ദളിത്​ വിവരാവകാശപ്രവർത്തക​ൻറെ കൊല: മേവാനിയും കുടുംബവും സഭയ്ക്ക് മുന്നിൽ പ്രതിഷേധത്തിന്​

ദളിത് വിവരാവകാശ പ്രവർത്തകൻ അമ്രഭായ് ബോറിച്ചയുടെ കൊലപാതകികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ടതിന്​ ഗുജറാത്ത് എം.എൽ.എ ജിഗ്​നേഷ്​ മേവാനിയെ സസ്​പെൻറ്​ ചെയ്​തിരിക്കുകയാണ്​. ദളിത്​ കുടുംബത്തോടൊപ്പം മാർച്ച് 23ന് നിയമസഭക്കുമുന്നിൽ പ്രതിഷേധം സംഘടിപ്പിക്കു​മെന്ന്​ മേവാനി പറയുന്നു

ഗുജറാത്തിൽ ഭാവ്‌നഗറിലെ സനോദറിൽ, സവർണരുടെ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ദളിത് വിവരാവകാശ പ്രവർത്തകൻ അമ്രഭായ് ബോറിച്ചയുടെ കൊലപാതകികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് നിയമസഭയ്ക്ക് മുന്നിൽ പ്രതിഷേധിക്കുമെന്ന് വാദ്ഗാമിൽ നിന്നുള്ള സ്വതന്ത്ര എം.എൽ.എ ജിഗ്നേഷ് മേവാനി. പ്രതികളേയും, സംഭവസ്ഥലത്ത് ഉണ്ടായിരുന്നെന്ന് ആരോപിക്കപ്പെടുന്ന പൊലീസ് സബ് ഇൻസ്പക്ടറേയും അറസ്റ്റു ചെയ്യണമെന്ന ആവശ്യം നിരന്തരം നിയമസഭയിൽ ഉന്നയിച്ച മേവാനിയെ രണ്ടു തവണ സഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.

""മോറിച്ചയുടെ കുടുംബത്തോടൊപ്പം മാർച്ച് 23ന് ഭഗത്‌സിങ് രക്തസാക്ഷി ദിനത്തിൽ നിയമസഭയിലെ ഒന്നാം നമ്പർ ഗേറ്റിൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് ഞങ്ങൾ പദ്ധതിയിടുന്നത്,''തിങ്കുമായി സംസാരിക്കവേ അദ്ദേഹം പറഞ്ഞു. നിയമസഭയിലല്ല, 23ന്റെ പ്രക്ഷോഭത്തിന് ജനങ്ങളെ ഒരുമിച്ചു കൂട്ടുന്നതിലാണ് ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മോറിച്ചക്ക്​ എന്താണ്​ സംഭവിച്ചത്​?

ക്ഷത്രിയ ജാതിയിൽ പെട്ട 50ഓളം പേർ മാർച്ച് രണ്ടിന്​ വൈകീട്ട് 4.30ന് വീടിന്റെ പുറത്തു നിൽക്കുകയായിരുന്ന ബോറിച്ചക്കു നേരെ കല്ലെറിയുകയും, സുരക്ഷാർത്ഥം വീടിനകത്തേക്ക് പോയ മോറിച്ചയെ പിന്തുടർന്ന് ആയുധങ്ങളുമായി വീട്ടിൽ അതിക്രമിച്ചു കയറി കൊലപ്പെടുത്തുകയുമായിരുന്നു എന്നാണ് സംഭവത്തെക്കുറിച്ച് ബോറിച്ചയുടെ മകൾ ഇന്ത്യൻ എക്സ്​പ്രസിനോട്​പറഞ്ഞത്.

തന്റെ കൃഷിസ്ഥലവും താമസസ്ഥലവും കയ്യേറാൻ സ്ഥലത്തെ ക്ഷത്രിയവിഭാഗം ശ്രമിക്കുന്നെന്ന് ഗോഗ പൊലീസ് സ്റ്റേഷനിൽ ബോറിച്ച മുമ്പ് പരാതി നൽകിയിരുന്നു. എന്നാൽ സബ് ഇൻസ്‌പെക്ടർ പി.ആർ. സോളങ്കി എഫ്.ഐ.ആർ രേഖപ്പെടുത്തിയില്ല. അതേതുടർന്ന് അദ്ദേഹം കോടതിയെ സമീപിക്കുകയായിരുന്നു. പ്രദേശത്തെ ഏക ദളിത് കുടുംബമാണ് ബോറിച്ചയുടേത്.

""പൊലീസ് എസ്.ഐയുടെ സാന്നിധ്യത്തിലാണ് ബോറിച്ച കൊല്ലപ്പെട്ടത് എന്നാണ് അദ്ദേഹത്തിന്റെ കുടുംബം എന്നോടു പറഞ്ഞത്. കൊലപാതകികൾക്കു പുറമെ, മനഃപൂർവം കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയ പൊലീസുകാരനെതിരെയും പട്ടികജാതി പട്ടിവർഗ്ഗ പീഡന നിരോധന നിയമം സെക്ഷൻ 4 പ്രകാരം മാർച്ച് 3ന് പരാതി നൽകിയിരുന്നു. 17 ദിവസമായിട്ടും അതിൻമേൽ നടപടിയൊന്നുമുണ്ടായില്ല.'' മേവാനി പറയുന്നു.

മഹാരാഷ്ട്രയ്ക്കു ശേഷം ഏറ്റവും അധികം വിവരാവകാശ പ്രവർത്തകർ കൊല്ലപ്പെട്ട സംസ്ഥാനമാണ് ഗുജറാത്ത്. വിവരാവകാശ പ്രവർത്തകർ ദളിതരോ, ന്യൂപക്ഷ വിഭാഗങ്ങളിൽ പെട്ടവരോ ആണെങ്കിൽ അവർ തീർത്തും അരക്ഷിതാവസ്ഥതിയിലായിരിക്കുമെന്നും മേവാനി പറഞ്ഞു.

സർക്കാരിന്റെയും സവർണ ജാതിയിൽ പെട്ടവരുടേയും കൂട്ടായ ആധിപത്യത്തിനെതിരെയായിരുന്നു അമ്രാഭായ് ബോറിച്ചയുടെ പോരാട്ടം. 2009 മുതൽ, 2021 മാർച്ച് രണ്ടിന് കൊല്ലപ്പെടുന്നതു വരെ നിരവധി തവണ സവർണ ജാതിക്കാരുടെ അതിക്രമത്തിന് അദ്ദേഹം ഇരയായിട്ടുണ്ട്. 13 കേസുകളാണ് ഇതുമായി ബന്ധപ്പെട്ട് പൊലീസ് രേഖപ്പെടുത്തിയത്. 14-ാമത്തെ ശ്രമത്തിനിടെയാണ് ബോറിച്ച കൊല്ലപ്പെട്ടത്. ഓരോ തവണ പരാതിപ്പെടുമ്പോഴും, പൊലീസ് നടപടിക്രമങ്ങളുടെ ഭാഗമായി പേരിനു മാത്രം പ്രതികളെ അറസ്റ്റു ചെയ്യുകയും, അവർക്ക് തുടരെത്തുടരെ ജാമ്യം ലഭിക്കുകയും ചെയ്തു. ഈ സാമൂഹിക വിരുദ്ധർ ബോറിച്ചയെ വേട്ടയാടുന്നത് തുടരുകയും ചെയ്തു. ഈ സവർണ ഗുണ്ടകൾക്ക് ശക്തമായ താക്കീത് നൽകുന്നതിൽ പൊലീസ് പരാജയപ്പെട്ടെന്നും മേവാനി പറയുന്നു: ‘‘മൂന്നു തവണ ഞാൻ വിഷയം നിയമസഭയിൽ ഉന്നയിച്ചു. എന്നാൽ അച്ചടക്ക ലംഘനം ആരോപിച്ച് എന്നെ സഭയിൽ നിന്ന് പുറത്താക്കാൻ സ്പീക്കർ സാർജന്റിനോട് ആവശ്യപ്പെടുകയായിരുന്നു. 13 പരാതികൾ മുമ്പ് രേഖപ്പെടുത്തിയിട്ടും ബോറിച്ച കൊല്ലപ്പെട്ടെങ്കിൽ അതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാറിന് ഒഴിഞ്ഞു മാറാൻ സാധിക്കില്ല’’, അദ്ദേഹം പറഞ്ഞു. ""13 തവണ അവസരങ്ങളുണ്ടായിട്ടും കൊലപാതകം തടയാൻ ഇവർ മുൻകൈയ്യെടുത്തില്ല. എന്ത് സന്ദേശമാണ് ഇവർ നൽകാൻ ഉദ്ദേശിക്കുന്നത്.''

ദളിതർക്കെതിരെയുള്ള അതിക്രമങ്ങളോട് തീർത്തും തണുപ്പൻ സമീപനമാണ് സംസ്ഥാന പൊലീസിന്. ദളിതരുടെ പരാതികളിൽ നടപടി എടുക്കുന്നതിൽ ഉദാസീനത പ്രകടിപ്പിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്. 2013 മുതൽ 2017 വരെ ഗുജറാത്തിലെ പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്കെതിരെയുള്ള ആക്രമണങ്ങളിൽ യഥാക്രമം 32, 55 ശതമാനം വർധനവ് ഉണ്ടായതായി സംസ്ഥാന സാമൂഹിക നീതി വകുപ്പ് മന്ത്രി ഇഷ്‌വാർ പർമാർ 2018ൽ നിയമസഭയിൽ പറഞ്ഞിരുന്നു. പൊലീസ് മുതൽ ആഭ്യന്തര മന്ത്രി വരെ ഇക്കാര്യത്തിൽ നിശബ്ദരാണ്. അവർ ഈ വിഷയത്തെ ഗൗനിക്കുന്നില്ലെന്നു മാത്രമല്ല, മറ്റാരും ഇതേക്കുറിച്ച് സംസാരിക്കരുതെന്ന നിർബന്ധ ബുദ്ധി ഉണ്ടെന്നും മേവാനി പറയുന്നു.


Comments