അമ്മ, ചേച്ചി, പെങ്ങളുട്ടി...സ്ത്രീ ജനപ്രതിനിധികൾക്കായി ഒരുക്കുന്ന കെണികൾ

തദ്ദേശഭരണ സ്ഥാപനങ്ങളിലെ വനിതാ ജനപ്രതിനിധികളിൽ ഭൂരിഭാഗവും തങ്ങൾക്കു ലഭിക്കുന്ന അംഗീകാരങ്ങളിൽ മികച്ചതായി കാണുന്നത് സൂപ്പർ വുമൺ പട്ടമാണ്. ഒരു സൂപ്പർ വുമൺ ഐഡന്റിറ്റി എന്നത് ഭാര്യ, അമ്മ, തൊഴിലാളി, വീട്ടമ്മ, പരിപാലക എന്നിങ്ങനെയുള്ള ഒന്നിലധികം കർത്തവ്യങ്ങൾ ഒരേസമയം ചെയ്യുന്ന സ്ത്രീയെ സൂചിപ്പിക്കുന്നു. സൂപ്പർ വുമൺ പട്ടം സ്ത്രീകളുടെ ലിംഗപദവിയേയും, കഴിവിനെയും, ഭരണമികവിനേയും രണ്ടാമതായി മാത്രം അംഗീകരിക്കുന്ന പുരുഷാധിപത്യ സമൂഹത്തിന്റെ മുഖമൂടി മാത്രമാണെന്ന് തിരിച്ചറിയണം

യങ്ങളിലൂടെയും, കാഴ്ചപ്പാടുകളിലൂടെയും, വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനത്തിലൂടെയും, രാഷ്ട്രീയത്തിൽ ജ്വലിച്ചു നിൽക്കുന്ന ജസിന്ത ആർഡൺ, ആഞ്ചല മെർകൽ, സന്ന മാരിൻ, കെ. കെ. ശൈലജ എന്നിവരിൽ നിന്നൊക്കെ പ്രചോദനമുൾക്കൊള്ളേണ്ട കാലഘട്ടത്തിലാണ് കേരളത്തിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. പൊതുമണ്ഡലത്തിലേക്കുള്ള സ്ത്രീകളുടെ കടന്നുവരവ്, പ്രത്യേകിച്ച് രാഷ്ട്രീയത്തിലേക്ക്, ഏറെ വെല്ലുവിളി നിറഞ്ഞ ഒന്നാണ്.

ജനപ്രതിനിധികളുടെ ഭരണ നിർവഹണത്തിനുള്ള കഴിവ് അവരുടെ കുടുംബം, സമൂഹം, രാഷ്ട്രീയ പാരമ്പര്യം തുടങ്ങിയ ഘടകങ്ങൾ അനുസരിച്ച് വ്യത്യസ്തപ്പെട്ടേക്കാം. സ്ത്രീകളെ സംബന്ധിച്ച് ഈ ഘടകങ്ങൾ അവരുടെ സമൂഹത്തിലുള്ള സ്ഥാനം, ഭരണത്തിൽ ഇടപെടാനുള്ള കഴിവ് എന്നിവയെ ദുർബലപ്പെടുത്തുന്ന പരിമിതികളായി നിലനിൽക്കുന്നു. അതുകൊണ്ടുതന്നെ പൊതുജന ക്ഷേമത്തിലൂന്നിയുള്ള പ്രവർത്തനങ്ങൾ മാത്രമാണ് പല വനിത ജനപ്രതിനിധികൾക്കും തങ്ങളുടെ മണ്ഡലങ്ങളിൽ നടപ്പിലാക്കാൻ സാധിക്കുന്നുള്ളൂ. മറിച്ച് സ്ത്രീതാൽപര്യം സംരക്ഷിക്കാനോ, അത് രൂപപെടുത്തിയെടുക്കാനുതകുന്ന കാഴ്ചപ്പാടുകൾ സ്വയമേ ഉണ്ടാക്കാനോ, തങ്ങളുടെ മണ്ഡലത്തിലെ സ്ത്രീകളെ അതിന് സജ്ജരാക്കാനോ പലർക്കും സാധിക്കുന്നില്ല.

ലിംഗതാൽപര്യം എന്നാൽ...

സ്ത്രീതാൽപര്യം (Women's Interest) എന്താണെന്നും അത് എങ്ങനെ രൂപപ്പെടുന്നു എന്നും മനസിലാക്കേണ്ടത് ഇവിടെ അത്യാവശ്യമാണ്. സ്ത്രീതാൽപര്യം എന്ന ആശയം വിവാദപരമാണ്. സ്ത്രീകളുടെ സാമൂഹികസ്ഥാനം, താൽപര്യങ്ങൾ തുടങ്ങിയവ അവരുടെ ജാതി, വർഗം, വംശീയത എന്നിങ്ങനെ ഒന്നിലധികം ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തി വ്യത്യാസപ്പെട്ടിരിക്കുന്നു. ലിംഗതാൽപര്യം (gender interest) എന്താണെന്ന് മനസ്സിലാക്കുകയാണെങ്കിൽ സ്ത്രീതാൽപര്യത്തെ കുറച്ചുകൂടി വ്യക്തമായി മനസ്സിലാക്കാം.

അതായത്, ലിംഗത്തെ അടിസ്ഥാനപ്പെടുത്തി സ്ത്രീയുടെ സാമൂഹികസ്ഥാനം, അവരുടെ പൊതുതാൽപര്യങ്ങൾ എന്നിവ രൂപപ്പെടാം. ഇത്തരത്തിൽ ലിംഗത്തെ അടിസ്ഥാനപ്പെടുത്തി രൂപീകരിക്കുന്ന താൽപര്യങ്ങളെയാണ് ലിംഗതാൽപര്യം എന്ന് പറയുന്നത്. സ്ത്രീകൾ (അല്ലെങ്കിൽ പുരുഷന്മാർ) തങ്ങളുടെ ലിംഗപരമായ ഗുണങ്ങളാൽ വികസിപ്പിച്ചെടുക്കുന്ന സാമൂഹികസ്ഥാനത്തെയാണ് ലിംഗ താൽപര്യം എന്ന് നിർവചിക്കുന്നത് (മൊളിനെക്‌സ് 1998). സൈദ്ധാന്തിക പഠനങ്ങളിൽ ലിംഗ താൽപര്യങ്ങളെ പൊതുവേ പ്രായോഗിക ലിംഗതാൽപര്യം (practical gender interest), തന്ത്രപരമായ ലിംഗതാൽപര്യം (strategic gender interest) എന്നിങ്ങനെ രണ്ടായി തരംതിരിച്ചിരിക്കുന്നു. സ്ത്രീകളുടെ സാമൂഹികനിലയുടെ ദൃഢമായ അവസ്ഥകളിൽ നിന്നോ അല്ലെങ്കിൽ അവരുടെ ജീവിതാനുഭവത്തിന്റെ പ്രത്യേകതകളിൽ നിന്നോ രൂപപ്പെടുന്ന താൽപര്യങ്ങളെയാണ് പ്രായോഗിക ലിംഗതാൽപര്യം എന്ന് നിർവചിക്കുന്നത് (മൊളിനെക്‌സ് 1985:232). എന്നാൽ സ്ത്രീകളുടെ അധമസ്ഥാനത്തെ അടിസ്ഥാനപ്പെടുത്തിയുള്ള വിശകലനത്തിൽ നിന്ന് രൂപപ്പെടുന്നതാണ് തന്ത്രപരമായ ലിംഗതാൽപര്യം (മൊളിനെക്‌സ് 1985:232).

രാഷ്ട്രീയത്തിൽ സജീവമായ സ്ത്രീകൾ, അവർ ഉൾപ്പെടുന്ന സ്ത്രീസമൂഹത്തിന്റെ പ്രായോഗികവും തന്ത്രപരവുമായ ലിംഗതാൽപ്പര്യങ്ങൾ സംരക്ഷിക്കേണ്ട കാഴ്ചപ്പാടുകൾ ഉണ്ടാക്കിയെടുക്കേണ്ടത് സ്ത്രീവികസനത്തിനും, ലിംഗസമത്വത്തിനും ആവശ്യമായ ഒന്നാണ്. എന്നാൽ കേരളത്തിലെ തദ്ദേശ ഭരണത്തിൽ പ്രായോഗികവും, തന്ത്രപരവുമായ ലിംഗ താൽപര്യങ്ങൾ വേർതിരിഞ്ഞു നിൽക്കുന്നതിന്റെ ഉദാഹരണങ്ങൾ കാണാൻ കഴിയും. ഇതിന്റെ പ്രധാന കാരണമായി പല പഠനങ്ങളും ചൂണ്ടിക്കാണിക്കുന്നത് കേരളത്തിൽ നടപ്പാക്കിയ സ്ത്രീ സംവരണ പ്രക്രിയ ഫെമിനിസ്റ്റ് കാഴ്ചപ്പാടുകൾ പൂർണമായി ഉൾക്കൊള്ളുന്ന നീക്കമായിരുന്നില്ല എന്നതാണ്. അതുകൊണ്ടുതന്നെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലൂടെ പൊതുപ്രവർത്തനത്തിലേക്ക് ആവേശത്തോടെ മുന്നിട്ടിറങ്ങുന്ന വനിതാ ജനപ്രതിനിധികളുടെ ചിന്തയിലേക്കുള്ള കുറച്ചു കാര്യങ്ങളാണ് താഴെ സൂചിപ്പിക്കുന്നത്.

സൂപ്പർ വുമൺ പട്ടം പുരുഷാധിപത്യ മുഖംമൂടി

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വനിതാ ജനപ്രതിനിധികളിൽ ഭൂരിഭാഗവും തങ്ങൾക്കു ലഭിക്കുന്ന അംഗീകാരങ്ങളിൽ മികച്ചതായി കാണുന്നത് സൂപ്പർ വുമൺ പട്ടമാണ്. ഒരു സൂപ്പർ വുമൺ ഐഡന്റിറ്റി എന്നത് ഭാര്യ, അമ്മ, തൊഴിലാളി, വീട്ടമ്മ, പരിപാലക എന്നിങ്ങനെയുള്ള ഒന്നിലധികം കർത്തവ്യങ്ങൾ ഒരേസമയം ചെയ്യുന്ന സ്ത്രീയെ സൂചിപ്പിക്കുന്നു. എന്നാൽ സ്ത്രീകൾക്ക് അവരുടെ ഗാർഹിക, തൊഴിൽ ബാധ്യതകൾ ഒരേ സമയം നിറവേറ്റുന്നതിന്റെ ഉത്തരവാദിത്തം ഇരട്ടിഭാരമാണ് ഉണ്ടാക്കുന്നത്.

പത്തുവർഷത്തിനിടയിൽ അധികാരത്തിലിരുന്ന വനിതാ ജനപ്രതിനിധികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരിൽ നടത്തിയ ഒരു സർവേയിൽ ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്, അധികമായി വരുന്ന രാഷ്രീയ ഉത്തരവാദിത്തങ്ങൾക്കിടയിലും തങ്ങളുടെ ഗാർഹിക ഉത്തവാദിത്തങ്ങളിൽ വിട്ടുവീഴ്ച വരുത്താത്തത്, അവർക്ക് പൊതുജനങ്ങൾക്കിടയിൽ കൂടുതൽ അംഗീകാരം ലഭിക്കുന്നതിനും, ഒന്നിൽ കൂടുതൽ തവണ തിരഞ്ഞെടുപ്പിന് മത്സരിക്കുന്നതിന് കുടുംബത്തിൽ നിന്നുള്ള എതിർപ്പുകൾ നേരിടുന്നതിനും സഹായകമായി എന്നാണ്.

ഇവിടെയാണ് വനിതാജനപ്രതിനിധികൾ തങ്ങളുടെ അവകാശബോധത്തെപ്പറ്റി ബോധവതികളാകേണ്ടത്. സൂപ്പർ വുമൺ പട്ടം സ്ത്രീകളുടെ ലിംഗപദവിയേയും, കഴിവിനെയും, ഭരണമികവിനേയും രണ്ടാമതായി മാത്രം അംഗീകരിക്കുന്ന പുരുഷാധിപത്യ സമൂഹത്തിന്റെ മുഖമൂടി മാത്രമാണെന്ന് തിരിച്ചറിയണം. ഈ തിരിച്ചറിവ് സ്ത്രീകൾ കാലങ്ങളായി നേരിടുന്ന അടിച്ചമർത്തലുകളെ തടയാനും, ചൂഷണങ്ങളെ ചോദ്യം ചെയ്യാനുമുതകുന്ന കാഴ്ചപ്പാടുകൾ വനിതാജനപ്രതിനിധികളിൽ ഉണ്ടാക്കിയെടുക്കാൻ സഹായിക്കുന്നതായിരിക്കും.

ആട്, കോഴി വളർത്തൽ മാത്രം മതിയോ?

സ്ത്രീ വികസനത്തിനും ശാക്തീകരണത്തിനും വേണ്ടി വനിതാ ജനപ്രതിനിധികൾ തിരഞ്ഞെടുക്കുന്ന പദ്ധതികൾ എങ്ങനെയുള്ളതായിരിക്കണം? ആടുവളർത്തലിലും കോഴിവളർത്തലിലും ചുരുക്കി നിർത്തേണ്ടതാണോ വനിതാ ഘടകപദ്ധതികൾ? ജാഗ്രതാ സമിതികൾക്ക് സ്ത്രീ വികസനത്തിലുള്ള പങ്ക് എന്ത്? ഇത്തരം ചോദ്യങ്ങൾക്ക് സ്ത്രീ അവകാശബോധത്തിൽ ഊന്നിയുള്ള കാഴ്ചപ്പാട്​ വനിതാ ജനപ്രതിനിധികൾക്ക് ഉണ്ടായിരിക്കുമ്പോഴാണ് അവർക്ക് തങ്ങളുടെ പ്രവർത്തന മണ്ഡലത്തിൽ സ്ത്രീ താല്പര്യങ്ങളെ മുൻനിർത്തി പദ്ധതികൾ ആവിഷ്‌കരിക്കാൻ കഴിയുക.

സ്ത്രീ സുരക്ഷയും, തൊഴിലും, വിദ്യാഭ്യാസവും വനിതാ ജനപ്രതിനിധികൾ ശക്തമായി ഇടപെടേണ്ട സ്ത്രീ പ്രശ്‌നങ്ങൾ തന്നെയാണെന്ന് അഭിപ്രായപ്പെട്ട പലർക്കും വനിതാ ഘടക പദ്ധതിയെപ്പറ്റിയോ, ജാഗ്രതാസമിതികളെ കുറിച്ചോ, അതിന്റെ സാദ്ധ്യതകളെ പറ്റിയോ വ്യക്തമായ ധാരണകൾ ഉണ്ടായിരുന്നില്ല (ഈ വസ്തുത വിശകലനം ചെയ്യുന്നതിന് വേണ്ടി വനിതാ ജനപ്രതിനിധികൾക്കു ഇടയിൽ നടത്തിയ പഠനത്തിൽ നിന്ന്).

സ്ത്രീകൾക്കായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നടപ്പാക്കുന്ന പല പദ്ധതികളും അവരുടെ പ്രായോഗിക ആവശ്യങ്ങൾ കണക്കിലെടുത്തു മാത്രം ആവിഷ്‌കരിക്കപ്പെടുന്നവയാണ്. സ്ത്രീകളുടെ പ്രായോഗിക ലിംഗ താല്പര്യങ്ങൾ മാത്രം മുൻഗണന കൊടുത്തു പദ്ധതികൾക്ക് രൂപം കൊടുക്കുമ്പോൾ അതൊരിക്കലും അവർ നേരിടുന്ന ലിംഗ അസമത്വത്തെ ചോദ്യം ചെയ്യാൻ ഉതകുന്നതോ സാമൂഹിക മാറ്റത്തിലേക്ക് നയിക്കുന്നതോ ആകുന്നില്ല. പലപ്പോഴും പ്രായോഗിക ലിംഗ താല്പര്യങ്ങൾ ഉടലെടുക്കുന്നത് അവർ അഭിമുഖീകരിക്കുന്ന അടിച്ചമർത്തലിൽ നിന്ന് തന്നെയാണ്. എന്നാൽ ലിംഗതാൽപര്യങ്ങൾ രാഷ്ട്രീയവത്കരിക്കപ്പെടുമ്പോൾ മാത്രമാണ് പ്രായോഗിക ലിംഗ താല്പര്യം തന്ത്രപരമായ ലിംഗ താല്പര്യമായി മാറുന്നത്. സ്ത്രീകൾ നേരിടുന്ന യഥാർത്ഥ പ്രശ്‌നങ്ങൾ എന്താണ് എന്നുള്ള തിരിച്ചറിവ് ഉണ്ടാക്കിയെടുക്കുക എന്നതാണ് ഏറ്റവും പ്രധാനം. ആ തിരിച്ചറിവുകൾ ആണ് സ്ത്രീതാല്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്ന ഇടപെടലുകൾ നടത്താൻ ഒരു വനിതാ ജനപ്രധിനിധിക്ക് വ്യക്തമായ കാഴ്ചപ്പാട്​ നൽകുക. സ്ത്രീ സുരക്ഷക്കും വികസനത്തിനും ശാക്തീകരണത്തിനും ഉപയോഗിക്കാവുന്ന പ്രധാന മാർഗ്ഗങ്ങളാണ് വനിതാ ഘടകപദ്ധതിയും ജാഗ്രതാസമിതികളും എന്ന് ഏറ്റവും ചുരുങ്ങിയ പക്ഷം വനിതാ ജനപ്രതിനിധികളെങ്കിലും തിരിച്ചറിയേണ്ടിയിരിക്കുന്നു.

അമ്മമാരാക്കപ്പെടുന്നതിന്റെ രാഷ്ട്രീയം

കഴിവും അതിനേക്കാളേറെ തങ്ങളുടെ പ്രവർത്തന പാടവവും കൊണ്ട് രാഷ്ട്രീയത്തിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച വനിതാ ജനപ്രതിനിധികൾക്ക് പുരുഷകേന്ദ്രീകൃത സമൂഹം (patriarchal society) ബഹുമാനത്തോടെ ചാർത്തി കൊടുക്കുന്ന ചില വിശേഷണങ്ങളാണ് അമ്മ, ചേച്ചി, പെങ്ങളൂട്ടി പോലുള്ളവ. മാതൃത്വത്തിന്റെ പേരിലും സ്ത്രീകളുടെ സവിശേഷതകളായി വാഴ്ത്തുന്ന കരുണ, ദയ, വാത്സല്യം തുടങ്ങിയ അലങ്കാരങ്ങളാലും അവരുടെ പൊതുപ്രവർത്തനത്തെ വാനോളം പുകഴ്ത്തുന്നത് പ്രോത്സാഹനം അല്ല, മറിച്ച്​ അവരുടെ പ്രവർത്തനത്തെ രണ്ടാമതായി മാത്രം കാണാൻ ശ്രമിക്കുന്ന പുരുഷകേന്ദ്രീകൃത സമൂഹത്തിന്റെ കപടത മാത്രമാണെന്ന് മനസ്സിലാക്കണം. അമ്മമാരാക്കപ്പെടാതെ തന്നെ വനിതാജനപ്രധിനിധികളുടെ പ്രവർത്തനങ്ങളെ സമൂഹം അംഗീകരിക്കുമ്പോഴാണ് സമൂഹത്തിലെ ലിംഗപദവിയിൽ മാറ്റങ്ങൾ കണ്ടുതുടങ്ങുക.

രാഷ്ട്രീയം പറയുന്ന സ്ത്രീകളെ സൂക്ഷിക്കണം എന്ന് പറഞ്ഞിരുന്ന ഒരു കാലത്തു നിന്ന് ഇന്ന് വീടിനു മുന്നിൽ ‘മെമ്പറേ' എന്ന് ബഹുമാനത്തോടെ വിളിക്കുന്ന കാലഘട്ടത്തിലേക്ക് നമ്മൾ എത്തിയിട്ടുണ്ടെങ്കിലും, ഇപ്പോഴും പൊതുമണ്ഡലത്തിൽ, പ്രത്യേകിച്ച് രാഷ്ട്രീയത്തിൽ, സ്ത്രീകൾ നേരിടുന്ന അടിച്ചമർത്തലുകൾക്ക് കുറവൊന്നും വന്നിട്ടില്ല. അതിന്റെ ഉത്തമ ഉദാഹരണമാണ് സംവരണം ഇല്ലാത്ത സീറ്റുകളിൽ മത്സരിക്കുന്ന സ്ത്രീകളുടെ എണ്ണത്തിലുള്ള കുറവ്.

സ്ത്രീകളുടെ അവകാശബോധത്തെ ഊട്ടിയുറപ്പിക്കാനും, അവരുടെ തന്ത്രപരമായ താല്പര്യങ്ങളെ സംരക്ഷിക്കാനും മുൻകാലങ്ങളിൽനിന്ന്​വ്യത്യസ്തമായി സ്ത്രീകൾ തയ്യാറായി വരുന്നു എന്നത് സ്വാഗതാർഹമാണ്. അതുകൊണ്ടുതന്നെ ഓരോ പഞ്ചായത്തു തിരഞ്ഞെടുപ്പിലും കൂടിവരുന്ന സ്ത്രീപ്രാതിനിധ്യം ഒരു പ്രതീക്ഷയാണ്, മാറ്റങ്ങൾക്കു ചുക്കാൻ പിടിക്കാനും സ്ത്രീകളുടെ അവകാശങ്ങൾക്കും ശാക്തീകരണത്തിനും വേണ്ടി ഒരു സമൂഹം തയ്യാറായി വരുന്നു എന്ന പ്രതീക്ഷ.

(തിരുവനന്തപുരം സെന്റർ ഫോർ ഡവലപ്‌മെന്റ് സ്റ്റഡീസിലെ പി.എച്ച്.ഡി വിദ്യാർത്ഥിയാണ്​ ലേഖിക. ‘കേരളത്തിലെ പ്രാദേശിക ഭരണത്തിലെ സ്ത്രീവൽക്കരണം- വനിതാ ജനപ്രതിനിധികളുടെ ലിംഗതാൽപര്യങ്ങളും കാഴ്ചപ്പാടുകളും’ എന്ന വിഷയത്തിലായിരുന്നു എം.ഫിൽ പ്രബന്ധം.)

Comments