truecoppy
MORE
Truecopy Home
Readers
are
Thinkers

Thursday, 30 March 2023

truecoppy
Truecopy Logo
Readers are Thinkers

Thursday, 30 March 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
lakhshadweep1

Travelogue

ലക്ഷദ്വീപ് ഡയറി 4
എന്റേതല്ലാത്ത ഈ ദ്വീപിലേക്ക്
വീണ്ടും മടങ്ങിവരുന്നു

ലക്ഷദ്വീപ് ഡയറി 4 എന്റേതല്ലാത്ത ഈ ദ്വീപിലേക്ക് വീണ്ടും മടങ്ങിവരുന്നു

എങ്ങോട്ടു പുറപ്പെട്ടാലും തിരിച്ച് വീണ്ടും അങ്ങോട്ടുതന്നെ മടങ്ങണമെന്ന് ഉന്മാദമായ പ്രേരണ സൃഷ്ടിക്കുന്ന ചെറിയ ഒരു പവിഴദ്വീപ്. അങ്ങനെ നോക്കിയാല്‍ എന്റേതെന്ന് പറയാന്‍ ഇവിടെ ഒന്നുമില്ല. എന്നാല്‍ നൂറ്റാണ്ടുകളായി ഞാന്‍ ഇവിടെയാണ് ജീവിക്കുന്നതെന്ന ഭ്രമമുണ്ടാക്കുന്ന എന്റേതല്ലാത്ത ഈ ദ്വീപിലേക്ക് വീണ്ടും ഞാന്‍ മടങ്ങിവരുന്നു.

14 Aug 2020, 03:39 PM

അബ്ദുള്‍ റഷീദ്

റബിയുല്‍ അവ്വല്‍ പതിനാലാം തീയ്യതി പൗര്‍ണമി രാത്രിയില്‍ ചെറിയ യാത്രാക്കപ്പലില്‍ ദ്വീപിലേക്ക് മടങ്ങിപ്പോവുകയാണ്. എവിടെ നിന്നാണെന്ന് ചോദിക്കരുത്. "എവിടെനിന്ന്? എങ്ങോട്ട്? എപ്പോള്‍? എന്തിന്? എങ്ങനെ? എന്നിത്യാദി കുഴപ്പം പിടിക്കുന്ന ചോദ്യങ്ങളൊന്നും കുട്ടികള്‍ മുതിര്‍ന്നവരോട് ചോദിക്കാന്‍ പാടുള്ളതല്ല' എന്ന് ബാല്യകാലത്തുതന്നെ മൊല്ലാക്ക ഞങ്ങളോട് അനുശാസിച്ചിരുന്നു.  അതിനാല്‍തന്നെ ഇങ്ങനെയുള്ള ചോദ്യങ്ങളില്‍നിന്ന് ഞാനല്‍പം മാറിയാണ് നില്‍ക്കുന്നത്.  "ഉണ്ടായിരുന്നു. അതിനാല്‍ ഞാനിങ്ങനെ ഇവിടെയുണ്ട്. പുറപ്പെട്ടതുകൊണ്ട് പുറപ്പെട്ടു. എങ്ങോട്ടാണ് പുറപ്പെട്ടതെന്ന് എനിക്കറിയില്ല. അതിനാല്‍ എങ്ങോട്ടാണ് പുറപ്പാടെന്നും ആരും ചോദിക്കരുത്' എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ മുറുകെപ്പിടിച്ചുകൊണ്ട് ഞാനും ചുറ്റിക്കറങ്ങുന്നു. അതുകൊണ്ടുതന്നെ എങ്ങോട്ടോ, എന്തിനോ, എന്തിനാണോ - ചെറിയൊരു നൗകയില്‍കയറി പുറപ്പെട്ടവന്‍ ഇപ്പോള്‍ അതേ നൗകയില്‍കയറി തിരിച്ച് എന്റെ മട പോലുള്ള ദ്വീപിലേക്ക് മടങ്ങുന്നു. എങ്ങോട്ടു പുറപ്പെട്ടാലും തിരിച്ച് വീണ്ടും അങ്ങോട്ടുതന്നെ മടങ്ങണമെന്ന് ഉന്മാദമായ പ്രേരണ സൃഷ്ടിക്കുന്ന ചെറിയ ഒരു പവിഴദ്വീപ്. അങ്ങനെ നോക്കിയാല്‍ എന്റേതെന്ന് പറയാന്‍ ഇവിടെ ഒന്നുമില്ല. എന്നാല്‍ നൂറ്റാണ്ടുകളായി ഞാന്‍ ഇവിടെയാണ് ജീവിക്കുന്നതെന്ന ഭ്രമമുണ്ടാക്കുന്ന എന്റേതല്ലാത്ത ഈ ദ്വീപിലേക്ക് വീണ്ടും ഞാന്‍ മടങ്ങിവരുന്നു.  

പുണ്യ പ്രവാചകന്‍ മുഹമ്മദ് നബി ജനിച്ചതും മരിച്ചതുമായ പവിത്രമാക്കപ്പെട്ട മാസമാണ് റബിയുല്‍ അവ്വല്‍. അതുകൊണ്ടുതന്നെ ഈ മാസത്തിലെ ആദ്യപകുതിയില്‍ ഭൂരിപക്ഷം നൗകകളും കാലിയായിത്തന്നെ ഓടിക്കൊണ്ടിരിക്കും. തങ്ങള്‍ ജീവനെക്കാളും സ്‌നേഹിക്കുന്ന പ്രവാചകന്റെ സ്മരണകളുണരുന്ന ഈ ദിനങ്ങളില്‍ ദ്വീപുവാസികളെല്ലാവരും, അവര്‍ സ്വര്‍ഗമായിത്തന്നെ കാണുന്ന തങ്ങളുടെ ദ്വീപുകള്‍വിട്ട് എങ്ങോട്ടും പോകാറില്ല. പുറത്തുള്ളവര്‍ എവിടെയാലും നേരത്തെതന്നെ അവരവരുടെ ദ്വീപുകളിലേക്ക് മടങ്ങും. തിളങ്ങുന്ന വിളക്കുകളാലും പച്ചപ്പതാകകളാലും മൗലീദ് റാത്തീബ് പാരായണങ്ങളാലും നെയ്‌ച്ചോറിന്റെയും ആട്ടിറച്ചിക്കറിയുടെയും സുഗന്ധത്താലും ഈ പത്തു ദ്വീപുകളില്‍ ഒന്‍പതും ഉണര്‍ന്നിരിക്കും. ഒരേ ഒരു ദ്വീപു മാത്രം എന്നത്തേയുംപോലെ ഊഷരമായ ഗാംഭീര്യത്തോടെ മൗനത്തിലായിരിക്കും. അതിന് കാരണവുമുണ്ട്. തികഞ്ഞ ദൈവഭക്തരാണ് ആ ദ്വീപുവാസികള്‍. സൃഷ്ടിച്ച അല്ലാഹുവിനെയല്ലാതെ മാറ്റാരെയും ആരാധിക്കാന്‍ പാടുള്ളതല്ലായെന്നും അല്ലാഹുവിന്റെ പ്രവാചകനെപ്പോലും ആവശ്യമില്ലാതെ പാടിപ്പുകഴ്ത്താന്‍ പാടുള്ളതല്ലായെന്നുമാണ് അവിടെയുള്ളവരുടെ വിശ്വാസം.

മറ്റുള്ള ഒന്‍പത് ദ്വീപിലെ ആളുകളും പ്രവാചകനെയും സൂഫീവര്യന്മാരെയും ഔലിയാക്കളെയും പാടിപ്പുകഴ്ത്തിയും ദഫ് മുട്ടി ആടിക്കളിച്ചും കൊണ്ടാടുന്നു. കൂടാതെ വയറു നിറയെ കഴിച്ചും പണം വെള്ളം പോലെ ചെലവു ചെയ്ത് ആഹ്ലാദിച്ചും സന്തോഷിച്ചും കഴിയുന്നു. എനിക്കെന്തോ ഒച്ചയില്ലാതെ കിടക്കുന്ന ആ ഒരു ദ്വീപൊഴിച്ച് മറ്റുള്ള ദ്വീപുകളില്‍ചുറ്റിക്കറങ്ങുന്നതാണ് ഇഷ്ടമുള്ള കാര്യം. കണ്ണിനു കാണുന്ന സൂഫീ ഫക്കീറുകളില്ലാത്ത കണ്ണിനു കാണാത്ത ദൈവം മാത്രം വ്യാപിച്ചു കിടക്കുന്ന ആ ഒരു ദ്വീപ് എല്ലായ്‌പ്പോഴും ശൂന്യമായി കിടക്കും. അതിനുകാരണം ഈ ദ്വീപിലുള്ള ഭൂരിപക്ഷം ആണുങ്ങളും ദൂരെ കരകാണാകടലുകളില്‍ ചുറ്റിയലയുന്ന നൗകകളില്‍ നാവികരാണ്. എപ്പോഴോ മടങ്ങിവരുന്നവര്‍ വീടിന്റെ വാതിലും അടച്ചുകൊണ്ട് നീണ്ട നിദ്രയില്‍ വിലയം പ്രാപിക്കും. ഈ ദ്വീപിലെ സ്ത്രീകള്‍ സുന്ദരിമാരാണ്. എന്നാല്‍ മറ്റെവിടെയും കാണാത്ത ഒരു തരത്തിലുള്ള നിര്‍വികാരമായ പാരുഷ്യം അവരുടെ സൗന്ദര്യത്തിന് ഉരുക്കുചട്ടം തീര്‍ത്തീര്‍ക്കുന്നതുപോലെ കാണപ്പെടുന്നു. ഉറക്കത്തില്‍നിന്ന് എഴുന്നേല്‍ക്കുന്ന പുരുഷന്മാര്‍ ഒരൊറ്റ സമയവും തെറ്റാതെ മുറപ്രകാരം അഞ്ചുനേരത്തെ നിസ്‌ക്കാരം നിര്‍വ്വഹിക്കുന്നു. എന്തു ചോദിച്ചാലും അവരുടെ മറുപടി ദൈവത്തിന്റെ കരുണയെക്കുറിച്ചുള്ള സംസാരത്തില്‍നിന്ന് തുടങ്ങും. തങ്ങളുടെ സ്വകാര്യമായ സുഖദുഃഖങ്ങള്‍ പറയാനുള്ളതല്ലെന്ന ബോധം അവരില്‍ ജന്മനാ ഉള്ളതുപോലെയാണ് എനിക്ക് തോന്നുന്നത്. അതിനാല്‍ തന്നെ ഞാനിവരോട് അധികമൊന്നും ചോദിക്കാന്‍ പോകാറുമില്ല. ദൈവത്തോട് അമിതായി ഒട്ടിനില്‍ക്കുന്നവര്‍ ലോകത്തെ ലാഭനഷ്ടത്തോടെ സമീപിക്കുന്നവരാണെന്ന് ഇവരെ കണ്ടപ്പോള്‍ എനിക്കും തോന്നിപ്പോയി. ഇതെല്ലാം ഒരുതരത്തില്‍ വെറുതെ തലപുണ്ണാകുന്ന ഗഹനമായ ചിന്തകള്‍. തിന്നും ഉണ്ടും കിടന്നും ഉറങ്ങിയും രാവിലെയെഴുന്നേറ്റ് വിശക്കുമ്പോള്‍ ആഹാരത്തിനായി വഴിതേടുകയും ചെയ്യുന്ന എന്നെപ്പോലുള്ള കൊടുംപാപിയെ ഈയൊരു ദ്വീപിലെ മനുഷ്യര്‍ മുഷിപ്പിക്കുന്നു.     

ആയതിനാല്‍ കപ്പലിറങ്ങി ഈ ദ്വീപില്‍ ചുറ്റിക്കറങ്ങിയവന്‍ ആരോടും കൂടുതലൊന്നുമുരിയാടാതെ ഗാഢമായ ഉറക്കവും കഴിഞ്ഞ് വെളുപ്പിന് എഴുന്നേറ്റപാടേ മറ്റൊരു കപ്പലില്‍ കയറി വേറൊരു ദ്വീപിലേക്ക് ചെന്നു. കടല്‍നിറയെ "പറവ' എന്നറിയപ്പെടുന്ന പറക്കും മത്സ്യങ്ങള്‍. വെള്ളത്തിനടിയില്‍നിന്ന് ബ്ലും എന്ന് പൊങ്ങി വരുന്ന ഈ മീനുകള്‍ കടലിനടിയില്‍നിന്ന്​ ആരോ തൊടുത്തുവിട്ട അമ്പുപോലെ കുറച്ചുനേരം ജലത്തിനു മീതെ പറന്ന് വീണ്ടും കടലിലേക്ക് ഊളിയിട്ട് മറയും. ഡോള്‍ഫിന്‍ മത്സ്യക്കൂട്ടം കപ്പല്‍തീര്‍ക്കുന്ന അലകള്‍ക്ക് മേലേക്കൂടി ചാടി അല്പദൂരം മറികടന്ന് പിന്നിലേക്ക് വലിയുന്നു. ഇവ മനുഷ്യരെപ്പോലെ പ്രസവിക്കുകയും കുഞ്ഞുങ്ങള്‍ക്ക് പാലൂട്ടുകയും കുടുംബ ബന്ധങ്ങളുമുള്ള നശ്വരജീവികള്‍. അച്ഛന്‍മീന്‍, അമ്മ മീന്‍, മകള്‍മീന്‍, മകന്‍മീന്‍ എന്നിങ്ങനെ. ഞങ്ങളും നിങ്ങള്‍ മനുഷ്യരേക്കാള്‍ കുറഞ്ഞവരൊന്നുമല്ലെന്നപോലെ തങ്ങളുടേതായ ഭാഷയില്‍ വര്‍ത്തമാനം പറഞ്ഞുംകൊണ്ട് ജീവിക്കുന്ന മത്സ്യജീവികള്‍.

ldഒരു മഞ്ഞവര്‍ണപ്പക്ഷി കപ്പലിനെത്തന്നെ കൂരയാക്കിക്കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും പറന്ന് തന്റെ ചേക്കേറേണ്ട സ്ഥലം ലക്ഷ്യമാക്കി ഞങ്ങളുടെ കൂടെ യാത്ര ചെയ്യുന്നുണ്ടായിരുന്നു. വയറ്റുപ്പിഴപ്പിനായി ജോലിക്കുള്ള വഴിയുംതേടി ദ്വീപിലേക്ക് പോകുന്ന തമിഴ്‌നാട്, ഒറീസ്സ, ഉത്തര്‍പ്രദേശ്, ബീഹാര്‍ എന്നിവിടങ്ങളില്‍നിന്നുള്ള കൂലിവേലക്കാര്‍ കപ്പല്‍ നിറയെ ഇരിപ്പുണ്ടായിരുന്നു. അവരില്‍ പലര്‍ക്കും ഇതാദ്യമായിരുന്നു സമുദ്രസഞ്ചാരം. കടല്‍യാത്രയിലെ അസ്വസ്ഥത കാരണം മനം പിരട്ടലുണ്ടാവുകയാല്‍ ഗര്‍ഭിണികളെപ്പോലെ വയറും പിടിച്ചുകൊണ്ട് കരള്‍പറിഞ്ഞുവരുംവിധം ഓക്കാനിച്ചോക്കാനിച്ച് വെയിലില്‍ ചുക്കിച്ചുളിഞ്ഞ് കുഞ്ഞുകളെപ്പോലെ അവര്‍ ഉറക്കത്തിലേക്കാണ്ടുപോയിരുന്നു.  ഏതോ ദ്വീപില്‍നിന്ന് ഒളിച്ചോടി വന്ന് കപ്പലില്‍കയറിയിരിക്കുന്ന രണ്ടു കമിതാക്കള്‍ യാത്രികരുടെ സംസാരവിഷയമായിക്കൊണ്ട് ഭയന്ന് ഒരു മൂലയ്ക്കിരിപ്പുണ്ടായിരുന്നു. തങ്ങള്‍ രണ്ടുപേര്‍ക്കും നിക്കാഹ് കഴിഞ്ഞതായും എന്നാല്‍ ദ്വീപിലെ ആളുകള്‍ക്ക് ഭക്ഷണം നല്കാന്‍ കാശില്ലാത്തതിനാല്‍ തങ്ങള്‍ രണ്ടുപേരും ജോലിയുമന്വേഷിച്ച് അലയുകയാണെന്നുമുള്ള അവരുടെ മുടന്തന്‍ന്യായം വിശ്വസിക്കാത്ത കപ്പലിലെ യാത്രക്കാര്‍ മൂക്കിന്‍തുമ്പത്ത് ചിരിച്ചുകൊണ്ടും അവരിരുവരുടെയും ചേഷ്ടകളെ ഇടങ്കണ്ണാലെ ശ്രദ്ധിച്ചുകൊണ്ടും തങ്ങളുടെ വെടിപറച്ചിലില്‍ മുഴുകുന്നു. ചലിച്ചാലും ചലിച്ചാലും അവസാനിക്കാത്ത കടല്‍. കണ്ണില്‍ പതിയാത്ത കരയുടെ ചിത്രം. ദൂരെയെവിടെയോ നീങ്ങിക്കൊണ്ടിരിക്കുന്ന ചരക്കുകപ്പലുകളിലെ പ്രകാശിക്കുന്ന വിളക്കുകള്‍. ഏതോ ഒരു ദ്വീപിലെ മിന്നാരത്തില്‍നിന്നും തെളിയുന്ന വെളിച്ചത്തിന്റെ ബിന്ദു. കപ്പലിനെ പിന്തുടര്‍ന്നുവന്ന് ആകാശത്തിന്റെ മദ്ധ്യത്തോളം ഉയര്‍ന്നുപൊങ്ങിയിരിക്കുന്ന പൗര്‍ണയിലെ പൂര്‍ണചന്ദ്രന്‍. മുരണ്ടുകൊണ്ടിരിക്കുന്ന കപ്പലിന്റെ യന്ത്രങ്ങളുടെ ഇരമ്പല്‍. 

"ഒന്നില്‍നിന്നും കണ്ണെടുക്കാതെ എല്ലാറ്റിനെയും ഗൗനിച്ചുകൊണ്ടിരിക്കുന്ന ഇവന്റെ വട്ടുരോഗത്തിന് മരുന്നില്ല. ഇവനെക്കൊണ്ട് നിങ്ങളാര്‍ക്കും ഗുണമില്ല. ഇവന്‍ നിങ്ങളുടെയാരുടെയും സഹായത്തിന് വരില്ല. ഇവനുമായി ആരും അടുക്കേണ്ട' എന്ന് മൊല്ലാക്ക എല്ലാവര്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഖുര്‍ആന്‍ വായിക്കേണ്ടവന്‍ ശ്രദ്ധിക്കേണ്ടത് കിതാബിലെ അക്ഷരങ്ങളെയാണ്. എന്നാല്‍ ഇവന്‍ അതുകളഞ്ഞ് പഠിപ്പിക്കുന്ന ഉസ്താദിന്റെ മുഖവും താടിയും അതിനിടയില്‍നിന്ന് പുറത്തേക്ക് തെറിക്കുന്ന തുപ്പലും നോക്കിക്കൊണ്ട് ഉള്ളിന്റെയുള്ളില്‍ സ്വയം ചിരിക്കുകയാണെന്നതായിരുന്നു അദ്ദേഹത്തിന്റെ ദേഷ്യത്തിന് കാരണം. അക്കാരണത്താല്‍ അദ്ദേഹം എന്നെ നാനാവിധത്തില്‍ ശിക്ഷിച്ചും കഴിഞ്ഞു. കൈ രണ്ടും കമിഴ്ത്തി നീട്ടിപ്പിടിക്കാന്‍ പറഞ്ഞ് വിരലുകള്‍ക്ക് പുറത്ത് ചൂരല്‍കൊണ്ടടിക്കുക, നിക്കര്‍ സ്വല്പം ഇറക്കിവെക്കാന്‍ പറഞ്ഞ് ചന്തികളില്‍ ചൂരലടയാളം പതിപ്പിക്കുക, കാല്‍വിരലുകളെ തന്റെ പാദംകൊണ്ടമര്‍ത്തി വേദനിപ്പിക്കുക, കൈയില്‍ പിച്ചുക എന്നിങ്ങനെ. എന്തു ചെയ്താലും അവരുടെ മുഖത്തില്‍നിന്ന് ശ്രദ്ധ മാറാത്ത എന്റെ കണ്ണുകള്‍. അദ്ദേഹത്തിന്റെ ക്ഷമ കെട്ടു. "ഇനിയിവന് ഖുര്‍ആന്‍ പഠിപ്പിച്ചുകൊടുക്കാന്‍ പറ്റൂല. വല്ല ഇബിലീസിന്റെ കിത്താബുകള്‍ വായിച്ച് ശെയ്ത്താന്‍മാരുടെ സൈന്യത്തില്‍ ചേര്‍ന്ന് നശിച്ചു പോ' എന്ന് അദ്ദേഹമെന്നെ ശപിക്കുകപോലും ചെയ്തു.

"നീയിങ്ങനെ ഒറ്റയാനായ ശെയ്ത്താനെപ്പോലെ വിരിച്ചിടത്ത് കിടക്കാതെ അലഞ്ഞുതിരിയുന്നത് ആ മഹാനുഭാവനായ ഉസ്താദിന്റെ ശാപം കാരണമാണ്' എന്ന് ഉമ്മ ഇപ്പോഴും പറയുന്നുണ്ട്. അവരുടെ ധ്വനിയില്‍നിന്ന് അതിനെ പരോക്ഷമായി ശരിവെക്കുന്നതായി മനസിലാകുന്നു. എല്ലാവര്‍ക്കും വേണ്ടപ്പെട്ടയാളായി ജീവിക്കുക എല്ലാ കാലത്തും സാധ്യമല്ലെന്ന് ഉമ്മയും വിശ്വസിക്കുന്നുണ്ട്. ഞാന്‍ മൊല്ലാക്കയുടെ പിഞ്ഞാണപ്പാത്ര രഹസ്യവും അന്വേഷിച്ചുകൊണ്ട് പോയിരിക്കുന്നത് ഒരു അടവു മാത്രം. ഇതിനു പിന്നില്‍ ആര്‍ക്കുമറിയാത്ത അവന്റെ ഒരു കള്ളത്തരമുണ്ടെന്ന് പ്രത്യക്ഷത്തിലല്ലെങ്കിലും പരോക്ഷമായി അവിടെയുമിവിടെയും ഉമ്മ പറഞ്ഞിട്ടുണ്ട്. അവര്‍ക്കും എനിക്കും മാത്രമറിയാവുന്ന സത്യമെന്ന പോലെ.

പാവം ഉമ്മയ്ക്കുമറിയാത്ത എന്റെയുളളിലെ ധര്‍മ്മസങ്കടങ്ങള്‍. പിഞ്ഞാണപ്പാത്രത്തെ തിരഞ്ഞുകൊണ്ടെന്നുള്ള എന്റെ യാത്രയുടെ ശരിയായ കാരണമെന്താണെന്ന് സത്യത്തില്‍ എനിക്കു തന്നെയറിയില്ല. എന്നാല്‍ ഓട്ടത്തിനിടയില്‍ പല സ്വര്യക്കേടുകള്‍ക്ക് നടുവില്‍ മനുഷ്യരുടെ മുഖങ്ങളെയും, അതിന്റെ വക്രതകളെയും, അവരുടെ കണ്ണുകളിലെ നിഷ്ഠൂരമായ കാഠിന്യത്തെയും, ചിലപ്പോഴൊക്കെ അപരിമിതമായ സൗന്ദര്യത്തെയും, വളരെ കൂടുതലായി വിനോദമയമാകുന്ന അവരുടെ ജീവിതകഥകളെയും, മനുഷ്യജീവിതത്തിന്റെ നിരര്‍ത്ഥകതയെ വിളംബരം ചെയ്യുന്ന സംഭവ പരമ്പരകളെയും കണ്ടുകൊണ്ടും കേട്ടുകൊണ്ടും നിരീക്ഷിച്ച് ജീവിക്കുന്നത് നമ്മുടെ ഈ ജന്മഭാരത്തെ സാന്ത്വനപ്പെടുത്തുമെന്നും ആവശ്യമില്ലാത്ത പാണ്ഡിത്യ പ്രദര്‍ശനത്തില്‍നിന്ന് നമ്മെ അകറ്റിനിര്‍ത്തുമെന്നുമാണ് ഞാന്‍ അനുഭവിച്ചറിഞ്ഞത്. അതുകൊണ്ടുതന്നെ അവസാനിക്കുകയേ ഇല്ലയോ എന്ന് മനസ്സിലാകാത്ത ഈ കടല്‍സഞ്ചാരത്തില്‍ എല്ലാം വെറുതെ കണ്ടുംകൊണ്ട് നീങ്ങുന്നു. 

ld

ഇതുപോലുള്ള ഒരു കപ്പല്‍യാത്രയിലാണ് മൊല്ലാക്കയുടെ അനുചരനായിരുന്ന ആട്ടിറച്ചി വില്‍പനക്കാരനും മണിച്ചരക്കു വ്യാപാരിയും കഥാകാരനും പാട്ടുകാരനുമായ വൃദ്ധനെ പരിചയപ്പെട്ടത്. ഇടറുന്ന ശബ്ദവും വിറക്കുന്ന വിരലുകളുമുള്ള ഈ മനുഷ്യനെക്കുറിച്ച് മുമ്പ് ഞാന്‍ എഴുതിയിട്ടുണ്ട്. ജീവനെക്കാളും സ്‌നേഹിക്കുന്ന ആദ്യഭാര്യയെ ത്യജിച്ച് പ്രാണത്തെക്കാളേറെ പരിപാലിക്കുന്നവളെ രണ്ടാം ഭാര്യയായി സ്വീകരിച്ചയാളുടെ കഥ. മുമ്പ് അതു വായിച്ചിട്ടുള്ളവര്‍ക്കറിയാം. തന്റെ ആദ്യഭാര്യയെ ഉപേക്ഷിച്ചതിന്റെ കാരണം വ്യക്തമാക്കാതെ കൊടുങ്ങല്ലൂരിലെ മഹാറാണിയുടെ പ്രേമവഞ്ചനയുടെ കഥയും അതിനാലുണ്ടായ വിരക്തി കാരണം മഹാരാജാവ് രഹസ്യമായി പായിക്കപ്പലിലേറി അറബ് ദേശത്തു ചെന്ന് അവിടെ പുണ്യ പ്രവാചകനെ കണ്ട് പാദങ്ങളില്‍ ചുംബിച്ച് സത്യവിശ്വാസിയായി തിരിച്ചുവന്ന കഥയും മാത്രമാണ് അയാള്‍  പറഞ്ഞത്. പക്ഷേ തന്റെ മടക്കയാത്രയില്‍ എതോ രോഗം പിടിപ്പെട്ട് അദ്ദേഹം മരിച്ചു. അദ്ദേഹത്തിന്റെ സമാധി ഇപ്പോഴും അറേബ്യന്‍ തീരത്തെവിടെയോ ഉണ്ടത്രേ. പുണ്യ പ്രാവചകന്‍ ജീവിച്ച മക്ക സന്ദര്‍ശിച്ച് മടങ്ങിവരുന്ന വേളയില്‍ ദ്വീപുവാസികളില്‍ ചിലര്‍ ചേരമാന്‍ പെരുമാള്‍ മരിച്ച് മണ്ണോടു ചേര്‍ന്ന് കിടക്കുന്ന ഒമാനിലെ സലാല എന്ന പട്ടണത്തിലെ അദ്ദേഹത്തിന്റെ മഖ്ബറയില്‍ ചെന്ന് മുഖം കാണിച്ച് വരാറുണ്ട്. 

അങ്ങനെ മക്കയും സന്ദര്‍ശിച്ച് ആ പട്ടണത്തിലും ചെന്ന് കൊച്ചിയില്‍ വിമാനിമിറങ്ങി തന്റെ ദ്വീപിലേക്ക് മടങ്ങാനായി കപ്പലില്‍ പുറപ്പെട്ട ആ മനുഷ്യന്‍ കൈയ്യിലൊരു തസ്ബിഹ് മാലയും പിടിച്ച് തലയാട്ടിക്കൊണ്ട് ഇരിപ്പുണ്ടായിരുന്നു. വര്‍ഷങ്ങളായി തസ്ബീഹ് മാലയിലെ മുത്തുകള്‍ എണ്ണിയെണ്ണി കൈവിരലുകളെല്ലാംതന്നെ വിറക്കുന്ന അവസ്ഥയിലായ ആടിനെയറുക്കുന്ന വൃദ്ധന്‍. ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് പത്‌നിയാല്‍ വഞ്ചിക്കപ്പെടുകയും പ്രവാസിയാവുകയും ജീവന്‍ വെടിയേണ്ടിയും വന്ന തങ്ങളുടെ പൂര്‍വ്വികനായ രാജാവിനെക്കുറിച്ചുള്ള ചിന്ത ആയിരം വര്‍ഷങ്ങള്‍ക്ക് ശേഷവും വേട്ടയാടുന്നതുപോലെ അയാളുടെ കണ്ണുകളില്‍ കണ്ടു. എന്നാല്‍ ഈ പശ്ചാത്തലത്തെപ്പറ്റി ബോധമില്ലാതിരുന്ന ഞാന്‍ കാര്യഗൗരവമില്ലാതെ വെറുതെ അയാളെക്കൊണ്ട് സംസാരിപ്പിച്ചു. എന്നാല്‍ കടലില്‍മുരണ്ടു നീങ്ങിയിരുന്ന കപ്പലിലിരുന്ന് ഇഞ്ചിഞ്ചായി നടുങ്ങിക്കൊണ്ട് മുഴുവന്‍ ലക്ഷദ്വീപ് സമൂഹത്തിന്റെ ഉൽപ്പത്തിയെക്കുറിച്ചും മനുഷ്യവാസചരിത്രത്തെക്കുറിച്ചും പറയുക മാത്രമല്ല, തകര്‍ന്നുപോയ തന്റെ ആദ്യവിവാഹത്തെക്കുറിച്ചുള്ള സൂചനകളും അയാള്‍ നല്‍കി. അതുകഴിഞ്ഞ് ദ്വീപില്‍ ചെന്നെത്തിയശേഷം കൂടുതല്‍ വിവരങ്ങളും അയാള്‍ പങ്കുവെച്ചിരുന്നു. അതില്‍നിന്ന് ഞാന്‍ അനുമാനിച്ചതെന്താണെന്നുവെച്ചാല്‍ അയാളുടെ ആദ്യവിവാഹത്തിന്റെ നിരാശയ്ക്ക് പിറകില്‍ പ്രതിനായകനെപ്പോലെ തെളിഞ്ഞു നില്‍ക്കുന്ന വ്യക്തി എന്റെ കഥാനായകനായ മൊല്ലാക്കയായിരിക്കാമെന്നതാണ്. 

നൂഹ് നബിയുടെ പേടകം പോലെയുള്ള ഇരുമ്പുപെട്ടി

അഗത്തി ദ്വീപില്‍നിന്ന് ദിവസവും പുറപ്പെടുന്ന വിമാനത്തില്‍കയറി ഔദ്യോഗികാവശ്യത്തിനായി കൊച്ചിയിലേക്ക് പുറപ്പെട്ടവന്‍ മടങ്ങാനായി വിമാനത്തില്‍ കയറാന്‍ മനസ്സു വരാതെ കപ്പലില്‍ പോകാന്‍ തീരുമാനിച്ച് ടിക്കറ്റും വാങ്ങി വെല്ലിംഗ്ടണ്‍ദ്വീപില്‍ ആ കപ്പലിനെയും കാത്ത് ഒരു കിറുക്കനെപ്പോലെ ചുറ്റിക്കറങ്ങുകയായിരുന്നു. എണ്‍പത്തിയഞ്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്ടാം ലോകമാഹായുദ്ധകാലത്ത് ഹിറ്റ്‌ലറിന്റെ സൈന്യത്തെ ആക്രമിക്കാന്‍ ബ്രിട്ടീഷുകാര്‍ നടത്തിയ നാനാവിധ കസര്‍ത്തുകളില്‍ ഒന്നാണ് വെല്ലിംഗ്ടണെന്ന ഈ മനുഷ്യനിര്‍മ്മിത ദ്വീപ്. അടുത്തുള്ള വേമ്പനാട്ട് കായലില്‍നിന്ന് മണ്ണു മാന്തിയെടുത്ത് അറബിക്കടലില്‍നികഴ്ത്തി ഒരു കൃത്രിമ ദ്വീപുണ്ടാക്കി അവിടെ തുറമുഖവും യുദ്ധവിമാനങ്ങള്‍ വന്നിറങ്ങാനായി മിലിറ്ററി എയര്‍ബേസുണ്ടാക്കി ഹിറ്റ്‌ലറിന്റെ സഖ്യകക്ഷിയായ ജപ്പാനിനു മേലെ ആക്രമണം നടത്താന്‍ തയ്യാറായ ബ്രിട്ടീഷുകാര്‍ അതുകഴിഞ്ഞ് കാലത്തിന്റെ കളികളില്‍പെട്ട് ഇന്ത്യ തന്നെ വിടേണ്ടി വന്ന കഥ നിങ്ങളേവര്‍ക്കുമറിയാം. സ്വാതന്ത്ര്യാനന്തരം ഇവിടെ നാവികത്താവളവും കപ്പല്‍നിര്‍മ്മാണശാലയും ആരംഭിച്ചു. അതുപോലെ ലക്ഷദ്വീപിലേക്കുള്ള യാത്രക്കപ്പലുകളും ചരക്കുകപ്പലുകളും ഇവിടെ നിന്നാണ് പുറപ്പെടുന്നതും തിരിച്ചു വന്നുചേരുന്നതും. കടല്‍, കായല്‍, പഴയ പാലങ്ങള്‍, കോളനികാലത്തെ പഴയ കെട്ടിടങ്ങള്‍, എവിടെനിന്നോ കൊണ്ടുവന്നു നട്ട് ഇപ്പോള്‍ വന്മരങ്ങളായി മാറിയ പലതരം വൃക്ഷങ്ങള്‍, അവയ്ക്കിടയില്‍ കപ്പല്‍പിടിക്കാനായി തലങ്ങും വിലങ്ങുമോടുന്ന പുതിയ സഞ്ചാരികള്‍, രോഗം മരുന്ന് ആശുപത്രി കല്യാണത്തിനുള്ള സ്വര്‍ണ്ണം മക്കളുടെ കോളേജ് മദ്രസവിദ്യാഭ്യാസം ഹോസ്റ്റല്‍ എന്നിങ്ങനെ പലവിധ ആവശ്യങ്ങള്‍ക്കായി കൊച്ചിയിലേക്ക് വന്നു മടങ്ങുന്ന ദ്വീപുവാസികള്‍. ഇപ്രാവശ്യം ഇതിന്റെയെല്ലാം കൂടെ പരിശുദ്ധ ഹജ്ജ് കര്‍മ്മം നിര്‍വ്വഹിച്ച് ദ്വീപിലേക്ക് മടങ്ങുന്ന ഹാജിമാരും ഉണ്ടായിരുന്നു. അവരുടെ മുഖത്ത് കാണുന്ന ഒരുതരം പാവനമായ ഭാവവും അവരുടെ നടത്തത്തില്‍നിന്ന് മനസ്സിലാകുന്ന യാത്രാക്ഷീണവും ശ്രദ്ധിച്ചുകൊണ്ട് ഞാന്‍ അങ്ങോട്ടുമിങ്ങോട്ടും ഉലാത്തിനടന്നു. ഇനിയുള്ള രണ്ടു പകലുകളും രണ്ടു രാത്രികളും കപ്പലില്‍ ചിലവിടാനുള്ളതുകൊണ്ട് ബിസ്‌ക്കറ്റിനും സിഗരറ്റിനും കുടിവെള്ളക്കുപ്പികള്‍ക്കുംവേണ്ടി ചെറിയ കടകളില്‍ കയറിയിറങ്ങി ഒടുവില്‍ കപ്പലിലേക്ക് കയറാനുള്ള സ്ഥലത്ത് ചെന്നെത്തി. 

കപ്പല്‍യാത്രയ്ക്കുള്ള ടിക്കറ്റ് കാണിച്ചപ്പോള്‍ ഒരു ബസ്സില്‍ കയറ്റിവിട്ടു. ഉള്ളില്‍ അസഹനീയമായ ചൂടില്‍വിയര്‍ത്തു കുളിച്ചിരിക്കുന്ന ദ്വീപുവാസികള്‍. കപ്പലില്‍ കയറാനായി വന്നവനെ ബസ്സില്‍ കയറ്റിവിട്ടത് എന്തിനാണ്? ദൂരയാത്രയുടെ സമയത്ത് ഓരോ ചുവടുവെക്കുമ്പോഴും നമ്മുടെ ദേഹത്തെ നാം തന്നെ പിച്ചിനോക്കി ജാഗ്രതയോടെയിരിക്കണമെന്ന് മൊല്ലാക്ക മുന്നറിയിപ്പ് നല്‍കിയിരുന്നത് എന്തോ ഓര്‍മയില്‍വന്നു. "ദൂരെ യാത്രയ്ക്ക് പുറപ്പെട്ടവനെ വഴിതെറ്റിക്കാനായി ശെയ്ത്താന്മാരും ഇബ്ലിസുകളും ജിന്നുകളും ശംഖിണി യക്ഷിണി ഡാകിനികളും ആകാശത്തില്‍വട്ടം ചുറ്റി പറക്കുന്നുണ്ട്. അവര്‍ക്കെല്ലാം ബലിയാടാകാതെ ഓരോ ചുവടുവെക്കുമ്പോഴും ഒന്നു നിന്ന് നിങ്ങളുടെ ശരീരത്തെ നിങ്ങള്‍ തന്നെ സ്വയം നുള്ളിക്കൊണ്ട് എവിടെ നിന്നുമാണ് വന്നിരിക്കുന്നതെന്നും ഇനിയെങ്ങോട്ടാണ് പോകാനുള്ളതെന്നും തീര്‍ച്ചപ്പെടുത്തിയതിനുശേഷം തുടരണം' എന്നു ഖുര്‍ആന്‍ പഠിപ്പിക്കുന്നതിനിടയില്‍ അദ്ദേഹം ഞങ്ങളോടു പറഞ്ഞിരുന്നു. "വഴിയില്‍ പലതരം പരീക്ഷണങ്ങള്‍ക്കും വിധേയമാകും. ശെയ്ത്താന്മാരുമുണ്ടാകും. അതിനാല്‍തന്നെ ആരോടും വഴി ചോദിക്കരുത്. പടച്ചവന്റെ മുഖം കണ്ണിനു മുന്നില്‍ തുറന്നുവെച്ചുകൊണ്ട് നടന്നുകൊണ്ടേയിരിക്കണം. എല്ലാം അറിയുന്നവനും കാണുന്നവനും കേള്‍ക്കുന്നവനുമായ സര്‍വ്വശക്തനായ ആ റബ്ബ് നിങ്ങളെ ആവരണം ചെയ്തുകൊണ്ട് എത്തിച്ചേരേണ്ടയിടത്തേക്ക് എത്തിക്കും' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

"സംശയമെന്നത് നിങ്ങളുടെ മനസ്സിനെ കബളിപ്പിക്കുന്ന ശെയ്ത്താന്റെ ആയുധമാണ്. അതില്‍പ്പെട്ട് ഒരിക്കലും ബലിയാടാകരുത്' എന്നദ്ദേഹം മുന്നറിയിപ്പും നല്കിയിരുന്നു. എന്നാല്‍ പിറക്കുമ്പോള്‍തന്നെ വയറ്റില്‍ സംശയ പിശാചുമായി പുറത്തേക്ക് വന്ന ഞാന്‍ അതിന്റെ ഫലമായി താറുമാറായ പലതരം അവസ്ഥയില്‍പ്പെടുകയും ശംഖിണി യക്ഷിണിമാര്‍ക്ക് ആഹാരമാവുകയും എങ്ങോട്ടോയെന്ന് കരുതി പുറപ്പെട്ടവന്‍ അത്യന്തം വഷളായി മറ്റെവിടെയോ ചെന്നെത്തിച്ചേരുകയും അതില്‍നിന്ന്  ലഭിക്കുന്ന ഒരു തരത്തിലുള്ള സുഖങ്ങളും സങ്കടങ്ങളും അനുഭവിച്ച് ജീവിതത്തിന്റെ മുക്കാല്‍ ഭാഗവും വ്യസനങ്ങളുമായി കഴിഞ്ഞുകൂടിയിരുന്നു. ജീവിതത്തില്‍ ഇനിയൊരിക്കലും കബളിക്കപ്പെടാന്‍ പാടില്ലായെന്ന് ദ്വീപില്‍ പുതിയ ജീവിതവും മൊല്ലാക്കയുടെ പിഞ്ഞാണപ്പാത്രവും അന്വേഷിച്ചു പുറപ്പെട്ടിരുന്നു. ഇപ്പോള്‍ നോക്കുമ്പോള്‍ കപ്പലില്‍ കയറാനായി ഇറങ്ങിപ്പുറപ്പെട്ടവനോട് ബസ്സില്‍ കയറാന്‍ പറയുന്നു. എന്നെ കബളിപ്പിക്കാന്‍ നോക്കുന്ന ഇബ്​ലീസിന്റെ കറാമത്തുകള്‍ കൊച്ചിയിലുമുണ്ടായിരിക്കുമെന്ന് എനിക്കു തോന്നിത്തുടങ്ങി. 

 "കപ്പലില്‍കയറാന്‍ വന്നവനെ എന്തിനാണ് ബസ്സില്‍ കയറ്റിയിരിക്കുന്നത്?' എന്ന് ശബ്ദമുയര്‍ത്തിത്തന്നെ ചോദിച്ചു. ബസ്സിനകത്ത് വിയര്‍പ്പില്‍ മുങ്ങിക്കുളിച്ചിരിക്കുന്ന ദ്വീപുവാസികള്‍ അവരവരുടേതായ ഉത്കണ്ഠകളില്‍ മുഴുകിയിരുന്നു. അതുകൊണ്ട് ഞാന്‍ പറഞ്ഞത് അവര്‍ കേട്ടിരിക്കാനിടയില്ലായെന്നു തോന്നി വീണ്ടുമൊരു തവണ ഉച്ചത്തില്‍ വിളിച്ചു ചോദിച്ചു. അപ്പോള്‍ കുറച്ചുപേര്‍ തങ്ങള്‍ക്കുളളില്‍തന്നെ കുലുങ്ങി ചിരിക്കാന്‍തുടങ്ങി. ആ ചൂട് നല്‍കുന്ന യാതനയില്‍ എന്റെ കൂക്കിവിളി അവര്‍ക്ക് നേരമ്പോക്കായി തോന്നിയിരിക്കാം. "കപ്പല്‍ വെള്ളത്തിലൂടെ ചലിക്കില്ല മനുഷ്യാ, അതിന് നമ്മള്‍ ജെട്ടിയിലേക്ക് പോകണം. ഈ ബസ്സ് നമ്മളെ അവിടെ കൊണ്ടെത്തിക്കും' എന്ന് തൊട്ടടുത്തിരുന്ന വയസ്സായ ഒരു മനുഷ്യന്‍ എന്നെ സമാധാനിപ്പിച്ചു. അതുകേട്ട മറ്റുള്ളവര്‍ വീണ്ടും കുറെ ചിരിച്ചു. "ഓഹ് അങ്ങനെയോ' എന്ന് മനസ്സില്‍ പിറുപിറുത്തുകൊണ്ട് സമാധാനം നടിച്ചു. "നിന്നെ കണ്ടാല്‍ ആളൊരു തമാശക്കാരനാണെന്ന് തോന്നുണ്ടല്ലോ. ഏതു നാട്ടുകാരനാണ് നീ?' അദ്ദേഹം ചോദിച്ചു. "നാട് മൈസൂര്‍, ജനിച്ചത് കുടകുദേശത്ത്, ഇപ്പോള്‍ നിങ്ങളെപ്പോലെയൊരു ദ്വീപുവാസി. ആദ്യമായാണ് കപ്പലില്‍ കയറുന്നത്' എന്നു മറുപടി പറഞ്ഞു. "ഏതു ദ്വീപ്' എന്നദ്ദേഹം ചോദിച്ചു. ഏതു ദ്വീപാണെന്ന് പറഞ്ഞു. "ഓഹ്, ഞാനും അതേ ദ്വീപുകാരനാണ്. അവിടെയെവിടെയാണ്?' അദ്ദേഹം വീണ്ടും ചോദിച്ചു. എവിടെയാണെന്നും പറഞ്ഞു. "ഓഹ്, ഞാനും അവിടെത്തന്നെയാണ്. മൂന്നു തെരുവുകളും സന്ധിക്കുന്നയിടത്ത് വാടകയ്ക്ക് നല്‍കുന്ന വലിയൊരു കെട്ടിടമുണ്ടല്ലോ. അത് എന്റേതാണ്' അയാള്‍ പറഞ്ഞു. "രണ്ടു മാസക്കാലമായി ഞാനവിടെയാണ് താമസിക്കുന്നത്, പക്ഷേ താങ്കളെ അവിടെവെച്ചു ഒരു തവണപോലും കണ്ടിട്ടില്ല' ഞാന്‍ പറഞ്ഞു. അപരിചതര്‍ സംസാരിക്കാനായി വന്നാല്‍ മുന്നൂറു തവണ ചോദ്യങ്ങള്‍ ചോദിച്ച് അവര്‍ ഇബ്​ലീസിന്റെ ദൂതന്മാരല്ലായെന്ന് ഉറപ്പുവരുത്തണമെന്ന് ചെറുപ്പത്തില്‍ മൊല്ലാക്ക പറഞ്ഞിട്ടുണ്ട്. ഒന്നു രണ്ടു ചോദ്യങ്ങള്‍ അധികം തന്നെ ചോദിച്ചു. അയാള്‍ മറുപടിയും പറഞ്ഞു. ബസ്​ പുറപ്പെട്ടു. അയാള്‍ പറഞ്ഞ കാര്യങ്ങളില്‍നിന്ന് മനസ്സിലായതെന്താണെന്നു വെച്ചാല്‍ അയാള്‍ ഇബ്​ലീസിന്റെ ദൂതനല്ല, മറിച്ച് പടച്ച അല്ലാഹുവിന്റെ വലിയ ഭക്തന്‍. കഴിഞ്ഞ രണ്ടുമാസമായി ഹജ്ജ് കര്‍മ്മം നിര്‍വ്വഹിക്കാനായി മക്ക സന്ദര്‍ശനത്തിലായിരുന്നു. മക്കയില്‍ചെന്ന് വിശുദ്ധ കഅബ സന്ദര്‍ശിച്ച് ഹജ്ജിന്റെ ചടങ്ങുകളെല്ലാം നിര്‍വ്വഹിച്ച് അവിടെനിന്ന് ഒമാനിലെ ചേരമാന്‍ പെരുമാളിന്റെ പുണ്യദര്‍ഗയില്‍ ചെന്ന് സിയാറത്ത് ചെയ്ത് തിരിച്ച് ലക്ഷദ്വീപിലേക്ക് മടങ്ങുകയാണ്. അയാളുടെ കൈയ്യില്‍ ഇളംനീല നിറത്തിലുള്ള തസ്ബീഹ് മാലയുണ്ടായിരുന്നു. സംസാരത്തിനിടയില്‍ അയാള്‍ മൗനമായി സലാത്ത് ചൊല്ലിയും തസ്ബീഹ് ജപിച്ചും എന്റെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കുന്നുമുണ്ടായിരുന്നു. ഒരുപക്ഷേ അയാളുടെ മനസ്സിലും എന്നെക്കുറിച്ച് ഇവ്വിധത്തിലുളള സന്ദേഹങ്ങളുണ്ടായിരിക്കാം. അതിനാല്‍ത്തന്നെ എന്നെപ്പറ്റിയുള്ള പല ചോദ്യങ്ങള്‍ തിരിച്ചു ചോദിച്ച് ഞാനും ഇബ്ലീസിന്റെ ദൂതനല്ലായെന്ന് ഉറപ്പുവരുത്തുകയായിരിക്കാമെന്നോര്‍ത്ത് ചിരിവന്നു. ബസ്​ ജെട്ടിയുടെ ഭാഗത്തേക്ക് മെല്ലെ നീങ്ങുന്നുണ്ടായിരുന്നു. വലിയ എടുപ്പോടെ നിന്നിരുന്ന കപ്പലിന്റെ മോന്തപ്പട്ട ദൂരെനിന്ന് തന്നെ കാണുന്നുണ്ടായിരുന്നു.       

"താങ്കളെനിക്കൊരു ഉപകാരം ചെയ്യാമോ?' ബസ്സിറങ്ങുന്ന വേളയില്‍ അയാളെന്നോട് ചോദിച്ചു. "ആകാമല്ലോ' ഞാന്‍ പറഞ്ഞു. "പുറകില്‍ വരുന്ന ലഗേജ് വണ്ടിയില്‍ എന്റെയൊരു യാത്രാപെട്ടിയുണ്ട്. അതൊന്നെടുത്ത് കപ്പലില്‍ കയറ്റാന്‍ സഹായിക്കാമോ?' അയാള്‍ ചോദിച്ചു. ഒരു ഭയമെന്നെ പിടികൂടി. "ദൂരയാത്രയില്‍വെച്ച് മറ്റുള്ളവരുടെ സാധനങ്ങളില്‍ തൊടാന്‍പാടുള്ളതല്ല. കള്ളനെന്ന് മുദ്രകുത്തപ്പെട്ട് എത്തേണ്ടിടത്ത് എത്താതെ ജയിലില്‍കിടക്കേണ്ടിവരും' എന്ന് മൊല്ലാക്ക പിറകില്‍ നിന്നുതന്നെ മുന്നറിയിപ്പ് നല്കി. "പക്ഷെ സത്യവിശ്വാസികളുടെ സത്യസന്ധത അവരുടെ മുഖത്തും നെറ്റിയിലും എഴുതിവെച്ചിട്ടുണ്ട്. അങ്ങനെയുള്ളവരെ വിശ്വസിക്കാം' എന്ന് അതിനു പരിഹാരവും അദ്ദേഹം പറഞ്ഞു തന്നിരുന്നു. ബസ്സിറങ്ങി അയാളുടെ മുഖവും നെറ്റിയും ശ്രദ്ധിച്ചു. മുഖത്ത് എടുത്തുകാണുന്ന സത്യവിശ്വാസത്തിന്റെ തെളിമ. നെറ്റിയില്‍ അവിരാമമായി പലവര്‍ഷങ്ങളോളം ദിവസവും അഞ്ചുനേരം മുട്ടുകുത്തി നെറ്റി നിലത്തു പതിപ്പിച്ച് സുജൂദ് ചെയ്തതില്‍നിന്നുണ്ടായ കറുത്ത നിസ്‌കാരത്തഴമ്പ്. വിശ്വസിക്കാമെന്ന് കരുതി. "അതിനെന്താ ചെയ്യാമല്ലോ' എന്ന് പറഞ്ഞു. "അല്‍ഹംദുലില്ലാഹ്... റബ്ബില്‍ഖൈര്‍...' എന്ന് കൃതജ്ഞതയോടെ അയാള്‍ചിരിച്ചു. 

ld

അമിത വിശ്വാസിയുടെ നിഷ്‌കളങ്കമായ പുഞ്ചിരി. ലഗേജ് വണ്ടിയില്‍നിന്ന് അയാളുടെ ഭീമാകൃതിയിലുള്ള പെട്ടി ഇറക്കിവെക്കാന്‍ സഹായിച്ചു. ഭീമന്‍ ഇരുമ്പുപെട്ടി. എന്റെയടുത്തും അതുപോലുള്ള വലിയൊരു ഇരുമ്പുപെട്ടിയുണ്ട്. എന്റേതെന്ന് പറയാവുന്ന എല്ലാ സാധനങ്ങളും നിറച്ചുവെക്കാന്‍ പറ്റുന്ന വലിയ പെട്ടി. കാലങ്ങളോളമായി ഞാന്‍ പോകുന്നയിടത്തേക്കെല്ലാം എന്നെ പിന്തുടര്‍ന്നു വരുന്ന പെട്ടി. "പ്രവാചകന്‍ നൂഹിന്റെ മരപ്പേടകം പോലെയുള്ള നിന്റെ ഇരുമ്പുപെട്ടി' എന്ന് എന്റെ ഉമ്മ കളിയാക്കും. മഹാപ്രളയകാലത്ത് പ്രവാചകന്‍ നൂഹ് ലോകത്തെ പുനസ്ഥാപിക്കാന്‍വേണ്ടി ബാക്കി കിടപ്പുള്ള വസ്തുവകകളെയും പക്ഷിമൃഗാദികളെയും വലിയൊരു മരപ്പേടകമുണ്ടാക്കി അതില്‍ നിറയ്ക്കുകയും പ്രളയമൊടുങ്ങുന്നതുവരെ ആ പേടകം വെള്ളത്തില്‍ പൊങ്ങിക്കിടക്കുകയും ചെയ്തുവത്രെ. നോക്കുമ്പോളതാ അതുപോലൊരെണ്ണം അയാളുടെ പക്കലുമുണ്ട്, എന്റെ പക്കലുമുണ്ട്. വീണ്ടും സംശയമെന്നെ പിടികൂടാന്‍തുടങ്ങി. "ചിലപ്പോള്‍ നിന്നെപ്പോലെയുള്ള മറ്റൊരു ശരീരം നീ എത്തിച്ചേരേണ്ടയിടത്ത് നീ എത്തിച്ചേരുന്നതിനു മുമ്പുതന്നെ എത്തിച്ചേരും. നീ താമസിച്ച് എത്തുന്നേരം നിന്നെ എല്ലാവരും മറന്നിട്ടുണ്ടാകും. അവന്‍ നിന്നെപ്പോലെ നിന്റെ മാതാപിതാക്കളുടെയും ഭാര്യയുടെയും മക്കളുടെയും കൂടെ ജീവിക്കുന്നുണ്ടാകും. അപ്പോള്‍ നീ എത്ര കരഞ്ഞു വിളിച്ചാലും അവര്‍ നിന്നെ വിശ്വസിക്കുകയില്ല. യാത്രയില്‍ ക്ഷീണിച്ച് മുഖച്ഛായയും ദേഹപ്രകൃതിയും മാറി എല്ലാവരും നിന്നെത്തന്നെ വ്യാജനെന്നു സംശയിക്കും. അതുകൊണ്ട് നിന്റെ കൈയ്യിലുള്ളതു പോലുള്ള സാധനങ്ങള്‍കൊണ്ടു നടക്കുന്ന മറ്റുള്ളവരെ സംശയദൃഷ്ടിയോടെ കാണണം' മൊല്ലാക്ക പറഞ്ഞിരുന്നു. 

അയാളുടെ ആ വലിയ ഇരുമ്പുപെട്ടി പൊക്കിയപ്പോള്‍ അതിന് ഭാരക്കുറവുണ്ടായിരുന്നു. "എന്താണ് ഇതിനിത്ര ഭാരക്കുറവ്'ഞാന്‍ ചോദിച്ചു. അയാള്‍ചിരിച്ചു. "പോകുന്നവേളയില്‍ മക്കയിലേക്കുള്ള നീണ്ടവഴിയില്‍ വിശക്കുന്നവര്‍ക്ക് കഴിക്കാനായി കൊപ്രാകഷ്ണങ്ങളും നീരയില്‍ നിന്നുണ്ടാക്കിയ ചക്കരയുണ്ടകളും നിറച്ചാണ് പുറപ്പെട്ടത്. അവിടെ വിശക്കുന്നവര്‍ക്ക് ഒരു കൊപ്രകഷ്ണം കൊടുത്താല്‍ എഴുപത് കഷ്ണങ്ങള്‍കൊടുക്കുന്ന പുണ്യം കിട്ടും. ഒരു ചക്കരയുണ്ട കൊടുത്താല്‍ എഴുപത് ചക്കരയുണ്ട കൊടുക്കുന്ന പ്രതിഫലം ലഭിക്കും. അതിനാല്‍ പെട്ടിയെ വിശക്കുന്നവര്‍ക്കുവേണ്ടി കാലിയാക്കി അതിനുപകരമായി പുണ്യവും നിറച്ചാണ് വന്നിരിക്കുന്നത്. വളരെ ലാഭമുള്ള കാര്യമല്ലേ?' എന്ന് അയാള്‍ വീണ്ടും ചിരിച്ചു. ദൈവത്തിന്റെ അടുത്തേക്കും ലാഭത്തിനായി ചെന്ന വയസ്സന്‍. അല്പംകൂടി സന്ദേഹം തോന്നി "എന്നാല്‍ പെട്ടിക്കകത്തുനിന്ന് ടണ്‍ടണ്‍എന്ന് ശബ്ദം കേള്‍ക്കുന്നുണ്ടല്ലോ' എന്നു സംശയനിവാരണം നടത്തി. "അത് മക്കയിലെ പവിത്രമായ സംസം ജലമടങ്ങിയ കുപ്പികളും കുട്ടികള്‍ക്കുവേണ്ടിയുള്ള ഈന്തപ്പഴപ്പൊതികളുമാണ്' എന്ന് അയാള്‍ വിടര്‍ന്നു ചിരിച്ചു. ശരി, അങ്ങനെയാണെങ്കില്‍ പെട്ടിക്കകത്ത് തട്ടിപ്പു സാധങ്ങളൊന്നുമില്ലെന്ന് കരുതി ആ വലിയ പെട്ടിയെ കപ്പലില്‍ കയറ്റാന്‍ സഹായിച്ചു. എന്റെ രണ്ടു കൈകളും അയാള്‍ തന്റെ കൈകള്‍ക്കത്തേക്ക് വാങ്ങി കണ്ണടച്ച് മന്ത്രിച്ച് എന്റെ നെറ്റിയിലൂതി. വിറച്ചുകൊണ്ടിരിക്കുന്ന അയാളുടെ കൈകളും നെറ്റിയില്‍ ചൂടോടെ സ്പര്‍ശിച്ച അയാളുടെ ഉയിരും. ഒരുപക്ഷെ ഇയാളൊരു മന്ത്രവാദിയായിരിക്കുമോയെന്ന് പേടി തോന്നി.

ഞാന്‍ കയറിയിരിക്കുന്നത് എനിക്കു പോകേണ്ട കപ്പലില്‍ തന്നെയല്ലേയെന്ന് കണ്ണടച്ചാലോചിച്ച് എന്നെത്തന്നെ ഞാനൊന്നു മെല്ലെ നുള്ളിനോക്കി. അയാളെന്റെ ആകുലതകളെ ശ്രദ്ധിക്കുന്നതായി എനിക്കു തോന്നി. "പേടിക്കേണ്ട, ആദ്യമായി കപ്പല്‍യാത്ര ചെയ്യുന്നവര്‍ക്ക് മനംപിരട്ടലും മനക്ലേശവുമുണ്ടാകും. കൂടുതല്‍ കഴിക്കേണ്ട. ഉറങ്ങുക. എനിക്കു നിസ്‌കാരത്തിന് സമയമായി' എന്ന് അയാള്‍ കപ്പലിലെ പ്രാര്‍ത്ഥനാമുറിയിയുടെ ഭാഗത്തേക്ക് നടന്നു. പ്രാര്‍ത്ഥനാലയവും ശൗച്യാലയങ്ങളും ഭക്ഷണശാലകളും ചെറിയൊരു കടയുമുള്ള ഭീമന്‍ കപ്പല്‍. അയാള്‍ നടന്നു പോകുമ്പോള്‍ ഒന്നു തിരിഞ്ഞുനിന്ന് ചിരിച്ചു. "ഒന്നുറങ്ങി അസര്‍ നിസ്‌കാരവും കഴിഞ്ഞ് ഞാനിങ്ങോട്ടുതന്നെ വരാം. നീയും വാ. യാത്രാക്ഷീണം തീര്‍ക്കാന്‍ കൂടെ സംസാരിക്കാനായി ആരെങ്കിലുമൊരാള്‍വേണം. ഇത് ഒന്‍പതാം തവണയാണ് ഞാന്‍ മക്കയില്‍പോയി തിരിച്ചു വരുന്നത്. പറയാനായി കുറേ കഥകളുണ്ട്' എന്നു പറഞ്ഞ് വീണ്ടും കപ്പലിന്റെ ഡെക്കിന്റെ ഭാഗത്തേക്കുള്ള പടികളിറങ്ങി അയാള്‍ മറഞ്ഞു. 

പ്രിയപ്പെട്ട വായനക്കാരെ, ഞാന്‍  മുമ്പ് ആടിനെയറുക്കുന്ന വൃദ്ധനെക്കുറിച്ച് എഴുതിയിരുന്നുവല്ലോ. ഇയാള്‍ തന്നെയാണ് ആ മനുഷ്യന്‍. ഞാന്‍ തിരഞ്ഞുകൊണ്ടിരിക്കുന്ന പിഞ്ഞാണപ്പാത്രം സൂക്ഷിച്ചിട്ടുള്ള ഒരു കുടുംബത്തെക്കുറിച്ച് പറഞ്ഞതും ഇയാള്‍ തന്നെയാണ്. അതുകൂടാതെ ഞാന്‍ എഴുതിവരുന്ന ഖുര്‍ആന്‍ പഠിപ്പിച്ച മൊല്ലാക്കയുടെ ജീവിതത്തിലെ പല രഹസ്യമായ വഴിത്തിരിവുകളെക്കുറിച്ച് കപ്പലിലെ നീണ്ടയാത്രയില്‍ പറഞ്ഞു തന്നതും ഈ മനുഷ്യന്‍ തന്നെയാണ്. ഞാന്‍ ആ പിഞ്ഞാണപ്പാത്രത്തെ കഴിഞ്ഞ വ്യാഴാഴ്ച എന്റെ കണ്ണാലെ കണ്ടു. മുന്നൂറു വര്‍ഷങ്ങളായി ഈ കുടുംബത്തിന്റെ കൈയ്യിലുള്ള പിഞ്ഞാണപ്പാത്രം ഇപ്പോഴും അങ്ങനെത്തന്നെയുണ്ട്. എന്നാല്‍ ആ കുടുംബത്തിനകത്തെ ആഭ്യന്തരപ്രശ്‌നം കാരണം അതില്‍ നീളത്തിലൊരു വിള്ളല്‍ സംഭവിച്ചു. മുട്ടയുടെ വെള്ളയും കടല്‍പ്പുറ്റിന്റെ പൊടിയും ചേര്‍ത്ത് പശയുണ്ടാക്കി ഈ വിള്ളലിനെ വളരെ ലോലമായി ഒട്ടിച്ചുവെച്ചിട്ടുണ്ട്. പക്ഷെ ആഭ്യന്തരപ്രശ്‌നത്താലുണ്ടായ ആ വിള്ളലിന് പിറകിലെ കാരണം ഇന്നും നിഗൂഢമാണ്. കപ്പല്‍യാത്രയില്‍ അയാള്‍ പറഞ്ഞ കഥകളെല്ലാം കേട്ടതിനുശേഷം പിഞ്ഞാണപ്പാത്രത്തിലെ ആ വിള്ളലിനും ആടിനെയറുക്കുന്ന വൃദ്ധന്റെ ആദ്യവിവാഹത്തിലെ നിരാശയ്ക്കും അതുകൂടാതെ മൊല്ലാക്ക കുടകിലേക്ക് കുടിയേറാനും തമ്മില്‍ ബലമായ പരസ്പരബന്ധമുണ്ടെന്നാണ് ഇപ്പോളെന്റെ സംശയം. അവയെയെല്ലാം ദൂരീകരിച്ച് അടുത്തയാഴ്ച എഴുതാം. പടച്ച തമ്പുരാന്‍ നമ്മളെയെല്ലാവരെയും ആപത്തുകളില്‍നിന്നും അപകടങ്ങളില്‍നിന്നും കാത്തുകൊള്ളട്ടെ.

ചെറിയൊരു വിരാമത്തില്‍ ചില അപൂര്‍ണമായ സ്വകാര്യ വര്‍ത്തമാനങ്ങള്‍

"യഥാര്‍ത്ഥ ജീവിതത്തില്‍ എന്നെ പറ്റിക്കുന്ന നിന്റെ ശീലം യഥാതഥമായി എഴുത്തിലും വാറ്റിയെടുക്കുന്നല്ലോ ചീത്ത പുരുഷനേ... അറബിക്കടലിലുള്ള വലിയൊരു മുതല നിന്നെ കബളിപ്പിച്ച് വയറ്റത്താക്കി എന്നെയീ സൈ്വര്യക്കേടുകളില്‍നിന്ന് രക്ഷിച്ചുകൂടേ...' എന്നു ഒരു കണ്ണില്‍നിന്ന് രോഷവും മറുകണ്ണില്‍നിന്ന് സ്‌നേഹവും നടിച്ച് അവള്‍ വ്യാജമായി കണ്ണീര്‍വാര്‍ക്കുന്നുണ്ടായിരുന്നു. കടലില്‍ മുതലയില്ലെന്നറിയാത്ത കന്നടയിലെ നിഷ്‌കളങ്ക പ്രതിഭ! ഭൂരിപക്ഷം കവിതകളിലും പുരുഷനെ നീരാളിയോടുപമിച്ച് അതിന്റെ ബലമായ കരങ്ങളില്‍ കിടന്നുപിടയുന്ന പെണ്ണിന്റെ അവ്യക്തമായ നോവുകളെ വളരെ ഊര്‍ജ്ജസ്വലമായി തന്റെ കവിതകളില്‍ വരച്ചിട്ട കവയത്രി. എന്നാല്‍ ഞാന്‍ ദേശാടകനായി ഈ ദ്വീപിലെത്തിച്ചേര്‍ന്ന് ഇവിടുത്തെ കടലിന്റെയുടലിലേക്കിറങ്ങി അതിനുള്ളില്‍ വളരെ നേരം ചെലവഴിച്ച് അപ്രതീക്ഷിതമായി നീരാളിവേട്ടയ്ക്കിറങ്ങുന്നവരുടെ കൂടെ വേട്ടയ്ക്കും പുറപ്പെട്ട്, പിടിച്ച നീരാളികളുമായി അടുക്കളയിലേക്ക് വന്ന് മസാലയും പുരട്ടി എണ്ണയില്‍ പൊരിച്ചെടുത്ത് അവയുടെ മനോഹരമായ സ്വാദ് രുചിച്ചുനോക്കുകയും ചെയ്തു. "നീ എഴുതിയിരിക്കുന്നതുപോലെ നീരാളികള്‍ അങ്ങനെയുള്ള ദുഷ്ടജീവികളൊന്നുമല്ല. വളരെ സൗമ്യ സ്വഭാവമുള്ളതും ഒതുക്കമുള്ളതും കടലിനുള്ളില്‍ അവരവരുടേതായ സ്വപ്നങ്ങളും കണ്ടുകൊണ്ട് ജീവിക്കുന്ന ഏകാകികളായ ജീവികളാണവ. പ്രേമിക്കുന്ന സമയത്ത് കുറച്ചുനേരം അവ പരസ്പരം രമിക്കും, അത്ര മാത്രം. ആ രമിക്കുന്ന വേളയിലും ആണ്‍നീരാളി ജാഗരൂകനായിരിക്കും. എന്തെന്നാല്‍ പ്രണയകേളികള്‍ക്കുശേഷം പെണ്‍നീരാളി ആണ്‍നീരാളിയെ ഭക്ഷിക്കും. എന്തുകൊണ്ടെന്നാല്‍ മൈഥുനം കഴിഞ്ഞതും പെണ്‍നീരാളിക്ക് വല്ലാത്ത വിശപ്പുണ്ടാകും. മുട്ടയിടാന്‍ അതിനു ശക്തിവേണം. അതുകൊണ്ട് പെണ്‍നീരാളിക്ക് ആണ്‍നീരാളിയെ പിടിച്ചു വിഴുങ്ങേണ്ടതായി വരും. എവിടെയോ ചില ആണുങ്ങള്‍മാത്രം ജാഗ്രതയോടെ കുറച്ചു ദൂരെ നിന്നുകൊണ്ട് തങ്ങളുടെ മോഹനകരങ്ങളെ വളരെ കൃത്യതയോടെ പെണ്ണിന്റെ ദേഹത്ത് സ്പര്‍ശിച്ച് ഗര്‍ഭണിയാക്കി കടന്നുകളയും. പെണ്ണിന്റെ സ്പര്‍ശനത്താല്‍ ആസക്തനായി അടുത്തേക്കൊന്നു നീങ്ങിപ്പോയാല്‍ പിന്നെ അവള്‍ക്ക് ആഹാരമായി മാറും. അതിനാല്‍തന്നെ നശ്വരവും അല്പകാലായുസ്സുമുള്ള നീരാളികളെക്കുറിച്ച് കന്നട കവിതയില്‍ നീ എഴുതിയിരിക്കുന്ന അബദ്ധമായ വരികളെ അടുത്ത പതിപ്പിലെങ്കിലും മാറ്റിയെഴുതേണ്ടിയിരിക്കുന്നു. ഇല്ലെങ്കില്‍ ലിംഗപക്ഷപാതിയായ നിന്റെ കവിതയോട് എനിക്കു അനിഷ്ടം കാണിക്കേണ്ടിവരും' എന്നു ദൂരെനിന്നു തന്നെ അവളുടെ കണ്ണീരിനെ തുടയ്ക്കാന്‍ ഞാന്‍ ശ്രമിക്കുകയാണ്. 

lakshadweep

അവളൊരു നിഷ്‌കളങ്ക. സ്ത്രീ ചൂഷണത്തിനെതിരെ വളരെ ശക്തമായി എഴുതുന്നുണ്ടെങ്കിലും യഥാര്‍ത്ഥ ജീവിതത്തില്‍ വാഴ്ത്തപ്പെടുന്ന പുരുഷ സ്‌നേഹത്തില്‍, മീരയെപ്പോലെയും രാധയെപ്പോലെയും, വശംവദയായി പല ജെയിംസ് ബോണ്ടുമാരില്‍നിന്നും തുടരെ കബളിപ്പിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു.  ഒരു വിധത്തില്‍ എന്നെപ്പോലെത്തന്നെയാണ് അവളും. ഒരമ്മ പെറ്റ ഇരട്ടകളെപ്പോലെ ഞങ്ങള്‍ രണ്ടുപേരും ഞങ്ങളുടെ തകര്‍ന്ന പ്രണയത്തെക്കുറിച്ചും ഭ്രാന്തന്‍ പ്രേമബന്ധങ്ങളെക്കുറിച്ചും മണിക്കൂറുകളോളം സല്ലപിച്ച് ചിരിച്ചു ചിരിച്ച് കിടന്നുരുളും. മനുഷ്യരുടെ പ്രണയം, ജന്തുക്കളുടെ പ്രണയം, ജലജീവികളുടെ പ്രണയം, പൂവിന്റെയും തുമ്പിയുടെയും പ്രണയം, കടലിന്റെയും അമ്പിളി അമ്മാവന്റെയും പ്രണയം, നക്ഷത്രങ്ങളുടെ തനിമ, ആകാശത്തിന്റെ സങ്കല്‍പാതീതമായ ഏകാന്തത എന്നിവയെക്കുറിച്ചെല്ലാം സിഗരറ്റിന്റെ ചാരം വീഴ്ത്തിക്കൊണ്ട് മണിക്കൂറുകളോളം ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കും. ഞങ്ങള്‍ രണ്ടുപേരും പരസ്പരം സ്‌നേഹിക്കുന്നുണ്ടോ എന്നു ചോദിച്ചുകൊണ്ട് അതു തീരെ സാധ്യമല്ലെന്ന് ആകാശത്തോളം കേള്‍ക്കുംവിധം ഏകകണ്ഠമായി മറുപടി പറയും. ഞങ്ങളില്‍ ഒരാള്‍ മറ്റൊരാളെ വെറുക്കുന്നുണ്ടെന്ന് വിശ്വസിച്ചുകൊണ്ട് തമ്മില്‍ വേര്‍പിരിയാനാവാതെ രണ്ടു കാളകളെപ്പോലെ ജീവിക്കുന്നു. ഏകാന്തതയില്‍ ജീവിക്കുകയെന്നത് എന്റെ ജന്മാവകാശമെന്ന് ഞാനും നിന്റെ ഏകാന്തതയ്ക്ക് ഭംഗം വരുത്തുകയെന്നത് എന്റെ മാത്രം അവകാശമാണെന്ന് അവളും വിശ്വസിക്കുന്നു. ഏകാന്തതയും അസഹനീയമാകുമ്പോള്‍ എവിടെയോ എങ്ങനെയോ വഴക്കടിക്കാനായി സ്ഥലം കണ്ടെത്തിക്കൊണ്ട് വീണ്ടും കോലാഹലം ആരംഭിക്കും.

അങ്ങനെ നോക്കുകയാണെങ്കില്‍ ഞാന്‍ ദേശാടനവും സ്വീകരിച്ച് ഒരു പവിഴദ്വീപില്‍ അജ്ഞാതവാസിയായി ജീവിക്കുന്നതിന് പല കാരണങ്ങളുണ്ട്. അവയിലൊന്ന് ഇവളുമാണ്. ശരീരത്തില്‍ ഒരു അരക്കയര്‍ പറ്റിപ്പിടിച്ചാല്‍പോലും ഏതോ അന്യജീവി ആത്മാവിനെ കൊളുത്തിപ്പിടിച്ചതായി അസ്വസ്ഥനാകുന്ന ഞാന്‍, സ്വയമറിയാതെത്തന്നെ മറ്റുള്ളവരുടെ ഉദരങ്ങള്‍ക്കുളളിലേക്ക് കാര്‍ക്കോടകനെപ്പോലെ കടന്നുചെന്ന് വ്യാപിക്കുന്നുവല്ലോ എന്നോര്‍ക്കുമ്പോള്‍ ഭ്രാന്തുപിടിക്കുന്നു. പല അവതാരങ്ങളില്‍ അവരവരുടെ ലോകത്ത് മതിമറന്നിരിക്കുന്നവരുടെ അരികു പിടിച്ച് വാവിട്ടു കരയുന്ന കൊച്ചുകുട്ടിയെപ്പോലെ പരിഭ്രാന്തി സൃഷ്ടിക്കുന്ന ഞാന്‍.

ഏകാന്തതയില്‍ കഴിയണമെന്ന് കരുതി എനിക്കിഷ്ടമുള്ള കുളത്തിലേക്ക് ഊളിയിടുകയും പുറത്തേക്ക് വന്ന് വീണ്ടും അവരെ ശല്യം ചെയ്യുന്നതും മതിയെന്ന് തോന്നി. കൂടാതെ കുട്ടിക്കാലംതൊട്ടേ ഒഴിയാബാധപോലെ പിന്തുടരുന്ന മൊല്ലാക്കയുടെ ജീവിതകഥകളും. എല്ലാ വേദനകള്‍ക്കും എന്റെ പിഞ്ഞാണപ്പാത്രത്തില്‍ പരിഹാരമുണ്ടെന്ന് പറഞ്ഞ് വെള്ള പിഞ്ഞാണപ്പാത്രത്തില്‍ മഷികൊണ്ടെഴുതി അത് കഴുകി ആ വെള്ളം കുടിക്കാന്‍ തന്നിരുന്ന മൊല്ലാക്ക അങ്ങനെയിരിക്കെ ഒരു ദിവസം എങ്ങോട്ടെന്നറിയാതെ അപ്രത്യക്ഷനായി. "എവിടുന്ന് വന്നു, എങ്ങോട്ട് പുറപ്പെടുന്നു എന്നൊന്നും ചോദിക്കരുത്' എന്ന് പോകുന്നതിനു കുറച്ചുകാലം മുമ്പ് അദ്ദേഹം ശാസന പുറപ്പെടുവിച്ച് കാണാതായി. 

"പുറപ്പെടാന്‍പോകുന്ന കപ്പലില്‍കയറി, എത്തിച്ചേര്‍ന്നപ്പോള്‍ അതില്‍നിന്നിറങ്ങി' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇതൊരു നിഗൂഢമായ പറച്ചിലായിരുന്നുവെന്ന് മനസ്സിലാകാത്ത പ്രായമായിരുന്നു അന്നു ഞങ്ങളുടേത്. കപ്പലിനെയും കടലിനെയും പാഠപുസ്തകങ്ങളില്‍ മാത്രമായിരുന്നു ഞങ്ങള്‍ കണ്ടിരുന്നത്. കടലാസില്‍ ഒരിത്തിരി നീലമഷിയൊഴിച്ചാല്‍ അതു കടല്‍. അതിനു മുകളില്‍ നെടുകയും കുറുകെയും അസ്പഷ്ടമായ ചതുരങ്ങള്‍ വരച്ചാല്‍അത് കപ്പല്‍. ഒരു വട്ടമൊന്നു വരച്ചുവെച്ചാല്‍ അതു സൂര്യന്‍. കാറ്റുമില്ലാത്ത തിരമാലയുടെ ശബ്ദവും കേള്‍ക്കാത്ത ബാല്യകാലത്ത് ഒരു ഭ്രാന്തനായ വയസ്സനെപ്പോലെ ഞങ്ങളുടെയിടയിലേക്ക് വന്നു കയറിയ മൊല്ലാക്ക പതിയെപ്പതിയെ ഒരു മന്ത്രവാദിയായി, വൈദ്യനായി, മതപണ്ഡിതനായി, പാട്ടുകാരനായി, ദൈവവുമായി നേരിട്ടു സമ്പര്‍ക്കം പുലര്‍ത്തുന്ന ഒരു ഫക്കീറായി പടര്‍ന്നിരുന്നു. കാട്ടിലും മേട്ടിലും നദിക്കരയിലും മലയടിവാരത്തിലും പോക്കിരികളെപ്പോലെ അലഞ്ഞു തിരിഞ്ഞിരുന്ന ഞങ്ങള്‍ക്ക് ഇതും മനസ്സിലാകുന്നുണ്ടായിരുന്നില്ല. എന്തു ചോദിച്ചാലും "പിള്ളേര്‍ക്കെന്തിനാ അച്ചാര്‍, മുതിര്‍ന്നവര്‍ക്കെന്തിനാ കുട്ടിക്കളി' എന്ന് എല്ലാറ്റിനെയും ഞൊട്ടയൊടിക്കുന്നപോലെ സംസാരിച്ച് ദൂരേക്ക് വലിച്ചെറിയുന്ന വലിയവരുടെ ലോകം. ആ ചെറുപ്രായത്തില്‍ പുഷ്പിച്ചിരുന്ന ചെറുപ്രേമങ്ങളും കാമാസക്തികളും ഞങ്ങളില്‍തന്നെ ഭയം സൃഷ്ടിക്കുന്നതായിരുന്നു. തങ്ങളുടെ കക്ഷത്തില്‍ രോമങ്ങള്‍ മൊട്ടിടുമ്പോഴുള്ള ആശ്ചര്യത്താലും അവ്യക്തമായ കാമനകളാലും കിടിലംകൊള്ളുന്ന പിള്ളേര്‍ക്ക് മഹാനുഭവന്റെ ആധ്യാത്മികത ബോധ്യമാവുന്നതാണോ? അതുപോട്ടെ. ഇപ്പോഴും മനസ്സിലായെന്ന് പറയാന്‍ എങ്ങനെ കഴിയും? 

ഇങ്ങിനെയൊരു അവസരത്തിലാണ് ഒരമൂല്യരത്‌നംപോലെ എന്റെ ജീവിതത്തില്‍ കൊളുത്തിക്കിടന്നിരുന്ന ആത്മസഖിയുടെ മരണം സംഭവിക്കുന്നത്. ജീവിതമെന്നാല്‍ സൗന്ദര്യോപാസനയും സ്‌നേഹസുഖത്തിന്റെ ഉത്തുംഗതയില്‍ എന്നും അനന്തശയനത്തില്‍ കിടക്കലുമാണെന്ന് കരുതിയവന് അവളുടെ അകാലമരണം തണുത്ത മഞ്ഞുകട്ടയുടെ മുനകൊണ്ട് കുത്തിയതുപോലുള്ള അനുഭവമുണ്ടാക്കി. "സ്‌നേഹസുഖത്തിന്റെ പാരമ്യമെന്നാല്‍ അത് മരണംപോലെ അനന്തതയില്‍ ലയിക്കലാണ്' എന്നു പറഞ്ഞവള്‍ വേദനയുടെ അഗാധമായ ചുഴിയില്‍പ്പെട്ട് "ആരെങ്കിലുമെന്നെ രക്ഷിക്കൂ' എന്നലറിക്കൊണ്ട് യാതൊരു ദൈവീകമായ സഹായവും ലഭിക്കാതെ ലോകത്തെ ശപിച്ച് വിരമിച്ചു. കട്ടീല്‍ ദുര്‍ഗാപരമേശ്വരി, ഗുല്‍ബര്‍ഗയിലെ ബന്ദേ നവാസ്, ഹിമാലയശൃംഗത്തിലെ ബുദ്ധഗുരു പത്മസംഭവ, കുടക് കുട്ടയിലെ മാംകാളി എന്നിവരുടെയെല്ലാം അപരിമിതമായ ദിവ്യശക്തിയുടെ കഥകള്‍ എന്നില്‍നിന്നും കേട്ടിരുന്ന അവള്‍, അവസാനം ഇവരിലാരെങ്കിലും അവളെ ജീവിപ്പിക്കുമെന്ന് കരുതിയിരുന്നു. ഒടുവില്‍ "നിന്റെ മൊല്ലാക്കയുടെ പിഞ്ഞാണപ്പാത്രമെങ്കിലും തിരഞ്ഞുപിടിച്ചു കൊണ്ടു വാ... ജീവിച്ചേക്കാം' എന്നു അവള്‍ കരയുമായിരുന്നു. അവളുടെ അവസാനകാലത്ത് മയക്കത്തിനുള്ള വേദനാസംഹാരി തൈലം കൊടുക്കേണ്ട ദയനീയാവസ്ഥ എനിക്കുണ്ടായി. "നിന്റെ ദിവ്യശക്തികളുടെ കഥകള്‍വെറും തട്ടിപ്പാണ്. നീയൊരു കഥ പറയാനറിയാവുന്ന വിദൂഷകന്‍' എന്നതായിരുന്നു അവള്‍ എഴുതിപ്പറഞ്ഞ അവസാനത്തെ വാക്ക്. "എന്റെ സൗന്ദര്യം കണ്ടിരിക്കുന്ന നീ, എന്റെ മൃതദേഹം കാണാന്‍ പാടില്ല' എന്നത് അവളുടെ ആഗ്രഹമായിരുന്നു. അതും അവള്‍ നിറവേറ്റി. 

"അനര്‍ഘമായ സ്ഥാനമുള്ള കാമുകന്‍ കഥ മാത്രം എഴുതാനറിയുന്നവന്‍, മരണത്തില്‍നിന്ന് മടക്കിക്കൊണ്ടുവരാനാകാത്ത വിദൂഷകനായി പരിണമിച്ചിരിക്കുന്നല്ലോ' എന്നു ഇവള്‍ സിഗരറ്റിന്റെ ചാരവും വീഴ്ത്തിക്കൊണ്ട് ശകാരിച്ചു. അത് ഒരു തരത്തിലുള്ള ഈര്‍ഷ്യ നിറഞ്ഞ വാക്കാണ്. കൂടാതെ ഇവന്റെ കൂടെ ഇനി അവളില്ലായെന്ന ആശ്വാസത്തിന്റെ ആരവവുമായിരുന്നു. "ഇനിയെങ്കിലും മടങ്ങിവന്ന് എഴുതാന്‍ തുടങ്ങൂ സുന്ദരാംഗാ... എഴുതി ആനന്ദിക്കുവാനാണ് നീ ജനിച്ചിരിക്കുന്നത്. അരിഷഡ് വര്‍ഗ*ങ്ങളില്‍മുഴുകുവാനല്ല' ഇത് വെറുതെ സമാധാനിപ്പിക്കാനുള്ള ഇവളുടെ വ്യര്‍ഥമായ പറച്ചിലാണ്.  എന്നാലുമിരിക്കട്ടെ, ഇതിനെ ഞാനെന്തുകൊണ്ട് ഗൗരവമായി രീതിയില്‍ ശ്രമിച്ചുക്കൂടാ എന്നു തോന്നി ചോദിക്കാതെയും പറയാതെയും കപ്പലില്‍കയറി പുറപ്പെട്ടു. രണ്ടു പകലും രണ്ടു രാത്രിയും ഒരു തരത്തിലും ബന്ധപ്പെടാതിരുന്ന എന്നെ മൂന്നാം രാത്രി വിളിച്ച് "എവിടെയാണ് രാജശിരോമണിയേ' എന്നിവള്‍ ചോദിച്ചു. "ഏഴാം കടലിനപ്പുറം ഏഴാം ആകാശത്തിനിപ്പുറം പച്ചതത്തയുടെ ഉടലില്‍ മാണിക്യത്തെ തിരയുകയാണ്' എന്നു മറുപടി പറഞ്ഞു. "നിന്നെക്കൊണ്ട് ഗുണമില്ല, മടങ്ങി വരുമ്പോള്‍ എനിക്കൊരു രാജകുമാരനെയും കണ്ടുപിടിച്ച് കൊണ്ടു വാ' ഇവള്‍ പറഞ്ഞു. "ഇനി അങ്ങനെയുള്ള തിരച്ചിലുകളൊന്നുമില്ല. ഒരു മഹാശയന്റെ പിഞ്ഞാണപ്പത്രവും അന്വേഷിച്ചുകൊണ്ട് ഒരു ദ്വീപിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇനി കുറച്ചു കാലം കഴിഞ്ഞ് വീണ്ടും കണ്ടുമുട്ടാം'  എന്നു പറഞ്ഞ് പിന്നീട് കുറച്ചു കാലത്തോളം ഇവളില്‍നിന്ന് അജ്ഞാതനായി കഴിഞ്ഞു.    

ഇപ്പോഴാണെങ്കില്‍ എല്ലാ ആഴ്ചയും ഞാനെഴുതിക്കൊണ്ടിരിക്കുന്ന ഈ എഴുത്തുപംക്തിയെ മുന്നില്‍നിരത്തി അഭിപ്രായങ്ങളെഴുതിവെച്ച് കൃത്യമായി എന്നാല്‍ യാതൊരു ദാക്ഷിണ്യവുമില്ലാതെ ഇവള്‍ വിമര്‍ശിക്കുന്നു. "എന്നെ പറ്റിച്ചപോലെ വായനക്കാരെ എന്തിനാണ് പറ്റിക്കുന്നത്? പിഞ്ഞാണപ്പാത്രത്തിന്റെ രഹസ്യത്തെക്കുറിച്ച് എഴുതുന്നതിനു പകരം നിന്റെ പ്രണയ വിലാപങ്ങളെക്കുറിച്ചെഴുതുന്നു, ആടിനെയറുക്കുന്ന വൃദ്ധന്റെ തകര്‍ന്ന ആദ്യവിവാഹകഥയെക്കുറിച്ച് പറയേണ്ടവന്‍ മക്കായാത്രയുടെ പുരാണം പറയുന്നു, കന്നടനാട്ടിലെ സൂഫീവര്യന്റെ ജീവിതകഥയെക്കുറിച്ച് പറയേണ്ടവന്‍ സ്വന്തം തട്ടുപൊളിപ്പന്‍പെട്ടിയുടെ വംശാവലിക്കഥയെഴുതുന്നു, നീരാളിവേട്ടയുടെ കഥയെഴുതേണ്ടവന്‍ നക്ഷത്രങ്ങളുടെ വിരഹകഥയെക്കുറിച്ച് വിവരിക്കുന്നു. നീ എഴുതിയതിനെ എന്തായിട്ടാണ് കണക്കാക്കേണ്ടത്?'എന്ന് ഇവള്‍ വീണ്ടുമൊരു സിഗരറ്റിന് തീ കൊളുത്തുന്നു. ഫോണിനപ്പുറം സിഗരറ്റ് കത്തിക്കുന്ന ലൈറ്ററിന്റെ ഉഗ്രമായ ശബ്ദം. 

"ഒരു കാര്യമറിയുമോ, ഇവിടെ ഞാന്‍ മുറുക്കാന്‍ വായിലിട്ട് ചവക്കാന്‍ പഠിച്ചു. പുരാണങ്ങളെ പാട്ടാക്കി പാടുന്ന വയസ്സായ ഒരു സ്ത്രീയുടെ സ്‌നേഹപാത്രമായിട്ടുണ്ടിപ്പോള്‍ ഞാന്‍. അവരുടെ കൈയ്യില്‍ വെറ്റില സൂക്ഷിയ്ക്കുന്ന ചെറിയൊരു സഞ്ചിയുണ്ട്, അതിനകത്ത് ചെറിയ വെള്ളിക്കരണ്ടിയില്‍ കടല്‍പ്പുറ്റില്‍നിന്ന് തയ്യാറാക്കിയ ചുണ്ണാമ്പും മംഗലാപുരത്തുനിന്നും കപ്പലില്‍ കൊണ്ടുവരുന്ന വെള്ളത്തില്‍ കുതിര്‍ത്തുവെച്ച ഉരുളന്‍ അടയ്ക്കകളും. അവരുടെ പാട്ടു കേട്ടുകഴിഞ്ഞാല്‍ സൈക്കിളും ചവിട്ടി ദ്വീപില്‍ ഒരു തവണ വട്ടം ചുറ്റും. കീറിപ്പറിഞ്ഞിരിക്കുന്ന ജീവിതത്തെക്കുറിച്ച് ഒരല്പം തനിച്ച് ചിന്തിക്കണം. ഇപ്പോള്‍ ദയവുചെയ്ത് ഫോണ്‍വെക്ക്' എന്ന് മുറുക്കാന്‍ വായിലേക്കിട്ടുകൊണ്ട് ഗുഡ്‌ബൈ പറയുകയാണ്.    

* അരിഷഡ് വര്‍ഗങ്ങള്‍- കാമം, ക്രോധം, മോഹം, ലോഭം, മദം, മാത്സര്യം എന്നീ വികാരങ്ങള്‍

(തുടരും)

മൊഴിമാറ്റം: എ .കെ. റിയാസ് മുഹമ്മദ്


ലക്ഷദ്വീപ് ഡയറി മറ്റു ഭാഗങ്ങള്‍ 

  • Tags
  • #lakshadweep diary
  • #Abdul Rasheed
  • #Kavaratti
  • #Travelogue
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
theatre

GRAFFITI

സെബിൻ എ ജേക്കബ്

യാത്രകളിലും തീയേറ്ററിലും വേണ്ടത് അലോസരമല്ല, ഔചിത്യം

Nov 14, 2022

3 Minute Read

jaleel cov

Travelogue

ഡോ: കെ.ടി. ജലീല്‍

കാലിഫോര്‍ണിയ; മുതലാളിത്തത്തിനകത്തെ സോഷ്യലിസ്റ്റ് പൊതുബോധം

Dec 28, 2021

11 Minutes Read

Anuradha Sarang 2

Travel

അനുരാധ സാരംഗ്

അതിര്‍ത്തിയില്‍വച്ച് ഗാന്ധി ദാദയും ചോദിച്ചു, എന്റെ മതം

Sep 24, 2021

12 Minutes Read

Tanoora Sweta Menon

Interview

മനില സി. മോഹൻ

തനുവിന്റെ ലോകസഞ്ചാരങ്ങള്‍, പ്രണയങ്ങള്‍ | BEND IS NOT THE END - 3

Jul 16, 2021

45 Minutes Watch

Lakshadweep 2

Lakshadweep Crisis

കെ. ബാഹിർ / മുഹമ്മദ് ഫാസില്‍

ലക്ഷദ്വീപിൽ വാർത്താപോർട്ടലിനും വിലക്ക്​

May 26, 2021

3 minutes read

lakshadweep

Lakshadweep Crisis

പി. പ്രേമചന്ദ്രന്‍

ലക്ഷദ്വീപിലെ ഒരാള്‍ക്കും ഇക്കൊല്ലം പെരുന്നാളിന് കോഴിയിറച്ചി കിട്ടിയില്ല

May 25, 2021

5 Minutes Read

lakshadweep

Life Sketch

വി. മുസഫര്‍ അഹമ്മദ്‌

ലക്ഷദ്വീപ്​: വംശഹത്യക്കു സമാനം, ഈ സാംസ്​കാരിക ഭീകരത

May 25, 2021

4 Minutes Read

Venu  2

Podcasts

വേണു

റെഡ് കോറിഡോറിലൂടെ ഒറ്റയ്ക്ക് ഒരുനീണ്ട യാത്ര

Apr 24, 2021

60 Minutes Listening

Next Article

മാധ്യമപ്രവര്‍ത്തനത്തിന്റെ അടിസ്ഥാനധര്‍മം വസ്തുതാപരമായ റിപ്പോര്‍ട്ടിങ്ങാണ്

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster