truecoppy
MORE
Truecopy Home
Readers
are
Thinkers

Wednesday, 20 January 2021

truecoppy
Truecopy Logo
Readers are Thinkers

Wednesday, 20 January 2021

Close
Banking
Random Notes
US Election
5 Minutes Read
Abhaya case verdict
Agriculture
Art
Astronomy
Babri Masjid
Bihar Ballot
Bihar Verdict
Biography
Book Review
Books
Capital Thoughts
Cartoon
Cas
Caste Politics
Caste Reservation
Cinema
Climate Emergency
Community Medicine
Contest
Controversy
corp
Covid-19
Crime
Crime against women
Cultural Studies
Cyberspace
Dalit Lives Matter
Dalit Politics
Dance
Data Privacy
Developmental Issues
Digital Economy
Digital Surveillance
Disaster
Documentary
Dream
Earth P.O
Economics
Economy
EDITOR'S PICK
Editorial
Education
Endosulfan Tragedy
Environment
Expat
Facebook
Fact Check
Farm Bills
Farmers' Protest
Feminism
Film Review
GAIL Pipeline Project
Gandhi
Gautam Adani
Gender
Gender and Economy
General strike
Government Policy
GRAFFITI
GRANDMA STORIES
Health
History
International Day of Older Persons
International Politics
International Politics
International Translation Day
Interview
Investigation
Kerala Budget 2021
Kerala Election
Kerala Politics
Kerala State Film Awards
Labour Issues
Labour law
Law
lea
learning
Life
Life Sketch
Literary Review
Literature
Long Read
LSGD Election
Media
Media Criticism
Memoir
Memories
Monsoon
Music
music band
National Politics
Nobel Prize
Novel
Nursing Bill
Obituary
Open letter
Opinion
Other screen
panel on Indian culture's evolution
Petition
Philosophy
Photo Story
Picture Story
POCSO
Podcast
Poetry
Police Brutality
Political Read
Politics
Politics and Literature
Pollution
Post Covid Life
Poverty
Promo
Racism
Rationalism
Re-Reading-Text
Refugee
Remembering Periyar
Science
Second Reading
Service Story
Sex Education
SFI@50
Sherlock Holmes
Spirituality
Sports
Statement
Story
Tax evasion
Teachers' Day
Team Leaders
Technology
Theatre
Travel
Travelogue
Tribal Issues
Trolls
True cast
Truecopy Webzine
Truetalk
UAPA
UP Politics
Video Report
Vizag Gas Leak
Weather
Youtube
ജനകഥ
lakhshadweep

എല്ലാ പ്രേമവും ശുഷ്‌കം
എല്ലാ ഭാവനകളും ശുഷ്‌കം
ഭക്തിയും ശുഷ്‌കം

ലക്ഷദ്വീപ് ഡയറി 2 എല്ലാ പ്രേമവും ശുഷ്‌കം, എല്ലാ ഭാവനകളും ശുഷ്‌കം, ഭക്തിയും ശുഷ്‌കം

ബാല്യം മുതല്‍ ഏതോ കാരണത്താല്‍ അവിശ്വാസിയായി, നിസ്‌ക്കാരവും സലാമുമില്ലാതെ പോത്തുപോലെ അലഞ്ഞുതിരിഞ്ഞവന്‍ ഈ ദ്വീപില്‍ വന്നിറങ്ങിയതില്‍പ്പിന്നെ കുട്ടിക്കാലത്ത് മനഃപാഠമാക്കിയ ഖുര്‍ആനിലെ ആയത്തുകളും സലാത്തിലെ വരികളും റാത്തീബിലെ കീര്‍ത്തനങ്ങളും എങ്ങനെയോ മായാജാലം കണക്കെ എന്റെ തൊണ്ടയില്‍നിന്ന് പുറപ്പെട്ടു വരുന്നുണ്ടായിരുന്നു- ലക്ഷദ്വീപ്​ ഡയറി രണ്ടാം ഭാഗം

11 Aug 2020, 12:54 PM

അബ്ദുള്‍ റഷീദ്

"മഹത്തരമായ വലിയൊരു യാത്രയ്ക്കുള്ള സാഹചര്യമുണ്ടാവണമെങ്കില്‍ ഓരോ തവണവും നിന്റെ ചന്തിയില്‍ കട്ടുറുമ്പ് ചെറുതായി കടിക്കേണ്ടതായിട്ടുണ്ട്' എന്നു പറഞ്ഞ് മൊല്ലാക്ക, ഖുര്‍ആന്‍ തെറ്റി വായിക്കുമായിരുന്ന എന്റെ പിന്‍ഭാഗത്ത് ചെറുതായി പിച്ചും. വേദനയേക്കാളുമധികമളവില്‍ അലമുറയിട്ട് ഞാൻ അല്‍പനേരം ശരിയായി വായിക്കുകയും ചെയ്യും. കുറച്ചു കഴിഞ്ഞ് അദ്ദേഹത്തിന് വീണ്ടും നുള്ളേണ്ടതായി വരും. ഇങ്ങനെ ആയിരം തവണ പിച്ചിയശേഷം എനിക്ക് ഖുര്‍ആനിലെ ആദ്യ പത്ത് സൂറത്തുകള്‍ വായിക്കാന്‍ കഴിഞ്ഞു. "നീ തെറ്റില്ലാതെ നന്നായി വായിച്ചു തീര്‍ത്തത് നിന്റെ തലച്ചോറിന്റെ കഴിവു കൊണ്ടല്ല ചെറുക്കാ... അതെന്റെ വിരലുകളുടെ മാന്ത്രിക ശക്തിയാല്‍' എന്ന് അദ്ദേഹം ചിരിക്കുമായിരുന്നു.

ഞാന്‍ പതിനൊന്നാം സൂറത്തിലേക്ക് കടക്കുന്ന സമയത്ത് അദ്ദേഹത്തിന് ഓര്‍മക്കേട് തുടങ്ങി. അപ്പോഴേക്കും മൊല്ലാക്ക പിഞ്ഞാണപ്പാത്രവും എവിടെയോ നഷ്ടപ്പെടുത്തിയിരുന്നു. എന്നാല്‍ അതാരോടും പറഞ്ഞില്ല. "കളഞ്ഞുപോയ വസ്തുക്കളെക്കുറിച്ച്, അത്​ തന്നത്താനെ തിരിച്ചു കിട്ടുന്നതുവരെ ആരോടും പറയാന്‍ പാടില്ല. അങ്ങനെയാരോടെങ്കിലും പറഞ്ഞാല്‍ അതു തിരിച്ചു കിട്ടുമ്പോള്‍ അതിന്റെ ശക്തി അതില്‍ ബാക്കികിടപ്പുണ്ടായിരിക്കില്ല. അതവരുടെ ഭാഗമായി മാറും' എന്നദ്ദേഹം പറയുമായിരുന്നു. അതിനാല്‍ കളഞ്ഞുപോയ പിഞ്ഞാണപ്പാത്രത്തിന്റെ കാര്യം അദ്ദേഹം ആരോടും പറയാതെ ഉള്ളില്‍ ഒതുക്കിവെച്ച് സ്വയം പീഡയനുഭവിച്ചു. ഇതിന്റെ പരിണാമത്താലോ എന്തോ അദ്ദേഹത്തിന് ഓര്‍മക്കുറവും അനവസരത്തിലുള്ള മൂത്രശങ്കയുമുണ്ടാവാന്‍ തുടങ്ങി. അതില്‍ പിന്നീട് അദ്ദേഹം ഇടയ്ക്കിടെ മൂത്രിക്കാന്‍ പോകുന്നതും വുളു എടുത്തു വന്ന് വീണ്ടും ഖുര്‍ആന്‍ വായിപ്പിക്കാനിരിക്കുന്നതും വീണ്ടും എഴുന്നേറ്റ് ചെല്ലുന്നതും ആവര്‍ത്തിച്ചപ്പോള്‍ അദ്ദേഹത്തിന് സ്വന്തത്തോടുതന്നെ വെറുപ്പ് തോന്നാന്‍ തുടങ്ങുകയും ഞങ്ങളെ പിച്ചുന്നത് നിര്‍ത്തുകയും ശ്രദ്ധക്കുറവിന് അടിമപ്പെടുകയും ചെയ്തു. 

ഇപ്പോള്‍ നോക്കുമ്പോള്‍, അതുപോലുള്ള ഒരു കട്ടുറുമ്പിനാല്‍ കടിക്കപ്പെട്ട് ഞാനും ആ മൊല്ലാക്കയെപ്പോലെ എങ്ങോട്ടോ പുറപ്പെട്ട് ഇപ്പോള്‍ അദ്ദേഹത്തിന്റെ മൂലസ്ഥാനത്തേക്ക് തന്നെ വന്നെത്തിയിരിക്കുന്നു. കവരത്തിയെന്ന ഈ ദ്വീപിന്റെ ഹൃദയഭാഗത്തുള്ള മുന്നൂറു വര്‍ഷത്തോളം പഴക്കമുള്ള ഹുജറ പള്ളിയുടെ മുറ്റത്തെ മണല്‍ത്തറയില്‍ കാല്‍മുട്ടുകള്‍ വളച്ചുവെച്ച് മുന്നൂറു വര്‍ഷം മുമ്പ് പായ്ക്കപ്പലിലേറി ഇവിടെ വന്നിറങ്ങിയ കന്നടനാട്ടിലെ ഒരു സൂഫിഗുരുവിന്റെ അടഞ്ഞു കിടക്കുന്ന വാതിലുള്ള ദര്‍ഗയുടെ എതിര്‍വശത്തെ പള്ളിയില്‍നിന്ന് അദ്ദേഹത്തെക്കുറിച്ച് ഉയര്‍ന്നു വരുന്ന അറബിമലയാളത്തിലുള്ള മദ്ഹുകള്‍ ഞാന്‍ കേട്ടുകൊണ്ടിരിക്കുന്നു. വ്രതശുദ്ധി പാലിക്കാത്തവര്‍ പ്രവേശിക്കാന്‍ പാടില്ലാത്ത ആചാരനിഷ്ഠയുള്ള പള്ളിയാണത്. മനസ്സിനകത്ത് സന്ദേഹവും തലയ്ക്കകത്ത് പിരിമുറുക്കവും ശരീരത്തില്‍ അഴുക്കുമുള്ള ആരും ഉള്ളില്‍കടക്കരുതാത്ത ശ്രീകോവില്‍പോലുള്ള സ്ഥലം. വെളിച്ചെണ്ണ കത്തിച്ച ഒരു വിളക്ക് അവിടെ എരിയുന്നുണ്ടായിരുന്നു. മദ്ഹ് പാടുന്നതോടൊപ്പം പുകയുന്ന ധൂപകലശത്തില്‍ അവര്‍ കുന്തിരിക്കം വിതറുന്നുണ്ടായിരുന്നു.  സുഗന്ധപൂരിതവും പുകപടലം നിറഞ്ഞതുമായ ആ ഒരു അന്തരീക്ഷത്തിനുനടുവില്‍ ശുഭ്രവസ്ത്രമണിഞ്ഞ ദൃഢശരീരരായ പുരുഷന്മാര്‍ പരവശരായി ഭക്തിയുടെ ഉന്മാദത്തില്‍ തലയാട്ടിയും ഇരുന്നും എഴുന്നേറ്റും നിന്നും കൈയ്യിലുള്ള ദഫിനെ മാന്ത്രികരെപ്പോലെ കറക്കി കൊട്ടിപ്പാടുന്നുണ്ടായിരുന്നു.

ഞാനാണെങ്കില്‍ ഇടവേളകളില്‍ അശ്രദ്ധനായിരുന്ന്​ കഴിഞ്ഞുപോയ എന്റെ പഴയ പ്രേമത്തെക്കുറിച്ചും കൊഴിഞ്ഞുപോയ സുന്ദരമായ കാലത്തെക്കുറിച്ചും ഇടയ്ക്കിടെ തലയ്ക്കകത്ത് കട്ടുറുമ്പുകളെ അലയാന്‍വിട്ട് എങ്ങോട്ടോ പുറപ്പെട്ട് വീണ്ടും അവിടെത്തന്നെ തിരിച്ചെത്തുമായിരുന്നു. ഏതോ കാലത്ത് പായ്‌ത്തോണിയിലേറി കേരളതീരത്തെത്തി മലബാറിലേക്കും അവിടെനിന്ന് കുടകിലേക്കും ചെന്ന മൊല്ലാക്കയുടെയും അദ്ദേഹത്തിന്റെ പൂര്‍വികരുടെയും പിന്‍ഭാഗത്ത് എന്നെപ്പോലെത്തന്നെ ചെറുതായി കട്ടുറുമ്പ് കടിച്ചിരിക്കണം. അന്നു മുതലായിരിക്കണം അവരുടെ മഹായാത്രയുടെ തുടക്കമെന്നുമാണ് ഞാന്‍ കരുതുന്നത്.

MOSQUE

മദ്ഹുകള്‍ പാടിക്കഴിഞ്ഞ ഗായകര്‍ പള്ളിയുടെ മൂലയ്ക്കുള്ള അത്തര്‍നിറച്ച താലത്തിലേക്ക് തങ്ങളുടെ വലതുകൈ താഴ്​ത്തുന്നു, അതുകഴിഞ്ഞ് രണ്ടു കൈകള്‍കൊണ്ടും ദേഹത്ത് പുരട്ടി സൂഫിവര്യന്റെ മഖ്ബറയെ വണങ്ങി പുറത്തേക്ക് വരുന്നു. ഒരു കാലത്ത് തങ്ങളുടെ ബലിഷ്ഠമായ തോളുകളാല്‍ പങ്കായം പിടിച്ച് കടല്‍വെള്ളം വെട്ടിക്കീറി വള്ളങ്ങള്‍ ചലിപ്പിച്ചിരുന്നവരുടെ മക്കളാണവര്‍. ഇവരുടെ തോളും അതുപോലെ ഉറപ്പുള്ളതായിരുന്നു. ഒരു തരത്തിലുള്ള അവ്യക്തമായ രൗദ്രതയും ഉൽക്കണ്ഠയും നിറഞ്ഞുതുളുമ്പുന്ന വിചിത്രപുരുഷന്മാര്‍. ഇപ്പോള്‍ എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും പാട്ടിന്റെ ശബ്ദം കേള്‍ക്കുന്ന സമയത്ത് സൈക്കിളും ചവിട്ടി ഹാജരാകുന്ന എന്റെ നേരെ അവര്‍ സലാം പറയുന്നു. ഞാനും സലാം മടക്കി പുഞ്ചിരിക്കുന്നു. ബാല്യം മുതല്‍ ഏതോ കാരണത്താല്‍ അവിശ്വാസിയായി, നിസ്‌ക്കാരവും സലാമുമില്ലാതെ പോത്തുപോലെ അലഞ്ഞുതിരിഞ്ഞവന്‍ ഈ ദ്വീപില്‍ വന്നിറങ്ങിയതില്‍പ്പിന്നെ ദ്വീപുവാസിയായി അവരെപ്പോലെതന്നെ നടക്കുന്നതും ഇരിക്കുന്നതും നിസ്‌കരിക്കുന്നതും പ്രാര്‍ഥിക്കുന്നതും ശീലമാക്കി അവ്യക്തമായ കുസൃതിത്തരവും സന്തോഷവും അനുഭവിക്കുന്നു. കുട്ടിക്കാലത്ത് മനഃപാഠമാക്കിയ ഖുര്‍ആനിലെ ആയത്തുകളും സലാത്തിലെ വരികളും റാത്തീബിലെ കീര്‍ത്തനങ്ങളും അതെങ്ങനെയോ മായാജാലം കണക്കെ എന്റെ തൊണ്ടയില്‍നിന്ന് പുറപ്പെട്ടു വരുന്നുണ്ടായിരുന്നു. 

മൊല്ലാക്കയെപ്പോലെ എനിക്കും അകാലത്തിലുള്ള ഓര്‍മക്കുറവ് സംഭവിച്ചിരിക്കാമോ എന്ന സന്ദേഹവും പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്ന വേളയില്‍ എന്റെ മനസില്‍ ചെറിയൊരു അരുവി പോലെ ഒഴുകുന്നുണ്ടായിരുന്നു. പിഞ്ഞാണപ്പാത്രം നഷ്ടപ്പെട്ട് ഓര്‍മക്കേട് സംഭവിച്ച മൊല്ലാക്ക. ആത്മഗുരുവിനെ നഷ്ടപ്പെട്ട് പ്രാര്‍ഥനയുടെ ഇടവേളകളില്‍ അശ്രദ്ധനായി കണ്ണീരൊലിപ്പിക്കുന്ന ഞാന്‍. ചുറ്റിലും ദൈവത്തിന്റെ കരുണപോലെ വ്യാപിച്ചിരുന്ന അഗാധമായ നീലക്കടല്‍. ആയിരം കോടി വര്‍ഷങ്ങളായി ഈ കടലിന്റെ നീലനിറം ഇങ്ങനെത്തന്നെയാണ്. അതിനുള്ളില്‍ വസിക്കുന്ന മാസ്മരികമായ വര്‍ണങ്ങളിലുള്ള മീനുകള്‍ ജനിച്ചും വളര്‍ന്നും മരിച്ചും മനുഷ്യന് ആഹാരമായും കോടിക്കണക്കിന് വര്‍ഷങ്ങളായി ജീവിച്ചുപോരുന്നു. 

കടലിലെ പര്‍വതങ്ങളും ജ്വാലാമുഖികളും പുല്‍മേടുകളും ഉദ്യാനങ്ങളും അതുപോലെത്തന്നെ കിടപ്പുണ്ട്. ഈ ഇടവേളകളില്‍ നമ്മുടെ കുഞ്ഞുപ്രേമങ്ങളും രതിസുഖങ്ങളും സൂഫികളും അവരുടെ ദിവ്യാത്ഭുതങ്ങളും ഭക്തരുടെ ആര്‍ത്തനാദങ്ങളും കളഞ്ഞുപോയ പിഞ്ഞാണപ്പത്രങ്ങളും എല്ലാം കണ്ടറിയണമെന്ന് പുറപ്പെട്ടിരിക്കുന്ന ഞാനും. എന്തോ നിസ്‌ക്കരിക്കാനായി കൈ കെട്ടിയപ്പോള്‍ അവള്‍ക്കായി ഞാനൊലിപ്പിച്ച കണ്ണീര്‍ മതിയായിരുന്നില്ല എന്നു തോന്നി. അതുപോലും പോവുകയും വരികയും ചെയ്യുന്ന ഭക്തിപോലെ വരണ്ടതാണെന്ന് തോന്നുന്നു. എല്ലാ പ്രേമവും ശുഷ്‌കം, എല്ലാ ഭാവനകളും ശുഷ്‌കം, ഭക്തിയും ശുഷ്‌കം. ആ വേളയില്‍ നിറഞ്ഞു കവിയുന്ന ഗദ്ഗദമായ സ്വരം, വിങ്ങുന്ന കഴുത്തിലെ ഞരമ്പുകള്‍, ഉന്മത്തമാകുന്ന കണ്‍മിഴികള്‍. എല്ലാം സത്യമെന്ന് തോന്നിയതിനാല്‍ പ്രാര്‍ത്ഥനക്കായി മുട്ടു മടക്കി. വീണ്ടും ബാല്യകാലത്തേക്ക് തിരിച്ചു പോകുന്നതുപോലെ ഒരു വിചാരം എന്നെ പിടികൂടി.

എന്നില്‍ ഞാന്‍ വികാരാതീതനായി. എന്താണെന്നറിയില്ല, നിന്റെ എഴുത്തില്‍ വൈകാരികത കുറവാണെന്ന് ആരോ പറഞ്ഞിട്ടുണ്ട്. അതിനാലാണെന്ന് കരുതിക്കൊള്ളുക, പ്രശ്‌നമില്ല. അത് സംഭവിച്ചത് മറ്റൊരു അമാവാസി രാത്രിയുടെ മുമ്പോ പിമ്പോ ആയിരിക്കണം. എന്തോ കാരണത്താല്‍ ഹുജറ പള്ളിയുടെ ഭാഗത്തേക്ക് പോകാന്‍ ഞാന്‍ താമസിച്ചു. ദിക്ര് ആലപിക്കുന്നവര്‍ പള്ളിയുടെ പടികളിറങ്ങി കുളത്തിനരികിലൂടെ മുന്നോട്ടു നടന്ന് ഇരുട്ടില്‍ കണ്മറയുന്നുണ്ടായിരുന്നു. പള്ളിയുടെ മുഖ്യസ്ഥന്‍ ഗേറ്റിനു കൊളുത്തിടുകയായിരുന്നു. താമസിച്ചു ചെന്ന എന്നോട് അയാള്‍ക്ക് ദേഷ്യമുള്ളതുപോലെ തോന്നി. "ക്ഷമിക്കുക, നാട്ടിലെ ചില പ്രശ്‌നങ്ങള്‍. ഫോണില്‍ സംസാരിച്ചിരുന്ന് താമസിച്ചു പോയി' എന്ന് മാപ്പു ചോദിച്ചു. "ഇത് മാപ്പിന്റെ സംഗതിയല്ല' എന്നു പറഞ്ഞു അയാള്‍. "തിങ്കളാഴ്ച അസ്തമിച്ച ചൊവ്വാഴ്ച രാത്രിയിലും വ്യാഴാഴ്ച അസ്തമിച്ച വെള്ളിയാഴ്ച രാത്രിയിലും ഇശാ നമസ്‌കാരത്തിനുശേഷം നടക്കുന്ന മൗലീദ് പാരായണം കഴിഞ്ഞാല്‍ അതിനകത്തേക്ക് മനുഷ്യര്‍ക്കാര്‍ക്കും പ്രവേശനമില്ല. തുടര്‍ന്ന് അവിടെ നടക്കുന്നത് മുന്നൂറു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇഹലോകം വെടിഞ്ഞ സൂഫീവര്യനും അതുകഴിഞ്ഞ് മരണമടഞ്ഞ അദ്ദേഹത്തിന്റെ മുരീദന്മാരും ജിന്നുകളും തമ്മിലുള്ള കുശലാന്വേഷണവും സമ്മേളനവും. ജീവിച്ചിരിക്കുന്ന മനുഷ്യര്‍ക്കാര്‍ക്കും അവിടെ പ്രവേശനമില്ല' എന്ന് അയാള്‍ കഥ പറഞ്ഞു. 

ld

എന്നാല്‍ കുറച്ചു വര്‍ഷങ്ങള്‍ക്കുമുമ്പ് ഇതേക്കുറിച്ചറിയാത്ത ഈ പള്ളിയുടെ കാവല്‍ക്കാരന്‍ അറിയാതെ ഉള്ളില്‍ ഉറങ്ങിപ്പോയി. അര്‍ദ്ധരാത്രി എന്തോ ശബ്ദംകേട്ട് കണ്ണു തുറന്നു നോക്കിയപ്പോള്‍ കാലങ്ങളായി മണ്ണോടുമണ്ണായി കിടക്കുന്ന സൂഫീവര്യന്റെ മഖ്ബറയുടെ മുന്നിലുള്ള ഹുജറ പള്ളിയുടെ പൂമുഖത്ത് ദിവ്യമായ സമാഗമം നടക്കുന്നു. മരണം പൂകിയ സൂഫീവര്യനും അദ്ദേഹത്തിനുശേഷം സമാധിയടഞ്ഞ മുരീദന്മാരായ ശിഷ്യന്മാരും ആകാശത്തു നിന്നിറങ്ങി വന്ന ജിന്നുകളും ചാരുകസേരയില്‍കാലു നീട്ടിയിരുന്നുകൊണ്ട് ദിവ്യമായ സത്സംഗം നടത്തുന്നു. കാവല്‍ക്കാരന്റെ വായ അടഞ്ഞുപോയി. താന്‍ വര്‍ഷങ്ങളായി സേവനം ചെയ്തുകൊണ്ടിരിക്കുന്ന, മുന്നൂറു കൊല്ലങ്ങള്‍ക്ക് മുമ്പ് മരിച്ച സൂഫീവര്യന്‍ മന്ദഹസിക്കുന്നു. അദ്ദേഹത്തിന്റെ ശിഷ്യഗണങ്ങളും ജിന്നുകളും ഇടയ്ക്കിടെ കണ്ണുകള്‍ ചിമ്മിയും പുഞ്ചിരിച്ചും സംവദിച്ചു കൊണ്ടിരിക്കുന്നു. കാവല്‍ക്കാരനായ പാമരന്റെ മുഖത്തും മന്ദസ്മിതം വിടര്‍ന്നു. ആ ആനന്ദത്താല്‍ സ്വയംമറന്ന് അയാള്‍ ഓടിച്ചെന്ന് സൂഫീഗുരുവിന്റെ കാലില്‍വീണ് ആ പാദങ്ങളെ ചുംബിച്ചു. അപ്പോള്‍ അവിടെ ഒരു കോലാഹലമുണ്ടായി. മരണപ്പെട്ടുപോയ മുരീദന്മാര്‍ മുഖംകറുപ്പിച്ചു. ജിന്നുകള്‍ അസ്വസ്ഥരായി. എന്നാല്‍ സൂഫീവര്യന്‍ തന്റെ മഖ്ബറയ്ക്കു കാവല്‍നില്‍ക്കുന്ന ആ കാവല്‍ക്കാരനെ ആലിംഗനം ചെയ്ത് അയാളുടെ നെറ്റിയില്‍ ചുംബിച്ച് ആശിര്‍വദിച്ചു. കാവല്‍ക്കാരന്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. അയാള്‍ ഉന്മാദമായ അവസ്ഥയിലായിരുന്നു. പക്ഷേ സൂഫീഗുരു അവന്​ താക്കീതു നൽകി: "ഈ സഭയിലേക്ക് ജീവിച്ചിരിക്കുന്ന മനുഷ്യര്‍ക്ക് പ്രവേശനമില്ല. എന്നാല്‍ ഇതിന് നീ സാക്ഷിയായിരിക്കുന്നു. ഇതു നിന്റെ സൗഭാഗ്യമാണ്, അതേപോലെ ദൗര്‍ഭാഗ്യവും. ഇത് സൗഭാഗ്യമായി ബാക്കി നില്‍ക്കണമെങ്കില്‍ ഈ സന്തോഷത്തെ നിന്നില്‍മാത്രം അടക്കിവെയ്ക്കണം. ആരോടും വെളിപ്പെടുത്താന്‍ പാടുള്ളതല്ല' എന്ന് അവനോട് അഭ്യര്‍ഥിച്ചു. 

ആ സന്തോഷം പറഞ്ഞറിയിക്കാനും സൂക്ഷിക്കാനും സാധിക്കാതെ കാവല്‍ക്കാരന്‍ പുഞ്ചിരിയെ മുഖത്തു തന്നെ നിലനിര്‍ത്തി, പ്രഭാതത്തില്‍ വൈകി പ്രസന്നവദനായി വീട്ടിലേക്ക് മടങ്ങി. താമസിച്ചു വന്ന ഭര്‍ത്താവിന്റെ മുഖത്ത് പതിവില്ലാത്ത മന്ദഹാസം കണ്ട ഭാര്യയ്ക്ക് സ്വാഭാവികമായും സംശയങ്ങളുണര്‍ന്നു. അവള്‍ ഭര്‍ത്താവിനോട് അപേക്ഷിക്കുകയും അയാളെ ബുദ്ധിമുട്ടിക്കുകയും ചിത്രവധം ചെയ്യുകയും ചെയ്തു. വേറെ വഴിയില്ലാതെ അയാള്‍ക്ക് സത്യം വെളിപ്പെടുത്തേണ്ടി വന്നു. ആ സത്യം അറിയാനിടയായ അയാളുടെ ഭാര്യ തന്റെ അയല്‍ക്കാരായ സ്ത്രീകളോടും അത് പങ്കുവെച്ചു. അവരെല്ലാവരും ആനന്ദപുളകിതരായി കൂട്ടം ചേര്‍ന്ന് സൂഫീവര്യനെ കാണാന്‍ ചെന്നപ്പോള്‍നേരം പുലര്‍ന്ന് എല്ലാവരും അവിടം വിട്ട് പോയിരുന്നു. നിരാശയായി തിരിച്ചു വന്ന അവള്‍ കണ്ടത് മറ്റൊരു ഗതിയുമില്ലാതെ അവളോട് സത്യം തുറന്നു പറയേണ്ടി വന്ന ഭര്‍ത്താവ് കിടന്നിടത്തു തന്നെ മരണപ്പെട്ടിരിക്കുന്നതായാണ്.  

ഈ കഥ പറഞ്ഞ പള്ളിയുടെ മുഖ്യസ്ഥന്‍ എന്റെ മുഖത്തേക്കൊന്നു ശ്രദ്ധിച്ചുനോക്കി. ഞാന്‍ പരിഭ്രമിച്ചില്ല എന്ന്​ മനസ്സിലാക്കിയ അയാളുടെ മുഖത്തു വിടര്‍ന്ന ചെറുപുഞ്ചിരി ആ ഇരുട്ടിലും എനിക്ക് കാണാന്‍ സാധിച്ചു; "നോക്കൂ, ഈ പള്ളിയുടെ പിഞ്ഞാണപ്പാത്രം തേടിക്കൊണ്ടിരിക്കുന്നത്​ നീ നിര്‍ത്തൂ. എന്തെന്നാല്‍ അത് ഉണ്ടെന്നത് സത്യമാണ്. എന്നാല്‍ അതുള്ളത് ഇവിടെയല്ല.' എന്നു പറഞ്ഞ് അദ്ദേഹം മൗനനായി.  

കപ്പലില്‍ പരിചയപ്പെട്ട പഴയ കാല അഭിനേത്രിയുടെ കഥ

കൊച്ചിയില്‍നിന്ന് ഞാന്‍ വസിക്കുന്ന ലക്ഷദ്വീപിലെ കവരത്തിയിലേക്ക് വിമാനത്തിൽ പോകാനാകില്ല. അഗത്തിയെന്ന ദ്വീപില്‍ വിമാനമിറങ്ങി അവിടെ നിന്ന് സ്പീഡ് ബോട്ടില്‍ രണ്ടുമണിക്കൂര്‍ സഞ്ചരിച്ചാല്‍ കവരത്തിയില്‍ ചെന്നിറങ്ങാം. അല്ലെങ്കില്‍ ഒരു രാത്രിയും മുക്കാല്‍ പകലും കപ്പലില്‍ ഇരുന്നും ഉറങ്ങിയും ഏകദേശം ഇരുനൂറ്റന്‍പത് മൈൽ കടലില്‍ ചെലവഴിച്ചാല്‍

അവിടെയെത്താം. ഇപ്രാവശ്യം ഞാന്‍ ഈ രണ്ടും വേണ്ടെന്നു വെച്ച് ദ്വീപിലേക്ക് പോകുന്ന ഒരു സഞ്ചാര നൗകയില്‍ കയറിപ്പറ്റി 415 മൈല്‍ ദൂരം കറങ്ങി. രണ്ടര പകലും കൃത്യം മൂന്നു രാത്രിയും കടലില്‍ കഴിയാൻ മടിയനായ എനിക്ക് കിട്ടുന്ന അപൂര്‍വാവസരം. പറയാന്‍ വാക്കില്ലാതെ കേള്‍ക്കാന്‍ കഥകളുമില്ലാതെ ഭകാസുരന്റെ വയറുപോലെയുള്ള ഈ കൂറ്റന്‍കപ്പലില്‍ അപരിചിതരായ സഞ്ചാരികളുടെ നടുവില്‍ ദിശ തെറ്റിയവനെപ്പോലെ അലയുമ്പോഴുള്ള ആനന്ദം.
സഞ്ചാരികള്‍ ചോദിച്ചാല്‍ ഞാന്‍ സഞ്ചാരിയല്ല. ദ്വീപുവാസികള്‍ ചോദിച്ചാല്‍ ഞാന്‍ ദ്വീപുവാസിയുമല്ല. ഒരുവേള സാക്ഷാല്‍ മഹാവിഷ്ണുതന്നെ മുന്നില്‍വന്നുനിന്ന് നീയാരാണെന്ന് ചോദിച്ചാല്‍ ‘നിന്റെ അറിവില്‍ പെടാത്തത് ഈ പ്രപഞ്ചത്തില്‍ എന്തുണ്ട് പ്രഭുവേ’ എന്നു ചോദിച്ച് ഭക്തിയോടെ വണങ്ങി രക്ഷപ്പെടാമെന്നോര്‍ത്ത് എനിക്ക് ചിരി വരുമായിരുന്നു. ആദ്യമായി വലിയ ഒരു ശിശുഭവനത്തിലേക്ക് ചെന്ന ബാലനെപ്പോലെ കപ്പലിലെ മുക്കും മൂലയും കണ്ണുകളില്‍ നിറച്ചുകൊണ്ട് എവിടേയും നിലകൊള്ളാതെ നടക്കുകയായിരുന്നു. നിന്നിടത്ത് നിലയുറപ്പിക്കാത്ത കപ്പലിന്റെ ചെറുതായ ഉലച്ചിലില്‍ മതിഭ്രമിച്ച കാലുകള്‍ മകനേ, നീ ചലിക്ക്... നടക്കാന്‍ ഞങ്ങളില്ലേ... എന്ന് പ്രേരിപ്പിക്കുന്നുണ്ടായിരുന്നു.  

