ആദ്യാനുരാഗം

''അവരുടെ കൈമുറുക്കം എന്താണ് പരസ്പരമപ്പോൾ സമ്മാനിച്ചതെന്നറിഞ്ഞിരുന്നില്ല. ഒരുപക്ഷേ അവരുടെ ഇഷ്ടത്തിന്റെ ആദ്യാംഗീകാരമായിരുന്നിരിക്കണമത്. ഇടംകയ്യനായ അവരായുടെ വലംകയ്യേൽപ്പിടിച്ച് വലംകയ്യനായ തര്യനും ഇഷ്ടം പങ്കിട്ടത് ഡസ്‌കിനടിയിൽ വിരലുകൾ തൊട്ടുകൊണ്ടായിരുന്നു. അയാളുടെ നേരേയല്ലാത്ത തരത്തിലുള്ള കൈപ്പടയുടെ മനോഹാരിത പിന്നീടാരുടെ എഴുത്തിലും തര്യന് കാണാനായില്ല. ഓരോ തവണ കൈകോർക്കുമ്പോഴും തര്യന്റെയുള്ളിൽ പൊഴിഞ്ഞിരുന്നത് കൊറേക്കൊറേ അനുരാഗമന്നാകളാണ്.''

ൻപതാം ക്ലാസ്സിൽ പഠിയ്ക്കുമ്പോൾ വെള്ളിയാഴ്ചയൊള്ള പ്രാർത്ഥനാപരിപാടിയ്ക്ക് കുരിശ് വരയ്ക്കാതിരിന്നിരുന്ന അവരായെയാണ് ആദ്യാനുരാഗത്തെകുറിച്ചോർക്കുമ്പോൾ തര്യന് ആദ്യമോർമ്മ വരിക. കുരിശ് വരയ്ക്കാത്തേന്റെ കാര്യം ചോദിച്ചപ്പോൾ "ഓ, എന്നാത്തിനാ' എന്നുള്ളതായിരുന്നു അവരായിൽ നിന്നും തര്യൻ കേട്ട ആദ്യവാചകം. കോട്ടയത്തൊള്ള എം.ഡി സ്‌കൂളിൽ ഒൻപതാം ക്ലാസ് ഡിവിഷൻ "എ'-യിലെ രണ്ടാം ബഞ്ചിൽ ഇരുന്നിരുന്ന അവരായോടുള്ള തര്യന്റെ കൗമാരപ്രണയത്തിന്റെ ആദ്യകാതൽ പകുതി തുറന്ന ക്ലാസ്-ഭിത്തിയ്ക്കപ്പറെ റബ്ബർമരങ്ങളിൽ നിന്നും കുരുക്കൾ പൊട്ടിവീഴുന്ന ശബ്ദത്തോടുള്ള പൊതുഇഷ്ടമായിരുന്നു; പിന്നെ അച്ചപ്പപ്രിയർ എന്നുള്ളതും.

ഞരമ്പ് തെളിഞ്ഞു തൊടങ്ങിയ റബറിലകളിൽ ചിലതെടുത്തു സൂക്ഷിച്ച് അതുങ്ങളിൽ നിറം ചാർത്തി തര്യന് സമ്മാനിയ്ക്കുന്ന അവരായും വൃഷണാകൃതിയുള്ള റബ്ബർക്കുരു പരസ്പരം ഉരസിയുരസി അതിന്റെ ഊഷ്മളത അവന്റെ കൈപ്പത്തിയ്ക്കുള്ളിൽ അനുഭവിപ്പിക്കുന്ന തര്യനും പങ്കുവെച്ച സവിശേഷകൂട്ടിന്റെ പേര് ഇന്നതെന്ന് കുറിക്കാൻ തര്യന് ഒരു വ്യാഴവട്ടം കാക്കേണ്ടിവന്നു. പരിവർത്തിതക്രിസ്ത്യൻ കുടുംബത്തിൽ നിന്നൊള്ള അവരാ, ജോ എന്ന് പേരായ അവന്റെ കൂട്ടാരനെ തര്യൻ എന്നാണ് വിളിച്ചിരുന്നെ; അങ്ങനെ പ്രത്യേകിച്ചൊരു കാരണവുമില്ലാതെ.

