നാല്പതു കഴിഞ്ഞാലും 'അങ്ങാടി' നിലനിൽക്കാൻ കാരണമെന്ത്?

അങ്ങാടി പിറന്നിട്ട് നാല്പതുവർഷമാകുന്നു. ജയൻ എന്ന നടൻ അവതരിപ്പിച്ച ബാബു എന്ന വലിയങ്ങാടിയിലെ കൂലിക്കാരന്റെ പൗരുഷസ്വരൂപം ഇപ്പോഴും കാഴ്ചക്കാരെ ഹരം കൊള്ളിക്കുന്നു. എന്നാൽ പൗരുഷത്തിന്റെ അടയാളപ്പെടുത്തൽ കൊണ്ടുമാത്രമാണോ അങ്ങാടിയും ആ സിനിമയിലെ പലതരത്തിലുള്ള അംശങ്ങളും മിമിക്രിയായും ട്രോളായും മറ്റുമൊക്കെ പ്രേക്ഷകമനസ്സിൽ ഇപ്പോഴും നിലനിൽക്കുന്നതും ഭാവിയിൽ നിലനിൽക്കാൻ പോകുന്നതും?

1980-ലാണ് ഐ.വി. ശശിയുടെ സംവിധാനത്തിൽ അങ്ങാടി പുറത്തിറങ്ങിയത്. ടി ദാമോദരന്റെ തിരക്കഥയിൽ ജയനും സുകുമാരനും സീമയും അംബികയുമൊക്കെ തകർത്തഭിനയിച്ച സൂപ്പർഹിറ്റ് മൾട്ടിസ്റ്റാർ ചിത്രം. റിലീസ് ചെയ്ത് നാല്പതുവർഷം പൂർത്തിയാകുമ്പോഴും, പുതിയൊരു ദൃശ്യസംസ്‌കാരം മലയാളത്തിൽ വേരുപിടിക്കുമ്പോഴും ജനപ്രിയസിനിമകളുടെ എല്ലാ ചേരുവകളുമടങ്ങിയ അങ്ങാടി നൽകുന്ന അനുഭൂതിക്ക് മങ്ങലേറ്റിട്ടില്ല. വലിയങ്ങാടിയിലെ ബാബു എന്ന ചുമട്ടുതൊഴിലാളിയെയായിരുന്നു ജയൻ അവതരിപ്പിച്ചത്. പ്രണയവും പ്രതികാരവും അതിവൈകാരികതയുമെല്ലാം ചേർന്ന കഥാഗതിയിലൂടെ മലയാളത്തിൽ അന്നുവരെയുള്ളതിൽവച്ച് ഏറ്റവും വലിയ പണംവാരിപ്പടമായി അങ്ങാടി മാറി.

ഐ.വി. ശശി

ഏതാണ്ട് ഒരു ദശാബ്ദക്കാലം മലയാള സിനിമയുടെ പുരുഷ സ്വരൂപമായിരുന്ന ജയൻ എന്ന നടന്റെ മാച്ചോ വ്യക്തിത്വത്തിന്റെ അടയാളപ്പെടുത്തൽകൊണ്ടു മാത്രമല്ല, അന്നുമിന്നും ആ ചിത്രം ജനപ്രിയമായി നിലനില്ക്കുന്നത്. കോഴിക്കോട് വലിയങ്ങാടിയിലെ ഒരു സാധാരണ ചുമടെടുപ്പുകാരനായിരുന്ന ബാബു ഒരു സുപ്രഭാതത്തിൽ സഹപ്രവർത്തകരുടെയും സാമ്പത്തികശ്രേണിയിൽ ഉയരെ നില്ക്കുന്ന പില്ക്കാലകാമുകി സിന്ധുവിന്റെയും (സീമ) ആരാധാനാപാത്രമായി മാറിയത് ശാരീരികമായ കരുത്തുകൊണ്ടുമാത്രമല്ല, പിന്നീട് ചലച്ചിത്രസംഭാഷണത്തിലെ ഒരു ഐക്കണായി മാറിയ ആ കഥാപാത്രത്തിന്റെ സംഭാഷണംകൊണ്ടു കൂടിയാണ്.

