truecoppy
MORE
Truecopy Home
Readers
are
Thinkers

Friday, 03 February 2023

truecoppy
Truecopy Logo
Readers are Thinkers

Friday, 03 February 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
scaria-zacharia

Obituary

സ്‌കറിയാ സക്കറിയ:
ജനസംസ്‌കാരപഠനത്തിലെ
പുതുവഴികള്‍

സ്‌കറിയാ സക്കറിയ: ജനസംസ്‌കാരപഠനത്തിലെ പുതുവഴികള്‍

പൈതൃകപദ്ധതി/വ്യവസായം എന്ന വ്യവഹാരത്തെ സംബന്ധിച്ചുള്ള വാദങ്ങളും മറുവാദങ്ങളും കാണിക്കുന്നതു പൈതൃകത്തെ യാഥാസ്ഥിതികമായും ഉപഭോഗപരമായും ജനാധിപത്യപരമായും നിര്‍മ്മിച്ചെടുക്കാമെന്നാണ്. പൈതൃകപദ്ധതികളെ നേരാംവണ്ണം ഉപയോഗിക്കാന്‍ കഴിയുമെന്ന റോബര്‍ട്ട് ഹ്യൂവിസന്റെ നിലപാടുകളോടും റാഫേല്‍ സാമുവേലിന്റെ വാദങ്ങളോടുമാണു ഡോ. സ്‌കറിയയ്ക്കു കൂടുതല്‍ ചാര്‍ച്ച. 

19 Oct 2022, 05:26 PM

അജു കെ. നാരായണന്‍

പ്രശസ്തമലയാള പണ്ഡിതനും ഗവേഷകനും അധ്യാപകനുമായ പ്രൊഫ. ഡോ. സ്‌കറിയാ സക്കറിയ ഓര്‍മ്മയായി. മുന്‍ഷി മലയാളപാരമ്പര്യത്തില്‍ നിന്ന് മലയാളപഠനത്തെയും കേരളപഠനത്തെയും മോചിപ്പിച്ച് അവയെ സമകാലി ക വൈജ്ഞാനിക വ്യവഹാരങ്ങളാക്കി പരിവര്‍ത്തിപ്പിക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്ക് നിസ്സാരമല്ല. ഭാഷാപഠനം, സാഹിത്യപഠനം, ഫോക് ലോര്‍ പഠനം, വിവര്‍ത്തനപഠനം, സംസ്‌കാരപഠനം തുടങ്ങിയ മേഖലകളില്‍ സ്‌കറിയാ സക്കറിയ നടത്തിയ ഇടപെടലുകള്‍ അന്താരാഷ്ട്രശ്രദ്ധ നേടിയിട്ടുണ്ട്. ജര്‍മനിയിലെ ട്യൂബിങ്ങന്‍ സര്‍വകലാശാലയില്‍നിന്ന് ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്റെ രേഖാശേഖരങ്ങള്‍ കണ്ടെത്തി ആമുഖപഠനങ്ങളോടെ അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു. ചങ്ങനാശേരി എസ്.ബി. കോളേജിലെ മലയാളവിഭാഗത്തിലെ അധ്യാപകവൃത്തിയെ തുടര്‍ന്ന് അദ്ദേഹം കാലടി സംസ്‌കൃതസര്‍വകലാശാലയിലെ മലയാളവിഭാഗത്തിന്റെ അധ്യക്ഷനായി. ഇക്കാലയളവിലാണ് സ്‌കറിയാ സക്കറിയയുടെ നേതൃത്വത്തില്‍ ഒരു സംസ്‌കാരപഠനകേന്ദ്രം അവിടെ തുറക്കുന്നത്. മലയാള-കേരളപഠനങ്ങള്‍ക്ക് വൈജ്ഞാനികമായ തുറവി സമ്മാനിക്കുന്നതില്‍ സംസ്‌കാരപഠനസമീക്ഷകള്‍ നല്‍കിവരുന്ന ജ്ഞാനപരമായ ഉണര്‍ച്ച ഇന്നു നാം തിരിച്ചറിയുന്നുണ്ട്. ഓക്സ്ഫഡ്, കേംബ്രിംഡ്ജ്, ട്യൂബിങ്ങന്‍, ഹീബ്രു സര്‍വകലാശാലകളില്‍ പ്രബന്ധാവതാരകനായും വിസിറ്റിംഗ് പ്രൊഫസറായും അദ്ദേഹം പ്രവര്‍ത്തിച്ചു. കാലടി സംസ്‌കൃതസര്‍വകലാശാലയില്‍ നിന്നു വിരമിച്ചശേഷം മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്സില്‍ 15 കൊല്ലത്തോളം വിസിറ്റിംഗ് ഫാക്കല്‍റ്റിയായിരുന്നു. അടുത്തിടെ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയും മഹാത്മാഗാന്ധി സര്‍വകലാശാലയും അദ്ദേഹത്തിന് ഡി.ലിറ്റ് ബിരുദം നല്‍കി ആദരിച്ചു. നിരവധി പേരുടെ പ്രിയങ്കരനായ മാഷും ഗവേഷണ മാര്‍ഗദര്‍ശിയും സഹാധ്യാപകനും സുഹൃത്തുമായിരുന്ന സ്‌കറിയാ സക്കറിയ  ഓര്‍മ്മയായിരിക്കുന്നു. അദ്ദേഹത്തിന്റെ സവിശേഷങ്ങളായ ഗവേഷണപഠനങ്ങളിലൂടെ ആ ഓര്‍മ്മകള്‍ എക്കാലവും നിലനില്‍ക്കുകതന്നെ ചെയ്യും. 

മലയാളവഴികള്‍

ഡോ. സക്റിയാ സക്കറിയയുടെ തെരഞ്ഞെടുത്ത പഠനങ്ങളുടെ സമാഹാരമാണ് "മലയാളവഴികള്‍'. സാഹിത്യപ്രവര്‍ത്തക സഹകരണസംഘം രണ്ടു വാല്യങ്ങളിലായി പ്രസിദ്ധീകരിച്ച ഈ പുസ്തകത്തില്‍ മലയാളപഠനം, പൈതൃകം/ജനസംസ്‌കാരം, സാഹിത്യം, സംസ്‌കാരപഠനം, മതം എന്നീ വിഭാഗങ്ങളിലായി 84 ലേഖനങ്ങള്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്.  ഇതില്‍ പൈതൃകം/ജനസംസ്‌കാരം എന്ന വിഭാഗത്തില്‍ ചേര്‍ത്തിരിക്കുന്ന 16 ലേഖനങ്ങള്‍ പ്രസ്തുത മേഖലയിലെ പുത്തന്‍ പുതിയ അറിവുകളുടെ അവതരണവും നോട്ടപ്പാടുകളുമാണ്. അവയെ കണ്ടറിയാനും കൊണ്ടറിയാനുമുള്ള എളിയ പരിശ്രമമാണ് അദ്ദേഹത്തിന്റെ ആദ്യകാല ഗവേഷണവിദ്യാര്‍ഥികളില്‍ ഒരാളായ ഞാന്‍ ഇവിടെ നടത്തുന്നത്.

ഫോക് ലോർ പഠനം/ജനസംസ്‌കാരപഠനം (Folkloristics/Folk Cultural Studies), പൈതൃകപഠനം (Heritage Studies) എന്നീ ജ്ഞാനമണ്ഡലങ്ങളെ പുതിയ ഉള്‍ക്കാഴ്ചകളോടെ അവതരിപ്പിച്ച സംസ്‌കാരപഠിതാവായിരുന്നു പ്രൊഫ. ഡോ. സ്‌കറിയാ സക്കറിയ. ഈ വിഷയങ്ങളെ സംബന്ധിച്ച അന്തര്‍ദേശീയ കാഴ്ചപ്പാടുകളെ പിന്‍പറ്റുന്നതോടൊപ്പം കേരളത്തിന്റെ തട്ടകത്തില്‍നിന്ന് അവയെ നോക്കിക്കാണാനും വിലയിരുത്താനും ശ്രമിക്കുന്നുവെന്നതാണ് അദ്ദേഹത്തിന്റെ പഠനങ്ങളുടെ പുതുമയും വ്യതിരിക്തതയും. 

malayalam vazhikal

കാലിക്കറ്റ് സര്‍വകലാശാലയില്‍ തൊണ്ണൂറുകള്‍ക്കു മുമ്പേ തന്നെ ഫോക് ലോര്‍ പഠനം മലയാളപഠനത്തിന്റെ ഭാഗമായി മാറിയിരുന്നെങ്കിലും 1994-95 കാലഘട്ടത്തിലാണ് മഹാത്മാഗാന്ധി സര്‍വകലാശാലയിലെ ബിരുദാനന്തരബിരുദ സിലബസില്‍ അതാദ്യമായി രംഗപ്രവേശം ചെയ്യുന്നത്. ഫോക്‍ലോറിനെ മനസ്സിലാക്കാനായി വിദ്യാര്‍ഥികളും ഗവേഷകരും അധ്യാപകരും മറ്റും അന്നു പ്രധാനമായി സമീപിച്ചത് രാഘവന്‍ പയ്യനാട്, എം.വി. വിഷ്ണു നമ്പൂതിരി, ഏ.കെ. നമ്പ്യാര്‍, ചുമ്മാര്‍ ചൂണ്ടല്‍, കാവാലം നാരായണപ്പണിക്കര്‍ തുടങ്ങിയവരുടെ പഠനങ്ങളെയാണ്. സൂക്ഷ്മമായി നോക്കിയാല്‍ ഈ പഠനങ്ങള്‍ക്കെല്ലാം ചില പൊതുസ്വഭാവങ്ങളുള്ളതായി കാണാം. പഴമയുടെ മണം പരത്തുന്ന പാരമ്പര്യനിധി മാത്രമാണ് അവര്‍ക്കു ഫോക്‍ലോര്‍. അതുകൊണ്ടുതന്നെ കാല്പനികവും ഗൃഹാതുരവുമായ ആഭിമുഖ്യങ്ങളോടെയാണ് ഫോക്‍ലോറിനെ സമീപിച്ചതും. ഇക്കാര്യത്തില്‍, രാഘവന്‍ പയ്യനാടിന്റെ നിലപാട് ഏറെക്കുറെ വ്യത്യസ്തമായിരുന്നുവെന്ന കാര്യം ഇവിടെ വിസ്മരിക്കുന്നില്ല. എന്നാല്‍, ഈ കാലയളവില്‍ ചങ്ങനാശേരി എസ്. ബി. കോളേജിലെ അധ്യാപകനായിരുന്ന സ്‌കറിയാ സക്കറിയ, ഫോക്‍ലോറിനെ സംബന്ധിച്ച നവീനവും സമകാലികവുമായ കാഴച്ചപ്പാടുകളാണ് മുന്നോട്ടുവെച്ചത്. അദ്ദേഹം, താത്വികവും സൈദ്ധാന്തികവുമായ നിലപാടുകളോടെ ഫോക്ലോര്‍ രൂപങ്ങളെ വിവരിക്കാനും വ്യാഖ്യാനിക്കാനും അപഗ്രഥിക്കാനും ശ്രമിച്ചു. നാട്ടറിവുകളുടെ സൗന്ദര്യാത്മകതയ്ക്കൊപ്പം അതിന്റെ പ്രത്യയശാസ്ത്രവും ചര്‍ച്ച ചെയ്തു. ഓരോ അറിവുരൂപത്തിലും പോയറ്റിക്സും പൊളിറ്റിക്സും എങ്ങനെ കൂടിക്കലര്‍ന്നു പ്രവര്‍ത്തിക്കുന്നുവെന്നു നോക്കാനായിരുന്നു ശ്രമം. അദ്ദേഹത്തിന്റെ ക്ലാസുകളും പ്രഭാഷണങ്ങളും പ്രബന്ധങ്ങളും ലേഖനങ്ങളും അവതാരികകളും പരിശോധിച്ചാല്‍ ഈ നവീനരീതിശാസ്ത്രം നമുക്കു ബോധ്യപ്പെടും. ചുരുക്കിപ്പറഞ്ഞാല്‍, കേരളത്തിലെ ഫോക്ലോര്‍ പഠനരീതിക്ക് പുതിയ മുഖവും ദിശയും കൈവരുകയായിരുന്നു. അദ്ദേത്തിന്റെ മേല്‍നോട്ടത്തില്‍ നടന്ന നാട്ടറിവുഗവേഷണ പഠനങ്ങളും ഈ ദിശയിലേക്കുതന്നെയാണു സഞ്ചരിച്ചത്.

സാധ്യതകളുടെ ജനാലകള്‍

നാടന്‍കലകളടക്കമുള്ള ഫോക്‍ലോര്‍ വസ്തുതകളെ എങ്ങനെയാണ് നോക്കിക്കാണേണ്ടത് എന്ന ചോദ്യം സുപ്രധാനമാണ്. സമകാലിക സന്ദര്‍ഭത്തില്‍ ഈ ചോദ്യം കൂടുതല്‍ പ്രസക്തമാവുന്നത് കേരളത്തിലെ ഫോക്‍ലോര്‍ പഠനവും ഗവേഷണവും പരമ്പരാഗത വഴികളെ ഉപേക്ഷിക്കാന്‍ ഇനിയും വിമുഖത കാട്ടുന്നുവെന്നതിനാലാണ്. ഫോക്‍ലോറിനെ സംബന്ധിച്ച കാല്പനികാഭിമുഖ്യങ്ങളും താല്പര്യങ്ങളും നാം കൈവെടിഞ്ഞിട്ടില്ല. പാരമ്പര്യ(tradition)ത്തോടും ഭൂതകാല(past)ത്തോടും ഫോക്‍ലോറിനു ബന്ധമുണ്ടെങ്കിലും അത് വര്‍ത്തമാനകാലത്തോടും ഭാവിയോടും ചില സംവേദനങ്ങള്‍ നടത്തുന്നുണ്ട്. ഇത്തരം സംവേദനങ്ങളിലാണ് പഠിതാക്കള്‍ ശ്രദ്ധ വെയ്ക്കേണ്ടത്. ഫോക്‍ലോറിനെ സംസ്‌കാരശൃംഖല(cultural circuit)യുടെ ഭാഗമായി വിശദീകരിക്കാനും വ്യാഖ്യാനിക്കാനും വിമര്‍ശിക്കാനും കഴിയണം. പഴയ മട്ടിലുള്ള പഠനങ്ങള്‍ ഫോക്‍ലോറിനെ ഭൂതകാലത്തിന്റെ തിരുശേഷിപ്പുകളായി വാഴ്ത്തിപ്പാടുകയാണ്; സംശുദ്ധവും അചാല്യവുമാണ് ഫോക് ലോറിന്റെ ഭൂമിക എന്ന് തറവാടിത്തഘോഷണം നടത്തുകയാണ്. 

പുത്തന്‍ ജ്ഞാനപദ്ധതികളുടെ സൈദ്ധാന്തികവും രീതിശാസ്ത്രപരവുമായ ഉള്‍ക്കാഴ്ചകളെ അവലംബിച്ചുകൊണ്ട് ഫോക്‍ലോര്‍ ഗവേഷണം നടത്തുമ്പോള്‍ മാത്രമേ വര്‍ത്തമാനകാലത്തിന് ആവശ്യമായ അറിവുകള്‍ അത് ഉല്പാദിപ്പിക്കുകയുള്ളൂ. ഫോക് സമൂഹത്തിന്റെ അറിവാണ് ഫോക്‍ലോര്‍ എന്ന കാര്യത്തില്‍ തര്‍ക്കത്തിനു പ്രസക്തിയില്ല. എന്നാല്‍ പ്രസ്തുത ഫോക്‍ലോറിനെ വിശദീകരിക്കാനും വ്യാഖ്യാനിക്കാനും ഫോക്‍ലോര്‍ പഠിതാവ് ബാധ്യസ്ഥനാണ്. നാടോടി നാടക കലാകാരന്‍ മുഖത്തെഴുതാന്‍ ചിരട്ടക്കരി ഉപയോഗിക്കുന്നുവെന്ന്, മണ്ഡലവൃത്തി (field work) യിലൂടെ ലഭിച്ച അറിവായി ഒരാള്‍ക്കു രേഖപ്പെടുത്താം. പക്ഷേ ഇതോടൊപ്പം പഠിതാവ് ഒരു ചോദ്യം സ്വയം ഉന്നയിക്കണം: so what?  അതുകൊണ്ടെന്ത്? ഓണക്കാലത്തു കുട്ടനാട്ടിലെ ജനത വള്ളംകളിയില്‍ അവരവരുടേതായ രീതിയില്‍ പങ്കെടുക്കുന്നു: so what? ഈ ചോദ്യത്തിന് ഉത്തരം പറയാനുള്ള ബാധ്യത ഫോക്‍ലോര്‍ പഠിതാവിനുണ്ട്. അറിവുരൂപങ്ങളെ വിവരിക്കാനും വ്യാഖ്യാനിക്കാനും സമകാലിക സംസ്‌കാരപഠനം (Contemporary Cultural Studies) തുറന്നുതരുന്ന ജ്ഞാനവഴികളെ വിമര്‍ശബുദ്ധിയോടെ ഉപയോഗിക്കാന്‍ കഴിയണം. അങ്ങനെ ഫോക്‍ലോര്‍ പഠനമെന്നത് അന്തര്‍വൈജ്ഞാനികപഠനമായി വികസിക്കും. ഇത്തരം തിരിച്ചറിവുകളോടെയാണ് സ്‌കറിയാ സക്കറിയ നാട്ടറിവുകളെ സമീപിക്കുന്നത്. താന്‍ സമീപിക്കുന്ന നാട്ടറിവുരൂപങ്ങളുടെ (അതു പഴഞ്ചൊല്ലോ ജൂതപ്പാട്ടോ മലനാട്ടിലാതിപ്പാട്ടോ ആകട്ടെ) അര്‍ഥം പറയാന്‍ ശ്രമിക്കുകയല്ല അദ്ദേഹം. മറിച്ച്, സന്ദര്‍ഭാനുസൃതം പൊരുള്‍ തിരിക്കാന്‍ ശ്രമിക്കുകയാണ്. പൂര്‍ത്തീകരിക്കപ്പെട്ട/അടഞ്ഞ അര്‍ഥമല്ല "പൊരുള്‍'. സന്ദര്‍ഭമനുസരിച്ച് മാറുന്നതാണു പൊരുള്‍; signification എന്ന് ഈ പ്രക്രിയയെ വിളിക്കാം. അതിനാല്‍ത്തന്നെ അദ്ദേഹം നടത്തുന്ന ഫോക്‍ലോര്‍ വ്യാഖ്യാനങ്ങള്‍ അടഞ്ഞ വ്യവസ്ഥയാകുന്നില്ല. പകരം, സാധ്യതകളുടെ ജനാലകള്‍ തുറന്നിടാന്‍ ശ്രമിക്കുകയാണ്.

എല്ലാ അറിവുരൂപങ്ങളയുമെന്നപോലെ ഫോക്‍ലോർ രൂപങ്ങളെയും നിര്‍ണയിക്കുന്നതില്‍ ജാതി, മതം, വര്‍ഗം, വംശം, ലിംഗം, ദേശം തുടങ്ങിയ സംവര്‍ഗങ്ങള്‍ പങ്കു വഹിക്കുന്നുവെന്ന തിരിച്ചറിവ് സ്‌കറിയാ സക്കറിയുടെ എഴുത്തിലുട നീളമുണ്ട്. അതുകൊണ്ടാവണം കേരളത്തിലെ ബൗദ്ധസംബന്ധമായ നാടോടിക്കഥകളും അനുബന്ധ ആഖ്യാനങ്ങളും അന്വേഷിച്ച എന്നോട്, ജാതിയടിസ്ഥാനത്തില്‍ ഭിന്നത പുലര്‍ത്തിയ നാട്ടുകഥകളെ പ്രസ്തുത സൂചനകളോടെ പ്രബന്ധത്തില്‍ അവതരിപ്പിക്കാനും വ്യാഖ്യാനിക്കാനും ഗവേഷണ മാര്‍ഗദര്‍ശി എന്ന നിലയില്‍ അദ്ദേഹം നിര്‍ദ്ദേശിച്ചത്. 1996-2000 കാലഘട്ടത്തില്‍ ഞാന്‍ നടത്തിയ പി.എച്ച്.ഡി. ഗവേഷണത്തില്‍ ഈ രീതിശാസ്ത്രം പിന്തുടരുകയും ചെയ്തു. എന്നാല്‍, നാട്ടറിവുകളെ ജാതിയടിസ്ഥാനത്തില്‍ വര്‍ഗീകരിച്ചു വ്യാഖ്യാനിക്കുന്നത് പുരോഗമനപരമല്ലെന്ന വാദം ചില കോണുകളില്‍നിന്നുണ്ടായി. ജനാധിപത്യപരവും മതേതരവുമായ കാഴ്ചപ്പാടുകളെ അതു പിന്നോട്ടടിക്കുമെന്ന യുക്തിയാണ് അവര്‍ നിരത്തിയത്. വാമൊഴികള്‍ ജാതിമതഭേദങ്ങളനുസരിച്ചു വ്യത്യാസപ്പെടുന്നുവെന്നു തിരിച്ചറിഞ്ഞതുകൊണ്ടാണ് ആഖ്യാനങ്ങളെ അപ്രകാരം രേഖപ്പെടുത്തിയതും വിശകലനം ചെയ്തതും. കേരളസമൂഹത്തില്‍ ജാതിമതാടിസ്ഥാനങ്ങളില്‍ കാഴ്ചപ്പാടുകള്‍ രൂപീകരിക്കപ്പെടുകയും സംവഹിക്കപ്പെടുകയും പ്രചരിക്കപ്പെടുകയും ചെയ്യുമ്പോള്‍ പഠിതാവിന് അതു കാണാതിരിക്കാന്‍ കഴിയില്ലല്ലോ. സ്‌കറിയാ സക്കറിയായുടെ നിലപാടുകളെ ശരിവെച്ചുകൊണ്ടാണു  കാലം മുമ്പോട്ടുപോകുന്നതെന്ന് ഇന്നു നാം തിരിച്ചറിയുന്നു.

അന്തര്‍വൈജ്ഞാനികരീതിശാസ്ത്രം

"ഫോക്‍ലോര്‍ എന്തിന്, എങ്ങനെ?' എന്ന ലേഖനത്തെ ഡോ. സ്‌കറിയാ സക്കറിയയുടെ പഠനസമീപനരേഖയായി മനസ്സിലാക്കാം. അതില്‍ ഒരു ഭാഗത്ത് ഇങ്ങനെ വായിക്കാം: "ഏതു പഠനവും ഗവേഷണവും രണ്ടുതരം പ്രസക്തികള്‍ ഉള്ളതാവണം - വൈജ്ഞാനികപ്രസക്തിയും സാമൂഹികപ്രസക്തിയും. ഫോക്‍ലോര്‍പഠനങ്ങള്‍ക്കും ഇതാവശ്യമാണ്. നാടന്‍പാട്ടും പഴഞ്ചൊല്ലും നാടോടിക്കഥയും നാടോടിനാടകവും നാടോടിനൃത്തവും നാടോടിപാചകവും പഠനവിഷയമാക്കുമ്പോള്‍ അതിനു വൈജ്ഞാനികപ്രസക്തിയും സാമൂഹികപ്രസക്തിയും ഉണ്ടാകുന്നത് എങ്ങനെ എന്ന ചോദ്യം ഗവേഷകര്‍ ഉന്നയിക്കണം. സമകാലിക സമൂഹത്തെ മനസ്സിലാക്കാനുള്ള സവിശേഷ ഉപാദാനങ്ങള്‍ എന്ന നിലയിലാണ് അവ പ്രസക്തമായിത്തീരുന്നത്. നിര്‍ഭാഗ്യവശാല്‍, മിക്ക പഠിതാക്കളും ഭൂതകാലത്തിന്റെ തിരുശേഷിപ്പുകള്‍ എന്ന നിലയില്‍ ഭയഭക്തികളോടുകൂടിയാണു ഫോക്‍ലോറിനെ സമീപിക്കുന്നത്. സൂക്ഷിച്ചു കൈകാര്യം ചെയ്തില്ലെങ്കില്‍ പൊടിഞ്ഞു പോകുന്ന എന്തോ ജീര്‍ണിച്ച വസ്തു എന്ന മട്ടിലാണ് പലരും നാടന്‍പാട്ടിനെയും നാടന്‍ചൊല്ലിനെയും നാട്ടാചാരത്തെയും സമീപിക്കുന്നത്'- സാമ്പ്രദായിക ഫോക്‍ലോര്‍ പഠനത്തിന്റെ പരിമിതികളെ അദ്ദേഹം ഇപ്രകാരം തുറന്നുകാട്ടുന്നു. കൂടാതെ, സംസ്‌കാര പഠനത്തിന്റെ രീതിശാസ്ത്രത്തെയും സൈദ്ധാന്തിക സമീക്ഷകളെയും പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ഒരു അന്തര്‍വൈജ്ഞാനികരീതി നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. ഇതിനെ കേവലനിര്‍ദ്ദേശമായി നിലനിര്‍ത്തുകയല്ല, തന്റെ  പഠനങ്ങളില്‍ അതിനെ പിന്തുടരുകയും ചെയ്യുന്നുണ്ട്. "ജൂത-മലയാള ഭാഷാസാഹിത്യം, സംസ്‌കാരം', "ഭക്ഷണം, സ്വത്വം, സംസ്‌കാരം', "മലനാട്ടിലാതിപഠനം', "കുട്ടനാടിന്റെ വാമൊഴി ഇതിഹാസം', "ചെങ്ങന്നൂരാതി: മലയാളത്തിലെ മഹത്തായ വാമൊഴി ഇതിഹാസം', "കുട്ടനാട് എന്ന ഇടവും സ്ഥലവും - ഇടനാടന്‍പാട്ടില്‍', "ജനസംസ്‌കാരപഠനം - മൂന്നു മാതൃകകള്‍', "ഓര്‍മ്മയുടെ പകര്‍ന്നാട്ടം', "നാടോടിക്കലകളുടെ സാമൂഹികത' എന്നീ ലേഖനങ്ങളില്‍/മുഖവുരകളില്‍ അതു വായനക്കാര്‍ക്ക് അനുഭവവേദ്യമാകും.

കേരളീയജൂതരുടെ ചരിത്രത്തെയും സംസ്‌കാരത്തെയും പറ്റി ഏതാനും പുസ്തകങ്ങളും ലേഖനങ്ങളും മുമ്പേ പ്രസിദ്ധീകൃതമായിട്ടുണ്ട്. എന്നാല്‍ ജൂതരുടെ പെണ്‍പാട്ടുകളുടെ ശേഖരണവും പഠനവും ആദ്യമായി മലയാളത്തില്‍ അവതരിപ്പിക്കുന്നത് സ്‌കറിയാ സക്കറിയയാണ് - കാര്‍കുഴലി. അമ്പത്തിയൊന്നു പാട്ടുകള്‍ ഇതില്‍ തത്ത്വനിഷ്ഠയോടെ ചേര്‍ത്തിരിക്കുന്നു. ഈ സമാഹാരത്തിന് അദ്ദേഹമെഴുതിയ ആമുഖവും പാട്ടിന്റെ പിന്‍കുറിപ്പുകളും മലയാളത്തിലെ ജനസംസ്‌കാരപഠനത്തിന്റെ മികച്ച മാതൃകകളില്‍ ഒന്നാണ്. രണ്ടായിരം വര്‍ഷത്തോളം തങ്ങള്‍ ജീവിച്ച നാടായിട്ടാണു കേരളീയജൂതര്‍ കേരളത്തെ നോക്കിക്കാണുന്നത്. അവരുടെ മലയാളംപെണ്‍പാട്ടുകളില്‍ പ്രകടമാകുന്ന മലയാളിത്തവും ജൂതത്തവും തുല്യപ്രാധാന്യത്തോടെ വായനക്കാരുടെ മുന്നിലെത്തിക്കാനുള്ള ശ്രമം ശ്ലാഘനീയമാണ്. ഇതിനായി പാഠവിശകലനത്തിന്റെ സൂക്ഷ്മസാധ്യതകള്‍ ആരായുന്നു. പാട്ടു കേള്‍ക്കുന്ന ലാഘവത്തില്‍, ഇമ്പത്തില്‍ ഈ ആമുഖപഠനം നമുക്കു വായിച്ചുപോകാം. അതേസമയം സൈദ്ധാന്തിക ഉള്‍ക്കാഴ്ചകള്‍ പഠനത്തെ ആഴപ്പെടുത്തുകയും ചെയ്യുന്നു. ഒരിടത്ത് ഇങ്ങനെ വായിക്കാം: "ആത്മീയമെന്നോ ഭൗതികമെന്നോ കൃത്യമായി വേര്‍തിരിക്കാന്‍ കഴിയാത്ത തരത്തിലുള്ള ഭാവതരളത പൊതുവേ ജൂതപ്പാട്ടുകളില്‍ കാണാം. കീര്‍ത്തനരൂപത്തിലുള്ള ഭക്തിഗാനങ്ങളില്‍ മാത്രമല്ല, ചരിത്രാഖ്യാനത്തിലും കല്യാണപ്പാട്ടിലുമെല്ലാം വ്യാപിച്ചുനില്‍ക്കുന്നതാണ് ഈ ഉല്‍ക്കണ്ഠാമണ്ഡലം. ജൂതരുടെ മിത്തുകള്‍ എന്ന് ഇവയെ വിശേഷിപ്പിക്കാമായിരിക്കും. പുറമേനിന്നു നോക്കുന്ന ചിലര്‍ക്ക് അവ വെറും അന്ധവിശ്വാസങ്ങളായിരിക്കാം. എന്നാല്‍ അത്തരം മിത്തുകളാണ് ഏതു പരമ്പരാഗത സമൂഹത്തിന്റെയും വൈകാരികപശിമ. ഭാവനാപരമായും വൈകാരികമായും അവയില്‍ ഉള്‍പ്പെട്ടുനിന്നുകൊണ്ടു നടത്തുന്ന രചനകള്‍ക്കു തനതായ ഉപപാദനയുക്തികളുണ്ടാകും. അതു സാഹിത്യപര്യവസിതമായിക്കൊള്ളണമെന്നില്ല. വാക്കുകളില്‍നിന്ന് കര്‍മ്മമണ്ഡലത്തിലേക്ക് അതിന്റെ ഊര്‍ജ്ജം കടന്നുവരാം. അതിന്റെ ഏറ്റവും ബാഹ്യവും ഋജുവുമായ പ്രകടനങ്ങളാണ് യാചനാരൂപത്തിലുള്ള വരികള്‍. ജൂതപ്പാട്ടിലെ വാക്യങ്ങള്‍ വ്യാകരണരീതിയില്‍ ഇനം തിരിച്ചാല്‍ അവയില്‍ നല്ലൊരുഭാഗം യാചനാരൂപത്തിലുള്ള പൂര്‍ണക്രിയകളില്‍ അവസാനിക്കുന്നതായി കാണാം. മലയാളത്തില്‍ നിര്‍ദ്ദേശകവും അനുജ്ഞായകവും യാചനയ്ക്ക് ഉപയോഗിക്കാം. വിധായകാനുജ്ഞായക ക്രിയകളുടെ സുലഭത ജൂതപ്പാട്ടുകളുടെ സവിശേഷതയാണ്'. 

മിത്തും ചരിത്രവും സംസ്‌കാരവും ചര്‍ച്ച ചെയ്യുക മാത്രമല്ല വ്യാകരണപരവും ഭാഷാശാസ്ത്രപരവുമായ ഉപദര്‍ശനങ്ങള്‍കൂടി പാഠവിശകലനത്തില്‍ ഉപയോഗപ്പെടുത്തുന്നുവെന്നതാണ് ഈ പഠനത്തിന്റെ അനന്യത. ആധുനിക ഭാഷാശാസ്ത്രം, സമകാലിക സംസ്‌കാരപഠനം, വ്യവഹാരാപഗ്രഥനം, ആഖ്യാനശാസ്ത്രം, പ്രയോഗവിജ്ഞാനം, നാടോടിവിജ്ഞാനീയം, മാധ്യമപഠനം, പ്രകടനപഠനം എന്നിവയുടെ സിദ്ധാന്തങ്ങളും രീതിശാസ്ത്രങ്ങളും വിവേകപൂര്‍വം പ്രയോജനപ്പെടുത്തുന്ന സമീപനമായിരിക്കും നാടോടിപ്പാട്ടുകള്‍ പഠിക്കുന്നവര്‍ക്കു കരുത്തുപകരുകയെന്ന് അദ്ദേഹം ഒരു സന്ദര്‍ഭത്തില്‍ സൂചിപ്പിക്കുന്നുണ്ട്. തുടര്‍പഠനത്തിനും അന്വേഷണത്തിനുമുള്ള സാധ്യതകള്‍ തുറന്നിടുന്ന സമ്പ്രദായം സ്‌കറിയാ സക്കറിയായുടെ പൊതുരീതിയാണെന്നു പറയാം. നോക്കുക: "ജൂതപ്പാട്ടുകളും സമൂഹപ്രക്രിയയുമായി ബന്ധിപ്പിച്ചുള്ള പഠനത്തിനു വേണ്ടുവോളം സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടാനാണ് ഇത്രയും എഴുതിയത്. മലയാളഭാഷാരൂപീകരണം, കേരളസമൂഹരൂപീകരണം എന്നിവയുമായി ബന്ധപ്പെടുത്തി വേണം ജൂതപ്പാട്ടുകളുടെ ഊടും പാവും പരിശോധിക്കാന്‍. വംശീയ സംഗീതപഠനത്തിന്റെ സിദ്ധാന്തങ്ങളും രീതിശാസ്ത്രങ്ങളുംകൂടി ഉപയോഗിച്ചാലേ ജൂതപ്പാട്ടുകളുടെ ചരിത്രപഠനസാധ്യതകള്‍ വെളിപ്പെടൂ. ഇത്തരം പഠനങ്ങള്‍ക്ക് ഈ സമാഹാരം പ്രചോദനമാകുമെങ്കില്‍ സന്തോഷമായി'.

അക്കാദമിക് ട്രേഡ് മാര്‍ക്ക്

കുട്ടനാട്ടിലെ വാമൊഴി ഇതിഹാസങ്ങളായ മലനാട്ടിലാതി, എടനാടന്‍, ചെങ്ങന്നൂരാതി എന്നീ പാട്ടുകളുടെ പാഠവും പഠനവുമടങ്ങുന്ന പുസ്തകങ്ങള്‍ക്ക് എഴുതിയ അവതാരികകള്‍ സവിശേഷശ്രദ്ധയര്‍ഹിക്കുന്നു. ഈ അവതാരികകളും പുരാതനപ്പാട്ടുപഠനത്തിനെഴുതിയ അവതാരികയും ജൂതപ്പാട്ടുപഠനവും ചേര്‍ത്തുവെച്ചാല്‍ നാടന്‍പാട്ടുപഠനത്തിനുള്ള ഒരു മാര്‍ഗരേഖ തെളിഞ്ഞുകിട്ടും. സ്‌കറിയാ സക്കറിയയുടെ അവതാരികകള്‍, വെറും പുസ്തകാവതരണങ്ങളല്ല. മറിച്ച്, പുസ്തകത്തിന്റെ പ്രതിപാദ്യത്തെത്തന്നെ അപനിര്‍മ്മിക്കലാണ്. ഈയര്‍ത്ഥത്തില്‍ കേവലമായ അവതാരികകള്‍ എന്ന നിലവിട്ട് അവ മികവുറ്റ നിരൂപണങ്ങളായി വികസിക്കുന്നു. നളിനിയുടെ അവതാരിക "വെറും അവതാരിക'യല്ലല്ലോ. ഈ പാരമ്പര്യത്തിലേക്കു കണ്ണി ചേരുകകൂടിയാണു ഡോ. സ്‌കറിയ.

മലനാട്ടിലാതിയുടെ അവതാരികയില്‍, ഉമ്പര്‍ട്ടോ എക്കോയുടെ ഇണക്കല്‍, ഇണക്കഴിക്കല്‍ (coding, decoding) എന്നീ ആശയങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. ഈ സങ്കല്പനങ്ങള്‍ എല്ലാത്തരത്തിലുള്ള സംവേദനങ്ങള്‍ക്കും ബാധകമാണെന്നും സാഹിത്യഭാഷയുടെ അര്‍ത്ഥത്തെത്തന്നെ മറികടക്കുന്ന സംവേദനക്രമത്തെക്കുറിച്ചാണ് എക്കോ ചിന്തിച്ചതെന്നും അവതാരികാകാരന്‍ നിരീക്ഷിക്കുന്നു. ഇവിടെ ഭാഷയെന്നതിലേക്കു ചലച്ചിത്രവും ഫാഷനും ജനപ്രിയസംഗീതവും എല്ലാം കടന്നുവരുന്നു. ഇതിഹാസങ്ങള്‍, വിശേഷിച്ചു നാടോടി ഇതിഹാസങ്ങള്‍ അപഗ്രഥിക്കാന്‍ ഉമ്പര്‍ട്ടോ എക്കോയുടെ സിദ്ധാന്തം ഫലപ്രദമാണെന്നു സൂചിപ്പിക്കുകയും ചെയ്യുന്നു. പുതിയ സിദ്ധാന്തങ്ങളെ ഔചിത്യപൂര്‍വ്വം ഉപയോഗപ്പെടുത്തിക്കൊണ്ടു ചര്‍ച്ച വികസിപ്പിക്കാനുള്ള സ്‌കറിയാ സക്കറിയയുടെ പാടവം എടുത്തു പറയേണ്ടതുണ്ട്. അതുപോലെതന്നെ പ്രധാനമാണു നവീന സങ്കല്പനങ്ങളുടെയും താക്കോല്‍വാക്കുകളുടെയും മലയാള ഭാഷാന്തരം. കോഡിംഗിനെയും ഡീകോഡിംഗിനെയും യഥാക്രമം "ഇണക്കലും' "ഇണക്കഴിക്കലു'മാക്കുന്നതിലെ ഭാഷാകൗശലം ധൈഷണികം മാത്രമല്ല സാഹിതീയവുമാണ്.

മലനാട്ടിലാതിയുടെ അവതാരികയില്‍ ഇങ്ങനെ വായിക്കാം:"വാക്കുകളുടെ വാമൊഴിച്ചന്തവും നാടോടി ഈണവുമെല്ലാം ആഖ്യാനത്തിനു സംവേദനശക്തി പകരുന്നു. അച്ചടിയിലെത്തുമ്പോള്‍ വാമൊഴിവഴക്കങ്ങള്‍ പരിരക്ഷിക്കാന്‍ ഏറെ ക്ലേശിക്കേണ്ടിവരും. ഓലക്കെട്ടില്‍നിന്ന് അച്ചടിയിലേക്കു നീങ്ങുന്നതിനേക്കാള്‍ ഗുരുതരമായ വെല്ലുവിളികളാണ് വാമൊഴിയില്‍നിന്ന് അച്ചടിയിലേക്കുള്ള മാറ്റം. ഇലക്ട്രോണിക് യുഗത്തിന്റെയും ഡിജിറ്റല്‍ യുഗത്തിന്റെയും സാധ്യതകള്‍ സംവേദനവിദ്യയെത്തന്നെ മാറ്റിമറിക്കുമ്പോള്‍ നാടന്‍പാട്ടുകളും ആ പ്രവാഹത്തില്‍ അകപ്പെടുന്നു. റേഡിയോയും ടെലിവിഷനും സിനിമയും ഇന്റര്‍നെറ്റും ട്വിറ്ററും യൂട്യൂബും നാടോടിസാഹിത്യത്തിന്റെ സംക്രമണവഴിയില്‍ നാഴികക്കല്ലുകളാണ്. അവയുടെ പിന്‍ബലത്തോടെ നാടോടിപ്പാട്ടുകളുടെ പാഠവും ഈണവും പുതിയ സംഗീതവുമായി കലര്‍ന്ന് ഫ്യൂഷന്‍ മ്യൂസിക്കായി അരങ്ങു തകര്‍ക്കുന്നു. ഉസ്താദ് ഹോട്ടലിലെ അമ്മായിപ്പാട്ടുതന്നെ നല്ല ഉദാഹരണം. ഇത്തരം പരിണാമങ്ങളെ അപചയങ്ങളായി കരുതുന്നവര്‍ കുറവല്ല. അവര്‍ ഓര്‍മിക്കണം, നാടോടിസാഹിത്യം എന്നും പരിണാമവഴിയിലാണ്. പരിണാമവഴിയിലെ ഏറ്റവും പുതിയ ഘട്ടമാണു ഡിജിറ്റല്‍യുഗം. ദൃശ്യവും ശബ്ദവും ഏകോപിപ്പിച്ചുകൊണ്ടുള്ള സംവേദനക്രമം പുത്തന്‍ പരീക്ഷണങ്ങള്‍ക്കു വഴിതുറക്കും'.

വാമൊഴിസാഹിത്യം, വരമൊഴിസാഹിത്യം, സാഹിത്യഗദ്യം, സാഹിത്യേതരഗദ്യം തുടങ്ങിയ വിഭജനങ്ങളുടെയും ഔചിത്യം ഇന്നു ചോദ്യംചെയ്യപ്പെടുകയാണ്. സംസ്‌കാരസ്പര്‍ശംകൊണ്ട് ഭാഷയ്ക്ക് സാഹിതീയത കൈവരുമെന്ന വിശ്വാസം പ്രബലമാവുന്നു. വാമൊഴി, വരമൊഴി എന്നീ ഘട്ടങ്ങള്‍ പിന്നിട്ടു  ഡിജിറ്റല്‍യുഗത്തില്‍ എത്തുമ്പോള്‍ സാഹിതീയതയുടെ ചേരുവകള്‍ പിന്നെയും മാറിമറിയും. ഡിജിറ്റല്‍യുഗത്തില്‍ സംഭവിക്കുന്ന പരിണാമങ്ങളെപ്പറ്റി ബോധവാനാണ് ഡോ. സ്‌കറിയ സക്കറിയ. അതുകൊണ്ട് വാമൊഴിപ്പാട്ടുകളെക്കുറിച്ചുള്ള ചര്‍ച്ചയിലും പുതിയ യുഗത്തിന്റെ ഇടപെടല്‍ സാധ്യതകളെപ്പറ്റി അദ്ദേഹം സംസാരിച്ചുകൊണ്ടിരിക്കും. സമകാലികസംഭവങ്ങളോടു ചേര്‍ത്തുവെച്ചുകൊണ്ടു വാമൊഴിപാഠരൂപങ്ങളുടെ പൊരുള്‍ തിരിക്കുന്ന സമ്പ്രദായം സ്‌കറിയാ സക്കറിയയുടെ അക്കാദമിക് ട്രേഡ് മാര്‍ക്കാ'ണ്. 

ചെങ്ങന്നൂരാതിപ്പാട്ടിന് എഴുതിയ അവതാരികയില്‍ പാലുവം പെണ്ണിനെക്കുറിച്ചുള്ള ചര്‍ച്ചയുണ്ട്.  നോക്കുക: "പലതരം കീഴാളത്തങ്ങളുള്ള ഒരു സമൂഹത്തില്‍ സ്ത്രീ പുരുഷാധിപത്യത്തിന്റെ ഭര്‍ത്സനങ്ങളെ ആത്മവിശ്വാസത്തോടെ നേരിടുകയാണ്. സ്ത്രീയെ പുകഴ്ത്തേണ്ടിവരുമ്പോഴെല്ലാം അവളുടെ ശരീരത്തെ ആശ്രയിക്കുന്ന വരേണ്യയുക്തികള്‍ വിട്ട് തന്റേടത്തെ പ്രകാശിപ്പിക്കുകയാണ് ചെങ്ങന്നൂരാതി എന്ന ഇതിഹാസം. വര്‍ത്തമാനകാലത്തെ പ്രവണതകള്‍ വലിയ മാറ്റമൊന്നും കുറിക്കുന്നില്ല എന്നാണു പണ്ഡിതമതം. ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ ചരിത്ര പ്രൊഫസറായ ജാനകി നായര്‍ സൂചിപ്പിക്കുന്നതനുസരിച്ചാണെങ്കില്‍ സ്ത്രീകള്‍ പൊതുമണ്ഡലത്തില്‍ കഴിവു തെളിയിക്കുന്നതോടെ പുരുഷന്റെ അരക്ഷിതബോധം വളരുകയാണ്. ലൗ ജിഹാദ് എന്ന പേരില്‍ നടക്കുന്ന കോലാഹലങ്ങളും ദുരഭിമാനക്കൊലകളും പെണ്ണിന്റെ പ്രമാണിത്തത്തിലും താന്‍പോരിമയിലും പുരുഷാധിപത്യസമൂഹത്തിനുണ്ടാകുന്ന പരിഭ്രാന്തിപ്രകടനങ്ങളാണ്. സ്ത്രീകള്‍ ആവശ്യപ്പെടാതെതന്നെ അവര്‍ക്കു സംരക്ഷണം നല്‍കാന്‍ ഇറങ്ങിപ്പുറപ്പെടുന്ന പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും പെരുകിവരുന്ന കാലത്ത് കുട്ടനാട്ടിലെ പാലുവംപെണ്ണിനു പ്രത്യേക പ്രസക്തിയുണ്ട്. കായികവിദ്യയിലുള്ള സാമര്‍ത്ഥ്യംകൊണ്ടു പാലുവംപെണ്ണ് പുരുഷന്മാരെ അമ്പരപ്പിക്കുന്നു. കളരിയഭ്യാസത്തിലേക്കു പ്രവേശിക്കുന്ന പാലുവംപെണ്ണിനെ ഒരു ലൈംഗിക വിഭവമാക്കാതെ വീരാംഗനയാക്കി ഉയര്‍ത്തുന്ന ആഖ്യാനതന്ത്രത്തിന്റെ പേരില്‍ ചെങ്ങന്നൂരാതി മലയാള ക്ലാസിക്കുകള്‍ക്കിടയില്‍ സ്ഥാനം പിടിക്കണം. പാലുവംപെണ്ണിന്റെ പ്രകടനം ഭാവവും ഭാഷയും തമ്മിലുള്ള പൊരുത്തംകൊണ്ടു ശ്രദ്ധേയമാണ്. കഥയില്‍ കാണുന്നതനുസരിച്ച് പട്ടുപൊലിക്കാന്‍ അവസരം നേടുകയാണ് പാലുവംപെണ്ണ്. വാസ്തോലി പോലെയുള്ള ചടങ്ങുകള്‍ക്ക് അതിഥികള്‍ നല്‍കുന്ന സമ്മാനമാണ് പൊലിവ്. പട്ടുപൊലിവിനു പ്രത്യേക ചടങ്ങുകള്‍ ഉണ്ടെന്നു വ്യക്തം. പത്തൊമ്പതു കളരികളുണ്ടായിരുന്ന ഒരു ഭൂപ്രദേശത്തിന്റെ പശ്ചാത്തലത്തിലാണ് ചെങ്ങന്നൂരാതിയുടെ കഥ പറയുന്നത് എന്നോര്‍മ്മിക്കുക. കളരിവിദ്യ സ്ത്രീകളും അഭ്യസിച്ചിരുന്നു എന്നു വേണം കരുതാന്‍. ഞാനൊരു പെണ്ണാണേ എന്നു പ്രഖ്യാപിച്ചുകൊണ്ടു പട്ടുപൊലിക്കാന്‍ പുറപ്പെടുന്ന പാലുവംപെണ്ണിനെ വീരനായികയായി ഉയര്‍ത്തുന്നു'. ഇങ്ങനെ അനുദിനജീവിതവ്യവഹാരവുമായി ചേര്‍ത്തുവെച്ചുകൊണ്ടുള്ള വാമൊഴിപാഠനിരൂപണം കൂടുതല്‍ തെളിച്ചങ്ങളുണ്ടാക്കുന്നു. "രാഷ്ട്രീയ തെളിച്ചങ്ങള്‍' എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു.

ഭാവിയുടെ ഓര്‍മ്മകള്‍ 

മലയാളപഠനഭൂമികയിലെ സംസ്‌കാരപഠനവഴിയിലൂടെയുള്ള ആദ്യസഞ്ചാരങ്ങളില്‍ ഒന്നാണ് സ്‌കറിയാ സക്കറിയ തയ്യാറാക്കിയ ഉദയംപേരൂര്‍ സൂനഹദോസിന്റെ കാനോനകളുടെ ആമുഖപഠനം. കലാവിമര്‍ശം: മാര്‍ക്സിസ്റ്റു മാനദണ്ഡം എന്ന കൃതി മാത്രമാവും ഒരുപക്ഷേ ഈ വഴിത്താരയിലൂടെ മുന്നേ സഞ്ചരിച്ചത്. ആ പുസ്തകത്തിലെ പഠനങ്ങള്‍ തുറന്നിട്ട സാധ്യതകള്‍ക്കു പുറമേ ഭാഷാചരിത്രത്തിന്റെയും ഭാഷാവിജ്ഞാനത്തിന്റെയും കോളനിയനന്തരതയുടെയും മറ്റും ജ്ഞാനാവലികള്‍ ഉപയോഗിക്കുന്നതോടെ കാനോനകളുടെ ആമുഖപഠനത്തിനു കൂടുതല്‍ വിസ്താരതയും ആഴവും ലഭിക്കുന്നു. കാനോനകളുടെ ഭാഷാപഠനം എന്നതില്‍നിന്നു "കേരളപഠനം' എന്നു വിശേഷിപ്പിക്കാന്‍ കഴിയുന്ന മട്ടിലേക്കു വികസ്വരമായതുകൊണ്ടാവണം പണ്ഡിതശ്രേഷ്ഠനായ പി. ഗോവിന്ദപ്പിള്ള പ്രസ്തുതപഠനത്തെ പലവുരു പ്രശംസിച്ചത്. ഉദയംപേരൂര്‍ സൂനഹദോസ് നാനൂറു വര്‍ഷം പിന്നിട്ട പ്രകരണത്തില്‍ എഴുതിയതാണ് "ഉദയംപേരൂര്‍ സൂനഹദോസ്: ഭാവിയുടെ ഓര്‍മ്മ' എന്ന ലേഖനം. ചരിത്രമെന്നത് ഓര്‍മയാണെന്നും അതു ശൂന്യതയിലല്ല, സ്ഥലകാലങ്ങളിലാണ് ഉണര്‍ന്നുവരുന്നതെന്നുമുള്ള വീണ്ടുവിചാരം ഇവിടെയുണ്ട്. നാലു നൂറ്റാണ്ടുകള്‍ക്കുശേഷം സൂനഹദോസിന്റെ ഓര്‍മകള്‍ ആചരിക്കുമ്പോള്‍ ഇക്കാര്യം ഗൗനിക്കേണ്ടതായി വരുന്നു. ഓര്‍മയിലൂടെ പിന്നോട്ടു മാത്രമല്ല മുന്നോട്ടും സഞ്ചരിക്കാം. ഭൂതകാലത്തിന്റെ ആശയാവലികള്‍ ഉപയോഗിച്ചു വര്‍ത്തമാനകാലത്തെ മനസ്സിലാക്കി, ഭാവിയെക്കുറിച്ചു സംസാരിക്കുന്ന പ്രവണതയാണിത്. അതിനാല്‍, ചരിത്രത്തെ ഭാവിയുടെ ഓര്‍മ (memory of the future) എന്നു വിശേഷിപ്പിക്കാം. ഉദയംപേരൂര്‍ സൂനഹദോസിന്റെ ചരിത്രത്തെ, ഭാവിയുടെ ഓര്‍മയെന്ന നിലയില്‍ വിശദീകരിക്കാനും വ്യാഖ്യാനിക്കാനുമാണു ലേഖകന്‍ ശ്രമിക്കുന്നത്. 

കേരളപഠനം എന്നു വിശേഷിപ്പിക്കാന്‍ കഴിയുന്നതാണു ഭക്ഷണത്തെപ്പറ്റിയും നാട്ടുചരിത്രത്തെപ്പറ്റിയും ചങ്ങനാശേരിയെപ്പറ്റിയും ബൗദ്ധപാരമ്പര്യത്തെപ്പറ്റിയും അമ്മത്രേസ്യയെപ്പറ്റിയുമുള്ള ആമുഖരചനകള്‍. പ്രാദേശികചരിത്ര (Local history) പഠനത്തിന്റെയും വാമൊഴിചരിത്ര (Oral History) പഠനത്തിന്റെയും അടിസ്ഥാന ആശയങ്ങളും സൂക്ഷ്മാന്വേഷണങ്ങളും അവയില്‍ക്കാണാം. ഡോ. സ്‌കറിയാ സക്കറിയ എഡിറ്റു ചെയ്ത ചങ്ങനാശേരി-99 എന്ന ഗ്രന്ഥം പ്രാദേശികചരിത്രപഠനമേഖലയിലെ ഒന്നാന്തരം മലയാളമാതൃകയാണ്. വാണിയംകുളംവിജ്ഞാനീയത്തില്‍നിന്നു ചങ്ങനാശേരി-99ലേക്കു ദൂരമേറെയുണ്ട്. 

അറിവിന്റെ സ്‌കറിയാ സക്കറിയവഴികള്‍

ചരിത്രം (History) എന്ന വാക്കില്‍/വ്യവഹാരത്തില്‍ നിന്നു തീര്‍ത്തും വിഭിന്നമാണു പൈതൃകം (Heritage) എന്ന താക്കോല്‍വാക്ക്. പഴമയില്‍നിന്നു സംക്രമിച്ചെത്തുന്നതാണു പൈതൃകം. പക്ഷേ, അതു സമകാലിക ശ്രദ്ധനേടി ഭാവിയിലേക്കു സഞ്ചരിക്കുന്നു. കൂട്ടായ ജീവിതത്തിന്റെ ഭാഗമായ അനുഭവങ്ങളും വിഭവങ്ങളുമെല്ലാം പൈതൃകത്തിന്റെ ഭാഗമായിത്തീരുന്നു. അതുകൊണ്ടുതന്നെയാവണം ഊര്‍ജ്ജസ്വലമായ ഒരു പഠനപദ്ധതിയായി പൈതൃകപഠനം (Heritage Studies) വികസിച്ചത്. പൈതൃകപഠനം നല്‍കുന്ന പുതിയ ഉള്‍ക്കാഴ്ച്ചകളെ മുന്‍നിര്‍ത്തി കേരളീയപൈതൃകാനുഭവങ്ങളെ താത്ത്വികമായി അവതരിപ്പിക്കുന്ന രണ്ടു ലേഖനങ്ങള്‍ സ്‌കറിയാ സക്കറിയ രചിച്ചിട്ടുണ്ട്- "പൈതൃകപഠനത്തിലെ പുതുമകള്‍', "പൈതൃകപഠനം: മുസിരിസ് പൈതൃകപദ്ധതി മുന്‍നിര്‍ത്തി ഒരു പഠനം' എന്നിവയാണവ. രണ്ടാമത്തെ ലേഖനത്തില്‍ സ്‌കറിയാ സക്കറിയ ഇങ്ങനെ എഴുതുന്നു: "ചരിത്രത്തിന്റെ രീതിശാസ്ത്രവും സിദ്ധാന്തവും വസ്തുതാപരത(facticity)യില്‍ ഊന്നുമ്പോള്‍ വസ്തുത (fact) എന്നതുതന്നെ ഒരുതരം നിര്‍മ്മിതിയാണെന്ന് ഉത്തരാധുനികര്‍ കരുതുന്നു. ഫ്രോയ്ഡ്, മാര്‍ക്സ്, നീചേ തുടങ്ങിയ മഹാസന്ദേഹികള്‍ തുറന്നിട്ട വഴികളിലൂടെ വ്യാഖ്യാനത്തിന്റെ മരുഭൂമികളിലേക്ക് ഉത്തരാധുനികര്‍ സഞ്ചരിക്കുന്നു. ഇവിടെ അനുഭവനിര്‍മ്മിതിയും വിനിമയവും നിര്‍ണ്ണായകമാണ്. ചരിത്രാനുഭവം ഭാവിക്കുവേണ്ടി സംരക്ഷിക്കുകയും സംവേദനം ചെയ്യുകയുമാണു പൈതൃകവിജ്ഞാനം. ഭാവിയുടെ ചരിത്രമാണു പൈതൃകപഠനത്തിന്റെ കേന്ദ്രമണ്ഡലം'. കേരളസര്‍ക്കാര്‍ സംരംഭമായ മുസിരിസ് പൈതൃകപദ്ധതിയെ മ്യൂസിയംവിജ്ഞാനത്തിന്റെയും പൈതൃകപഠനത്തിന്റെയും സംസ്‌കാരപഠനത്തിന്റെയും വെളിച്ചത്തില്‍ വിശകലനം ചെയ്യാനുള്ള ശ്രമമാണ് ഈ ലേഖനം. പൈതൃകത്തെ സംവേദനസംഭവം (communicative event) എന്ന നിലയില്‍ നോക്കിക്കാണുകയും പൈതൃകപഠനത്തിലെ വ്യത്യസ്ത മാതൃകകള്‍ അവതരിപ്പിക്കുകയും ചെയ്യുന്നു. വിജ്ഞാനയുഗത്തിലെ പൈതൃകത്തിന്റെ സ്ഥാനം ചര്‍ച്ച ചെയ്യുന്നതോടൊപ്പം പൈതൃകത്തെ മാധ്യമീകരണം, സാംസ്‌കാരികടൂറിസം എന്നിവയോടു ചേര്‍ത്തുവെച്ചു പര്യാലോചിക്കുകയും ചെയ്യുന്നു.

പൈതൃകപദ്ധതി/വ്യവസായം എന്ന വ്യവഹാരത്തെ സംബന്ധിച്ചുള്ള വാദങ്ങളും മറുവാദങ്ങളും കാണിക്കുന്നതു പൈതൃകത്തെ യാഥാസ്ഥിതികമായും ഉപഭോഗപരമായും ജനാധിപത്യപരമായും നിര്‍മ്മിച്ചെടുക്കാമെന്നാണ്. പൈതൃകപദ്ധതികളെ നേരാംവണ്ണം ഉപയോഗിക്കാന്‍ കഴിയുമെന്ന റോബര്‍ട്ട് ഹ്യൂവിസന്റെ നിലപാടുകളോടും റാഫേല്‍ സാമുവേലിന്റെ വാദങ്ങളോടുമാണു ഡോ. സ്‌കറിയയ്ക്കു കൂടുതല്‍ ചാര്‍ച്ച. 

പൈതൃകപഠനം എന്ന ജ്ഞാനവിഷയത്തെ സംബന്ധിച്ച മലയാളത്തിലെ അടിസ്ഥാനപ്രമാണങ്ങളാകുന്നു ഇവിടെ സൂചിതമായ ലേഖനങ്ങള്‍. ഈ ഗ്രന്ഥത്തിലെ "പൈതൃകം/ജനസംസ്‌കാരം' എന്ന വിഭാഗത്തില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്ന ലേഖനങ്ങളും അവതാരികകളും ജനസംസ്‌കാരപഠനത്തിലെ പുതുവഴികളാകുന്നു. സിദ്ധാന്തങ്ങളൊന്നുംതന്നെ ഇവിടെ കല്ലേറാകുന്നില്ല. സുഗമമായി വായിച്ചുപോകാന്‍ കഴിയുന്ന അക്കാദമിക് രചനകളാണവ. വിദ്യാര്‍ഥികളെയും ഗവേഷകരെയും പണ്ഡിതരെയും ഒരുപോലെ അതു തൃപ്തിപ്പെടുത്തുന്നു. അത് ഒരേസമയം അക്കാദമിക വഴിയും ജനപ്രിയവഴിയുമാകുന്നു; സിദ്ധാന്തവും പ്രയോഗവുമാകുന്നു; ആഗോളവഴിയും പ്രാദേശിക വഴിയുമാകുന്നു. ചുരുക്കത്തില്‍ അതു "സ്‌കറിയാ സക്കറിയവഴി' ആകുന്നു.  

അജു കെ. നാരായണന്‍  

അസോസിയേറ്റ് പ്രൊഫസര്‍, സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ്, എം.ജി. യൂണിവേഴ്‌സിറ്റി.

  • Tags
  • #Scaria Zacharia
  • #Obituary
  • #Aju K. Narayanan
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Sara Aboobakkar

Obituary

എം.വി. സന്തോഷ്​ കുമാർ

‘നാദിറ ആത്മഹത്യ ചെയ്യേണ്ടത് പള്ളിക്കുളത്തില്‍ ചാടിയാകണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്’, സാറാ അബൂബക്കർ എന്ന സമരകഥ

Jan 12, 2023

5 Minutes Read

PELE

Obituary

ഹരികുമാര്‍ സി.

പെലെ കാട്ടിയ മാസ്സൊന്നും മറ്റൊരാളും കാട്ടിയിട്ടില്ല

Dec 30, 2022

3 Minutes Read

p-narayana-menon

Obituary

പി.കെ. തിലക്

ബദലുകളുടെ മാഷ്​

Dec 02, 2022

5 Minutes Read

NE Balakrishna Marar

Obituary

കെ. ശ്രീകുമാര്‍

എന്‍.ഇ. ബാലകൃഷ്ണമാരാര്‍ പുസ്തകങ്ങള്‍ കൊണ്ടെഴുതിയ ചരിത്രം

Oct 15, 2022

6 Minutes Read

N E Balakrishna Marar

Obituary

എന്‍.ഇ. സുധീര്‍

പുസ്​തക പ്രസാധക- വിപണന ചരിത്രത്തിലെ മാരാർ കളരി

Oct 15, 2022

5 Minutes Read

achuthan

Obituary

ടി.പി.കുഞ്ഞിക്കണ്ണന്‍

പരിസ്​ഥിതി സംരക്ഷണത്തെ ദരിദ്രപക്ഷ സംരക്ഷണമാക്കിയ ഡോ. എ. അച്യുതൻ

Oct 11, 2022

6 Minutes Read

Kodiyeri Balakrishnan

Memoir

പി.ടി. കുഞ്ഞുമുഹമ്മദ്

പിണറായി എനിക്കുതന്ന ഫ്‌ലാറ്റില്‍ അന്ന് കോടിയേരി ഒരു മുറി ചോദിച്ചു

Oct 02, 2022

7 Minutes Read

Kodiyeri Balakrishnan

Memoir

കെ.ടി. കുഞ്ഞിക്കണ്ണൻ

ആ തലശ്ശേരിയില്‍ നിന്ന് രൂപംകൊണ്ട കോടിയേരി

Oct 02, 2022

5 Minutes Read

Next Article

വിജയിച്ച 1072 വോട്ടുകള്‍

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster