truecoppy
MORE
Truecopy Home
Readers
are
Thinkers

Thursday, 02 February 2023

truecoppy
Truecopy Logo
Readers are Thinkers

Thursday, 02 February 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
indian military

National Politics

അഗ്നിപഥ്‌ :
സുവര്‍ണാവസരമോ
അപകടക്കെണിയോ?

അഗ്നിപഥ്‌ : സുവര്‍ണാവസരമോ അപകടക്കെണിയോ?

18 Jun 2022, 10:19 AM

കെ.വി. ദിവ്യശ്രീ

ഇന്ത്യയിലെ യുവാക്കള്‍ക്ക് സുവര്‍ണാവസരങ്ങള്‍ ഒരുക്കുന്നതെന്നും സായുധസേനയെ ഗുണപരമായ മാറ്റത്തിലേക്ക് നയിക്കുന്നതെന്നുമുള്ള അവകാശവാദവുമായാണ് കേന്ദ്രസര്‍ക്കാര്‍ അഗ്നിപഥ് റിക്രൂട്ട്‌മെന്റ് അവതരിപ്പിച്ചിരിക്കുന്നത്. സൈന്യത്തിലേക്ക് യുവാക്കളെ താത്കാലികമായി നിയമിക്കുന്ന പദ്ധതിയാണിത്‌. സൈന്യത്തെ കൂടുതല്‍ ചെറുപ്പമാക്കാനും ചടുലമാക്കാനും പദ്ധതിയിലൂടെ സാധിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. കൂടാതെ രാജ്യത്തിന്റെ പ്രതിരോധ ബജറ്റ് കുറയ്ക്കാനുമാകും. അഗ്നിപഥ് പദ്ധതി നടപ്പാക്കുന്നതിലൂടെ വാര്‍ഷിക പ്രതിരോധ ബജറ്റില്‍ 5.2 കോടി രൂപ മിച്ചമായി ലഭിക്കുമെന്നാണ് പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകൂട്ടല്‍. 

View Ad

Your browser does not support the video tag.

View Ad

Your browser does not support the video tag.

യുവജനങ്ങള്‍ക്ക് വലിയ അവസരം തുറന്നുകൊടുക്കുകയാണെന്ന മട്ടിലാണ് സര്‍ക്കാര്‍ പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുന്നതെങ്കിലും ഇതിനെതിരെ വലിയതോതിലുള്ള പ്രതിഷേധമാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലായി അരങ്ങേറുന്നത്. ബിഹാറില്‍ നിന്ന് തുടങ്ങിയ പ്രതിഷേധം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. 
ജൂണ്‍ 14-നാണ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, കരസേനാ മേധാവി ജനറല്‍ മനോജ് പാണ്ഡെ, നാവികസേന മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാര്‍, വ്യോമസേന മേധാവി ചീഫ് മാര്‍ഷല്‍ വി.ആര്‍. ചൗധരി, പ്രതിരോധ സെക്രട്ടറി അജയ് കുമാര്‍ എന്നിവര്‍ ഒരുമിച്ച് നടത്തിയ വാര്‍ത്താസമ്മേളത്തില്‍ അഗ്നിപഥ് പദ്ധതി പ്രഖ്യാപിച്ചത്. തൊട്ടടുത്ത ദിവസം തന്നെ ബിഹാറില്‍ യുവാക്കള്‍ പ്രതിഷേധം ആരംഭിച്ചു. പിന്നീട് രാജ്യമെങ്ങും യുവരോഷം കത്തിപ്പടര്‍ന്നു.

എന്താണ് അഗ്നിപഥ്

പതിനേഴര വയസ്സുമുതല്‍ 21 വയസ്സുവരെയുള്ളവര്‍ക്കാണ് അഗ്നിപഥ് പദ്ധതിയില്‍ സൈനികരായി തെരഞ്ഞെടുക്കപ്പെടാന്‍ അപേക്ഷിക്കാാനാവുക. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാം. നാലുവര്‍ഷത്തേക്കാണ് നിയമനം. നിയമനം ലഭിക്കുന്നവരെ "അഗ്നിവീര്‍' എന്നാണ് വിളിക്കുക. നാലുവര്‍ഷത്തെ കാലാവധി കഴിയുമ്പോള്‍ കഴിവ് തെളിയിക്കുന്ന 25% പേര്‍ക്ക് സൈന്യത്തില്‍ സ്ഥിരനിയമനം നല്‍കും. ഇവര്‍ക്ക് 15 വര്‍ഷം സര്‍വീസില്‍ തുടരാം. അതിനുശേഷം സാധാരണ സൈനികര്‍ക്കു ലഭിക്കുന്ന പെന്‍ഷനും ആനുകൂല്യങ്ങളുമെല്ലാം ലഭിക്കും. സ്ഥിരനിയമനം ലഭിക്കാത്ത ബാക്കി 75% പേര്‍ നാലുവര്‍ഷത്തെ സേവനത്തിനുശേഷം പുറത്തുപോകണം. ഇവര്‍ക്ക് പെന്‍ഷനും ലഭിക്കില്ല.