കോഴിക്കോട് വലിയങ്ങാടിയിലെ ഒരു സാധാരണ ചുമടെടുപ്പുകാരനായിരുന്ന ബാബു ഒരു സുപ്രഭാതത്തിൽ സഹപ്രവർത്തകരുടെയും സാമ്പത്തികശ്രേണിയിൽ ഉയരെ നില്ക്കുന്ന പില്ക്കാലകാമുകി സിന്ധുവിന്റെയും (സീമ) ആരാധാനാപാത്രമായി മാറിയത് ശാരീരികമായ കരുത്തുകൊണ്ടുമാത്രമല്ല

മലയാള സിനിമയുടെ പൗരുഷസങ്കല്പത്തിന്റെ മൂർത്തിമദ്ഭാവമെന്ന ഖ്യാതി ജയന് അങ്ങനെ എളുപ്പം പതിച്ചു കിട്ടിയതല്ല. നസീറിന്റെയും മധുവിന്റെയും വിൻസന്റിന്റെയും സൗമ്യതയും സത്യന്റെ അഴകളവുകളൊക്കാത്ത പരുക്കൻ അഭിനയസൗന്ദര്യവും അരങ്ങുവാണിടത്ത്, ഉറച്ച പേശികളും ചടുലമായ സംഭാഷണശൈലികളുമുള്ള, അടിതൊട്ടു മുടിവരെ മലയാളിയുടെ പുരുഷസങ്കല്പങ്ങളെ തൃപ്തിപ്പെടുത്തുന്ന കഥാപാത്രങ്ങളായി ജയൻ തിരശ്ശീലയിൽ നിറയുകയായിരുന്നു. ഹിന്ദി സിനിമയിൽ അമിതാഭ് ബച്ചൻ അവതരിപ്പിച്ചതുപോലെയുള്ള ക്ഷുഭിതനായ യുവാവായി മലയാളത്തിന് മറ്റൊരാളുണ്ടായിരുന്നില്ല. മിക്ക ചലച്ചിത്രങ്ങളിലും അദ്ദേഹം അവതരിപ്പിച്ച, ആന്തരികമായ വ്യഥകൾ മഥിക്കുമ്പോഴും സമൂഹത്തിലെ നീതിക്കും ന്യായത്തിനുംവേണ്ടി നിലകൊള്ളുന്ന കഥാപാത്രങ്ങൾ വെള്ളിത്തിരയെ ഇളക്കിമറിച്ചു. സാഹസികമായ രംഗങ്ങളിലൂടെ ആ പൗരുഷബിംബത്തെ അദ്ദേഹം ഓരോ തവണയും ആവർത്തിച്ചുകൊണ്ടിരുന്നു.

അങ്ങാടി ജയന്റെ കരിയറിലെ സുപ്രധാനമായ ചിത്രമായത്, അദ്ദേഹത്തിന്റെ ഈ സ്‌ക്രീൻ പ്രസൻസിനൊപ്പം പിന്നീട് പല വേദികളിലും ആവർത്തിക്കപ്പെട്ട സവിശേഷമായ ഭാഷാശൈലിയിൽ അദ്ദേഹം പറയുന്ന ഒരു ഇംഗ്ലീഷ് സംഭാഷണംകൊണ്ടു കൂടിയാണ്. What did you say? Beggars? Maybe we are poor...coolies...trolley pullers...but we are not beggars! You enjoy this status in life because of our sweat and blood! Let it be the last time...if you dare to say that word once more, I will pull out your bloody tongue! എന്ന ഇംഗ്ലീഷ് സംഭാഷണം സിനിമയിൽ ബാബു എന്ന നായകന്റെ സാമൂഹികസ്വത്വത്തെ പുനർനിർവ്വചിക്കുകയും ചുമട്ടുതൊഴിലാളിയെന്ന അയാളുടെ അടിസ്ഥാന പ്രതിച്ഛായയെ മിനിട്ടുകൾകൊണ്ട് മാറ്റിമറിക്കുകയും ചെയ്യുന്നുണ്ട്.

