തെരഞ്ഞെടുപ്പുഫലത്തോട്
ഏറ്റവും അടുത്ത്
ട്രൂ കോപ്പി സര്‍വേ
തെരഞ്ഞെടുപ്പുഫലത്തോട് ഏറ്റവും അടുത്ത് ട്രൂ കോപ്പി സര്‍വേ
എല്‍.ഡി.എഫിന് 85- 95 സീറ്റും യു.ഡി.എഫിന് 45-55 സീറ്റുമായിരുന്നു ട്രൂ കോപ്പി സര്‍വേയിലെ കണ്ടെത്തല്‍. ഫലം വന്നപ്പോള്‍, എല്‍.ഡി.എഫിന് 99 സീറ്റും യു.ഡി.എഫിന് 41 സീറ്റും. എന്‍.ഡി.എക്ക് 0- 2 സീറ്റായിരുന്നു സര്‍വേ പ്രവചിച്ചത്. പൂജ്യവുമായി എന്‍.ഡി.എ സര്‍വേയോട് ‘നീതി' പുലര്‍ത്തി.
3 May 2021, 05:17 PM
കേരളത്തില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ട്രൂ കോപ്പി നടത്തിയ പ്രീ പോള്‍ സര്‍വേ, തെരഞ്ഞെടുപ്പുഫലവുമായി ഏറ്റവും അടുത്തുനില്‍ക്കുന്നത്.
എല്‍.ഡി.എഫിന് 85- 95 സീറ്റും യു.ഡി.എഫിന് 45-55 സീറ്റുമായിരുന്നു സര്‍വേയിലെ കണ്ടെത്തല്‍. ഫലം വന്നപ്പോള്‍, എല്‍.ഡി.എഫിന് 99 സീറ്റും യു.ഡി.എഫിന് 41 സീറ്റും. എന്‍.ഡി.എക്ക് 0- 2 സീറ്റായിരുന്നു സര്‍വേ പ്രവചിച്ചത്. പൂജ്യവുമായി എന്‍.ഡി.എ സര്‍വേയോട് ‘നീതി' പുലര്‍ത്തി.
എല്‍.ഡി.എഫ് 44.2 ശതമാനവും യു.ഡി.എഫ് 38.2 ശതമാനവും എന്‍.ഡി.എ 15.4 ശതമാനവും വോട്ട് നേടുമെന്നായിരുന്നു സര്‍വേ. ശതമാനക്കണക്കിൽ സർവേയുടെ കണ്ടെത്തൽ കൃത്യമായി. എൽ.ഡി.എഫിന് 45.33, യു.ഡി.എഫിന് 39.37, എൻ.ഡി.എക്ക് 12.47 ശതമാനം വോട്ടുവീതമാണ് ലഭിച്ചത്. മറ്റുള്ളവർക്ക് 2.2 ശതമാനം ലഭിക്കുമെന്നായിരുന്നു സർവേ, ഫലം വന്നപ്പോൾ ലഭിച്ചത് 2.83 ശതമാനം.
മണ്ഡലങ്ങളിലെ ജയപരാജയങ്ങളല്ല, വോട്ടിംഗിലെ സ്വാധീനിക്കുന്ന വിഷയങ്ങളില്‍ ഊന്നിയായിരുന്നു ട്രൂ കോപ്പി സര്‍വേ. ഈ കണ്ടെത്തലുകള്‍ പൂര്‍ണമായി ശരിവെക്കുന്നതാണ് തെരഞ്ഞെടുപ്പുഫലം. രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തിലാണ് 63.2 ശതമാനം പേരും വോട്ടുചെയ്യുക എന്നത് സര്‍വേയുടെ ശ്രദ്ധേയമായ ഒരു കണ്ടെത്തലായിരുന്നു. എല്‍.ഡി.എഫിന്റെ ജയം സൂചിപ്പിക്കുന്നതും അതാണ്, പ്രത്യേകിച്ച് ബി.ജെ.പിയുടെ തകര്‍ച്ച. മത- സാമുദായിക പരിഗണനകള്‍ക്കുപരിയായതും വര്‍ഗീയതക്കെതിരായതുമായ ഒരു വിധിയെഴുത്തായിരുന്ന ഈ ഫലം. ജാതി- മത പരിഗണനകള്‍ ഏത് മുന്നണിയെ സഹായിക്കും എന്ന ഒരു ചോദ്യം സര്‍വേയിലുണ്ടായിരുന്നു. അതില്‍, ഏറ്റവും കുറവ് ശതമാനം എല്‍.ഡി.എഫിനായിരുന്നു; 24.3. അതായത്, ഈ പരിഗണന ഏറ്റവും കൂടുതല്‍ ലഭിക്കുമെന്ന് (39.8 ശതമാനം) സര്‍വേ പ്രവചിച്ച യു.ഡി.എഫ് വന്‍ തോല്‍വി ഏറ്റുവാങ്ങിയതില്‍നിന്ന്, വോട്ടിംഗില്‍ മത- സാമുദായിക പരിഗണന എന്ന ഘടകം കാര്യമായ സ്വാധീനം ചെലുത്തിയിട്ടില്ല എന്ന് തെളിയുന്നു.
റേഷന്‍ കിറ്റ് അടക്കമുള്ള ക്ഷേമ പ്രവര്‍ത്തനങ്ങളായിരിക്കും 62.9 ശതമാനം വോട്ടര്‍മാരെയും സ്വാധീനിക്കുക എന്ന സര്‍വേയില്‍ പറഞ്ഞിരുന്നു. ഈ കണ്ടെത്തല്‍ ശരിവെക്കുന്നതാണ് തെരഞ്ഞെടുപ്പുഫല വിശകലനങ്ങള്‍. മാത്രമല്ല, ശബരിമല വിഷയം, പിന്‍വാതില്‍ നിയമന വിവാദം, ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വിവാദം, പൊലീസ് നയം തുടങ്ങിയവ വോട്ടിംഗിനെ ബാധിക്കില്ലെന്നായിരുന്നു സര്‍വേയില്‍ വ്യക്തമായത്. ഈ നിരീക്ഷണങ്ങള്‍ കൃത്യമാണെന്ന് ഫലം തെളിയിക്കുന്നു. തീരദേശ മേഖലയിലെ മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് നേടിയ വന്‍ ജയം, ആഴക്കടല്‍ മത്സ്യബന്ധന കരാര്‍ വിവാദം, തെരഞ്ഞെടുപ്പിനെ ഒട്ടും സ്വാധീനിച്ചിട്ടില്ലെന്ന് വ്യക്തമാക്കുന്നു. ഈ വിഷയത്തില്‍ ആരോപണ വിധേയയായ ജെ. മേഴ്‌സിക്കുട്ടിയമ്മയുടെ കുണ്ടറയിലെ പരാജയം മറ്റു നിരവധി കാരണങ്ങളെ തുടര്‍ന്നാണെന്ന് ഇപ്പോള്‍ വ്യക്തമായിക്കഴിഞ്ഞു.
അതുപോലെ, ശബരിമല, ഒരു സജീവ വിഷയമാക്കാന്‍ ബി.ജെ.പിയേക്കാള്‍ ആഞ്ഞുപിടിച്ച് ശ്രമിച്ചത് യു.ഡി.എഫാണ്. ജനാധിപത്യ വിരുദ്ധമായ ഒരു നിയമനിര്‍മാണം പോലും യു.ഡി.എഫ് പ്രകടനപത്രികയിലുള്‍പ്പെടുത്തി. ബി.ജെ.പിയാകട്ടെ, പ്രചാരണത്തിന്റെ ഓരോ ഘട്ടത്തിലും ശബരിമല ഊതിക്കത്തിക്കാന്‍ ആവതു ശ്രമിച്ചു. എന്നാല്‍, സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രന്റെ ഇരട്ടത്തോല്‍വിയും പാര്‍ട്ടിയുടെ സംപൂജ്യാവസ്ഥയും യു.ഡി.എഫിന്റെ ദയനീയ തോല്‍വിയുമെല്ലാം കാണിക്കുന്നത്, ശബരിമലയുടെ പേരിലുള്ള മുതലെടുപ്പ് വിലപ്പോയില്ല എന്നാണ്.
വികസനപ്രവര്‍ത്തനങ്ങള്‍ ഏത് മുന്നണിയെ സഹായിക്കും എന്ന സര്‍വേയിലെ ചോദ്യത്തിന് സ്വഭാവികമായും, 62.7 ശതമാനം പേരും എല്‍.ഡി.എഫിനെ പിന്തുണക്കും എന്ന ഉത്തരമാണ് നല്‍കിയത്. ഈ ഉത്തരം കൃത്യമാണെന്ന് തെരഞ്ഞെടുപ്പുഫലം തെളിയിച്ചു.
എല്‍.ഡി.എഫ് നേടിയ വിജയത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നത്, മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രകടനമാണ്. സര്‍വേയില്‍ 52.4 ശതമാനം പേരും മുഖ്യമന്ത്രിയുടെ പ്രകടനം വളരെ മികച്ചത് എന്നാണ് രേഖപ്പെടുത്തിയത്. സര്‍ക്കാറിന്റെ പ്രകടനം വളരെ മികച്ചത് എന്ന് 40.8 ശതമാനവും പറഞ്ഞു.
പ്രളയകാലത്തെയും കോവിഡ്- നിപ കാലത്തെയും സര്‍ക്കാര്‍ ഇടപെടലുകള്‍ വളരെ മികച്ചതായിരുന്നു എന്ന സര്‍വേയുടെ കണ്ടെത്തല്‍, തെരഞ്ഞെടുപ്പുഫലവുമായി ഒത്തുപോകുന്നു. കാരണം, ഇടതുപക്ഷത്തിന് ഒരു വന്‍ വിജയം നേടിക്കൊടുത്ത ഏറ്റവും പ്രധാന ഘടകങ്ങളാണിവ.
2021 മാര്‍ച്ച് 22 മുതല്‍ 29 വരെയുള്ള ദിവസങ്ങളിലാണ് 'തിങ്കി'ന്റെ പ്രതിനിധികള്‍ സര്‍വേ നടത്തിയത്. സ്ട്രാറ്റിഫൈഡ് സിസ്റ്റമാറ്റിക്ക് റാന്‍ഡം സാംപ്ളിങ്ങ് എന്ന ശാസ്ത്രീയ രീതിയാണ് സര്‍വേയ്ക്ക് സ്വീകരിച്ചത്.
ഇതിനായി കേരളത്തിലെ പതിനാല് ജില്ലകളെ നാല് റീജിയനുകളായി തിരിച്ചു. ഒപ്പം മണ്ഡലങ്ങളെ സുനിശ്ചിത മണ്ഡലങ്ങള്‍, അനിശ്ചിത മണ്ഡലങ്ങള്‍ എന്നിങ്ങനെയും തരംതിരിച്ചു. തുടര്‍ച്ചയായ നാല് നിയമസഭാ തെരഞ്ഞെടുപ്പുകില്‍ ഒരേ മുന്നണിയെ മാത്രം വിജയിപ്പിച്ച മണ്ഡലങ്ങളാണ് സുനിശ്ചിത മണ്ഡലങ്ങളായി കണക്കാക്കിയത്. ഓരോ തെരഞ്ഞെടുപ്പിലും വ്യത്യസ്ത മുന്നണികളെ വിജയിപ്പിക്കുന്ന രാഷ്ട്രീയ സ്വഭാവമുള്ള മണ്ഡലങ്ങളാണ് അനിശ്ചിത മണ്ഡലങ്ങള്‍. ഓരോ മണ്ഡലത്തിലും നാല് വീതം പഞ്ചായത്തുകളെയും നഗരസഭകളെയും തെരഞ്ഞെടുത്തു. ഓരോ പഞ്ചായത്ത്/ നഗരസഭ കളില്‍ നാലുവീതം വാര്‍ഡുകള്‍ സര്‍വ്വേയില്‍ ഉള്‍പ്പെടുത്തി. ഒരോ വാര്‍ഡിലും വോട്ടര്‍മാരെ വീടുകളില്‍ കണ്ട് സംസാരിച്ചാണ് പ്രതികരണം തേടിയത്.






























Think
Mar 14, 2022
1 Minute Read
Truecopy Webzine
Jun 22, 2021
2 minutes read
Truecopy Webzine
May 10, 2021
2 Minutes Read
Think
May 05, 2021
32 Minutes Watch
കെ.എം. സീതി
May 05, 2021
14 Minutes Read