പ്രതിവര്‍ഷം 46,000 പേരെയാണ് അഗ്നിപഥ് റിക്രൂട്ട്‌മെന്റിലൂടെ നിയമിക്കുക. ആദ്യത്തെ വര്‍ഷം 30,000 രൂപയാണ് ശമ്പളം. രണ്ടാം വര്‍ഷം 33,000 രൂപയും മൂന്നാം വര്‍ഷം 36,500 രൂപയുമാകും. അവസാന വര്‍ഷം 40,000 രൂപയാകും. ശമ്പളത്തിന്റെ 30 ശതമാനം സേവാനിധി പ്രോഗ്രാമിലേക്ക് മാറ്റും. ഈ തുക ചേര്‍ത്ത് സേവനം പൂര്‍ത്തിയാകുമ്പോള്‍ 11.71 ലക്ഷം രൂപ ലഭിക്കും. ആരോഗ്യ ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും ഉണ്ടാകും.
ആരോഗ്യ, ശാരീരികക്ഷമതാ പരിശോധനകള്‍ നടത്തി റിക്രൂട്ട്‌മെന്റ് റാലികള്‍ വഴിയാണ് അഗ്നിവീര്‍ തെരഞ്ഞെടുപ്പ്. വര്‍ഷത്തില്‍ രണ്ടുതവണ റിക്രൂട്ട്‌മെന്റ് റാലികള്‍ നടത്തും. ആദ്യത്തെ അഗ്നിപഥ് റിക്രൂട്ട്‌മെന്റ് റാലി ഈ വര്‍ഷം തന്നെ നടത്തുമെന്നാണ് പ്രതിരോധ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ കേന്ദ്രീകൃത സംവിധാനത്തിലൂടെയായിരിക്കും നിയമനം നടത്തുക. 2023 ജൂലൈയോടെ ആദ്യ അഗ്നിപഥ് ബാച്ച് സജ്ജമാകും. 

recruitment
ആരോഗ്യ, ശാരീരികക്ഷമതാ പരിശോധനകള്‍ നടത്തി റിക്രൂട്ട്‌മെന്റ് റാലികള്‍ വഴിയാണ് അഗ്നിവീര്‍ തെരഞ്ഞെടുപ്പ്. / Photo: Wikimedia Commons

പത്താം ക്ലാസോ പന്ത്രണ്ടാം ക്ലാസോ ജയിച്ചവര്‍ക്ക് അഗ്നിപഥ് റിക്രൂട്ട്‌മെന്റിന് അപേക്ഷിക്കാം. നിലവില്‍ സൈന്യത്തില്‍ നിയമനം നടത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ തന്നെയാണ് അഗ്നിപഥിനുമുള്ളത്. വൈദ്യപരിശോധന, ശാരീരികക്ഷമത പരിശോധന തുടങ്ങി എല്ലാ നടപടികളും സൈനിക റിക്രൂട്ട്‌മെന്റിലേതുപൊലെ തന്നെയായിരിക്കും. 
ഇന്ത്യന്‍ സായുധ സേനയ്ക്ക് നല്‍കുന്ന അതേ പരിശീലനം തന്നെയാണ് അഗ്നിവീറുകള്‍ക്കും നല്‍കുക. പത്ത് ആഴ്ച മുതല്‍ ആറുമാസം വരെ നീണ്ടുനില്‍ക്കുന്ന പരിശീലത്തിന് ശേഷം നിയമനം നല്‍കും. മികവ് പുലര്‍ത്തുന്ന 25 ശതമാനം പേര്‍ക്ക് 15 വര്‍ഷത്തേക്ക് നിയമനം നല്‍കും. ബാക്കിയുള്ളവര്‍ക്ക് എക്‌സിറ്റ് പാക്കേജായി ലഭിക്കുന്ന തുക വാങ്ങി പിരിഞ്ഞുപോകാം. ഇവര്‍ക്ക് പിന്നീട് ഏത് ജോലിയും ചെയ്യാം. ഇവര്‍ക്ക് ജോലികള്‍ കണ്ടെത്താന്‍ സൈന്യത്തിന്റെ സഹായവുമുണ്ടാകും. സൈനിക പരിശീലനം ലഭിച്ചവരായതിനാല്‍ ഇവരുടെ സേവനം പ്രയോജനപ്പെടുത്താന്‍ കോര്‍പറേറ്റുകള്‍ ഉള്‍പ്പെടെ ഇതിനകം തന്നെ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കൂടാതെ പൊലീസില്‍ ഇവര്‍ക്ക് നിയമനത്തിന് മുന്‍ഗണന നല്‍കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചുകഴിഞ്ഞു. മറ്റു സംസ്ഥാനങ്ങളും ഈ വഴിയിലേക്ക് വരാനുള്ള സാധ്യതയുണ്ട്.

പ്രതിഷേധങ്ങള്‍ രൂക്ഷമാകുന്നതിനിടെ അഗ്നിവീറുകള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള പ്രഖ്യാപനങ്ങളും കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നുണ്ട്. സി.എ.പി.എഫ്, അസം റൈഫിള്‍സ് സേനകളില്‍ അഗ്നിവീറുകള്‍ക്ക് 10 ശതമാനം തൊഴില്‍ സംവരണം നല്‍കാന്‍ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. ഉയര്‍ന്ന പ്രായപരിധിയില്‍ മൂന്ന് വര്‍ഷത്തെ ഇളവ് നല്‍കുകയും ചെയ്യും. അതേസമയം, ആദ്യ ബാച്ച് അഗ്നിവീറുകള്‍ക്ക് പ്രായപരിധിയില്‍ അഞ്ച് വര്‍ഷത്തെ ഇളവനുവദിക്കും.