ഭാഷയും സാമൂഹികസ്വത്വവും
ഒരു വ്യക്തിയുടെ രാഷ്ട്രീയ, സാസ്‌കാരിക ചിന്തകളെ രൂപപ്പെടുത്തുന്നതിലും നിലനിർത്തുന്നതിലും ഭാഷ നിർണായകമായ പങ്കുവഹിക്കുന്നുണ്ട്. കോളനിവത്ക്കരിക്കപ്പെടുന്ന ദേശത്ത് ഭാഷ ആധിപത്യസ്വഭാവം നേടും. കേരളത്തിലും അതുതന്നെ സംഭവിച്ചു. ഉന്നതവിദ്യാഭ്യാസത്തിനും ഭരണത്തിനുമുള്ള ഭാഷ ഇംഗ്ലീഷായി മാറിയതോടെ അത് ഇന്ത്യൻ വരേണ്യതയുടെ ഭാഷയായി അവരോധിക്കപ്പെട്ടു. തദ്ദേശീയഭാഷകൾ അധമമാണെന്ന ചിന്തയും പിന്നാലെവന്നു. രാഷ്ട്രീയ, സാമൂഹിക അധിനിവേശത്തോടൊപ്പം ഭാഷാപരമായ അധിനിവേശം കൂടി സംഭവിച്ചു എന്നർത്ഥം. കോളനികാലത്ത് ഭരണവർഗത്തിന്റെ ഭാഗമാകാനുള്ള അറിവ് സ്വാംശീകരിക്കുക എന്ന ലക്ഷ്യമായിരുന്നു ഇംഗ്ലീഷ് എന്ന ആധിപത്യഭാഷയിലേക്ക് ഒരുകൂട്ടം മനുഷ്യരെ നയിച്ചത്.

ഗൂഗി വാ തിഓംഗോ

കോളനിദേശത്ത് പ്രാദേശികഭാഷ സംസാരിക്കുന്ന ആളുടെ ജീവിതവും മനസ്സും ആധിപത്യഭാഷയ്ക്ക് ക്രമേണ അനുകൂലമായി മാറിത്തീരുന്നതായി പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു. സാമ്രാജ്യത്വഭാഷ ഉപയോഗിക്കുമ്പോൾ മാത്രമേ വിദ്യാഭ്യാസം, സാമ്പത്തിക പുരോഗതി, നീതി, സർക്കാർ സേവനങ്ങൾ നേടാൻ കഴിയൂ എന്ന മനോനിലയിലേക്ക് അവർ ക്രമേണ എത്തുന്നു. ഒരു സമൂഹത്തിന്റെ മനസ്സിനെയും സമൂഹത്തെയും ആഗ്രഹങ്ങളെയും ഇത്തരത്തിൽ വളരെ സൂക്ഷ്മമായി ഭാഷാസാമ്രാജ്യത്വം ബാധിക്കുന്നുവെന്ന് റോബർട്ട് ഫിലിപ്സൺ നിരീക്ഷിക്കുന്നുണ്ട്.
ഇത്തരം സാഹചര്യങ്ങൾ രൂപപ്പെടുമ്പോൾ സ്വന്തം ഭാഷയുടെ സാധ്യതകളെ മനസ്സിലാക്കുകയോ ഉപയോഗിക്കുകയോ ചെയ്യുന്നതിൽനിന്ന് ഒരു ജനത പിന്നോക്കം പോകുകയാണ്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം കോളനിവത്ക്കരിക്കപ്പെട്ട മൂന്നാംലോക രാജ്യങ്ങളിലെ വിദ്യാഭ്യാസത്തിന്റെയും ബൗദ്ധികവ്യവഹാരങ്ങളുടെയും ഭാഷ അധീശരാജ്യത്തിന്റേതായിമാറുകയാണ് ചെയ്തത്. ഭാഷ സാമൂഹികസ്വത്വം സൃഷ്ടിക്കാനുള്ള ഉപാധിയാണെന്ന് തിരിച്ചറിഞ്ഞുതന്നെയാണ് ബ്രിട്ടീഷുകാർ ഇംഗ്ലീഷ് വിദ്യാഭ്യാസം ഇന്ത്യയിലും നടപ്പാക്കിയത്. യൂറോപ്യൻ ഇതര സംസ്‌കാരമുള്ളവരെ നന്നാക്കാനുള്ള ചുമതല യൂറോപ്യൻമാർക്കാണെന്ന് അവർ വിശ്വസിച്ചു. "വൈറ്റ്മാൻസ് ബർഡൻ' എന്ന വാക്കിന്റെ രാഷ്ട്രീയ സാഹചര്യം സ്വാതന്ത്ര്യത്തോടുകൂടി അവസാനിച്ചെങ്കിലും ഭാഷാപരവും സാംസ്‌കാരികവുമായിട്ടുള്ള അതിന്റെ സ്വാധീനം ആഗോളതലത്തിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് മനസ്സിന്റെ അപകോളനീകരണം എന്ന പുസ്തകത്തിൽ കെനിയയിലെ വിഖ്യാത നോവലിസ്റ്റുകൂടിയായ ഗൂഗി വാ തിഓംഗോ വ്യക്തമാക്കുന്നു.
ഒരു ജനപ്രിയ കലാരൂപമെന്ന നിലയിൽ സിനിമ ഭാഷയിലും സംസ്‌കാരത്തിലും നിരന്തരം ഇടപെടുന്നുണ്ട്. കോളനിയനന്തരകാലഘട്ടത്തിലും ആ ഇടപെടൽ അവശേഷിക്കുന്നു. അതിൽ പ്രധാനപ്പെട്ട ഇംഗ്ലീഷ് ഭാഷ ഉപയോഗിച്ചാണ് കൂലിക്കാരനായ ബാബു അയാളുടെ സ്വത്വം അടയാളപ്പെടുത്താൻ ശ്രമിക്കുന്നത്.