ക്ലാസ്-സമയങ്ങളിൽ ഡെസ്‌ക്കിനടിയിൽ പരസ്പരം കൈകോർത്തിരുന്ന അവരെ ചൂണ്ടി ഭൂമിശാസ്ത്രം പഠിപ്പിക്കുന്ന ജോളിമിസ്സ് ഒരിയ്ക്കെ അജുവും-ജോയും കൈകൊണ്ട് ഡസ്‌കിനടിയിൽ എന്താ പരിപാടി എന്ന് ക്ലാസ്സിൽ ചോദിച്ചപ്പോൾ കൂട്ടുകാർ ചിരിച്ചത് അവരിൽ വല്ലാത്ത ജാള്യതയുളവാക്കി. പിന്നെ ചരിത്രം പഠിപ്പിക്കാൻ ഇടയ്ക്ക് അധ്യാപകപരിശീലനത്തിന്റെ ഭാഗമായി ഏതോ ബി.എഡ് പഠനകേന്ദ്രത്തിൽ നിന്നും വന്ന സക്കറിയ സർന്റെ ഒരു വർത്താനം അവരുടെ കൈകോർക്കലിന് മുറുക്കം കൂട്ടി. മനുഷ്യന്റെ ശാസ്ത്രീയനാമം എന്താണെന്ന് അറിയാമോ എന്ന് ചോദിച്ച സർ-നു മറുപടിയായി തര്യൻ ഹോമോസാപിയൻസ് എന്ന് ഉത്തരമേകിയപ്പോൾ, അതേ എന്നും ഹോമോ എന്നാൽ ഒരേ തരത്തിലുള്ള എന്നും അർത്ഥമാവുന്നു എന്നും സാർ കാച്ചി; കൂടെ ഇതും "കേട്ടിട്ടില്ലേ ഹോമോസെക്ഷ്വാലിറ്റി എന്ന്'.

അവരുടെ കൈമുറുക്കം എന്താണ് പരസ്പരമപ്പോൾ സമ്മാനിച്ചതെന്നറിഞ്ഞിരുന്നില്ല. ഒരുപക്ഷേ അവരുടെ ഇഷ്ടത്തിന്റെ ആദ്യാംഗീകാരമായിരുന്നിരിക്കണമത്. ഇടംകയ്യനായ അവരായുടെ വലംകയ്യേൽപ്പിടിച്ച് വലംകയ്യനായ തര്യനും ഇഷ്ടം പങ്കിട്ടത് ഡസ്‌കിനടിയിൽ വിരലുകൾ തൊട്ടുകൊണ്ടായിരുന്നു. അയാളുടെ നേരേയല്ലാത്ത തരത്തിലുള്ള കൈപ്പടയുടെ മനോഹാരിത പിന്നീടാരുടെ എഴുത്തിലും തര്യന് കാണാനായില്ല.

ഓരോ തവണ കൈകോർക്കുമ്പോഴും തര്യന്റെയുള്ളിൽ പൊഴിഞ്ഞിരുന്നത് കൊറേക്കൊറേ അനുരാഗമന്നാകളാണ്.

കടുംതവിട്ട് തൊലിനിറമുള്ള അവരാ അവന്റപ്പച്ചന്റെ പേരിലാണ് സ്വയം അഭിസംബോധന ചെയ്തിരുന്നത്, സദാ. അജ്മൽ അവരാ, എന്നോ അജ്മൽ എന്നോ ഒള്ള അവന്റെ പേര് ആരേലും വിളിയ്ക്കുമ്പോൾ അവൻ അവരാ-ന്ന് വിളിച്ചാ മതി എന്നെപ്പോഴും തിരുത്തുമാരുന്നു. ഇതുകൊണ്ടും വേറെ പലതുകൊണ്ടും പിള്ളേരൊക്കെ ഇയാളെ അഹങ്കാരിഅവരാ എന്നാ വിളിച്ചിരുന്നേ. തര്യനാണേൽ അഹങ്കാരിഅവരായോട് അടുക്കാൻ കാരണം പലതാരുന്നു. അതിലൊന്ന് കായികമത്സരസമയത്ത് ഓട്ടത്തിൽ തര്യൻ പങ്കെടുത്തപ്പോൾ ചിലർ അവന്റെ ഓട്ടം കണ്ടിട്ട് ഇവനെന്താ ആണുങ്ങളെപ്പോലെ അല്ലല്ലോ ഓടുന്നതെന്ന് പറയുന്നെകേട്ടപ്പോൾ "പോടേ പോത്തൻമോറൻമാരെ' എന്ന് അവരാ അലറീതാരുന്നു. തര്യനേറെ ഇഷ്ടപ്പെടുന്ന "അവളുടെ രാവുകളിലെ രാജി', "ആരണ്യകത്തിലെ അമ്മിണി', "എന്ന് സ്വന്തം ജാനകിക്കുട്ടിയിലെ ജാനൂട്ടി' തുടങ്ങിയ ചലച്ചിത്രകഥാപാത്രങ്ങൾ തന്നെയാണ് അയാൾക്കും പ്രിയപ്പെട്ടതെന്ന് സൂചിപ്പിച്ചത് മറ്റൊരു കാരണം.കൊല്ലപ്പരീക്ഷക്ക് തൊട്ടു മുന്നേ ക്ലാസ് ടീച്ചർ അടുത്ത കൊല്ലം ക്ലാസ്സിലെ ചില പിള്ളേർ ഡിവിഷൻ ബി-യിലേക്കും അവിടുന്ന് അഞ്ചാറ് പേർ ഈ ക്ലാസ്സിലേക്കും വരുമെന്ന് അറിയിച്ചപ്പോൾ അവനിലൊണ്ടായ പരവേശവും ആ പെന്തക്കൊസ്തുകാരനോട് തര്യനുണ്ടായിരുന്ന ഇഷ്ടം വലുതാക്കി.

വേനലവധിക്ക് തൊട്ട് മുന്നേ എന്നോടവരാ അയാളുടെ വീട്ടിലേക്ക് വരുന്നോന്ന് ചോദിച്ചു. രണ്ടു പേർക്കും തീരെ ഇഷ്ടമില്ലാഞ്ഞ അവസാന വിഷയമായ കണക്ക് പരീക്ഷയുടെ അന്ന് ഞങ്ങൾ ചിങ്ങവനം ബസ് കയറി. ബസിൽ നിന്നപ്പോൾ കൈപിടിക്കാനൊള്ള കമ്പിയിൽ അവരായുടെ വിരലുകൾ തര്യന്റെ കൈപ്പത്തിയിന്മേൽ എന്തോ കോറി. രോമാഞ്ചമാരി പേറി തര്യൻ നിന്നപ്പോൾ അവരാ അവന്റെ ചെവിയിൽ എന്തോ പറയാനടുത്തു. ശ്വാസക്കാറ്റിന്റെ ഊഷ്മളതയും മുൻപേപെയ്ത രോമാഞ്ചവൃഷ്ടിയുടെ ബാക്കിയും കൂടി തര്യനിൽ നൽകിയ അനുഭൂതിക്ക് പേരിടാനാവാതെ ഇവൻ നിന്നു. "തോട്ടിൽ ചാടണം നമക്ക് വീട്ടിൽ ചെന്നിട്ട്' എന്നവൻ തര്യന്റെ ചെവിയിൽ പറഞ്ഞപ്പോൾ "ആം, ചാടാം' എന്നുറപ്പും അവന്റെ ചെവിയിലോതി ഇവൻ.

പുത്തൻപള്ളിടെ സ്റ്റോപ്പിൽ ഇറങ്ങി അവരാടെ വീട്ടിലോട്ട് നടന്നപ്പോ പണ്ട് സൺഡേസ്‌കൂൾ പ്രസംഗമത്സരത്തിന് പുത്തൻപള്ളീലും, ശാലേം പള്ളീലും പിന്നെപ്പഴോ ദയറായിലും വന്നതൊക്കെ തര്യൻ ഓർത്തു. ഞങ്ങടെ ക്ലാസ്സിലെ തന്നെ പിന്റോ ചാക്കോടേം, സിന്റോ തോമസിന്റേം ഒക്കെ വീടടുത്തെവിടോ ആണെന്ന് അവരാ പറഞ്ഞപ്പോ, ഈ ക്നാനായചെക്കന്മാരെ കാണാൻ എന്നാ ഒരു രസവാ അല്ലെ എന്ന് തര്യൻ സൂചിപ്പിച്ചു. എന്നാ രസമുണ്ടായിട്ടെന്നാ കാര്യം പരിവർത്തിത ക്രിസ്ത്യാനികളോടൊക്കെ ഇവന്മാർക്ക് ഒടുക്കത്തെ പരിഹാസമാടോ എന്നവൻ തിരിച്ചു പറഞ്ഞു.

പോവുന്ന വഴിയേ ഒരു കടേന്ന് എന്തോ ഒരു കൂട്ടം അവരാ മേടിച്ചയാൾടെ പോക്കറ്റിൽ ഇടുന്നത് കണ്ടു. പാന്റ്‌സിന്റെ വശത്തുളള അതിന്റെ ആകൃതി കണ്ടിട്ട് പോപ്പിൻസ് പോലെ തോന്നിയെങ്കിലും തര്യൻ മറുത്തെന്തോ കൊതിച്ചു. റോഡിൽ നിന്നും ഒരിടത്തൊണ്ടിലേക്ക് കേറി പച്ചപിഞ്ചുടുപ്പിട്ട റബ്ബർ മരങ്ങൾക്കിടയിലൂടെ അരമൈലോളം നടന്നുപോവുമ്പോൾ അവനുമിവനും കൈകൾ കോർത്തും ഇടയ്ക്ക് മാറിമാറി ചുമലുകളിലുമായി സ്‌നേഹം കൈമാറി. ബാഗിൽ ചോറ്റുപാത്രം പൊതിഞ്ഞുവെച്ചിരുന്ന പ്ലാസ്റ്റിക് കവറെടുത്ത് നെടുനീളെ കെടക്കുന്ന റബ്ബർപറമ്പിലേക്കോടിക്കേറി പാലെടുക്കുന്ന ചിരട്ടകളിൽ ചിലതിൽ നിന്നും ഒട്ടുപാൽ കഷ്ണങ്ങൾ ചികഞ്ഞെടുത്തു അവൻ. നമക്ക് ഇന്ന് വെട്ടുപന്തുണ്ടാക്കാമെടോ. എന്നാത്തിനാ എന്ന് ഇവൻ ചോദിച്ചപ്പോൾ, എന്റെ പൊന്നു തര്യാപ്പി, നമക്കാ പോത്തൻമോറന്മാരുടെ മോന്തയ്ക്കിട്ട് എറിയാമെന്നേന്നും പറഞ്ഞു കവറും പൊതിഞ്ഞു അവരാ കയ്യാല ചാടി വന്ന് കവറിലെ ഒട്ടുപാൽ തര്യനെ മണപ്പിച്ചു. സ്വതവേ ഒരു കെട്ടമണമെന്നു ഇവൻ കരുതിയിരുന്ന അതിനന്നെന്തോ മടുപ്പുളവാക്കുന്ന വാടയുണ്ടായില്ലായെങ്കിലും ഇവൻ മുഷിപ്പോടെ മുഞ്ഞീം കിറീം ചുളുക്കി. അപ്പോഴേക്കും പോക്കറ്റിലെ നീളൻ സാധനം തുറന്ന് അതിലൊന്നെടുത്ത് നുണഞ്ഞ അവൻ കടിച്ചതിൽ പാതി നാക്കിൽവെച്ചോണ്ട് ഇവനിലേക്ക് നീട്ടി. ആകർഷണാസക്തികൾ ഒരുമിച്ചനുഗ്രഹിച്ച ആ നിമിഷം അവർടെ മനസ്സിലും പുക്കിൾക്കീഴേം പുത്തൻ ഉണർവ്വായി മാറി. അവരായുടെ തുപ്പൽ കലർന്ന ഓറഞ്ച് നിറമൊള്ള സുതാര്യമായ പോപ്പിൻസ് മൊട്ടായി വായിലലിഞ്ഞു തീരാതിരുന്നെങ്കിൽ എന്നാഗ്രഹിച്ചു തര്യൻ.

""ദോണ്ടേ , ആ കിങ്ഡം ഹാൾ എന്നെഴുതിയേക്കുന്ന ബോർഡ് കണ്ടോ, അതിന്റെ ഇപ്പറേയുള്ള ആ റോസ് പെയിന്റടിച്ച വീടാ നമ്മുടെ''.

എന്റേതെന്നോ , ഞങ്ങളുടേതെന്നോ പറയാതെ നമ്മുടേതെന്ന് അയാൾ പറഞ്ഞപ്പോൾ അവിടേക്കു നടന്നോണ്ടിരുന്ന തര്യന്റെ കാലുകൾക്കും മനമിടിപ്പുകൾക്കുംവേഗം കൂടി.

""അല്ലാ , അവിടെ റോസ് പെയിന്റടിച്ച രണ്ടു വീടുകൾ ഉണ്ടല്ലോ'', തര്യൻ ചോദിച്ചു.

""ഓ അതോ , അതിലാദ്യത്തെ വീട്ടിൽ ഈയടുത്തിടെ ഒരു അച്ചാച്ചൻ കെട്ടിഞാന്നുമരിച്ചാർന്നു''.

""അയ്യോ! ആണോ? എന്നാത്തിനാരുന്നു?''

""ആ അച്ചാച്ചൻ കൊറേക്കാലം സെമിനാരീലൊക്കെ ആരുന്നു. കല്യാണം ഒക്കെ ഒറപ്പിച്ചുവെച്ചേക്കുവാരുന്നെന്നേ. പെട്ടെന്നൊരു ദിവസം അങ്ങേര് ഉത്തരത്തേൽ തൂങ്ങി. നല്ല ഉദയസൂര്യനെപോലിരുന്നിരുന്ന ഒരു അച്ചാച്ചൻ , ആ നമ്മടെ ഹോമോസാപിയൻസ് സാറിനെ പോലൊക്കെ താടി ഒക്കെ ആയിട്ടൊള്ള ഒരു ചുന്ദരൻ അച്ചാച്ചൻ'': അവരാ വിശദമാക്കി.

കൊറേ മഞ്ഞ മൊസാണ്ടകളും, കടുംചൊമല ബൊഗൈൻവില്ലകളും, വിണ‍്‍‍‍താരകൾ ഉമ്മവെച്ച കാപ്പിമരങ്ങളും ഒക്കെയുള്ള ഒരു വീട്ടിലാർന്നു അവരാ താമസിച്ചിരുന്നേ. അവരാടെ "അമ്മ മലയാളം ടീച്ചറും അപ്പൻ തയ്യൽക്കാരനുമാർന്നു. നിറകരങ്ങളോടെ എന്നെ കെട്ടിപ്പിടിച്ച ആ അമ്മ , "പ്രെയിസ് ദി ലോർഡ്, കേറിവാ തര്യാ' എന്ന് പറഞ്ഞു അവരെ അകത്തേക്കാനയിച്ചു. "മോൻ നല്ലപോലെ കൂട്ടാനോക്കെ വെയ്ക്കുമല്ലേ? അവരാ പറഞ്ഞിട്ടുണ്ടെന്ന് 'അമ്മ സൂചിപ്പിച്ചപ്പോൾ തര്യനൊന്നു നിവർന്നു. അമ്മേടെ വായനാശീലമാ തനിക്ക് കിട്ടിയേക്കുന്നേന്ന് അവരാ തര്യനോട് ഇടെക്കിടെ പറയാറൊണ്ടാർന്നു. നടുമുറിയിലെ ചില്ലുകൂട്ടിലെ പുസ്തകകൂട്ടത്തിൽ മാധവിക്കുട്ടിയുടെ പേര് പതിഞ്ഞ ഒരു പുസ്തകം മാത്രമേ തര്യന് പരിചയമുണ്ടായിരുന്നുള്ളൂ. പെന്തിക്കോസ്ത് ഭവനമായതിനാലാവണം തന്റെ വീട്ടിലൊക്കെ അനാവശ്യത്തിനും ആവശ്യത്തിനും വെച്ചേക്കുന്ന ഈ.മ.യൗ ടീമ്‌സിന്റെ ചില്ലിട്ടപടങ്ങളൊന്നും ആ വീട്ടിൽ കണ്ടില്ലെന്ന് തര്യൻ നിരീക്ഷിച്ചു.. "മോൻ കൊറേ ദിവസം ഇവിടെ കാണുമല്ലോ അല്ലേ?' സീനിയർ അവരാ ചോദിച്ചു!

"ഇല്ല പപ്പാ, എനിയ്ക്ക് ചില ചിത്രകലാ പരിശീലനക്യാമ്പുകൾ ഒക്കെയൊണ്ട്'-തര്യൻ പറഞ്ഞു

മോൻ നല്ലപോലെ ചിത്രം വരക്കും എന്നിവൻ പറഞ്ഞാർന്നു. പപ്പായുടെ മോന്റെ മുഖചിത്രം വരച്ച് അതിൽ താഴക്കോണിൽ ഒപ്പിനോടൊപ്പം രണ്ടു സ്‌നേഹചിഹ്നം ഇട്ട് അവനിതുവരെ കൊടുക്കാതെ വെച്ചേക്കുന്ന തര്യൻ ഇത് കേട്ട് സന്തോഷത്തേക്കാളേറെ ആശങ്കപ്പെട്ടു.

"ആഹാ, പപ്പായുമായി സെറ്റ് ആയോ. ഇവിടിരുന്നാ മതിയോടേ? എണീച്ചു തുണീം മാറി വാ. വെള്ളത്തിൽ ചാടണ്ടേ? വാ തര്യാപ്പി!'

തുണിയൊക്കെ മാറി ഒരു നീക്കറുമിട്ട് ഇറങ്ങി വന്ന അവരാ പറഞ്ഞു. അയാളുടെ ഇരുൾനിറമൊള്ള ദേഹത്തിന്റെ മനോഹാരിത കണ്ട തര്യൻ പൂർണ്ണകായചിത്രം വരക്കാതെ മുഖചിത്രം മാത്രം വരച്ചതിലോർത്തു സ്വയംപഴിച്ചു. അവരാടെ തന്നെ ഒരു നിക്കറുമിട്ട് തര്യനും പൊറത്തേക്കു ചാടി. ഇവരുടെ കയ്യിൽ ഇവരുടെ പ്രാണപ്രിയമായ അച്ചപ്പവുമേന്തി വീടിനടുത്തൊള്ള തോട്ടിലേക്ക് നടന്നു. അച്ചപ്പം ഒടിച്ച് മോതിരം പോലെ വിരലുകളിലിട്ട് അതോരോന്നായി കടിച്ച് പറിച്ച് തോട്ടരികേക്കു പോവുന്നേനിടയിൽ അവരായോട് "തന്റെ ഉടുപ്പൊക്കെ അപ്പോൾ വീട്ടിൽ തന്നെ തയ്ച്ചു കിട്ടുമല്ലേ'- എന്ന് തര്യൻ ചോദിച്ചു..

"പിന്നല്ലാതെ! തനിക്കൊള്ള അളവും കൂടെ പപ്പായെ ഏല്പിക്ക്. നമക്ക് ഒരേ അളവാരിക്കുമല്ലോ'.

ഒരേ പോലിക്കുന്ന റബ്ബർ മരങ്ങൾ കടന്നു നടന്നുപോവുമ്പോൾ അവരാ പറഞ്ഞ നമുക്കൊരേ എന്ന വാക്കിൽ എന്തെന്നില്ലാത്ത ഒരു ആത്മാർഥത തര്യന് തോന്നി.

"ആം, മാത്രവുമല്ലെന്നേ , ഞാൻ പോവുന്ന തയ്യക്കടേലെ ചേട്ടൻ എന്റെ അവിടേം ഇവിടേം ഒക്കെ തൊടാറുണ്ടെടോ!. എനിക്കിഷ്ടമല്ല അത്'- ഇവൻ പറഞ്ഞു.

"അപ്പോൾ ഞാനിന്നു ബസ്സേൽ വെച്ച് തന്നെ തൊട്ടതും ഇഷ്ടപ്പെട്ടില്ലേ?'-അവൻ ചോദിച്ചു

"അയ്യോ! അങ്ങനല്ലന്നെ, ഇയാളെ എനിക്കിഷ്ടമല്ലേ??'-ഇവൻ മറുപടി പറഞ്ഞു

എന്തോരം ഇഷ്ടമൊണ്ട് എന്നയാൾ തോട്ടുപൊറകേ ചോയിച്ചപ്പോൾ പലതും പറയണമെന്നുണ്ടാർന്നു ഇവന്.

"പത്താം ക്ലാസ്സിലും നമ്മൾ ഒരേ ക്ലാസ്സിൽ വരണം എന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്. അത്രേം ഇഷ്ടമാ!'- എന്നതിലൊതുക്കിയ തര്യന്റെ മറുപടിക്ക് അവൻ ചെറുചിരി പാസ്സാക്കിയപ്പോയേക്കും അവർ തോടിനരികെ എത്തി. തോർത്തിൽ പൊതിഞ്ഞു വെച്ചിരുന്ന ഒരു പച്ച സോപ്പും തോർത്തും ഒരു കല്ലേൽ വെച്ചിട്ട് വെള്ളത്തിലേക്ക് പിറന്നപടി അവരാ ചാടി. നാണം പിടിച്ച് നിന്ന തര്യൻ ചാടിയത് തോർത്തുടുത്താണ്. ഊളിയിട്ട് തര്യന്റെ പിറകിൽകൂടി കെട്ടിപ്പിടിച്ച അവരാ മുങ്ങാങ്കുഴി ഇടാമെന്നെന്നിവനോട് ചെവിയിൽ പറഞ്ഞു. ആശങ്കപ്പെട്ടു നിന്ന ഇവന്റടിയിൽക്കൂടെ വന്നവൻ ഇവനെ തോളിലേറ്റി നിവർന്ന് നിന്നു. പെട്ടെന്നുണ്ടായ ശാരീരിക ഉയർച്ചയോടൊപ്പം ഉദ്ധാരണവും സംഭവിച്ചതും തര്യനെ മാനസികമായി പാടുപെടുത്തി. അയാളുടെ സാന്നിധ്യത്തിൽ ഉദ്ധാരണം സംഭവിച്ചത് ഇതാദ്യമായല്ലെങ്കിലും അയാളും കൂടെ അതറിയുന്നത് നാണക്കേടായി എന്നിവൻ കരുതി. എങ്ങനെയോ പിടിവിടീച്ച് തര്യൻ കരയിലേക്ക് കേറി സോപ്പ് തേച്ച് വെള്ളത്തിലേക്കധികമിറങ്ങാതെ തന്നെ ബാക്കി കുളി കഴിച്ചു. കുളി കഴിഞ്ഞ് മോളിലേക്കു വന്ന അവരാ അവന്റെ തോർത്തെടുക്കാതെ തര്യൻ തോർത്തിയ അതേ തോർത്തെടുത്ത് മേലാകെ തുടച്ചപ്പോൾ തര്യന്റെ ഉൾശാരോനിൽ കുളിർലില്ലികൾ പെയ്തു. അതേ തോർത്ത് മേൽമുണ്ട് പോലെ ദേഹത്തിട്ട അവരാ മറ്റേ നനയാത്ത തോർത്തെടുത്ത് തര്യന്റെ തലേൽ കെട്ടിക്കൊടുത്തു എന്നിട്ടവനുമിവനും വീട്ടിലേക്കു നടന്നു, ഇടയ്ക്കോടി, പിന്നേം നടന്നു.

വീടെത്തിയ അവരാ ഒരലമാരി തൊറന്ന് എന്തൊക്കെയോ തപ്പിയെടുത്തു. അതിലൊന്നൊരു മയിൽനീലനിറമുള്ള മൗത്ത് ഓർഗനും പിന്നെ ഒരു നൂൽ-കുരിശുമാലയുമായിരുന്നു. സൂക്ഷിച്ചു നോക്കിയപ്പോൾ അത് കുരിശാണോ "റ്റി' എന്ന അക്ഷരമാണോ എന്ന് തര്യന് സംശയം.

"വന്നപ്പോ ഞാൻ പറഞ്ഞില്ലേ, തൂങ്ങിമരിച്ച ആ അച്ചാച്ചനെക്കുറിച്ച്. പുള്ളി ഒരിയ്ക്കൽ സിസിലിയിലോ പാരീസിലോ എങ്ങാണ്ടൊക്കെ പോയേച്ചും വന്നപ്പോ എനിക്ക് സമ്മാനിച്ചതാ ഇത്. ഇതിനെ താഉ കുരിശ് എന്നാണ് വിളിയ്ക്കുക'-അവരാ പറഞ്ഞു

"നല്ല രസമുണ്ടല്ലോ ഇത്' - തര്യൻ പ്രതികരിച്ചു

"പിന്നെ, എനിയ്ക്ക് കുരിശ് പണ്ടേ അലർജി ആയതോണ്ട് ഇതിട്ടോണ്ടു നടക്കുന്നില്ല. എന്നാലും ആ അച്ചാച്ചനെകുറിച്ചോർക്കുമ്പോൾ ഒരു സങ്കടം. യൂറോപ്പിലൊക്കെ ആണുങ്ങളുടെ മനോഹരപ്രതിമകൾ ഒത്തിരി ഒണ്ടെന്നു അച്ചാച്ചൻ ഒരിയ്ക്കെ പറഞ്ഞിട്ടൊണ്ടാർന്നു!'- അവരാ തുടർന്നു.

"ഈ മൗത്ത് ഓർഗൻ വായിക്കാൻ എന്നെ പഠിപ്പിച്ചതും പുള്ളിക്കാരനാ'-ന്നും പറഞ്ഞു അവരാ ഏതോ ക്രിസ്തുഭക്തിഗാനം അതിൽ വായിച്ചു. ജൂതരുടേയും സെവൻത്ഡേ വിശ്വാസികളുടേയും ശാബത്ദിനമായ അന്നേ ദിനം അത്താഴത്തിനു മുന്നേയുള്ള യാമത്തിലെ കൈകൊട്ടിയുള്ള പ്രാർത്ഥനയിൽ അവിടെ പാടിയതും അവരാ നേരത്തെ വായിച്ച ആ പാട്ടാർന്നു ;

"എൻ പ്രിയനേപ്പോൽ സുന്ദരനായി ആരേയും ഞാനുലകിൽ
കാണുന്നില്ല മേലാലും ഞാൻ കാണുകയില്ല.....
സർവാംഗ സുന്ദരൻ തന്നെ എന്നെ വീണ്ടെടുത്തവൻ...
പ്രേമമെന്നിൽ വർദ്ധിക്കുന്നേ പ്രിയനോട് ചേരുവാൻ...' എന്ന മനോഹരവരികൾ വരുന്ന ക്രിസ്തുഭക്തിവർണ്ണനാഗാനം. അത്താഴം കഴിഞ്ഞുറങ്ങാൻ കിടന്ന അവരാ മീനച്ചൂടിനെ പഴിചാരി പെട്ടെന്ന് തന്നെ ഒറങ്ങി. നിശാക്കാറ്റേറ്റ കാപ്പിമരങ്ങൾ നക്ഷത്രക്കുഞ്ഞുങ്ങളെ പ്രസവിക്കുന്നതിന്റെ രജനീവാസന പരന്ന ആ രാത്രിയിൽ ഒന്നും മിണ്ടാതെ കിടന്നേന് അവനെ അഹങ്കാരി അവരാന്നു തന്നെ തര്യൻ മനസ്സിൽ അടിവരയിട്ട് പറഞ്ഞു . എന്തൊക്കെയോ മിണ്ടാൻ മനസ്സിൽ കരുതിയ തര്യൻ അന്നുണ്ടായ ഓരോ നിമിഷാനുഭവവും ഓർത്തെടുത്തു. അവ പകർന്ന ഉൻമേഷാവേശോന്മാദങ്ങളയവിറക്കി കിടന്നു. പിറ്റേന്ന് രാവിലെ ടൗണിലേക്ക് തിരിക്കാൻ നേരം അവരാടമ്മ തര്യനോടായി,

"മോനെ പറമ്പിൽ നല്ല ചീരയൊണ്ട്. കൊറച്ച് പറിച്ചോണ്ടു പൊക്കോ'ന്നു പറഞ്ഞു. അവരായും തര്യനും പറമ്പിലേക്ക് ചാടി. ചാടുന്നവഴി അടുക്കളപ്പൊറത്ത് ഇന്നലെ കൊണ്ടവന്ന ഒട്ടുപാൽ കഷ്ണങ്ങൾ നോക്കി അവരാ പറഞ്ഞു.

"ശേ, ഇന്ന് രാവിലെ കൊറച്ചു നേരത്തെ എണീച്ചുവാർന്നേൽ അപ്പറത്തെ പറമ്പീന്ന് ഇച്ചിരി റബ്ബർ പാല് ഇസ്‌കാമാർന്നു . എന്നിട്ട് ഇവന്മാരെ കൊറച്ച് പഴംതുണീം നിറച്ച് റബ്ബർപാലിൽ മുക്കി എടുത്ത് പന്താക്കാമാർന്നു. ശേ, മിസ്സായി!' .

തുടർസ്പർശനങ്ങൾ മിസ്സായതിൽ ഉൾനൊന്തു നിന്ന തര്യൻ പറമ്പിലെ ചൊമലച്ചീര നുള്ളാനിറങ്ങിയ ഇടങ്കയ്യൻ അവരായുടെ കീഴ്ച്ചുണ്ടിന്റെ വലത്തുള്ള കുഞ്ഞി മറു അവനറിയാതെ നോക്കിനിന്നാസ്വദിച്ചു. അപ്പോൾ തര്യന്റെ ചുണ്ടിൻ കീഴേ ഒരു ചീരവിത്തെടുത്ത് "ഇപ്പൊ സെയിം-റ്റു-സെയിം ആയില്ലെടോ' ന്നു പറഞ്ഞു. അവൻ പതിപ്പിച്ച അന്യോനത നുകർന്ന അവരുടെ കുറുകേ ഒരു പച്ചപുൽച്ചാടി പായുകയും അവർ അവരാ-തര്യൻമാർ ഒരിക്കൽ കൂടി കൈകൾ കോർത്തു കണ്ണടച്ച് എന്തോ മനസ്സിലാഗ്രഹിക്കുകയും ചെയ്തു. ബെദ്-സായിദാ എന്ന് പേരായാ ആ വീട്ടിൽ നിന്നും തര്യൻ ഇറങ്ങിയപ്പോൾ മിറ്റത്തേക്കിറങ്ങിയ അവരാ അവിടൊണ്ടാരുന്ന ഒരു വലിയ കള്ളിമുൾ ചെടിയേൽ എന്തോ നഖം കൊണ്ട് കോറി; അവരാതര്യൻ എന്ന്! എന്താ കോറിയിട്ടെന്ന് തര്യൻ ചോദിച്ചപ്പോൾ ഓ എന്നാത്തിനാ അതറിയുന്നേ എന്ന് അവരാ തിരിച്ച് ചോദിച്ചു

കഷ്ടകാലത്തിന് അടുത്ത കൊല്ലം, പത്താംക്ലാസ്സിൽ തര്യന്റെ ക്ലാസ്സിൽ അവരാ വന്നില്ല. ആ സ്‌കൂളിലും വന്നില്ല. എന്തോ കാരണംകൊണ്ട് അവർ ചിങ്ങവനത്തൂന്നു മാറി എന്ന് പിന്റോ -സിന്റോ ടീംസ് പറഞ്ഞറിഞ്ഞു. ആണ്ടുകൾക്കിപ്പുറം അങ്ങെവിടെയോ ആയിപ്പോയ അവരായുടെ താടിരോമഭാരത്തിൽപ്പെട്ടുപോയ കുനുമറു പിന്നീടാരും കൗതുകത്തോടെ കാണാതെപോയപ്പോൾ ഇങ്ങിവിടെ പച്ചപ്രിയനായ തര്യന്റെ ചിത്രരചനകളിലെ എല്ലാ ആൺമുഖങ്ങളിലും ചുണ്ടിൻകീഴെ കുനുമറു വന്നു തുടങ്ങി; ആദ്യാനുരാഗാവശേഷിപ്പ്.

Comments