അടൂർ, താങ്കൾ എന്തിനാണ്​ ശങ്കർ മോഹനെ സംരക്ഷിക്കുന്നത്​? കെ.ആർ. നാരായണൻ ഇൻസ്​റ്റിറ്റ്യൂട്ടിലെ വിദ്യാർഥികൾ ചോദിക്കുന്നു

സംസ്​ഥാന സർക്കാർ സ്​ഥാപനമായ കോട്ടയത്തെ കെ.ആർ. നാരായണൻ നാഷനൽ ഇൻസ്​റ്റിറ്റ്യൂട്ട്​ ഓഫ്​ വിഷ്വൽ സയൻസ്​ ആൻറ്​ ആർട്​സിൽ അരങ്ങേറുന്ന ജാതി വിവേചനത്തിനും സംവരണ അട്ടിമറിക്കും എതിരെ വിദ്യാർഥികളും ജീവനക്കാരും പ്രക്ഷോഭത്തിലാണ്​. ഇതിനിടെയാണ്​, ആ​രോപണങ്ങളെല്ലാം ഏകപക്ഷീയമായി നിഷേധിച്ചും ഡയറക്​ടർ ജാതി വിവേചനം കാണിക്കുന്നയാളല്ല എന്ന ഗുഡ്​ സർട്ടിഫിക്കറ്റ്​ നൽകിയും ഇൻസ്​റ്റിറ്റ്യൂട്ട്​ ചെയർമാൻ കൂടിയായ അടൂർ ഗോപാലകൃഷ്​ണൻ രംഗത്തുവന്നത്​. അടൂരിന്റെ ന്യായീകരണത്തിനെതിരെ സ്​റ്റുഡൻറ്​സ്​ കൗൺസിൽ അയച്ച തുറന്ന കത്താണിത്​.

Open letter

പ്രിയ​പ്പെട്ട ശ്രീ. അടൂർ ഗോപാലകൃഷ്ണൻ,

കെ.ആർ. നാരായണൻ ഇൻസ്​റ്റിറ്റ്യൂട്ട്​ വിദ്യാർഥികളായ ഞങ്ങൾ അനുഭവിച്ച വിവേചനങ്ങളും പറഞ്ഞ സത്യങ്ങളും കെട്ടിച്ചമച്ച ആരോപണങ്ങൾ മാത്രമാണ് എന്ന് അങ്ങ് പറഞ്ഞതായി മാധ്യമങ്ങളിൽ ഞങ്ങൾ വായിച്ചു. പെൺകുട്ടികളും മലയാളം സംസാരിക്കാൻ പോലും അറിയാത്ത വിദ്യാർഥികളും ഉൾപ്പെട്ട സംഘത്തെ, രാത്രി 11 മണി വരെ, നൽകിയ മുറി വരെ കാൻസൽ ചെയ്ത് തിരുവനന്തപുരം നഗരത്തിൽ ഇറക്കിവിട്ടതിന് താങ്കൾ നൽകിയ മറുപടിയും വായിച്ചു. കടുത്ത മനുഷ്യാവകാശലംഘനം നേരിട്ട അഞ്ച്​ സ്ത്രീകളുടെ തുറന്ന് പറച്ചിലുകളെ നിലനിൽപിനുവേണ്ടിയുള്ള കേവലം നുണകളായി കണ്ടുള്ള ഉത്തരങ്ങളും ശ്രദ്ധാപൂർവം വായിച്ചു.

താങ്കൾ ചെയർമാനായി പ്രവർത്തിക്കുന്ന സ്ഥാപനത്തിലെ വിദ്യാർഥികളും ജീവനക്കാരും വളരെയേറെ ഗൗരവകരമായ ആരോപണങ്ങൾ ഉന്നയിക്കുമ്പോൾ താങ്കൾ ഇതിനെ കുറിച്ച് ഈ ജീവനക്കാരോടോ, വിദ്യാർഥികളോടൊ സംസാരിച്ചിട്ടുണ്ടോ?, വിദ്യാർഥികൾ വളരെ വിശദമായി താങ്കൾക്ക് നൽകിയ പരാതിയിന്മേൽ മറുപടിയോ, ഒരു ചർച്ചയോ ഉണ്ടായിട്ടുണ്ടോ? പിന്നെ എങ്ങനെയാണ് താങ്കൾ ഞങ്ങൾ പറഞ്ഞത് മുഴുവൻ നുണയാണ് എന്നും, ഞങ്ങൾ ഈ മഹത്തായ സ്ഥാപനത്തെ നശിപ്പിക്കുന്നവരാണ് എന്നുമുള്ള ആരോപണങ്ങളിലേക്ക് എത്തിയത്?, ഞങ്ങളുടെ ഏതു പ്രവർത്തിയാണ് ഈ ആരോപണങ്ങൾക്ക് താങ്കളെ പ്രേരിപ്പിച്ചത്?

താങ്കൾ സത്യവാചകം ചൊല്ലിത്തന്ന് ചുമതലയേറ്റ സ്റ്റുഡൻറ്​സ്​ കൗൺസിൽ ആണ് ശങ്കർ മോഹന്റെ രാജി ആവശ്യപ്പെട്ട് സമരം ചെയ്യുന്നത്. ആരോപണ വിധേയനായ ശങ്കർ മോഹനെ "കുലീന കുടുംബത്തിൽ ജനിച്ചയാൾ' എന്നും വിശേഷിപ്പിച്ചു കണ്ടു. എങ്ങനെയാണ് സാർ ഒരാളുടെ കുടുംബ പശ്ചാത്തലം അയാൾക്ക് നേരെ ഉയർന്ന ആരോപണങ്ങൾക്കുള്ള മറുപടിയാക്കുന്നത്? എന്ത് കൊണ്ടാണ് താങ്കൾ ഈ വ്യക്തിയെ സംരക്ഷിക്കാൻ ശ്രമിക്കുന്നത്?

സംവരണലംഘനവുമായി ബന്ധപ്പെട്ട് പുറത്ത് വന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണ് എന്ന് താങ്കൾ പറഞ്ഞുവല്ലോ, പിന്നെ എങ്ങനെയാണ് 2022 ബാച്ചിലെ ഡയറക്ഷൻ ഡിപ്പാർട്ട്‌മെന്റിലെ മുഴുവൻ സീറ്റിലും ജനറൽ വിഭാഗത്തിലെ കുട്ടികൾക്ക് മാത്രം അഡ്മിഷൻ ലഭിച്ചത്?. എഡിറ്റിങ്ങിൽ ആകെയുള്ള പത്ത് സീറ്റുകളിൽ നാലെണ്ണം ഒഴിച്ചിട്ടപ്പോഴും എന്തുകൊണ്ടാണ്​SC/ST വിഭാഗത്തിൽ ശരത്ത് എന്ന വിദ്യാർഥിക്ക് അർഹതപ്പെട്ട സംവരണ സീറ്റ് നൽകാതെ പോയത്? സംവരണ ലംഘനം ഉണ്ടായിട്ടില്ല എങ്കിൽ എന്തുകൊണ്ടാണ് ആ വിദ്യാർഥിക്ക് സീറ്റ് നൽകണം എന്ന കോടതി ഉത്തരവ് ഉണ്ടായത്? ശങ്കർ മോഹൻ പറഞ്ഞ പോലെ യോഗ്യത ഇല്ലാത്ത വിദ്യാർഥി ആയിരുന്നു ശരത് എങ്കിൽ എങ്ങനെയാണ് കൊൽക്കത്തയിലെ സത്യജിത്​ റായ്​ ഇൻസ്​റ്റിറ്റ്യൂട്ട്​ പോലെ മികച്ച ഒരു സ്ഥാപനത്തിൽ അയാൾക്ക് സീറ്റ് ലഭിച്ചത്? ഞങ്ങൾ പറയുന്നത് നുണകൾ ആണെങ്കിൽ ഇതു സംബന്ധിച്ച സത്യങ്ങൾ താങ്കൾ വെളിപ്പെടുത്തുമല്ലോ.

ശരത്ത് എസ്

താങ്കളോട് കൺസൾട്ട് ചെയ്ത ശേഷം മാത്രമാണ് ഇൻസ്റ്റിറ്റ്യൂട്ടിനകത്ത് എല്ലാം നടക്കുന്നത് എന്ന് താങ്കൾ പറഞ്ഞല്ലോ. വിദ്യാർഥികളുടെ അവകാശങ്ങൾ ലംഘിക്കുന്ന ക്ലോസുകൾ അടങ്ങുന്ന മുദ്രപത്രങ്ങൾ ഓരോ വിദ്യാർഥിയിൽ നിന്ന്​ ഒപ്പിട്ട് വാങ്ങിയത് അങ്ങയുടെ അറിവോടെ തന്നെയാണോ?, വിദ്യാർഥികൾക്ക് ഇൻസ്റ്റിറ്റ്യൂട്ടിന് പുറത്തേക്ക് പോകാൻ എച്ച്.ഒ.ഡിയുടെ അനുവാദം വേണം എന്നും അല്ലെങ്കിൽ പിഴ നൽകണം എന്നുമുള്ള ക്ലോസ് താങ്കളുടെ കൂടെ അറിവോടെ ചേർത്തതാണോ?, മാറിമാറി വരുന്ന ഡയറ്​കടറുടെ എല്ലാ ഓർഡറുകളും വിദ്യാർഥികൾ അനുസരിക്കണം എന്നും ഇതൊക്കെ ലംഘിക്കുന്ന പക്ഷം വിദ്യാർത്ഥിയെ പുറത്താക്കാൻ പോലും ഇൻസ്റ്റിറ്റ്യൂട്ടിന് കഴിയും എന്നിങ്ങനെ ഉള്ള ക്ലോസുകൾ താങ്കൾ കൂടെ അറിഞ്ഞു കൊണ്ട് കൊണ്ടുവന്നതാണോ?

ശങ്കർ മോഹൻ എന്ന ഡയറക്​ടറുടെ ന്യായങ്ങൾ മാത്രം കേട്ടിട്ട് താങ്കൾ പ്രതികരിക്കും മുൻപേ വിദ്യാർഥികൾ ഈ സ്ഥാപനത്തിൽ നേരിടുന്ന വിവേചനങ്ങൾ, ഞങ്ങൾ കടന്നുപോകുന്ന മാനസിക സമ്മർദങ്ങൾ എന്നിവയെ കുറച്ചു കൂടി താങ്കൾ അറിയേണ്ടതുണ്ട്. വിവേചനം നേരിട്ടു എന്നുപറഞ്ഞ ജീവനക്കാരെ കൂടി താങ്കൾ കേൾക്കേണ്ടതുണ്ട്.

Comments