ബാബു എന്ന സ്വത്വനിർമിതി
ആരോടും ശുപാർശചെയ്യാത്ത, രാഷ്ട്രീയക്കാരനായ അച്ഛന്റെ മകനാണ് ബാബു. ഡിഗ്രി നേടിയിട്ടും പഴയ കടലാസിന്റെ വില പോലുമില്ലാത്ത സർട്ടിഫിക്കറ്റുകളുമായി അയാൾ മൂന്നുവർഷം അലഞ്ഞു. അങ്ങനെ അയാൾ ഒരു കൂലിക്കാരനായിത്തീർന്നു. മുമ്പുണ്ടായ സംഘട്ടനത്തെത്തുടർന്ന് ജാക്കി എന്ന കഥാപാത്രത്തെ തേടിയിറങ്ങിയ സുകുമാരന്റെ കഥാപാത്രം, അങ്ങാടിയിലെ കൂലിക്കാരുടെ സഹായത്തോടെ സിന്ധുവും ബിജുവും (രവികുമാർ) സഞ്ചരിച്ച കാർ തടയുന്നു. ഇതിനിടയിലാണ് ജയൻ രംഗപ്രവേശം ചെയ്തു സുകുമാരനെ തിരിച്ചയക്കുന്നത്. ഇതിനിടെ പൊലീസ് ഉദ്യോഗസ്ഥൻ സമൂഹത്തിലെ ഉന്നതനായ ബിജുവിനോട് എന്താണ് സംഭവിച്ചതെന്ന് ഇംഗ്ലീഷിൽ ചോദിക്കുന്നു.

ആ ചോദ്യത്തിനുത്തരമായി ബിജു ഈ യാചകർ എന്താണ് ചെയ്യുന്നതെന്ന് തനിക്കറിയില്ലെന്ന് അദ്ദേഹത്തോട് ഇംഗ്ലീഷിൽ മറുപടി പറയുന്നു. ഇവിടെയാണ് ബാബു എന്ന ജയന്റെ കഥാപാത്രത്തിന്റെ ആ സെൻസേഷണൽ ഡയലോഗ്. ബാബു പറഞ്ഞതിന്റെ അർഥം അവിടെയുള്ള കൂലിക്കാർക്കൊന്നും അറിയില്ലെന്ന് വ്യക്തം. എന്നാൽ, അവരിലൊരാളായി ജീവിച്ച ബാബു ഇംഗ്ലീഷ് പറയുന്നതിലൂടെ അയാൾക്ക് കൈവരുന്ന ഭാഷാവരേണ്യത, അയാളെ ഒരു നേതാവായി സ്ഥാപിക്കുന്നതിൽ നിർണ്ണായകമാകുന്നതായി മനസ്സിലാക്കാം. ഇത് അവർക്കും ബാബു എന്ന കഥാപാത്രത്തിനുമിടയിൽ അപരത്വം സൃഷ്ടിക്കുന്നുമുണ്ട്.

അയാളുടെ വിദ്യാഭ്യാസത്തിന്റെ സൂചകമായി അവൾക്കു ലഭിക്കുന്നത് അയാൾ സംസാരിക്കുന്ന ഇംഗ്ലീഷാണ്. ഇംഗ്ലീഷ് സംസാരിക്കുന്നയാൾ ആ തെരുവിന്റെ ഭാഗമല്ല എന്ന ബോദ്ധ്യമാണ്, എവിടെയാണ് വീട് എന്ന ചോദ്യത്തിലൂടെ അവൾ സ്ഥാപിച്ചെടുക്കുന്നത്

സിനിമയിൽ സീമ അവതരിപ്പിക്കുന്ന സിന്ധു എന്ന കഥാപാത്രം നായകനിൽ അനുരക്തയാകുന്നതിൽ ഇംഗ്ലീഷ് സംസാരിക്കാൻ ബാബുവിനെ പര്യാപ്തനാക്കിയ അയാളുടെ വിദ്യാഭ്യാസത്തിന് വലിയ പങ്കുണ്ട്. ആധുനികയും കൊളോണിയൽ വിദ്യാഭ്യാസത്തിന്റെ ഉല്പന്നവുമായ സിന്ധു, നാഗരികമായ വസ്ത്രങ്ങൾ ധരിക്കുകയും ബുള്ളറ്റ് ഓടിക്കുകയും ബിസിനസ്സുകാരനായ അച്ഛനെ ഡാഡി എന്നു സംബോധന ചെയ്യുകയും ചെയ്യുന്ന, മലയാളസിനിമയിൽ ഒരുകാലത്ത് നായികാകഥാപാത്രദ്വന്ദ്വങ്ങളിലെ ഒരു ഭാഗമായിരുന്ന "മോഡേൺ ഗേളി'നെ പ്രതിനിധീകരിക്കുന്ന കഥാപാത്രമാണ്. ഒരു ബലാത്സംഗശ്രമത്തിൽനിന്ന് ബാബു അവളെ രക്ഷപ്പെടുത്തിയ ശേഷം, അയാളോടു നന്ദി പറയാനായി അയാളുടെ ചെറിയ വീട്ടിലെത്തുന്ന അവൾ ഈ ആധുനികതയുടെ എല്ലാ അടയാളങ്ങളും അഴിച്ചുവച്ചാണ് അവിടേക്കും, പിന്നീട് അയാളുടെ ജീവിതത്തിലേക്കും പ്രവേശിക്കുന്നത് എന്നു കാണാം. അവിടെ, അയാൾ പാചകം ചെയ്തുകൊണ്ടിരുന്ന കഞ്ഞി ചോദിച്ചുവാങ്ങിക്കൊണ്ട് അയാളുടെ സ്വത്വവുമായി ഒരു ഐക്യപ്പെടൽ നടത്താൻ അവൾ തയ്യാറാകുന്നുണ്ട്. പക്ഷേ, അതിന്റെ പിന്നിലും പ്രേരകമായി വർത്തിക്കുന്നത് സാധാരണതൊഴിലാളികളിൽ നിന്ന് ഭാഷാപരമായും അതുവഴി സാമൂഹികമായും ബാബുവിനുള്ള അപരത്വമാണ്. അതിനെ ഈ സംഭാഷണത്തിലൂടെ അവൾ സ്ഥാപിച്ചെടുക്കുന്നുണ്ട്.

അങ്ങാടിയിലെ ഒരു രംഗം

സിന്ധു: നിങ്ങളാരാണ്?
ബാബു: അറിയില്ല, ഇവിടത്തെ ഒരു സാധാരണ ചുമട്ടുതൊഴിലാളി
സിന്ധു: അല്ല, എനിക്കറിയാം. ഒരു സാധാരണ തൊഴിലാളിയിൽക്കവിഞ്ഞ വിദ്യാഭ്യാസം നിങ്ങൾക്കുണ്ട്. അറിവും സംസ്‌കാരവും. എവിടെയാണ് ബാബുവിന്റെ വീട്?
ബാബു: എന്തിനാണ് അതൊക്കെ അന്വേഷിക്കുന്നത്? ഈ തെരുവും ഇവിടത്തെ വൃത്തികെട്ട കൂലിക്കാരുടെ കൂരകളും നിങ്ങളെപ്പോലത്തെ പണക്കാർക്ക് പരിചയപ്പെടാൻ കൊള്ളില്ല.
സിന്ധു: എന്നെനിക്കും തോന്നിയിരുന്നു. മുൻപ്. എന്നാലിന്ന് എന്റെ ധാരണ തെറ്റാണെന്ന് എനിക്കു ബോദ്ധ്യമായി.

1980-കളിൽ, ഇംഗ്ലീഷ് മീഡിയം സ്‌കൂളുകൾ വളരെ അപൂർവ്വവും വരേണ്യതയുടെ ചിഹ്നവുമായിരുന്ന കാലഘട്ടത്തിൽ, ബാബുവിന് സിന്ധു എന്ന ആധുനികയെ ഇംപ്രസ് ചെയ്യാൻ ഭാഷ എന്ന അധികാരരൂപം കൂടിയേ തീരൂ

സിന്ധുവിന്റെ ധാരണ തെറ്റാണെന്നു തെളിയിക്കുന്നത്, ബാബുവിന്റെ മേല്പ്പറഞ്ഞ അപരത്വം തന്നെയാണ്. അറിവ്, സംസ്‌കാരം, വിദ്യാഭ്യാസം തുടങ്ങിയ പദങ്ങളിലൂടെ താൻ ഭാഗമായ വരേണ്യതയുടെ ഭാഗമാക്കി അയാളെ മാറ്റുകയാണ് അവൾ, അയാളുണ്ടാക്കുന്ന കഞ്ഞി പ്ലാവില കൊണ്ടു കോരിക്കുടിച്ച് അയാളുടെ യാഥാർത്ഥ്യത്തിന്റെ ഭാഗമായി മാറുകയാണെന്ന തോന്നലുണ്ടാക്കുന്നുണ്ടെങ്കിലും. അയാളുടെ വിദ്യാഭ്യാസത്തിന്റെ സൂചകമായി അവൾക്കു ലഭിക്കുന്നത് അയാൾ സംസാരിക്കുന്ന ഇംഗ്ലീഷാണ്. ഇംഗ്ലീഷ് സംസാരിക്കുന്നയാൾ ആ തെരുവിന്റെ ഭാഗമല്ല എന്ന ബോദ്ധ്യമാണ്, എവിടെയാണ് വീട് എന്ന ചോദ്യത്തിലൂടെ അവൾ സ്ഥാപിച്ചെടുക്കുന്നത്.

ടി. ദാമോദരൻ

ഉന്നതവും അധമവുമെന്ന് അവൾ വേർതിരിച്ചിരുന്ന രണ്ട് സാംസ്‌കാരിക സ്വത്വങ്ങൾക്കിടയിലെ മതിലാണ് (കാശില്ലാത്ത തെണ്ടികൾ എന്ന് കൂലിക്കാരെ സിന്ധുവിന്റെ പിതാവും വിദ്യാഭ്യാസമില്ലാത്ത വൃത്തികെട്ട മനുഷ്യരെന്ന് സിന്ധുവും സിനിമയിൽ തൊഴിലാളികളെ വിശേഷിപ്പിക്കുന്നുണ്ട്) ബാബുവിന്റെ ഇംഗ്ലീഷ് സംഭാഷണം തകർക്കുന്നതെന്ന് കാണാം.
എല്ലാവർക്കും ഇംഗ്ലീഷ് വിദ്യാഭ്യാസം പ്രാപ്യമായ ഇക്കാലത്ത്, അങ്ങാടിയിലേതു പോലെ ഒരു സംഭാഷണത്തിന് തിയേറ്ററുകളിൽ കോളിളക്കം സൃഷ്ടിക്കാനാവുമോയെന്ന് സംശയമാണ്. എന്നാൽ 1980-കളിൽ, ഇംഗ്ലീഷ് മീഡിയം സ്‌കൂളുകൾ വളരെ അപൂർവ്വവും വരേണ്യതയുടെ ചിഹ്നവുമായിരുന്ന കാലഘട്ടത്തിൽ, ബാബുവിന് സിന്ധു എന്ന ആധുനികയെ ഇംപ്രസ് ചെയ്യാൻ ഭാഷ എന്ന അധികാരരൂപം കൂടിയേ തീരൂ. അതിലൂടെ അയാൾക്ക് സമൂഹത്തിൽ ലഭിക്കുന്ന അദൃശ്യമായ അധികാരം, ഭാഷ എന്ന സാംസ്‌കാരികമൂലധനത്തിന്റെ സംഭാവനയാണ്. ഈ ഡയലോഗിനെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന പ്രേക്ഷകർക്കുള്ളിൽ പ്രവർത്തിക്കുന്നത്, കൊളോണിയൽ ഭാവുകത്വമാണെന്നത് ഓർക്കുമ്പോൾ രസകരമായിത്തോന്നാം.

Comments