23-ാം വയസ്സിൽ ഞാൻ വീണ്ടും ജനിച്ചു, പറന്നുയർന്നു...

‘‘എന്റെ ജീവിതത്തെ ഞാൻ നോക്കിക്കണ്ടിരുന്ന രീതികളിൽ ഈ വർഷം ഒരുപാട് മാറ്റം വന്നു. 23-ാമത്തെ വയസ്സിൽ ഞാൻ വീണ്ടും ജനിച്ചു. അതായത് എന്റെ മനസ്സിനെ എന്റെ ശരീരത്തിൽ പ്രതിഫലിപ്പിക്കാൻ കഴിഞ്ഞ, ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജന്റർ അഫർമേറ്റീവ് സർജറി നടന്നു’’- ജീവിതത്തിൽനിന്ന് ഒരു വർഷം കൂടി അടർന്നുപോകുമ്പോൾ, അത് ജീവിതത്തിൽ പലതും ബാക്കിയാക്കും. 2022 അവശേഷിപ്പിച്ചുപോയ അത്തരം അനുഭവങ്ങൾ വീണ്ടെടുക്കപ്പെടുകയാണിവിടെ. പലതരം ജീവിതങ്ങളുടെ വക്കിൽനിന്ന് കീറിയെടുത്ത, ചോരപ്പാടുള്ള ഏടുകൾ. ആദം ഹാരി എഴുതുന്നു.

ഏ​റെ പ്രതീക്ഷകളോടെ ആരംഭിച്ച വർഷമായിരുന്നു 2022. ഒരു പഴയ സ്വപ്നത്തിന് 2022 ലെങ്കിലും ചിറകുമുളപ്പിക്കണം, പറക്കണം, എന്നൊക്കെ ആഗ്രഹിച്ച സമയം. നഷ്ടപ്പെട്ട വർഷങ്ങൾ തിരിച്ചുപിടിക്കണമെന്ന് കരുതി പൊരുതാൻ തീരുമാനിച്ച കാലം. തടസങ്ങളും പ്രതിസന്ധികളും മുന്നോട്ടുള്ള വഴിയിലുടനീളമുണ്ടായിരുന്നെങ്കിലും വീഴ്ചകളിൽ നിന്ന്​ പാഠങ്ങൾ പഠിച്ച് വീണ്ടും എഴുന്നേറ്റു നടന്നു അല്ല, വീണ്ടും പറന്നു.

നാലുവർഷത്തെ ഇടവേളക്കുശേഷം സൗത്താഫ്രിക്കയിലേക്ക് എന്റെ പൈലറ്റ് ലൈസൻസ് പുതുക്കാൻ 2021 -ൽ അവസരം ലഭിച്ചിരുന്നു. ഈ വർഷം സണ്ണി വെയിനൊപ്പം ‘ബൈനറി എറർ’ ( Binary Error) എന്ന ഷോർട്ട്​ ഫിലിമിൽ നല്ലൊരു കഥാപാത്രം ചെയ്യാനും സാധിച്ചു. എന്റെ ജീവിതത്തെ ഞാൻ നോക്കിക്കണ്ടിരുന്ന രീതികളിൽ ഈ വർഷം ഒരുപാട് മാറ്റം വന്നു. 23-ാമത്തെ വയസ്സിൽ ഞാൻ വീണ്ടും ജനിച്ചു. അതായത് എന്റെ മനസ്സിനെ എന്റെ ശരീരത്തിൽ പ്രതിഫലിപ്പിക്കാൻ കഴിഞ്ഞ, ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജന്റർ അഫർമേറ്റീവ് സർജറി നടന്നു. നേരത്തെ എനിക്ക് നിഷേധിച്ച എന്റെ അവകാശമായ സർജറി നടത്താൻ അനുമതി ലഭിച്ചശേഷം സൗത്ത് ആഫ്രിക്കയിൽ നിന്ന്​ ഞാൻ നാട്ടിലെത്തി ഉടനെ സർജറി നടത്തി.

ആദം ഹാരി

ഒരുപാടുനാൾ നെഞ്ചിൽ വലിച്ചുമുറുക്കിയ ബൈൻഡറിന്റെ വീർപ്പുമുട്ടലിൽ നിന്ന്​ മോചനം ലഭിച്ചു, സമാധാനത്തോടെ ശ്വസിക്കാനും സന്തോഷത്തോടെ കണ്ണാടിയിൽ നോക്കാനും തുടങ്ങി. സൗത്താഫ്രിക്കൻ സിവിൽ ഏവിയേഷൻ എനിക്ക് അഞ്ചു വർഷത്തേക്കുള്ള മെഡിക്കൽ അംഗീകാരം പുതുക്കി നൽകിയെങ്കിലും ഇന്ത്യയിലെ എവിയേഷൻ മേഖലയിൽ ഒരു മാറ്റവും ഉണ്ടായില്ല. എന്തുകൊണ്ട് ഇന്ത്യയിൽ മാത്രം മാറ്റം വന്നുകൂടാ? ട്രാൻസ്​ജെൻറർ മനുഷ്യരുടെ മുന്നേറ്റത്തിന് പോളിസികളും നിയമങ്ങളും സാധ്യതകളുമുള്ള ഈ സാഹചര്യത്തിലും, ട്രാൻസ്ജെൻഡർ വ്യക്തികൾ സാമൂഹിക അവഹേളനവും വിവേചനവും, മറ്റു പല വെല്ലുവിളികളും തൊഴിൽ, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ അഭിമുഖീകരിക്കേണ്ടിവരുന്നു.

ഇതിനെല്ലാം മാറ്റം വരുത്തേണ്ട സമയം അതിക്രമിച്ചു. അതുകൊണ്ടുതന്നെ ഇത്തരം സാഹചര്യങ്ങൾക്കെതിരെ ശക്തമായി പ്രതികരിക്കാൻ കേരള ഹൈക്കോടതിയിൽ പെറ്റീഷൻ സമർപ്പിക്കാൻ തീരുമാനിച്ചു. ഇതിനിടയിൽ തന്നെയാണ് ഇന്ത്യയിലെ പ്രമുഖ എയർലൈൻ കമ്പനിയിൽ നിന്ന്​ എനിക്കൊരു ജോലി വാഗ്ദാനം ലഭിക്കുകയും പഠനം പൂർത്തിയാക്കാത്തതിനാൽ ആ അവസരം ഉപയോഗപ്പെടുത്താൻ സാധിക്കാതെയും വന്നത്.

2016ൽ ആരംഭിച്ച പഠനം എവിടെയുമെത്താത്തതിന്റെ ദേഷ്യവും വിഷമവും തളർത്തിയില്ല. പകരം എന്തുവന്നാലും മുന്നോട്ട് പോകാനുള്ള ധൈര്യം സംഭരിച്ച് ഡി.ജി.സി.എക്കെതിരായ കേന്ദ്ര സാമൂഹ്യ നീതി വകുപ്പ് വഴി പരാതി അറിയിച്ചു. ഇത് പിന്നീട്, മാധ്യമങ്ങളിൽ വലിയ വാർത്തയായി മാറുകയും ഒരുപാട് രാഷ്ട്രീയക്കാർ ചർച്ചയാക്കുകയും ചെയ്തു. പാർലമെന്റിലും ഈ വിഷയം ചർച്ച ചെയ്യപ്പെട്ടു. ഒടുവിൽ പെറ്റീഷൻ നൽകാതെ തന്നെ ഡി.ജി.സി.എ ഇന്ത്യയിൽ ആദ്യമായി ട്രാൻസ്ജെന്റർ പൈലറ്റുമാർക്കായി മാർഗനിർദ്ദേശം ഇറക്കി.

എന്നാൽ ഇത്രയേറെ മാറ്റം കൊണ്ടുവന്നിട്ടും സൗത്താഫ്രിക്കയിൽ പഠനം തുടരുവാനുള്ള എന്റെ സ്‌കോളർഷിപ്പ് ഇനിയും അനുമതി ലഭിക്കാതെ സർക്കാർ ഫയലുകൾക്കുള്ളിൽ തുടരുകയാണ്. പ്രതീക്ഷ കൈവിടുന്നില്ല, ഈ വർഷം അവസാനിക്കുമ്പോൾ. പുതിയൊരു വാതിൽ എനിക്കുമുൻപിൽ തുറക്കുമെന്നുതന്നെ ഞാൻ വിശ്വസിക്കുന്നുണ്ട്.

Comments