സ്കൂള്‍ തുറക്കല്‍,
സിലബസ്, പരീക്ഷ;
തീരുമാനം വൈകില്ലെന്ന് പ്രതീക്ഷിക്കാം
സ്‌കൂള്‍ തുറക്കല്‍, സിലബസ്, പരീക്ഷ; തീരുമാനം വൈകില്ലെന്ന് പ്രതീക്ഷിക്കാം
മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ഉത്തരം പറയാനും വ്യക്തത വരുത്താനും ബാധ്യസ്ഥമായ ചില ചോദ്യങ്ങള്‍ കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും പക്ഷത്തുനിന്ന് ട്രൂ കോപ്പി തിങ്ക് ചോദിച്ചിരുന്നു. ഇവയിൽ സർക്കാർ നയപരമായി തീരുമാനമെടുക്കേണ്ടവ ഒഴിച്ചുള്ള ചോദ്യങ്ങൾക്ക് കോഴിക്കോട് സമഗ്ര ശിക്ഷ ജില്ല പ്രൊജക്റ്റ് കോർഡിനേറ്റർ ഡോ. എ.കെ. അബ്ദുൽ ഹക്കീം നൽകുന്ന പ്രതികരണം
15 Aug 2020, 03:14 PM
ഈ അധ്യയന വര്‍ഷം, സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസ് ആരംഭിക്കുക എന്ന തീരുമാനത്തിന്റെ ഭാഗമായല്ല ഇപ്പോഴത്തെ വിക്ടേഴ്‌സ് ക്ലാസ്സുകള്‍ എന്ന് എല്ലാവര്‍ക്കുമറിയാം. നിലവിലുണ്ടായിരുന്ന സ്‌കൂള്‍ ക്ലാസ്സുകളില്‍ എന്തെങ്കിലും മാറ്റം വരുത്തണമെന്ന നയത്തിന്റെ ഭാഗവുമല്ല ഈ മാറ്റം. കോവിഡ് ഭീഷണിക്കുമുമ്പില്‍ സ്‌കൂള്‍ തുറക്കാനാവാതെ വന്നപ്പോള്‍ താല്‍ക്കാലികമായി സ്വീകരിച്ച ബദല്‍ മാര്‍ഗമാണിത്. സംസ്ഥാനത്തെ മുഴുവന്‍ കുട്ടികള്‍ക്കും സ്‌കൂള്‍ പ്രവേശനം സാധ്യമാക്കിയിരുന്നു എന്നത് പൊതുവിദ്യാഭ്യാസത്തിന്റെ വലിയ കരുത്താണ്. എന്നാല്‍ ചാനല്‍ ക്ലാസ്സിലേക്ക് അപ്രതീക്ഷിതമായി മാറേണ്ടി വന്നപ്പോള്‍ രണ്ടരലക്ഷത്തോളം കുട്ടികള്‍ക്ക് പ്രാപ്യത പ്രശ്‌നമാവുമെന്ന് സമഗ്ര ശിക്ഷാകേരള നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിരുന്നു. ഇത് പരിഹരിക്കുന്നതിന് എണ്ണായിരത്തിലധികം പൊതുപഠനകേന്ദ്രങ്ങള്‍ സജ്ജീകരിച്ച് മുഴുവന്‍ കുട്ടികള്‍ക്കും ക്ലാസ്സുകള്‍ കാണാനുള്ള സൗകര്യം ഒരുക്കുകയാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ചെയ്തത്.
മുഴുവന്‍ കുട്ടികൾക്കും വിക്ടേഴ്‌സ് ലഭ്യം
ആദിവാസി - തീരദേശ മേഖലയിലായിരുന്നു പ്രാപ്യതയുമായി ബന്ധപ്പെട്ട പ്രതിസന്ധി കൂടുതലും. എന്നാല്‍ ജനപ്രതിനിധികള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റ് ജനകീയ പ്രസ്ഥാനങ്ങള്‍ മുതലായവയുടെ സഹായത്തോടെ ടി.വിയും അനുബന്ധ സംവിധാനങ്ങളുമൊരുക്കി സംസ്ഥാനത്തെ മുഴുവന്‍ കുട്ടികളും വിക്ടേഴ്‌സ് ക്ലാസ്സുകള്‍ കാണുന്ന അവസ്ഥയാണ് നിലവിലുള്ളത്. കണക്ടിവിറ്റി പ്രശ്‌നങ്ങളുള്ള അപൂര്‍വം സ്ഥലങ്ങളില്‍ ഓഫ്‌ലൈന്‍ സംവിധാനങ്ങളും ഉപയോഗിക്കുന്നതായി വിദ്യാഭ്യാസമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.
പരീക്ഷ, സിലബസ്; തീരുമാനമായിട്ടില്ല
സ്കൂൾ തുറക്കൽ, സിലബസ് അതേപടി തുടരുമോ, സാമ്പ്രദായിക രീതിയിൽ പരീക്ഷ നടത്തുമോ തുടങ്ങിയവയുമായി ബന്ധപ്പെട്ട തീരുമാനം ഉടനെ ഉണ്ടാവുമെന്നാണ് എന്റെ വിശ്വാസം. സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ തീരുമാനം വന്നിട്ടില്ല എന്നത് സംസ്ഥാനതല തീരുമാനം വൈകുന്നതിന് കാരണാമാകാം. പിന്നെ നമ്മള്‍ മനസ്സിലാക്കേണ്ട ഒരു കാര്യം, ജൂണ്‍, ജൂലൈ മാസങ്ങളില്‍ സ്‌കൂള്‍ തുറക്കാന്‍ കഴിയില്ലെന്ന സാഹചര്യത്തിലാണ് താല്‍ക്കാലിക സംവിധാനമെന്ന നിലയില്‍ വിക്ടേഴ്‌സ് വഴി ക്ലാസ് ആരംഭിച്ചത്. ഇപ്പോഴത്തെ അവസ്ഥയില്‍ ഈ സാഹചര്യം കുറച്ച് കൂടി നീണ്ടുപോകും എന്ന് നമുക്ക് എല്ലാവര്‍ക്കും അറിയാം.
രോഗവ്യാപനം നിയന്ത്രണ വിധേയമാവുകയും കേന്ദ്രാനുമതി ലഭിക്കുകയും ചെയ്താല്‍ സ്‌കൂളുകള്‍ തുറക്കാന്‍ കഴിയേണ്ടതാണ്. മുതിര്‍ന്ന ക്ലാസ്സുകള്‍ക്ക് മുന്‍ഗണന നല്‍കി സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചാല്‍ യാത്രാസൗകര്യം വലിയ പ്രശ്‌നമാവാന്‍ സാധ്യതയില്ല.
ഇങ്ങനെയൊരു സാഹചര്യത്തില്‍ എന്താണ് ചെയ്യാന്‍ കഴിയുക എന്ന് തീരുമാനിക്കാന്‍ സര്‍ക്കാര്‍ തലത്തിലും വകുപ്പ് തലത്തിലും സംവിധാനങ്ങളുണ്ട്. സിലബസ് ലഘൂകരണം, പരീക്ഷാരീതികളിലെ മാറ്റം തുടങ്ങിയ കാര്യങ്ങളില്‍ ഇതുവരെ തീരുമാനമൊന്നും ഉണ്ടായിട്ടില്ല എന്നാണറിവ്. കോവിഡ് വ്യാപനം സംബന്ധിച്ച് ആരോഗ്യവകുപ്പ് നല്‍കുന്ന അഭിപ്രായങ്ങളും കരിക്കുലം കമ്മിറ്റി നിര്‍ദ്ദേശങ്ങളുമെല്ലാം പരിഗണിച്ചുകൊണ്ടുള്ള തീരുമാനങ്ങള്‍ വൈകാതെ ഉണ്ടാവുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
സീറോ അക്കാദമിക് ഇയറിന് സാധ്യതയില്ല
സ്കൂള്‍ തുറക്കുന്നതിനെക്കുറിച്ച് ഗൗരവമായ ആലോചനകള്‍ സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നുണ്ട് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. സീറോ അക്കാദമിക് ഇയര്‍ ആവാനുള്ള സാധ്യതയുണ്ടെന്ന് തോന്നുന്നില്ല. രോഗവ്യാപനം നിയന്ത്രണ വിധേയമാവുകയും കേന്ദ്രാനുമതി ലഭിക്കുകയും ചെയ്താല്‍ സ്‌കൂളുകള്‍ തുറക്കാന്‍ കഴിയേണ്ടതാണ്. മുതിര്‍ന്ന ക്ലാസ്സുകള്‍ക്ക് മുന്‍ഗണന നല്‍കി സ്‌കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ചാല്‍ യാത്രാസൗകര്യം വലിയ പ്രശ്‌നമാവാന്‍ സാധ്യതയില്ല. പ്രൈമറി വിദ്യാലയങ്ങളിലെ വാഹനങ്ങള്‍ കൂടി ഹൈസ്‌കൂള്‍ / ഹയര്‍സെക്കന്ററി തലത്തില്‍ ഉപയോഗിക്കുന്നത് പോലെയുള്ള കാര്യങ്ങളും ആലോചിക്കാവുന്നതാണല്ലോ. ക്ലാസ് മുറിയിൽ അകലം പാലിച്ചിരിക്കാന്‍ കഴിയണമെങ്കില്‍ ഷിഫ്റ്റ് സമ്പ്രദായവും നടപ്പാക്കേണ്ടി വന്നേക്കാം. അധികം താമസിയാതെ ഇതു സംബന്ധിച്ചുള്ള തീരുമാനങ്ങളുണ്ടാവുമെന്ന് പ്രതീക്ഷിക്കാം.
ഡിജിറ്റൽ ഡിവൈഡ് യാഥാർഥ്യം
ഡിജിറ്റല്‍ ഡിവൈഡ് യാഥാര്‍ത്ഥ്യം തന്നെയാണ്. അത് പരിഹരിക്കാനുള്ള നടപടികള്‍ നടക്കുന്നുണ്ടെങ്കിലും അത്ര എളുപ്പം സാധ്യമല്ല എന്ന് നമുക്കറിയാം. വന്നുപെട്ട ഈ പ്രതിസന്ധി നേരിടുന്നതിന്റെ ഭാഗമായി നമുക്ക് ആ പ്രശ്‌നത്തെയും അഭിസംബോധന ചെയ്‌തേ പറ്റൂ.
ഇന്ത്യയിലെ ഒരു സംസ്ഥാനത്തും സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നില്ല. കേരളത്തില്‍ സ്‌കൂളുകള്‍ തുറന്നില്ലെങ്കിലും കുട്ടികളെ അക്കാദമികമായി എന്‍ഗേജ് ചെയ്യിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓണ്‍ലൈന്‍ എന്ന് വിളിക്കുന്ന ക്ലാസ്സുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
പ്രധാനപ്പെട്ട മറ്റൊരു കാര്യം കൂടി മനസ്സിലാക്കേണ്ടതുണ്ട്. ഒരു പകര്‍ച്ചവ്യാധിക്കു മുമ്പില്‍ അവസാനിച്ചു പോകേണ്ട ഒന്നല്ല സ്‌കൂള്‍ വിദ്യാഭ്യാസം. കുട്ടികളെ എങ്ങനെയും പഠനാന്തരീക്ഷത്തിലേക്ക് കൊണ്ടുവന്നേ പറ്റൂ. ലോകത്തെ 110 ഓളം രാജ്യങ്ങളില്‍ സ്‌കൂളുകള്‍ അടഞ്ഞുകിടക്കുകയാണ്. ഇന്ത്യയിലെ ഒരു സംസ്ഥാനത്തും സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നില്ല. കേരളത്തില്‍ സ്‌കൂളുകള്‍ തുറന്നില്ലെങ്കിലും കുട്ടികളെ അക്കാദമികമായി എന്‍ഗേജ് ചെയ്യിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓണ്‍ലൈന്‍ എന്ന് വിളിക്കുന്ന ക്ലാസ്സുകള്‍ തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അങ്ങനെ ആരംഭിച്ചതുകൊണ്ടാണ് ഡിജിറ്റല്‍ ഡിവൈഡ് ഇപ്പോള്‍ നമുക്ക് മുമ്പില്‍ പ്രശ്‌നമായി നില്‍ക്കുന്നത്. ഇത് മറികടക്കാനുള്ള ഒട്ടേറെ ആസൂത്രണങ്ങള്‍, നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ നടന്നുവരുന്നുണ്ട് എന്നാണ് മനസ്സിലാക്കുന്നത്.
ഇ-ലേണിംഗ് സാധ്യത കൂടി പരിഗണിച്ചുകൊണ്ടാണ് ലോകത്തെല്ലായിടത്തും വിദ്യാഭ്യാസ പദ്ധതി പരിഷ്‌കരിക്കപ്പെടുന്നത്. ഡിജിറ്റല്‍ ടെക്‌നോളജിയുടെ കാലത്ത് ഇ-കണ്ടന്റുകളെ അവഗണിച്ച് വിദ്യാഭ്യാസത്തിന് നിലനില്‍ക്കാനാവില്ല. ഡിജിറ്റല്‍ നാറ്റീവ്‌സ് ആയിട്ടുള്ള കുട്ടികള്‍ക്ക് സാമ്പ്രദായിക ക്ലാസ് മുറി മാത്രം മതിയാവില്ല എന്നതാണ് സത്യം. എന്നാല്‍ വിവരശേഖരണവും വിജ്ഞാനസമ്പാദനവും മാത്രമല്ല സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം എന്ന് മനസ്സിലാക്കേണ്ടതുണ്ട്. ജീവിതത്തെ മുന്നോട്ടു നയിക്കേണ്ട ആശയങ്ങളും മൂല്യങ്ങളുമൊക്കെ സ്വായത്തമാക്കേണ്ടതും വിദ്യാഭ്യാസത്തിലൂടെയാണ്. സഹജീവിതത്തിന്റെയും സാമൂഹിക ഇടപാടുകളുടെയും ബാലപാഠങ്ങള്‍ കുട്ടികള്‍ പഠിച്ചെടുക്കുന്നത് സ്കൂളില്‍ നിന്നാണ്. സ്‌നേഹസൗഹൃദങ്ങളും പങ്കുവെക്കലുകളുമെല്ലാം പരിശീലിക്കുന്നതും മറ്റെവിടെയും വെച്ചല്ല. ഇതിന്റെയൊന്നും സ്ഥാനത്ത് പകരക്കാരന്റെ ചുമതലയേല്‍ക്കാന്‍ ഓണ്‍ലൈന്‍ പഠനസമ്പ്രദായങ്ങള്‍ക്ക് സാധിക്കില്ല എന്ന് നാം മനസ്സിലാക്കണം. എന്നാല്‍, ഒരു വിരല്‍തുമ്പുകൊണ്ട് എത്തിപ്പിടിക്കാവുന്ന വിജ്ഞാനശേഖരത്തിന്റെ അനന്തസാധ്യതകളിലേക്ക് വരുംതലമുറയെ തുറന്നുവിടാന്‍ കഴിയുന്ന ഇ-ലേണിംഗിന്റെയും ഡിജിറ്റല്‍ പെഡഗോഗിയുടെയും സാധ്യതകളെ നിഷേധിക്കാനുമാവില്ല.
അധ്യാപക ഇടപെടൽ സജീവം
ഐ.സി.ടി. സാധ്യതകള്‍ ഉപയോഗിച്ചുകൊണ്ടുള്ള പഠനം വര്‍ഷങ്ങളായി നടക്കുന്ന സംസ്ഥാനമാണ് കേരളം. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഹൈടെക് വിദ്യാഭ്യാസത്തിലേക്ക് മാറുന്നതിനുള്ള സജ്ജീകരണങ്ങളും നമ്മള്‍ ഒരുക്കിയിട്ടുണ്ട്. കേരളത്തിലെ ക്ലാസ് മുറികളെല്ലാം ഹൈടെക് ആക്കി മാറ്റിയതിന്റെ ഭാഗമായി അധ്യാപകര്‍ക്ക് അടിസ്ഥാന സാങ്കേതിക ജ്ഞാനം ലഭിക്കുന്നതിനുള്ള പരിശീലനങ്ങളും കഴിഞ്ഞവര്‍ഷം വരെ നല്‍കിയിട്ടുണ്ട്.
മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാനാവാത്തവരാണ് അധ്യാപകര്‍ എന്ന വിമര്‍ശനത്തോട് യോജിക്കുന്നില്ല. സ്‌കൂള്‍/ ക്ലാസ് ഗ്രൂപ്പുകള്‍ വഴി കുട്ടികള്‍ക്ക് പിന്തുണ കൊടുക്കുന്ന കാര്യത്തില്‍ മുഴുവന്‍ അധ്യാപകരും സജീവമായി ഇടപെടുന്നുണ്ട് എന്നാണ് ഫീല്‍ഡില്‍ നിന്നുള്ള അറിവ്. എന്നാല്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം എന്ന തലത്തിലേക്ക് പെട്ടെന്ന് ഒരു മാറ്റം സാധ്യമാക്കും വിധം സാങ്കേതിക പരിശീലനം നേടിയവരല്ല നമ്മുടെ മുഴുവന്‍ അധ്യാപകരും. അങ്ങനെ ഒരു മാറ്റം സര്‍ക്കാര്‍തലത്തില്‍ തീരുമാനിച്ചിട്ടുമില്ല. സ്‌കൂള്‍ തുറക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കുട്ടികളുടെ പഠനദിവസങ്ങള്‍ പൂര്‍ണമായും നഷ്ടപ്പെടാതിരിക്കാനുള്ള താല്‍ക്കാലിക സംവിധാനം ഒരുക്കുക മാത്രമാണ് പൊതുവിദ്യാഭ്യാസവകുപ്പ് ചെയ്തിട്ടുള്ളത്. ദീര്‍ഘകാലത്തേക്ക് സ്‌കൂള്‍ തുറക്കാന്‍ കഴിയാതെ വരുമെന്നോ അധ്യാപനം പൂര്‍ണമായും ഓണ്‍ലൈനിലേക്ക് മാറേണ്ടിവരുമെന്നോ വിചാരിക്കാവുന്ന തരത്തിലുള്ള ഒരവസ്ഥയിലേക്ക് നമ്മളിപ്പോഴും എത്തിയിട്ടുമില്ല.
കുട്ടികളെ ചേർത്തുപിടിക്കുന്നു
ഏപ്രില്‍, മെയ് മാസങ്ങളില്‍ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കാറില്ലെങ്കിലും കുട്ടികള്‍ക്കതില്‍ പ്രയാസമുണ്ടായിരുന്നില്ല. അവധിക്കാലത്തിന്റെ ആഘോഷങ്ങള്‍കൊണ്ട് നിറം പിടിപ്പിക്കുന്ന കാലമായിരുന്നു സാധാരണയായി ഈ മാസങ്ങള്‍. എന്നാല്‍ ഇത്തവണ സ്ഥിതി വ്യത്യസ്തമായിരുന്നു. രോഗഭീതിയും ലോക്ഡൗണും കാരണം വീട്ടില്‍തന്നെ അടച്ചിരിക്കേണ്ടിവരുന്ന കുട്ടികളുടെ മാനസികാവസ്ഥ പരിതാപകരമായിരുന്നു എന്ന് നമുക്കറിയാം. ഈ മടുപ്പില്‍ നിന്ന് സര്‍ഗാത്മകതയുടെ ഊഷ്മളതയിലേക്ക് കുട്ടികളെ നയിക്കാന്‍ വ്യത്യസ്ത പദ്ധതികള്‍ വിദ്യാഭ്യാസവകുപ്പ് ആസൂത്രണം ചെയ്ത് നടപ്പാക്കിയിരുന്നു. കഥ, കവിത, ലേഖനം, ചിത്രരചന എന്നിവ രചിച്ച് അധ്യാപകരുടെ സഹായത്തോടെ സ്‌കൂള്‍ വിക്കിയില്‍ അപ്‌ലോഡ് ചെയ്യുന്ന അക്ഷരവൃക്ഷം പദ്ധതി, സര്‍ഗ്ഗശേഷിയും ഭാവനയും സാങ്കേതികമികവും ഒരുമിച്ചു ചേര്‍ക്കാന്‍ സഹായിക്കുന്ന തരത്തില്‍ കൈറ്റിന്റെ നേതൃത്വത്തില്‍ നടത്തിയ ‘അവധിക്കാല സന്തോഷങ്ങള്‍', സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയ ‘കാന്‍വാസ്' മുതലായവ ഇതിനുദാഹരണങ്ങളാണ്. ജൂണ്‍ മുതല്‍ സ്‌കൂള്‍ തുറക്കാന്‍ സാധിച്ചില്ലെങ്കിലും കുട്ടികളെ പഠനാന്തരീക്ഷത്തിലേക്ക് കൊണ്ടുവരണം എന്ന സര്‍ക്കാര്‍ തീരുമാനത്തിന് പിന്നിലും കുട്ടികളുടെ മാനസികാവസ്ഥയെക്കുറിച്ചുള്ള പരിഗണന കൂടിയുണ്ട് എന്ന് ഊഹിക്കാം. എന്നിട്ടും കുട്ടികളുടെ സ്വയംമരണം പോലുള്ള ദുരന്തങ്ങല്‍ നമുക്ക് കാണേണ്ടിവരികയാണ്. മാനസിക പിരിമുറുക്കങ്ങളുടെ കാലമാണ് കൗമാരക്കാരായ കുട്ടികളുടേത്. വീട്ടില്‍ നിന്നോ മുതിര്‍ന്നവരില്‍ നിന്നോ ഉണ്ടാവുന്ന ചെറിയ അനിഷ്ടങ്ങളോടുപോലും തീവ്രമായി പ്രതികരിക്കുന്ന പ്രായമാണ് അവരുടേത്. സങ്കീര്‍ണമായ സാമൂഹ്യാവസ്ഥകൂടി ആവുന്നതോടെ ആശാസ്യമല്ലാത്ത പ്രവണതകള്‍ വര്‍ദ്ധിക്കുന്നു എന്നത് ആശങ്കയോടെ കാണേണ്ട വസ്തുതയാണ്.
കുട്ടികളുടെ മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കാനുള്ള ചില പദ്ധതികളും ആരോഗ്യ-സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നുണ്ട്. ‘ചിരി' എന്ന പേരില്‍ സ്റ്റുഡന്റ്‌സ് പൊലീസിന്റെ സഹായത്തോടെയുള്ള പദ്ധതിയും നടപ്പിലാക്കി വരുന്നുണ്ട്. കുട്ടികളുടെ മാനസികാരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും വലിയ റോള്‍ വഹിക്കാനുണ്ട്. ഒപ്പമുണ്ട് എന്ന തോന്നലുണ്ടാകും വിധം എപ്പോഴും അവരെ ചേര്‍ത്ത് പിടിക്കുക എന്നതാണ് പ്രധാനം.
നമ്മുടെ കുട്ടികള്‍ക്കുവേണ്ടി ജേണലിസ്റ്റുകള്‍ മുഖ്യമന്ത്രിയോട് ചോദിക്കേണ്ടിയിരുന്ന ചോദ്യങ്ങള്‍
Joshy TK
15 Aug 2020, 05:05 PM
മനില സി മോഹന്റെ ചോദ്യങ്ങളോട് ക്രിയാത്മകമായി പ്രതികരിച്ചതിന് ഹക്കിം മാഷിനെ അഭിവാദ്യം ചെയ്യുന്നു. മനില സിമോഹന്റെ നിലപാടിനോട് (ജേർണലിസ്റ്റുകൾ കുട്ടികൾക്കു വേണ്ടി ചോദിക്കേണ്ടിയിരുന്നത്) യോജിക്കുന്നു. ട്രൂ കോപ്പി തിങ്കിന് അഭിവാദ്യങ്ങൾ.
ഡോ. ജയകൃഷ്ണന്‍ എ.വി.
Jan 13, 2021
5 Minutes Read
ഡോ. വി.ജി. പ്രദീപ്കുമാര്‍
Jan 12, 2021
10 Minutes Read
ഡോ.എ.കെ. അബ്ദുൽ ഹക്കീം
Jan 10, 2021
7 Minutes Read
മുരുകന്‍ കോട്ടായി / അര്‍ഷക് എം.എ.
Jan 04, 2021
12 Minutes Read
കെ. ടി. ദിനേശ്
Dec 21, 2020
8 Minutes Read
എസ്. അനിലാൽ
Dec 11, 2020
12 Minutes Read
Truecopy Webzine
Dec 10, 2020
1 Minute Read
എം.സി.പ്രമോദ് വടകര
18 Aug 2020, 01:19 PM
കേരളത്തിലെ വിദ്യാഭ്യാസ രംഗം ഇപ്പോൾ അഭിമുഖീകരിക്കുന്ന ചില പ്രധാന പ്രശ്നങ്ങൾ ചൂണ്ടിക്കാണിക്കുകയാണ് മനില സി മോഹൻ ട്രൂ കോപ്പിയിലൂടെ ചെയ്തത്.മുഖ്യമന്ത്രിയോ വിദ്യാഭ്യസ മന്ത്രിയോ വകുപ്പിലെ ഉന്നത മേധാവികളായ ഡയരക്ടർ, സെക്രട്ടറി, അതുമല്ലെങ്കിൽ SCERT ഡയരക്ടർ, സമഗ്ര ശിക്ഷ സംസ്ഥാന നേതൃത്വം എന്നിവരെല്ലാം ഗൗരവത്തിലെടുക്കേണ്ട ഈ വിഷയത്തെ ,ഈ ചോദ്യങ്ങളെ വളരെ ലാഘവത്തോടെയാണ് ശ്രീ ഹക്കീം സമീപിക്കുന്നത്. നയപരമായ കാര്യങ്ങൾ പോലും ഊഹിച്ചു പറയുകയാണ്.പ്രതികരണത്തിൽ ഏറെയും എൻ്റെ വിശ്വാസം, തല്ക്കാലികം ,തീരുമാനമുണ്ടായിട്ടില്ലെന്നാണ് അറിവ്, വൈകാതെ പ്രതീക്ഷിക്കാം, സാധ്യതയില്ല, സാധ്യതയുണ്ടെന്ന് തോന്നുന്നില്ല, ആലോചിക്കുന്നതാണ്, വന്നേക്കാം, പ്രതീക്ഷിക്കാം, വന്നേക്കാം, എന്നാണ് മനസ്സിലാക്കുന്നത്, എന്ന് നാം മനസ്സിലാക്കണം ---ഫീൽഡിൽ നിന്നുള്ള അറിവുകൾ,വലിയ പ്രശ്നമാവാൻ സാധ്യതയില്ല ---..... എന്നൊക്കെ എഴുതി വെച്ചിരിക്കുന്നു. അക്കാദമിക് ആയ പല ചോദ്യങ്ങൾക്കും ശ്രദ്ധയോടെ ഉത്തരം നല്‌കേണ്ട SCERT എവിടെയാണ്? കരിക്കുലം കമ്മറ്റി ചേർന്നിട്ടുണ്ടോ? വകുപ്പ് ഇത്തരം കാര്യങ്ങളെ നേരിടാൻ എന്തൊക്കെ തീരുമാനങ്ങളാണ് അടുത്തത്? തുടർ പ്രവർത്തനങ്ങൾ എന്തൊക്കെയാണ്? വിലയിരുത്തലുകൾ നടത്തി മുന്നോട്ട് പോകുന്നുണ്ടോ? --- താഴെത്തട്ടിൽ പ്രശ്നങ്ങൾ പരിഹരിക്കാനാവശ്യമായ നടപടികൾ എന്താണ് നല്കിയത്? --- ഒന്നിനും കൃത്യമായി മറുപടി പറയാത്ത ,വസ്തുനിഷ്ഠമായി വിശകലനം ചെയ്യാത്ത ലേഖനം കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്???