രാവണന്‍കോട്ട പോലുള്ള കപ്പലിനകത്തെ ഉള്‍വഴികള്‍, കോണികള്‍, ചവിട്ടുപടികള്‍, ഭക്ഷണശാലകള്‍, പ്രാര്‍ത്ഥനാമുറികള്‍, വരേണ്യ സഞ്ചാരികളുടെ കാബിനുകള്‍, അടിത്തട്ടിൽ സാധാരണക്കാരായ യാത്രികരുടെ റെയില്‍വേ ബോഗികളിലേതുപോലെ തിങ്ങിനിറഞ്ഞ ബെര്‍ത്തുകള്‍, ഇരുവശത്തും നില്‍ക്കാനും ഇരിക്കാനും നടക്കാനുമുള്ള മഹത്തായ അവസരം. നീലക്കടലില്‍ സ്വപ്ന നൗകയെപ്പോലെ എള്ളോളമാടാതെ മന്ദഗമനിയായ സുന്ദരിയെപ്പോലെ ചലിക്കുന്ന കപ്പല്‍. കടലില്‍ കണ്മുമ്പില്‍തന്നെ  സൂര്യനുദിച്ച് നേരം പുലരുകയും അത് മുകളിലേറിക്കൊണ്ടിരിക്കേ കടല്‍ വെളുക്കുകയും ചെയ്യുന്നു. പകല്‍ അതിന്റെ പൂര്‍ണ്ണതയിലേക്ക് കടക്കുമ്പോള്‍ ആ വെട്ടിത്തിളങ്ങുന്ന വെളിച്ചത്തിലും സൂര്യന്റെ ചൂടറിയിക്കാത്ത, കടലിന് മേലെ വീശുന്ന തണുത്ത കാറ്റ്. കപ്പലിനെ പിന്തുടര്‍ന്ന്​ വെള്ളിയാഭരണങ്ങളെപ്പോലെ ഇടയ്ക്കിടെ മുകളിലേക്ക് ചാടി മിന്നിമറയുന്ന വിചിത്ര മത്സ്യങ്ങള്‍. ആര്‍ത്തുല്ലസിക്കുന്ന കുട്ടികള്‍. കടല്‍ കണ്ട് കുട്ടികളെപ്പോലെ ആഹ്ലാദഭരിതരാകുന്ന വയോധികരായ യാത്രക്കാര്‍. അവിടെയുമിവിടെയും അശ്രദ്ധരായി ഇരുന്ന്​ കളഞ്ഞുപോയ എന്തിനെയോ കടലില്‍ തിരഞ്ഞുകൊണ്ടിരിക്കുന്നതുപോലെ, നീലാകാശത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന എന്നെപ്പോലെയുള്ള ചില മനുഷ്യര്‍. അവരുടെ തലയ്ക്കകത്ത് ഉലാത്തിക്കൊണ്ടിരിക്കാന്‍ സാധ്യതയുള്ള സ്വകാര്യ ദുഃഖങ്ങള്‍.  

സന്ധ്യയാകുമ്പോഴേക്കും സൂര്യന്‍ പടിഞ്ഞാറിന്റെ അറ്റത്ത് മുങ്ങിക്കഴിഞ്ഞതും രക്തരക്ഷസ്സിനെപ്പോലെ കൈകളും വീശി കപ്പലിനെയും ഞങ്ങളെയും പിടിക്കാൻ വന്നുകൊണ്ടിരിക്കുന്ന പലവിധ വര്‍ണ്ണത്തിലുള്ള മേഘക്കൂട്ടങ്ങള്‍. അതുകഴിഞ്ഞ് മെല്ലെ കടലിനെ മൂടുന്ന ഇരുള്‍. അപ്പോഴേക്കും വെളിപ്പെടുന്ന നവമിയിലെ ചന്ദ്രനും അതിനു തൊട്ടടുത്ത്​ മാനത്ത് മിന്നിത്തിളങ്ങാന്‍ തുടങ്ങുന്ന വെള്ളിനക്ഷത്രവും. സമൃദ്ധമായ ആ ഏകാന്തരാത്രിയില്‍ അലകളെ കീറിമുറിച്ച്​ നീങ്ങുന്ന കപ്പലിന്റെ നേരിയ ശബ്ദത്തിനിടയില്‍ ആ ചന്ദ്രനും നക്ഷത്രവും മേഘങ്ങള്‍ക്കിടയില്‍ കൂടുതല്‍ ശോഭിച്ചുക്കൊണ്ടിരിക്കവെ ഉണ്ടാകുന്ന, എന്തുകൊണ്ടോ മനുഷ്യര്‍ ഏറെ ഒറ്റപ്പെട്ടവരാണെന്ന തോന്നല്‍. കണ്ടുകൊണ്ടിരിക്കേ അവിടെയവിടെയായി ജ്വലിച്ച്​ പിന്നെയും പ്രത്യക്ഷപ്പെടുന്ന നക്ഷത്രങ്ങള്‍. 

മുകളിലുണ്ടായിരുന്ന മേഘങ്ങള്‍ ദൂരെയെങ്ങോട്ടേക്കോ നീങ്ങി. അവിടെയെവിടെയോ മഴ പെയ്യുകയാല്‍ കൂടുതല്‍ തെളിഞ്ഞു വരുന്ന ആകാശം. അപ്പോഴേക്കും ഞാന്‍ സാധാരണക്കാരായ യാത്രക്കാരുടെ ഭക്ഷണശാലയില്‍നിന്ന് ഒരു കട്ടന്‍ചായയും കുറച്ചു ബിസ്‌ക്കറ്റും വാങ്ങിക്കഴിച്ച് സിഗരറ്റും വലിച്ചു തീര്‍ത്ത് വെറുതെയിരിക്കുകയായിരുന്നു. ജീവിതത്തില്‍ ചെയ്യാന്‍മാത്രം ഇനിയൊന്നുമില്ല എന്നു തോന്നിയ നിമിഷങ്ങൾ. തൊട്ടടുത്തിരുന്ന സഞ്ചാരിയായ സ്ത്രീ, ഇവിടെയിരുന്ന്​ സിഗരറ്റ് വലിക്കാന്‍ പാടുണ്ടോ എന്ന്​ ഇംഗ്ലീഷില്‍ ചോദിച്ചു. "ഇത് സിഗരറ്റ് വലിക്കാന്‍ അനുവദിച്ചിട്ടുള്ള ഇടമാണ്. അതുകൊണ്ട് ആവാം' ; ഞാന്‍ പറഞ്ഞു. "കൈയ്യിലുള്ള കാലിയായ ഈ കടലാസ് കോപ്പ കടലിലെറിയുന്നതില്‍ പ്രശ്‌നമുണ്ടോ' അവര്‍ ചോദിച്ചു.
"അവിടെയൊരു കുപ്പത്തൊട്ടിയുണ്ട്. ദയവു ചെയ്ത് നിങ്ങള്‍ക്കവിടെ നിക്ഷേപിക്കാം' ഞാന്‍ പ്രതിവചിച്ചു.
"താങ്കളെ ഞാന്‍ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയാണ്. കപ്പലെല്ലാം ചുറ്റിക്കറങ്ങി വന്ന് മണിക്കൂറോളം താങ്കളിവിടെ ഇരിക്കുകയാണ്. താങ്കള്‍ സഞ്ചാരിയാണോ?!' അവര്‍ ആരാഞ്ഞു.
എനിക്ക് ചെറുതായി ചിരി വന്നു. എനിക്കറിയാന്‍ പാടില്ലാത്ത കാര്യത്തെക്കുറിച്ച് ഞാനെന്തു പറയാന്‍!
"അല്ല, ഞാനൊരു സര്‍ക്കാരുദ്യോഗസ്ഥന്‍. ഔദ്യോഗികാവശ്യവുമായി ബന്ധപ്പെട്ട് കൊച്ചിവരെ പോയതാണ്. ഇനി മൂന്നു ദിവസം നവരാത്രി അവധിയാണ്. അതിനാലാണ് ചുറ്റിക്കറങ്ങിപ്പോകുന്ന ഈ കപ്പലില്‍കയറിയത്' ഞാന്‍ മറുപടി പറഞ്ഞു.

"ഞാനൊരു നടിയാണ്, ബംഗളൂരുവിലാണ് നാട്. ചില കന്നട സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.  ഇപ്പോള്‍ അതെല്ലാം നിര്‍ത്തി കല്യാണവും കഴിച്ച് കൊച്ചിയിലാണ് സ്ഥിരതാമസം. എന്താണെന്നറിയില്ല, ജീവിതം താളബദ്ധമല്ലെന്ന് തോന്നി. ഇതുവരെ കപ്പലിൽ യാത്ര ചെയ്തിട്ടില്ല. അതിനാല്‍ ടിക്കറ്റും വാങ്ങിച്ച് ഇതില്‍ കയറി ഇരിക്കുന്നു.' അവര്‍ പറഞ്ഞു.

ആ ഇരുട്ടില്‍ വീശിയടിക്കുന്ന കാറ്റിന്റെ ശബ്ദത്തിനിടയില്‍ അവരുടെ സംസാരം കഷ്ടപ്പെട്ട് കേള്‍ക്കേണ്ടി വന്നു. "ഇവിടെ നല്ല ഒച്ചയാണ്. നിങ്ങളുടെ സംസാരം വ്യക്തമായും കേട്ടില്ല. എനിക്ക് കന്നട സിനിമകള്‍ കാണാനുള്ള അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. നിങ്ങളുടെ പേര് എവിടെയോ കേട്ടതായി ഓര്‍ക്കുന്നു. കുറച്ച് ഇങ്ങോട്ട് വരൂ' എന്ന് വെളിച്ചമുള്ള ഭാഗത്തേക്ക് അവരെ ക്ഷണിച്ച് അവരുടെയടുത്ത് ഇരുന്നു. 

ഒരു കാലത്ത് നടിയായിരുന്നതിന്റെ യാതൊരു അടയാളവും അവരുടെ മുഖത്ത് കണ്ടില്ല. എന്നാല്‍ അവരുടെ കണ്ണുകള്‍മാത്രം ആ അരണ്ട വെളിച്ചത്തിലും തേജസ്സാര്‍ന്നതും ഓജസ്സുള്ളതായും കാണപ്പെട്ടു. സംസാരിക്കുമ്പോഴെല്ലാം അവരുടെ കണ്ണുകള്‍ നിറഞ്ഞു കവിയുന്നുണ്ടായിരുന്നു. ക്ഷമിക്കൂ, വൈകാരികത എന്നില്‍ ഇടയ്ക്കിടെ ഉണരുന്നു എന്ന് പറഞ്ഞ് കണ്ണടയെടുത്ത് മാറ്റി ആകാശത്തെയൊന്ന് ഉറ്റുനോക്കി നെടുവീര്‍പ്പിട്ട് സംസാരം തുടർന്നു.  അവര്‍ക്ക് എല്ലാത്തിനോടും ന്യായീകരിക്കത്തക്കതായ ധാര്‍മ്മികരോഷമുണ്ടായിരുന്നു. സമ്പാദിക്കുകയെന്ന ഒറ്റ ലക്ഷ്യം മാത്രം വെച്ചുപുലര്‍ത്തുകയാല്‍ വയസ്സായിട്ടും കല്യാണം കഴിക്കാന്‍ തന്നെ അനുവദിക്കാത്ത ലുബ്ധയായ അമ്മയെക്കുറിച്ചും, വിവാഹബന്ധം വേര്‍പ്പെടുത്തിയ ഒരു ആയുര്‍വേദ ഡോക്ടറെ ഈ അടുത്തകാലത്ത് മാത്രം കല്യാണം കഴിക്കേണ്ടി വന്ന തന്റെ നിസ്സഹായതയെക്കുറിച്ചും, ബന്ധം വേര്‍പ്പെട്ട ശേഷവും തന്റെ പഴയ ഭര്‍ത്താവിന്റെ കൂടെ കിടക്കാന്‍ വരുന്ന അയാളുടെ പഴയ ഭാര്യയെക്കുറിച്ചും തന്റെ  സ്വവര്‍ഗരതിക്കാരനായ പങ്കാളിയുടെ കൂടെ കിടക്ക പങ്കിടാന്‍വരുന്ന പുരുഷനെക്കുറിച്ചും അവര്‍ പറഞ്ഞുകൊണ്ടേയിരുന്നു.

abdul rasheed

അപ്രതീക്ഷിതമായി കപ്പലില്‍ കണ്ടുമുട്ടിയ അപരിചിതനായ പുരുഷനോട് സാധാരണ പങ്കുവെക്കാന്‍ ലജ്ജ തോന്നിയേക്കാവുന്ന വിഷയങ്ങളാണിവ. ഞാന്‍ ഇതെല്ലാം കേള്‍ക്കാന്‍ പാടുള്ളതല്ലായെന്ന സാമാന്യബോധമില്ലാത്തവനെപ്പോലെ എല്ലാം കേട്ടുകൊണ്ടിരുന്നു. അവരാണെങ്കില്‍ സംസാരിച്ചുകൊണ്ടേയിരുന്നു.  "നോക്കൂ, ഞാന്‍ നടിയായിരുന്നെങ്കിലും കുട്ടിപ്പാവാട ധരിക്കാന്‍ സങ്കോചപ്പെടുമായിരുന്നു. അമ്മയുടെ നിര്‍ബന്ധം കാരണമാണ് ധരിച്ചിരുന്നത്. കല്യാണം കഴിഞ്ഞാല്‍ സാധാരണ കുടുംബിനിയായി, ഭാര്യയായി, അമ്മയായി സാരിയുമുടുത്ത് ജീവിക്കാമെന്നു കരുതി. പക്ഷേ എന്നെ വിവാഹം ചെയ്ത ആയുര്‍വേദ ഡോക്ടര്‍ ഒരു നടിയെ കല്യാണം കഴിച്ചിരിക്കുന്നത് സാരിയുടുത്ത് കാണാനല്ല എന്നു പറഞ്ഞ്​ എന്നെ ചിത്രവധം ചെയ്യുമായിരുന്നു. അര്‍ദ്ധനഗ്‌ന മേനിയെ വെളിപ്പെടുത്തുന്ന വിവിധതരത്തിലുള്ള നേര്‍ത്ത വസ്ത്രങ്ങള്‍കൊണ്ടുവന്ന് അയാളെന്റെ മുഖത്തേക്ക് വലിച്ചെറിയുമായിരുന്നു'; ഒരു നാണക്കേടുമില്ലാതെ അവര്‍ തുറന്നുപറഞ്ഞു.
ഞാന്‍ എല്ലാം കേള്‍ക്കുന്നുണ്ടായിരുന്നു. പോകപ്പോകെ ഞങ്ങളറിയാതെത്തന്നെ കന്നടയില്‍ സംസാരിക്കാന്‍ തുടങ്ങി. തമിഴ് വേര് മനസിലാവുന്ന വിധത്തിലുള്ള കന്നടയിലെ അവരുടെ സംസാരംകേട്ട്, ‘താങ്കള്‍ അയ്യര്‍ കുടുംബത്തില്‍നിന്നാണോ’ എന്നു ചോദിച്ച് സംഭാഷണം വഴിതിരിക്കാന്‍ ഞാന്‍ ശ്രമിച്ചു. "ഇതുപോലെ സ്വകാര്യമായ കാര്യങ്ങളെക്കുറിച്ച് താങ്കള്‍ ചോദിക്കരുത്' എന്ന് അവര്‍ കാര്‍ക്കശ്യത്തോടെ മറുപടി പറഞ്ഞു. അതുകേട്ട് ഞാന്‍ മ്ലാനനായി.
"നിങ്ങളൊരു പുരുഷനായതുകൊണ്ട് കുറച്ചു കാര്യങ്ങള്‍ ചോദിക്കുകയാണ്' എന്ന് ആണുങ്ങളെക്കുറിച്ചുള്ള ചില സംശയങ്ങള്‍ അവര്‍ എന്നോടു ചോദിച്ചു. ഞാന്‍ അവയ്ക്ക് അതേ അല്ലെങ്കില്‍ അല്ല എന്ന് തുറന്ന മനസ്സോടെ മറുപടി പറഞ്ഞു. അവര്‍ അവയെല്ലാം കൂടി ഒഴിവാക്കി തന്റെ സംശയങ്ങളെ സ്വയം പരിഹരിച്ചിരുന്നു.
നീ എപ്പോഴെങ്കിലും മറ്റൊരു പുരുഷന്റെ അടിവസ്ത്രം അലക്കിക്കൊടുത്തിട്ടുണ്ടോ എന്നവര്‍ ചോദിച്ചു. ഞാന്‍ ഇല്ലെന്ന് പറഞ്ഞു. "എന്റെ ഭര്‍ത്താവിന്റെ അടിവസ്ത്രങ്ങള്‍ അയാളുടെ ആണ്‍സുഹൃത്ത് അലക്കിക്കൊടുക്കുമായിരുന്നു. അത് സഹിച്ചു. ഞാന്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തുമ്പോള്‍ വാതിലും പൂട്ടി അവര്‍ രണ്ടുപേരും എന്റെ കട്ടിലില്‍ കിടക്കുമായിരുന്നു. അതും സഹിച്ചു. പക്ഷേ ഇപ്പോഴാണെങ്കില്‍ വിവാഹമോചനം നടത്തിയ ഭാര്യയും വരുന്നുണ്ട്. എന്നു മാത്രമല്ല, അവര്‍ രണ്ടുപേരും എന്റെ മുമ്പില്‍വെച്ച് ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്നുമുണ്ട്. ഇടയ്ക്കിടെ അവര്‍മൂന്നുപേര്‍ ഒരുമിച്ചും കൂടാറുണ്ട്. എനിക്കതു സഹിക്കാന്‍ കഴിയുമായിരുന്നില്ല. അതുകൊണ്ടു തന്നെ പൊലീസ് സ്റ്റേഷനില്‍ചെന്ന് ഒരു പരാതി കൊടുത്ത് ആര്‍ക്കുമറിയാത്തതുപോലെ ഈ കപ്പലില്‍ കയറിവന്ന് ഇരിക്കുകയാണ്. ഇനി എല്ലാറ്റിനെയും മാനസികമായി നേരിടാനുള്ള തയ്യാറെടുപ്പെന്ന നിലയ്ക്കാണ് ഈ യാത്ര. അടുത്തത് എന്താണ് സംഭവിക്കുകയെന്ന് എനിക്കറിയില്ല.' എന്നു പറഞ്ഞ് ഒരിക്കല്‍കൂടി കണ്ണട മൂക്കില്‍നിന്നെടുത്ത് കണ്ണുകള്‍ തുടച്ചു.
ആളുകളെന്തിനാണ് അവരുടെ കഥകള്‍ എന്നോടു പറയുന്നതെന്നും ഞാനെന്തിനാണാവോ അവയ്‌ക്കെല്ലാം വിധേയനാകുന്നതെന്നോര്‍ത്തും എനിക്ക് എന്നോടു തന്നെ വെറുപ്പ് തോന്നി.
"താങ്കള്‍ രാത്രി ഭക്ഷണത്തിനുശേഷം ഇവിടെത്തന്നെ വന്നിരിക്കുകയാണെങ്കില്‍ ഞാനും കഴിച്ച്​ ഇങ്ങോട്ട് വരാം. ഇതുവരെ ഞാനെന്റെ കഥയാണ് പറഞ്ഞത്. ഇനി നിങ്ങളുടെ കഥ പറയാം. ഞാന്‍ അല്പം വികാരാതീതയായി. അതുകൊണ്ട് എല്ലാം പറഞ്ഞു. ഭക്ഷണത്തിനുശേഷം നിങ്ങളുടെ ഊഴമാണ്' എന്നു പറഞ്ഞ് അവര്‍ എഴുന്നേറ്റുനിന്നു.
അപ്പോള്‍ അവര്‍ പൊക്കവും നല്ല ലക്ഷണവുമുള്ള ഒരു സ്ത്രീയായി കാണപ്പെട്ടു. അവര്‍ പറഞ്ഞതെല്ലാം സത്യമായിരിക്കാം എന്നു തോന്നിപ്പിക്കുന്ന അവരുടെ കരുണയറ്റ കണ്ണുകള്‍.
‘അങ്ങനെ പറയാന്‍മാത്രം എന്തു കഥയാണ് എനിക്കുള്ളത്. ഞാനൊരു സാധാരണ സര്‍ക്കാരുദ്യോഗസ്ഥന്‍. രാവിലെ എഴുന്നേല്‍ക്കുക, രാത്രി ഉറങ്ങുക ഇടയില്‍ ഓഫീസ് ജോലി ചെയ്യുക... ഇതാണ് ചര്യ' എന്നു കള്ളം പറഞ്ഞെഴുന്നേറ്റ് ആകാശത്തെയും കടലിനെയും ഒരിക്കല്‍കൂടി നോക്കി ഞാന്‍ കപ്പലിനകത്തേക്ക് പ്രവേശിച്ച് എന്റെ ക്യാബിനില്‍ചെന്ന് കുളിമുറിയിലേക്ക് കയറി. 

കുളിച്ച് പുറത്തേക്ക് വന്നപ്പോള്‍ കപ്പലിലെ ഉച്ചഭാഷിണിയിലൂടെ ആശുപത്രിയിലെ പരിചാരകര്‍ എവിടെയുണ്ടെങ്കിലും എത്രയും പെട്ടെന്ന് അവരുടെ മുറിയിലേക്ക് തിരിച്ചു ചെല്ലണമെന്ന് വീണ്ടും വീണ്ടും വിളിച്ചു പറയുന്നുണ്ടായിരുന്നു. ഏതെങ്കിലും സഞ്ചാരി കടല്‍യാത്രയിലെ വല്ലായ്മ കാരണം ആലസ്യപ്പെട്ട് തീവ്രമായി അസ്വസ്ഥപ്പെട്ടിട്ടുണ്ടായിരിക്കാമെന്ന് തോന്നി. 

ഭക്ഷണം കഴിച്ചുകഴിഞ്ഞ് എങ്ങോട്ടും പോകാതെ വെറുതെ കിടന്നു. എന്താണന്നറിയില്ല കഥ കേള്‍ക്കാനും പറയാനും വിരക്തി തോന്നി. പ്രാതലിന് കപ്പലിലെ ഉപഹാരഗൃഹത്തിലേക്ക് പോയപ്പോള്‍ തലേന്ന് രാത്രി കണ്ട നടി വിവര്‍ണയായി ഇരിക്കുന്നതു കണ്ടു. ആശുപത്രി പരിചാരകന്‍ അവരുടെയരികില്‍ ഇരുന്നുകൊണ്ട് അവരുടെ വായിലേക്ക് ഭക്ഷണം വെച്ചുകൊടുന്നുണ്ടായിരുന്നു.

"എല്ലാം ഇദ്ദേഹം കാരണം' എന്ന് അവര്‍ ചെറിയ സ്‌കൂള്‍കുട്ടിയെപ്പോലെ എന്റെ നേരെ വിരല്‍ചൂണ്ടി പരാതിപ്പെട്ടു. "ഇദ്ദേഹം അവിടെ ഉണ്ടായിരുന്നില്ലെങ്കില്‍ ഞാന്‍ സംസാരിക്കുകയേയില്ലായിരുന്നു. സംസാരിച്ച് സംസാരിച്ചു പോകവേ എന്റെ കണ്‍മുന്നില്‍ ഭര്‍ത്താവിന്റെ മുഖം തെളിഞ്ഞപ്പോള്‍ ഞാന്‍ അസ്വസ്ഥയായി. നിങ്ങള്‍ കണ്ടില്ലായിരുന്നുവെങ്കില്‍ ഞാന്‍ ഈ കപ്പലില്‍തന്നെ മരിച്ചു വീഴുമായിരുന്നു' എന്ന് ക്ഷീണിതയായ അവസ്ഥയിലും അവര്‍എന്നെ കുറ്റപ്പെടുത്തിയും പരിചാരകനെ പ്രശംസിച്ചും കാപ്പിയില്‍ മുക്കിയ ബ്രഡ്​ വായിക്കകത്തേക്കിറക്കി.
"ഇനി മുതല്‍ നമ്മള്‍ സ്വകാര്യവിഷയങ്ങളൊന്നും സംസാരിക്കേണ്ട. എന്നാല്‍ താങ്കള്‍ എന്റെ സിനിമക്കാലത്തെക്കുറിച്ച് കേള്‍ക്കണം. എനിക്ക് വീണ്ടും നടിയായി ഭര്‍ത്താവിനോട് പക വീട്ടണം' ; അവര്‍ നിര്‍ദ്ദയമായി പറഞ്ഞു. 

"നീ പോകുന്ന വഴി കടലുപോലെ വിശാലവും ദുര്‍ഘടം പിടിച്ചതുമായിരിക്കാം. എന്നാല്‍ നിന്റെ കര്‍മ്മങ്ങള്‍ മനസ്സുവെച്ചാല്‍ നീ എവിടെയുണ്ടെങ്കിലും അവ നിന്റെ പിറകെ വരും' എന്ന് ഖുര്‍ആന്‍ പഠിപ്പിച്ച മൊല്ലാക്ക തന്റെ ജീവിതത്തിലെ പല സംഭവങ്ങളെയും ഉദാഹരിച്ച് ഞങ്ങളോട് പറഞ്ഞിരുന്നു. അദ്ദേഹം അക്കാലത്ത് പറഞ്ഞത് വളരെയേറെ വാസ്തവമാണെന്നപോലെ എന്റെ കണ്മുമ്പില്‍തന്നെ പഴയ കാല അഭിനേത്രിയായ ആ സ്ത്രീ ഭക്ഷണശാലയില്‍ ഇരിക്കുന്നുണ്ടായിരുന്നു. എന്റേതുതന്നെ വലിയ കഥയെന്ന് ഞാനിരിക്കുമ്പോള്‍ അതിനെക്കാളും വലിയ കഥയാണെന്ന ഭാവത്തിലാണല്ലോ ഈ സുന്ദരിയെന്നോര്‍ത്ത് ഞാന്‍ മനസ്സില്‍ ചിരിച്ചു. 

ദ്വീപുവാസികളും മൂഷിക സാമ്രാജ്യത്വവും

പിഞ്ഞാണപ്പാത്രത്തിന്റെ രഹസ്യവും അന്വേഷിച്ച്​ ഞാന്‍ ഈ ദ്വീപിലേക്ക്  പുറപ്പെടുന്നതിനും ഏതാണ്ട് നാലര ദശകം മുമ്പ്, അതായത് കന്നടനാടിലെ സൂഫീവര്യനായ ഒരാള്‍ പായക്കപ്പലിലേറി ഈ ദ്വീപിലിറങ്ങി ഏകദേശം മൂന്നു നൂറ്റാണ്ടിനുശേഷം, ഇനിയും കൃത്യമായി പറഞ്ഞാല്‍ 1974ൽ കുടകില്‍നിന്നുള്ള യുവാവായ ഒരു മൂഷികശാസ്ത്രജ്ഞന്‍ എലിപ്പാഷാണത്തിന്റെ രഹസ്യവുമന്വേഷിച്ച്​ ഇതേ ലക്ഷദ്വീപിലേക്ക് വന്നിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന് 80 വയസ് കഴിഞ്ഞു. കുടകിലുള്ള അദ്ദേഹത്തിന്റെ കാപ്പിത്തോട്ടത്തില്‍ ഒറ്റയ്ക്കാണ് അദ്ദേഹം കഴിയുന്നത്. കൂട്ടിന് അദ്ദേഹത്തിന്റെ തോട്ടത്തിലുള്ള പണിക്കാരുടെ മക്കളുമുണ്ട്. ഈ കുട്ടികള്‍ അദ്ദേഹത്തിന്റെ ചെറിയ ബംഗ്ലാവ് മുഴുവനും കുഞ്ഞനെലികളെയും ചുണ്ടെലികളെയും പോലെ കലപില കൂട്ടി ഓടിക്കളിച്ചുകൊണ്ട് നടക്കുന്നു. ആ കുട്ടികളെ അങ്ങനെ ഓടിക്കളിച്ചില്ലെങ്കില്‍ അദ്ദേഹത്തിന് ഉറക്കം വരില്ലത്രെ.  അതുകൊണ്ട് അവരെ വീട്ടില്‍ കഴിഞ്ഞുകൂടാന്‍ അനുവദിച്ചിരിക്കുകയാണ്. ഇദ്ദേഹം യൂറോപ്യന്‍ ശീലങ്ങളുള്ള ഒരു മനുഷ്യനാണ്. നല്ല തമാശ പറച്ചില്‍ അദ്ദേഹത്തിന് ഭയങ്കര ഇഷ്ടമാണ്. സന്ധ്യാസമയത്ത് നല്ല ഒന്നാന്തരം സ്‌കോച്ച് വിസ്‌കിയും കഴിച്ച് പ്രപഞ്ചത്തിലെ സംഭവവികാസങ്ങളെക്കുറിച്ച് തമാശകള്‍ പങ്കുവെക്കും. അങ്ങനെ പങ്കുവെക്കുമ്പോള്‍ ഒരു ചെറുചിരി അദ്ദേഹത്തിന്റെ തലയ്ക്കുള്ളില്‍നിന്ന് പുറപ്പെട്ട് ശബ്ദമുണ്ടാക്കാതെ ഉരുണ്ട് വായിലൂടെ പുറത്തുവന്ന് ചെറിയ ഇടിമുഴക്കംപോലെ അവിടെയെല്ലാം വ്യാപിക്കും.

ld3

പത്തുവര്‍ഷം മുമ്പ് ഞാന്‍ കുടകിലായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ നര്‍മ്മസല്ലാപങ്ങളെയും ഇടിമുഴക്കംപോലെയുള്ള ചിരിയെയും ആസ്വദിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിട്ടുണ്ട്, കൂടെ ഇടയ്ക്കിടെ വിസ്‌ക്കിയും. ഇന്ത്യയിലെ വലിയൊരു മൂഷികശാസ്ത്രജ്ഞനായിരുന്ന ഇദ്ദേഹം ഇങ്ങനെ കുടകിലെ കാപ്പിത്തോട്ടത്തിലുള്ള ചെറിയ ബംഗ്ലാവില്‍ കുഞ്ഞനെലികളെപ്പോലെയുള്ള പാവപ്പെട്ട കുട്ടികളോടൊത്ത് ലളിത ജീവിതം നയിച്ചുവരുന്നത് എന്നെസംബന്ധിച്ച് വളരെ സന്തോഷമുള്ള കാര്യമായിരുന്നു. എന്നാല്‍ അദ്ദേഹം നാലുദശകം മുമ്പ് എലിപ്പാഷാണത്തിന്റെ രഹസ്യവുംതേടി ഇപ്പോള്‍ ഞാന്‍ എത്തപ്പെട്ടിരിക്കുന്ന ഈ ദ്വീപിലേക്ക് വന്നിരുന്നുവെന്ന കാര്യം എനിക്കറിയില്ലായിരുന്നു.  

ഏകദേശം നാല്‍പ്പതുവര്‍ഷം മുമ്പത്തെ കഥയാണിത്. അക്കാലത്ത് യുവാവായ അദ്ദേഹം മുംബൈയിലെ ഒരു കീടനാശിനി കമ്പനിയില്‍ മൂഷികശാസ്ത്രജ്ഞനായിരുന്നു. അദ്ദേഹത്തിന്റെ കമ്പനി ഉത്പാദിപ്പിച്ച പാഷാണവുമായി എലികള്‍ സാവധാനം പൊരുത്തപ്പെടുകയും അവയുടെ വംശാവലിയില്‍ പാഷാണത്തിനെതിരെ പ്രതിരോധശക്തി വര്‍ദ്ധിക്കുകയാല്‍ ഏതുവിധത്തിലുമുള്ള പാഷാണത്തെയും അതിജീവിക്കുവാന്‍ കെല്‍പ്പുള്ളയിനം മൂഷികന്മാര്‍ തങ്ങളുടെ വംശത്തെ പരിപോഷിപ്പിക്കുന്നുണ്ടായിരുന്നു. അപ്പോള്‍ ആ ഇനം എലികളെ ഉന്മൂലനം ചെയ്യുന്നതിനുവേണ്ടിയുള്ള പുതിയ തരം പാഷാണം കമ്പനിക്ക് ഉണ്ടാക്കേണ്ടിയിരുന്നു. യുവശാസ്ത്രജ്ഞനായ അദ്ദേഹത്തിനായിരുന്നു ഗൗരവമായ ആ ചുമതല ലഭിച്ചത്. എങ്കിലും ആ സമയത്ത് പറയാന്‍തക്ക ശാസ്ത്രജ്ഞനായി അദ്ദേഹം അറിയപ്പെട്ടിരുന്നില്ല. 

എന്നാല്‍ ഞാന്‍ ഇപ്പോള്‍ താമസിക്കുന്ന ലക്ഷദ്വീപിലെ സഹവാസം കാരണം പാഷാണത്തെ പ്രതിരോധിക്കാനുള്ള ശക്തിയാര്‍ജിച്ച് സങ്കല്‍പാതീതമാം വേഗത്തില്‍ സന്താനമുൽപ്പാദിപ്പിക്കുന്ന ഒരു മൂഷിക കുടുംബത്തെ വളരെയടുത്തുനിന്ന് കാണാനുള്ള അവസരം അദ്ദേഹത്തിന് ലഭിച്ചു. ഈ എലി കുടുംബത്തെക്കുറിച്ച് കൂടുതല്‍ ഗവേഷണം നടത്തുകയും അതിന്റെ വംശത്തെ ഉന്മൂലനം ചെയ്യാനുള്ള പുതിയൊരു പാഷാണം കണ്ടുപിടിച്ച് പേരു സമ്പാദിക്കുകയും ചെയ്തു.  ഈയൊരു നേട്ടം കാരണം ഐക്യരാഷ്ട്ര സഭയുടെ ഭക്ഷ്യ കാര്‍ഷികസംഘടനയുടെ ഉപദേഷ്ടാവായി അദ്ദേഹം നിയമിക്കപ്പെടുകയുണ്ടായി. "ഇതിനെല്ലാം കാരണം നീ ഓടിയൊളിച്ചുകൊണ്ടിരിക്കുന്ന ലക്ഷദ്വീപാണ്' എന്ന് ഈയ്യിടെ ഒരു താമാശ പൊട്ടിച്ച് കുടുകുടാ ചിരിച്ചുകൊണ്ട് പറഞ്ഞിരുന്നു. എണ്‍പത് വയസ്സു കഴിഞ്ഞെങ്കിലും ഒരു മാറ്റവുമില്ലാത്ത ഗളഗളശബ്ദവും വികൃതിച്ചിരിയും!

അദ്ദേഹത്തിന്റെ അഭിപ്രായപ്രകാരം അറബിക്കടലിലെ അനന്തമായ ഈ ജലരാശിയുടെ നടുവില്‍ വ്യാപിച്ചുകിടക്കുന്ന ഈ ദ്വീപ് കന്യകമാരുടെ സാരിത്തലപ്പുകള്‍ക്കിടയില്‍ ഒളിച്ചുനടക്കുന്നത് കന്നടനാട്ടിലെ ഒരു സുന്ദരിയുടെ പ്രണയാഭ്യര്‍ത്ഥനയില്‍നിന്ന് രക്ഷപ്പെടാനാണത്രെ. "ഹെയ്, അങ്ങനെയൊന്നുമില്ല. ഞാനിവിടെ വന്നിരിക്കുന്നത് ഒരു പിഞ്ഞാണപ്പാത്രത്തിന്റെ രഹസ്യവുമന്വേഷിച്ചുകൊണ്ടാണ്.' എന്നു പറഞ്ഞപ്പോള്‍ അദ്ദേഹം പൊട്ടിച്ചിരിച്ചു. "പിഞ്ഞാണപ്പാത്രവുമല്ല മണ്ണാങ്കട്ടയുമല്ല. നിന്റെ പ്രേമകഥകളെക്കുറിച്ചൊക്കെ എനിക്കറിയാവുന്നതല്ലേ' എന്ന് അദ്ദേഹം വീണ്ടും വീണ്ടും കളിയാക്കുന്നു. എനിക്കാണെങ്കില്‍ സങ്കടവും ചിരിയും വരുന്നു. 

ജീവിതത്തില്‍ ഇതെല്ലാം ഉള്ളതു തന്നെയാണ്. ഇപ്പോള്‍ നമ്മള്‍ ലക്ഷദ്വീപിനെയും എലിപ്പാഷാണത്തെയും കുറിച്ച് സംസാരിക്കാം. മുംബൈയില്‍ ജോലി ചെയ്യുന്ന സമയത്ത് തന്റെ കമ്പനിയുടെ കോഴിക്കോടുള്ള ഡിപ്പോയില്‍നിന്ന് ചാക്കുകണക്കിന് എലിപ്പാഷാണം ലക്ഷദ്വീപിലേക്ക് കയറ്റി അയക്കുന്നതിന്റെ കണക്ക് മുകളില്‍ പറഞ്ഞ ഈ ശാസ്ത്രജ്ഞന്‍ അറിയാനിടയാകുന്നു. രാജ്യത്തെ മൊത്തം ഉത്പാദനത്തിന്റെ പകുതിയില്‍ കൂടുതലും കോഴിക്കോട്ടെ ബേപ്പൂര്‍ തുറമുഖത്തുനിന്ന് വഞ്ചികളില്‍ ലക്ഷദ്വീപിലേക്കാണ് കയറ്റിയയച്ചുകൊണ്ടിരിക്കുന്നത്. എത്ര എത്തിച്ചുകൊടുത്തിട്ടും മതിയായില്ല ദ്വീപുവാസികളുടെ പാഷാണത്തിനുവേണ്ടിയുള്ള ആവശ്യം. ഇതിലെന്തോ രഹസ്യമുണ്ടെന്ന് കരുതി ഇതുവരെ പേരുപോലും കേട്ടിട്ടില്ലാത്ത ഈ ദ്വീപിലേക്ക് വരാന്‍ അദ്ദേഹം തയ്യാറാകുന്നു. മുംബൈയില്‍നിന്ന് പുറപ്പെട്ട അദ്ദേഹത്തിന് പക്ഷേ കോഴിക്കോട്ടെ തുറമുഖത്തുനിന്ന് ലക്ഷദ്വീപിലേക്ക് പോകാൻ അനുമതി ലഭിക്കുന്നില്ല. എത്ര കണ്ട് അപേക്ഷിച്ചാലും ലഭിക്കാത്ത സര്‍ക്കാര്‍ അനുമതി! ഒടുവില്‍ അയാളൊരു ഉപായം കണ്ടെത്തുന്നു. ഏതു തരം പാഷാണത്തിനുമുമ്പിലും അടിയറവ് പറയാത്ത എലികളെ തീര്‍ത്തും ഉന്മൂലനം ചെയ്യാനുള്ള വിദ്യ തന്റെ കൈവശമുണ്ടെന്നും തനിക്കൊരു അവസരം തന്നാല്‍ ദ്വീപുവാസികള്‍ നേരിടുന്ന എലിശല്യം ശാശ്വതമായി ഇല്ലാതാക്കാമെന്നും ദ്വീപിലെ കൃഷിവകുപ്പിന്റെ തലവന് അദ്ദേഹം കത്തയക്കുന്നു. കുറേ മാസത്തെ കാത്തിരിപ്പിനുശേഷം അനുമതി ലഭിച്ചു.
ബേപ്പൂര്‍ തുറമുഖത്തു ചെന്ന് ചെറുയാത്രാകപ്പലില്‍ കയറി ഒരു ദ്വീപിലിറങ്ങി അവിടെനിന്ന്തോ ണിയില്‍ കയറി ഏകദേശം നാല്‍പ്പത്തിയഞ്ച് വര്‍ഷം മുമ്പ് ഞാനിപ്പോള്‍ വസിക്കുന്ന ദ്വീപില്‍ അദ്ദേഹം എത്തി. കടലിനു നടുവിലെ ഈ ദ്വീപുകളെക്കുറിച്ചുള്ള സുന്ദരകഥകള്‍ തലയ്ക്കകത്ത് നിറച്ച്​ ഇവിടെ ഉണ്ടായിരിക്കാന്‍ സാധ്യതയുള്ള അനന്യസുന്ദരികളെയും ദൃഢരായ ആണുങ്ങളെയും മനസ്സില്‍ സങ്കല്‍പ്പിച്ച്​ തോണിയിറങ്ങി വന്ന അദ്ദേഹത്തിന് ശോഷിച്ച പെണ്ണുങ്ങളെയും വാടിയ മുഖമുള്ള ആണുങ്ങളെയും കണ്ട് വളരെയേറെ നിരാശ തോന്നി. 

COCONUT

ആകാശത്തേക്ക് തലയുയര്‍ത്തി നില്‍ക്കുന്ന കല്‍പവൃക്ഷങ്ങളുടെ നീണ്ട നിരകള്‍. ഓരോ മരത്തിനടിയിലും എലികള്‍ കരണ്ടെറിയപ്പെട്ടു കിടക്കുന്ന മച്ചിങ്ങകള്‍. തെങ്ങിന്റെ ഓരോ കുലകളിലും പാരമ്പര്യമായി സന്താനോത്പാദനം നടത്തി സാമ്രാജ്യം സ്ഥാപിച്ചുകൊണ്ടിരിക്കുന്ന പല തരത്തിലുള്ള മൂഷികവംശങ്ങള്‍. ദ്വീപുവാസികളുടെ വിവരണാതീതമായ സങ്കടങ്ങള്‍ക്കും വിശപ്പിനും കാരണക്കാരായ എലികള്‍ യാതൊരു പാപബോധവുമില്ലാതെ ആള്‍ക്കാരുടെ കാലിനിടയില്‍ക്കൂടിതന്നെ കിരികിരി ശബ്ദമുണ്ടാക്കി ഓടിക്കളിക്കുകയാണ്. മുംബൈയിലെ തങ്ങളുടെ കമ്പനിയില്‍ തയ്യാറാക്കിയ എലിവിഷത്തിന്റെ കാലിപ്പാക്കറ്റുകള്‍ തെങ്ങിന്‍ ചുവട്ടില്‍ ഉപയോഗശൂന്യമായ ആറ്റംബോംബുകളെപ്പോലെ ദയനീയമായി വീണുകിടക്കുന്നു. പാഷാണമുപയോഗിക്കുന്നതിലെ നിരര്‍ത്ഥകത ദ്വീപുവാസികള്‍ മനസ്സിലാക്കിയെങ്കിലും മറ്റൊരു വഴിയുമില്ലാത്തത്തിനാല്‍ അവ തന്നെ വീണ്ടും വീണ്ടും പ്രയോഗിക്കുന്നു. അരി, തേങ്ങ, വെല്ലം എന്നിവ ചേര്‍ത്തരച്ച് മാവുണ്ടാക്കി "എലിയപ്പം' എന്നൊരു പുതിയ പലഹാരം ചുട്ടെടുത്ത് അവയില്‍ തേന്‍പോലെ വിഷം പുരട്ടി മൂഷിക പരമാത്മാവിന് അവരത് സമര്‍പ്പിക്കുന്നു. അവ പ്രസാദം പോലെ സ്വീകരിക്കുന്ന എലിദേവന്‍മാര്‍ ഒന്നുകൂടി കൊഴുത്തു തടിച്ചുവളര്‍ന്ന് തങ്ങളുടെ നാശം വിതയ്ക്കല്‍ യജ്ഞം തുടരുന്നു.

അക്കാലത്ത് ദ്വീപിലെ ആളുകള്‍ക്ക് അന്നം നല്‍കിയിരുന്നത് കൽപവൃക്ഷങ്ങള്‍ മാത്രമായിരുന്നു. അതില്‍നിന്ന് വെളിച്ചെണ്ണയുണ്ടാക്കി വില്‍ക്കണം. നീരയുപയോഗിച്ച് ശര്‍ക്കരയുണ്ടാക്കി വില്‍ക്കണം. കയർ നിര്‍മ്മിച്ചെടുത്ത് ചരക്കുകപ്പലില്‍ കയറ്റി കേരളത്തിലെയും മംഗലാപുരത്തെയും തുറമുഖങ്ങളിൽ ഇറക്കി അവിടെനിന്ന് അരി, മാംസം, പച്ചക്കറി, വസ്ത്രം, സോപ്പ്, ചീപ്പ്, കണ്ണാടി ഇത്യാദി വാങ്ങിക്കൊണ്ട് വരണം. യാതൊരു കാളകൂടവിഷത്തിനു മുമ്പിലും പത്തി മടക്കാത്ത മൂഷികവംശത്തെ മലര്‍ത്തിയടിക്കാൻ വാരാന്ത്യത്തില്‍ പുതിയൊരു പ്രക്ഷോഭം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. അതെന്താണെന്നുവെച്ചാല്‍ ഒരാള്‍ ചുറുക്കോടെ തെങ്ങില്‍ കയറുകയും അതിന്റെ മണ്ടയിലിരുന്ന് ശക്തിയായി തെങ്ങിനെ കുലുക്കുകയും വേണം. ആ ആടിയുലച്ചലില്‍ പതറുന്ന എലികള്‍ തങ്ങളുടെ ആഢംബരക്കൂടുകളില്‍നിന്ന് വെളിയിലേക്കുവന്ന് താഴെ നിലത്തേക്ക് വീണ് ദിക്കുതെറ്റി ഓടണം. അന്നേരം താഴെ കാത്തുനില്‍ക്കുന്ന ജനസമൂഹം അടിച്ചോടിച്ച് കൊല്ലണം. സന്ധ്യയാകുന്നതോടെ ദ്വീപിലെ തെങ്ങുകളുടെ ചുവട്ടില്‍ കുമിഞ്ഞു കിടക്കുന്ന മൂഷികന്‍മാരുടെ മൃതദേഹം കണ്ട് ദ്വീപുവാസികളെല്ലാം വിജയോത്സവം ആചരിക്കണം. ആ എലിവേട്ടയെ "എലിനായാട്ട്' എന്നാണവര്‍ വിളിച്ചിരുന്നത്. എന്നാല്‍ അവരുടെ അറിവില്‍പ്പെടാതെ രക്ഷപ്പെട്ട് തെങ്ങില്‍തന്നെ ബാക്കിയായ ചില എലികള്‍വീണ്ടും കുഞ്ഞുങ്ങളെ പ്രസവിച്ച് അവരുടേതായ വിജയഭേരിയും മുഴക്കുമായിരുന്നുവത്രെ. 

നാലര ദശകം മുമ്പ് ഇതുപോലുള്ള ഒരു പകലില്‍ യുവാവായ മൂഷികശാസ്ത്രജ്ഞന്‍ പാഷാണ രഹസ്യവും അന്വേഷിച്ച്​തോണിയില്‍വന്നിറങ്ങിയപ്പോള്‍ ദ്വീപുവാസികള്‍ ഇങ്ങനെയൊരു "എലിനായാട്ടും' കഴിഞ്ഞ് ക്ഷീണിച്ചിരിക്കുകയായിരുന്നുവത്രെ. കുറച്ചുകാലം ഇങ്ങനെ കുറേ കടല്‍യാത്രയും പലവിധത്തിലുള്ള വിഷപ്രയോഗങ്ങളും പരീക്ഷിച്ച നമ്മുടെ യുവശാസ്ത്രജ്ഞന്‍ ഒടുവില്‍ ഫ്രാന്‍സില്‍നിന്ന് വരുത്തിച്ച പ്രത്യേക പാഷാണം രഹസ്യമായ അനുപാതത്തില്‍ ഉപയോഗിച്ച് പുതിയൊരു എലിവിഷമുണ്ടാക്കി ദ്വീപുവാസികളുടെ മുമ്പില്‍ സമര്‍പ്പിച്ചു.  

"ഇപ്പോള്‍ നിങ്ങളുടെ ദ്വീപിലെ അവസ്ഥയെന്താണ്' എന്ന്​ 45 വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം എന്നോട് അന്വേഷിച്ചു. അതിനകം സൂചീമുഖമുള്ള അനേകം ചുറുചുറുക്കന്മാരായ എലികള്‍ തെങ്ങില്‍ കയറുന്നതും ഇറങ്ങുന്നതും പലതവണ കണ്ടിരുന്ന ഞാന്‍ "അവരെല്ലാം സുഖത്തിലുണ്ട്. ദ്വീപിലെ ആള്‍ക്കാരും സുഖത്തിലുണ്ട്. ഇതിപ്പോള്‍ സര്‍ക്കാര്‍ അവര്‍ക്ക് പലവിധത്തിലുള്ള സൗകര്യങ്ങളും സര്‍ക്കാരുദ്യോഗങ്ങളും നല്കിയിരിക്കുന്നതിനാല്‍ തെങ്ങിനോടുള്ള ബാധ്യത ഉപേക്ഷിച്ചിട്ടുണ്ട്. തെങ്ങു കയറ്റക്കാര്‍ ആ തൊഴിലുപേക്ഷിച്ച് മീന്‍പിടുത്തം ആരംഭിച്ചിട്ടുണ്ട്. കയറുവ്യാപാരവുമില്ല, നീര ഉണ്ടാക്കേണ്ട ആവശ്യവുമില്ല. അതിനാല്‍തന്നെ മൂഷികസാമ്രാജ്യത്വത്തിലെ അധിപന്‍മാര്‍ കല്പവൃക്ഷത്തിനു മുകളിലെ ലീലാവിലാസങ്ങളില്‍ മുഴുകി ഒരുതരത്തിലുള്ള വിസ്മൃതിയിലാണ്ട് പോയിരിക്കുന്നു' എന്നു മറുപടി പറഞ്ഞു. അദ്ദേഹം കുടുകുടാ ചിരിച്ചു. "അല്ലെടോ, അവിടെ സ്‌കോച്ചുമില്ല പൂര്‍വ്വദിക്കിലെ മോഹിനികളാരുമില്ല, ഇതൊന്നുമില്ലാതെ വെറുതെയിരിക്കുന്ന ആസാമിയുമല്ല നീ. വെറും പിഞ്ഞാണപ്പാത്രത്തെക്കുറിച്ചുള്ള രഹസ്യമറിയാനാണ് നീ ഈ ദ്വീപില്‍ താമസിക്കുന്നതെന്നു കരുതാന്‍ തരമില്ല. പറ, അവിടുത്തെ ഏകാന്തവാസത്തിന്റെ രഹസ്യമെന്താണ്?' എന്നദ്ദേഹം പൊട്ടിച്ചിരിച്ചു. 

കാലവര്‍ഷത്തിനുശേഷമുള്ള കുടകിലെ ഇളംവെയില്‍,  മുഖത്തേക്കടിക്കുന്ന സ്നിഗ്ദ്ധമായ പച്ചപ്പ്, അകത്ത് കലപിലയുണ്ടാക്കുന്ന സഹായികളുടെ മക്കള്‍, പതിയെ അദ്ദേഹത്തിന്റെ തലച്ചോറിനെയും ചിരിയെയും ആവരണം ചെയ്യുന്ന സ്‌കോച്ച് വിസ്‌ക്കിയുടെ ഹിതമായ ലഹരി. ഇവിടെ ഒറ്റയ്ക്ക് താമസിക്കുന്ന എനിക്ക് അദ്ദേഹത്തോട് എന്തു മറുപടി പറയണമെന്നറിഞ്ഞില്ല. 

ഇതിപ്പോള്‍ പടിഞ്ഞാറന്‍ സീമയില്‍ ഇത് ആദ്യമാണോയെന്നു തോന്നിപ്പിക്കുംവിധം തങ്കനിറമുള്ള വെള്ളത്തിലേക്ക് മുങ്ങിക്കൊണ്ടിരിക്കുന്ന ലക്ഷം ശതകോടി നക്ഷത്രവയസ്സുള്ള സൂര്യനെന്ന രേതസ് നിറഞ്ഞു തുളുമ്പുന്ന പുരുഷന്‍.  ഈ എല്ലാ അണ്ഡ ബ്രഹ്മാണ്ഡ പ്രപഞ്ച വ്യവഹാരങ്ങള്‍ക്ക് നടുവില്‍ ഒന്നുമറിയാതെ സൈക്കിളും ചവിട്ടിപ്പോകുന്ന ഞാന്‍. എന്താണന്നറിയില്ല കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. മൂഷികശാസ്ത്രജ്ഞനോട് എന്തു മറുപടി പറയണമെന്ന് അറിഞ്ഞില്ല. "ഗുരുവേ, ഈ ദ്വീപില്‍ അജ്ഞാതവാസിയായി കഴിയുന്നതിനു പിന്നില്‍പല കാരണങ്ങളുണ്ട്. അവയില്‍ പലതുമെന്താണെന്ന് എനിക്കു പോലുമറിയില്ല. അതിരിക്കട്ടെ, ഇപ്പോള്‍ വീട്ടില്‍നിന്ന് ഉമ്മയുടെ ഫോണ്‍ വരുന്നുണ്ട്.' എന്നു പറഞ്ഞ് നാട്ടില്‍നിന്ന് ഉമ്മയുടെ വിളിക്കായി കാത്തിരുന്നു. 

ഞാന്‍ കന്നടയില്‍ എഴുതിയിരുന്ന ഖുര്‍ആന്‍ പഠിപ്പിച്ച മഹാനുഭവന്റെ കഥാപ്രസംഗങ്ങളെ ആരില്‍നിന്നോ വായിച്ചുകേട്ട ഉമ്മ അതില്‍വരുന്ന ചില വിഷയങ്ങളുടെ കൃത്യതയെക്കുറിച്ച് എന്നോട് സംസാരിക്കണമെന്ന് കുറച്ചു നാളുകളായി കാത്തിരിക്കുകയാണ്. ഈയ്യിടെ കപ്പലില്‍ സഞ്ചരിക്കുമ്പോള്‍ എന്റെ മൊബൈല്‍ ഫോണ്‍ കളഞ്ഞുപോയിരുന്നു. ആര്‍ക്കുമറിയാത്ത എന്റെ പുതിയ നമ്പര്‍ ഉമ്മയ്‌ക്കെങ്ങനെ കിട്ടിയെന്നറിയാനുള്ള ആകാംക്ഷ എനിക്കുമുണ്ടായിരുന്നു. 

(തുടരും)

മൊഴിമാറ്റം: എ .കെ. റിയാസ് മുഹമ്മദ്


ലക്ഷദ്വീപ് ഡയറി - 1 മൊല്ലാക്കയുടെ പിഞ്ഞാണപ്പാത്രവും തിരഞ്ഞുകൊണ്ട്!

  • Tags
  • #lakshadweep diary
  • #Abdul Rasheed
  • #Kavaratti
  • #Travelogue
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.

ഇയ്യ വളപട്ടണം

13 Sep 2020, 04:54 PM

പള്ളിയും മഖാമും കാടും ഖബറും മീസാങ്കല്ലും മഖ്ബറയും നിലവിളക്കും ശേഖ്ന്മാരുടെ വെളിപാടുകളും നിറഞ്ഞ എന്റെ നാട്ടുലോകത്ത് ജീവിച്ചുകൊണ്ടിരിക്കുന്നതിന്റെ അനുഭവലോകം തന്നെയാണ് എ, കെ റിയാസ് മുഹമ്മദിന്റെ മൊഴിമാറ്റത്തിലൂടെ അബ്ദുള്ള റഷീദിന്റെ എഴുത്ത് വായനയുടെ ലോകം തുറന്നതും .രാഷീട് പറയുന്നത് എന്റെ നാട്ടിലാണ് എന്നാ തോന്നലുണ്ടാക്കി.മൊല്ലാക്കയുടെ പിഞ്ഞാണ പാത്രം തിരയുന്ന അവദൂതനെ ഞാന്‍ റഷീദ് ല് കാണുന്നു.അദ്ധേഹത്തിന്റെ ആത്മീയ തെടലുകളാണ് ഈ കുറിപ്പ്.എഴുത്തിന്റെ ഓരോ സൂക്ഷ്മതയും മനസ്സിലേക്ക് ആവാഹിച്ചു കൊണ്ടാണ് വായിച്ചതും.സ്നേഹം എഴുതിയ റഷീദ്നും മൊഴി മാറ്റി വായിപ്പി ക്കാന്‍ തന്ന റിയാസിനും

Rasheed Arakkal 2

Travel

റഷീദ് അറക്കല്‍

നെറ്റ്ഫ്ലിക്സിൽ നാർകോസ് കണ്ട് കൊളമ്പിയയിൽ പോയ ആലുവക്കാരൻ

Jan 09, 2021

40 Minutes Watch

himalaya

Travelogue

ബഷീർ മാടാല

ആറുമാസമായി മഹാവിജനതയുടെ തിമിർപ്പിലാണ്​ ഹിമാലയം

Nov 21, 2020

12 Minutes Read

 Satheesh Kumar

Facebook

സതീഷ് കുമാർ

കാടും കടുവയും; കാട്ടിൽ നിന്നൊരു അനുഭവക്കുറിപ്പ്

Nov 06, 2020

3 Minutes Read

Saji Markose 2

Promo

സജി മാര്‍ക്കോസ്

വിദ്വേഷത്തിന്റെ നാഗരികതകളിലൂടെ സജി മാര്‍ക്കോസ് നടത്തുന്ന യാത്ര

Oct 10, 2020

2 Minutes Watch

Travelogue

Travelogue

നസീ മേലേതിൽ

ഓർമക്കണ്ണിലെ ഉപ്പായി, അയാളെന്ന ഉപ്പ

Sep 29, 2020

4 Minutes Read

ട്രോട്സ്കി

Travel

കെ.ടി. നൗഷാദ്

ട്രോട്‌സ്‌കിയുടെ രാജ്യം, ദ്വീപ്, കടല്‍

Sep 03, 2020

15 Minutes Read

Lakshadweep 2

Travel

അബ്ദുള്‍ റഷീദ്

ലക്ഷദ്വീപ് ഡയറി - 1 മൊല്ലാക്കയുടെ പിഞ്ഞാണപ്പാത്രവും തിരഞ്ഞുകൊണ്ട്!

Sep 01, 2020

7 minute read

lakshadweep

Travelogue

അബ്ദുള്‍ റഷീദ്

ലക്ഷദ്വീപ് ഡയറി  5 സ്വപ്‌നത്തില്‍ ഇടിച്ചെഴുന്നേല്പിച്ച ചേരമാന്‍പെരുമാള്‍    

Aug 24, 2020

22 Minutes Read

Next Article

ടാഗോർ കവിത വി.ആർ. സുധീഷി​ന്റെ പരിഭാഷയിൽ

About Us   Privacy Policy

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster