truecoppy
MORE
Truecopy Home
Readers
are
Thinkers

Thursday, 30 March 2023

truecoppy
Truecopy Logo
Readers are Thinkers

Thursday, 30 March 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
lakshadweep

Travelogue

ലക്ഷദ്വീപ് ഡയറി 5
സ്വപ്‌നത്തില്‍ ഇടിച്ചെഴുന്നേല്പിച്ച
ചേരമാന്‍പെരുമാള്‍    

ലക്ഷദ്വീപ് ഡയറി  5 സ്വപ്‌നത്തില്‍ ഇടിച്ചെഴുന്നേല്പിച്ച ചേരമാന്‍പെരുമാള്‍    

24 Aug 2020, 10:56 AM

അബ്ദുള്‍ റഷീദ്

നീണ്ട കടല്‍യാത്ര വളരെ മനോഹരമാണെങ്കിലും ചിലര്‍ക്ക് അത് ദുഷ്‌കരവുമാണ്. വയറ്റില്‍പിടിത്തം, ഓക്കാനം, തലകറക്കം എന്നിങ്ങനെ കയ്​പൻ അനുഭവങ്ങള്‍ കാരണം ഏറെ പേരും കപ്പൽ സഞ്ചാരത്തെക്കുറിച്ചു നൂറു വട്ടം ആലോചിക്കും.

ഇപ്പോഴും അവസ്ഥ ഇങ്ങനെയാണെങ്കില്‍ നൂറുകണക്കിനു വര്‍ഷങ്ങള്‍ക്ക് മുമ്പ് പായകപ്പലുകളുടെ കാലത്ത്, കാറ്റിന്റെ ദിശയേയും വേഗതയേയും അവലംബിച്ച്, ചിലപ്പോഴൊക്കെ അനുകൂലമായ കാറ്റിന്റെ ദിശയ്ക്കായി കടലിനു നടുവില്‍ പായ വിടര്‍ത്തി ആഴ്ചകളോളം കാത്തുകിടന്ന് ഒരാഴ്ചയ്ക്കുള്ളില്‍ അണയേണ്ട തീരത്ത് മാസമായിട്ടും എത്തിച്ചേരാതെ, വിശപ്പും ദാഹവും വെയിലും മഴയും കൊടുങ്കാറ്റും കാരണം തളര്‍ന്നവശരായവരെക്കുറിച്ച് ഒന്നൂഹിച്ചു നോക്കൂ.

നങ്കൂരമഴിച്ച് ചെല്ലുന്ന തോണി കണ്മറഞ്ഞ് പിന്നീട് മടങ്ങിവരുമ്പോള്‍ മാത്രമാണ് അതിലുള്ളവര്‍ ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പിക്കാന്‍ സാധിക്കുക. അങ്ങനെ തിരിച്ചു വരുന്നവര്‍ അവിടുത്തെ വാര്‍ത്തകള്‍ പറഞ്ഞതിനുശേഷമാണ് ലോകത്തിന്റെ സ്ഥിതിഗതിളെക്കുറിച്ച് അറിയാന്‍ കഴിയുക.

പോര്‍ച്ചുഗീസുകാരെ തോല്‍പ്പിച്ച ബ്രിട്ടീഷുകാരാണ് ഇപ്പോള്‍ നാടിനെ ഭരിക്കുന്ന അധികാരികളെന്നും ബ്രിട്ടീഷുകാരെ പരാജയപ്പെടുത്തിയ ടിപ്പു സുല്‍ത്താന്‍ മംഗലാപുരം തുറമുഖം വശപ്പെടുത്തി വെന്നിക്കൊടി പാറിച്ചെന്നും സുല്‍ത്താനെ വെട്ടിക്കൊന്ന ബ്രിട്ടീഷുകാര്‍ വീണ്ടും അധികാരം പിടിച്ചെന്നും അവര്‍ക്കും കണ്ണൂരിലെ അറക്കല്‍ രാജ്ഞിക്കും തമ്മില്‍ ഉടമ്പടിയുണ്ടാവുകയാല്‍ അവരിപ്പോള്‍ ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമാണെന്നും അങ്ങനെയുള്ള ബ്രിട്ടീഷുകാരെ അധികാരഭ്രഷ്ടരാക്കിയ മഹാത്മാഗാന്ധിയുടെ നേതൃത്വത്തിലുള്ള ദേശീയപ്രസ്ഥാനത്തിന്റെ സമരം കാരണം തങ്ങളിപ്പോള്‍ സ്വതന്ത്രഭാരതത്തിന്റെ ഭാഗമായെന്നും അവര്‍ക്കറിയാന്‍ സാധിക്കുന്നത് ആ സംഭവങ്ങളെല്ലാം നടന്നുകഴിഞ്ഞ് വളരെക്കാലത്തിനുശേഷം ദ്വീപില്‍നിന്ന്​ പുറപ്പെട്ട പായവഞ്ചികള്‍ ആ വാര്‍ത്തകളുമായി മടങ്ങി വന്നശേഷം മാത്രമാണ്.

കോരിച്ചൊരിയുന്ന കര്‍ക്കടകത്തിലെ ഒരു പെരുമഴക്കാലത്ത് 1947ലെ ആഗസ്റ്റ് മാസം 15ാം തീയ്യതി ഇന്ത്യ സ്വാതന്ത്ര്യം ആഘോഷിച്ചെന്ന വിവരം ഈ ദ്വീപുവാസികളറിയുന്നത് ചകിരിനാരുമായി കണ്ണൂരിലേക്ക് പോയ വള്ളങ്ങള്‍ സ്വാതന്ത്ര്യം ലഭിച്ച് രണ്ടുമൂന്നു മാസങ്ങള്‍ക്കുശേഷം കാലവര്‍ഷം കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ മാത്രമാണ്. അതിനുശേഷമാണ് പായസം വെച്ചു കഴിച്ച് അവര്‍ സ്വാതന്ത്ര്യം കൊണ്ടാടിയത്.

അങ്ങനെ പായസം കഴിച്ച ഒരു വയസ്സായ മനുഷ്യന്‍ ഈ കാര്യങ്ങളെല്ലാം പറഞ്ഞതില്‍ പിന്നീടാണ് സമുദ്രസഞ്ചാരമെന്നാല്‍ കൂടുതല്‍ മനോഹരമാണെന്ന് എനിക്ക് തോന്നാന്‍ തുടങ്ങിയത്. ഭൂതകാലത്തെ ബന്ധങ്ങളില്‍നിന്നും വര്‍ത്തമാനകാലത്തെ സമകാലികതയില്‍നിന്നും ഭാവിയിലെ ആലോചനകളില്‍നിന്നും സമ്പര്‍ക്കം വിച്ഛേദിച്ച്​ സഞ്ചരിക്കുന്ന കപ്പല്‍, ഗോചരമാകുന്ന കടല്‍, മുങ്ങുന്ന സൂര്യന്‍, ഉദിക്കുന്ന ചന്ദ്രന്‍, മിന്നുന്ന താരങ്ങള്‍, പറക്കുന്ന മത്സ്യങ്ങള്‍ കൂടാതെ എല്ലാറ്റില്‍നിന്നും വേര്‍പ്പെട്ട് എന്നെപ്പോലെ ചലിക്കുന്ന മൗനികളായ മനുഷ്യരും.

നാസ്തികനായ എനിക്ക് കടല്‍യാത്ര വളരെ മനോഹരമായി തോന്നിയതില്‍ പിന്നെയാണ് കടലിനു നടുവിലെ മണ്‍കൂമ്പാരങ്ങളില്‍ ജീവിക്കുന്ന മനുഷ്യര്‍ എന്തുകൊണ്ടാണ് ദൈവത്തെ ഇത്രമാത്രം ഇഷ്ടപ്പെടുന്നുവെന്നത് മനസ്സിലായത്. ഊഹിക്കാന്‍ സാധിക്കാത്ത ബൃഹത്തായ നീലതിരശ്ശീലയുടെ മധ്യത്തില്‍ ഒരു ചെറിയ പൊട്ടുപോലെ നിശ്വസിച്ചുകൊണ്ടിരിക്കുന്ന ഞങ്ങള്‍. നമ്മുടെ കാഴ്ചയില്‍പ്പെടാതെ കണ്‍മുമ്പില്‍തന്നെ സംഭവിക്കുന്ന ആകാശത്തിലെ വര്‍ണ്ണ വിളയാട്ടുകള്‍. നമ്മുടെ ചെറിയ ചെറിയ ചിന്തകളും സുഖദുഃഖങ്ങളും ഇഷ്ടവും പ്രേമവും വിരഹവും വാത്സല്യവും പൊങ്ങച്ചവുമെല്ലാം നമ്മുടെ ഉയിരിനുള്ളിലേയ്ക്ക് ലയിച്ച് നശിക്കുന്നു. 

സൂര്യചന്ദ്രതാരകങ്ങള്‍ പകലും രാത്രിയും മാത്രം ദിശകളെയും കാലത്തെയും പറയുന്നു. വളരെ ആധുനികമെന്ന് പറയുന്ന ഈ കാലത്ത് കടലിലൂടെ സഞ്ചരിക്കുന്ന എന്നെപ്പോലുള്ള അവിശ്വാസിക്ക് അങ്ങനെ തോന്നുന്നുവെങ്കില്‍ വളരെ വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇങ്ങനെയുള്ള യാതൊരു സംശയങ്ങളുമില്ലാത്ത കാലത്ത് തങ്ങളുടെ കരബലത്തെപ്പോലും വിശ്വസിക്കാതെ പടച്ചവന്റെ കാരുണ്യമാണ് തങ്ങളെ മുന്നോട്ടു നയിക്കുന്നതെന്ന് കരുതി കടലില്‍ സഞ്ചരിച്ചിരുന്ന ഈ ദ്വീപുവാസികളുടെ സത്യവിശ്വാസം എങ്ങനെയുള്ളതായിരുന്നിരിക്കണം? അവരുടെ പേടിയും എങ്ങനെയായിരുന്നിരിക്കും!

SHIP

അതുപോലൊരു കടല്‍യാത്രയിലാണ് ആടു വില്‍പനക്കാരനായ വൃദ്ധന്റെ കൂടെ ഞാന്‍ ചലിച്ചിരുന്നത്. മക്കയിലേക്കുള്ള യാത്രയും കഴിഞ്ഞ് ഒമാനിലെ സലാല പട്ടണത്തില്‍ മണ്ണോടു മണ്ണുചേര്‍ന്ന് അന്ത്യവിശ്രമം കൊള്ളുന്ന ചേരമാന്‍ പെരുമാളിന്റെ ദര്‍ഗയും സന്ദര്‍ശിച്ച് കൊച്ചിയില്‍ വന്നിറങ്ങി തന്റെ ഭീമന്‍ ഇരുമ്പുപെട്ടി കപ്പലില്‍ കയറ്റിവെക്കാന്‍ എന്നോടു സഹായവും ചോദിച്ച അജമാംസം വില്‍ക്കുന്ന പാട്ടുകാരനായ ആ വൃദ്ധന്‍, സഞ്ചരിച്ചുകൊണ്ടിരിക്കുന്ന കപ്പലിന്റെ ഒരു മൂലയ്ക്കിരുന്നുകൊണ്ട് നടുങ്ങുന്ന സ്വരത്തില്‍ എന്നോടിതെല്ലാം വിവരിച്ചുതന്നു.

കപ്പലിലെ കാന്റീനില്‍നിന്ന് തളികയില്‍ ചോറും മീന്‍കറിയും വാങ്ങികൊണ്ടു വന്ന് കപ്പലിന്റെ ഇറയത്തെ ഇരുമ്പു ബെഞ്ചിലിരുന്നുകൊണ്ട് അയാളും ഞാനും അത്താഴം കഴിച്ചു. ഒരിറ്റുപോലും കളയാതെ ഭക്ഷണം കഴിച്ച ആ മനുഷ്യന്‍ തട്ടില്‍കിടന്നിരുന്ന മീന്‍മുള്ളുകൾ കടലിലേക്കെറിഞ്ഞു തിരിച്ചുവന്ന് എന്റെയരികില്‍തന്നെ ഇരുന്നു.

"നോക്കൂ, ഇത് നാം വസിക്കുന്ന ഭൂമിയെന്ന അല്ലാഹുവിന്റെ സൃഷ്ടി' എന്ന് കൈയ്യിലുള്ള കാലിപ്പാത്രത്തെ കാണിച്ചു തന്നു. "ഇതില്‍നിറയെ വെള്ളം നിറഞ്ഞിരിക്കുകയാണെന്ന് സങ്കല്‍പ്പിക്ക്... അത് കടല്‍. ഈ വെള്ളത്തിലേക്ക് ഒരു പിടി വെള്ളമണല്‍വിതറ്... ഈ ചെറിയ മണല്‍കൂമ്പാരമാണ് നമ്മള്‍ ജീവിക്കുന്ന ദ്വീപുകള്‍. ഈ ദ്വീപുകളില്‍ എവിടെനിന്നോ വന്നു ചെക്കേറിയ ഉറുമ്പുകള്‍ ചലിക്കുന്നുണ്ടെന്ന് കരുത്...  ഈ ഉറുമ്പുകളാണ് മനുഷ്യരായ നമ്മള്‍. ഭക്ഷണം കഴിക്കാനായി വന്ന ഏതോ ഒരു രാക്ഷസന്‍ പാത്രത്തില്‍ മണലും ഉറുമ്പുകളുമിരിക്കുന്നതു കണ്ട് അതിനെ തട്ടിത്തെറിപ്പിക്കുകയാണെന്ന് വിചാരിക്ക്.... അന്നേരം അവനില്‍നിന്ന് നമ്മളെ രക്ഷിക്കുക അര്‍ഹമുര്‍റാഹിമായ റബ്ബല്ലാതെ മാറ്റാരാണ്'എന്നു പറഞ്ഞ് അയാള്‍ നെടുവീര്‍പ്പിട്ടു. 

ഇരുപത്തിയാറുവര്‍ഷം മുമ്പ് അയാള്‍ തന്റെ രണ്ടാം ഭാര്യയുടെ ചിറകില്‍ ഇതു തന്നെ ചിന്തിച്ചുകൊണ്ട് ഉറക്കം വരാതെ കിടക്കുമായിരുന്നത്രെ. എപ്പോഴാണ് ഉറക്കത്തിലേക്ക് വഴുതിവീഴുന്നതെന്നും അറിയില്ലായിരുന്നുവത്രെ. അങ്ങനെയിരിക്കെ പെട്ടെന്നുണ്ട് ഉറക്കത്തിലാരോ വാരിയെല്ലിനടുത്ത് മെല്ലെ ഇടിച്ചെഴുന്നേല്പിച്ചപോലെ തോന്നിയത്രെ. എഴുന്നേറ്റു നോക്കിയപ്പോള്‍ ആരെയും കാണാനില്ല.

"എന്റെ റബ്ബേ... എന്താണിത്' എന്നു വീണ്ടും കണ്ണടച്ചപ്പോള്‍ ഒരു ശബ്ദം. "എണീക്ക്, നിന്റെ ഇവിടുത്തെ എല്ലാ വ്യാപാരവ്യവഹാരങ്ങളും നിര്‍ത്തലാക്കി ഒരു നീണ്ട യാത്രയ്ക്ക് സജ്ജമാക്...' ആ ശബ്ദം നിര്‍ദ്ദേശിച്ചത്രെ. എങ്ങോട്ടാണെന്നു ചോദിക്കാനും അയാള്‍ക്ക് ഭയം. അത്രത്തോളം ഗാംഭീര്യമുള്ള സ്വരം. "ഞാന്‍ നിന്റെ രാജാവാണ് പറയുന്നത്. ആയിരത്തിമുന്നൂറു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാനും നിന്നെപ്പോലെ കെട്ടിയോളുടെ ചിറകിനടിയില്‍തന്നെ കിടക്കുകയായിരുന്നു. അവളെ വിശ്വസിച്ചതുതന്നെ തെറ്റായിപ്പോയി. ഉറക്കം വരാതെ കിടന്നുമറിയുകയായിരുന്നു. ശരിയായ സമയത്തെന്നപോലെ ആകാശത്ത് പശ്ചിമദിക്കില്‍ ഒരു നക്ഷത്രം പൊട്ടിപ്പിളരുന്നത് കണ്ടു. കിടന്നിടത്തുനിന്ന് എഴുന്നേറ്റു. നങ്കൂരമിട്ടിരുന്ന പായക്കപ്പലിലേറി.

ആ കപ്പല്‍ പശ്ചിമദിക്ക് ലക്ഷ്യമാക്കി നീങ്ങി. ഏറെ മാസങ്ങള്‍ക്കുശേഷം ആ കപ്പല്‍ എന്നെ അറേബ്യന്‍ തീരത്തെത്തിച്ചു. ഞാന്‍ മക്കാപട്ടണത്തേക്ക് പോവുകയും അന്നവിടെ ജീവിച്ചിരിപ്പുണ്ടായിരുന്ന പ്രവാചകനെ ചെന്നു കാണുകയും ചെയ്തു. തിരുമേനിയെ കണ്ടതും ചാടിച്ചെന്ന് അവരുടെ പാദങ്ങളില്‍ ഞാന്‍ ചുംബിച്ചു. പ്രവാചകന് സമര്‍പ്പിക്കാന്‍  ഇഞ്ചിയച്ചാര്‍നിറച്ച ഒരു ഭരണി മാത്രമായിരുന്നു എന്റെ പക്കലുണ്ടായിരുന്നത്. ഞാനത് സമര്‍പ്പിക്കുകയും പ്രവാചകന്‍ സന്തോഷത്തോടെ സ്വീകരിച്ച് അത് രുചിച്ചു നോക്കുകയും ചെയ്തു. തന്റെ അനുയായികള്‍ക്കും അതു കൊടുത്തു. 

പ്രവാചകന്‍ എന്നെ ആലിംഗനം ചെയ്ത് എനിക്കൊരു പുതുജന്മം നല്കി. ""നീ നിന്റെ രാജ്യത്തേക്ക് മടങ്ങി സത്യവും വിശ്വാസവും അവരില്‍ വിടര്‍ത്തുക'' എന്ന് എന്നെ തിരിച്ച് കപ്പലില്‍ കയറ്റി. തന്റെ ചില ശിഷ്യന്‍മാരെയും ആ കപ്പലില്‍ എന്റെ കൂടെ അയച്ചു. എന്നാല്‍ പടച്ചവന് ഞാനെന്റെ രാജ്യത്തേക്ക് മടങ്ങി വരുന്നതില്‍ ഇഷ്ടമില്ലാതിരുന്നിരിക്കണം. മാര്‍ഗമദ്ധ്യേ ഒരു രോഗം പിടിപ്പെട്ട് എന്റെ ശ്വാസം നിലച്ചു. എന്നെ അവിടെതന്നെ കബറടക്കി.

ഞാനിപ്പോള്‍ അവിടെതന്നെയാണുള്ളത്. എന്നാലും എനിക്കു സമാധാനമില്ല. അതുകൊണ്ട് നിന്നെപ്പോലുള്ള മനുഷ്യരുടെ സ്വപ്നങ്ങളില്‍വന്ന് എഴുന്നേല്‍പ്പിക്കുന്നു. നീയും എഴുന്നേറ്റ് പശ്ചിമദിക്കിലേക്ക് പുറപ്പെട്. ഇനി മതി നിന്റെ വ്യവഹാരങ്ങള്‍' എന്നായിരുന്നുവത്രെ ആ ശബ്ദം.
നിമിഷനേരത്തേക്ക് അയാള്‍ക്കൊന്നും മനസ്സിലായില്ല. അദ്ദേഹമാണെങ്കില്‍ മഹാരാജനും. നക്ഷത്രങ്ങള്‍ പൊട്ടിപ്പിളരുന്നതും സൂര്യചന്ദ്രന്മാര്‍ ഒന്നാകുന്നതും സ്വപ്‌നത്തില്‍ കാണുന്നു. "ഞാനാണെങ്കില്‍ ആടിനെയറുത്ത് മാംസം വിറ്റു ജീവിക്കുന്ന ഒരു മനുഷ്യജീവി. ഉണക്കമീനിന്റെ തലപോലും എന്റെ കിനാവില്‍ കാണാറില്ല.

രാജാവിനാണെങ്കില്‍ ആദ്ദേഹത്തെ വഞ്ചിച്ച മഹാറാണിയുണ്ടായിരുന്നു. എന്റെ ആദ്യത്തെ കെട്ടിയോളും രണ്ടാമത്തവളും അങ്ങനെ ചതി ചെയ്യാന്‍മാത്രം സുന്ദരിമാരുമല്ല. എന്നാലും ആ മഹാരാജാവ് സ്വപ്നത്തില്‍വന്ന് എന്തിനായിരിക്കും എന്നെ വിളിച്ചുണര്‍ത്തിയത്? അങ്ങനെയെങ്കില്‍ ഇതിലെന്തോ കറാമത്തുണ്ടായിരിക്കണം' എന്നു അയാള്‍ എഴുന്നേറ്റത്രെ.

മരണമടമഞ്ഞ് ആയിരത്തിമുന്നൂറു വര്‍ഷങ്ങളായി "സയ്യദ് താജുദ്ദീന്‍' എന്ന പേരും സ്വീകരിച്ച് ചേരമാന്‍ പെരുമാള്‍ രാജാവ് ഒമാന്‍ദേശത്ത് കിടക്കുകയാണെങ്കിലും തന്നെ അന്വേഷിച്ചു വരികയും ഇടയ്ക്കിടെ ദ്വീപിലെ ഇഷ്ടപ്പെട്ടു തെരെഞ്ഞെടുത്ത മറ്റു ചിലരെയും ഇങ്ങനെ ഉറക്കത്തില്‍ നിന്നെഴുന്നേല്പിച്ച് മക്ക ലക്ഷ്യമാക്കി യാത്ര ചെയ്യാന്‍ കല്‍പിച്ച് മറയുന്നതും സംഭവിച്ചുകൊണ്ടിരുന്നുവത്രെ.

ഇങ്ങനെയുള്ള അനേകം കഥകള്‍ കേട്ടിട്ടുള്ള അയാള്‍ക്ക് ഇപ്രാവശ്യം മഹാരാജാവ് തന്നെ ഉണര്‍ത്തിയതിന് പിന്നിലുള്ള രഹസ്യമെന്തെന്ന് മനസ്സിലായില്ലത്രെ. അതിനായിരിക്കുമോ എന്നൊരു സംശയവും ഉടലെടുത്തത്രെ. ഛെ... ഛെ.. അതായിരിക്കാന്‍ വഴിയില്ലായെന്നും അയാള്‍ കരുതിയത്രെ. 

ld"എന്തായിരുന്നു ആ സംശയം?!' ഞാന്‍ ചോദിച്ചു. ആദ്യമായി പരിചയപ്പെടുന്നതിനാല്‍ അയാളുടെ ആദ്യത്തെയും രണ്ടാമത്തെയും വിവാഹത്തെക്കുറിച്ചുള്ള മുഴുവന്‍ കഥയും അറിയുമായിരുന്നില്ല. അതുകഴിഞ്ഞുള്ള സംഭാഷണത്തില്‍ ആദ്യത്തെ കെട്ടിയോള്‍തന്നെ ജീവനെക്കാള്‍ സ്‌നേഹിക്കുന്നുണ്ടെന്നും രണ്ടാമത്തവള്‍ പ്രാണനെക്കാള്‍ സംരക്ഷിക്കുന്നുണ്ടെന്നും അയാള്‍ വിവരിച്ചത് മുമ്പ് പറഞ്ഞിരുന്നതാണല്ലോ.

ആ ആദ്യബന്ധത്തില്‍നിന്നും വേര്‍പെട്ടുപോയതിന്റെ പ്രായശ്ചിത്തം ചെയ്യാനായിരിക്കുമോ ആയിരത്തിമുന്നൂറു വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്തരിച്ച രാജാവ് തന്നോട് മക്ക സന്ദര്‍ശിക്കാനായി വിളിച്ചുണര്‍ത്തി പറഞ്ഞതെന്ന അനുമാനമായിരുന്നുവത്രെ അയാള്‍ക്ക്. എന്നാല്‍ അതില്‍ അയാളുടെ തെറ്റൊന്നുമില്ലായിരുന്നു. അങ്ങനെ നോക്കിയാല്‍ വഞ്ചിക്കപ്പെട്ടത് അയാളുടെ ആദ്യത്തെ കെട്ടിയോളൊന്നുമല്ല. വഞ്ചിക്കപ്പെട്ടത് സ്വന്തമാണെന്നാണ് അയാളുടെ ഊഹം.  

രണ്ടാം തവണ ആ രാജാവ് സ്വപ്നത്തില്‍വന്ന് വിളിച്ചുണര്‍ത്തിയപ്പോള്‍ അയാള്‍ ഇതുതന്നെ പറഞ്ഞത്രെ; "മഹാരാജാവേ, അതില്‍ എന്റെയൊരു തെറ്റുമില്ല. ആ വഞ്ചകന്റെ ചതിയില്‍പ്പെട്ട് ബലിയാടായവനാണ് ഞാന്‍. അവളുടെയും തെറ്റില്ല. ഒന്നുമറിയാത്ത പാവം ഊമപ്പെണ്ണാണവള്‍. എന്നെ വിശ്വസിച്ചാണ് അവള്‍ കല്യാണം കഴിച്ചത്. പക്ഷേ ഊമപ്പെണ്ണിനെ എനിക്കു കല്യാണം ചെയ്തുതന്നവന് ശിക്ഷകിട്ടണമായിരുന്നു. അവനു ശിക്ഷ ലഭിച്ച് നാടുവിട്ട് പോകേണ്ടിവന്നു. എന്നാല്‍ മഹാരാജാവായ താങ്കള്‍ എന്നോടു പ്രായശ്ചിത്തമായി മക്കയിലേക്ക് പുറപ്പെടാന്‍ ആജ്ഞാപിക്കുന്നു. എന്താണിതിലെ രഹസ്യം?' എന്നു സ്വപ്നത്തില്‍തന്നെ ചേരമാന്‍ പെരുമാളുമായി അയാള്‍ വാഗ്വാദത്തിലേര്‍പ്പെട്ടുവത്രെ. 

"ആദ്യം ഞാന്‍ പറയുന്നതു നീ ചെയ്യ്. ശരിതെറ്റുകളുടെ കണക്കെടുപ്പ് പടച്ചവനിലും അവന്റെ പുണ്യപ്രവാചകനിലുമേല്‍പ്പിച്ച് നീ പുറപ്പെടാന്‍ തായ്യാറാക്' എന്ന് മഹാരാജാവ് കല്പിച്ചത്രെ. അന്നുമുതല്‍ മഹാരാജാവ് സ്വപ്‌നത്തില്‍ വരുമ്പോഴെല്ലാം അയാള്‍ തന്റെ പെട്ടിയും തയ്യാറാക്കി മക്കയിലേക്ക് പുറപ്പെട്ട് മടങ്ങി വരുന്ന വഴിയില്‍ ഒമാനിലെ പ്രസിദ്ധ പട്ടണമായ സലാലയിലുള്ള ചേരമാന്‍ പെരുമാളിന്റെ ദര്‍ഗയും സന്ദര്‍ശിച്ച് നാട്ടിലേക്കു തിരിക്കുന്നു.

എല്ലാവര്‍ഷവും അതേ ഇരുമ്പുപെട്ടി. പെട്ടിക്കുള്ളില്‍ കൊപ്രാകൊത്തുകളും ദ്വീപിലെ ചക്കരയുണ്ടയും. വഴിനീളെ വിശക്കുന്നവര്‍ക്ക് അത് കഴിക്കാന്‍ കൊടുക്കും. തനിക്കു വിശക്കുമ്പോള്‍ വെള്ളം കുടിച്ചു കിടക്കും. ദേശങ്ങളിലെ വിമാനത്താവളങ്ങളില്‍ അയാളുടെ പെട്ടിയെ തൂക്കത്തില്‍നിന്നും നികുതിയില്‍നിന്നും ഒഴിവാക്കുമത്രെ. എന്തെന്നാല്‍ അതിനകത്തിരിക്കുന്നത് അയാളുടെ സ്വന്തം ഉപയോഗത്തിനുള്ളതല്ല, മറിച്ച് വിശക്കുന്നവര്‍ക്ക് നല്‍കാനുള്ളതാണെന്ന് അവര്‍ക്കും അറിയാമത്രെ.

മരണപ്പെട്ടുപോയ ചേരമാന്‍ പെരുമാള്‍ പലവേഷങ്ങളിലും അയാളെ പിന്തുടര്‍ന്ന് അവിടെയുമിടെയും പ്രത്യക്ഷപ്പെട്ടും അന്വേഷിച്ചും പൊടുന്നനെ മറഞ്ഞുപോകുമത്രെ. ആകയാല്‍ ഏതൊരു അപരിചിതനെ കണ്ടാലും ഇയാള്‍ക്ക് വളരെയേറെ ബഹുമാനവും അത്രതന്നെ ഭയവും അനുഗ്രഹവുമാണെന്നും തോന്നും. എന്നെയും ഒരുപക്ഷെ വേഷംമാറി വന്ന ചേരമാന്‍ പെരുമാളാണോയെന്ന സംശയമാണയാള്‍ക്ക് "എന്റെ മുന്നിലിരിക്കുന്ന താങ്കളും ഒരുവേള ആള്‍മാറാട്ടം നടത്തുന്ന മഹാരാജനായിരിക്കുമോ എന്ന സന്ദേഹമാണെനിക്ക്' എന്ന് അയാള്‍ ചിരിച്ചു.

"അയ്യോ, ഞാനെവിടുത്തെ മഹാരാജന്‍? എനിക്കു നിങ്ങളുടെ മേലാണ് സംശയം. മൊല്ലാക്കയുടെ പിഞ്ഞാണപ്പാത്രവും തിരഞ്ഞുകൊണ്ട് പുറപ്പെട്ട എന്റെ മുന്നില്‍തടസ്സം സൃഷ്ടിക്കാന്‍ വന്നിരിക്കുന്ന ജിന്നാണോയെന്ന സംശയമാണെനിക്ക്' എന്നു ഞാനും ചിരിച്ചു. 

കപ്പലില്‍വെച്ചു കണ്ടുമുട്ടിയ തിപ്ത്തൂരുകാരന്‍ റസാഖിന്റെ അര്‍ദ്ധവൃത്താന്തം

ഉള്ള ഒറ്റ ജന്മത്തില്‍ വ്യത്യസ്തങ്ങളായ അവതാരങ്ങളെടുത്ത് ദിവസത്തെ പല യാമങ്ങളില്‍ അവയെല്ലാറ്റിനെയും ഒരുതരം മഹത്തായ നിസ്വാര്‍ഥതയോടെ ഓരോന്നായി ജീവിച്ചുകൊണ്ട് കാലം നീക്കുന്ന ഈ ദ്വീപുവാസികളുടെ ദിനചര്യ എന്നെ സംബന്ധിച്ച് ഒരു വിധത്തിലുള്ള ചേതോഹരമായ വിഷയമാണ്.

സുബ്ഹിയുടെ ബാങ്ക് വിളിക്ക് മുമ്പേ ഉണര്‍ന്നെഴുന്നേറ്റ് ശുഭ്രവസ്ത്രധാരികളായി സൈക്കിളും ചവിട്ടിക്കൊണ്ട് പള്ളികള്‍ലക്ഷ്യമാക്കി ചലിക്കുന്ന അതേ മനുഷ്യന്‍ ഏതാനും സമയങ്ങള്‍ക്കകം ചാണകത്തിന്റെയും മൂത്രത്തിന്റെയും കന്നുകാലികളുടെയും ഗന്ധങ്ങള്‍ക്കിടയില്‍ അര്‍ദ്ധനഗ്‌നനായി കുത്തിയിരുന്നുകൊണ്ട് പാല്‍കറക്കുന്ന ഗോപാലകനാവും.

കുറച്ചു നേരത്തിനുള്ളില്‍ തന്റെ പൂര്‍വികര്‍ നട്ട ആകാശത്തോളം വളര്‍ന്നു നില്‍ക്കുന്ന കല്പവൃക്ഷത്തിനടിയില്‍നിന്നുകൊണ്ട്​ തേങ്ങയുലിച്ച് അവയെ രാശികൂട്ടുന്ന നാളികേര കര്‍ഷകനാവും. അല്പം കഴിഞ്ഞാല്‍ ഒന്നു രണ്ട് ആടുകളുമായി കറങ്ങി ഏതെങ്കിലും മരച്ചില്ലകളില്‍നിന്ന് പച്ചയിലകള്‍പറിച്ചു അവയ്ക്കു തിന്നാന്‍ കൊടുക്കുന്ന അജപാലകനാകും.

സൂര്യന്‍ മേലേയെറവേ ഗുമസ്തന്റെ കുപ്പായവും ധരിച്ച് സൈക്കിളും ചവിട്ടി കാര്യാലയത്തിലേക്ക് പോകും. ഉച്ചനേരത്തെ ഇടവേളയില്‍ ചായക്കടയില്‍വെച്ച് ശുദ്ധനായ രാഷ്ട്രീയപ്രവര്‍ത്തകനെപ്പോലെ ഏതോ അന്താരാഷ്ട്ര പ്രശ്‌നത്തെക്കുറിച്ച് തന്റെ അഭിപ്രായങ്ങള്‍വളരെ കൃത്യമായി വലിയ ഉച്ചത്തില്‍പറഞ്ഞുകൊണ്ടിരിക്കും.

സന്ധ്യയ്ക്ക് മുമ്പേ മകനെയോ പേരമകനെയോ സൈക്കിളിന്റെ ബാറിലിരുത്തി സ്‌കൂളില്‍നിന്ന് മടങ്ങിവരും. തിരിച്ചുവന്നവന്‍ കടല്‍തീരത്ത് മണലില്‍കിളച്ച് രാത്രിയിലെ മീന്‍വേട്ടയ്ക്കുള്ള മണ്ണിരകളെ പെറുക്കിക്കൂട്ടും. ഇരുട്ടാകുന്നതോടെ ഏതോ വീട്ടില്‍നിന്ന് കേള്‍ക്കുന്ന മൗലീദ് പാരായണത്തില്‍ ഒരു വിദഗ്ദ്ധനായ പാട്ടുകാരനായി അറബി മലയാളത്തിലുള്ള മതകാവ്യം പാടിക്കൊണ്ടിരിക്കും, അല്ലെങ്കില്‍ ദഫ് കൊട്ടി മതിമറന്നു ധ്യാനിച്ചുകൊണ്ട് സ്വന്തത്തെ മറന്നുകൊണ്ട് ദിക്ക്ര് എന്ന സൂഫീ ധ്യാനാവസ്ഥയില്‍ വിലീനനാകും.

പാതിരാത്രി കഴിഞ്ഞാലും മീന്‍വേട്ടയ്ക്കായി കൈയ്യിലൊരു ചൂണ്ടയും പിടിച്ച് ധ്യാനനിരതനായ ഒരു ഋഷിയെപ്പോലെ ബോട്ടുജെട്ടിയുടെ സിമന്റ് തിണ്ണയില്‍ പത്മാസനത്തില്‍ ഇരിക്കുന്നുണ്ടായിരിക്കും. ഒരേ മനുഷ്യന്‍, ഒരേ ജന്മം, പല അവതാരങ്ങള്‍.  

ഈ മനുഷ്യരെ കുറച്ചുനേരം മുമ്പ് ഇതേ ദിവസത്തില്‍ ഏത് അവതാരത്തിലാണ് കണ്ടെതെന്ന് ഞാനും കുഴപ്പത്തിലാകും. അതിനാല്‍ത്തന്നെ എതിരെ കടന്നുപോകുന്നത് ആരാണെങ്കിലും മുഖത്ത് പ്രസന്നതയാര്‍ന്ന വിടര്‍ന്ന പുഞ്ചിരി വരുത്തി സലാം പറയും. അവരും തിരിച്ചു സലാം മടക്കും. എല്ലായ്‌പ്പോഴും ഒരേ അവതാരത്തില്‍ ഒരേ തരത്തിലുള്ള വേഷവുമണിഞ്ഞ് അതേ സൈക്കിളില്‍ ഈ ദ്വീപു മുഴുവനും ചുറ്റിക്കറങ്ങുന്ന എന്റെ ജീവിതം അവരുടെ കണ്ണില്‍ എത്ര നീരസമായി അനുഭവപ്പെടുന്നുണ്ടാകുമെന്ന തോന്നല്‍ കാരണം എന്നില്‍ ഉത്കണ്ഠയുണ്ടാകാന്‍ തുടങ്ങുന്നു.

ഇതില്‍നിന്ന് രക്ഷപ്പെടാന്‍ അവരെപ്പോലെ ഞാനും പലതരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ പോയാല്‍ അല്പം പ്രഹസനമാകുമോയെന്ന ഭയവും എനിക്കു തോന്നുന്നുണ്ട്. അതുകൊണ്ട് മറ്റൊരു പണിയുമില്ലാത്തതിനാല്‍ വായ നിറയെ മുറുക്കാനും ചവച്ചുകൊണ്ട് സൈക്കിളില്‍ അലഞ്ഞു തിരിയുന്നു. മുറുക്കാന്‍ ചവയ്ക്കുന്നെന്ന വ്യാജേന ഒരിത്തിരി വര്‍ത്തമാനങ്ങളും കുറച്ചു കഥകളും കുറെ തമാശകളും നടക്കും.

മുറുക്കാന്‍ ചവച്ചിട്ടെങ്കിലും എന്റെ അപരമുഖം അവരുടെ മുഖങ്ങളെപ്പോലെ കാണുമായിരിക്കും. അതിനാലെങ്കിലും ഒരേ ജന്മത്തില്‍ പല അവതാരങ്ങളെടുക്കുന്ന ഈ ദ്വീപുവാസികളുടെ ജന്മസുകൃതം എന്റെതാകുമെന്ന ഭ്രാന്തന്‍ മോഹമാണെനിക്ക്. ഇതും വഴിതെറ്റിയ കുട്ടിയുടെ ഒരുതരം തമാശക്കളിയാണെന്ന് വിചാരിച്ച് ഇടയ്ക്കിടെ എനിക്ക് ചിരിവരാറുമുണ്ട്. 

"അങ്ങനെ നോക്കുകയാണെങ്കില്‍ ലക്ഷദ്വീപു സമൂഹത്തിലെ ഈ പത്തു പവിഴക്കുന്നുകളും കടലിനു നടുവില്‍ പൊങ്ങിക്കിടക്കുന്ന ഒരു ഫക്കീര്‍ എറിഞ്ഞ ജപമാലയുടെ മണികളാണ്' എന്ന് കടല്‍യാത്രയില്‍ പരിചയപ്പെട്ട അതേ ആട്ടിന്‍മാംസം വില്‍ക്കുന്ന വൃദ്ധന്‍ എന്നോടു ഒരു കഥ പറഞ്ഞു.

പണ്ടുപണ്ട് നൂഹ് നബിയുടെ കാലത്ത് ഹിന്ദുദേശത്തിന്റെ തീരത്തേക്ക് പുറപ്പെട്ട ഒരു പായക്കപ്പല്‍ കടലിനു നടുവിലൊരു പ്രളയത്തില്‍പ്പെട്ട് തകര്‍ന്നടിഞ്ഞത്രെ. ഓരോ പലകയില്‍ രക്ഷതേടി വെയിലും മഴയും കൊണ്ട് പൊങ്ങിക്കിടന്ന അതിലെ ആളുകള്‍, മരണമൊഴിച്ച് മറ്റൊന്നും ബാക്കിയില്ലെയെന്നതിനാല്‍ ജീവന്റെ ആശയുമറ്റ് ആകാശത്തേക്ക് നോക്കി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നുവത്രെ.

ആ നേരത്ത് കടലിനു മദ്ധ്യേ പ്രത്യക്ഷപ്പെട്ട ഒരു ഫക്കീര്‍ തന്റെ കയ്യിലുണ്ടായിരുന്ന ജപമാല പൊട്ടിച്ച് അതിലെ മണികള്‍ കടലിലേക്ക് എറിഞ്ഞുവത്രെ. പറന്നു കടലില്‍ചെന്നു പതിച്ച ജപമണികള്‍ ദൂരെദൂരെ വ്യത്യസ്ത ദിക്കിലേക്ക് പൊങ്ങിയൊഴുകുകയും വളരെദൂരെ ഓരോ മണികളും പവിഴദ്വീപുകളായി മാറുകയും ചെയ്തത്രെ. പലകയില്‍ പിടിച്ച് പൊങ്ങിയൊഴുകിയിരുന്ന ആര്‍ത്തരായ യാത്രികര്‍ അങ്ങനെ ഒഴുകിയൊഴുകി ഓരോ ദ്വീപിലേക്കുമടുത്ത് കരപറ്റി അധിവസിക്കുകയും ചെയ്തു എന്നതായിരുന്നു അയാള്‍ പറഞ്ഞ കഥ.

പറഞ്ഞത് കഥയാണെങ്കിലും എനിക്കത് യാഥാര്‍ത്ഥ്യമാണെന്ന് തോന്നി. അയാള്‍ പറയുന്ന പടച്ച തമ്പുരാന്റെ സൃഷ്ടിയായ ഈ ഭൂലോകത്തിലെ മറ്റെവിടെയെങ്കിലും കാണാന്‍ സാധിക്കാത്ത മനോഹരമായ ദ്വീപുകളാണ് ഇവ. ചിലപ്പോഴൊക്കെ കേവലരായ മനുഷ്യര്‍ ഇവിടെ വസിക്കാന്‍ അനര്‍ഹരാണെന്നും തോന്നും. നീലിമയാര്‍ന്ന രുദ്രമനോഹരമായ കടലിനു നടുവില്‍ പൊടുന്നനവേ ഗോചരമാകുന്ന പവിഴക്കുന്നുകള്‍.

ആ കുന്നുകള്‍ കടന്നുപോയാല്‍ എത്തപ്പെടുന്ന ശാന്തമായതും കടലിനെക്കാള്‍ നീലിമയാര്‍ന്നതുമായ തെളിഞ്ഞ സ്ഫടികംപോലുള്ള സരോവരങ്ങള്‍. ആ ലഗൂണുകള്‍ കടന്നുപോകുന്നതിനു മുമ്പേ കാണപ്പെടുന്ന പച്ച തെങ്ങിന്‍ തോപ്പിനു താഴെ പരന്നുകിടക്കുന്ന വെള്ളമണല്‍ത്തീരം. കര നിറയെ നങ്കൂരമിട്ട് കിടക്കുന്ന ദ്വീപുവാസികളുടെ ചെറിയ ചെറിയ മീന്‍തോണികള്‍. തീരവും കടന്നു ചെന്നാല്‍ കൃഷി ചെയ്യുന്ന ഫലഭൂയിഷ്ടമായ മണ്ണ്. അവിടെ വിളഞ്ഞിരിക്കുന്ന മറ്റെങ്ങും കാണാന്‍ സാധിക്കാത്ത ഹരിതാഭമായ സസ്യസമൂഹങ്ങള്‍. ചലിക്കുന്ന മനുഷ്യര്‍, സദാ ഉറക്കത്തിലാണ്ടു കിടക്കുന്നപോലെ വീടുകള്‍, അതിനെക്കാളും മൗനമായ അവസ്ഥയില്‍ കിടക്കുന്ന പള്ളികള്‍, നിസ്‌കാക്കാരസമയം വിളിച്ചറിയിക്കുന്ന നീണ്ട ബാങ്കുവിളി ശബ്ദം.

ദ്വീപുവാസികളുടെ ദൈനംദിന കഷ്ടപ്പാടുകള്‍ എങ്ങനെയാണെങ്കിലും വിഷമരഹിതമായ ഒരുതരം ആശ്വാസമായാണ് പുതുതായി വരുന്ന എന്നെപ്പോലുള്ള വിരുന്നുകാര്‍ക്ക് അതു ഗോചരീഭവിക്കുക. വേഗവും ആവേഗവുമില്ലാത്ത, ഉടനെതന്നെ യാതൊരു തീരുമാനങ്ങളുമെടുക്കേണ്ട ആവശ്യമില്ലാത്ത, ഊഹിക്കാന്‍ സാധിക്കാത്ത മന്ദഗതിയിലുള്ള ജീവിതം. സാധാരണ വലിപ്പത്തിലുള്ള ഒരു മീനിനുവേണ്ടി മണിക്കൂറോളം ഉറക്കവുമില്ലാതെ ധ്യാനസ്ഥനായ കൊക്കിനെപ്പോലെ ഇരുന്നുകൊണ്ടിരിക്കുന്ന ധൃതിയില്ലാത്ത മനുഷ്യര്‍. ഛെ, ഞാനും ഇവരെപ്പോലെയായിക്കൂടേ എന്നു ഇടയ്ക്കിടെ തോന്നും. 

"എന്നാല്‍ വന്‍കരയില്‍നിന്ന് വന്ന നീ ഇവിടുത്തുകാരനാവണമെന്ന് സ്വപ്നത്തില്‍പോലും ചിന്തിക്കാന്‍ പാടുള്ളതല്ല. അതുകഴിഞ്ഞ് വിട്ടുപോകാന്‍ നിനക്കു വളരെ വിഷമമാകും. ദ്വീപുവാസികളായ ഞങ്ങള്‍ക്കാണെങ്കില്‍ നിങ്ങളുടെ വന്‍കരയില്‍നാലു രാത്രി കഴിഞ്ഞാല്‍പോലും ഉറക്കം വരാതെ മടങ്ങേണ്ടി വരുന്നു.

ഈ വെള്ളമണലും ഈ കാറ്റും അതിനുപുറമേ റബ്ബ് കാണിക്കുന്ന ഈ കരുണയും മറ്റെവിടെയാണെങ്കിലും ഞങ്ങള്‍ക്ക് ലഭിക്കുകയില്ല. നിങ്ങള്‍ നിങ്ങളും ഞങ്ങള്‍ ഞങ്ങളും, അതൊരിക്കലും ഒന്നാണെന്ന് കരുതാന്‍ പാടില്ല. അവന്റെ കഥ തന്നെയെടുക്ക്. എന്നെയും വഞ്ചിച്ച്, ഊമയായ തന്റെ പെങ്ങളെ എനിക്ക് നിക്കാഹ് ചെയ്തും തന്ന് നാടു വിട്ടോടിയവന്‍ അവിടെ എന്തെല്ലാം പാടുപെട്ടിരിക്കും' എന്ന് അയാള്‍ തന്റെ ആദ്യവിവാഹത്തെപ്പറ്റി പറഞ്ഞു. 

ഇനി തകര്‍ന്നുപോയ അയാളുടെ ആദ്യവിവാഹത്തെക്കുറിച്ച് വളരെ ചുരുക്കി പറയട്ടെ. മറ്റേതെങ്കിലും ഉപകഥകള്‍ വിഘ്‌നങ്ങളായി വന്നില്ലെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ അടുത്ത പ്രാവശ്യം പറയാം.

‘ഊമയായ തന്റെ സ്വന്തം പെങ്ങളെ ദൂരെനിന്ന് ഇയാള്‍ക്ക് കാണിച്ചുകൊടുത്ത് വിവാഹനിശ്ചയവും ചെയ്ത് ഒരാഴ്ചയ്ക്കുള്ളില്‍തന്നെ നിക്കാഹും നടത്തി സത്യാവസ്ഥ പറയാതെ വഞ്ചിച്ച് നാടുവിട്ടു പോയ അപ്രത്യക്ഷനായ മനുഷ്യന്‍ ഞാന്‍ തിരഞ്ഞുകൊണ്ടു വന്നിരിക്കുന്ന പിഞ്ഞാണപ്പത്രത്തിന്റെ ഉടമയായ മൊല്ലാക്ക തന്നെയാണെന്നാണ് എന്റെ ബലമായ നിഗമനം. എന്തെന്നാല്‍ അദ്ദേഹം പറഞ്ഞ തന്റെ അല്പസ്വല്‍പ ജീവിതകഥയും ആടിനെയറുക്കുന്ന വൃദ്ധന്‍ പറയുന്ന വിവരങ്ങളും ഒത്തുവെച്ചു നോക്കുമ്പോള്‍ വളരെയേറെ സ്വരച്ചേര്‍ച്ചയുണ്ട്. അതോടൊപ്പം ഞാന്‍ കഴിഞ്ഞയാഴ്ച പോയി കണ്ട പിഞ്ഞാണപ്പാത്രത്തില്‍ വിള്ളല്‍ വീണതിനു പിന്നിലും മൊല്ലാക്കയുടെ കരങ്ങളുണ്ടെന്നാണ് ഞാന്‍ ഊഹിക്കുന്നത്. ആരുടെ മനസ്സിനേയും നോവിക്കാത്തത്തുപോലെ ഈ വിവരങ്ങളെയെല്ലാം എങ്ങനെ പറയുമെന്നോര്‍ത്ത് എന്റെ തല പുണ്ണാകുന്നു. 

ഈ തലച്ചൂടില്‍നിന്ന്​ രക്ഷപ്പെടാൻ ഇനി മറ്റൊരു മനുഷ്യനെക്കുറിച്ചുള്ള കഥയും ചുരുക്കിപ്പറയാം. ഇയാളുടെ പേര് അബ്ദുള്‍റസാഖ് എന്നു സങ്കല്‍പ്പിക്കുക. തിപ്ത്തൂരിനടുത്തുള്ള ഒരു താലൂക്കിലാണ് ഇയാളുടെ നാട്. ഇവിടെ നിന്നു മൂന്നു മണിക്കൂര്‍ യാത്രയുള്ള മറ്റൊരു ദ്വീപില്‍കഴിഞ്ഞ പത്തുവര്‍ഷമായി അയാള്‍ ഒറ്റയ്ക്കാണ് കഴിയുന്നത്.

സൈക്കിള്‍ റിപ്പയര്‍ ചെയ്യലാണ് ഇയാളുടെ ജോലി. മംഗലാപുരത്തേക്ക് പുറപ്പെടുന്ന അമിനീദ്വീവി എന്ന കപ്പലില്‍വെച്ചാണ് ഞാനിയാളെ കണ്ടുമുട്ടുന്നത്. കപ്പല്‍യാത്രയെന്നാല്‍ ഇയാളെ സംബന്ധിച്ച് ജീവനില്‍പേടിയുള്ള കാര്യമാണ്. കപ്പലില്‍കയറിയ നിമിഷം തന്നെ താന്‍ പൊങ്ങിക്കിടക്കുന്നത് അടിത്തട്ടുതന്നെ കാണാത്ത കടലിനു മുകളിലൂടെ ഒരു ഇല കണക്കെ പൊങ്ങിയൊഴുകുന്ന പലകയുടെ മീതെയാണെന്നു തോന്നി പരിഭ്രാന്തനാവുകയും കഴിച്ചതെല്ലാം ഛര്‍ദ്ദിക്കുകയും ചെയ്യുന്ന ഈ മനുഷ്യന് സിറാത്തുപാലത്തിനു മുകളിലൂടെയുള്ള നടത്തമാണ് ഓരോ സമുദ്രസഞ്ചാരവും. 

ldആകയാല്‍ കയറിയ ഉടനെ ഒരു തുണികൊണ്ട് സ്വന്തത്തെ മൂടി ലോകത്തെ മുഴുവനും ഇരുട്ടാക്കി കപ്പലിലെ ഒരു ഇരുണ്ട മൂലയില്‍ചെന്ന് ജീവച്ഛവമായി അവന്‍ കിടക്കും. ഒടുവില്‍ പതിനാറു മണിക്കൂറിനുശേഷം മംഗലാപുരത്തെ പഴയ തുറമുഖത്തെ ജെട്ടിയില്‍ കപ്പലടുക്കുമ്പോള്‍ ശ്വാസം നേരെ വീഴുകയും കപ്പലില്‍നിന്ന് ചാടിയിറങ്ങി മംഗലാപുരം നഗരത്തിലെ തിരക്കില്‍ അവന്‍ ഇഴുകിച്ചേരുകയും ചെയ്യും.

അവിടെനിന്ന് ബി.സി. റോഡിലേക്കുള്ള ബസ്സില്‍ കയറി തന്റെ ഭാര്യയുടെയും മക്കളുടെയും അടുത്തെത്തും. വര്‍ഷംതോറുമുള്ള ഇയാളുടെ ജീവച്ഛമായ യാത്ര പത്തു വര്‍ഷത്തോളമായി നടന്നുപോരുന്നുണ്ട്. തിപ്ത്തൂരിലെ ഒരു ഗ്രാമത്തില്‍ നിന്നുള്ള അബ്ദുള്‍റസാഖ് എന്ന ഈ വ്യക്തി ബി. സി. റോഡിലേക്കുള്ള ബസ്സില്‍ കയറുന്നത് എന്തിനാണെന്നും ലക്ഷദ്വീപിലേക്ക് ചെല്ലുന്നതെന്തിനെന്നും നിങ്ങള്‍ കൂതൂഹലപ്പെടുന്നുണ്ടാകാം. അവിടെയാണ് തമാശ കിടക്കുന്നതുതന്നെ. ഇതുപോലുള്ള യഥാര്‍ഥ്യമായ വിഷയങ്ങള്‍ കാണുമ്പോഴാണ് ജീവിതമെന്നത് പല ആകസ്മികതകള്‍ ചേര്‍ന്ന വലിയ തമാശയാണെന്ന് എനിക്ക് വിചിന്തനമുണ്ടാകുന്നത്. 

ഇല്ലായിരുന്നെങ്കില്‍ കന്നടയിലെ പൊട്ട എഴുത്തുകാരനായ ഞാന്‍ പ്രണയ ജീവിതത്തില്‍നടന്ന ആകസ്മികമായ ഒരു മരണം കാരണം ആയിരത്തിലേറെ നോട്ടിക്കല്‍ മൈല്‍ദൂരെ ഒരു പവിഴദ്വീപില്‍ മുറുക്കാനും ചവച്ച് സൈക്കിളും ചവിട്ടിക്കൊണ്ട് അലയുകയാണെന്നാല്‍ പിന്നെ എന്താണ്?

ഊമയായ പെങ്ങളെ തന്റെ ചങ്ങാതിയെക്കൊണ്ട് കെട്ടിച്ച് വഞ്ചിച്ചു നാട്ടില്‍നിന്ന് മുങ്ങിയ ഈ പവിഴദ്വീപിലെ ഒരു മഹാശയന്‍ ബാല്യകാലത്ത് ഞങ്ങളെ ഖുര്‍ആന്‍ പഠിപ്പിച്ച മൊല്ലാക്കയായി രൂപാന്തരം പ്രാപിച്ച് എന്റെ എഴുത്തിലെ കഥാപാത്രമാകുകയെന്നാല്‍ പിന്നെ എന്താണ്? അദ്ദേഹം മന്ത്രിച്ചുകൊണ്ടിരുന്ന പിഞ്ഞാണപ്പാത്രത്തിന്റെ രഹസ്യവും അന്വേഷിച്ചന്വേഷിച്ച് ഒടുവില്‍ പതിനഞ്ചു ദിവസങ്ങള്‍ക്ക് മുമ്പ് ആ മാന്ത്രിക പാത്രത്തിന്റെ മൂലപാത്രത്തെ ഈ ദ്വീപിലെ ഒരു കുടുംബവീട്ടില്‍വെച്ച് എന്റെ കണ്ണാലെ കാണുകയെന്നാല്‍ പിന്നെ എന്താണ്?

തിപ്ത്തൂരിനടുത്തുള്ള ഒരു ഗ്രാമത്തിലെ മുസ്‌ലിം ജന്മികുടുംബത്തിലെ റസാഖ് എന്ന മനുഷ്യന്‍ ജീവിതത്തിലെ പല അസംഗതമായ തമാശകളുടെ ചുഴിയില്‍പ്പെട്ട് എല്ലാവര്‍ഷവും താന്‍മരണത്തെപ്പോലെ ഭയപ്പെടുന്ന കടല്‍യാത്രയും ചെയ്തു ഇവിടുത്തെ ചെറിയ ഒരു ദ്വീപില്‍ സൈക്കിള്‍ റിപ്പയറുകാരനായി ജീവിക്കുകയാണെന്നാല്‍ പിന്നെ എന്താണ്? അതിനെക്കാളും വലിയ തമാശയുള്ള കാര്യമെന്തെന്നാല്‍ നാമെല്ലാവരുടെയും കഥകള്‍ ചലിച്ചുകൊണ്ടിരിക്കുന്ന ഒരു കപ്പലില്‍ അനവാരണം ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നുവെന്നതാണ്. 

ആലോചിച്ചാല്‍ തല പൊട്ടിപ്പിളരും വിധമുള്ള സംഗതികള്‍. വെറുതെയങ്ങനെ ചെവികൊടുത്താല്‍ പലവിധ ഗൂഢാര്‍ത്ഥങ്ങളും വികസിച്ചുവന്നേക്കാവുന്നവ. 

അവസാനമേയില്ലാത്ത ഒരു ഉപസംഹാരം

കുടകില്‍കാടിനു നടുവില്‍ ജീവിച്ചിരുന്ന കാലത്ത് പൗര്‍ണ്ണമിയിലെ പാല്‍ക്കടലിനു മീതെ തലയുയര്‍ത്തിക്കിടന്നിരുന്ന സിംഹങ്ങളെപ്പോലുള്ള പര്‍വ്വതശിഖരങ്ങള്‍ കണ്ണടച്ചാലും മനം നിറയെ വിരാജിച്ചിരുന്നു. വനത്തിന് മദ്ധ്യേ ഒരു മരം മറ്റൊരു മരത്തില്‍ ഉരസുമ്പോഴുണ്ടാകുന്ന മര്‍മ്മരം കിനാവിലും കേള്‍ക്കുമായിരുന്നു.

മരിച്ച ആത്മാക്കളുടെ നിലവിളിപോലെയുള്ള ചീവീടുകളുടെ ശബ്ദം ചെവിയടച്ചാലും പോകുന്നയിടത്തെല്ലാം പിന്തുര്‍ന്നുവരുമായിരുന്നു. മണിക്കൂറോളം തീവണ്ടിയാത്ര കഴിഞ്ഞ് മടങ്ങി വന്നവന്റെ ചെവിക്കുള്ളില്‍ പിന്നേയും കുറച്ചു ദിവസക്കാലം പാളങ്ങളില്‍നിന്നു കേള്‍ക്കുന്ന കട കട ശബ്ദത്തെപ്പോലെ കുടകില്‍നിന്ന് മറ്റെവിടെപ്പോയാലും കണ്‍പോളകളില്‍ പച്ചനിറം ശാശ്വതമായി പുരട്ടിവെച്ചതുപോലെ അനുഭവപ്പെടുമായിരുന്നു. ഇപ്പോള്‍ ഇവിടെയാണെങ്കിലോ, വെറും കടലിന്റെ നിറങ്ങളും കരയെ മെല്ലെ മുത്തമിടുന്ന ഗന്ധര്‍വസംഗീതംപോലുള്ള തിരകളുടെ ശബ്ദവും.

കണ്ണിന്റെ കോണില്‍ എല്ലായ്‌പ്പോഴും അകലുന്ന അര്‍ദ്ധ ചന്ദ്രാകൃതിയിലുള്ള ചക്രവാളസീമ. "സാറേ, നാട്ടിലേക്കു പോകുന്നില്ലേ' എന്നെന്നോട് എന്നെക്കുറിച്ച് എന്നെക്കാളും അസ്വസ്ഥതയുള്ളതുപ്പോലെ കാണപ്പെടുന്ന ദ്വീപുവാസികള്‍ ഉത്കണ്ഠയോടെ ചോദിക്കും. "ഈ വലിയ കടല്‍കടന്ന് ഞാനെങ്ങനെ പോകും' ഞാന്‍ അവരോടുതന്നെ തിരിച്ചു ചോദിക്കും. അവര്‍ക്ക് ചിരിവരും. "സാറേ, പോകാന്‍ നൂറു മാര്‍ഗങ്ങളുണ്ട്. ആകാശത്തില്‍ വിമാനമുണ്ട്. കടലില്‍ കപ്പലും, തോണിയും, വളളങ്ങളും ചലിക്കുന്നുണ്ട്.

നിജസ്ഥിതിയെന്തെന്നാല്‍ ‘പോകാന്‍ നിങ്ങള്‍ക്ക് മനസ്സില്ല. അതിനാല്‍ തന്നെ ഇവിടെ മീനും കഴിച്ചുകൊണ്ട്, മുറുക്കാനും ചവച്ചുകൊണ്ട് കറങ്ങി നടപ്പാണ്' എന്നു അവര്‍ വീണ്ടും ചിരിക്കുന്നു. "അതെ, എന്തുകൊണ്ട് എനിക്കും മടങ്ങാന്‍ മനസ്സ് വരുന്നില്ല' എന്ന് ഞാനും ആലോചിക്കുന്നു. ആഴക്കടലില്‍ പൊഴുതുകളോളം മുങ്ങിക്കൊണ്ട് സാഗരസഞ്ചാരം നടത്തുമ്പോഴും അല്പനേരത്തേക്ക് ഇതുതന്നെ ചിന്തിക്കുന്നു. പക്ഷേ, എങ്ങോട്ടാണ് പോകേണ്ടത്? എവിടെ നിന്നാണ് വന്നതെന്നും മറന്നിരിക്കുന്നു!

ആഴക്കടലിനുള്ളില്‍ മലകളുണ്ട്. സമുദ്രജീവികളുടെ അധിവാസങ്ങളുണ്ട്. അവരുടെ നാഗരികതകളുണ്ട്. ഇടുക്കുകളും താഴ്‌വാരങ്ങളും ഗുഹകളും ചുമരുകളും ചെരിവുകളുമുണ്ട്. നമ്മളെപ്പോലെ തന്നെ ഭാവിക്കുന്ന, അധികാരാസക്തികളുള്ള, സാമ്രാജ്യങ്ങള്‍ സ്ഥാപിക്കുവാന്‍ ആഗ്രഹിക്കുന്ന ജലജീവികളുമുണ്ട്. ഭൂഖണ്ഡാന്തര കുടിയേറ്റം നടത്തുന്ന മത്സ്യസമൂഹങ്ങളുമുണ്ട്. ലജ്ജാശീലമുള്ളതും രോഷം പ്രകടിപ്പിക്കുന്നതും ആക്രമിച്ചു കൊലപ്പെടുത്തുന്നതും വിഷം പ്രയോഗിച്ചും വൈദ്യുതാഘാതമേല്‍പ്പിച്ച് കൊല്ലുന്നതുമായ വിവിധ ഗുണങ്ങളുള്ള മത്സ്യകുലങ്ങളുമുണ്ട്. മറ്റൊരു മത്സ്യത്തിന് ഭക്ഷണമാകാതെ അതിജീവിച്ചാല്‍ മനുഷ്യരെക്കാളും കൂടുതല്‍കാലം ജീവിക്കുന്നതുമായ മീന്‍വര്‍ഗ്ഗങ്ങളുമുണ്ട്.

ഒരുപക്ഷേ ഇവരില്‍തന്നെ കവികളും ശാസ്ത്രജ്ഞന്മാരും പാട്ടുകാരും രാഷ്ട്രീയക്കാരും ഏകാധിപതികളും വിപ്ലവകാരികളും ഉണ്ടായിരിക്കാം. കടലിലേക്കിറക്കിവെച്ച നമ്മുടെ കാലുകള്‍ അവയ്ക്കു മഹാബലിയെ ചവിട്ടിത്താഴ്ത്തിയ വാമനന്റെ പാദങ്ങള്‍പോലെ ഭീതി ജനിപ്പിച്ചേക്കാം.

കടലില്‍നിന്ന് കരയിലേക്ക് വരികയെന്നാല്‍ ഖിയാമത്തു നാളിനു മുമ്പായി കഴിച്ചുകൂട്ടേണ്ട മരണാനന്തര പ്രായശ്ചിത്തം ചെയ്യാനുള്ളയിടത്തേക്ക് എത്തിപ്പെടലാണെന്ന മതവിശ്വാസം വെച്ചുപുലര്‍ത്തുന്ന മീനുകളും ഇവിടെ നീന്തിക്കളിക്കുന്നുണ്ടായിരിക്കാമെന്ന വിചാരവുമായി അവയ്ക്കിടയിലൂടെ ഞാന്‍ പൊങ്ങിയൊഴുകുകയാണ്. പുറത്തുവന്നാലും ചെവിക്കുള്ളില്‍ കടലിനകത്തെ നീരൊഴുക്കിന്റെ ശബ്ദം. വെള്ളത്തില്‍നിന്ന് പുറത്തേക്ക് വന്നാല്‍ മത്സ്യത്തെപ്പോലെ അസ്വസ്ഥനാകുന്നു. ഞാന്‍ എവിടെ നിന്നാണ് വന്നത്? എന്തിനാണ് ഞാനിവിടെയിരിക്കുന്നത്?  ഇനിയെങ്ങോട്ട്? ഒന്നും തലയ്ക്കുള്ളില്‍ ചുഴിയുന്നില്ല. തലയും താഴ്ത്തി വെറുതെ നടന്നുകൊണ്ടിരിക്കുന്നു. 

ഞാന്‍ കഴിഞ്ഞയാഴ്ചയെഴുതിയിരുന്ന തിപ്ത്തൂരിനടുത്തെ ഒരു പ്രദേശത്തുനിന്നുള്ള അബ്ദുള്‍ റസാഖിന്റെ ജീവിതവൃത്താന്തവും ഇതുപോലെത്തന്നെയാണ്. ഞാന്‍ വസിക്കുന്ന ദ്വീപില്‍നിന്നും ഏകദേശം മൂന്നു മണിക്കൂര്‍ കടല്‍യാത്ര ചെയ്താല്‍ ചെന്നെത്തുന്ന മറ്റൊരു ദ്വീപില്‍ ഇയാള്‍ കഴിഞ്ഞ പത്തുവര്‍ഷക്കാലമായി ഒരു സൈക്കിള്‍ റിപ്പയര്‍ കടയില്‍ ചുണ്ടുകള്‍ക്കിടയിലൊരു അണഞ്ഞ ബീഡികുറ്റിയും കടിച്ചുപിടിച്ച് കുനിഞ്ഞിരുന്നുകൊണ്ട് ജോലിചെയ്യുകയാണ്.

ചുറ്റിലും അലങ്കോലമായിക്കിടക്കുന്ന പത്തുപതിനഞ്ചോളം പഴയ സൈക്കിളുകളുടെ മൃതദേഹം പോലുള്ള ജീര്‍ണ്ണിച്ച ശരീരങ്ങള്‍. അവിടെയുമിവിടെയും കിടക്കുന്ന റിപ്പയറിനായി വന്നിരിക്കുന്ന അത്ര പഴയതല്ലാത്ത സൈക്കിളുകള്‍. ഇടയ്ക്കിടെ ടയര്‍പങ്ചറായി വന്നിരിക്കുന്ന തിളക്കമാര്‍ന്ന നിറങ്ങളുള്ള പുതിയ സൈക്കിളുകള്‍. 

കുട്ടികളുടെ കളിപ്പാട്ടസൈക്കിളുകള്‍. സ്‌കൂള്‍കുട്ടികളുടെ പലതരം മോഡലുകളിലുള്ള സൈക്കിളുകള്‍. ആരോടും കൂടുതല്‍ സംസാരിക്കാതെ, ആരുടേയും കൂടുതല്‍ ചോദ്യങ്ങള്‍ക്കും ചെവികൊടുക്കാതെ ഒന്നിനു പിറകെ ഒന്നായി ഓരോ സൈക്കിളിനെയും ചികിത്സിച്ചും കൂലി പറഞ്ഞും കാശു വാങ്ങിയും യന്ത്രവിദഗ്ദ്ധനായ ഒരു ശാസ്ത്രജ്ഞനെപ്പോലെ അവന്‍ ഏകാഗ്രതയോടെ കഴിയുന്നു.

തെങ്ങോലയില്‍മേഞ്ഞ അവന്റെ കുടില്‍. ചികിത്സിക്കാന്‍ കഴിയാത്ത പല സൈക്കിളുകള്‍, ടയറുകള്‍, ട്യൂബുകള്‍, എണ്ണഡബ്ബികള്‍ എന്നിവ അതിനകത്തും കിടപ്പുണ്ട്. കൂടിലിനുള്ളില്‍ തന്നെ മറവാതില്‍കൊണ്ടടച്ച അവന്റെ കിടപ്പുമുറി. അതിന്റെയുള്ളില്‍ തന്നെ അടുക്കളയും. അതിന്റെ ഒരു മൂലയ്ക്കായി മറ്റൊരു മറവാതില്‍, അതാണ് കുളിമുറി. അവിടെ തലയുയര്‍ത്തിയാല്‍ കാണാവുന്ന ആകാശം. ആ ആകാശത്തെ ചെറുതായി മറച്ചിരിക്കുന്ന ഒരു തെങ്ങ്. അതില്‍നിന്ന് ഇടയ്ക്കിടെ അടിതെറ്റി വീഴുന്ന എലിക്കുഞ്ഞുങ്ങള്‍. 

എപ്പോഴെങ്കിലുമൊരിക്കല്‍ കേള്‍ക്കുന്ന തേങ്ങ താഴേക്കു പതിക്കുന്ന ശബ്ദം. ഇവയൊന്നിനെക്കുറിച്ചുമുള്ള ബോധംതന്നെയില്ലാതെ എണ്ണ പുരണ്ട ദേഹവുമായി ഒരു മനുഷ്യചക്രത്തെപ്പോലെ ഇയാള്‍ ചലിച്ചുകൊണ്ടേയിരിക്കുന്നു. കാലവര്‍ഷം കഴിഞ്ഞ് കപ്പല്‍സഞ്ചാരം ആരംഭിക്കുമ്പോള്‍ മംഗലാപുരത്തേക്കുള്ളയൊരു യാത്രാക്കപ്പലില്‍കയറി വര്‍ഷത്തിലൊരിക്കല്‍ നാട്ടിലേക്കു പുറപ്പെടും.

കപ്പലിലേക്ക് കാലുവെക്കുന്നതും പ്രാണന്‍തന്നെ മുങ്ങിപ്പോകുന്ന അനുഭവം അവനുണ്ടാകും. കഴിഞ്ഞുപോയ ജന്മങ്ങളിലെ ഓര്‍മ്മകളെല്ലാംതന്നെ വയറ്റിനുള്ളില്‍ സമ്മേളിച്ച് ഘോഷയാത്ര നടത്തുന്നതായി അവന്‍ അസ്വസ്ഥനാകും.  കപ്പലിലെ ഇരുണ്ട മൂലയിലൊരു സ്ഥലം കണ്ടെത്തി സ്ത്രീകള്‍ ധരിക്കുന്ന പഴയൊരു ദുപ്പട്ടകൊണ്ട് ദേഹത്തെ പൊതിഞ്ഞ് ഒരു ചാക്കുപോലെ ചുരുണ്ടുകിടക്കും. അടുത്ത പതിനാറു മണിക്കൂര്‍നേരം കപ്പല്‍മംഗലാപുരത്തെ പഴയ തുറമുഖജെട്ടി അണയുന്നതുവരെ ഒരു തരിപോലും അവന്‍ അനങ്ങുകയില്ല. 

ship

ഞാനാണെങ്കില്‍ പൗര്‍ണമി നാളില്‍ മംഗലാപുരത്തേക്ക് പുറപ്പെടുന്ന കപ്പലിനുള്ള ടിക്കറ്റുമെടുത്തുകൊണ്ട് അതിന്റെ മുകപ്പില്‍ ആകാശവും നോക്കി മലര്‍ക്കെ കിടക്കുകയാണ്. പൗര്‍ണമിയുടെ ഇരുണ്ടവെളിച്ചം ദുപ്പട്ടകൊണ്ട് മൂടിയ അവന്റെ മുഖത്തും വീഴുന്നുണ്ട്. ഉച്ച മുതല്‍ക്കേ ഇവനെ നോക്കിക്കൊണ്ടുതന്നെ ഇരിക്കുകയാണ്.

കപ്പലിന്റെ ചലനത്തില്‍ ചെറുതായി ഇളകുന്നുണ്ടെങ്കിലും ഉള്ളിന്റെയുള്ളില്‍ ചെറുതായി ചുമയ്ക്കുന്നുണ്ടെങ്കിലും പഴയൊരു ദുപ്പട്ടയെ ചുറ്റിക്കൊണ്ട് കിടക്കുന്ന മെലിഞ്ഞ ദേഹം. പടിഞ്ഞാറന്‍ സീമയില്‍ സൂര്യന്‍ മുങ്ങുകയും ഇരുട്ട് കരിമ്പടം പുതയ്ക്കാന്‍ തുടങ്ങുകയും പൂര്‍ണചന്ദ്രന്‍ കിഴക്കേ അതിരില്‍നിന്നുയര്‍ന്ന് ആകാശയുച്ചിലെത്തുകയും കടല്‍ക്കാറ്റ് മെല്ലെ വീശാന്‍ തുടങ്ങുകയും തണുപ്പ് ശരീരത്തില്‍ പ്രകമ്പനം തീര്‍ക്കുകയും ചെയ്‌തെങ്കിലും അങ്ങനെതന്നെ വീണുകിടക്കുന്ന ശരീരം.

ഇയാള്‍ക്ക് വിശപ്പും ദാഹവുമുണ്ടാകാറില്ലേ? ഈ പൗര്‍ണമിരാത്രിയിലും വീണുകിടക്കുന്ന ഈ മനുഷ്യന് അസുഖങ്ങളെന്തെങ്കിലും കാണുമോ? ഇയാളിങ്ങനെ വീണുകിടക്കുമ്പോള്‍ കടലിനു മീതെ ലാസ്യനടനം ചെയ്യുന്ന ചന്ദ്രികയുടെ മനോഹാരിതയെ ആസ്വദിക്കുക എങ്ങനെയെന്ന് ഞാനയാളുടെ ദുപ്പട്ടയെ മെല്ലെയൊന്നു പൊക്കി അവനെയുണര്‍ത്തി. ഞരങ്ങിക്കൊണ്ട് എഴുന്നേറ്റ ആ മനുഷ്യന്‍ എന്നെ ദേഷ്യത്തോടെ നോക്കി. അയാളോട് "തീപ്പെട്ടിയുണ്ടോ' എന്നു ഞാന്‍ ചോദിച്ചു.

പാന്റിനടിയിലെ അടിവസ്ത്രത്തിലെ കീശയില്‍നിന്നും ഒരു പഴയ ലൈറ്റര്‍ പുറത്തേക്കേടുത്ത് അവന്‍ കൈയ്യില്‍വെച്ചുതന്ന്, "നിങ്ങള്‍ തന്നെ വെക്കുക. എന്നെ വീണ്ടുമുണര്‍ത്തരുത്. കടല്‍യാത്ര എനിക്കു പറ്റില്ല. അതിനാലാണ് ഞാനിങ്ങനെ വീണുകിടക്കുന്നത്' എന്നു മലയാളത്തില്‍ പറഞ്ഞ് തിരികെ ദുപ്പട്ടയ്ക്കുള്ളിലേക്ക് ചുരുണ്ടുകൂടി. നേരം പുലര്‍ന്ന് ഇനി രണ്ടുമണിക്കൂറിനുള്ളില്‍ കപ്പല്‍ മംഗലാപുരത്ത് എത്തുമെന്നായപ്പോള്‍ അവനെഴുന്നേറ്റു. 

ലൈറ്റര്‍ മടക്കിക്കൊടുക്കാന്‍ ചെന്നപ്പോള്‍ അവന്റെ പൂര്‍വ്വകഥയും അന്വേഷിച്ചു. അപ്പോള്‍ അവന്‍ കന്നടയില്‍ പറഞ്ഞ കഥയെ ഞാനിവിടെ ചുരുക്കിപ്പറയാം. 

ടിപ്പുസുല്‍ത്താന്റെ കാലത്തിനും വളരെ മുമ്പ് അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ ഭാഗത്തുനിന്നും കുതിരകളെയും തെളിച്ചുകൊണ്ട് മൈസൂരിലെ മഹാരാജാവിന്റെയടുത്തേക്ക് കുതിരവ്യാപാരം ചെയ്യാനായി വന്ന പഠാണി മുസ്‌ലിംകളാണ് അവന്റെ പൂര്‍വ്വികര്‍. ടിപ്പുവിന്റെ അട്ടിമറി മൈസൂര്‍ സംസ്ഥാനത്തെ ഭീതിയിലാഴ്ത്തിയപ്പോള്‍ ഇനിയവിടെ നില്‍ക്കുന്നത് പന്തിയല്ലെന്ന് മനസ്സിലാക്കി മധുഗിരി ഭാഗത്തേക്ക് നാടുവിട്ട ഇയാളുടെ പൂര്‍വീകര്‍ തിപ്ത്തൂരിനടുത്ത് തടാകത്തീരത്തൊരു തെങ്ങിന്‍തോപ്പ് ജാഗീരാ*യി നേടിക്കൊണ്ട് അവിടെതന്നെ സ്ഥിരവാസം തുടങ്ങിയത്രെ. ആ വംശത്തില്‍പ്പെട്ടവനാണിവന്‍. 

ഇവന്റെ മുത്തച്ഛനും മുതുമുത്തച്ഛനും ജാഗീര്‍ദാര്‍മാരായും ധൂര്‍ത്തരായും ജീവിച്ചവരാണ്. എന്നാല്‍ ഇവന് ഓര്‍മ്മവെച്ച കാലം മുതല്‍ വളരെ പാവപ്പെട്ടരായ ഇവന്റെ കുടുംബം മറ്റുള്ളവരില്‍നിന്ന് തോട്ടങ്ങള്‍ പാട്ടത്തിനെടുത്ത് റാഗിയും ചോളവും പച്ചക്കറിയുമെല്ലാം കൃഷി ചെയ്ത് നഷ്ടം സംഭവിച്ചപ്പോള്‍ മൃഗങ്ങളുടെ കാലുകളില്‍ ലാടം തറച്ചു കയറ്റുക, കത്തി പിക്കാസ് കോടാലി കമ്പിപ്പാര ഇത്യാദികള്‍ തയ്യാറാക്കുക, സൈക്കിള്‍ പങ്ചര്‍, ആക്രിക്കച്ചവടം എന്നിങ്ങനെ പല തൊഴിലുകള്‍ ചെയ്തുകൊണ്ട് ദാരിദ്ര്യത്തിന്റെ പടുകുഴിയിലേക്കാണ് വീണു.

സൈക്കിള്‍ സവാരിയെന്നാല്‍ ചെറുപ്പംതൊട്ടേ ഇവനു ഭ്രാന്താണ്. സൈക്കിളും ചവിട്ടി പലനാടുകള്‍ മുഴുവന്‍ കറങ്ങുക, പോയയിടങ്ങളിലെല്ലാം തോട്ടക്കാരനായും തൊഴുത്തുകാരനായും ജോലി ചെയ്യുക, അവിടെനിന്ന് സമ്പാദിച്ച പണവുമായി മറ്റൊരു നാട്ടിലേക്ക് പോവുക എന്നിങ്ങനെ ജീവിച്ചുവരികയായിരുന്നു അവന്‍. ഹിന്ദുക്കളുടെ വീട്ടില്‍പണിയെടുക്കുമ്പോള്‍ അവര്‍ക്കുവേണ്ടി ശങ്കര്‍ എന്ന പേര് സ്വീകരിച്ചത്രെ. മുസ്‌ലിംകളുടെ വീടാണെങ്കില്‍ അബ്ദുള്‍റസാഖ് എന്നും കൃസ്ത്യാനികളുടെതാണെങ്കില്‍ ജോസഫ് എന്നും വിവിധ പേരുകളില്‍ അവന്‍ ജീവിക്കുകയായിരുന്നു. 

പക്ഷേ, വിധിയുടെ വിളയാട്ടമെന്നത് എങ്ങനെയിരിക്കുമെന്ന് നോക്കൂ. ഒരിക്കല്‍ സൈക്കിളും ചവിട്ടി ധര്‍മ്മസ്ഥലയിലേക്ക് പോയി തിരിച്ചുവരുന്ന വഴി ബെല്‍ത്തങ്ങടി എന്ന സ്ഥലത്തെത്തിയപ്പോള്‍ നേരം ഇരുട്ടാന്‍ തുടങ്ങുകയും അവന്റെ സൈക്കിള്‍ പങ്ചറാവുകയും ചെയ്തു. അങ്ങനെ എന്തുചെയ്യണമെന്നറിയാതെ ഇരുട്ടത്തു നില്‍ക്കുമ്പോള്‍ കൈയ്യില്‍ കത്തിയുടെ തുമ്പിലൊരു ഉണങ്ങിയ തേങ്ങയുമായി ബ്യാരി മുസ്‌ലിമായ ഒരു മനുഷ്യന്‍ അതിലൂടെ നടന്നു വരികയായിരുന്നു.

ആരുടെയോ തോട്ടത്തില്‍നിന്നു വീണ് നദിയിലൂടെയൊഴുകി വന്ന ഒരു തേങ്ങയായിരുന്നു കത്തിയുടെ തുമ്പത്ത്. അടുത്തെത്തി അവന്റെ കാര്യങ്ങളും കഴിഞ്ഞുപോയ കഥകളുമന്വേഷിച്ചറിഞ്ഞ ആ മനുഷ്യന്‍ അവനെ തന്റെ വീട്ടിലേക്ക് വിളിച്ചുകൊണ്ടു പോയി തോട്ടപ്പണിക്ക് നിര്‍ത്തി. അവന്‍ കല്യാണവും കഴിച്ചിട്ടില്ലെന്നു മനസ്സിലാക്കിയ അയാള്‍ തന്റെ അനിയന്റെ ഭാര്യാസഹോദരിയുടെ അനാഥയായ മകളെ അവനു നിക്കാഹ് ചെയ്തും കൊടുത്തു.

കല്യാണത്തിനുശേഷം പാസ്‌പോര്‍ട്ടും എടുപ്പിച്ച് ദുബൈയിലൊരു നല്ല ജോലിയും സംഘടിപ്പിച്ച് വിമാനത്തില്‍ കയറ്റിവിടാമെന്ന മോഹവും നല്കി. എന്നാല്‍ നിക്കാഹ് കഴിഞ്ഞ് ഒന്നിനു പിറകെ ഒന്നായി മൂന്നൂ മക്കള്‍ പിറന്നെങ്കിലും ദുബൈയിലേക്ക് അയക്കുന്ന കാര്യം അയാള്‍ മറന്നേപോയത്രെ. കൈയെത്താത്ത ദുബൈയിലേക്കുള്ള വിമാനയാത്ര, വീട്ടില്‍ ഒന്നിനു പിറകെ ഒന്നായി പിറന്ന മക്കള്‍, കലി തുള്ളി കലഹിക്കുന്ന കെട്ടിയോള്‍. നിങ്ങള്‍ വാക്കുപറഞ്ഞപോലെ ദുബൈയിലേക്കു പോകാനുള്ള ഏര്‍പ്പാട് ചെയ്തില്ലെങ്കില്‍ ഈ കത്തിയെടുത്ത് കുത്തുമെന്ന് ആ മനുഷ്യനെ അവന്‍ ഭയപ്പെടുത്തുകതന്നെ ചെയ്തത്രെ. 

പേടിച്ചുപോയ ബ്യാരിയായ ആ മനുഷ്യന്‍ ഇവനെങ്ങനെയെങ്കിലും തുലഞ്ഞുപോകട്ടെയെന്ന് ഏതോ ദ്വീപുവാസികളുമായി ബന്ധപ്പെട്ട് അവന് ദ്വീപിലേക്ക് പോകാനുള്ള പെര്‍മിറ്റും സംഘടിപ്പിച്ചു കൊടുത്ത് "ആദ്യം നീ ദ്വീപിലേക്ക് പോ. അവിടുന്ന് ദുബായ് വളരെയടുത്താണ്. അവര്‍ നിന്നെയവിടുന്ന് മറ്റൊരു കപ്പലില്‍ ദുബായിലെത്തിക്കും' എന്നു കബളിപ്പിച്ചുവിട്ടു. അങ്ങനെ പറ്റിക്കപ്പെട്ടവനിപ്പോള്‍ അക്കരെ ദുബൈയുമില്ലാതെ ഇക്കരെ ബെല്‍ത്തങ്ങടിയുമില്ലാതെ തിപ്ത്തൂരിലേക്ക് പോകാനും സാധിക്കാതെ കഴിഞ്ഞ പത്തുവര്‍ഷമായി ഇവിടെയൊരു ദ്വീപില്‍ അനാഥപ്രേതംപോലെ സൈക്കിളുകള്‍ റിപ്പയര്‍ചെയ്തു ജീവിക്കുന്നു.

സമ്പാദിച്ചതെല്ലാം സ്വരുക്കൂട്ടി വര്‍ഷത്തിലൊരിക്കല്‍ ഭാര്യയുടെ അടുത്തുചെന്ന് കൈയ്യിലേല്‍പ്പിച്ച് മടങ്ങിപ്പോരും. അവള്‍ എത്രയും പെട്ടെന്ന് ഇവനെ അവിടെനിന്ന് തിരിച്ചയയ്ക്കും. സമുദ്രസഞ്ചാരം നടത്തുമ്പോഴുള്ള ശാരീരിക വിഷമതകളൊഴിച്ചാല്‍ ദ്വീപില്‍ ഇവന്‍ യാതൊരുവിധ തലച്ചൂടുമില്ലാതെ സന്തോഷത്തോടെതന്നെ കഴിയുന്നു. വിഷമം തോന്നുമ്പോള്‍ കെട്ടിയോളുടെ പഴയ ദുപ്പട്ടയും മൂടിപ്പുതച്ചുകൊണ്ട് മണിക്കൂറുകളോളം കിടന്നുറങ്ങും! 

ഇത് തിപ്ത്തൂരിലെ അബ്ദുള്‍ റസാഖിന്റെ കഥ. ഈ കപ്പലിലുള്ള ഓരോര്‍ത്തര്‍ക്കും ഓരോരോ കഥകള്‍. ഇതിനേക്കാളും മോശമൊന്നുമല്ല എന്റെ കഥ. ഒരുതരത്തില്‍ രസവുമാണ്. പിഞ്ഞാണപ്പാത്രത്തിന്റെ ഉടയവനായ മൊല്ലാക്കയുടെയും ആടിനെയറുത്ത് മാംസം വില്‍ക്കുന്ന പാട്ടുകാരനായ വൃദ്ധന്റെയും കഥ ഇങ്ങനെതന്നെയാണ്.

മനുഷ്യരുടെ വേരുകള്‍ അന്വേഷിച്ചുപോകുന്നത് പൊടുന്നനെ എന്നില്‍ മടുപ്പുളവാക്കുന്നു. വേരുകളന്വേഷിക്കുന്ന രോഗവും തോളിലേറ്റി നടക്കുന്ന ഭൂമിയിലെ മനുഷ്യരുടെ ഭാവിയെക്കുറിച്ച് വളരെ ആസക്തികളും ബാക്കികിടപ്പില്ല. കടലിനുള്ളിലെ മത്സ്യങ്ങളുടെ ചരിത്രം, നാഗരികത, അവയുടെ മനസ്സ്, മാനസിക പിരിമുറുക്കം എന്നിവയെക്കുറിച്ചെല്ലാം ആഴത്തില്‍ അറിയാന്‍മാത്രം ആയുസ്സും ഇനി ബാക്കിയില്ല. വളരെ ചെറിയ വയസ്സില്‍തന്നെ ഈയ്യിടെ  ഇഹലോകം വെടിഞ്ഞ എന്റെ ആത്മഗുരുവിനെ ഞാനിപ്പോളോര്‍ക്കുന്നു. മനസ്സില്‍ത്തന്നെ അവളുടെ പാദങ്ങളെ നമസ്‌കരിച്ചുകൊണ്ട് ഞാനെന്റെയീ രചനയ്ക്ക് ഇവിടെ പരിസമാപ്തി കുറിക്കുകയാണ്. എന്നാല്‍ മറ്റെപ്പോഴെങ്കിലും കൂടുതലെഴുതാം. സലാം. 

*ജാഗീര്‍- മുഗള്‍രാജവാഴ്ച കാലംതൊട്ട് കരമൊഴിവാക്കി പതിച്ചു കൊടുക്കപ്പെടുന്ന വസ്തു. 

മൊഴിമാറ്റം: എ .കെ. റിയാസ് മുഹമ്മദ്

(അവസാനിച്ചു)


മറ്റുഭാഗങ്ങള്‍

  • Tags
  • #lakshadweep diary
  • #Abdul Rasheed
  • #Kavaratti
  • #Travelogue
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.

Santhosh Gangadharan

5 Oct 2020, 02:54 PM

പിഞ്ഞാണത്തിന്റെ പുറകെയാണ് പോയതെങ്കിലും പലതരം മനുഷ്യരെ പരിചയപ്പെടുത്തി ഒത്തിരി കഥകൾ പറഞ്ഞ് തന്നതിന് നന്ദി സന്തോഷം. വിവർത്തനം ബഹുകേമം എന്തെന്നാൽ തർജ്ജമയാണെന്ന് തോന്നുകയേയില്ല.

Lakshmi

4 Oct 2020, 03:59 PM

Nice

theatre

GRAFFITI

സെബിൻ എ ജേക്കബ്

യാത്രകളിലും തീയേറ്ററിലും വേണ്ടത് അലോസരമല്ല, ഔചിത്യം

Nov 14, 2022

3 Minute Read

jaleel cov

Travelogue

ഡോ: കെ.ടി. ജലീല്‍

കാലിഫോര്‍ണിയ; മുതലാളിത്തത്തിനകത്തെ സോഷ്യലിസ്റ്റ് പൊതുബോധം

Dec 28, 2021

11 Minutes Read

Anuradha Sarang 2

Travel

അനുരാധ സാരംഗ്

അതിര്‍ത്തിയില്‍വച്ച് ഗാന്ധി ദാദയും ചോദിച്ചു, എന്റെ മതം

Sep 24, 2021

12 Minutes Read

Tanoora Sweta Menon

Interview

മനില സി. മോഹൻ

തനുവിന്റെ ലോകസഞ്ചാരങ്ങള്‍, പ്രണയങ്ങള്‍ | BEND IS NOT THE END - 3

Jul 16, 2021

45 Minutes Watch

Lakshadweep 2

Lakshadweep Crisis

കെ. ബാഹിർ / മുഹമ്മദ് ഫാസില്‍

ലക്ഷദ്വീപിൽ വാർത്താപോർട്ടലിനും വിലക്ക്​

May 26, 2021

3 minutes read

lakshadweep

Lakshadweep Crisis

പി. പ്രേമചന്ദ്രന്‍

ലക്ഷദ്വീപിലെ ഒരാള്‍ക്കും ഇക്കൊല്ലം പെരുന്നാളിന് കോഴിയിറച്ചി കിട്ടിയില്ല

May 25, 2021

5 Minutes Read

lakshadweep

Life Sketch

വി. മുസഫര്‍ അഹമ്മദ്‌

ലക്ഷദ്വീപ്​: വംശഹത്യക്കു സമാനം, ഈ സാംസ്​കാരിക ഭീകരത

May 25, 2021

4 Minutes Read

Venu  2

Podcasts

വേണു

റെഡ് കോറിഡോറിലൂടെ ഒറ്റയ്ക്ക് ഒരുനീണ്ട യാത്ര

Apr 24, 2021

60 Minutes Listening

Next Article

റഹുൽ ഹസന്റെ ശുചിത്വ ഭാരത ജീവിതം

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster