അംബികാ റാവു:
സങ്കടം നിറഞ്ഞ
ഒരു സിനിമ
അംബികാ റാവു: സങ്കടം നിറഞ്ഞ ഒരു സിനിമ
‘‘ഏറ്റവും സങ്കടം, ഒരു സിനിമ ചെയ്യാന്‍ ഒരുപാട് നടന്നിട്ടും ചേച്ചിക്കത് പറ്റിയില്ല എന്നതാണ്. സഹായിക്കും, കൂടെ നില്‍ക്കും എന്നു വിചാരിച്ച ആരും അവരുടെ കൂടെ നിന്നില്ല. കുറെ പേരോട് കഥ പറഞ്ഞു, ചിലര്‍ അവരെ കുറെ നടത്തി, പക്ഷെ ഒന്നും ചെയ്തില്ല.’’ - കഴിഞ്ഞ ദിവസം മരിച്ച നടിയും സഹസംവിധായികയുമായിരുന്ന അംബികാ റാവുവിനെക്കുറിച്ച് അസിസ്റ്റന്റ് ഡയറക്ടറായ ജോയ്‌സി ജോയ് എഴുതുന്നു
29 Jun 2022, 11:19 AM
സിനിമയിലെ എന്റെ ആദ്യ സൗഹൃദങ്ങളിലൊന്ന് അംബിക ചേച്ചിയാണ്. അനൂപ് കണ്ണനാണ് ചേച്ചിയെ പരിചയപ്പെടുത്തിയത്. ഏറ്റവുമാദ്യം ചേച്ചിയുടെ കൂടെ നിന്നത് ചെന്നൈയിലാണ്, ഒരു ചെറിയ മുറിയില്‍ ചില സിനിമാആവശ്യങ്ങള്‍ക്കായി.
പതുക്കെ, ചേച്ചിയുമായി സൗഹൃദം വളര്‍ന്നു. സിനിമ എനിക്ക് ഒട്ടും പരിചയമില്ലാത്ത ഇടമായിരുന്നു. അവിടെ ചേച്ചിയെ പോലെയുള്ളവര്‍ തന്ന സപ്പോർട്ടും സ്‌നേഹവും ഒരിക്കലും മറക്കാന്‍ പറ്റില്ല. എറണാകുളത്തെ ചേച്ചിയുടെ വീട് എല്ലാവരുടെയും വീടായിരുന്നു. അവിടെ വരുന്നവരുടെയും പോകുന്നവരുടെയും കണക്ക് ചേച്ചി ഒരിക്കലും വച്ചിരുന്നില്ല.
വൈകുന്നേരങ്ങളിലെ സൗഹൃദക്കൂട്ടായ്മകളില്‍ പാട്ടും ബഹളവും ഉണ്ടാവും. പറ്റുന്നവര്‍ക്കൊക്കെ ചേച്ചി ഭക്ഷണം ഉണ്ടാക്കിക്കൊടുക്കും. ചിലര്‍ വാങ്ങിക്കൊണ്ടുവരും. അതില്‍ എത്രയോപേര്‍ ഒരു പണവും കൊടുക്കാതെ അവിടെ താമസിച്ചിട്ടുണ്ട്. ഉള്ളപ്പോള്‍ മാത്രമേ ഞാനും കൊടുത്തിട്ടുള്ളൂ. പണം അവിടെ ഒരു വിഷയമേ അല്ലായിരുന്നു. ഈ സൗഹൃദങ്ങളില്‍ ചിലതാണ് അവസാന സമയത്ത് ചേച്ചിക്ക് കൈത്താങ്ങായത്. എനിക്കറിയാവുന്ന ചിലരെങ്കിലും ഓരോ മാസവും അവര്‍ക്കുവേണ്ടി മുടങ്ങാതെ പണവും സമയവും മാറ്റിവച്ചിരുന്നു. ഡയാലിസിസ് ദിനങ്ങളില്‍ ഇടക്ക് വിളിക്കും, കുറെ നേരം സംസാരിക്കും. കൂടെയുണ്ടായിരുന്നവരുടെ കാര്യങ്ങള്‍ ചോദിക്കും അത്രമാത്രം. സിനിമാക്കാര്യങ്ങള്‍ അപ്പോഴൊന്നും അധികം പറഞ്ഞിരുന്നില്ല.
ഒരുതവണ പോലും തൃശൂരില്‍ പോയി കാണാത്ത ഞാന്‍ ഈ കുറിപ്പെഴുതാന്‍ ഒരു തരത്തിലും യോഗ്യയാണെന്നു തോന്നുന്നില്ല. പക്ഷെ അവര്‍, ഈ ഒരു കുറിപ്പല്ല, പല കുറിപ്പുകള്‍ അര്‍ഹിക്കുന്നുണ്ട്.

ഞാന്‍ ആദ്യമായി ഒരു ഷോര്‍ട്ട് ഫിലിം ചെയ്തപ്പോള്‍ ചേച്ചിയായിരുന്നു കൂടെ വന്നത്. അങ്ങനെ ചേച്ചി കൂടെ നിന്നവര്‍ ഒരുപാടുണ്ട്. പക്ഷെ അതവര്‍ക്ക് തിരികെ കൊടുത്തവര്‍ വളരെ ചുരുക്കവും. ഏറ്റവും സങ്കടം, ഒരു സിനിമ ചെയ്യാന്‍ ഒരുപാട് നടന്നിട്ടും ചേച്ചിക്കത് പറ്റിയില്ല എന്നതാണ്. സഹായിക്കും, കൂടെ നില്‍ക്കും എന്നു വിചാരിച്ച ആരും അവരുടെ കൂടെ നിന്നില്ല. കുറെ പേരോട് കഥ പറഞ്ഞു, ചിലര്‍ അവരെ കുറെ നടത്തി, പക്ഷെ ഒന്നും ചെയ്തില്ല. പിന്നീട് അസുഖം അവരെ വല്ലാതെ തളര്‍ത്തി. ആ സ്‌ക്രിപ്റ്റ് വളരെ നല്ലതായിരുന്നെന്നു പറഞ്ഞുകേട്ടിട്ടുണ്ട്.
സ്വകാര്യജീവിതം അവരെ വല്ലാതെ ഉലച്ചിരുന്നു. അവര്‍ കടന്നുവന്ന വഴികള്‍ ഒട്ടും എളുപ്പമായിരുന്നില്ല. ഒരു പരിധിവരെ അതു മറക്കാനാവണം മറ്റൊരു ആളാവാന്‍ ചേച്ചി ശ്രമിച്ചത്. അന്നത്തെ ദിവസത്തിലാണ് ചേച്ചി ജീവിച്ചത്. നാളെയെക്കുറിച്ചു ഞങ്ങള്‍ പറയുമ്പോള്‍ അവര്‍ ഒരിക്കലും കേട്ടിരുന്നില്ല. അതൊക്കെ ഇന്നത്തേതുപോലെ നടക്കുമെന്നായിരുന്നു അവര്‍ പ്രതീക്ഷിച്ചത്. കാരണം, ഇന്നില്‍ അവര്‍ അത്രമാത്രം ആത്മാര്‍ത്ഥതയോടെ ജീവിച്ചിരുന്നു, മറ്റുള്ളവരെ കരുതിയിരുന്നു, അതിനിടെ സ്വന്തം ജീവിതത്തില്‍ ചെയ്യേണ്ട ചില കാര്യങ്ങള്‍ ചെയ്തില്ല. പക്ഷെ ചേച്ചി പ്രതീക്ഷിച്ച ഒരു നാളെയായിരുന്നില്ല അവര്‍ക്ക് കിട്ടിയത്.
ഞങ്ങള്‍ ഒരുമിച്ചു ജോലി ചെയ്തിട്ടില്ല. പക്ഷെ ചേച്ചിയാണ് അന്യഭാഷാ നടന്മാര്‍ക്കും നടിമാര്‍ക്കും മലയാളം പറഞ്ഞു കൊടുക്കുന്ന പണി എന്നെ പഠിപ്പിച്ചത്. ചേച്ചി തിരക്കാവുമ്പോള്‍ വരുന്ന പണികള്‍ എനിക്ക് കൈമാറും. പല തരത്തിലും എന്നെ സ്വാധീനിച്ച ഒരു വ്യക്തിയാണ് ചേച്ചി. അവരുമായി ഒരുപാട് നേരം നമുക്ക് സംസാരിച്ചിരിക്കാം. അതില്‍ പലതിനും നമുക്ക് ഒരേ അഭിപ്രായമല്ലായിരുന്നിട്ടും മണിക്കൂറുകള്‍ നീളുന്ന സംസാരത്തിന് ഒരു ബുദ്ധിമുട്ടും ഇല്ലായിരുന്നു. സിനിമയില്‍ നിന്ന് ഞാന്‍ മാറിനില്‍ക്കുന്ന ഈ സമയത്തും ഇടക്ക് വിളിച്ചിരുന്ന കുറച്ചുപേരില്‍ ഒരാള്‍ ചേച്ചിയാണ്. ഒന്നു പോയി കാണണം എന്നുണ്ടായിരുന്നു. നടന്നില്ല എന്നു പറയാന്‍ പറ്റില്ല, ചെയ്തില്ല.
ചെന്നൈയിൽ താമസിച്ചിരുന്ന സമയത്ത് ആൾക്ക് കിഡ്നി സ്റ്റോൺ വന്നു. എത്രയോ രാത്രികൾ ഞങ്ങൾ രണ്ടുപേരും കൂടി ആശുപത്രിയിൽ പോയി പെയിൻകില്ലർ ഇൻജക്ഷൻ വച്ചു വന്നിരിക്കുന്നു. ചേച്ചിയെ ഞാൻ രണ്ടാമത് കാണുന്നത് കോഴിക്കോട് മഹാറാണി ഹോട്ടലിൽ വച്ചാണ്. അന്നും ചേച്ചിക്ക് സ്റ്റോണിന്റെ ഇഷ്യൂ വന്നു. കല്ലും കൊണ്ടാണോ വരുന്നതെന്ന് ഞാൻ ചോദിച്ചു, ഞങ്ങൾ ഒരുപാട് ചിരിച്ചിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച ഒരു ദിവസം രാവിലെ ചേച്ചിയെ വിളിച്ചപ്പോള്‍ അവര്‍ പറഞ്ഞ ഒരു വാക്ക് പോലും മനസ്സിലായില്ല. അത്രയധികം വയ്യാതായെന്ന് അപ്പോളാണ് മനസിലായത്. കൂട്ടുകാരെ ചിലരെ വിളിച്ചപ്പോള്‍ കുറച്ചു മാസങ്ങളായി ഇത്രയും വയ്യ എന്നു പറഞ്ഞു. മൂന്നുമാസം മുന്‍പ് ഒരു ഹാര്‍ട്ട് അറ്റാക് വന്നിരുന്നു. ഇത്രണ്ടാമത്തേതാണ്. അവസാനം ഞാന്‍ പറഞ്ഞത്, ചേച്ചി ഒന്നു ഓകെ ആവുമ്പോള്‍ ഞാന്‍ വിളിച്ചോളാം എന്നാണ്.
ഇനി അങ്ങനൊന്നില്ല. ഇന്ന് ഞാന്‍ കുറെ പേരെ വിളിച്ചു. അങ്ങനെ പറയാന്‍ ബാക്കി വച്ച, മിണ്ടാതെയിരുന്ന കുറെ പേരെ... ഇനി പറയാന്‍ അവരോ ഞാനോ നാളെയില്ലെങ്കിലോ...
ദില്‍ഷ ഡി.
Aug 04, 2022
30 Minutes Watch
കരോൾ ത്രേസ്യാമ്മ അബ്രഹാം
Jul 23, 2022
6 Minutes Read
മുഹമ്മദ് ജദീര്‍
Jul 22, 2022
5 Minutes Read
മുഹമ്മദ് ജദീര്‍
Jul 22, 2022
3 Minutes Read