ഫ്രാങ്കോയെ വെറുതെവിട്ടു:
ലജ്ജാകരം, അപമാനകരം
ഫ്രാങ്കോയെ വെറുതെവിട്ടു: ലജ്ജാകരം, അപമാനകരം
ഇന്ത്യയിലെ നിയമസംവിധാനത്തിനുകീഴില്‍ ഇങ്ങനെ ജീവിക്കേണ്ടിവരുന്നത് ലജ്ജാകരവും അപമാനകരവുമായ ഒരു അനുഭവമായി എനിക്കിപ്പോള്‍ തോന്നുന്നു.
14 Jan 2022, 12:13 PM
ഈ കോടതി വിധി എന്നെ അമ്പരപ്പിച്ചിരിക്കുന്നു.
ഇന്ത്യയിലെ നിയമസംവിധാനത്തിനുകീഴില്‍ ഇങ്ങനെ ജീവിക്കേണ്ടിവരുന്നത് ലജ്ജാകരവും അപമാനകരവുമായ ഒരു അനുഭവമായി എനിക്കിപ്പോള്‍ തോന്നുന്നു.
ബഹുമാനപ്പെട്ട ഇന്ത്യന്‍ കോടതികള്‍ സ്ത്രീജീവിതത്തെ ഏറ്റവും ശക്തമായി മാറ്റിമറിച്ചിട്ടുള്ള പുരോഗമനപരമായ പല വിധികളും കൊണ്ടുവന്നിട്ടുള്ളതാണ്. അതേസമയം, സ്ത്രീപീഡനക്കേസുകളെ സംബന്ധിച്ച്, അത് രാഷ്ട്രീയ നേതാക്കളും മതനേതാക്കളും ഉള്‍പ്പെട്ടതാകുമ്പോള്‍ കോടതികള്‍ എടുക്കുന്ന നിലപാട് മിക്കവാറും സംശയാസ്പദമായി തീരാറുണ്ട്. നീതി നിഷേധിക്കപ്പെടുക, വൈകി നീതി ലഭിക്കുക, സ്ത്രീവിരുദ്ധമായ വിധിപ്രസ്താവങ്ങളുണ്ടാകുക ഇതൊക്കെ നമ്മുടെ അനുഭവങ്ങളാണ്.
കന്യാസ്ത്രീകളുടെ സമരം കേരളത്തിന്റെ മാത്രമല്ല, ലോകത്തിന്റെ തന്നെ ശ്രദ്ധയാകര്‍ഷിച്ച സമരമായിരുന്നു. അതിലെ സത്യസന്ധതയെക്കുറിച്ച് ഒരുപക്ഷേ, ശത്രുക്കള്‍ക്കുപോലും സംശയമുണ്ടാകില്ല. പക്ഷേ, ബഹുമാനപ്പെട്ട കോടതിക്ക് ആവശ്യം തെളിവുകളാണ്. ഇതേ കോടതികള്‍ തന്നെ ലൈംഗികപീഡനക്കേസുകളില്‍ സ്ത്രീകളുടെ മൊഴി മുഖവിലക്കെടുക്കണം എന്ന് പറഞ്ഞിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ കന്യാസ്ത്രീകളുടെ മൊഴി മുഖവിലക്കെടുത്തില്ല എ ന്നുവേണം കരുതാന്‍.

യേശുക്രിസ്തു കുറ്റവാളിയാണെന്നുവിധിച്ച പുരോഹിതന്മാരും ഭരണാധികാരികളും അന്നും ഉണ്ടായിരുന്നു. അന്നത്തെ ജനങ്ങളും ആരെ വേണം എന്ന ചോദ്യത്തിന് നീതിമാനായ ക്രിസ്തുവിനെ വേണ്ട, ബറാബ്ബാസ് എന്ന കള്ളനെ മതി എന്നു പറഞ്ഞവരാണ്. ‘അവനെ ക്രൂശിക്ക’ എന്ന് ആര്‍ത്ത് അട്ടഹസിച്ചവരാണ്. നീതിയുടെ ബലിപീഠത്തില്‍ ഇരകള്‍ വീണ്ടും വീണ്ടും ആക്രമിക്കപ്പെടുന്ന കാഴ്ച വളരെ ദുഃഖകരമായതാണ്. ഫ്രാങ്കോ കുറ്റം ചെയ്തിട്ടില്ല എന്ന് അള്‍ത്താരയുടെ മുന്നില്‍നിന്ന് നെഞ്ചില്‍ കൈവെച്ച് പറയാന്‍ സാധിക്കില്ല. തീര്‍ച്ചയായും, അയാള്‍ വിശ്വസിക്കുന്ന ദൈവത്തിന്റെ മുന്നില്‍ അയാള്‍ക്കുള്ള ശിക്ഷ കാത്തിരിപ്പുണ്ട് എന്നുതന്നെയാണ് സ്ത്രീകളുടെ ഭാഗത്തുനിന്നുകൊണ്ട് ഞങ്ങള്‍ ചിന്തിക്കുന്നത്.
ബഹുമാനപ്പെട്ട കോടതികള്‍ കുറെക്കൂടി കരുതലോടുകൂടി വേണം ലൈംഗികാക്രമണക്കേസുകളെ അപഗ്രഥിക്കാന്‍ എന്ന ഒരപേക്ഷ ഞങ്ങള്‍ക്കുണ്ട്. കാരണം, വളരെ യാന്ത്രികമായി, മുന്നില്‍ വരുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍, വിധി പ്രസ്താവിച്ചാല്‍ ചുറ്റും നടക്കുന്നത് എന്ത് എന്നതിനെപ്പറ്റി കോടതികള്‍ അജ്ഞരായിപ്പോകും എന്നാണ് ഞങ്ങള്‍ക്ക് പറയാനുള്ളത്. കാരണം, തെളിവുകള്‍ നശിപ്പിക്കുക, തെളിവുകള്‍ ഇല്ലാതെയാക്കുക, പരമാധികാരം ഉപയോഗിക്കുക, മതം ഒരു വോട്ടുബാങ്കാക്കി ഉയര്‍ത്തിക്കാട്ടി വിലപേശുക തുടങ്ങിയ കൃത്യങ്ങള്‍ നടക്കുന്നതിനിടെ, ഇരയാക്കപ്പെട്ട ഒരു സ്ത്രീയാണ്- അവര്‍ ഒരു കന്യാസ്ത്രീയോ, ദുര്‍ബലയായ സ്ത്രീയോ, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോ ആരോ ആകട്ടെ- ചവുട്ടിയരക്കപ്പെടുന്നത്.
കോടതിയുടെ നീതിബോധത്തിനുമുന്നില്‍ എന്നും ഒരു ചോദ്യചിഹ്‌നമായി കന്യാസ്ത്രീകളുടെ സമരം ഉയര്‍ന്നുനില്‍ക്കും.
Truecopy Webzine
Jul 09, 2022
4 Minutes Read
ഷഫീഖ് താമരശ്ശേരി
Jun 15, 2022
37 Minutes Watch
ശ്യാം ദേവരാജ്
May 26, 2022
12 Minutes Read
പ്രമോദ് പുഴങ്കര
May 24, 2022
9 Minutes Read
കെ.വി. ദിവ്യശ്രീ
May 05, 2022
14 Minutes Read