കർഷകർ വിതയ്ക്കും
സർക്കാർ വളമിടും
അദാനി കൊയ്യും
കർഷകർ വിതയ്ക്കും സർക്കാർ വളമിടും അദാനി കൊയ്യും
തദ്ദേശവാസികള്‍ക്ക് തൊഴില്‍ നല്‍കാനുള്ള പദ്ധതിയെന്ന വ്യാജേന വിവിധ സംസ്ഥാനങ്ങളില്‍ പൊതുഭൂമി ചുളുവിലയ്ക്ക് അനായാസം നേടിയെടുക്കാന്‍ അദാനിക്ക് സാധിച്ചു. ഒരൊറ്റ ഉദാഹരണം മാത്രം നോക്കുക. ഹരിയാനയിലെ പാനിപ്പത്ത് ജില്ലയില്‍ ഇസ്രാനാ താലൂക്കില്‍ 90015 ചതുരശ്ര മീറ്റര്‍ ഭൂമി (ഏകദേശം 23 ഏക്കര്‍) അദാനിയുടെ ഭക്ഷ്യസംഭരണ കേന്ദ്ര നിര്‍മ്മാണത്തിനായ് സര്‍ക്കാര്‍ അനുവദിച്ചു. ഇതിന് കണ്‍വേര്‍ഷന്‍ ചാര്‍ജ്ജ് എന്ന നിലയില്‍ അദാനിയില്‍ നിന്നും വാങ്ങിയത് കേവലം 27,00,469 രൂപയായിരുന്നു. ‘ഒരു മോദി- അദാനി ചങ്ങാത്തക്കഥ’ പരമ്പര തുടരുന്നു
6 Oct 2022, 10:20 AM
പഞ്ചാബ്, ഹരിയാന, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ കാര്‍ഷിക മേഖലയില്‍ വന്‍തോതിലുള്ള പശ്ചാത്തല സൗകര്യ നിര്‍മ്മാണം അദാനി ആഗ്രോ ലോജിസ്റ്റിക്സിന്റെയും അദാനി - വില്‍മാറിന്റെയും ഉടമസ്ഥതയില്‍ നടന്നുവരുന്നുണ്ട്. ഹരിയാനയില്‍ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യക്കുവേണ്ടി ആധുനിക സംഭരണ കേന്ദ്രങ്ങള്‍ (Silos) നിര്‍മിക്കുവാനുള്ള കരാര്‍ നേടിയെടുക്കാനും അതിന് ഭൂവിനിയോഗ നിയമം മറികടന്ന് അനുമതി നേടിയെടുക്കാനും അദാനിക്ക് സാധിച്ചു. ഇരുപതു വര്‍ഷത്തേക്കുള്ള കരാറാണ് അദാനി ഗ്രൂപ്പ് എഫ്‌സിഐയുമായി ഉണ്ടാക്കിയിരിക്കുന്നത്. 700 കോടി രൂപ മുടക്കി നിര്‍മിച്ച ഈ സംഭരണ കേന്ദ്രം പോലുള്ള, കൂടുതല്‍ സിലോസുകള്‍ രാജ്യത്തിലെ വിവിധ സംസ്ഥാനങ്ങളില്‍ നിര്‍മ്മിക്കുന്നതിനും അദാനി ഗ്രൂപ്പ് ഉദ്ദേശിക്കുന്നുണ്ട്. എഫ്‌സിഐ പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) അടിസ്ഥാനത്തിൽ നിര്‍മ്മിക്കുന്ന സൈലോകള്‍ ഇന്ത്യയുടെ ഭക്ഷ്യ ധാന്യ സംഭരണ മേഖലയില്‍ കൂടുതല്‍ സ്വകാര്യ നിക്ഷേപം ഉദ്ദേശിച്ചുതന്നെ നടപ്പിലാക്കിയ ഒന്നാണ്. 2.975 ദശലക്ഷം മെട്രിക് ടണ്‍ ശേഷിയുള്ള സിലോസുകള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിര്‍മ്മിക്കാനും, അതില്‍ മൊത്തം സംഭരണ ശേഷിയുടെയോ/പ്രദേശത്തിന്റെയോ(249 ലൊക്കേഷന്‍സ് ) 15% വരെ കമ്പനികള്‍ക്ക് ഏറ്റെടുക്കാനുമുള്ള കരാര്‍ നിര്‍ദ്ദേശങ്ങള്‍ ആണ് ഉണ്ടായിരുന്നത്. പക്ഷെ മുന്‍പുണ്ടായിരുന്ന നിര്‍ദേശങ്ങളില്‍ നിന്ന് വ്യതിചലിച്ചു, ഒരു കമ്പനിക്ക് എത്ര പ്രൊജക്ടുകള്‍ വേണമെങ്കിലും ഏറ്റെടുക്കാം എന്ന വ്യവസ്ഥയിലേക്കു എഫ്‌സിഐ മാറിയത് സ്വാഭാവികമായും അദാനി ഗ്രൂപ്പ് പോലുള്ള കമ്പനികള്‍ക്ക് ഭക്ഷ്യ സംഭരണമേഖലയില്‍ ആധിപത്യം സ്ഥാപിക്കാന്‍ സഹായകമായ സാഹചര്യങ്ങള്‍ ഉണ്ടാക്കുക തന്നെ ചെയ്യും എന്ന് വ്യക്തമാണ്.
നിലവില്‍ പഞ്ചാബ് ഹരിയാന തമിഴ്‌നാട് കര്‍ണാടക മഹാരാഷ്ട്ര പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലായി 5,75,000 മെട്രിക് ടണ്‍ ധാന്യ സംഭരണവും, മധ്യ പ്രദേശ് സര്‍ക്കാരിന് വേണ്ടി 3,00,000 മെട്രിക് ടണ്‍ ധാന്യ ശേഖരവും കൈകാര്യം ചെയ്യുന്നത് അദാനി അഗ്രി ലോജിസ്റ്റിക്സ് ആണ്. ഇത് കൂടാതെ ബീഹാര്‍, യു.പി., ഗുജറാത്ത് എന്നിവിടങ്ങളിലായി 4,00,000 മെട്രിക് ടണ്‍ ധാന്യ ശേഖരണം ലക്ഷ്യം വെച്ചുകൊണ്ടുള്ള സംഭരണകേന്ദ്രങ്ങളുടെ നിര്‍മ്മാണ ആലോചനകളും സജീവമായി നടക്കുന്നുണ്ട്.
തദ്ദേശവാസികള്‍ക്ക് തൊഴില്‍ നല്‍കാനുള്ള പദ്ധതിയെന്ന വ്യാജേന വിവിധ സംസ്ഥാനങ്ങളില്‍ പൊതുഭൂമി ചുളുവിലയ്ക്ക് അനായാസം നേടിയെടുക്കാന്‍ അദാനിക്ക് സാധിച്ചു. ഒരൊറ്റ ഉദാഹരണം മാത്രം നോക്കുക. ഹരിയാനയിലെ പാനിപ്പത്ത് ജില്ലയില്‍ ഇസ്രാനാ താലൂക്കില്‍ 90015 ചതുരശ്ര മീറ്റര്‍ ഭൂമി (ഏകദേശം 23 ഏക്കര്‍) അദാനിയുടെ ഭക്ഷ്യസംഭരണ കേന്ദ്ര നിര്‍മ്മാണത്തിനായ് സര്‍ക്കാര്‍ അനുവദിച്ചു. ഇതിന് കണ്‍വേര്‍ഷന്‍ ചാര്‍ജ്ജ് എന്ന നിലയില്‍ അദാനിയില്‍ നിന്നും വാങ്ങിയത് കേവലം 27,00,469 രൂപയായിരുന്നു. അതായത് ഒരേക്കര്‍ ഭൂമിക്ക് ഏകദേശം 1,22,000 രൂപ! രാജ്യം മുഴുവന്‍ കോവിഡ് മഹാമാരിയുടെ പേരില്‍ അടച്ചുപൂട്ടപ്പെട്ട നാളുകളിലാണ് (2020 മെയ് മാസം) ഈ ഇഷ്ടദാനം നടന്നത്. ഇതേ വര്‍ഷം സെപ്തംബറില്‍ കര്‍ഷക മാരണ ബില്‍ ലോകസഭയില്‍ അവതരിപ്പിക്കാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. ഈ ഇടപാട് വ്യക്തമാക്കുന്നത് വരാനിരിക്കുന്ന കാര്‍ഷിക ഭേദഗതി നിയമങ്ങളെ സംബന്ധിച്ച് അദാനി ഗ്രൂപ്പിന് വ്യക്തമായ സൂചനകള്‍ ലഭിച്ചിരുന്നുവെന്ന് തന്നെയാണ്.

ബി.ജെ.പി സര്‍ക്കാരിന്റെ സഹായത്തോടെ കാര്‍ഷിക മേഖലയില്‍ വരുത്താനിരുന്ന നയപരിഷ്‌കാരങ്ങള്‍ മുന്നില്‍ കണ്ടുകൊണ്ട് ഈ മേഖലയില്‍ കൂടുതല്‍ നിക്ഷേപം നടത്താന്‍ കമ്പനി ഒരുങ്ങുകയാണെന്ന് ലൈവ്മിന്റ് 2015ല്‍ തന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അദാനിയുടെ കാര്‍ഷിക ബിസിനസുകളും രാജ്യത്തെ പശ്ചാത്തല സൗകര്യ വികസനവും തമ്മില്‍ വ്യക്തമായ ബന്ധമുണ്ട് എന്ന് കാണാവുന്നതാണ്. കാര്‍ഷിക പശ്ചാത്തല സൗകര്യങ്ങള്‍ (Agri Infrastructure Space) ഭാവിയില്‍ പ്രസക്തമാകുമെന്ന് തിരിച്ചറിഞ്ഞുകൊണ്ടുതന്നെയാണ് വിവിധ സംസ്ഥാനങ്ങളിലെ റോഡ്-റെയില്‍-തുറമുഖ സംവിധാനങ്ങള്‍ സര്‍ക്കാരിന്റെ ഒത്താശയോട് കൂടി തന്നെ വികസിപ്പിക്കാന്‍ അദാനി ഗ്രൂപ്പ് വലിയ നിക്ഷേപങ്ങള്‍ ഇറക്കുന്നത്. അദാനി പോര്‍ട്ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ് (APSEZ) പ്രതിവര്‍ഷം 10 ദശലക്ഷം ചതുരശ്ര അടി വെയര്‍ഹൗസിംഗ് ആസ്തികള്‍ വാങ്ങാനും, അതുവഴി വെയര്‍ ഹൗസിംഗ് സംവിധാനങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്താനും പദ്ധതിയിടുന്നുണ്ട്.
2003-ല്‍ കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക ഉത്പാദന വിപണന കമ്മറ്റി ആക്ട് ഭേദഗതി (Model APMC Act -2003) ചെയ്തിരുന്നു. കാര്‍ഷിക മേഖലയുടെ പുരോഗതിക്കായി സമാന്തര സ്വകാര്യ വിപണികള്‍, കരാര്‍ കൃഷി എന്നീ ആശയങ്ങള്‍ മുന്‍പോട്ടു വെച്ച ഈ ഭേദഗതി സര്‍ക്കാര്‍ നിയന്ത്രിത ചന്തകള്‍ക്കപ്പുറത്തു സ്വകാര്യ സംരംഭകര്‍ക്കു നേരിട്ട് കര്‍ഷകരുമായി കരാറില്‍ ഏര്‍പ്പെടാനും, അവരുടെ ഉല്‍പ്പന്നങ്ങള്‍ ഏറ്റെടുക്കാനുമുള്ള തുറന്ന വിപണികള്‍ വിഭാവനം ചെയ്തു രൂപപ്പെടുത്തിയ ഒന്നായിരുന്നു. കാര്‍ഷിക വിപണികള്‍ സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണ പരിധിയില്‍ ഉള്‍പ്പെട്ട കാര്യമായതുകൊണ്ടു തന്നെ, എല്ലാ സംസ്ഥാനങ്ങളോടും പുതിയ മോഡല്‍ ആക്ട് നടപ്പിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
പഞ്ചാബ് ഹരിയാന ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ അവരുടേതായ ഡയറക്റ്റ് മാര്‍ക്കറ്റിംഗ് സംവിധാനങ്ങള്‍ ഇതിനു പിന്നാലെ നടപ്പിലാക്കിയിരുന്നു. 2005-ല്‍ ഹിമാചല്‍ പ്രദേശ് H. P. Agricultural & Horticultural Produce Marketing (Development & Regulation) ആക്ട് നടപ്പിലാക്കി. ഈ APMC പരിഷ്‌കാരങ്ങള്‍ക്കു ശേഷമാണു അദാനി അഗ്രിഫ്രഷ് ഹിമാചല്‍പ്രദേശില്‍ ഇന്‍വെസ്റ്റ് ചെയ്യാന്‍ ആരംഭിച്ചത്. 2006-ല്‍ അദാനി ഗ്രൂപ്പിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയായ "അദാനി അഗ്രിഫ്രഷ് ലിമിറ്റഡ്' ഹിമാചല്‍ പ്രദേശില്‍ സ്ഥാപിക്കപ്പെട്ടു. ഇവിടുത്തെ ആപ്പിള്‍ വിപണിയുടെ ഭൂരിഭാഗവും ഏറ്റെടുക്കാന്‍ പാകത്തില്‍ ഉള്ള സംയോജിത സംഭരണം, കൈകാര്യം ചെയ്യല്‍, ശീതീകരണ സംഭരണികള്‍, ഗതാഗത അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വ്യാപാര സംവിധാനങ്ങളുടെ വിപുലീകരണം ആണ് അദാനി അഗ്രിഫ്രഷ് നടപ്പിലാക്കിയത്. കാര്യങ്ങള്‍ പുരോഗമനാത്മകമെന്നു തോന്നാമെങ്കിലും, ഇത്തരം ഡയറക്റ്റ് മാര്‍ക്കറ്റിങ് സംവിധാനങ്ങളില്‍ വിപണി കീഴടക്കി കഴിഞ്ഞാല്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ കര്‍ഷകരെ വഞ്ചിക്കുന്ന നിലപാടുകള്‍ തന്നെ സ്വീകരിക്കുമെന്ന് കര്‍ഷകര്‍ക്ക് ഉറപ്പായ സംഗതിയാണ്. അത് തന്നെയാണ് ഹിമാചലില്‍ അദാനി അഗ്രി ഫ്രഷിന്റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നത് എന്ന് കാണാം.
വിപണികളില്‍ കോര്‍പറേറ്റുകള്‍ കടന്നുവരുമ്പോള്‍ സംഭവിക്കുന്നത്
ഹിമാചല്‍ പ്രദേശിലെ ഷിംല ആപ്പിള്‍ മാര്‍ക്കറ്റ് പ്രതിവര്‍ഷം 5000 കോടി രൂപയുടെ ആപ്പിള്‍ ബിസിനസ് നടക്കുന്ന സ്ഥലമാണ്. 2006 -ല്‍ അദാനി അഗ്രി ഫ്രഷ് കൂടാതെ, റിലയന്‍സ്, ഐ ടി സി എന്നീ സ്വകാര്യ കമ്പനികളും കര്‍ഷകരില്‍ നിന്ന് നേരിട്ട് ആപ്പിള്‍ ശേഖരിച്ചു വ്യാപാര വിതരണം ആരംഭിച്ചിരുന്നതിനാല്‍ തന്നെ, ആപ്പിള്‍ വിലയില്‍ ഏതാണ്ട് അമ്പതു ശതമാനത്തിലേറെ വര്‍ദ്ധനവ് ആണ് കര്‍ഷകര്‍ക്ക് ലഭിച്ചു തുടങ്ങിയത്. കൂടുതല്‍ കോള്‍ഡ് സ്റ്റോറേജ് സംവിധാനങ്ങള്‍ ഉള്‍പ്പെടെ പഴ വ്യാപാര വിപണി ഹിമാചലില്‍ ചലനാത്മകമാവുകയും, കര്‍ഷകര്‍ സംതൃപ്തരാവുകയും ചെയ്തിരുന്നു. പക്ഷെ കഴിഞ്ഞ വര്‍ഷം (2021) അദാനി ഗ്രൂപ്പ് എ-ഗ്രേഡ്, പ്രീമിയം ഗുണനിലവാരമുള്ള ആപ്പിളിന്റെ പ്രാരംഭ വില കിലോയ്ക്ക് 72 രൂപയായി പ്രഖ്യാപിച്ചു. ഇത് മുന്‍വര്‍ഷത്തേക്കാളും കുറവും (ഇതേ ആപ്പിളുകള്‍ കിലോയ്ക്ക് 250 രൂപാ നിരക്കില്‍ ആണ് വിപണിയില്‍ അദാനിയുടെ "ഫാം പിക്ക്' ഉല്പന്നമായി വിറ്റഴിക്കപ്പെടുകയും ചെയ്യുന്നത്) അതേ സമയം സര്‍ക്കാര്‍ മണ്ഡികളില്‍ കിലോയ്ക്ക് 90-125 വരെ ലഭിക്കുകയും ചെയ്തിരുന്നു. ഉല്പാദന ചെലവ് വര്‍ദ്ധിച്ചതും, ആപ്പിള്‍ കാര്‍ട്ടന്റെ GST 12%-ല്‍ നിന്ന് 18%ആയി ഉയര്‍ന്നതും ഹിമാചല്‍ പ്രദേശിലെ ആപ്പിള്‍ കര്‍ഷകരെ വലിയ പ്രതിസന്ധിയില്‍ ആക്കിയിട്ടുണ്ട്. മുന്‍പ് സംസ്ഥാന ഗവണ്‍മെന്റ് ആപ്പിള്‍ കൃഷിക്ക് വേണ്ടി പല തലങ്ങളില്‍ സഹായങ്ങള്‍ കര്‍ഷകര്‍ക്ക് നല്‍കികൊണ്ടിരുന്നത് നിര്‍ത്തലാക്കിയതും, പാരിസ്ഥിതികവും, സാമ്പത്തികവുമായ പല കാരണങ്ങളാല്‍ ഉത്പാദനം ഇടിഞ്ഞതും നേരത്തെ തന്നെ ഇവിടുത്തെ കാര്‍ഷിക മേഖലയെ അസ്ഥിരപ്പെടുത്തിയിരുന്നു.

വിപണികളില്‍ വന്‍കിട സ്വകാര്യ വ്യാപാരികള്‍ കടന്നുവന്നത് തുടക്കത്തില്‍ കര്‍ഷകര്‍ക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചുവെങ്കിലും, നിലവില്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ സര്‍ക്കാര്‍ ചന്തകളെത്തന്നെ ആശ്രയിക്കേണ്ട അവസ്ഥയിലാണ് കര്‍ഷകര്‍ എന്ന് ഷിംലയിലെ മുന്‍ മേയറും ഹിമാചല്‍ കിസാന്‍ സഭയുടെ പ്രസിഡന്റും ആയിരുന്ന ടിക്കേന്ദര്‍ സിംഹ് പന്‍വര്‍ സൂചിപ്പിക്കുന്നു. മണ്ഡികളില്‍ എല്ലാ ഗ്രേഡിലും ഉള്ള ആപ്പിളുകള്‍ കര്‍ഷകര്‍ക്ക് വില്‍ക്കാന്‍ സാധിക്കുമ്പോള്‍, അദാനി, റിലയന്‍സ് പോലുള്ള വന്‍കിട കമ്പനികള്‍ എ ഗ്രേഡ് ആപ്പിളുകള്‍ മാത്രമാണ് കര്‍ഷകരുടെ പക്കല്‍ നിന്ന് സംഭരിക്കുന്നത്. ഇതാകട്ടെ ഹിമാചലിലെ മൊത്തം ആപ്പിള്‍ ഉല്പാദനത്തിന്റെ ഇരുപതു-മുപ്പതു ശതമാനം മാത്രമേ വരുന്നുള്ളു. ചെറുകിട ഇടത്തരം കര്‍ഷകരെ സംബന്ധിച്ചു ഈ പ്രശ്‌നങ്ങള്‍ കൂടുതല്‍ രൂക്ഷമായി തന്നെ ബാധിക്കുന്നുണ്ട്. കര്‍ഷക അസ്വസ്ഥതകള്‍ കൂടുതല്‍ രൂക്ഷമാവുന്നവിധത്തിലാണ് വന്‍കിട അഗ്രി ബിസിനസ്സ് കമ്പനികളുടെ ഈ മേഖലയിലെ ഇടപെടലുകള്‍.
അദാനി ഡ്രോണ്‍ ബിസിനസ്സ്
സൈനിക ആവശ്യങ്ങള്‍ക്കായി ഡ്രോണ്‍ അടിസ്ഥാനമാക്കിയുള്ള പരിഹാരങ്ങള്‍ നല്‍കുക ഉദ്ദേശ്യത്തോടെ 2015-ലാണ് അദാനി ഡിഫന്‍സ് സിസ്റ്റംസ് സ്ഥാപിതമായത്. 2022 മെയ് മാസത്തില്‍ അദാനി ഡിഫന്‍സ് ആന്‍ഡ് എയ്റോസ്പേസ് വിഭാഗം ബാംഗ്ലൂര്‍ ആസ്ഥാനമായുള്ള ജനറല്‍ എയ്‌റോനോട്ടിക്‌സ് എന്ന ഡ്രോണ്‍ സ്റ്റാര്‍ട്ടപ്പിന്റെ 50 ശതമാനം ഓഹരികള്‍ സ്വന്തമാക്കി. പ്രധാനമായും കാര്‍ഷിക മേഖലയിലെ ആപ്ലിക്കേഷനുകള്‍ക്കായി റോബോട്ടിക് ഡ്രോണുകള്‍ വികസിപ്പിക്കുന്നതില്‍ ആണ് ഈ സ്റ്റാര്‍ട്ടപ്പ് ഊന്നല്‍ നല്‍കിയിരുന്നത്. സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള വിള സംരക്ഷണ സേവനങ്ങള്‍, കൃഷി വിളകളുടെ രോഗ-നിവാരണ നിരീക്ഷണം, നിര്‍മ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള വിളവ് നിരീക്ഷണം എന്നിവയ്ക്ക് ഉപയുക്തമാവുന്ന ഡ്രോണുകള്‍ ആയിരുന്നു ഈ സ്റ്റാര്‍ട്ട് അപ്പ് കമ്പനി നിര്‍മ്മിച്ചുകൊണ്ടിരുന്നത്.
കാര്‍ഷിക മേഖലയിലെ സേവനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുക എന്നതാണ് ഈ ഓഹരികള്‍ വാങ്ങുന്നതിലൂടെ ലക്ഷ്യമിടുന്നത് എന്നായിരുന്നു അദാനി ഗ്രൂപ്പ് വെളിപ്പെടുത്തിയിരുന്നത്. ട്രാക്ടര്‍ വ്യവസായത്തിന്റെ മാതൃകയില്‍ ഇന്ത്യയില്‍ ഡ്രോണുകള്‍ വില്‍ക്കാനുള്ള ഒരു പദ്ധതിയാണ് അദാനി ഗ്രൂപ്പിന്റേതെന്ന് വ്യക്തമാണെങ്കിലും, മുന്‍പുള്ള സൈനിക ആവശ്യങ്ങളുമായി ബന്ധപ്പെട്ട വ്യാപാര ആവശ്യങ്ങളും ഒപ്പം ശക്തിപ്പെടാതിരിക്കില്ല. കാര്‍ഷിക ഡ്രോണുകള്‍ വികസിപ്പിക്കുന്നതിന് പുറമെ 120 കിലോഗ്രാം വരെ പേ-ലോഡ് വഹിക്കാന്‍ കഴിയുന്ന ലോജിസ്റ്റിക് ഡ്രോണുകള്‍ കൂടി നിര്‍മ്മിക്കാന്‍ അദാനി ഗ്രൂപ്പിന് പദ്ധതിയുണ്ട്.

പ്രാദേശിക സംരംഭകര്‍ക്കോ, സ്ഥാപനങ്ങള്‍ക്കോ (അത് ചിലപ്പോള്‍ കീടനാശിനി കമ്പനികള്‍ ആവാം) കീടനാശിനി സ്പ്രേ പോലുള്ള സേവനങ്ങള്‍ക്കായി ഡ്രോണുകള്‍ ലഭ്യമാക്കുക എന്നതായിരിക്കും പ്രാഥമികമായി ചെയ്യുക. ഡ്രോണുകളുടെ ഉപയോഗം പരമാവധിയാക്കാന്‍-കൃഷി മുതല്‍ ഇ-കൊമേഴ്സ് ഡെലിവറികള്‍ വരെ എല്ലാ മേഖലകളിലും ഡ്രോണുകളുടെ ഉപയോഗം ലഭ്യമാക്കുന്നതിന് അവയുടെ പ്രവര്‍ത്തനത്തിനും നിര്‍മ്മാണത്തിനുമുള്ള അനുമതികള്‍ നല്‍കികൊണ്ട് മോദി സര്‍ക്കാര്‍ ഡ്രോണ്‍ നയം 2021-ല്‍ കൂടുതല്‍ ഉദാരമാക്കിയിരുന്നു. അദാനിയുടെ സംയുക്ത സംരംഭം ഇസ്രയേല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എല്‍ബിറ്റ് (Elbit) എന്ന സ്ഥാപനവുമായി ബന്ധപ്പെട്ടാണ് ഇന്ത്യയില്‍ ഡ്രോണ്‍ നിര്‍മ്മാണത്തിനുള്ള കരാറുകള്‍ നേടിയെടുത്തത് എന്ന കാര്യവും ഇവിടെ അറിഞ്ഞിരിക്കേണ്ടതുണ്ട്. കാര്‍ഷിക മേഖലയിലെ "ഗെയിം ചേഞ്ചര്‍' ആയി ഡ്രോണ്‍ മാറുമെന്നും ഒരു ഘട്ടത്തില്‍ മോദി പ്രഖ്യാപിക്കുന്നുണ്ട്.
(തുടരും)

കെ. സഹദേവന്‍
Mar 30, 2023
13 Minutes Read
പിണറായി വിജയൻ
Mar 24, 2023
3 Minutes Read
ടി.എന്‍. പ്രതാപന്‍
Mar 23, 2023
3 Minutes Read
എസ്. മുഹമ്മദ് ഇര്‍ഷാദ്
Mar 14, 2023
3 Minutes Read
ഡോ. വി.എന്‍. ജയചന്ദ്രന്‍
Feb 19, 2023
5 Minutes Read
പ്രമോദ് പുഴങ്കര
Feb 12, 2023
3 Minute Read