ്ക്ക് ഉപയോഗിക്കാറുണ്ടെന്നായിരുന്നു. ഒരു ജനാധിപത്യ വ്യവസ്ഥയില്‍ മുസ്ലിംകള്‍ക്കെതിരെയുള്ള ഇത്തരം അപരവത്കരണ തന്ത്രങ്ങളുടെ പരിണിത ഫലം എന്തായിരിക്കും?
മുസ്ലിംകള്‍ക്കെതിരെയുള്ള അപരവത്കരണ തന്ത്രങ്ങളെ മനുഷ്യ സമൂഹം അവരുടെ വൈജ്ഞാനികമായ ജാഗ്രത കൊണ്ട് പ്രതിരോധിക്കും എന്ന ശുഭാപ്തി വിശ്വാസക്കാരന്‍ ആണ് ഞാന്‍. അതിനൊരുപക്ഷേ കൂടുതല്‍ സമയം എടുത്തേക്കാം. കാരണം ആത്യന്തികമായി ഈ അപരവല്‍ക്കരണ ശ്രമങ്ങള്‍ മനുഷ്യന്‍ കൈവരിച്ച സാമൂഹികവും സാംസ്‌കാരികവുമായ നേട്ടങ്ങളെയാണ് വെല്ലു വിളിക്കുന്നത്. അതിന് ഇസ്ലാമിനെ കരുവാക്കുന്നുവെന്നേയുള്ളൂ. ആ അര്‍ഥത്തില്‍ ഇത്തരം വെല്ലുവിളികളെ നേരിടാന്‍ മനുഷ്യ സമൂഹത്തിനു കൂട്ടായ ഉത്തരവാദിത്വമുണ്ട്. ആ ഉത്തരവാദിത്വം നിര്‍വഹിക്കുന്ന തലത്തിലേക്ക് നമ്മുടെ സമൂഹം മാറുക തന്നെ ചെയ്യും. വരാനിരിക്കുന്ന ആ മാറ്റത്തിനിടയിലുള്ള താൽക്കാലികമായ ഒരു പ്രതിസന്ധി ഘട്ടം എന്നേ ഞാനിക്കാലത്തെ മനസ്സിലാക്കുന്നുള്ളൂ.
കേരളം പോലെ മതനിരപേക്ഷാടിത്തറയുള്ള സംസ്ഥാനത്ത് ‘ഹലാല്‍’ ബോര്‍ഡുകള്‍ വെച്ച് സംഘപരിവാറിന് അടിക്കാനുള്ള വടി കൊടുക്കുകയാണെന്നും ഈ വിഷയത്തില്‍ അപക്വമതികളെ തിരുത്താന്‍ മുസ്ലിം മതനേതൃത്വം തയ്യാറാകണമെന്നുമാണ് സി.പി.എം നേതാവും തലശേരി എം.എല്‍.എയുമായ എ.എന്‍. ഷംസീര്‍ പറഞ്ഞത്. ഹലാല്‍ ബോര്‍ഡുകള്‍ വെച്ച് മുസ്ലിംകള് ഭക്ഷണത്തെ മതാത്മകമാക്കുകയാണെന്ന് ആരോപിച്ചവരും ഉണ്ട്. വ്യാപാരസ്ഥാപനങ്ങള്‍ക്ക് മുന്നില്‍ ഹലാല്‍ ബോര്‍ഡുകള്‍ വെക്കുന്നതിനെ, സ്റ്റിക്കര്‍ പതിക്കുന്നതിനെ എങ്ങനെ കാണുന്നു? ഇതില്‍ മതനേതൃത്വത്തിന് പ്രത്യേകമായി എന്തെങ്കിലും ചെയ്യാനുണ്ടോ?
വിദ്വേഷ പ്രചാരണങ്ങളോട് എങ്ങനെ പ്രതികരിക്കണം എന്നതിലെ ആശയ വ്യക്തതയില്ലാമയില്‍ നിന്നാണ് ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ ഉണ്ടാകുന്നത് എന്നാണ് എന്റെ തോന്നല്‍. പോര്‍ക്ക് വിളമ്പുന്ന സ്ഥലത്ത് പോര്‍ക്ക് ഉണ്ടെന്ന്ബോര്ഡ് വെക്കുന്നതും ഹലാല്‍ ഭക്ഷണം ലഭ്യമാവുന്നിടത്ത് ഹലാല്‍ ബോര്‍ഡ് വെക്കുന്നതും, പൂര്‍ണമായും സസ്യാഹാരം മാത്രം വേണ്ടവര്‍ക്ക് വെജിറ്റേറിയന്‍ ബോര്‍ഡ് വെക്കുന്നതും തുടങ്ങി മധുരം കുറവും കൂടുതലും വേണ്ടിടത്ത് അങ്ങനെ ബോര്‍ഡ് വെക്കുന്നതുമെല്ലാം ഉപഭോക്താക്കള്‍ക്ക് ഏറ്റവും ഗുണകരമായ കാര്യം തന്നെയാണ്.
ടോയ്‌ലറ്റുകള്‍ സ്ത്രീകള്‍ക്ക് / പുരുഷന്മാര്‍ക്ക് എന്ന് വേര്‍തിരിച്ചു ബോര്‍ഡ് വെക്കുന്നതുപോലെയുള്ള കാര്യങ്ങളായി മാത്രമേ അവ കാണേണ്ടതുള്ളൂ. ഏറ്റവും രസകരം, ഹലാല്‍ ഭക്ഷണ കാര്യത്തില്‍ കണിശത പുലര്‍ത്തുന്ന ഒരു മുസ്ലിം അവർക്ക് അറിയാത്ത ഒരു പ്രദേശത്ത്എത്തിപ്പെട്ടാല് സമ്പൂര്‍ണ വെജിറ്റേറിയന്‍ ഹോട്ടല്‍ ആയിരിക്കും തിരഞ്ഞെടുക്കുക എന്നതാണ്. ഇന്ത്യന്‍ പാര്‍ലമെൻറ് ക്യാന്റീനില്‍ പതിറ്റാണ്ടുകളായി ഹലാല്‍ ഭക്ഷണമാണ് വിളമ്പുന്നതെന്ന് പാര്‍ലമെൻറ് രേഖകള്‍ ഉദ്ധരിച്ച് പത്ര പ്രവര്‍ത്തകനും എം.പി. യുമായ ജോണ്‍ ബ്രിട്ടാസ് എഴുതുകയുണ്ടായി. പതഞ്ജലി അടക്കമുള്ള ആയുര്‍വേദ ഉത്പന്നങ്ങള്‍ സ്വകാര്യ ഹലാല്‍ സർട്ടിഫിക്കേഷന്‍ സംരംഭങ്ങളില്‍ നിന്നും സർട്ടിഫിക്കറ്റ്വാങ്ങി തന്നെയാണ് ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നത്. സർട്ടിഫിക്കേഷന്‍ ഒന്നും ഇല്ലാതെ ഹലാല്‍ മാത്രം നോക്കി മാംസം വാങ്ങുന്ന ധാരാളം ഹിന്ദു - ക്രിസ്ത്യന്‍ സഹോദരന്മാരെ നമുക്കറിയാം. ഓരോരുത്തരുടെ വ്യക്തിപരമായ ഇഷ്ടങ്ങളെയും മതനിഷ്ഠകളെയും പരസ്പരം വകവെച്ചു കൊടുത്തും ആദരിച്ചുമുള്ള പാരമ്പര്യം നമുക്കിപ്പഴും കൈമോശം വന്നുവന്നിട്ടില്ല.

മുസ്ലിംകള് അല്ലാത്ത ഒരാള്‍ക്ക് ഏതെങ്കിലും തരത്തില്‍ എതിര്‍പ്പുണ്ടാകേണ്ട ഒന്നും തന്നെ ഹലാല്‍ എന്ന ഇസ്ലാമിക സങ്കല്പത്തില്‍ ഇല്ല. എന്താണ് ഹലാല്‍ ഭക്ഷണം? അറക്കുന്ന രീതി കൊണ്ട് മാത്രം ഒരു ഭക്ഷണവും ഹലാല്‍ ആകുന്നില്ല. ആ മൃഗത്തെ വാങ്ങിയ സമ്പത്ത് ശുദ്ധമായിരിക്കണം. ആ മൃഗത്തോട് കാരുണ്യത്തോടെ പെരുമാറണം. കേവലം മാംസത്തിനു വേണ്ടി മാത്രം മൃഗങ്ങളെ പോറ്റുന്ന രീതിയും ഇസ്ലാമിന് അന്യമാണ്. ഇതെല്ലാം കഴിഞ്ഞാലും വിശപ്പുണ്ടെങ്കിലേ ഭക്ഷണം കഴിക്കാവൂ. അതും ആവശ്യത്തിനേ കഴിക്കാവൂ. അടുത്തുള്ളവര്‍ പട്ടിണി കിടക്കുമ്പോള്‍ നമ്മള്‍ മാത്രം ഭക്ഷിക്കുന്നത് ശരിയല്ല. ഭക്ഷണം അനാവശ്യമായി കളയാന്‍ പാടില്ല. അതു പാചകം ചെയ്യുന്ന തൊഴിലാളിക്ക് മാന്യമായ വേതനം നല്‍കണം. എന്നിങ്ങനെയുള്ള നിരവധി കാര്യങ്ങള്‍ ചേര്‍ന്നാണ് ഒരു ഭക്ഷണം ഹലാലോ ഹറാമോ ആയിത്തീരുന്നത്. അതുകൊണ്ടാണ് ഹലാല്‍ എന്നത് ഒരു ‘എത്തിക്കല്‍ പൊസിഷന്‍’ ആണ് എന്ന് നേരത്തെ പറഞ്ഞത്. ഒരാള്‍ കഴിക്കുന്ന ഭക്ഷണം ഇങ്ങനെയൊക്കെ ആകണം എന്നതില്‍ ആര്‍ക്കാണ് വിയോജിപ്പ് ഉണ്ടാവുക? ഇതിനോടൊക്കെ വിയോജിപ്പുള്ള ഉള്ള ഒരാളുടെ ജീവിത വീക്ഷണം എന്തായിരിക്കും എന്നു നമുക്ക് ഊഹിക്കാവുന്നതല്ലേ ഉള്ളൂ.
ഹലാല്‍ വിവാദവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയിലും പുറത്തും പരസ്യമായ മത വിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കുകയുണ്ടായി. ഇപ്പോഴും അത് തുടരുന്നുണ്ട്. എന്നാല്‍ പൊലീസിന്റെയോ ഭരണകൂടത്തിന്റെയോ ഭാഗത്തുനിന്നും ഇത്തരം പ്രചാരണങ്ങള്‍ക്കെതിരെ നിയമ നടപടികള്‍ ഉണ്ടാകുന്നില്ലെന്ന വിമര്‍ശനമുണ്ട്.
നിയമ നടപടി എന്നത് ഇത്തരം വിഷയങ്ങളില്‍ ഒരു സാങ്കേതിക നടപടി മാത്രമാണ്. നമ്മുടെ രാജ്യത്ത് നടന്നു കൊണ്ടിരിക്കുന്ന വിദ്വേഷ പ്രചാരണങ്ങളെ കേവലം ഒരു സാങ്കേതിക നടപടി കൊണ്ടു മാത്രം മറികടക്കാനാകും എന്നു വിശ്വസിക്കാന്‍ ഉത്തരവാദിത്വ ബോധമുള്ളവര്‍ക്ക് കഴിയില്ല. വിദ്വേഷ പ്രചാരകര്‍ ആഗ്രഹിക്കുന്നതു പോലെയുള്ള പ്രതികരണങ്ങള്‍ ഉണ്ടാവാതിരിക്കുക എന്നതാണ് ഇക്കാര്യത്തില്‍ നാം പാലിക്കേണ്ട മിനിമം ഉത്തരവാദിത്വം. വിദ്വേഷ പ്രചാരണങ്ങള്‍ക്കു മേല്‍ താത്കാലിക വിജയമല്ല നമുക്കാവശ്യം. സുസ്ഥിരമായ വിജയമാണ്. അതിനു സാങ്കേതികമായ നിയമ നടപടികള്‍ മാത്രം മതിയാകില്ല. എന്നുമാത്രമല്ല, അതിനു സഹായകം ആകുമെങ്കിലേ ഇത്തരം സാങ്കേതികതകളെ നാം ആശ്രയിക്കാവൂ.
സവര്‍ണ ഹിന്ദു വിഭാഗങ്ങളുടെ ജാതിപ്പേരുപയോഗിച്ച് പണ്ടുമുതലേ ഭക്ഷ്യവസ്തുക്കള്‍ മാര്‍ക്കറ്റ് ചെയ്യുന്നുണ്ട്- ബ്രാഹ്‌മിൻസ്, നമ്പീശന്‍സ് എന്നൊക്കെയുള്ള രീതിയില്‍. ഹലാല്‍ സ്റ്റിക്കറിനെതിരെ നില്‍ക്കുന്നവര്‍ ഭക്ഷണത്തിനകത്ത് സവര്‍ണതയെ ഉറപ്പിക്കുന്ന ഇത്തരം മാര്‍ക്കറ്റ് തന്ത്രത്തെ കാണാതിരിക്കുന്നത് എന്തുകൊണ്ടാവാം?
ഹലാൽ ഭക്ഷണത്തെ ഇതുപോലെ ജാതിപ്പേരുകൾ ഉപയോഗിച്ചുള്ള ഭക്ഷണ വസ്‌തുക്കളുമായി താരതമ്യം ചെയ്യുന്നത് തന്നെ ശരിയല്ല.
കാരണം, രണ്ടും രണ്ടു വ്യത്യസ്തമായ ലോകവീക്ഷണത്തിൽ നിന്നും വരുന്നതാണ്. ഹലാൽ ഭക്ഷണത്തിൽ ഏതെങ്കിലും തരത്തിലുള്ള വംശീയമോ ജാതീയമോ ആയ മുൻവിധികളോ മാറ്റിനിർത്തലുകളോ ഇല്ല. കാരുണ്യവും നീതിയുമാണ് ഹലാലിന്റെ അടിസ്ഥാനം.
ഹലാല്‍ ഭക്ഷണവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ വിവാദങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നവര്‍ക്ക് അവര്‍ ഉന്നയിക്കുന്ന ആക്ഷേപങ്ങളിലെ വൈരുദ്ധ്യത്തെ താമസിയാതെ അഭിമുഖീകരിക്കേണ്ടി വരും. ആ വൈരുധ്യങ്ങള്‍ അവര്‍ ഉയര്‍ത്തിയ ഓരോ ആക്ഷേപത്തിന്റെയും മുനയൊടിക്കുകയും ചെയ്യും. സ്വയം വൈരുധ്യങ്ങള്‍ ഈ വിദ്വേഷ പ്രചാരകരെ സ്വയം പരാജയപ്പെടുത്തും എന്നു തന്നെയാണ് എന്റെ കണക്കു കൂട്ടല്‍.
ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി
സമസ്ത കേരള സുന്നി യുവജന സംഘം ജനറൽ സെക്രട്ടറി, മർകസ് നോളെജ് സിറ്റി മാനേജിങ് ഡയറക്ടർ.
സീനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
അലി ഹൈദര്‍
Apr 25, 2022
6 Minutes Watch
Delhi Lens
Apr 21, 2022
4 minutes read
ജോണ്‍ ബ്രിട്ടാസ്, എം.പി.
Apr 11, 2022
8 Minutes Read
ഡോ. ടി.എസ്. ശ്യാംകുമാര്‍
Apr 09, 2022
3.5 Minutes Read
അലി ഹൈദര്‍
Apr 03, 2022
10 Minutes Watch