ALSO READ

ജഹാംഗീർ പുരിയിൽ ബുൾഡോസർ കയറ്റിയിറക്കിയത്​ സാധാരണ മനുഷ്യരുടെ ജീവിതങ്ങളിലൂടെയാണ്​

പത്താം ക്ലാസ് പാസായ ശേഷം അഗ്നിപഥ് റിക്രൂട്ട്‌മെന്റിലൂടെ നിയമനം ലഭിച്ച് നാലുവര്‍ഷത്തിനുശേഷം പുറത്തുവരുന്നവര്‍ക്ക് 12-ാം ക്ലാസ് സര്‍ട്ടിഫിക്കറ്റ് നല്‍കും. 12-ാം ക്ലാസ് പാസായ ശേഷം ചേര്‍ന്നവര്‍ക്ക് കാലാവധി കഴിയുമ്പോള്‍ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കും.
താത്കാലിക നിയമനമാണെങ്കിലും സേവനത്തിനിടെ സൈനികന്‍ മരിച്ചാല്‍ കുടുംബത്തിന് ഒരു കോടിയിലേറെ രൂപ ലഭിക്കും. 48 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സും സര്‍വീസുമായി ബന്ധപ്പെട്ട് 44 ലക്ഷം രൂപയുമാണ് ലഭിക്കുക. പ്രീമിയം ഈടാക്കാതെയാണ് ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നത്. ഇതോടൊപ്പം സേവനം നടത്താന്‍ കഴിയാതെപോയ കാലയളവിലെ മുഴുവന്‍ ശമ്പളവും നല്‍കും. സേവനത്തിനിടെ അപകടമുണ്ടായി ശാരീകബുദ്ധിമുട്ടുകളുണ്ടായാല്‍ മെഡിക്കല്‍ അധികൃതരുടെ ശുപാര്‍ശയനുസരിച്ച് അപകടത്തിന്റെ തോതനുസരിച്ച് നഷ്ടപരിഹാരം നല്‍കും. 50 ശതമാനം ശാരീരികപ്രശ്‌നങ്ങള്‍ക്ക് 15 ലക്ഷം രൂപ, 75 ശതമാനത്തിന് 25 ലക്ഷം രൂപ, 100 ശതമാനം ശാരീരകപ്രശ്‌നത്തിന് 44 ലക്ഷം രൂപ എന്നിങ്ങനെയാണ് നഷ്ടപരിഹാരം നല്‍കുക. 

സുവര്‍ണാവസരമോ അപകടക്കെണിയോ?

ഇന്ത്യയിലെ യുവാക്കളെ അഗ്നിവീരന്‍മാരാക്കാനുള്ള പദ്ധതിയുടെ വിശദാംശങ്ങള്‍ കാണുമ്പോള്‍, അവസരങ്ങളുടെ പെരുമഴയാണെന്ന കേന്ദ്രസര്‍ക്കാരിന്റെ വാദം ശരിയാണെന്ന് തോന്നും. ഓരോ വര്‍ഷവും 46000 യുവാക്കള്‍ക്കാണ് സൈന്യത്തില്‍ നിയമനം ലഭിക്കുക. തൊഴിലില്ലായ്മ രൂക്ഷമായ ഇന്ത്യന്‍ സമൂഹത്തിന് ഇത് വലിയ അനുഗ്രഹമാകുമെന്ന് തന്നെയാണ് എല്ലാവര്‍ക്കും തോന്നുക. എന്നാല്‍ കടുത്ത ശാരീരികക്ഷമത, വൈദ്യ പരിശോധനകളുള്‍പ്പെടെയുള്ള സൈന്യത്തിലേക്ക് നിയമനം ലഭിക്കുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളിലൂടെയും കടന്നുപോയി വിജയിക്കുന്നവര്‍ക്ക് നാലുവര്‍ഷത്തേക്ക് മാത്രമാണ് നിയമനം ലഭിക്കുന്നത്. നാലുവര്‍ഷത്തിന് ശേഷം 75 ശതമാനം ആളുകളും പുറത്തുപോകണം. പിന്നീട് അവര്‍ മറ്റു ജോലികള്‍ കണ്ടെത്തണം. ഇതാണ് പദ്ധതിക്കെതിരെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തുടങ്ങിയ പ്രതിഷേധത്തിന്റെ ആദ്യത്തെ കാരണം. 

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ രണ്ടുവര്‍ഷമായി രാജ്യത്ത് സൈന്യത്തിലേക്ക് നിയമനം നടന്നിട്ടില്ല എന്നതുകൂടി ഈ സാഹചര്യത്തില്‍ ഓര്‍ക്കണം. രാജ്യത്തിന്റെ പല ഭാഗത്തായി നടക്കുന്ന റിക്രൂട്ട്‌മെന്റ് റാലികള്‍ പാതിവഴിയില്‍ നിലച്ചിരിക്കുകയാണ്. ശാരീരിക, വൈദ്യ പരിശോധനകള്‍ പൂര്‍ത്തിയാക്കി ആറുലക്ഷത്തിലേറെ പേരാണ് എഴുത്തുപരീക്ഷയ്ക്കായി കാത്തിരിക്കുന്നത്. ഈ എഴുത്തുപരീക്ഷ റദ്ദായതോടെ നിരവധിപേര്‍ക്ക് അവസരം നഷ്ടപ്പെടും. ഇതില്‍ പലര്‍ക്കും അഗ്നിപഥ് പദ്ധതിയില്‍ ചേരാനുള്ള പ്രായപരിധിയും കഴിയുകയും ചെയ്യും. പുതിയ പദ്ധതിയില്‍ പെന്‍ഷന്‍ പോലെയുള്ള ആനുകൂല്യങ്ങളില്ലാത്തതും പ്രതിഷേധത്തിന് കാരണമാണ്. കേരളത്തില്‍ ഇതുവരെ പദ്ധതിക്കെതിരെ തീവ്രമായ പ്രതിഷേധം രൂപപ്പെട്ടുവന്നിട്ടില്ല. അഗ്നിപഥ് പദ്ധതി പിന്‍വലിക്കണമെന്നും സായുധസേനയിലേക്കുള്ള സാധാരണ റിക്രൂട്ട്‌മെന്റ് നടത്തണമെന്നുമാണ് പ്രതിഷേധിക്കുന്ന യുവാക്കളുടെ ആവശ്യം. 

military1
നാലുവര്‍ഷത്തിന് ശേഷം 75 ശതമാനം ആളുകളും പുറത്തുപോകണം. പിന്നീട് അവര്‍ മറ്റു ജോലികള്‍ കണ്ടെത്തണം. / Photo: Flickr

രാജ്യം ഏറ്റവും കുടുതല്‍ പണം ചെലവാക്കുന്ന ഒരു മേഖലാണ് പ്രതിരോധം. അഗ്നിപഥ് പദ്ധതി വിജയകരമായാല്‍ പ്രതിരോധ ബജറ്റില്‍ കാര്യമായ മിച്ചം ലഭിക്കുമെന്നാണ് പ്രതിരോധ മന്ത്രാലയം അവകാശപ്പെടുന്നത്. താത്കാലിക നിയമനം ലഭിക്കുന്നവര്‍ നാലുവര്‍ഷത്തിനുശേഷം പിരിഞ്ഞുപോയാല്‍ അവര്‍ക്ക് പെന്‍ഷന്‍ നല്‍കേണ്ട എന്നത് ചെലവ് കുറയാനുള്ള കാരണമായാണ് ചൂണ്ടിക്കാണിക്കുന്നത്. 2022-23 ലെ ഇന്ത്യയുടെ പ്രതിരോധ ബജറ്റ് 5,25,166 കോടി രൂപയാണ്. ഇതില്‍ 1,19,696 കോടി രൂപ പെന്‍ഷന്‍ നല്‍കാന്‍ വേണ്ടിയുള്ളതാണ്. റവന്യൂ ചെലവ് വിഹിതം 2,33,000 കോടി രൂപയാണ്. ശമ്പളവും സൈന്യത്തിന്റെ പരിപാലനവുമാണ് റവന്യൂ ചെലവില്‍ ഉള്‍പ്പെടുന്നത്.

ALSO READ

ഭരണഘടനയെ അർഥശൂന്യമാക്കുകയാണ്​, അതിനെ നിലനിർത്തിക്കൊണ്ടുതന്നെ

പ്രതിരോധ ബജറ്റ് കുറയ്ക്കാനും കൂടുതല്‍ ആളുകളെ സൈനികസേവനത്തിന് പ്രേരിപ്പിക്കുന്നതിലൂടെ രാജ്യസുരക്ഷ ഉറപ്പാക്കാനുമാകുമെന്നാണ് ബി.ജെ.പി. സര്‍ക്കാരിന്റെ വാദം. എന്നാല്‍ ചെലവ് കുറയ്ക്കാന്‍ ഈ പദ്ധതി ഉപകരിക്കില്ലെന്നാണ് എതിര്‍വാദമുന്നയിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. കാരണം, വര്‍ഷം തോറും രാജ്യമെമ്പാടും നടക്കുന്ന റിക്രൂട്ട്്‌മെന്റ് റാലികളും പരിശീലനങ്ങളുമാകുമ്പോള്‍ ചെലവ് കുറയുമെന്ന് പറയുന്നത് എങ്ങനെ ശരിയാകുമെന്ന ചോദ്യമാണ് ഉയരുന്നത്.  

പ്രതിഷേധം അവസാനിച്ചോ

പ്രതിഷേധങ്ങള്‍ കൂടുതല്‍ വ്യാപിക്കാതിരിക്കാനുള്ള ചില നീക്കങ്ങളും സംഘപരിവാര്‍ അനുകൂല കേന്ദ്രങ്ങളില്‍ നിന്ന് ഉണ്ടാകുന്നുണ്ട്. ഉയര്‍ന്ന പ്രായ പരിധി വര്‍ധിപ്പിക്കുകയും പൊലീസില്‍ ഉള്‍പ്പെടെ തൊഴിലവസരം ഒരുക്കുമെന്ന പ്രഖ്യാപിക്കുകയും ചെയ്തത് പ്രതിഷേധം തണുപ്പിക്കുന്നതിന്റെ ഭാഗം തന്നെയാണ്. അതോടൊപ്പം പ്രതിഷേധം അത്ര ശക്തമല്ലെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമങ്ങള്‍ സംഘപരിവാര്‍ അനുകൂല സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ നടത്തുന്നുണ്ട്. സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ പ്രതിഷേധം അവസാനിച്ചുവെന്ന തരത്തിലുള്ള പ്രചാരണമാണ് നടക്കുന്നത്. ജനങ്ങളെ ബി.ജെ.പി.യ്‌ക്കെതിരെ തിരിക്കാനുള്ള ഉപകരണമായി അഗ്നിപഥിനെതിരായ പ്രതിഷേധത്തെ ഉപയോഗിക്കാനുള്ള ശ്രമം നടക്കില്ലെന്നും അവര്‍ പറയുന്നു.

protest
ബിഹാറില്‍ അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധിച്ചവര്‍ ട്രെയിനിന് തീയിട്ടപ്പോള്‍ / Photo: Screengrab ANI

എന്നാല്‍ രാജ്യത്തിന്റെ പലഭാഗത്തും പ്രതിഷേധം ശക്തമായി തുടരുക തന്നെയാണെന്നതാണ് വാസ്തവം. കൂടുതല്‍ സ്ഥലങ്ങളിലേക്ക് പ്രതിഷേധം വ്യാപിക്കുന്നുമുണ്ട്. ട്രെയിനുകള്‍ തീയിട്ടും റോഡുകള്‍ ഉപരോധിച്ചും യുവാക്കള്‍ പ്രതിഷേധിക്കുകയാണ്. പ്രതിഷേധത്തിനിടെ തെലങ്കാനയില്‍ ഒരാള്‍ മരിക്കുകയും ചെയ്തു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തുടങ്ങിയ പ്രതിഷേധം ദക്ഷിണേന്ത്യയിലും അതിശക്തമായി പടരുകയാണ്.

സൈന്യം അസ്ഥിരമാകുമോ?

അന്തരിച്ച ജനറല്‍ ബിപിന്‍ റാവത്താണ് അഗ്നിപഥ് പദ്ധതിയുടെ ആശയം കൊണ്ടുവന്നത്. അന്നു തന്നെ സൈന്യത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നു തന്നെ എതിര്‍പ്പുകളുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സൈന്യത്തിലേക്ക് വരുന്നവര്‍ രാജ്യത്തിന് വേണ്ടി മരിക്കാന്‍ വരെ തയ്യാറായി വരുന്നവരാണ്. നാലുവര്‍ഷത്തേക്ക് നിയമനം ലഭിക്കുന്നവര്‍ അങ്ങനെയാണോ വരിക എന്നതായിരുന്നു ഉന്നയിക്കപ്പെട്ട ഒരു ചോദ്യം. 

സൈന്യത്തെ നവീകരിക്കുന്നതിനുള്ള ആലോചനകളുടെയും ചര്‍ച്ചകളുടെയും ഫലമായാണ് അഗ്നിപഥ് പദ്ധതി രൂപപ്പെടുന്നത്. ഇന്ത്യന്‍ സൈന്യത്തിന്റെ ഇപ്പോഴത്തെ ശരാശരി പ്രായം 32 വയസ്സാണ്. മറ്റു പല രാജ്യങ്ങളുടെയും സൈനികരുടെ ശരാശരി പ്രായവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് കൂടുതലാണെന്ന അഭിപ്രായം ഉന്നത സൈനികതല ചര്‍ച്ചകളില്‍ നേരത്തെ തന്നെ ഉയര്‍ന്നിരുന്നു. അഗ്നിപഥ് നടപ്പാക്കുമ്പോള്‍ ആറോ ഏഴോ വര്‍ഷത്തിനകം ഇന്ത്യന്‍ സൈനികരുടെ ശരാശരി പ്രായം 26 വയസ്സാകും. 

സൈന്യത്തിന് കൂടുതല്‍ യുവത്വമുണ്ടാകുന്നത് ചടുലതയും കാര്യക്ഷമതയും വര്‍ധിപ്പിക്കുമെന്ന് പറയുമ്പോള്‍ തന്നെ ചറിയ പ്രായത്തിലുള്ളവരെ റിക്രൂട്ട് ചെയ്യുന്നത് ഗുണമേന്‍മയെ ബാധിക്കുമെന്നും വിമര്‍ശനമുയരുന്നുണ്ട്. പത്താം ക്ലാസോ 12-ാം ക്ലാസോ മാത്രം യോഗ്യതയുള്ളവരെയാണ് ആറുമാസത്തെ പരിശീലനത്തിലൂടെ സൈന്യത്തിലേക്കെടുക്കുക്കുന്നത്. 17.5 മുതല്‍ 21 വയസ്സ് വരെയുള്ളവര്‍ക്കാണ് അപേക്ഷിക്കാനാകുന്നത്. പ്രതിഷേധങ്ങളെ തുടര്‍ന്ന് ഈ വര്‍ഷത്തേക്ക് മാത്രം ഉയര്‍ന്ന പ്രായപരിധി 23 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. 17.5 വയസ്സുള്ള കുട്ടികള്‍ സ്‌കൂളില്‍ നിന്ന് നേരെ സൈന്യത്തിലേക്കെത്തുമ്പോള്‍ അവരില്‍ നിന്ന് എങ്ങനെയാണ് സൈനികര്‍ക്കുവേണ്ട കാര്യക്ഷമത പ്രതീക്ഷിക്കുക. നാലുവര്‍ഷത്തിനുശേഷം 23 വയസ്സാകുമ്പോള്‍ സൈനികസേവനം അവസാനിപ്പിച്ച് ഇവരില്‍ വലിയ വിഭാഗത്തിന് പുറത്തേക്കിറങ്ങേണ്ടിവരുന്നു. 21 വയസ്സുള്ളവരാണെങ്കില്‍ ഇറങ്ങുമ്പോള്‍ അവര്‍ക്ക് 25 വയസ്സുണ്ടാകും.

military
സൈന്യത്തിന് കൂടുതല്‍ യുവത്വമുണ്ടാകുന്നത് ചടുലതയും കാര്യക്ഷമതയും വര്‍ധിപ്പിക്കുമെന്ന് പറയുമ്പോള്‍ തന്നെ ചറിയ പ്രായത്തിലുള്ളവരെ റിക്രൂട്ട് ചെയ്യുന്നത് ഗുണമേന്‍മയെ ബാധിക്കുമെന്നും വിമര്‍ശനമുയരുന്നുണ്ട്. / Photo: Wikimedia Commons

മതിയായ വിദ്യാഭ്യാസമോ വിവരമോ ഇല്ലാത്ത പ്രായത്തില്‍ സൈന്യത്തില്‍ പോയി ആയുധപരിശീലനം നേടി വരുന്ന ഈ കുട്ടികള്‍ നാലുവര്‍ഷം കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ അവര്‍ സമൂഹത്തില്‍ ഏത് വിധത്തിലൊക്കെ പ്രവര്‍ത്തിക്കാം എന്നത് ആശങ്കപ്പെടേണ്ട കാര്യമാണ്. ആയുധ പരിശീലനം നേടിയ ചെറുപ്പക്കാരെ ദുരുപയോഗം ചെയ്യാന്‍ തീവ്രവാദ സംഘടനകള്‍ക്കടക്കം സാധിക്കും. ആയുധ പരിശീലനം ലഭിക്കാനുള്ള വഴിയായി സമൂഹവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ ഇത്തരം റിക്രൂട്ട്‌മെന്റുകള്‍ ഉപയോഗപ്പെടുത്താനും ശ്രമിച്ചേക്കും. ഇത് രാജ്യ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാകും. അതുകൊണ്ടുതന്നെ വളരെ കൃത്യമായുള്ള സ്‌ക്രൂട്ടിനി നടത്തി തന്നെയായിരിക്കണം റിക്രൂട്ട്‌മെന്റ് റാലികളിലൂടെ ആളുകളെ തെരഞ്ഞെടുക്കേണ്ടത്. അതോടൊപ്പം രാഷ്ട്രീയ പാര്‍ട്ടികളും മറ്റു സംഘടനകളും കോര്‍പറേറ്റുകളുമൊക്കെ സൈനിക പരിശീലനം ലഭിച്ചവരെ അവരുടെ നേട്ടങ്ങള്‍ക്ക് ഉപയോഗിക്കാന്‍ തയ്യാറാകും.  

ലക്ഷ്യം ആജ്ഞാനുവര്‍ത്തികളുടെ കൂട്ടം

സമൂഹവിരുദ്ധ സംഘടനകള്‍ ആയുധപരിശീലനം നേടിയവരെ ഉപയോഗിക്കാമെന്നത് അവഗണിക്കാനാകാത്ത ഒരു സാധ്യത തന്നെയാണ്. എന്നാല്‍ ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ അതിനേക്കാള്‍ ഭയക്കേണ്ട മറ്റൊരു കാര്യമുണ്ട്. സൈന്യത്തെ രാഷ്ട്രീയമായി ഉപയോഗിക്കാനും സൈനികപരിശീലനം ലഭിച്ചവരെ ഉപയോഗിച്ച് സമൂഹത്തെ സൈനികവത്കരിക്കാനുമുള്ള സംഘപരിവാര്‍ അജണ്ടയാണിതെന്നതാണത്. സമൂഹത്തെ സൈനികവത്കരിക്കുക എന്നതിലൂടെ അവര്‍ ഉദ്ദേശിക്കുന്നത് അച്ചടക്കമുള്ള, അനുസരണയുള്ള രാജ്യസ്‌നേഹികളുടെ കൂട്ടമായി ജനതയെ മാറ്റുക എന്നതാണ്. അതിലേക്കുള്ള വലിയൊരു ചുവടായി തന്നെ ഇതിനെ കാണണം. 

ALSO READ

ജനാധിപത്യ രാജ്യവും മുറിവേറ്റ കര്‍ഷകരും

പതിനേഴര വയസ്സുള്ള കുട്ടികളെ സൈന്യത്തിലേക്കെടുക്കുക എന്നതുതന്നെ അവരെ രാഷ്ട്രീയമായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ്. രാഷ്ട്രീയബോധ്യങ്ങള്‍ രൂപപ്പെട്ടുവരുന്ന പ്രായത്തില്‍ തന്നെ സൈന്യത്തിലെത്തിച്ച് അവരെ തങ്ങള്‍ ആഗ്രഹിക്കുന്ന തീവ്ര ദേശീയതയുടെയും സങ്കുചിത രാഷ്ട്രീയത്തിന്റെയും ഭാഗമാക്കി മാറ്റുക തന്നെയാണ് സംഘപരിവാര്‍ ലക്ഷ്യമിടുന്നത്. നാലുവര്‍ഷം കഴിഞ്ഞ് തിരിച്ചുവരുന്ന ഇവര്‍ ആര്‍.എസ്.എസിന്റെയും ബി.ജെ.പി.യുടെയും പടയാളികളായി തന്നെ നില്‍ക്കുമെന്നേ കരുതാനാകൂ. 

സൈനിക പരിശീലനം ലഭിച്ച ഇവര്‍ മറ്റേത് മേഖലയില്‍ പ്രവര്‍ത്തിച്ചാലും സമൂഹത്തിന് ബാധ്യതയാകാനുള്ള സാധ്യത വളരെയധികമാണ്. കാരണം, ഓരോ വര്‍ഷവും ആയിരക്കണക്കിന് യുവാക്കള്‍ സൈന്യത്തില്‍ നിന്ന് പരിശീലനവും പരിചയവും നേടി പൊതുസമൂഹത്തിലേക്കിറങ്ങുമ്പോള്‍, അവര്‍ക്ക് സംതൃപ്തമായ മറ്റു ജോലികള്‍ കിട്ടാതിരുന്നാല്‍ അത് നാടിനെ അരാജകത്വത്തിലേക്ക് നയിക്കും. ഇപ്പോള്‍ സൈന്യത്തില്‍ വിരമിച്ച് ആയിരക്കണക്കിനാളുകള്‍ വരുന്നില്ലേ, അവരൊന്നും സമൂഹത്തിന് ബാധ്യതയാകുന്നില്ലല്ലോ എന്ന ചോദ്യമാണ് ഈ വാദത്തെ എതിര്‍ക്കുന്നവര്‍ ഉന്നയിക്കുന്നത്. വര്‍ഷങ്ങളോളം സൈന്യത്തില്‍ പ്രവര്‍ത്തിച്ച് വിരമിച്ച് വരുന്നവര്‍ക്ക് പെന്‍ഷനും ആനകൂല്യങ്ങളുമെല്ലാമുണ്ട്. അവരുടെ പ്രായം ഏറ്റവും കുറഞ്ഞത് 35 വയസ്സെങ്കിലുമായിരിക്കും. പക്ഷെ ഇവിടെ അങ്ങനെയല്ല കാര്യങ്ങള്‍ എന്നത് തന്നെയാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്.

ബി.എസ്. മൂഞ്ചേ ഇറ്റാലിയന്‍ ഏകാധിപതിയായിരുന്ന മുസോളിനിയെ കണ്ട് അവിടെ ഫാസിസം എങ്ങനെയാണ് മിലിറ്ററൈസേഷന്‍ നടപ്പാക്കുന്നത് എന്ന് പഠിച്ച് വന്നിട്ടാണ് ആര്‍.എസ്.എസിന് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നത്. ജര്‍മനി എങ്ങനെയാണ് സെമിറ്റിക് വിശ്വാസങ്ങളെ പുറന്തള്ളി രാജ്യത്തെ രൂപപ്പെടുത്തിയതെന്ന് ഗോള്‍വാള്‍ക്കര്‍ We or Our Nationhood Defined എന്ന പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്. ഈ മാതൃകകളുടെ മറ്റൊരു രൂപത്തിലേക്കാണ് ഇപ്പോള്‍ ഇന്ത്യ പോയിക്കൊണ്ടിരിക്കുന്നത്. ആ പതനത്തിന് ആക്കം കൂട്ടാനുള്ള ഇന്ധനമാണ് അഗ്നിവീരന്‍മാരെ സൃഷ്ടിക്കാനുള്ള പദ്ധതി. 

ഇപ്പോള്‍ ഒരു വര്‍ഷം 46,000 പേരെ നിയമിക്കുമെന്നാണ് പറയുന്നത്. ഇനി സാധാരണ സൈനിക റിക്രൂട്ട്‌മെന്റുകള്‍ ഉണ്ടാകില്ലെന്നും അഗ്നിപഥ് റിക്രൂട്ട്‌മെന്റിലൂടെ തെരഞ്ഞെടുക്കപ്പെട്ട് മികവ് തെളിയിക്കുന്നവര്‍ മാത്രമായിരിക്കും സൈന്യത്തില്‍ സ്ഥിരനിയമനം നേടുകയെന്നുമാണ് നാവികസേന മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. അതുകൊണ്ടുതന്നെ അഗ്നിപഥ് റിക്രൂട്ട്‌മെന്റിലൂടെ നിയമിക്കുന്ന ആളുകളുടെ എണ്ണം ഭാവിയില്‍ വര്‍ധിപ്പിച്ചേക്കാം. അല്ലെങ്കില്‍ നിര്‍ബന്ധിത സൈനിക സേവനമായി ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള സാധ്യതയുമുണ്ടാകാം. 

protest
സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ പ്രതിഷേധം അവസാനിച്ചുവെന്ന തരത്തിലുള്ള പ്രചാരണമാണ് നടക്കുന്നത്. / Photo: Screengrab ANI

സൈന്യത്തിന്റെ അച്ചടക്കം പതിയെ പൊതുസമൂഹത്തിനുമേല്‍ അടിച്ചേല്‍പ്പിക്കാനുള്ള നീക്കമായാണ് ഇതിനെ കാണേണ്ടത്. വര്‍ഷം തോറും റിക്രൂട്ട്‌മെന്റ് നടത്തി ഏതാനും വര്‍ഷങ്ങള്‍ കഴിയുമ്പോഴേക്കും സമൂഹത്തെ സൈനികവത്കരിക്കാനാണ് ബി.ജെ.പി. സര്‍ക്കാരിന്റെ ശ്രമം. കായികശേഷിയുള്ള, ആയുധം ഉപയോഗിക്കാനറിയുന്ന, അനുസരണയുള്ള, അച്ചടക്കമുള്ള ഒരു സമൂഹത്തെ സൃഷ്ടിച്ച് രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് ഇത് നടപ്പാക്കുന്നവരുടെ ലക്ഷ്യമെന്നത് വ്യക്തമാണ്. അതിശക്തനായ ഒറ്റ നേതാവും ആജ്ഞാനുവര്‍ത്തികളായ അനുയായികളുടെ പാര്‍ട്ടിയും അച്ചടക്കമുള്ള, ചോദ്യങ്ങളുന്നയിക്കാത്ത സമൂഹവുമെന്ന ആശയത്തിലേക്കാണ് ബി.ജെ.പി. രാജ്യത്തെ നയിക്കുന്നത്.

കരാര്‍വത്കരണം എന്ന അപകടം

2020-ലാണ്  രാജ്യത്ത് നിലവിലുണ്ടായിരുന്ന 44 തൊഴില്‍ നിയമങ്ങള്‍ നാല് കോഡുകളിലേക്ക് ചുരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുന്നത്. ആഗോള കോര്‍പറേറ്റുകളുടെ അധിനിവിശേത്തിന് വഴിയൊരുക്കുന്നതിനാണ് ലോക ബാങ്കിന്റെ നിര്‍ദേശപ്രകാരമുള്ള ഈ നടപടി. രാജ്യങ്ങളിലേക്ക് കോര്‍പറേറ്റുകള്‍ക്ക് പ്രവേശിക്കുന്നതിനുള്ള സൗകര്യം സംബന്ധിച്ച് ലോക ബാങ്ക് പ്രസിദ്ധീകരിച്ച റഗുലേഷന്‍ ഓഫ് എന്‍ട്രി (Regulation of Entry) റിപ്പോര്‍ട്ടിലാണ് അനായാസ സംരംഭകത്വ സൂചിക (The Ease of Doing Business Index) എന്ന സങ്കല്‍പം അവതരിപ്പിക്കപ്പെട്ടത്. ഈ സൂചികയില്‍ പന്നോക്കമായ രാജ്യങ്ങളിലേക്ക് നിക്ഷേപം എത്തില്ല. അതോടെ ഇന്ത്യ അടക്കമുള്ള മൂന്നാം ലോക രാജ്യങ്ങള്‍ ആഗോള വമ്പന്‍മാരുടെ നിക്ഷേപം ആകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ഇതിന്റെ ഭാഗമായാണ് തൊഴില്‍ നിയമങ്ങളുടെ കോഡീകരണം. തൊഴില്‍ നിയമങ്ങള്‍ കോഡുകളായതോടെ തൊഴിലാളികളുടെ അവകാശങ്ങള്‍ പലതും ഇല്ലാതായി. കരാര്‍ നിയമനങ്ങള്‍ക്ക് നിയമസാധുതയായി. കരാര്‍ തൊഴിലാളികളുടെ ഉത്തരവാദിത്വം തൊഴിലുടമയ്ക്കല്ല, കരാറുകാര്‍ക്കാണ്.

ALSO READ

ടിക്കറ്റില്ല, ലക്ഷദ്വീപ്​ എങ്ങനെ രണ്ടു കപ്പലിൽ സഞ്ചരിക്കും?

തൊഴിലുടമകള്‍ക്ക് മാത്രം സഹായകമാകുന്ന തൊഴില്‍മേഖയിലെ കരാര്‍വത്കരണം എല്ലാ മേഖലകളിലേക്കും വ്യാപിച്ച്, സ്ഥിരനിയമനം എന്ന സങ്കല്‍പം തന്നെ ഇല്ലാതാക്കാനുള്ള നീക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. സൈനികരെയും കരാര്‍ തൊഴിലാളികളാക്കുന്നതിന്റെ തുടക്കമാണ് അഗ്നിപഥ്. സ്ഥിരം സൈനികരും കെട്ടുറപ്പുള്ള സൈന്യവും എന്നതില്‍ നിന്ന് മാറി താത്കാലികമായി വന്നുപോകുന്ന, വലിയ അവകാശങ്ങളൊന്നുമില്ലാത്ത വെറും കരാര്‍ തൊഴിലാളികളുടെ കൂട്ടമായി സൈന്യത്തെ മാറ്റുന്നതിലേക്ക് വരെ ഈ പദ്ധതി എത്തിയേക്കാം. കരാര്‍ തൊഴിലാളികള്‍ക്ക് ജോലി ചെയ്യുന്ന കാലത്ത് കൂലി വാങ്ങുക എന്നതില്‍ കവിഞ്ഞ ആത്മാര്‍ഥത ഉണ്ടാകേണ്ട കാര്യമില്ല. അതുകൊണ്ട് സൈന്യത്തില്‍ താത്കാലിക നിയമനങ്ങള്‍ കൊണ്ടുവരുന്നത് അപകടകരമാണെന്ന കാര്യത്തില്‍ സംശയമില്ല. 
തൊഴില്‍ നിയമവും കര്‍ഷക ബില്ലുകളും ജി.എസ്.ടി.യും ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാര്‍ അടുത്ത കാലത്തായി കൊണ്ടുവന്ന എല്ലാ പരിഷ്‌കാരങ്ങളുടെയും തുടര്‍ച്ച തന്നെയാണ് ഇപ്പോള്‍ സൈന്യത്തിലും നടപ്പാക്കുന്നത്. ഓരോന്നും ഓരോ വിഭാഗത്തിനെ മാത്രം ബാധിക്കുന്നതാണെന്ന ധാരണ പ്രശ്‌നമാണ്. എല്ലാം ഒറ്റ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. അത് തിരിച്ചറിഞ്ഞില്ലെങ്കില്‍ വരാനിരിക്കുന്നത് വലിയ അപകടമാണ്.

  • Tags
  • #Agneepath Scheme
  • #Agneepath Recruitment
  • #BJP
  • #Indian Military
  • #Military Recruitment
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
bbc

National Politics

പ്രമോദ് പുഴങ്കര

ബി.ബി.സി ഡോക്യുമെന്ററി കാണിച്ചുതരുന്നു; ഫാഷിസം തുടര്‍ച്ചയാണ്, അതിന്  ഉപേക്ഷിക്കാവുന്ന ഒരു ഭൂതകാലമില്ല

Jan 26, 2023

9 Minutes Read

 banner_27.jpg

National Politics

കെ.ടി. കുഞ്ഞിക്കണ്ണൻ

കോൺഗ്രസിന്റെ ചരിത്രം പറയും, അനിൽ ആൻറണിമാർ ഒരപവാദമല്ല

Jan 25, 2023

6 Minutes Read

john brittas

Interview

ജോണ്‍ ബ്രിട്ടാസ്

മോദി - ഷാ കൂട്ടുകെട്ടിനെ ഏറ്റവും കൂടുതല്‍ പേടിക്കുന്നത് ബി.ജെ.പി. എം.പിമാര്‍

Jan 16, 2023

35 Minutes Watch

John Brittas

Interview

ജോണ്‍ ബ്രിട്ടാസ്

മുജാഹിദ് സമ്മേളന വിവാദത്തിനുപുറകിലുണ്ട് സംഘ്പരിവാറിന്റെ ‘ഗ്രാൻറ്​ സ്ട്രാറ്റജി’

Jan 05, 2023

5 Minutes Read

john brittas

Interview

ജോണ്‍ ബ്രിട്ടാസ്

‘‘ഫോണെടുക്കാന്‍ പറ്റാത്ത തരത്തിലുള്ള ഭീഷണികള്‍ എനിക്ക് വന്നുകൊണ്ടിരിക്കുന്നു’’

Jan 05, 2023

2 Minutes Read

John Brittas

Interview

ജോണ്‍ ബ്രിട്ടാസ്

ബ്രിട്ടാസിനെതിരെ നിരന്തര ഭീഷണി; പിന്നില്‍ സംഘപരിവാര്‍ പൊളിഞ്ഞതിന്റെ പരിഭ്രാന്തി

Jan 04, 2023

12 Minutes Read

mujahid

KNM conference

മുജീബ് റഹ്​മാന്‍ കിനാലൂര്‍ 

ചരിത്രത്തിലാദ്യമായി മുജാഹിദ് സമ്മേളനവേദിയില്‍ ദേശീയഗാനം മുഴങ്ങിയത് യാദൃച്ഛികമല്ല

Dec 31, 2022

6 Minutes Read

PATHAAN

Cultural Studies

ഡോ. ടി.എസ്. ശ്യാംകുമാര്‍

രതിയുടെയും കാമത്തിന്റെയും ഇന്ത്യ

Dec 16, 2022

10 Minutes Read

Next Article

പു.ക.സക്ക്​ എന്തിനാണ്​ ഒരു മുഖ്യമന്ത്രി?

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster