വരൂ, കഴുകന്മാർക്കൊപ്പം പറക്കാം

ബൈജു എച്ച് രചിച്ച ‘പ്രതീക്ഷയുടെ താഴ്​വാരം: മൊയാറും കഴുകന്മാരും’ (Valley of Hope :Moyar and Vultures ) എന്ന ഇംഗ്ലീഷ് പുസ്തകത്തിന്റെ വായന

കാൽനൂറ്റാണ്ടായി കഴുകന്മാരുടെ എണ്ണം അപകടകരമായി കുറഞ്ഞുവരികയാണ്. പ്രകൃതിയിലെ ജൈവ മാലിന്യങ്ങളുടെ നല്ല പങ്ക് നിർമാർജ്ജനം ചെയ്യുന്ന പക്ഷികളുടെ വംശക്ഷയം മനുഷ്യരുടെ സൈ്വരജീവിതത്തിന് കനത്ത ആഘാതം ഏൽപിക്കുമെന്ന ആശങ്കയിലാണ് ഗവേഷകർ. കന്നുകാലികളെ ചികിൽസിക്കാൻ ഉപയോഗിക്കുന്ന ഡൈക്ലോഫിനാക് (Diclofenac) എന്ന ഔഷധമാണ് കഴുകന്മാരുടെ നാശത്തിനു കാരണമായതെന്നു കണ്ടെത്തിയിരുന്നു. ഈ ഔഷധചികിത്സക്ക് വിധേയരായ കന്നുകാലികൾ ചത്താൽ ദേഹത്ത് ഔഷധാംശം കാണും. മൃതദേഹങ്ങൾ ഭക്ഷിക്കുന്ന കഴുകന്മാരുടെ ആന്തരികാവയവങ്ങൾ തകരാറിലാവുന്നതിനാൽ അകാലമരണം സംഭവിക്കുന്നു. മുട്ടകളുടെ തോടിന് കനം കുറഞ്ഞു പോകുന്നതിനാൽ അടയിരിക്കുന്ന പിടയുടെ ഭാരം താങ്ങാനാവാതെ മുട്ടകൾ പൊട്ടിപ്പോകുന്നു. മുബൈയിലെ പാഴ്‌സികൾ മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിനും ദഹിപ്പിക്കുന്നതിനും പകരം നിശബ്ദതയുടെ ഗോപുരത്തിൽ (Tower of Silence) കഴുകന്മാർക്കു ഇട്ടുകൊടുക്കുകയായിരുന്നു പതിവ്. മൃതശരീരങ്ങൾ ഭക്ഷിക്കാൻ വേണ്ടത്ര കഴുകന്മാർ ഇല്ലാത്തത് അവരുടെ ആചാരത്തിനു വിഘാതമായി. ഈ ഒരു പരിതസ്ഥിതിയിൽ കഴുകന്മാരെ കുറിച്ചുള്ള ഏതു നിരീക്ഷണവും പഠനവും ഏറെ പ്രസ്‌കതമാണ്.
ബൈജു എച്ച് രചിച്ച ‘പ്രതീക്ഷയുടെ താഴ്​വാരം: മൊയാറും കഴുകന്മാരും’ (Valley of Hope : Moyar and Vultures ) എന്ന ഇംഗ്ലീഷ് പുസ്തകത്തിലെ പ്രതിപാദന വിഷയം കഴുകന്മാരാണ്. കഴുകന്മാരെ കുറിച്ച് വിശദമായ അറിവുനൽകാൻ എഴുതിയതല്ല ഈ പുസ്തകമെന്ന് എഴുത്തുകാരൻ പ്രസ്താവിക്കുന്നുണ്ട്. പക്ഷേ, വിവിധതരം കഴുകന്മാരെ കുറിച്ചും ആവാസങ്ങളെ കുറിച്ചും ജീവിതത്തെ കുറിച്ചും അവ നേരിടുന്ന ഭീഷണികളെ കുറിച്ചും പുസ്തകത്തിൽ വ്യക്തമാക്കുന്നുണ്ട്. ശരിക്കു പറഞ്ഞാൽ കഴുകന്മാരെ തേടി അദ്ദേഹം നടത്തിയ നിരന്തര യാത്രകളുടെ മനോഹരമായ ആവിഷ്‌കാരമാണ് ഈ കൃതി. തമിഴ്‌നാട്ടിലെ മുതുമലൈ കടുവാസങ്കേതത്തിലെ മൊയാർ താഴ്വരയിലെ കഴുകന്മാരാണ് മുഖ്യപ്രതിപാദ്യവിഷയം. പക്ഷേ, എഴുത്തുകാരനിലെ പ്രകൃതിസ്‌നേഹിയുടെ നിരീക്ഷണങ്ങൾ കേവലം കഴുകന്മാരിൽ ഒതുങ്ങുന്നില്ല. മറ്റു പക്ഷികളും ആനയും കാട്ടുപോത്തും മാനുകളും അദ്ദേഹത്തിന്റെ കണ്ണുകൾക്ക് വിരുന്നേകുന്നുണ്ട്. കാട്ടുപാതയിലൂടെ വാഹനമോടിക്കുമ്പോൾ ടയറുകൾക്കടിയിൽ ജീവികൾ പെട്ടുപോകാതിരിക്കാൻ അതീവ ശ്രദ്ധ ചെലുത്തുന്ന ഒരു പ്രകൃതി സ്‌നേഹിയെ ഈ പുസ്തകത്തിലുടനീളം വായനക്കാർക്കു അനുഭവവേദ്യമാകുന്നുണ്ട്. വനാന്തരത്തിൽ ജീവിക്കുന്ന കാടിന്റെ മക്കളോടുള്ള എഴുത്തുകാരന്റെ സമീപനം സ്‌നേഹവും സൗഹാർദവും തുടിച്ചുനിൽക്കുന്നതാണ്.
കൊച്ചുകൊച്ചു അധ്യായങ്ങളിലൂടെ സ്ഫ്ടികലളിത ഭാഷയിലാണ് അദ്ദേഹം തന്റെ കാടനുഭവങ്ങൾ പങ്കുവെക്കുന്നത്. മൊയാർ താഴ്‌വര ഒരുകാലത്ത് കഴുകന്മാരുടെ പറുദീസായിയാരിന്നു എന്ന് ഒരു ആദിവാസിയുടെ ഓർമയിൽ തെളിയുന്നുണ്ട്. ഇപ്പോഴും തെക്കേ ഇന്ത്യയിലെ മറ്റിടങ്ങളിൽ ഈ താഴ്‌വരയിൽ കാണുന്നത്ര കഴുകന്മാരെ കാണുക അസാധ്യമാണ്. കേരളത്തിലും ഒരു നൂറ്റാണ്ട് മുമ്പേ സാധാരണയായി കണ്ടിരുന്ന കഴുകന്മാർ ഇപ്പോൾ അപൂർവ കാഴ്ചയായി തീർന്നിരിക്കുന്നു. ഈയിടെ എറണാകുളത്തെ കളമശ്ശേരിയിൽ പറന്നെത്തിയ ഒരു തോട്ടിക്കഴുകനെ (Egyptian Vulture) കാണാൻ കേരളത്തിന്റെ നാനാഭാഗത്തുനിന്നും പ്രകൃതിസ്‌നേഹികൾ ഓടിയെത്തിയത് ഇതിന് ഉത്തമ ദൃഷ്ടാന്തമാണ്. സംരക്ഷിച്ചില്ലങ്കിൽ ആസന്നഭാവിയിൽ കഴുകന്മാർ മണ്മറഞ്ഞുപോകുമെന്ന് ഗവേഷകന്മാർ മുന്നറിയിപ്പു നൽകുന്നു. പുസ്തകം വായിച്ചുപോകുമ്പോൾ നാം കാട്ടിലൂടെ നടക്കുകയാണെന്നു തോന്നും. പുഴ നമ്മുടെ മനസ്സിലൂടെ ഒഴുകുന്ന അനുഭവം. വരികൾക്കിടയിൽനിന്ന് കാട്ടുപക്ഷികൾ പാടുന്നത് കേൾക്കാം. അങ്ങനെ എഴുത്തുകാരെന്റ കാടനുഭവങ്ങൾ വായനക്കരെന്റെ സ്വാനുഭവങ്ങളായിത്തീരുന്ന അപൂർവ വായന സമ്മാനിക്കുന്ന പുസ്തകമാണിത്.

Comments