എയ്ഡഡ് നിയമനങ്ങൾ പി.എസ്.സിക്ക്; തുടർഭരണം നേടിയ സർക്കാറിന് എന്താണ് തടസ്സം

കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങൾ പി.എസ്.സി. മുഖേന നടത്തുന്നതിനെക്കുറിച്ചുള്ള ആലോചനകൾക്കും സമവായ ചർച്ചകൾക്കും ഏറ്റവും അനുയോജ്യമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇവിടെ അധികാരത്തിലിരിക്കുന്നത് ഇച്ഛാശക്തിയുള്ള സർക്കാരാണ് എന്നത് രാഷ്ട്രീയമായ വിയോജിപ്പുള്ളവർ പോലും അംഗീകരിക്കുന്ന കാര്യമാണ്. പ്രവർത്തനമികവിന്റെ അടിസ്ഥാനത്തിലാണല്ലോ ഇടതുപക്ഷ മുന്നണിക്ക് തുടർഭരണം ലഭിച്ചിട്ടുള്ളത്.

ഐക്യ കേരളത്തിലെ ആദ്യ സർക്കാർ ആവിഷ്‌കരിച്ച കേരള വിദ്യാഭ്യാസ ബില്ലിലെ (1957) ഒരു പ്രധാന നിർദേശം സ്വകാര്യ സ്‌കൂളുകളിലെ അധ്യാപകരെ നിയമിക്കേണ്ടത് സർക്കാർ തയ്യാറാക്കുന്ന യോഗ്യരായ അധ്യാപക ഉദ്യോഗാർഥികളുടെ ലിസ്റ്റിൽനിന്നായിരിക്കണം എന്നതായിരുന്നു. സദുദ്ദേശ്യ പരവും പുരോഗമനപരവുമായ ആ നിർദ്ദേശത്തെ ആകാവുന്ന വിധത്തിലൊക്കെ എതിർത്തുതോൽപിച്ച സമ്മർദ്ദഗ്രൂപ്പുകളുടെ പ്രഹരശേഷിയുടെ ശോഷണം "ന്യൂ നോർമൽ' കാലത്തിന്റെ സവിശേഷതകളിലൊന്നാണ്. അവർ കാലത്തിന്റെ മാറ്റവും പൗരസമൂഹത്തിന്റെ സ്പന്ദനവും തിരിച്ചുകൊണ്ടുള്ള നിലപാട് സ്വീകരിക്കുമോ.

സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്ന സമുദായിക മാനേജ്‌മെന്റുകളിൽ ആർക്കെങ്കിലും നിലവിലുള്ള സർക്കാരിനോട് എന്തെങ്കിലും രാഷ്ട്രീയ വിയോജിപ്പുണ്ടെങ്കിൽതന്നെയും അവയൊക്കെ മാറ്റിവെച്ച് പോതുനന്മയ്ക്ക് ഗുണകരമവുന്ന വിശാല കാഴ്ചപ്പാട് സ്വീകരിക്കണം. ന്യൂനപക്ഷവകാശങ്ങളുടെ പേരിൽ തങ്ങളുടെ സ്ഥാപനങ്ങളിലെ നിയമനങ്ങൾ കുത്തകയാക്കി വെച്ചിരിക്കുന്ന മാനേജ്‌മെന്റുകൾ യഥാർത്ഥത്തിൽ തങ്ങളുൾക്കൊള്ളുന്ന വിഭാഗങ്ങളിലെ സാമ്പത്തികമായി ദുർബലരായിട്ടുള്ളവരെ നിയമനകാര്യത്തിൽ അടുപ്പിക്കുന്നില്ലയെന്നതാണ് വാസ്തവം.

എസ്.എൻ.ഡി.പി. യോഗത്തിന്റെയും എസ്.എൻ. ട്രസ്റ്റിന്റെയും കീഴിലുള്ള സ്‌കൂളുകളിലെയും കോളേജുകളിലെയും നിയമനങ്ങൾ സർക്കാരിന് വിട്ടുകൊടുക്കാൻ തയ്യാറാണ് എന്ന് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രഖ്യാപിച്ചത് വിദ്യാഭ്യാസത്തിന് വളരെയേറെ പ്രാധാന്യം നൽകുന്ന കേരളീയ സമൂഹം ഗൗരവത്തോടുകൂടി പരിഗണിക്കേണ്ടതും ചർച്ച ചെയ്യേണ്ടതുമായ കാര്യമാണ്. എസ്.എൻ.ഡി.പി. യോഗം മാത്രമല്ല എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ സാമൂഹ്യനീതിയും നിയമപരമായി സ്ഥാപിക്കപ്പെട്ടിട്ടുള്ള സംവരണ മാനദണ്ഡങ്ങളും നിഷേധിച്ച്​കോഴനിയമനം നടത്തി സർക്കാരിനെക്കൊണ്ട് ശമ്പളം കൊടുപ്പിക്കുന്ന എല്ലാ ജാതി/സമുദായ/വ്യക്തിഗത മാനേജ്മെന്റുകളും കാലം ആവശ്യപ്പെടുന്ന നൈതിക രീതിയിലേക്ക് മാറേണ്ടതുണ്ട്.

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഗുണനിലവാരത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളും വിലയിരുത്തലുകളുമുണ്ടെങ്കിലും പൊതുവിദ്യാഭ്യാസത്തിന്റെ മെച്ചപ്പെട്ട സംഘാടനത്തിലും കാര്യക്ഷമതയിലും കേരളം രാജ്യത്ത് മുൻപന്തിയിൽത്തന്നെയാണ്. ഏറെ ചർച്ചചെയ്യപ്പെട്ടിട്ടുള്ള കേരള വികസന മാതൃകയ്ക്ക് അടിസ്ഥാനമായി നിലകൊള്ളുന്ന ഒരു പ്രധാന ഘടകം പൊതുവിദ്യാഭ്യാസ മേഖലയാണ് എന്ന കാര്യത്തിലും തർക്കമുണ്ടാവില്ല. ഇവിടുത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ രൂപീകരണത്തിന്റെയും വളർച്ചയുടെയും ഒപ്പം തന്നെ കാലങ്ങളായി വിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന അനീതിയും അന്യായവും എന്തൊക്കെയാണെന്ന് പരിശോധിക്കേണ്ടത് പ്രസക്തമായ കാര്യമാണ്.

സ്വകാര്യ വിദ്യാഭ്യാസ മാനേജർമാരോ, ജാതി - മത സംഘടനകളുടെ സമിതികളോ തന്നിഷ്ടത്തോടെ തങ്ങളുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കോഴ വാങ്ങി നിയമനം നടത്തുമ്പോൾ അവർക്ക് ശമ്പളം കൊടുക്കേണ്ടത് സർക്കാരിന്റെ ബാധ്യതയായി തീരുന്നത് നീതിശാസ്ത്രത്തിന്റെ ഏതളവുകോലുകൊണ്ട് പരിശോധിച്ചാലും ന്യായയുക്തമാവുകയില്ല. ഇത് തിരിച്ചറിയുന്നതുകൊണ്ടുകൂടിയാണ് വെള്ളാപ്പള്ളി നടേശൻ അങ്ങനെയൊരു പ്രഖ്യാപനം നടത്തിയതെന്ന് വിശ്വസിക്കുന്നതാണ് പൊതുനന്മയ്ക്ക് നല്ലതെന്ന് കരുതുന്നു. അദ്ദേഹം നയിക്കുന്ന ജാതി സംഘടനയുടെ സ്ഥാപനങ്ങൾക്കോ അവർ ഉൾകൊള്ളുന്ന സമുദായത്തിനോ ജനസംഖ്യാനുപാതികമായി സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലായെന്നുള്ള പരിഭവവും പരാതിയും ഈ പ്രഖ്യാപനത്തിനുപിന്നിലുണ്ടന്നുള്ളത് യാഥാർഥ്യമാണ്. അതേസമയം, വിഭവങ്ങളുടെ നീതിപൂർവമായ വിതരണം സാമൂഹ്യനീതിയുടെ കാതലാണെന്ന കാര്യം വിസ്മരിക്കരുത്. ഈ പുതിയകാലത്ത് ജാതി/സമുദായ/സഭാ നേതാക്ക ൾക്ക് തങ്ങൾ പ്രതിനിധീകരിക്കുന്ന ജനവിഭാഗങ്ങളുടെ അട്ടിപ്പേറാധികാരം ഉണ്ട് എന്നുള്ളത് ചില മാധ്യമങ്ങളുടെ വ്യാജനിർമിതിയാണ് എന്ന കാര്യം കഴിഞ്ഞ ഏതാനും ദശകങ്ങളിലെ കേരളത്തിന്റെ സാമൂഹ്യ- രാഷ്ട്രീയ ഗതിവിഗതികൾ, പ്രത്യേകിച്ചും, തിരഞ്ഞെടുപ്പ് രാഷ്ട്രീയം സൂക്ഷ്മമായി നിരീക്ഷിച്ചാൽ മനസ്സിലാക്കാവുന്നതേയുള്ളൂ.

കേരളത്തിലെ ആധുനിക വിദ്യാഭ്യാസ പുരോഗതിയുടെ ചരിത്രത്തിന്റെ വേരുകൾ ചെന്നെത്തുന്നത് ക്രിസ്ത്യൻ മിഷനറിമാരുടെ പ്രവർത്തനങ്ങളിലും അതോടൊപ്പം തിരുവിതാംകൂറിലെയും കൊച്ചിയിലെയും ദീർഘവീക്ഷണമുണ്ടായിരുന്ന ഭരണാധികാരികളുടെ നടപടികളിലുമാണ്. കേരളത്തിലേക്കാളുപരി ഇന്ത്യയുടെ മിക്ക പ്രദേശങ്ങളും യൂറോപ്യൻ കൊളോണിയലിസത്തിന്റെ നിയന്ത്രണത്തിലായിരുന്നുവല്ലോ. അതുപോലെ ആധുനിക കാലത്ത് ആഫ്രിക്കൻ വൻകര ഒന്നടങ്കം യൂറോപ്യൻ കൊളോണിയലിസ്റ്റുകൾ വീതം വച്ചെടുത്ത് നിയന്ത്രിച്ചിരുന്നു. ക്രിസ്ത്യൻ മിഷനറിമാരുടെ മതപ്രചാരണ പ്രവർത്തനങ്ങൾ യൂറോപ്യൻ കൊളോണിയലിസത്തിന്റെ അവിഭാജ്യ ഘടകം തന്നെയായിരുന്നു. ഇന്ത്യയുടെ ഇതരഭാഗങ്ങളിലും ആഫ്രിക്കയിലെ കൊളോണിയൽ ആധിപത്യ പ്രദേശങ്ങളിലും മിഷനറിമാരുടെ മതപ്രചാരണങ്ങളും വിദ്യാഭ്യാസ പ്രവർത്തനങ്ങളും വേണ്ടത്ര ഫലപ്രാപ്തിയിലെത്താതിരുന്നതിന്റെ പ്രധാന കാരണം അതാതിടങ്ങളിലെ തദ്ദേശീയ ഭരണാധികാരികളുടെ താല്പര്യക്കുറവായിരുന്നു. അതേസമയം കേരളത്തിലെ സഹിഷ്ണുതയുള്ള പുരോഗമനതല്പരരായിരുന്ന തദ്ദേശീയ ഭരണാധികാരികൾ ക്രിസ്ത്യൻ മിഷനറിമാരുടെ പ്രവർത്തനങ്ങൾക്ക് ആവുന്നത്ര സഹായസഹകരണങ്ങൾ നൽകിയിരുന്നു.

1817-ൽ റെവ്. ജൂഡ്‌സൺ എന്ന ക്രിസ്ത്യൻ മിഷനറി സ്ഥാപിച്ച ഫോർട്ട് കൊച്ചിയിലെ സെന്റ് ഫ്രാൻസിസ് ചർച്ച് എൽ.പി. സ്‌കൂൾ. സംസ്ഥാനത്തെ ആദ്യ ഇംഗ്ലീഷ് മീഡിയം വിദ്യാലയമാണിത്.

ഇവിടുത്തെ മിഷനറിമാരുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് വിവിധ ലക്ഷ്യങ്ങളുണ്ടായിരുന്നു. അത് പ്രധാനമായും അവരുടെ പ്രേഷിത പ്രവർത്തനങ്ങളുടെ ഭാഗമായിരുന്നു. പുതിയ തലമുറയെ തങ്ങളുടെ മതവിശ്വാസത്തിനനുസൃതമായി വാർത്തെടുക്കുകയെന്നതായിരുന്നു പ്രധാന ലക്ഷ്യം. കേരളത്തിൽ ക്രിസ്തുമത വിശ്വാസം എത്തിപ്പെട്ട സ്ഥലങ്ങളിലൊക്കെ പള്ളികൾ സ്ഥാപിച്ചു. പള്ളിയോടനുബന്ധിച്ച് ഷെഡ് കെട്ടി പള്ളിക്കൂടങ്ങളും സ്ഥാപിച്ചു. അവിടങ്ങളിൽ ക്രിസ്ത്യൻ അന്തരീക്ഷത്തിനനുസൃതമായ വിദ്യാഭ്യാസ പ്രവർത്തനങ്ങളും തുടർന്നുപോന്നു. സേവനപ്രവർത്തനങ്ങളോടും ആശയ പ്രചാരണത്തോടുമൊപ്പം സാമ്പത്തിക താല്പര്യങ്ങളുമുണ്ടായിരുന്നു. കാലക്രമേണ സേവനം ബിസിനസിന്റെ രീതിയിലേക്ക് മാറുന്നതോ വിദ്യാഭ്യാസ ബിസിനസ് സേവനത്തിന്റെ ശൈലിയിൽ അവതരിപ്പിക്കപ്പെടുന്നതോ ആയിട്ടും കാണപ്പെടുന്നുണ്ട്.

കേരളത്തിലെ വിദ്യാഭ്യാസ പരിഷ്‌കരണങ്ങൾക്കെതിരെ സ്വകാര്യ സ്‌കൂൾ മാനേജുമെന്റുകളുടെ പ്രക്ഷോഭത്തിന്റെ ചരിത്രം പരിശോധിച്ചാൽ ആദ്യമായി ശ്രദ്ധയിൽപെടുക 1933 ലെ തിരുവിതാംകൂറിലെ സ്റ്റാത്താം കമ്മിറ്റി റിപ്പോർട്ടാണ്. ആർ. എം. സ്റ്റാത്താം അധ്യക്ഷനായും, കുറ്റിയാട്ട് ശിവരാമപ്പണിക്കർ, ഡോക്ടർ ജീവനായകം എന്നിവർ അംഗങ്ങളായും 1932 ഡിസംബർ 21 ന് തിരുവിതാംകുർ രാജാവ് നിയമിച്ച കമ്മിറ്റി പതിനെട്ട് മാസത്തെ പ്രവർത്തനത്തിനുശേഷം 1933 ജൂൺ അഞ്ചിന് റിപ്പോർട്ട് സമർപ്പിച്ചു. വിദ്യാഭ്യാസ മാനേജുമെന്റുകൾക്ക് എല്ലാവിധ ആനുകൂല്യങ്ങളും നൽകണമെന്നും ദേവസ്വം ഫണ്ടിൽനിന്നുപോലും ഗ്രാൻറ്​ വിഹിതം നൽകുന്നതിനുള്ള സാദ്ധ്യതകൾ ആലോചിക്കണമെന്നും ഗവൺമെൻറ്​ സ്‌കൂളുകൾ പോലും പ്രാദേശിക സംഘടനകൾക്കും സ്വകാര്യ മാനേജുമെന്റുകൾക്കും വിട്ടുനല്കണമെന്നും കമ്മിറ്റി ശുപാർശ ചെയ്യ്തു (പീറ്റർ ജോൺ കല്ലട; വിദ്യാഭ്യാസ പ്രക്ഷോഭണ ചരിത്രം; ഒന്നാം ഭാഗം, pp 21-33 ; കോട്ടയം, 1946).

തിരുവിതാംകൂറിലെ ഗവൺമെൻറ്​വരവിന്റെ 23.6 % വിദ്യാഭ്യാസ വകുപ്പിലേക്കായി വിനിയോഗിക്കപ്പെടുന്നുവെന്ന് കണ്ടെത്തിയ സ്റ്റാത്താം കമ്മിറ്റിയുടെ റിപ്പോർട്ടിനെ സ്വകാര്യ മാനേജുമെന്റുകൾ വേദപുസ്തകം പോലെ കൊണ്ടാടുകയുണ്ടായി. 1944 ജനുവരിയിൽ ശ്രീമൂലം അസംബ്ലിയിൽ അധ്യാപകർക്കു യുദ്ധകാല വേതനം കൊടുക്കുന്ന കാര്യം ചർച്ചയ്ക്കുവന്നു. പ്രൈവറ്റ് സ്‌കൂളിലെ അധ്യാപകർക്കു കൊടുക്കുന്ന യുദ്ധകാല അലവൻസ് ട്രഷറികൾ വഴി നൽകണമെന്ന പ്രമേയത്തെ പ്രൈവറ്റ് മാനേജുമെന്റുകളുടെ മേലുള്ള കൈകടത്തലായി മാനേജുമെൻറ്​ വക്താക്കൾ ഉന്നയിക്കുകയുണ്ടായി.

1943 നവംബർ 24ന് തിരുവിതാംകൂർ സർക്കാർ നിയമിച്ച വിദ്യാഭ്യാസ പുനഃസംഘടന കമ്മിറ്റി റിപ്പോർട്ട് തിരുവിതാംകൂറിലെ വിദ്യാഭ്യാസ പരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട ഒരു പ്രധാനപ്പെട്ട ചരിത്രരേഖയാണ്. തിരുവിതാംകൂർ സർവ്വകലാശാല വൈസ് ചാൻസലർ എച്ച്.സി. പാപ് വർത്ത് അധ്യക്ഷനായ കമ്മിറ്റിയിൽ വിവിധ മേഖലകളിൽനിന്നായി 43 അംഗങ്ങളുണ്ടായിരുന്നു. ഒരു വർഷത്തെ വിശദ പഠനങ്ങൾക്കും പര്യാലോചനകൾക്കും ശേഷം കമ്മിറ്റി ഏകകണ്ഠമായി റിപ്പോർട്ട് സമർപ്പിച്ചു. സർക്കാർ സ്‌കൂളുകളിലും പ്രൈവറ്റ് സ്‌കൂളുകളിലുമുള്ള അധ്യാപകർക്ക് ശമ്പള ഏകീകരണം പ്രധാന ശുപാർശയായിരുന്നു. പ്രൈവറ്റ് അധ്യാപകർക്ക് ശമ്പളത്തിന്റെ 75 % സർക്കാർ ഗ്രാന്റായി നൽകണമെന്നും ബാക്കി തുക മാനേജമെന്റ് പിരിക്കുന്ന ഫീസിൽ നിന്നും കണ്ടെത്തണമെന്നുമുള്ള നിർദേശമുണ്ടായിരുന്നു. പത്ത് വർഷത്തിനുള്ളിൽ പ്രാഥമിക വിദ്യാഭ്യാസം സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ കൊണ്ടുവരാനും നിർദേശിച്ചു (Government of Travancore, Report of Travancore Education Reorganisation Committee, Thiruvananthapuram, 1945). വിവിധ മതവിഭാഗങ്ങൾ നടത്തുന്ന പ്രൈവറ്റ് സ്‌കൂളുകളിൽ അതാത് മതവിഭാഗത്തിന്റെ മതബോധനം നടത്തുന്നതിനെ പാപ് വർത്ത് കമ്മിറ്റി അംഗീകരിച്ചില്ല. റിപ്പോർട്ടിനെ അധികരിച്ച് ശ്രീമൂലം അസംബ്ലിയിൽ വിശദമായ ചർച്ചയുണ്ടായി. അതിന്റെ അടിസ്ഥാനത്തിൽ സർക്കാർ ചില ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തുവാൻ തുനിഞ്ഞു. അക്കാലത്ത് മലബാറിലെ ഡിസ്ട്രിക്ട് ബോർഡിൽ പി.ടി. ഭാസ്‌കരപ്പണിക്കരുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ പരിഷ്‌കാരങ്ങളും പിന്നീട് മദ്രാസിലെ രാജാജി സർക്കാർ നടപ്പിലാക്കിയ നിയമങ്ങളും തിരുവിതാംകൂറിലെ വിദ്യാഭ്യസ പുനഃസംഘടന കമ്മിറ്റിയെയും സർക്കാരിനെയും സ്വാധീനിക്കുകയുണ്ടായി.

സ്വകാര്യ സ്‌കൂളുകളുടെ ദേശസാൽക്കരണം അടക്കമുള്ള വകുപ്പുകളുമായി ശ്രീമൂലം പ്രജാസഭയിൽ ബിൽ അവതരിപ്പിക്കപ്പെട്ടു. കത്തോലിക്ക സഭയും മതസംഘടനയായ കത്തോലിക്ക കോൺഗ്രസ്സും തിരുവിതാംകൂറിലെ വിദ്യാഭ്യാസ പരിഷ്‌കരണങ്ങൾക്കെതിരെ അതിശക്തമായ പ്രതിഷേധ പ്രചാരണങ്ങൾ നടത്തി. ചങ്ങനാശേരി ബിഷപ് മാർ ജെയിംസ് കാളാശ്ശേരി രുക്ഷമായ എതിർപ്പ് അറിയിച്ചുകൊണ്ട് ഇറക്കിയ ഇടയലേഖനം തുടങ്ങുന്നത് തന്നെ ഇപ്രകാരമാണ്, " "അവൻ അവരോട് അരുളിച്ചെയ്യുന്നു. ഇപ്പോൾ മുതൽ മടിശീലയുള്ളവൻ അതെടുക്കട്ടെ. വാളില്ലാത്തവൻ തന്റെ കുപ്പായം വിറ്റ് തനിക്കായി വാൾ വാങ്ങിക്കട്ടെ. അവരോ അവനോട്, ഞങ്ങളുടെ കർത്താവേ, ഇതാ ഇവിടെ രണ്ടു വാളുകൾ ഉണ്ട് എന്നുപറയുന്നു, അവൻ അവരോട് മതി മതി എന്നരുളിചെയ്യുന്നു (വി.ലൂക്കാസുവിശേഷം 22 -36 -38 ).
വന്ദ്യ സഹോദരരേ, വാത്സല്യമക്കളേ,
മേലുദ്ധരിച്ച വേദവാക്യങ്ങളുടെ വിധിപ്രകാരം ക്രിസ്തുവിന്റെ ഒരു വിനീത അപ്പോസ്തലനായ നാം നമ്മുടെ കൈവശം സൂക്ഷിച്ചു വെച്ചിരുന്ന രണ്ടു വാളുകളിൽ ഒന്നിനെ നിരീശ്വരപ്രസ്ഥാനത്തിനെതിരായി നമ്മുടെ മുൻ ലേഖനത്തിൽ ഊരി വീശിക്കഴിഞ്ഞു. ഇനി നമുക്കവശേഷിക്കുന്ന രണ്ടാമത്തെ ആധ്യാത്മിക ഖഡ്ഗത്തെ - ആധ്യാത്മിക അണുബോംബിനെ - പ്രയോഗിക്കേണ്ടതായ ആവശ്യം ഇതാ കൈവന്നിരിക്കുന്നു. മടിശീലയുള്ളവർ അത് എടുത്തുകൊള്ളുന്നതിനുള്ള അവസരവും സമീപിച്ചിരിക്കുന്നു...'' (പീറ്റർ ജോൺ കല്ലട; p.92)

കലാപധ്വനിയുള്ള ഇടയലേഖനം "എഴുതിയതിനെപ്പറ്റി മനസ്താപപ്പെട്ട് രണ്ടാഴ്ചക്കകം പിൻവലിക്കണ'മെന്ന് തിരുവിതാംകൂർ ഭരണകൂടം നോട്ടീസ് നൽകിയപ്പോൾ ബിഷപ്പ് നിലപാട് മയപ്പെടുത്തി. സ്‌കൂളുകളും മതവും സംരക്ഷിക്കുന്നതിന് പ്രക്ഷോഭത്തെക്കാൾ ഉചിതമായത് പ്രാർത്ഥനയാണ് എന്ന് പ്രസ്താവിച്ച്​ ഉടൻ തന്നെ മറ്റൊരു ഇടയ ലേഖനംകൂടി ഇറക്കി. ഇതിൽ ട്രാവൻകൂർ എഡ്യൂക്കേഷണൽ റീഓർഗനൈസേഷൻ കമ്മിറ്റിയുടെ നിർദേശങ്ങളിലും ശ്രീമൂലം പ്രജാസഭയിൽ അവതരിപ്പിച്ച ബില്ലിലും സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ സ്വാധീനം ദർശിച്ച മെത്രാൻ ആ പ്രത്യയശാസ്ത്രങ്ങളെ സർ സി.പി.ക്കുകൂടി സുഖിക്കുന്നതരത്തിൽ കണക്കറ്റ് ഭർത്സിക്കുകയുമുണ്ടായി.

തിരുവിതാംകൂർ - കൊച്ചി തെരെഞ്ഞെടുപ്പ് വേളയിൽ കമ്മ്യൂണിസത്തിനെതിരായി നോട്ടീസ് വിതരണം ചെയ്യുന്ന ആളുകൾ / Photo: James Burk, Keralaculture

തിരുവിതാംകൂറിലെ വിദ്യാഭ്യാസ ദേശസാത്കരണ നടപടികളെ എതിർത്ത്​ 1945 ൽ സർ സി.പി.ക്ക് ഒരു തുറന്ന കത്തയച്ചത് അന്നത്തെ കോൺഗ്രസ് നേതാക്കന്മാരിലൊരാളും 1957 ലെ ഒന്നാം കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലത്ത് പ്രതിപക്ഷ നേതാവുമായിരുന്ന പി.ടി. ചാക്കോയായിരുന്നു.

പാപ് വർത്ത് കമ്മിറ്റി റിപോർട്ടിന്റെ സമയത്ത് പ്രൈവറ്റ് സ്‌കൂളുകളിൽ തൊണ്ണൂറ്റിയാറ് ശതമാനവും ക്രിസ്ത്യൻ മാനേജമെന്റിന്റെ കീഴിലായിരുന്നു. 1945 ൽ ദിവാൻ സർ സി.പി.യും ശ്രീമൂലം പ്രജാസഭയും നടപ്പിലാക്കാൻ ശ്രമിച്ച വിദ്യാഭ്യാസ പരിഷ്‌കരണങ്ങൾ തിരുവിതാംകൂറിലെ കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷത്തിൽ കലങ്ങിപ്പോവുകയാണുണ്ടായത്. അതേസമയം അക്കാലത്ത് തിരുവിതാംകൂറിൽ എൻ.എസ്.എസിനും എസ്.എൻ.ഡി.പിക്കും കുറച്ച് സ്‌കൂളുകൾ അനുവദിച്ചുകിട്ടുകയുമുണ്ടായി.

1950 ൽ തിരു-കൊച്ചി സർക്കാരിലെ വിദ്യാഭ്യാസമന്ത്രിയായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോൻ നടപ്പിലാക്കാൻ ശ്രമിച്ച പ്രൈവറ്റ് സെക്കണ്ടറി സ്‌കൂൾ സ്‌കീമും (PSS) ശ്രദ്ധേയമായ ഒരു വിദ്യാഭ്യാസ പരിഷ്‌കരണ നടപടിയായിരുന്നു. അതുപ്രകാരം അധ്യാപകരുടെയും, മാനേജർമാരുടെയും, സർക്കാരിന്റെയും പ്രതിനിധികളടങ്ങുന്ന ട്രൈപാർട്ടിയേറ്റ് കമ്മിറ്റികൾ സ്വകാര്യ സ്‌കൂളുകളിലെ ജോലിവ്യവസ്ഥകൾ പരിശോധിക്കുകയും അധ്യാപകരുടെ നിയമനം, വേതനം, തൊഴിൽ വ്യവസ്ഥകൾ എന്നിവ സംബന്ധിച്ച് വേണ്ട നിർദേശങ്ങൾ കൊടുക്കുവാനും വ്യവസ്ഥ ചെയ്തിരുന്നു. യോഗ്യരായ ആളുകളെ മാത്രം അധ്യാപകരായി നിയമിക്കുവാൻ സർക്കാർ സ്വാധീനം ഉപയോഗിക്കണമെന്നും അവരിൽ ഗണ്യമായൊരു വിഭാഗം അധഃസ്ഥിത സമുദായങ്ങളിൽ പെട്ടവരായിരിക്കണമെന്നും വ്യവസ്ഥ ചെയ്തിരുന്നു. ഈ പനമ്പിള്ളി പദ്ധതിയെയും കത്തോലിക്ക മാനേജുമെന്റുകൾ ശക്തമായി എതിർത്തു.

1955 ൽ പനമ്പിള്ളി തിരു-കൊച്ചി മുഖ്യമന്ത്രിയായ സമയത്തും പ്രൈവറ്റ് വിദ്യാഭ്യാസ മാനേജുമെന്റുകളെ നിയന്ത്രിക്കുവാൻ നടപടികൾ തുടങ്ങിയെങ്കിലും ഫലപ്രാപ്തിയിലെത്തിയില്ല. 1956 മാർച്ച് 23ന് ഗവർണർ ഭരണത്തിലായ തിരു-കൊച്ചിയോട് മലബാർ കൂടി കൂട്ടിച്ചേർത്ത്​ 1956 നവംബർ ഒന്നിന് കേരള സംസ്ഥാനം രൂപീകൃതമായി. കേരളത്തിൽ 1957 ഫെബ്രുവരി-മാർച്ച് മാസങ്ങളിൽ നടന്ന ആദ്യ പൊതു തിരഞ്ഞെടുപ്പിലൂടെ കമ്മ്യൂണിസ്റ്റ് പാർട്ടി ഭൂരിപക്ഷം നേടി അധികാരത്തിലെത്തി.

ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയും അതിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരിയും സംസ്ഥാനത്തെ വിദ്യാഭ്യാസമേഖലയിൽ പുരോഗമനപരമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിന് അക്ഷീണം യത്‌നിച്ചു. വിദ്യാഭ്യാസ മേഖലയുടെ സമഗ്രവികസനത്തിന് അദ്ദേഹം നിരവധി നടപടികൾ സ്വീകരിച്ചു. 1958 ലെ കേരള വിദ്യാഭ്യാസ നിയമം ഐക്യകേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വിവാദവിഷയമായ നിയമനിർമാണമായിരുന്നു. കമ്മ്യൂണിസ്റ്റ് മന്ത്രിസഭാ അവതരിപ്പിച്ച സ്വകാര്യ വിദ്യാഭ്യാസ ഏജൻസികളെ നിയന്ത്രിക്കാനും സ്‌കൂൾ വിദ്യാഭ്യാസത്തെ ഉടച്ചുവാർക്കാനും ലക്ഷ്യമിട്ട ഈ നിയമം സംസ്ഥാനത്തെ കമ്മ്യൂണിസ്റ്റ് വിരുദ്ധ ജാതി-മത-സഭാ മേധാവികളുടെ ശക്തമായ എതിർപ്പിന് വിധേയമായി. സ്വകാര്യ വിദ്യാഭ്യാസ ഏജൻസികൾ ജനങ്ങളുടെ ജാതീയവും മതപരവുമായ വികാരങ്ങളെ ചൂഷണം ചെയ്യുകയും കമ്മ്യൂണിസ്റ്റുകളെ എതിർക്കുന്ന രാഷ്ട്രീയ വിഭാഗങ്ങളെയും ഫ്യൂഡൽ ഘടകങ്ങളെയും തങ്ങൾക്ക് അനുകൂലമാക്കി മാറ്റുകയും ചെയ്തു.

1957 കമ്മ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലെത്തുംവരെ കേരളത്തിലെ സ്വകാര്യ മേഖലയിലെ അധ്യാപക സമൂഹത്തിന്റെ അവസ്ഥ വളരെ പരിതാപകരമായിരുന്നു. ഇതേ വിഭാഗത്തിൽപെട്ടയാളായിരുന്നു വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരി. പ്രതിഭാശാലിയായ പ്രൊഫസർ എന്നതിനുപുറമെ വിഖ്യാതനായ എഴുത്തുകാരനും പ്രഗത്ഭനായ വിദ്യാഭ്യാസ ചിന്തകനുമായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ വകുപ്പിലെ ഗവൺമെൻറ്​സെക്രട്ടറിയായ പി.കെ.നമ്പ്യാരുടെ സഹായത്തോടെ പ്രൊഫ. മുണ്ടശ്ശേരി കേരള വിദ്യാഭ്യാസബിൽ തയ്യാറാക്കി 1957 ജൂൺ 30 ന് നിയമസഭയിൽ അവതരിപ്പിച്ചു. നിയമസഭാ സെലക്ട് കമ്മിറ്റിയുടെ അവലോകനത്തിനും പുനർവായനയ്ക്കും ശേഷം 1957 സെപ്റ്റംബർ 2 ന് ബിൽ പാസായി. പക്ഷെ രാഷ്ട്രപതിയുടെ അംഗീകാരത്തിന്​ അയക്കുന്നതിന് തൊട്ടുമുൻപ് പ്രസ്തുത ബിൽ സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വന്നു. 1958 ജൂണിൽ സുപ്രീംകോടതി ഈ ബില്ലിലെ പ്രധാന വ്യവസ്ഥകൾ അംഗീകരിച്ചു. സുപ്രീം കോടതിയുടെ അഭിപ്രായങ്ങളുടെയും നിരീക്ഷണങ്ങളുടെയും വെളിച്ചത്തിൽ ബില്ലിൽ ഭാഗീകമായി മാറ്റം വരുത്തുകയും 1958 നവംബർ 28 ന് കേരള വിദ്യാഭ്യാസ നിയമമായി അത് പാസാക്കുകയും ചെയ്തു.

ഇ.എം.എസിന്റെ നേതൃത്വത്തിൽ അധികാരത്തിലേറിയ ഒന്നാം കമ്യൂണിസ്റ്റ് സർക്കാർ

കേരള വിദ്യാഭ്യാസബിൽ അതിന്റെ മൗലീകരൂപത്തിൽ 36 വിഭാഗങ്ങൾ അടങ്ങുന്നതായിരുന്നു. അവയിൽ പകുതിയോളം അധ്യാപകരുടെ നിയമന-സേവന-വേതന വ്യവസ്ഥകളെകുറിച്ചായിരുന്നു. ഇതിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ, സർക്കാർ സ്വകാര്യ സ്‌കൂളുകളിൽ നിയമിക്കപ്പെടുന്നതിന് പരിശീലനം നേടിയ യോഗ്യരായ അധ്യാപകരുടെ സംസ്ഥാനതല രജിസ്റ്റർ ഗവൺമെൻറ്​ രൂപീകരിച്ച് നിലനിർത്തും. അധ്യാപകർക്ക് സർക്കാർ നേരിട്ട് ശമ്പളം നല്കാൻ ബില്ലിൽ വ്യവസ്ഥ ചെയ്തു. വിദ്യാർത്ഥികൾക്ക് ഗുണകരമാകുന്ന തരത്തിൽ സ്‌കൂളിന്റെ ദൈനംദിന ഭരണം നടത്തുവാനുള്ള ഉത്തരവാദിത്തം മാനേജർമാർക്കായിരിക്കും. നിയമാനുസൃതമായ ഉത്തരവാദിത്തങ്ങൾ നിർ വ്വഹിക്കുന്നതിൽ മാനേജർമാർക്ക് വീഴ്ച സംഭവിക്കുന്ന പക്ഷം സർക്കാർ നൽകുന്ന ഗ്രാൻറ്​ നിർത്തലാക്കുകയോ, അല്ലെങ്കിൽ സ്‌കൂളുകളുടെ നിയന്ത്രണം പരമാവധി 5 വർഷത്തേയ്ക്ക് ഗവൺമെൻറ്​ നേരിട്ട് ഏറ്റെടുക്കുകയോ ചെയ്യും. സ്‌കൂളുകളുടെ നിയന്ത്രണവും മേൽനോട്ടചുമതലയും സംസ്ഥാന സർക്കാരിന്റെ വിദ്യാഭ്യാസവകുപ്പിനായിരിക്കും. പൊതുവിദ്യാഭ്യാസത്തിൽ സംസ്ഥാനത്തൊട്ടാകെ നിശ്ചിത നിലവാരം പുലർത്തുന്നതിന് വേണ്ടിയായിരുന്നു ഈ ക്രമീകരണം.

പതിനാല് വയസ്സുവരെയുള്ള കുട്ടികൾക്ക് നിർബന്ധിതവും സൗജന്യവുമായ സ്‌കൂൾ വിദ്യാഭ്യാസമാണ് കേരള വിദ്യാഭ്യാസ ബിൽ വിഭാവനം ചെയ്തത്. സൗജന്യമായി ഉച്ചഭക്ഷണവും പുസ്തകങ്ങളും എഴുത്തുസാമഗ്രികളും നൽകുവാൻ വ്യവസ്ഥ ചെയ്തു. പുതിയ നിയമപ്രകാരമുള്ള കർത്തവ്യ നിർവഹണത്തിൽ വിദ്യാഭ്യാസ വകുപ്പിനെ ഉപദേശിക്കാൻ സംസ്ഥാന വിദ്യാഭ്യാസ ഉപദേശകബോർഡ് രൂപീകരിക്കുകയും പ്രാദേശികതലത്തിലുള്ള വിദ്യാഭ്യാസ അധികാരികളെ നിയോഗിക്കുകയും ചെയ്തു.

ഇന്ത്യൻ ഭരണഘടനയുടെ മുപ്പതാമത്തെ ആർട്ടിക്കിളിനെ ആശ്രയിച്ച ക്രൈസ്തവ സഭകൾ ബിൽ പാസാക്കുന്നതിനെതിരെ ശക്തമായ എതിർപ്പുയർത്തി. സ്വകാര്യ മാനേജുമെന്റിന് കോട്ടമുണ്ടാക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ബോധപൂർവമായ ഒരുദ്യമമായിട്ടാണ് അവർ കേരളം വിദ്യാഭ്യാസ ബില്ലിനെ ചിത്രീകരിച്ചത്. ക്രിസ്ത്രീയ സഭകൾ കേരള വിദ്യാഭ്യാസ ബില്ലിനെതിരെയും ജനക്ഷേമോന്മുഖമായ ഭരണ പരിഷ്‌കരണപ്രവർത്തനങ്ങളിലേർപ്പെട്ടിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വ സർക്കാരിനെതിരെയും നടത്തിയ അക്രമാസക്ത പ്രക്ഷോഭങ്ങളെകുറിച്ചുള്ള ചരിത്രവസ്തുതകൾ വിസ്താരാധിക്യത്താൽ ഇവിടെ ഉൾപെടുത്തുന്നില്ല. 1957 നവംബർ 28 ന് പാസ്സായ ബിൽ രാഷ്ട്രപതിയുടെ അംഗീകാരത്തിന് കാത്തിരിക്കുമ്പോൾ അവർ സർക്കാരിനെതിരെയുള്ള എതിർപ്പ് കേന്ദ്രത്തിലേക്ക് വ്യാപിപ്പിച്ചു. ക്രിസ്തീയ സഭകളുടെ താല്പര്യത്തെ പ്രതിനിധീകരിച്ച കേരളത്തിലെ കോൺഗ്രെസ്സുകാരുടെ സമ്മർദ്ദത്തിന് വഴങ്ങിയ കേന്ദ്ര ഗവെർന്മെന്റ് പ്രസ്തുത ബിൽ സുപ്രീം കോടതിയുടെ പരിഗണനയ്ക്കു വിട്ടു.

ജോസഫ് മുണ്ടശ്ശേരി / Photo: Niyamasabha.org

യോഗ്യതയുള്ള എല്ലാ വ്യക്തികൾക്കും അധ്യാപകവൃത്തി നേടാനുള്ള തുല്യ അവസരം ഉറപ്പുവരുത്തുക എന്നതാണ് കേരള വിദ്യാഭ്യാസ നിയമത്തിന്റെ ഏക ലക്ഷ്യമെന്ന് കേരള സർക്കാരിനുവേണ്ടി ഹാജരായ ഡി.എൻ.പ്രിറ്റ് കോടതിയെ ബോധ്യപ്പെടുത്തുന്ന വിധത്തിൽ ശക്തമായി വാദിച്ചു. കത്തോലിക്കാ സഭയുൾപ്പെടെ ഏതെങ്കിലും ജനവിഭാഗത്തെ വേർതിരിച്ചുകാണാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീം കോടതിവിധി (1958 ജൂണിൽ പ്രഖ്യാപിച്ചത്) മർമപ്രധാനമായ കാര്യങ്ങളിലെല്ലാം സർക്കാരിന് അനുകൂലമായിരുന്നു. കേരള വിദ്യാഭ്യാസനിയമത്തെ തുറന്ന് പിന്തുണച്ചുകൊണ്ട് സുപ്രീം കോടതി ഇപ്രകാരം സൂചിപ്പിച്ചു. "സ്‌കൂളുകളെ ഭരിക്കുവാനുള്ള അവകാശം കൊണ്ട് വിവക്ഷിക്കുന്നത് അവയെ കെടുകാര്യസ്ഥമായി ഭരിക്കുകയെന്നതല്ല, മാത്രവുമല്ല, അവർക്ക് സർക്കാർ ധനസഹായം നൽകിയിട്ടുണ്ടെങ്കിൽ, ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഗവൺമെന്റിന് നിയമപരമായ അവകാശങ്ങൾ ഉണ്ടായിരിക്കണം'.

ബില്ലിനെതിരെയുള്ള പ്രക്ഷോഭത്തെ മാതൃഭൂമി, കേരള കൗമുദി തുടങ്ങിയ പത്രങ്ങൾ പിന്തുണച്ചില്ല. കേരള വിദ്യാഭ്യാസ ബിൽ നിയമസഭയിൽ അവതരിപ്പിച്ചപ്പോൾ മന്നത്ത് പത്മനാഭൻ അതിനെ ശക്തിയുക്തം പിന്തുണച്ചിരുന്നു. വിദ്യാഭ്യാസ പരിഷ്‌കാരങ്ങളുടെ സാമ്പ്രദായിക ശത്രുക്കളാണെന്ന് ക്രിസ്ത്യാനികളെയും അവരുടെ അധികാര ശ്രേണിയേയും അധിക്ഷേപിച്ചുകൊണ്ടുള്ള മന്നത്ത്പദമനാഭന്റെ പ്രസ്താവന മലയാളരാജ്യം ദിനപത്രം 1957 ജൂൺ 5 ന് പ്രസിദ്ധീകരിച്ചിരുന്നു. പി.എസ്.സി. തയ്യാറാക്കുന്ന ഉദ്യോഗാർത്ഥികളുടെ പട്ടികയിൽനിന്നും എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകരെ നിയമിക്കണമെന്ന നിർദേശം വിദ്യാഭ്യാസ ബില്ലിനെ അനുകൂലിക്കുന്ന വേളയിൽ അദ്ദേഹം സർക്കാരിന് സമർപ്പിച്ചിരുന്നു.

കുറ്റമറ്റരീതിയിൽ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ തല്പരരായ എല്ലാവരോടും വിദ്യാഭ്യാസ ബില്ലിനെ പിന്തുണക്കാൻ അദ്ദേഹം അഭ്യർത്ഥിച്ചു, നിയമസഭാ സെലക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്കു ശേഷം പരിഷ്‌കരിക്കപ്പെട്ട കേരള വിദ്യാഭ്യാസ ബിൽ നിയമസഭയിൽ അവതരിപ്പിച്ചപ്പോൾ, സർവർക്കും സ്വീകാര്യമായ രീതിയിൽ ബില്ലിൽ ഭേദഗതി വരുത്തിയെന്ന് പറഞ്ഞുകൊണ്ട് മന്നത്ത് പത്മനാഭൻ കമ്മ്യൂണിസ്റ്റ് സർക്കാരിനെ അഭിനന്ദിച്ചു. അദ്ദേഹം ഇപ്രകാരം കൂട്ടിച്ചേർത്തു: "ക്രൈസ്തവസഭയാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. മെത്രാന്മാരും പുരോഹിതരുമാണ് സമരപ്രസ്ഥാനത്തിന്റെ ഹൃദയവും ആത്മാവും. ബില്ലിന് വലിയ ജനകീയ പിന്തുണയുണ്ട്. അതിനാൽ നിയമമായതിനുശേഷം നിലവിലുള്ള സർക്കാർ അതുനടപ്പിലാക്കുന്നതിൽ നിശ്ചയമായും വിജയിക്കും' (മലയാളരാജ്യം, ആഗസ്റ്റ് 28 ,1957). പക്ഷെ കേരള കാർഷിക ബന്ധ ബില്ലിന്റെ അവതരണം മന്നത്ത് പത്മനാഭന്റെയും എൻ.എസ്.എസിന്റെയും മനോഭാവം പാടെ മാറ്റിമറിച്ചു. അളവറ്റ് പിന്തുണച്ചിരുന്ന അവർ പിന്നീട് വിദ്യാഭ്യാസ ബില്ലിനെയും സർക്കാരിനെയും വിട്ടുവീഴ്ചയില്ലാതെ എതിർക്കുവാൻ തുടങ്ങി. (മലയാളരാജ്യം, ജൂൺ 5 , 1957).

കേരള വിദ്യാഭ്യാസ നിയമത്തിന്റെ മുഖ്യ ഉദ്ദേശ്യം "പൊതുവിദ്യാഭ്യാസത്തിന്റെ മെച്ചപ്പെട്ട സംഘാടനം ആയിരുന്നു. അധ്യാപകരുടെ വേതനവിതരണത്തിലും അവരുടെ സേവന ഭദ്രത ഉറപ്പുവരുത്തുന്നതിലും സ്ഥാപനത്തിന്റെ ഭരണ നിർവ്വഹണത്തിലും ആവശ്യമായ നിയന്ത്രണം ഏർപ്പെടുത്തുക എന്നതാണ് പ്രസ്തുത നിയമത്തിന്റെ ധർമ്മം. 1958 ലെ കേരള വിദ്യാഭ്യാസനിയമത്തിന്റെ പ്രധാനനേട്ടം ""അത് അധ്യാപക സമൂഹത്തെ "ദാസ്യാവസ്ഥയിൽ' നിന്ന് മോചിപ്പിക്കുകയും സംരക്ഷിക്കുകയും സാമൂഹികവും, രാഷ്ട്രീയവും സംഘടനാപരവുമായ പ്രവർത്തനങ്ങളിൽ അർത്ഥവത്തായ പങ്ക് വഹിക്കാൻ അവരെ പ്രാപ്തരാക്കുകയും ചെയ്തു'' എന്നതാണ്.

വിമോചന സമരാനുകൂലികൾ ആലപ്പുഴ സർക്കാർ ഓഫീസിനു മുന്നിൽ സമരം ചെയ്യുന്നു. (1958) / Photo: Keralaculture

1959 ലെ വിമോചനസമരത്തിലൂടെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ അട്ടിമറിച്ചതിനുശേഷം തുടർന്നുവന്ന സർക്കാരുകളൊന്നും സ്വകാര്യ വിദ്യാഭ്യാസ മാനേജുമെന്റുകളെ നിയന്ത്രിക്കുന്നതിന് അർത്ഥവത്തായ ശ്രമങ്ങൾ നടത്തിയിട്ടില്ല. അതിന്റെ മുഖ്യകാരണം വിമോചനസമരത്തിന്റെ കെട്ട ഓർമ്മകൾ കേരള രാഷ്ട്രീയമണ്ഡലത്തിൽ അരികുപറ്റി നില്കുന്നത് തന്നെയാണ്. മാറിചിന്തിക്കുവാനും പൊതുനന്മയ്ക്ക് ഗുണകരമാകുന്ന കാര്യങ്ങൾ ചെയ്യുവാനും കാലം ആവശ്യപ്പെടുന്നത് പൗരസമൂഹവും രാഷ്ട്രീയ നേതൃത്വവും തിരിച്ചറിഞ് ക്രിയാത്മകമായി പ്രവർത്തിക്കേണ്ട സമയം സംജാതമായിരിക്കുന്നു.
എയ്ഡഡ് കോളേജുകളിലെ അധ്യാപകർ സർക്കാർ കോളേജുകളിലേതുപോലെ ശമ്പള തുല്യത ലഭിക്കുന്നതിനുവേണ്ടി 1971ൽ നടത്തിയ സമരത്തോട് അന്നത്തെ സർക്കാർ സ്വീകരിച്ച സമീപനം കേരളത്തിലെ അധ്യാപകസമൂഹത്തിന്റെ ന്യായമായ ആവശ്യങ്ങളോടുള്ള വലതുപക്ഷ സർക്കാർ നിലപാടുകളുടെ ഉത്തമോദാഹരണമാണ്. ശമ്പള തുല്യതയ്ക്കുവേണ്ടി എ.കെ.പി.സി.ടി.എ. എന്ന അധ്യാപകസംഘടനയുടെ നേതൃത്വത്തിൽ എയ്ഡഡ് കോളേജ് അധ്യാപകർ 1961 ൽ തിരുവനന്തപുരം നഗരവീഥികളിൽ ഗൗണിട്ടുകൊണ്ടു നടത്തിയ മൗനജാഥയായിരുന്നു ആദ്യ പ്രക്ഷോഭം. 1962 ഡിസംബറിൽ ഗ്രാന്റ് ഇൻ എയിഡ് കോഡ് നടപ്പാക്കിയെങ്കിലും കൃത്യമായ ശമ്പളം ലഭിക്കുകയെന്നത് പ്രൈവറ്റ് കോളേജാധ്യാപകരെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്നമായി അവശേഷിച്ചു. അങ്ങനെയിരിക്കെ 1971 സെപ്റ്റംബർ 15 മുതൽ സ്വകാര്യ കോളേജ് അധ്യാപകർ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിച്ചു. സമരത്തിൽനിന്ന് പിന്തിരിപ്പിക്കാൻ അച്യുതമേനോൻ സർക്കാരിന്റെയും മാനേജുമെന്റുകളുടെയും ശ്രമം വിജയിച്ചില്ല. സമരം തുടങ്ങി രണ്ടുമാസക്കാലമായിട്ടും പ്രശ്നപരിഹാരത്തിന് സർക്കാർ തയ്യാറാകാതിരുന്ന സാഹചര്യത്തിൽ നവംബർ 13 ന് എ.കെ.പി.സി.ടി.എ. ഏകപക്ഷീയമായി സമരം അവസാനിപ്പിച്ചു.

കോളേജധ്യാപകരോട് സർക്കാർ കാണിച്ച അനീതിയിൽ വ്യാപകമായ പ്രതിഷേധമുയർന്നു. ഫീസ് ഏകീകരണത്തിനുവേണ്ടി വിദ്യാർത്ഥികൾ നടത്തിയ ശക്തമായ പോരാട്ടത്തിന്റെ അവസാനഘട്ടത്തിൽനടന്ന ദീർഘമായ ചർച്ചകളിലൂടെ 1972 സെപ്തംബര് ഒന്നുമുതൽ സ്വകാര്യ കോളേജ് അധ്യാപകർക്കും ഖജനാവിൽനിന്ന് നേരിട്ട് ശമ്പളം നല്കാൻ സർക്കാർ ഉത്തരവായി.

എയ്ഡഡ് സ്‌കൂൾ കോളേജ് നിയമനങ്ങൾ സർക്കാർ ഏറ്റെടുക്കണമെന്ന തരത്തിലുള്ള ചർച്ചകൾ ഇടതുപക്ഷ അധ്യാപക സംഘടനകളുടെ സമ്മേളനങ്ങളിലുയരാറുണ്ടെങ്കിലും, അത്തരത്തിലുള്ള പ്രമേയങ്ങൾ കയ്യടിച്ചു പാസാക്കാറുണ്ടെങ്കിലും ഇടതുപക്ഷ സർക്കാർ പോലും അവയൊന്നും കാര്യമായി ഗൗനിക്കാറില്ല. 1980 മുതൽ ഇടതുപക്ഷ സർക്കാരുകൾ ഇടക്കിടെ അധികാരത്തിൽ വന്നപ്പോഴൊക്കെയും ചില ഉത്പതിഷ്ണുക്കളുടെ ഭാഗത്തുനിന്നും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങൾ പി.എസ്.സി.ക്ക് വിടണമെന്ന തരത്തിലുള്ള അഭിപ്രായങ്ങൾ പലപ്പോഴും ഉയർന്നിട്ടുണ്ട്. അവയൊക്കെയും ഒറ്റപ്പെട്ട ശബ്ദങ്ങളായി സാമൂഹ്യ ശ്രദ്ധ കിട്ടാതെ അവഗണിക്കപ്പെട്ട് പോകാറാണ് പതിവ്. അജണ്ടകൾ സെറ്റ് ചെയ്യാനും തമസ്‌കരിക്കാനും ശേഷിയുണ്ടായിരുന്ന മുഖ്യധാരാ മാധ്യമങ്ങൾ നിയമനങ്ങളുടെ കാര്യത്തിൽ സ്ഥാപിത താല്പര്യക്കാരായ വിദ്യാഭ്യാസ മാനേജുമെന്റുകൾക്ക് ഗുണകരമല്ലാത്ത കാര്യങ്ങളെ പ്രോത്സാഹിപ്പിച്ചില്ല. പിന്നിടുന്ന കാലം മുഖ്യധാരാ മാധ്യമങ്ങളുടെ സുവര്ണകാലമായിരുന്നല്ലോ.
സംവരണത്തിന് അർഹതയുള്ള വിഭാഗങ്ങളുടെ അവകാശം നഷ്ടപെടുത്തുന്നതാണ് സ്വകാര്യ വിദ്യാഭ്യാസസ്ഥാപന മാനേജുമെന്റുകളുടെ നിയമനാധികാരം എന്ന രീതിയിലുള്ള ചർച്ചകൾ ഏതാനും വര്ഷം മുമ്പ് ചില കോണുകളിൽനിന്നും ഉയർന്നുവന്നപ്പോൾ അത്തരം ചർച്ചകളെയും മുഖ്യധാരമാധ്യമങ്ങൾ അധികം മുന്നോട്ടുകൊണ്ടുപോയില്ല. അതേസമയം തന്നെ നിയമനങ്ങൾക്ക് രൂപതകൾ 'രൂപ താ' എന്ന നിലപാടും അതി രൂപതകൾ 'അധികം രൂപ താ' എന്ന നിലപാടുമായി തുടരുകയാണ് എന്ന തരത്തിലുള്ള ചില രാഷ്ട്രീയ നേതാക്കളുടെ സർകാസ്റ്റിക് കമന്റുകളെ ഊതി വീർപ്പിച്ച് വിവാദമാക്കാൻ ശ്രമിച്ച കേരളത്തിലെ പത്ര ദൃശ്യ മാധ്യമങ്ങൾ വെള്ളാപ്പള്ളി നടേശൻ മുന്നോട്ടു വെച്ച ധീരമായ നിർദ്ദേശത്തെയും അവഗണിക്കാതെ അത് ഒരു പൊതുആവശ്യമായി ഉയർത്തിക്കൊണ്ടുവരണം.

എസ്.എൻ.ഡി.പി. യോഗത്തിന്റെയും എസ്. എൻ. ട്രസ്റ്റിന്റെയും കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങൾ സർക്കാരിന് വിട്ടുകൊടുക്കാൻ തയ്യാറാണെന്നുള്ള വെള്ളാപ്പള്ളിയുടെ പ്രഖ്യാപനം തീർച്ചയായും മറ്റു മാനേജുമെന്റുകൾക്ക് ഒരു പ്രചോദനമായി വർത്തിക്കണം. കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ സാമൂഹ്യനീതി പുലരണമെന്ന് ആഗ്രഹിക്കുന്ന പുരോഗമന ചിന്താഗതിക്കാർ ഈ വിഷയത്തെക്കുറിച്ച് സജീവമായി ചർച്ച ചെയ്ത് പൗരസമൂഹത്തിന്റെ പൊതുവായ ആവശ്യമെന്ന നിലയിൽ രാഷ്ട്രീയ നേതൃത്വത്തെക്കൊണ്ട് പൊതുനന്മയ്ക്ക് ഗുണകരമാവുന്ന തീരുമാനമെടുപ്പിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുമെങ്കിൽ അത് കേരളത്തിലെ വിദ്യാഭ്യാസരംഗത്തെ നൈതീകതയുടെ വിജയവും പുരോഗതിയുടെ പ്രതിഫലനവുമായി ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടും.

Comments