പെൺ വിക്രമാദിത്യം പേശാ മടന്തയും മുലമടന്തയും; അമ്മു വള്ളിക്കാട്ടിന്റെ കവിതകൾ

മൻസൂർ പെൺ നീറുന്ന ആൺ

ഇളം മഞ്ഞക്കുപ്പായം
സൂചിമീൻ കണ്ണുള്ള
വെളുത്ത ഡോക്ടർ
ലാവന്റർ മണമൂർന്ന വെള്ളക്കോട്ട്
അഞ്ചു റബർക്കയ്യുറ ലിംഗങ്ങൾ

ഇടുങ്ങിയ സ്‌കാനിങ്ങ് മുറി
ഒറ്റയാൾ കട്ടിലിൽ
അട്ടിക്കട്ട കണക്കെ മൻസൂർ,
അവനെ പ്രണയിച്ചും
ചുംബിച്ചും

മൂട്ടമരുന്നിൻ പതമണം
ചളുങ്ങിയ ഇൻഡാലു പാത്രങ്ങൾ
മങ്ങിയ സെറാമ്മിക് വസികൾ
നിത്യം കടുകെണ്ണ പൂശി
മസാല തേച്ചുകുളിച്ച്
കരിക്കണ്ണെഴുതിയ
തീക്കനൽ മഞ്ഞയടുപ്പ്
കുഴിമന്തിയിൽ വെന്ത് പൂവായ
മൂരിയുടെ വൃഷണങ്ങൾ.

ഒന്നുചേർന്നലിഞ്ഞു
രണ്ടാൺ ഹൃദയങ്ങൾ
ഒറ്റ ഹൃദയമായ്
പ്രേമസാക്ഷിയായി
തുടിച്ച മരുവേനലുഷ്ണങ്ങൾ

കുനുകുനെ കറാച്ചിക്കൂറകൾ
അറബിക്കടൽ പകുത്ത്
ഒമാൻ ഉൾക്കടൽ തുളച്ച്
കടൽച്ചൊരുക്കും വിസയുമില്ലാതെ
സുൽത്താൻ ഖാബൂസ്സ് തുറമുഖത്തിൽ[1]
ഒളിച്ച് വിഷാദനങ്കൂരമിടുന്നു.

‘നാം ക്യാഹേ
പാന്റ്‌സ് സറാ നിക്കാലോ' [2]
വേദനയാണ് പത്തേറെ ദിനമായുള്ള
പെരുംവേദന

കണ്ണടച്ചവനെയോർത്ത്
മെല്ലെ മെല്ലെ
നീല നൈലോൺ
പത്താനി കുർത്ത പൊക്കി[3]
കെട്ടഴിച്ചുവിട്ടു

നാട്ടിൽ ള്യാറിയുടെ തീരത്ത്[4]
അവന്റെ ഭാര്യ
ദീനക്കണ്ണിൽ ഭയമുരുകിയ
പർദ്ദക്കാരി പൊൻ മിറിയം
മൂന്നു വർഷത്തിലൊരിക്കലവധിക്ക്
ഒറ്റ രാത്രിയുടെ പ്രേമമൊഴുക്കുകൾ
പത്ത് മാസം കഴിഞ്ഞവൾ
പെറാൻ കിടന്നത്!

അതുപോലെ
കാലകത്തിയവൻ
മുട്ടുകൾ കുത്തി
‘ഹട്ട് ജാ യഹാം സെ, യേ കൈസേ ഹുവാ'? [5]

ഡോക്റ്ററലർച്ചയിൽ
കുന്തിച്ചു, പതിയെ വേച്ചു
മിറിയയുടെ സ്‌നേഹം പോലെ
മെല്ലെ നടന്നു കയറിയവന്നവൻ
നീറും നീറ്റെരിവൊതുക്കി
ചാടിപ്പിടഞ്ഞു
പുഴുവെ പോലുഴന്നു
ഇടുങ്ങിയ ഗലിയിൽ
അവനൊപ്പം ഞെരുങ്ങിയ
ഇരുപത്തിയേഴ് പെൺവർഷം
കണക്കെ പാഞ്ഞു.

പ്രിയനേ ...
എനിക്ക് മരുന്നില്ല.
ഉണങ്ങാത്ത നിന്റെ പ്രേമമുറിവുകൾക്ക്
പ്രിയനേ...
നമുക്ക് മരുന്നില്ല

ഒമ്പത് ദിനങ്ങൾ
യോനിയില്ലാ
പെൺമയുടെ നീറ്റൽ
അപമാനത്തിൻ എരിച്ചിൽ
ആണ്മകൾക്കുണ്ട്
ഒരാത്മാവോളം ആഴമുള്ള
അനാഥ മുറിവുകൾ

ആശുപത്രിയിലെ
വജൈനൈറ്റിസ് പെൺവരി
ടോക്കൻ അവസാനിച്ചിട്ടും
ചിരിച്ചു തീരാതെ!
മരുന്നുണ്ട്
ആൺപെൺ കാമനകളുടെ
നീറ്റലുകൾക്ക്
ചികിത്സയുണ്ടവിടെ

[1] ഒമാനിലെ വലിയ തുറമുഖം
[2] പേരെന്താണ്, പാന്റ് അൽപ്പം മാറ്റൂ
[3] പാക്കിസ്ഥാനി ചെറുപ്പക്കാരുടെ സ്ഥിരവേഷം
[4] ള്യാറി നദി: കറാച്ചി നഗരത്തിലെ ഇരട്ടനദികളിലൊന്ന്. ഒഴുകി പാക്കിസ്ഥാനിലെ മനോറാ ചാനലിലൂടെ അറബിക്കടലിൽ പതിക്കുന്നു
[5] എറങ്ങിപ്പോടാ ഇവിടുന്ന്, ഇതെങ്ങനെ വന്നു?

പെൺ വിക്രമാദിത്യം പേശാ മടന്തയും മുലമടന്തയും

സ്‌കൂൾ വിട്ട് വരും ഇടവഴികളിൽ,
മുള പൊട്ടിയ മൊട്ടുമുല ഞെരിക്കാൻ
സൈക്കിളിൽ
പറന്നിറങ്ങുന്ന ഞാളി പയ്യൻ
വേതാളിക്കയ്യൻ

എങ്ങുനിന്നോ വന്ന്
എങ്ങേട്ടേക്കോ വഴിയുടഞ്ഞ്
കാറ്റ് ഉഗ്രശീതമായ് വീശും കാലം
ഇളമിലകൾ തളിർത്ത
മുരിങ്ങമരം എനിക്ക് തലകീഴായി

തോളിൽ ഭാരമമരെ, അസ്ഥി നുറുകെ
പടപടാ മിടിച്ചു പൊട്ടിപൊന്തി വന്നു
ഹൃദയത്തിലൊരാന്തൽ കരിങ്കല്ല്
എടുത്തെറിഞ്ഞവന്റെ
സൈക്കിളു വീഴ്ത്തണം

മൂർച്ചയിൽ ഓരമായ് കൂർത്തു
കയ്യിൽ രാകിയിറങ്ങിയ കന്മഴു
മണ്ട പൊളിക്കണം ചോറെടുത്തുണ്ണണ്ണം
കൈ ചതച്ച് കുത്തണം
ഉപ്പും ചേർത്ത് താളിക്കണം

ഇനിയും കുളമ്പായി മൂക്കാക്കാലിൽ
അമ്മമാർ അടിച്ചു തന്ന ലോഹലാടം
വൃഷണസഞ്ചികൾ വെള്ളപൊട്ടണം
വരിയുടക്കണം ലോക കാമങ്ങൾ

പെരുമീൻ അസ്തമിക്കുമീ
പെരുത്ത സന്ധ്യയിൽ
കരിങ്കല്ലെടുത്ത് തൊണ്ടയിൽ കുടുക്കി
വീടറിയാതെ നാടറിയാതെ
വിണ്ണറിയാതെ മണ്ണറിയാതെ
നാക്കു കെട്ടണം

മൂത്രപ്പുരക്ക് പുറകിൽ
മുക്കുപൊത്തി
നാക്ക് കെട്ടറുത്ത്
അവളോട് ആത്മമിത്രത്തോട്
കണ്ണീർ ചിതറിച്ച് പൊട്ടും പ്രാണസങ്കടം

വരിക പെണ്ണുങ്ങളെ
ഇനിയൊരുത്തൻ
വലിയ മാരുതൻ
ണിം ണിം വീശി വരും നേരം,
കൈകൾ
പാവാടക്കൊടിയുയർത്തി
മുദ്രാവാക്യം വിളിക്കും
പ്രപഞ്ചശബ്ദങ്ങളെ

കിളിർത്ത മുലകൾ പർവ്വതശിഖരികൾ
വന്ന വഴിയെ മണ്ണിടിഞ്ഞ്
തൊലിയിലേക്ക് ആത്മാവിലേക്ക്
മാഞ്ഞ് പോകും വരെ.

Comments