കോവിഡിനോടൊപ്പം മുന്നോട്ട്

'' എന്തായാലും കോവിഡിനൊപ്പം ജീവിക്കാനേ ഇപ്പോൾ കഴിയുകയുള്ളൂ. കോവിഡിന്റെ വഴിയിലൂടെ തന്നെ സഞ്ചരിച്ചോ മനുഷ്യരുടെ വാക്‌സിൻ വഴിയിലൂടെയോ പ്രതിരോധ ശേഷി ഉണ്ടായാൽ കോവിഡിന്റെ ഒപ്പമുള്ള ജീവിതം എളുപ്പമാകും.'' കോവിഡ് ഭൂമിയിലെ മനുഷ്യജീവിതത്തിന്റെ രീതികളെ അടിമുടി മാറ്റിമറിക്കുന്നതിനെക്കുറിച്ച് എഴുതുകയാണ് കണ്ണൂർ, കാസർഗോഡ് ജില്ലയുടെ നോഡൽ ഓഫീസറും ജില്ലകളിലെ സാംക്രമികരോഗ നിവാരണ സെല്ലിന്റെ കോ ഓർഡിനേറ്ററുമായ ഡോ: എ.കെ. ജയശ്രീ

ഹാമാരികൾ പല വലുപ്പത്തിലും ദൈർഘ്യത്തിലുമുള്ള തരംഗങ്ങളായാണ് പ്രത്യക്ഷപ്പെടുന്നത്. മഹാമാരികൾ മാത്രമല്ല, അവയോടുള്ള മനുഷ്യസമൂഹത്തിന്റെ ഭീതിയും ആശങ്കകളും മുൻ ധാരണകളും വൃത്താന്തങ്ങളും. അവ ഉയർന്നു പൊങ്ങുകയും താഴുകയും ചെയ്യും. പല പാറ്റേണുകളിൽ ഇവ ആവർത്തിക്കാം. കേരളത്തിലെ ആദ്യ രണ്ട് കോവിഡ് തരംഗം കഴിഞ്ഞ് മൂന്നാമത്തെ ഘട്ടത്തിലേക്ക് കടക്കുകയാണിപ്പോൾ.
കാസർഗോഡ് ജില്ല ഒരു ദിവസം മാത്രം രോഗ മുക്തമായി. തൊട്ടടുത്ത ദിവസം തന്നെ മഹാരാഷ്ട്രയിൽ നിന്ന് വന്ന നാല് പേരുൾപ്പെടെ 10 പേർ പോസിറ്റീവായി. ഇതേ പോലെ തന്നെ ഇത് വരെ ഇല്ലാതിരുന്ന ജില്ലകളിലും മറ്റും പുതുതായി ഹോട്ട്‌സ്‌പോട്ടുകളുണ്ടായി. പുറം രാജ്യങ്ങളിൽ നിന്ന് വരുന്നവർക്കൊപ്പം തന്നെ, മറ്റു സംസ്ഥാനങ്ങളിൽ നിന്നുകൂടി ആളുകൾ കൂട്ടമായി എത്താൻ തുടങ്ങി എന്നതാണ് കേരളത്തിലെ ഈ മൂന്നാം ഘട്ടത്തിന്റെ പശ്ചാത്തലം. തൊട്ടടുത്ത സംസ്ഥാനമായ തമിഴ്നാടുൾപ്പെടെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും നൂറു കണക്കിനാളുകൾക്ക് ദിവസവും കോവിഡ് ബാധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ചൈനയിൽ ഉണ്ടായതിനേക്കാൾ കൂടുതൽ കോവിഡ് ബാധിതർ ഇന്ത്യയിൽ ഉണ്ടായിക്കഴിഞ്ഞു എന്നതാണ് ഒടുവിലത്തെ റിപ്പോർട്ടുകൾ കാണിക്കുന്നത്.

ലോക്ഡൗണിന്റെ പ്രശ്‌നങ്ങളും അതിൽ എങ്ങനെ ഇളവ് കൊണ്ട് വരാമെന്നും ചിന്തിച്ചു തുടങ്ങിയപ്പോൾ തന്നെയാണ് അതിന് വെല്ലുവിളിയായി മൂന്നാം ഘട്ട വ്യാപനം മുന്നിലെത്തുന്നത്. ഇത് അപ്രതീക്ഷിതമല്ല എങ്കിലും വളരെ കഠിനമായ വഴികളിലൂടെ തന്നെ കടന്ന് പോകേണ്ടതായി വന്നേക്കാം.

ഒന്നാം ഘട്ടത്തിലും രണ്ടാം ഘട്ടത്തിലും രോഗനിയന്ത്രണം വളരെ ഫലപ്രദമായി നടത്തിയ കേരളം ലോകശ്രദ്ധ നേടുകയുണ്ടായി. പല തരത്തിലുള്ള വിശകലനങ്ങൾ നടന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു. മുൻകൂട്ടി നടത്തിയ തയ്യാറെടുപ്പുകളും ജനങ്ങളുടെ തൊട്ടടുത്ത് പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർ മുതൽ മന്ത്രിമാർ വരെ കണ്ണിചേരുന്ന ആരോഗ്യ വിനിമയ നിരീക്ഷണ സംവിധാനവും ആത്മാർത്ഥതയോടെ ഒത്തുചേർന്നുള്ള പ്രവർത്തനവും ഈ വിജയത്തിന് ആധാരമായിട്ടുണ്ട്. ഇതിന് സാംക്രമിക രോഗശാസ്ത്രത്തിന്റെ സഹായമാണ് ഉണ്ടായിരുന്നത്. ശാസ്ത്രത്തിന്റെ രീതികൾ പ്രായോഗികതലത്തിൽ ഏറെക്കുറെ സ്വീകരിക്കുന്ന സ്വഭാവം മലയാളികൾക്കുണ്ട് . അത് പ്രതിരോധപ്രവർത്തനങ്ങളെ എളുപ്പമാക്കി.
ഓരോ കാലത്തും ഉണ്ടായിട്ടുള്ള സാംക്രമികരോഗങ്ങൾ വ്യാപിച്ചതും അടങ്ങിയതും അതാതിന്റെ തനതു സ്വഭാവങ്ങളിലൂടെയാണ്. സ്പാനിഷ് ഫ്‌ളൂവിനും കോളറക്കും പ്ലേഗിനും എയ്ഡ്‌സിനും എല്ലാം അവയുടെ തനിസ്വഭാവങ്ങളുണ്ടായിരുന്നു. കോവിഡും അതിന്റെ വ്യക്തിമുദ്ര പതിപ്പിച്ച് കൊണ്ടിരിക്കുകയാണ്. സാംക്രമികരോഗശാസ്ത്രത്തിന്റെ വളർച്ചക്കും അതിന്റേതായ വഴികളുണ്ട്. പല ശാസ്ത്രങ്ങൾ പലയിടത്ത് വച്ചും ഇണങ്ങി ചേർന്നാണ് ഇന്നത്തെ എപിഡെമിയോളജി രൂപപ്പെട്ടുകൊണ്ടിരിക്കുന്നത്. അതിൽ ഗണിതവും ജനിതകശാസ്ത്രവും പെടും. രോഗവ്യാപനത്തിന്റെ ഗതി മുൻകൂട്ടി മനസ്സിലാക്കുന്നതാണ് പ്രതിരോധത്തിന്റെ വിജയത്തിന് കാരണമാകുന്നത്. നിരീക്ഷണത്തിനോടൊപ്പം പ്രവചനവും സാദ്ധ്യമാകണം. ഒരു പുതിയ മഹാമാരി ഉണ്ടാകുമ്പോൾ ഇതത്ര എളുപ്പമാകില്ല. കൃത്യതയും സുനിശ്ചിതത്വവുമാണ് സയൻസിനെ ചികിത്സയോടും പ്രതിരോധത്തോടും അടുപ്പിച്ചത്. എന്നാൽ, പുതിയ വൈറസുകളുടെ ആവിർഭാവവും വ്യാപനവും താൽക്കാലികമായെങ്കിലും ഇത് അസ്ഥിരപ്പെടുത്തുന്നു. എങ്കിലും നിലവിലുള്ള അറിവും വളരെ വേഗം പുരോഗമിക്കുന്ന ഗവേഷണവും വഴികൾ തെളിച്ചു തരുന്നുണ്ട്. കോവിഡ്, സ്രവകണികകളിലൂടെയും വസ്തുവകകളിലൂടെയുമാണ് പകരുന്നതെന്ന അറിവ്, രോഗവ്യാപനത്തിന്റെ തോത്, മാരകസ്വഭാവം എന്നിവ പ്രതിരോധതന്ത്രങ്ങൾ ആവിഷ്‌കരിക്കുന്നതിൽ നിർണ്ണായകമായി.

മറ്റേത് നൂതന രോഗത്തെയും പോലെ നോവൽ കൊറോണയും മനുഷ്യരെ സംഭ്രമിപ്പിച്ചത് മാരകസ്വഭാവം കൊണ്ടും നിഗൂഢത കൊണ്ടുമാണ്. രോഗ വ്യാപനത്തിന്റെ ഗതിവേഗം കൊണ്ടാണ് ഇതിന് കർശന നിയന്ത്രണം വേണ്ടി വന്നത്. ഈ ഗതിവേഗമുണ്ടാകുന്നതോ നമ്മുടെ സഞ്ചാര വേഗത കൂടിയത് കൊണ്ടും. രോഗമുള്ളവരെ പെട്ടെന്ന് കണ്ടെത്തി മാറ്റി പാർപ്പിക്കുക എന്നതും അവരുമായി ബന്ധപ്പെട്ടവരെയെല്ലാം നിരീക്ഷിച്ചു കൊണ്ടിരിക്കുക എന്നതും വൈറസിനെ തടയാനുള്ള മാർഗ്ഗങ്ങളായി കണ്ടു. ക്വാറന്റൈൻ എന്നത് പൊതുജനാരോഗ്യശാസ്ത്രത്തിൽ പറയുന്നു എങ്കിലും അത് വളരെ അപൂർവ്വമായി മാത്രമേ പ്രയോഗിച്ച് കണ്ടിട്ടുള്ളൂ. എന്നാൽ, ഇപ്പോൾ അത് ഏറ്റവും കൂടുതൽ പൊതു ജനങ്ങളുടെ ഇടയിൽ പ്രചരിക്കുന്ന വാക്കായി മാറി. ചൈനയിലും മറ്റു ചില രാജ്യങ്ങളിലുമായി രോഗം ഒതുങ്ങിയിരുന്ന കാലത്ത് കണ്ടത് പോലെയും തടയാൻ ശ്രമിച്ചത് പോലെയുമല്ല, അടുത്ത ഘട്ടത്തിൽ വേണ്ടി വന്നത്.

രോഗം തടയാനുള്ള നിഷ്‌കർഷ പാലിക്കുമ്പോൾ തന്നെ സാഹചര്യങ്ങൾക്കനുസരിച്ച് മനുഷ്യരുടെ അവസ്ഥ മനസ്സിലാക്കി പെരുമാറാൻ ഉദ്യോഗസ്ഥർക്കും ആരോഗ്യപ്രവർത്തകർക്കും കഴിയണം.

ആദ്യ സമയത്ത് ഏതൊക്കെ രാജ്യങ്ങളിൽ പുതിയ രോഗമുണ്ടായി എന്ന് ദിവസവും നോക്കി കൊണ്ടിരുന്നു. അവിടെ നിന്നെത്തുന്നവരെ മാറ്റി പാർപ്പിക്കുകയും ടെസ്റ്റ് ചെയ്യുകയും ചെയ്തു കൊണ്ടിരുന്നു. അപ്പോൾ തന്നെ കൂടുതൽ പകർച്ച മുന്നിൽ കണ്ടു കൊണ്ട് ആശുപത്രികളെ ഇതിന് സന്നദ്ധമാക്കി എന്നതാണ് കേരളത്തിൽ നടന്നത്. മാത്രമല്ല, ആശുപത്രികളിൽ വച്ച് ഉണ്ടാകാൻ സാദ്ധ്യതയുള്ള അണുവ്യാപനം തടയാൻ, ഏറ്റവും കൃത്യമായ ഗൈഡ് ലൈൻ അനുസരിച്ചുള്ള പ്രോട്ടോകോൾ തയാറാക്കുകയും, ആവശ്യമായ കിറ്റുകളും മാസ്‌കുകളും കയ്യുറകളുമെല്ലാം ശേഖരിക്കുകയും മോക് ഡ്രില്ലുകൾ നടത്തുകയും ചെയ്തു. ആദ്യ ഘട്ടത്തിൽ വിദേശത്ത് നിന്ന് വന്ന മൂന്നു പേർക്ക് രോഗം കണ്ടെത്തിയെങ്കിലും ആരോഗ്യപ്രവർത്തകരടക്കം മറ്റാർക്കും തന്നെ അവരിൽ നിന്ന് രോഗം വ്യാപിക്കാതെ കാക്കാൻ നമുക്ക് കഴിയുകയും ചെയ്തു.
എന്നാൽ, രണ്ടാം ഘട്ടമായപ്പോഴേക്കും നമ്മൾ കൂടുതൽ ആശങ്കപ്പെടേണ്ട അവസ്ഥ വന്നു. കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കുടിയേറിയിട്ടുള്ള ഗൾഫ് നാടുകൾ, അമേരിക്ക, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള വ്യാപനം ഇവിടെയും പ്രത്യാഘാതമുണ്ടാക്കുമെന്ന തിരിച്ചറിവ് കൂടുതൽ മുൻകരുതലുകളും ആരോഗ്യ പ്രവർത്തകർക്കുള്ള പരീശീലനവും ഏർപ്പെടുത്തുന്നതിലേക്ക് നയിച്ചു. ആളുകൾ തിങ്ങി നിറയുകയും കൂട്ടം കൂടുകയും ചെയ്യുന്ന സമൂഹത്തിൽ വ്യാപനം തടയുന്നതിന് വീണ്ടും പുറത്ത് നിന്ന് വരുന്നവരെ ടെസ്റ്റ് ചെയ്യുകയും മാറ്റി പാർപ്പിക്കുകയും ചെയ്യുക എന്ന പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തി. എന്നാൽ, അത് മാത്രമല്ല, ആളുകൾക്കിടയിൽ വ്യാപിക്കാതിരിക്കാൻ സാമൂഹ്യ അകലം, മാസ്‌ക്, കൈകളുടെ ശുചിത്വം എന്നിവ നിർബ്ബന്ധമാക്കി. ഇതെല്ലാം തന്നെ എല്ലാ കാലത്തും പല പകർച്ച വ്യാധികളും തടയാനായി പറഞ്ഞു കൊണ്ടിരിക്കുന്നതാണെങ്കിലും നിർബ്ബന്ധിതമായി ഇത് ചെയ്യേണ്ടി വരുന്ന അവസ്ഥയിലേക്ക് കോവിഡ് എത്തിച്ചു. ഇത് ഏറെക്കുറെ ലോകവ്യാപകമായ തീരുമാനങ്ങളുടെ സ്വാധീനത്തിലൂടെയുമാണ്. അതിലേറ്റവും പ്രധാനം എല്ലാവരും പിന്തുടർന്ന ലോക്ഡൗൺ മാതൃകയാണ്. അതിന്റെ ന്യായാന്യായങ്ങൾ എന്ത് തന്നെ ആയാലും മനുഷ്യ ജീവിതത്തിൽ അത് ചെലുത്തിയ പ്രഭാവം അപാരമാണ്. അത് താൽക്കാലികമാകുമോ വീണ്ടും ജീവിതം തിരിച്ചു പഴയപോലെയാകുമോ എന്നൊന്നും പറയാറായിട്ടില്ല.
ഇത്രയും പറഞ്ഞത് പൊതുജനാരോഗ്യത്തിന്റെയും സംക്രമികരോഗശാസ്ത്രത്തിന്റെയും റോൾ സൂചിപ്പിക്കാൻ മാത്രമാണ്, എന്നാൽ, മനുഷ്യരുടെ ജീവിതവും വ്യവഹാരങ്ങളും ഇതിൽ മാത്രം ഒതുങ്ങുന്നതല്ലല്ലോ. ഒരു പക്ഷെ, എത്രയേറെ ഉപ സംസ്‌കാരങ്ങളുണ്ടോ അതല്ലെങ്കിൽ എത്ര വ്യക്തികളുണ്ടോ അത്രയും തരത്തിലായിരിക്കും അത് വ്യാപരിക്കുകയും പ്രയോഗിക്കപ്പെടുകയും ചെയ്യുന്നത്. സയൻസിന്റെ കൃത്യതയും അതിന്റെ തന്നെ അനിശ്ചിതമായ മേഖലകളും എല്ലാം തന്നെ വ്യാപരിക്കുന്നതും ആഖ്യാനങ്ങളുണ്ടാക്കുന്നതും ദിനചര്യകളുടെ ഭാഗമാകുന്നതും വ്യത്യസ്ത വഴികളിലൂടെയാണ്.
ലോക്ഡൗൺ പെട്ടെന്ന് ആളുകളുടെ മേൽ വന്നു പതിക്കുകയും എന്ത് ചെയ്യണമെന്നറിയാതെ പകച്ചു പോവുകയുമാണുണ്ടായത്. ഉത്സവങ്ങളും ആരാധനകളും മുടക്കാൻ മടിച്ച് നിന്ന ഭരണസംവിധാനങ്ങളും അധികാര കേന്ദ്രങ്ങളും വൈറസ് വ്യാപനത്തിന് മുന്നിൽ മുട്ട് മടക്കി. ലോക്ഡൗൺ ജനങ്ങളുടെ ജീവിതത്തെ ബാധിക്കാതിരിക്കാനുള്ള ആലോചനകളും പ്രവർത്തനങ്ങളും കേരളത്തിൽ നടന്നു എന്നതും കേരളത്തെ സവിശേഷമാക്കി. ആ ആലോചനകൾ രണ്ടാം ഘട്ടത്തിൽ തന്നെ മൂന്നാം ഘട്ടത്തിലേക്കുള്ള മുന്നൊരുക്കങ്ങളാവുകയും ചെയ്തിട്ടുണ്ടെന്ന് കാണാം. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കൊണ്ടും പ്രാദേശിക ഭരണകൂടങ്ങൾക്ക് പങ്ക് നൽകിയുമാണ് കേരളം വേറിട്ട വഴി കാട്ടിയത്. ലോക്ഡൗണിലായിരിക്കുമ്പോഴും ക്വാറന്റൈനിൽ കഴിയുമ്പോഴും ആളുകൾക്കാവശ്യമായ ഭക്ഷണ സാധനങ്ങളും മരുന്നും എത്തിക്കാനും മാനസിക ഉല്ലാസവും ആശ്വാസവും നൽകാനും ആളുകൾ സംഘങ്ങളായി തയാറാവുകയും ഇതെല്ലാം ചിന്താ വിഷയങ്ങളാക്കുകയും ചെയ്തു എന്നതും കേരളത്തിന്റെ പ്രത്യേകതയാണ്.
ലോക്ഡൗണിന്റെ പ്രശ്‌നങ്ങളും അതിൽ എങ്ങനെ ഇളവ് കൊണ്ട് വരാമെന്നും ചിന്തിച്ചു തുടങ്ങിയപ്പോൾ തന്നെയാണ് അതിന് വെല്ലുവിളിയായി മൂന്നാം ഘട്ട വ്യാപനം മുന്നിലെത്തുന്നത്. ഇത് അപ്രതീക്ഷിതമല്ല എങ്കിലും വളരെ കഠിനമായ വഴികളിലൂടെ തന്നെ കടന്ന് പോകേണ്ടതായി വന്നേക്കാം. ഈ ഘട്ടം നേരിടാൻ കൂടുതൽ ആലോചനകൾ വേണ്ടി വരും. അതിർത്തിയിൽ വരുന്ന മനുഷ്യരെ നിയന്ത്രിക്കാനൊക്കെ പാട് പെടുന്നത് കാണുന്നു. രോഗം മറ്റുള്ളവരിലേക്ക് വ്യാപിക്കുന്നതിന്റെ വേഗം കൂടുതലാണെന്ന് കാണുന്നു. പാട്‌പെട്ട് കുറച്ച് കൊണ്ട് വന്നിടങ്ങളിൽ വീണ്ടും രോഗികളുടെ എണ്ണം കൂടുന്നു. കൂടുതൽ പേരിലും നിസ്സാര ലക്ഷണങ്ങളുണ്ടാവുകയോ ലക്ഷണങ്ങളില്ലാതിരിക്കുകയോ ചെയ്യുന്ന രോഗം എണ്ണത്തിൽ കൂടുമ്പോഴും സമൂഹത്തിൽ വ്യാപിക്കുമ്പോഴും ഉണ്ടാകുന്ന ഗുരുതര പ്രശ്‌നം പ്രായമായവരെയും മറ്റും കൂടുതലായി ബാധിക്കുമ്പോൾ ആശുപത്രി സൗകര്യം പോരാതെ വരുമെന്നതാണ്. മറ്റു രോഗികൾക്കുള്ള ചികിത്സാ സൗകര്യങ്ങൾ കൂടി നഷ്ടപ്പെടുമെന്നതാണ്. മരണങ്ങളും കൂടുതലാകാം. പ്രായാധിക്യമുള്ളവർ കൂടുതൽ ജീവിച്ചിരിക്കുന്ന ഇടങ്ങളിലുണ്ടായ പോലെ അതെ അവസ്ഥയിലുള്ള കേരളത്തിലും അത്തരം പ്രശ്‌നങ്ങളുണ്ടാക്കുമോ എന്ന് ആശങ്കപ്പെടാനാവും.
മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ കൂടുതൽ ജാഗ്രതയോടെ നമ്മൾ പ്രവർത്തിക്കേണ്ടിയിരിക്കുന്നു എന്ന് പൊതുവെ പറയാം. എന്നാൽ മഹാമാരിയുടെ തരംഗത്തോടൊപ്പം വ്യത്യസ്ത മേഖലകളിലെ ഏറ്റിറക്കങ്ങളെ കൂടി കണക്കിലെടുക്കേണ്ട സമയമായി. രോഗം സമൂഹത്തിലേക്ക് വ്യാപിക്കാതിരിക്കാൻ എല്ലാവരുടെയും ജീവിതത്തിൽ വരുത്തേണ്ട മാറ്റങ്ങൾ പ്രധാനമാകും. എയർപോർട്ടിൽ വന്നിറങ്ങുന്നവരെ മാറ്റി പാർപ്പിക്കുകയും ആശുപത്രികളിലെ ശുചിത്വസൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യൂന്നതിനപ്പുറം വ്യത്യസ്ത മാനങ്ങളിലേക്ക് കടക്കേണ്ടി വരും. ലോക്ഡൗൺ താത്കാലികമായ ഒറ്റ മൂലിയാണ്. അത് തുടരാനാവില്ല. ജനസാന്ദ്രത കുറവുള്ള വികസിത രാജ്യങ്ങളിൽ ചെയ്യുന്നത് പോലെ, ജനങ്ങൾ തിങ്ങിപ്പാർക്കുകയും അരികുകളിൽ കഴിയുന്നവർ അധികമായിരിക്കുകയും ചെയ്യുന്നിടത്ത് അത് നടപ്പാക്കുന്നത് സാമൂഹ്യനീതിക്ക് തന്നെ യോജിച്ചതല്ല എന്ന് ലാൻസെറ്റ് മാസിക എഴുതിയത് ശ്രദ്ധിക്കേണ്ടതാണ്.

സ്വന്തം കുടുംബങ്ങളിൽ നടക്കുന്ന ഒറ്റപ്പെടുത്തലുകൾക്കും കോവിഡ് കാലം സാക്ഷ്യം വഹിക്കുന്നു. ആശുപത്രിയിൽ കിടക്കുന്ന അടുത്ത ബന്ധുവിനെ ഉപേക്ഷിച്ച് പോകുന്നവരും, വീട്ടിലേക്ക് വരണ്ട എന്ന് പറയുന്നവരുമുണ്ട്. ഈ അനുഭവങ്ങളിൽ തകർന്ന് ആത്മഹത്യക്ക് ശ്രമിക്കുന്നവരുമുണ്ട്.

യാതൊരു മുന്നറിയിപ്പും തയാറെടുപ്പുമില്ലാതെ മറ്റു സ്ഥലങ്ങളിൽ പണിയെടുക്കുന്നവരെ കൂലി പോലും നൽകാതെ പറഞ്ഞയക്കുന്ന കാഴ്ച ഇന്ത്യയിൽ പലയിടത്തും കണ്ടു. മൈലുകളോളം നടന്ന് കുഴഞ്ഞു വീണ് ട്രെയിനിന് അടിപ്പെട്ട് അവർ മരിക്കുന്നതും കണ്ടു. ഭാര്യയേയും അമ്മയെയും കുഞ്ഞുങ്ങളെയും വലിച്ച് കൊണ്ട് ദൂരങ്ങൾ താണ്ടി പോകുന്നവർ. ഭക്ഷണം പോലും കിട്ടാതെ അലയുകയും, നിരന്തരം അപകടങ്ങളിൽ പെടുകയും ചെയ്യുന്നവരോട് കോവിഡിന്റെ അപകടം ബോധിപ്പിച്ച് ശീലങ്ങൾ മാറ്റുക എങ്ങനെ സാധിക്കും? ഇത്തരം ഒരവസ്ഥ കേരളത്തിൽ അതിന്റെ തീവ്രതയിൽ കാണാൻ കഴിയില്ല. എന്നാൽ, ജീവിതത്തിന്റെ പല അവസ്ഥകളിലും പെട്ടുപോകുന്നവർക്ക് ശീലങ്ങൾ പെട്ടെന്ന് മാറ്റാൻ കഴിയണമെന്നില്ല. ശീലങ്ങൾ മാറ്റേണ്ടത് ആവശ്യമാണ് താനും. അറിവ് നൽകിയത് കൊണ്ട് മാത്രം ആളുകൾക്ക് മാറാൻ കഴിയില്ല എന്നുള്ള തിരിച്ചറിവോട് കൂടി വിവിധ വിഭാഗങ്ങളുടെ ആശങ്കകൾ മനസ്സിലാക്കുന്നത് ഒരു പക്ഷെ കോവിഡിനോടൊപ്പം ജീവിക്കുന്നതെങ്ങനെയെന്നതിന് വ്യക്തത ഉണ്ടാക്കാൻ സഹായിച്ചേക്കും.

അടുപ്പത്തിന്റെ ഊഷ്മളതയിൽ ആനന്ദം കണ്ടെത്തുന്ന മനുഷ്യർ അകലം പാലിക്കണമെന്ന സാർവത്രികമായ ആഹ്വാനം വന്നപ്പോൾ അതിനോട് പൊരുത്തപ്പെടുന്നതെങ്ങനെ എന്ന് ചിന്തിക്കേണ്ടതാണ്. ക്വാറന്റൈനിൽ കഴിയുന്ന ചില വ്യക്തികൾ രാത്രി കാലങ്ങളിൽ ഒത്തു കൂടുന്നു എന്നറിഞ്ഞപ്പോൾ അങ്ങനെ തോന്നി. മറ്റു രാജ്യങ്ങളിൽ നിന്ന് വരുന്ന ആളുകൾ നാട്ടുകാരിൽ നിന്ന് അകലം പാലിച്ചപ്പോഴും വീട്ടുകാരോട് ഒപ്പം കഴിഞ്ഞു. ക്വാറന്റൈന് അവർ പുതിയ വ്യാഖ്യാനം നൽകി. അങ്ങനെ ഇപ്പോൾ ഹോം ക്വാറന്റൈൻ, റൂം ക്വാറന്റൈൻ എന്നിങ്ങനെ രണ്ട് രീതികൾ തന്നെ നിർവ്വചിക്കപ്പെട്ടു. ക്വാറന്റൈന് വാസ്തവത്തിൽ ഒരു നിർവ്വചനമേയുള്ളൂ. ഹോം ക്വറന്റൈനിൽ വീട്ടിനുള്ളിൽ ഉള്ളവർക്ക് തമ്മിൽ അടുക്കാം എന്നത് നമ്മുടെ നാട്ടുകാരുടെ ആഖ്യാനമാണ്.
മാസ്‌കുകളുടെ കാര്യമെടുത്താൽ, കോവിഡ് കൊണ്ട് വന്ന മാറ്റങ്ങൾ എത്ര കൗതുകകരമാണെന്ന് കാണാൻ കഴിയും. മനുഷ്യന്റെ ഏറ്റവും സവിശേഷമായ മുഖവും ചിരിയും മറയ്ക്കുന്ന മാസ്‌ക് വളരെ വിഷമിച്ച് തന്നെയാവണം നമ്മൾ സ്വീകരിച്ചത്. നിയമം മൂലമാണെങ്കിലും നമ്മൾ അത് ധരിച്ച് തുടങ്ങുകയും, അതിൽ നിറങ്ങളും ഡിസൈനുകളുമൊക്കെ ചമച്ച് രസകരമാക്കുകയും ചെയ്യുന്നു. ചിലപ്പോൾ വേണ്ട സമയത്തും വേണ്ടാത്ത സമയത്തുമൊക്കെ ധരിക്കുന്നുണ്ടാകാം. എന്നാലും അത് ഏറെക്കുറെ ശീലമാക്കിയിരിക്കുന്നു. സമൂഹമാദ്ധ്യമങ്ങളിലാണെങ്കിലും മറ്റു മാദ്ധ്യമങ്ങളിലാണെങ്കിലും കോവിഡിനെ ഒഴിച്ച് നിർത്തി ഒരു വർത്തമാനവും കാണാനില്ല. യൂണിവേഴ്‌സിറ്റികളിലും പൊതുവിടങ്ങളിലും നടന്നിരുന്ന സംവാദങ്ങളെല്ലാം തന്നെ വെബിനാറുകളും സൂം മീറ്റിങ്ങുകളും ഒക്കെയാക്കി മാറ്റാൻ നമുക്ക് അധികം സമയം വേണ്ടി വന്നില്ല. കൈ കഴുകാനുള്ള സംവിധാനങ്ങളും മിക്കവാറും എല്ലായിടത്തും നമ്മൾ ഒരുക്കിയിട്ടുണ്ട്. എന്നാൽ, ഇതെല്ലാം തന്നെ നമുക്ക് കിട്ടിയിട്ടുള്ള പ്രിവിലേജിനെയും മുൻ ധാരണകളെയും മനോഭാവത്തെയും ഒക്കെ ആശ്രയിച്ചിരിക്കും.

മനുഷ്യർ എല്ലാ കാലത്തും ചെയ്തു കൊണ്ടിരിക്കുന്ന ഒറ്റപ്പെടുത്തലും വേർതിരിക്കലുമെല്ലാം കോവിഡ് കാലത്തും നടക്കുന്നുണ്ട്. തുടക്കം മുതലിങ്ങോട്ട് ധാരാളം അനുഭവങ്ങൾ. ഇതിൽ ഒരു പങ്ക് നമ്മുടെ നിരീക്ഷണ സംവിധാനത്തിനുമുണ്ട്. നിരീക്ഷണത്തിന് പോകുന്നവർ തന്നെ ഭയത്തിനടിപ്പെട്ടാൽ അവരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത് സംരക്ഷയെക്കാൾ ഉപദ്രവമായിരിക്കും. കോവിഡ് ഉള്ളവരെ ആംബുലൻസിൽ ആശുപത്രിയിലെത്തിക്കുന്നത് രോഗം മറ്റുള്ളവരിലേക്ക് പകരാതിരിക്കാനാണ്. എന്നാൽ, ആംബുലൻസ് മുറ്റത്തെത്തുന്നത് അപമാനമായും ആംബുലൻസിൽ ഇരിക്കുന്ന ആൾ അപകടകാരിയുമാണെന്ന തരത്തിൽ കാണുന്ന അനുഭവങ്ങൾ ഏറെയാണ്. ആംബുലൻസ് വീട്ടിന് മുന്നിൽ എത്തിക്കരുത്, അതിനു പകരം കുറച്ച് ദൂരെ ഇറക്കി വിടണം എന്നഭ്യർത്ഥിക്കുന്ന രോഗികൾ ധാരാളമുണ്ട്. അതിൽ ഡോക്ടർമാരും നഴ്സുമാരും പെടുന്നുണ്ട്. ആശുപത്രിയിൽ ജോലി ചെയ്യുന്നത് മൂലം അയൽക്കാർ മിണ്ടാതായവരുണ്ട്. മഹാമാരിയുടെ സഞ്ചാരപഥത്തിനു സമാന്തരമായി പല മാനുഷിക വ്യവഹാരങ്ങളുടെയും പാതകൾ ഏറ്റിറക്കങ്ങളോടെ കാണാൻ കഴിയും.
സ്വന്തം കുടുംബങ്ങളിൽ നടക്കുന്ന ഒറ്റപ്പെടുത്തലുകൾക്കും കോവിഡ് കാലം സാക്ഷ്യം വഹിക്കുന്നു. ആശുപത്രിയിൽ കിടക്കുന്ന അടുത്ത ബന്ധുവിനെ ഉപേക്ഷിച്ച് പോകുന്നവരും, വീട്ടിലേക്ക് വരണ്ട എന്ന് പറയുന്നവരുമുണ്ട്. ഈ അനുഭവങ്ങളിൽ തകർന്ന് ആത്മഹത്യക്ക് ശ്രമിക്കുന്നവരുമുണ്ട്. മനുഷ്യർക്കിടയിലെ അസമത്വത്തെ കൃത്യമായും പ്രകടമാക്കാൻ കോവിഡ് അവസരമൊരുക്കി എന്ന് നിരീക്ഷകർ പറയുന്നുണ്ട്. അതെ പോലെ തന്നെ ബന്ധങ്ങൾക്കിടയിലെ വിള്ളലുകളും.
മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ, കോവിഡിന്റെ സഞ്ചാരപഥത്തോടൊപ്പം ലോക്ഡൗണിന്റെ പ്രത്യാഘാതം തുടങ്ങി, ആശുപത്രികളിലെ ചികിത്സാ നിഷേധം, കോവിഡ് മരണങ്ങൾ, അതിലേറെയായുള്ള മറ്റു മരണങ്ങൾ, തൊഴിലില്ലായ്മ, പട്ടിണി, ഒറ്റപ്പെടുത്തൽ എന്നിങ്ങനെ എല്ലാ സാമൂഹ്യവ്യവഹാരങ്ങളെയും കാണേണ്ടതുണ്ട്. കോവിഡിനെ ഇത്രയധികം പ്രാധാന്യമുള്ള ഒരു മഹാമാരിയായി അറിയുന്നത് അത് സമ്പന്നരിൽ തുടങ്ങിയതു കൊണ്ടാണെന്ന വാദമുണ്ട്. അതോടൊപ്പം തന്നെ വിവരവിനിമയത്തിന്റെ വേഗതയും. മറ്റൊരു പ്രധാന കാരണം ഇത് പ്രായമായവരിലും മറ്റു രോഗമുള്ളവരിലും മാരകമാകാമെന്നതും, ഗുരുതരമാകുന്നവർക്കാവശ്യമായ ആശുപത്രിസൗകര്യങ്ങൾ ഇല്ലാതാകുന്നതുമാണ്. കേരളത്തിൽ രോഗസാധ്യത ഉള്ളവരെ കണ്ടെത്തി സംരക്ഷിക്കുക എന്നതാണിപ്പോൾ അടിയന്തിരമായി ചെയ്യേണ്ടത്. അവരെ മറ്റൊരിടത്തേക്ക് മാറ്റുക എന്നത് അവർക്ക് സ്വീകാര്യമാവുകയില്ല. അവരുടെ അടുത്ത് രോഗം ഉണ്ടാകാൻ സാദ്ധ്യത ഉള്ളവർ എത്താതിരിക്കാൻ ശ്രദ്ധിക്കുന്നതാവും നല്ലത്.

മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോൾ, കോവിഡിന്റെ സഞ്ചാരപഥത്തോടൊപ്പം ലോക്ഡൗണിന്റെ പ്രത്യാഘാതം തുടങ്ങി, ആശുപത്രികളിലെ ചികിത്സാ നിഷേധം, കോവിഡ് മരണങ്ങൾ, അതിലേറെയായുള്ള മറ്റു മരണങ്ങൾ, തൊഴിലില്ലായ്മ, പട്ടിണി, ഒറ്റപ്പെടുത്തൽ എന്നിങ്ങനെ എല്ലാ സാമൂഹ്യവ്യവഹാരങ്ങളെയും കാണേണ്ടതുണ്ട്.

പുറത്ത് നിന്ന് വരുന്നവർ ക്വാറന്റൈൻ കഴിയുന്നത് വരെ മറ്റു വീടുകളിൽ കഴിയട്ടെ. അതെ സമയം, കോവിഡ് ഭയം ആരോഗ്യ പ്രവർത്തകരെയും ഒരു പരിധി വരെ ബാധിച്ചിരിക്കുന്നതിനാൽ, മറ്റു രോഗികൾക്കും ചികിത്സ കിട്ടാതെ വരുന്നുണ്ട്. വിഭവങ്ങൾ വിനിയോഗിക്കുന്നിടത്തും ബാലൻസിംഗ് ആവശ്യമാണ്. അതിർത്തികളിൽ തടഞ്ഞു നിർത്തി ചികിത്സ നിഷേധിച്ച് മരിച്ചവരുണ്ട്. രോഗം തടയാനുള്ള നിഷ്‌കർഷ പാലിക്കുമ്പോൾ തന്നെ സാഹചര്യങ്ങൾക്കനുസരിച്ച് മനുഷ്യരുടെ അവസ്ഥ മനസ്സിലാക്കി പെരുമാറാൻ ഉദ്യോഗസ്ഥർക്കും ആരോഗ്യപ്രവർത്തകർക്കും കഴിയണം. തൊഴിൽ നഷ്ടപ്പെടുകയും അത് മൂലം സാമ്പത്തിക പ്രശ്‌നമുണ്ടാവുകയും ചെയ്യുന്നവരെ മുന്നിൽ കണ്ടുകൊണ്ട് ഘട്ടം ഘട്ടമായി ലോക്ഡൗൺ പിൻവലിക്കണം. അതാത് സ്ഥലത്ത് സാമൂഹ്യ അകലം പാലിക്കാനും മാസ്‌കും കൈ കഴുകലും ശീലിക്കാനുമുള്ള സാഹചര്യങ്ങൾ ഒരുക്കുകയും അതിനു തടസ്സമായുള്ള ഘടകങ്ങൾ കണ്ടെത്തി അവ ലഘൂകരിക്കുകയും ചെയ്യാം. ഓരോരുത്തരെയും കണ്ടെത്തി മാറ്റി താമസിപ്പിക്കുക എന്നത് ഒരു വശത്ത് നടക്കുമ്പോൾ തന്നെ, നമുക്ക് ഒരു പക്ഷെ, അണുബാധ ഉണ്ടായിരിക്കാം എന്ന് സങ്കൽപ്പിച്ച് മറ്റൊരാൾക്ക് എങ്ങനെ അത് പകർത്താതിരിക്കാം എന്നാലോചിച്ച് പ്രവർത്തിക്കാം. എന്തായാലും കോവിഡിനൊപ്പം ജീവിക്കാനേ ഇപ്പോൾ കഴിയുകയുള്ളൂ. കോവിഡിന്റെ വഴിയിലൂടെ തന്നെ സഞ്ചരിച്ചോ മനുഷ്യരുടെ വാക്‌സിൻ വഴിയിലൂടെയോ പ്രതിരോധ ശേഷി ഉണ്ടായാൽ കോവിഡിന്റെ ഒപ്പമുള്ള ജീവിതം എളുപ്പമാകും. അത് വരെ വളരെ ശ്രദ്ധ ആവശ്യമാണ്.

Comments