അറിയാവുന്ന പണി ചെയ്താല്‍ പോരേ ചാറ്റ് ജിപിടീ,
അറിയില്ലെങ്കില്‍ അറിയില്ല എന്ന് പറ...
അറിയാവുന്ന പണി ചെയ്താല്‍ പോരേ ചാറ്റ് ജിപിടീ, അറിയില്ലെങ്കില്‍ അറിയില്ല എന്ന് പറ...
ചാറ്റ് ജിപിടി ഒരു കമ്പ്യൂട്ടേഷണല്‍ മോഡലാണ്, കൃത്രിമ ബുദ്ധിയല്ല. കാരണം, ചോദിക്കുന്ന ചോദ്യം മനസ്സിലാക്കുകയല്ല ചാറ്റ് ജിപിടി ചെയ്യുന്നത്, മറിച്ച് ട്രെയിന്‍ ചെയ്യിച്ചിട്ടുള്ള ഡാറ്റയുടെ അടിസ്ഥാനത്തില്‍ ചോദ്യത്തെ ഉത്തരത്തിലേക്ക് കോര്‍ക്കുകയാണ്. ഉത്തരത്തിലേക്ക് കോര്‍ക്കുകയെന്നാല്‍, ഉത്തരത്തിലെ ഓരോ വാക്കിലേക്കും ചിലപ്പോള്‍ കോര്‍ക്കേണ്ടിവരും. ഓരോ വാക്കിലെ ഓരോ അക്ഷരങ്ങളിലേക്കും. നമ്മുടെ ബുദ്ധി ഇതുതന്നെയല്ലേ ചെയ്യുന്നത് എന്നതിനുള്ള ഉത്തരം അല്ല എന്നാണ്. ചാറ്റ് ജിപിടിയെ വിമര്‍ശനബുദ്ധിയോടെ പരിശോധിക്കുന്നു.
14 Mar 2023, 12:31 PM


ചാറ്റ് ജിപിടി എന്താണെന്ന ചോദ്യത്തിന് ചാറ്റ് ജിപിടിയുടെ തന്നെ മറുപടിയാണ് മുകളിൽ. പലരും പല ആവശ്യങ്ങള്‍ക്കായി ഈ ടൂളിന്റെ സേവനം പരീക്ഷിച്ചുനോക്കിയിട്ടുണ്ടാവും. ഇതിന്റെ പ്രയോഗസാധ്യതകളും അനവധിയാണ്. ഈ ലേഖനം ചാറ്റ് ജിപിടിയെ വിമര്‍ശനബുദ്ധിയില്‍ പരിശോധിക്കുന്ന ഒന്നാണ്. ഈ ദിശയിലുള്ള ചര്‍ച്ചകള്‍ കൂടി തുടങ്ങിവയ്ക്കുക എന്നതാണ് ഉദ്ദേശ്യം.
ഭാഷ: ഒരു കമ്പ്യൂട്ടേഷനല്‍ മോഡല്‍
എന്റെ രണ്ടു സുഹൃത്തുക്കള്‍, ഇന്ത്യയിലെ തന്നെ മികച്ച രണ്ടു യൂണിവേഴ്‌സിറ്റികളില്‍ നിന്ന് പി.ജി എടുത്തശേഷം ഇന്ത്യക്കുപുറത്തുള്ള രണ്ട് യൂണിവേഴ്‌സിറ്റികളില്‍ ഡോക്ടറല്‍ റിസര്‍ച്ച് ചെയ്യാന്‍ അഡ്മിഷന്‍ കിട്ടി പോവാന്‍ തയ്യാറെടുക്കുന്നു. ഒരാളുടെ വിഷയം ജിയോളജിയാണ്, മറ്റേയാള്‍ കെമിസ്ട്രിയും.
രണ്ടുപേരും ചെയ്യാനുദ്ദേശിക്കുന്ന റിസര്‍ച്ചിനെക്കുറിച്ച് വിശദീകരിക്കാം. ആര്‍ടിക് സമുദ്രത്തിലെ പ്ലേറ്റുകളുടെ അനക്കം, ഭൂമിയുടെ ആന്തരിക പ്രവര്‍ത്തനങ്ങള്‍ എന്നിവ അടിസ്ഥാനപ്പെടുത്തി, മെഷീന്‍ ലേണിങ്ങിന്റെ സാധ്യതകളെ ഉപയോഗിച്ച് ഭൂമികുലുക്ക സാധ്യതയെ പ്രെഡിക്റ്റ് ചെയ്യുന്ന ഒരു സിസ്റ്റമാണ് ജിയോളജിയില്‍ റിസര്‍ച്ച് ചെയ്യുന്നയാളുടെ വിഷയം.

കെമിസ്ട്രിയില്‍ പി.എച്ച്.ഡി. എടുക്കുന്ന ആള്‍ പോളിമര്‍ കെമിസ്ട്രിയില്‍ ഒരു പുതിയ കോമ്പൗണ്ട് കണ്ടുപിടിക്കാനുദ്ദേശിക്കുന്നു. അയാള്‍ കെമിസ്ട്രി ലാബിലല്ല ഈ പരീക്ഷണങ്ങള്‍ നടത്തുന്നത്, മറിച്ച് ലാപ്‌ടോപിലുള്ള ഒരു സോഫ്റ്റ്വെയറിലാണ്.
രണ്ടുപേരും റിസര്‍ച്ച് ചെയ്യാന്‍ പോവാനുദ്ദേശിക്കുന്നത് അവരവരുടെ വിഷങ്ങളുടെ ലാബിലേക്കല്ല, മറിച്ച് കമ്പ്യൂട്ടര്‍ ലാബിലേക്കാണ്. ഈ വിഷയങ്ങളില്‍ ഒരു കമ്പ്യൂട്ടേഷണല്‍ മോഡലുണ്ടാക്കുകയാണ് രണ്ടു പേരുടെയും ലക്ഷ്യം. ഭാഷയ്ക്കും അങ്ങനെയൊരു കമ്പ്യൂട്ടേഷനല്‍ മോഡലുണ്ടാക്കുന്നതും സാധാരണമല്ലേ എന്ന് ഒറ്റനോട്ടത്തില്‍ നമുക്കും തോന്നാം. ഒരു മെഷീന്‍ നമ്മളോട് സംവദിക്കുന്നതില്‍ വിസ്മയിക്കുകയും ചെയ്യാം. പക്ഷേ അതിലൊളിഞ്ഞിരിക്കുന്ന അപകടങ്ങള്‍ വളരെ വലുതാണ്.
കോഗ്‌നിഷന്‍ എന്ന മനുഷ്യന്റെ തലച്ചോറിന്റെ മാത്രം കഴിവിനെ കീഴടക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെന്നല്ല ശാസ്ത്രത്തിനുതന്നെ കുറേ ദൂരങ്ങള്‍ സഞ്ചരിക്കേണ്ടിയിരിക്കുന്നു. ഇതൊരു കമ്പ്യൂട്ടേഷണല്‍ മോഡലാണ്, കൃത്രിമ ബുദ്ധിയല്ല എന്നതിന്റെ കാരണം. ചോദിക്കുന്ന ചോദ്യം മനസ്സിലാക്കുകയല്ല ചാറ്റ് ജിപിടി ചെയ്യുന്നത്, മറിച്ച് ട്രെയിന്‍ ചെയ്യിച്ചിട്ടുള്ള ഡാറ്റയുടെ അടിസ്ഥാനത്തില്‍ ചോദ്യത്തെ ഉത്തരത്തിലേക്ക് കോര്‍ക്കുകയാണ്. ഉത്തരത്തിലേക്ക് കോര്‍ക്കുകയെന്നാല്‍, ഉത്തരത്തിലെ ഓരോ വാക്കിലേക്കും ചിലപ്പോള്‍ കോര്‍ക്കേണ്ടിവരും. ഓരോ വാക്കിലെ ഓരോ അക്ഷരങ്ങളിലേക്കും.
ഇത് ചെയ്യുകയാണ് ചാറ്റ് ജിപിടി ചെയ്യുന്നത്. നമ്മുടെ ബുദ്ധി ഇതുതന്നെയല്ലേ ചെയ്യുന്നത് എന്നതിനുള്ള ഉത്തരം അല്ല എന്നാണ്. കൃത്രിമ ബുദ്ധിയുണ്ടാവുകയാണെങ്കില്‍ അതും ഇതുതന്നെയല്ലേ ചെയ്യേണ്ടത് എന്നതിനുത്തരം ‘എനിക്കറിയില്ല’ എന്നും.

ചാറ്റ് ചെയ്യുമ്പോള്‍ ഉപയോഗിക്കുന്നതിനപ്പുറത്തേക്ക് ഭാഷയുടെ എഴുത്തുരൂപത്തെ പലരും മറന്നുപോയിരിക്കുന്നു എന്നതൊരു സത്യമാണ്. പൊലീസ് സ്റ്റേഷനില്‍ കൊടുക്കുന്ന പരാതി മുതല്‍ ഒഫീഷ്യല്‍ ആവശ്യത്തിനയക്കുന്ന ഒരു കത്തോ ഇമെയിലോ പോലും വളരെ പണിപ്പെട്ടാണ് ഓരോരുത്തരും എഴുതിക്കൂട്ടുന്നത്. പലപ്പോഴും മലയാളത്തിലൊക്കെ ഈയവസരങ്ങളില്‍ വാമൊഴിയുമായി വരമൊഴി കൂട്ടിമുട്ടാറുണ്ട്. ഇങ്ങനെയൊരു കൂട്ടിമുട്ടലിന് ഭാഷയുടെ എഴുത്തുരൂപത്തിന്റെയോ ഭാഷയുടെതന്നെയോ സ്വാഭാവിക പരിണാമത്തില്‍ ഒരു ഇടമുണ്ടാവും. ഇന്ന് ചാറ്റ് ജിപിടിയാണ് ഈ പണിയൊക്കെ ചെയ്യുന്നത്. സന്തോഷമുള്ള ഒരു പരാതി എഴുതിത്തരാന്‍ പറഞ്ഞാലും ഈ മെഷീന്‍ ഇതൊക്കെ ചെയ്യും.
ഒരു പത്രത്തിന്റെ എഡിറ്റോറിയലെഴുതിത്തരാനോ ഒരു കഥയെഴുതിത്തരാനോ പറഞ്ഞാല്‍ ഈ മെഷീന്‍ അതും ചെയ്യും. അനാവശ്യമായി സമയം നഷ്ടപ്പെടുത്തുന്ന ടാസ്‌കുകള്‍ ഒഴിവാക്കാന്‍ ഒരു ടൂളിന്റെ സഹായം തേടുന്നതില്‍ യുക്തിയുണ്ട്. പക്ഷേ ലാംഗ്വേജ് മോഡലിനെക്കൊണ്ട് കഥയെഴുതിക്കുന്നതില്‍ എങ്ങനെയാണ് യുക്തി കണ്ടെത്തുക?. ഇത് അവ തമ്മിലുള്ള തുലനമാണോ അതോ കലയുടെ ജനാധിപത്യവല്‍ക്കരണമോ? സങ്കീര്‍ണമായ ഒരു പ്രക്രിയയുടെ ചുരുളഴിക്കാന്‍ താല്‍പര്യപ്പെടുന്ന ഒരു കൂട്ടം സയന്റിസ്റ്റുകളുടെ ശ്രമമെന്ന നിലയിലാണെങ്കില്‍ക്കൂടി യതാര്‍ത്ഥ ചുരുളുകളഴിയാന്‍ കുറേ ദൂരം സഞ്ചരിക്കാനുണ്ട്. വ്യര്‍ത്ഥശ്രമമാണെന്നല്ല, ഇതുകൊണ്ടു മനുഷ്യരാശിക്ക് സംഭവിച്ചേക്കാവുന്ന പലതരം ഇംപാക്ടുകളെ നമ്മള്‍ തിരിച്ചറിയാതെ പോവരുത്.

ഞാന്‍ എന്റെ രണ്ടു സുഹൃത്തുക്കളെക്കുറിച്ച് പറഞ്ഞാണ് തുടങ്ങിയത്. മലയാളത്തില്‍ പി.ജിയോ ജേണലിസം കോഴ്‌സോ കഴിഞ്ഞാല്‍ ചെയ്യേണ്ട ഒരു പണിയായിരുന്നു ജേണലിസം എന്നായിരുന്നു എന്റെ ധാരണ. അവര്‍ മാത്രം ആ തൊഴിലു ചെയ്യണം എന്നല്ല ഉദ്ദേശിച്ചത്; മറിച്ച് വായനയും വിവരവും ജേണലിസത്തില്‍ അഭിരുചിയുമുള്ളവര്‍ ആ കോഴ്‌സ് പഠിക്കും എന്നും അവര്‍ ആ ജോലി ചെയ്യണം എന്നുമാണ്. ഇന്ന് മലയാളം പി.ജിയെന്നല്ല ഒരുപക്ഷേ ശാസ്ത്രവിഷയങ്ങള്‍ കഴിഞ്ഞവര്‍ക്കുപോലും അവരുദ്ദേശിക്കുന്ന തൊഴിൽ ചെയ്യാന്‍ സാധിക്കുന്നില്ല. ചെയ്താല്‍ തന്നെ ജീവിക്കാനുള്ളത്ര ശമ്പളവും കിട്ടുന്നില്ല. ജോലി ലഭിക്കാത്തതിനെ അവരുടെ കാഴ്ചപ്പാടിന്റെ പ്രശ്‌നമോ, അഭിരുചിയില്ലായ്മയുടെ പ്രശ്‌നമോ മാത്രമായി കാണാന്‍ സാധിക്കില്ല. ടെക്‌നോളജി എന്നത് മനുഷ്യന്റെ ഭാഷയായിത്തന്നെ പ്രവര്‍ത്തിക്കുന്ന കാലമായതിനാല്‍ സകല സിസ്റ്റങ്ങള്‍ക്കും ടെക്‌നോളജിയോടൊപ്പം ഓറിയൻറ് ചെയ്യപ്പെടേണ്ടിവരും.
ഈയടുത്തിടെ എന്നോട് മലയാളം പി.ജി കഴിഞ്ഞ ഒരു സുഹൃത്ത് കരിയര്‍ സാധ്യതകളെക്കുറിച്ച് ഒരഭിപ്രായം ആരാഞ്ഞു. മെഷീന്‍ ലേണിംഗ് പഠിക്കാനാണ് ഞാന്‍ പറഞ്ഞത്. അതിന്റെ കാരണം, അയാളുടെ കരിയര്‍ മാത്രമല്ല നാളെ നമ്മുടെ ഭാഷയുടെ നിലനില്‍പ്പുപോലും ഇത്തരം കമ്പ്യൂട്ടേഷന്‍ മോഡലുകളെ അടിസ്ഥാനമാക്കിയിട്ടുള്ളതാവും. ഇന്നലെ കമ്പ്യൂട്ടറും കമ്പ്യൂട്ടേഷനും എന്നത് ഭാഷയ്‌ക്കൊരു സാധ്യതയായിരുന്നെങ്കില്‍ ഇന്നതൊരു ഗതികേടാണെന്നുതോന്നുന്നു. കുറഞ്ഞപക്ഷം എന്നോട് ഭാഷയിലുള്ള കരിയറിനെക്കുറിച്ച് അഭിപ്രായം ചോദിച്ച സുഹൃത്തിനെങ്കിലും. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിംഗിലുള്ള ആളുകള്‍ക്ക് കൂടുതലഭിപ്രായം പറയാനാവുമായിരിക്കും.
ഭാഷയെ ഒതുക്കുമോ?
ഭാഷയെ, ഭാഷയുടെ തന്നെ ഒരു കമ്പ്യൂട്ടേഷണല്‍ മോഡല്‍ ഒതുക്കുമോ?. ഇതാണ് നമ്മള്‍ ആത്യന്തികമായി ചര്‍ച്ച ചെയ്യേണ്ടുന്ന വിഷയം. ഇതിനെ ചുറ്റിപ്പറ്റി, ചാറ്റ് ജിപിടി പോലെയുള്ള ഭാഷാമോഡലുകളുടെ സാമൂഹികാഘാത പഠനവും നടത്തണം.

ഭാഷയെ ഒതുക്കുമോ എന്നു ചോദിക്കുന്നതിനു പിന്നില്‍ പല കാരണങ്ങളുമുണ്ട്. ഒന്നാമത്, ടെക് ലോകത്തെ സംബന്ധിച്ച് ചാറ്റ് ജിപിടിയുടെ വരവ് എന്നത് സ്റ്റീവ് ജോബ്‌സ് ഐ- ഫോണുമായി വന്നതുപോലുള്ള ഒരു മൊമന്റാണ്. രണ്ടാമത്, ടെക്‌നോളജിയ്ക്ക് അതുപയോഗിക്കുന്നവരെ അവരിലേക്ക് ചുരുക്കുക എന്നൊരു സ്വഭാവമുണ്ട്. മനുഷ്യനെയായാലും ഭാഷയെയായാലും. ടെക്‌നോളജിയുടെ സൃഷ്ടാക്കളോ പണം മുടക്കുന്നവരോ ചെയ്യുന്നതുമാവാം ഇത്. ടെക്‌നോളജിയിലേക്ക് ചുരുങ്ങുകവഴി അവരവരിലേക്ക് ചുരുങ്ങുക എന്നതും സംഭവിക്കാം. മനുഷ്യന്‍ ഉള്‍വലിയുക, ഭാഷ ഉള്‍വലിയുക എന്നതുപോലെ.
‘എനിക്കറിയില്ല’ എന്ന മറുപടി
ക്രിയേറ്റീവ് റൈറ്റിംഗ് ചെയ്യുക, റോള്‍ പ്ലേ ചെയ്യുക തുടങ്ങിയ ചില ആവശ്യങ്ങളോട് ‘എനിക്കതറിയില്ല’ എന്ന മറുപടി ചാറ്റ് ജിപിടി പറയേണ്ടതാണ്. ഒരു കവിതയോ കഥയോ സംഭവിക്കേണ്ടത് ഇന്നാണ്, പത്തിരുപതുകൊല്ലത്തെ ട്രെയിന്‍ ചെയ്തുവച്ച ഡാറ്റയിലല്ല. മനഃശ്ശാസ്ത്ര കൗണ്‍സിലറോട് സംസാരിക്കുന്നപോലെ സംസാരിക്കുന്ന ഒരാളോട് തൊട്ടടുത്ത ഡോക്ടറെ പോയി കാണാന്‍ പറയാന്‍ ചാറ്റ് ജിപിടിക്കാവണം. അയാള്‍ക്ക് യഥാര്‍ത്ഥത്തില്‍ എന്തെങ്കിലും കുഴപ്പമുണ്ടോ, കാണാന്‍ പോവുന്ന ഡോക്ടര്‍ക്ക് ഇയാളുടെ പ്രശ്‌നം പരിഹരിക്കാനാവുമോ, എല്ലാവര്‍ക്കും ഇത്തരം ഡോക്ടര്‍മാര്‍ ആക്‌സസിബിള്‍ ആണോ എന്നതൊക്കെ രണ്ടാമത്തെ പ്രശ്‌നം. ആദ്യത്തേത്, ഈ ടൂളിനോടുള്ള ട്രസ്റ്റ് ബ്രേക്ക് ചെയ്യാന്‍ ഇതിനെ ഉണ്ടാക്കിയവര്‍ക്കും ഉപയോഗിക്കുന്ന നമുക്കും ആവണം എന്നതാണ്. നമ്മളേതെങ്കിലും ഒരു ടെക്‌നോളജിക്കല്‍ ടൂളിനെ ട്രസ്റ്റ് ചെയ്യാന്‍ തുടങ്ങുന്നുവെങ്കില്‍ അത് നമ്മളെ ഉപയോഗിക്കുന്നുണ്ട് എന്നു തന്നെയാണര്‍ത്ഥം. നമുക്കറിയാവുന്ന ഒരു ഭാഷയില്‍ നമ്മളെ പരിചയമുള്ള ഒരാളെപ്പോലെ ഉത്തരം തരുന്ന ഒരു ടൂളിനെയാണ് നമ്മള്‍ വിശ്വസിക്കുന്നതെങ്കില്‍ അതു നമ്മളെ കൂടുതല്‍ ഉപയോഗിക്കാനേ തരമുള്ളൂ. നമ്മുടെ ഭാഷയെയും.
ക്രിയേറ്റീവ് റൈറ്റിംഗില്‍ മാത്രമല്ല ഈ പ്രശ്‌നമുള്ളത്. ഫോമല്‍ റൈറ്റിംഗുകളില്‍ വരുന്ന രണ്ടു സന്ദര്‍ഭങ്ങള്‍ സൂചിപ്പിക്കാം.
ഒരാള്‍ ചെയ്ത ഒരു ജോലിയെ പ്രശംസിക്കുന്ന ഒരു ഇ- മെയില്‍ ചാറ്റ് ജിപിടിയെക്കൊണ്ട് കംപോസ് ചെയ്യിക്കേണ്ടിവരുന്നു. അത് പേഴ്‌സണലൈസ് ചെയ്ത് തിരുത്തിയാലും മെക്കാനിക്കലായി തോന്നപ്പെടുന്നു. നാളെ കുറേക്കൂടി റിഫൈന്‍ ചെയ്തു കഴിഞ്ഞാല്‍ ഈ ഫീലിംഗ് വരില്ലായിരിക്കും. പക്ഷേ, ഒരാള്‍ സ്വന്തമായി കംപോസ് ചെയ്ത് ഒരാള്‍ക്കയക്കുന്ന ഇ- മെയിലിനും അവര്‍ തമ്മിലുള്ള അടുപ്പത്തിനും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടെങ്കിലോ. അതോ ഇനി അയാള്‍ക്ക് അതെഴുതാനെടുക്കുന്ന സമയമാണോ വലുത്.

ഒരു ജോലിയ്ക്കുവേണ്ടിയുള്ള ജോബ് ഡിസ്‌ക്രിപ്ഷന്‍ ചാറ്റ് ജിപിടി എഴുതുന്നു. അതില്‍ എന്തെങ്കിലും ജെന്റര്‍ ബയസ് വരാന്‍ സാധ്യതയുണ്ടോ? ട്രെയിന്‍ ചെയ്തുവച്ചിരിക്കുന്ന ഡാറ്റയില്‍ ആണുങ്ങള്‍ കൂടുതലായുള്ള ജോലികളുടെ വിവരങ്ങളാണ് കൂടുതലെങ്കിലോ? ഇനി ആ അളവില്‍ തുല്യതയുണ്ടെങ്കില്‍ക്കൂടി ഇപ്പോള്‍ എഴുതുന്ന ഈ ഡിസ്‌ക്രിപ്ഷന്‍ ആണുങ്ങളെയാണ് കൂടുതല്‍ അഡ്രസ് ചെയ്യുന്നതെങ്കിലോ? ഇതുപോലെ മറ്റെന്തെങ്കിലും ബയസ് ട്രെയിന്‍ ചെയ്യുന്ന ഡാറ്റയിലുണ്ടെങ്കില്‍ അത് പ്രെഡിക്ഷനുകളുടെ ബയസിനെ ബാധിക്കുമോ? ജോബ് ഡിസ്‌ക്രിപ്ഷന്‍ വായിക്കുന്ന ഒരാള്‍ക്ക് ഈ ബയസുകള്‍ തോന്നിയതുകൊണ്ട് അയാള്‍ ജോലിയ്ക്കപേക്ഷിക്കാതെയിരിക്കുമോ?
വളരെ ചുരുക്കത്തില്‍ പറയാം. 1980- 90 കാലഘട്ടങ്ങളിലെ മലയാള സിനിമയുടെ കഥകള്‍കൊണ്ട് ട്രെയിന്‍ ചെയ്യപ്പെട്ട ജിപിടി എഴുതുന്ന കഥയ്ക്ക് നായര്‍ ബയസ് വരാനുള്ള സാധ്യത എത്രയാവും. ഇങ്ങനെ എഴുതപ്പെടുന്ന ഒരു കഥ സിനിമയാക്കിയാല്‍ അതിനെ വിമര്‍ശിക്കേണ്ടത് കൃത്രിമബുദ്ധി കൊണ്ടല്ല. അരിയാഹാരം കഴിക്കുന്നതുകൊണ്ട് വലുതാവുന്ന നമ്മുടെ ഹോമോസാപിയന്‍ ബുദ്ധികൊണ്ടാണ്. അതുകൊണ്ട് ഞാന്‍ പറയും, അറിയാവുന്ന പണി ചെയ്താല്‍ പോരേ ജിപിടീ... അറിയില്ലെങ്കില്‍ അറിഞ്ഞുകൂടാന്ന് പറ.
അസമത്വങ്ങളുടെ വിളനിലം
ചായ്വുകൾ എന്നത് ചാറ്റ് ജിപിടിയുടെ മാത്രം പ്രശ്‌നമല്ല. മനുഷ്യര്‍ക്കും ഡാറ്റയ്ക്കും ഒക്കെ ചായ്വുണ്ട്. പലതരം ചായ്വുകളുള്ള ഡാറ്റ ഉപയോഗിച്ച് ട്രെയിന്‍ ചെയ്യപ്പെടുന്ന മോഡലുകള്‍ അസമത്വങ്ങളെ കുറേക്കൂടി രൂക്ഷമാക്കാനുതകുന്നുണ്ടോ എന്നതാണ് പരിശോധിക്കേണ്ടത്.
ഒരാള്‍ക്ക് പണം കടം നല്‍കണോ വേണ്ടയോ എന്ന തീരുമാനം ബാങ്കുകളെടുക്കുന്നത് അയാളുടെ തിരിച്ചടക്കാനുള്ള കഴിവിനെ ആധാരമാക്കിയാണ്. തിരിച്ചടയ്ക്കാനുള്ള ഈ കഴിവിനെ അയാളുടെ ജനിതകഘടന ഉപയോഗിച്ച് അളന്നു തീരുമാനിച്ചാലോ. നിലവിലുള്ള അസമത്വങ്ങളെ അത് രൂക്ഷമാക്കില്ലേ. ട്രെയിനിംഗ് ഡാറ്റയിലെ തെറ്റുകളും ഇത്തരം അസമത്വങ്ങളെ രൂക്ഷമാക്കും. കടം തിരിച്ചടവ് കപ്പാസിറ്റി കണക്കുകൂട്ടുന്നതിന്, ബാങ്കിംഗ് ഡാറ്റ അല്ലാതെ ഒന്നും ഉപയോഗിക്കാന്‍ പാടില്ല എന്ന് ആര്‍.ബി.ഐ നിഷ്‌കര്‍ഷിക്കുന്നു. അതുപോലെ എന്തെങ്കിലും ഗവേണന്‍സ് ഫ്രേം വര്‍ക്കുകള്‍ ഈ ലാംഗ്വേജ് മോഡലുകള്‍ക്ക് വേണോ. സുതാര്യത കൊണ്ട് അത്തരം ഗവേണന്‍സ് ഫ്രേംവര്‍ക്കുകളെ മറികടക്കാനാവുമോ. പലതരം ഭാഷകളുടെ ടെക്‌നോളജിക്കല്‍ കോംപീറ്റന്‍സ് അളക്കുന്ന ഒരു വേദിയായതുകൊണ്ടുതന്നെ ഇതിനെ നമ്മള്‍ ഗൗരവത്തോടെ കാണണം.
ഭാഷയുടെ ടെക്‌നോളജിക്കല്‍ കോംപീറ്റന്‍സ് എന്നൊരു കാര്യം ടെക്‌നിക്കലി ഉണ്ടോ എന്നെനിക്കറിയില്ല. ഞാനിവിടെ ഉദ്ദേശിക്കുന്നത് ആ ഭാഷ ടെക്‌നോളജിയുമായി എത്രത്തോളം ഇഴുകിച്ചേര്‍ന്നിട്ടുണ്ട് എന്ന അര്‍ത്ഥത്തിലാണ്. നമ്മള്‍ അക്ഷരങ്ങള്‍ ടൈപ്പ് ചെയ്യുന്ന കീബോഡ് മുതല്‍ തര്‍ജ്ജമയുടെ കൃത്യതയും ഫോണ്ടുകളും ഡിജിറ്റല്‍ റിസോഴ്‌സുകളും ഉള്‍പ്പെടെ പല കാര്യങ്ങളുമാണ് ഇതിന്റെ അളവുകോലുകള്‍. ഇപ്പോളത് ചാറ്റ് ജിപിടിയിലേക്ക് കൂടി കടന്നിരിക്കുന്നു എന്നുമാത്രമേയുള്ളൂ. പല ലാംഗ്വേജ് മോഡലുകള്‍ ആവുന്നതുകൊണ്ട് ഇനിയത് കുറേക്കൂടി വിപുലമാവുകയും ചെയ്യും.
കോംപീറ്റന്‍സ് കൊണ്ട് പല ഭാഷകൾ തമ്മില്‍ അസമത്വങ്ങളുണ്ടാവാം. ഒരു ഭാഷ ഉപയോഗിക്കുന്നവരും വേറൊരു ഭാഷ ഉപയോഗിക്കുന്നവരും തമ്മിലുള്ള അസമത്വമായി അത് മാറാം. ടെക്‌നോളജി ഉപയോഗിക്കുന്നവരും ഉപയോഗിക്കാത്തവരും തമ്മിലുള്ള അസമത്വം. ടെക്‌നോളജി സൃഷ്ടിക്കുന്നവര്‍ തമ്മിലുള്ള അസമത്വങ്ങള്‍. ഇവയൊക്കെ നിലനില്‍ക്കുമ്പോളാണ് ഇങ്ങനെയൊരു സാമൂഹികാസമത്വം ഉടലെടുക്കാനുള്ള ഒരു സാധ്യത ഉരുത്തിരിയുന്നത്. മൈക്രോസോഫ്റ്റ് അവരുടെ എം.എസ് ഓഫീസ് പോലെയുള്ള പ്രോഡക്ടുകള്‍ ചാറ്റ് ജിപിടിയുമായി ഇന്റഗ്രേറ്റ് ചെയ്തതും ഓപണ്‍ എ ഐയിൽ നിക്ഷേപം നടത്തിയതും ഈയവസരത്തിലെ നേട്ടത്തിനുവേണ്ടിയാണ്.

ടെക്‌നോളജിയെ മുതലാളിത്തം ഹൈജാക്ക് ചെയ്യുന്നതോടുകൂടി അവരുടെ ലാഭത്തിനായി ടെക്‌നോളജിയെ ഉപയോഗിക്കുന്നു. കൃത്യമായി പറഞ്ഞാല്‍ നിയോ ലിബറല്‍ മുതലാളിത്തത്തിന്റെ തണലിലാണ് ഇന്ത്യയിലുള്ള ഐ.ടി കമ്പനികള്‍ പോലും നിലനില്‍ക്കുന്നത്. അതുകൊണ്ട് അവര്‍ക്കിത് എന്ത് ടെക്‌നിക്കായാലും കൂടെ നിന്നേ പറ്റൂ. ഇല്ലെങ്കില്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങും. അങ്ങനെ മുഴുവന്‍ ആളുകളും രാജ്യങ്ങളും കമ്പനികളും ചാറ്റ് ജിപിടിയുടെ കൂടെക്കൂടും. അസമത്വങ്ങള്‍ കുറേക്കൂടി വലുതാവും. രാജ്യങ്ങള്‍ തമ്മിലുള്ള അസമത്വങ്ങളാവും. പിന്നീട് തലമുറകളിലേക്കത് പകരും, ഭാഷയുടെ കൂടി രൂപത്തില്‍. ഒരു മലയാളം എം.എക്കാരന് ജോലിയില്ലാത്തതും ഇതിലുള്‍പ്പെടും.
കൃത്രിമബുദ്ധിയുടെ ജനാധിപത്യവല്‍ക്കരണം
വളരെയധികം കമ്പ്യൂട്ടേഷനല്‍ പവര്‍ വേണ്ട ഒരു സംഗതിയാണ് ഇത്തരം മോഡലുകളുടെ ട്രെയിനിംഗ്. ചാറ്റ് ജിപിടി ട്രെയിന്‍ ചെയ്ത ഡാറ്റയുടെ സൈസ് അവര്‍ തന്നെ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. മോഡലുകള്‍ക്കും ആധാരമായ റിസര്‍ച്ച് പേപ്പറില്‍ കൂടുതല്‍ ഡീറ്റെയില്‍സ് കാണാന്‍ സാധിക്കും. ട്രെയിന്‍ ചെയ്യിക്കുന്നതിനുള്ള ലൈബ്രറികളും മറ്റും ഓപ്പണ്‍ സോഴ്‌സായി ലഭിക്കും. പക്ഷേ, കമ്പ്യൂട്ടേഷനല്‍ പവര്‍ എന്നതില്‍ മേല്‍ക്കോയ്മ ഇപ്പോള്‍ പണമുള്ളവർക്കുണ്ട്. ഓപണ്‍ എ ഐ എന്നതിന്റെ ലക്ഷ്യം സ്വതന്ത്രമായും സുതാര്യമായും നിലകൊള്ളുക എന്നതാണെങ്കിലും ചില കാര്യങ്ങളില്‍ ഇനിയും വ്യക്തത വരാനുണ്ട്. വികേന്ദ്രീകൃത വെബ് മൂവ്‌മെന്റുകളുമായി ഇവര്‍ എങ്ങനെ ഒരുമിക്കുന്നു. അപ്പോഴുമിവര്‍ ഒരു ഓപ്പണ്‍ ലാംഗ്വേജ് മോഡല്‍ എന്ന തരത്തിലുള്ള ഒരു മോഡല്‍ ഉണ്ടാക്കുമോ എന്നൊക്കെ കാത്തിരുന്നു കാണണം. ഗൂഗിള്‍ പോലൊരു വലിയ ഡാറ്റാ ഭീമന്‍ കമ്പനിയോടുള്ള ഏറ്റുമുട്ടലും കാത്തിരുന്നുകാണേണ്ടിവരും. പരസ്യവരുമാനത്താല്‍ തിന്നുകൊഴുത്ത ഗൂഗിള്‍ ബാര്‍ഡ് എന്ന പേരിലൊരു ലാംഗ്വേജ് മോഡല്‍ ഇറക്കിയിട്ടുണ്ട്. കോംപറ്റീഷന്‍ എന്നത് ഈ ഫീല്‍ഡിലുണ്ടാവില്ല. ഒന്ന് ഒന്നിനെ വിഴുങ്ങിയതിനുശേഷമുള്ള കോംപറ്റീഷന്‍- അതാണ് നിയോ ലിബറല്‍ കാപിറ്റലിസം ഉദ്ദേശിക്കുന്നത്. ഇതും എങ്ങനെയാവുമെന്നും കാത്തിരുന്നു കാണണം.
തലച്ചോറ് വലുതാവുന്നതുപോലെ ഈ കമ്പ്യൂട്ടേഷനല്‍ നെറ്റ്വർക്കുകളും ഡാറ്റയും വലുതാവുമ്പോള്‍ ഓപണ്‍ എ ഐ യുടെ മുന്നിലുള്ള പ്രയോറിറ്റികളും നമ്മുടെ സാമൂഹിക സാമ്പത്തികാവസ്ഥയും ഭാഷകളുടെ അവസ്ഥയുമൊക്കെ പ്രെഡിക്ട് ചെയ്യുന്ന ഒരു മോഡലിന് വളരെയധികം സ്‌കോപ്പുണ്ട്. അതിന്റെ പ്രെഡിക്ഷന്‍ കൃത്യമാവുമോ? ഓരോ സ്ഥലത്തെയും രാഷ്ട്ട്രീയ- സാമൂഹിക- സാമ്പത്തിക അവസ്ഥകള്‍ വ്യത്യസ്തമാണ്. സോഷ്യല്‍ മീഡിയകളെക്കാള്‍ പവര്‍ഫുള്ളായി മാറാന്‍ സാധ്യതയുള്ള ഒരു ടൂളാണിത്.
ഗുഹാകാലത്തിലേക്ക് തിരിഞ്ഞുനടക്കാനല്ല ഈ കുറിപ്പ്. മറിച്ച്, യന്തിരന്‍ 1.0 യും 2.0 യും തന്ന വിവേകമെങ്കിലും ടെക്‌നോളജിയെക്കുറിച്ച് വേണമെന്ന് ഓര്‍മിപ്പിക്കാനാണ്. നമ്മള്‍ ചാറ്റ് ജിപിടിയോട് കിന്നരിച്ചുതുടങ്ങിയിട്ടേയുള്ളൂ. കഥ ഇനിയും ബാക്കി.
ടെക്‌നോപാര്‍ക്കില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍.
രാംദാസ് കടവല്ലൂര്‍
Mar 16, 2023
5 minute read
Truecopy Webzine
Mar 13, 2023
2 minutes Read
വി.കെ. ശശിധരന്‍
Mar 13, 2023
8 minutes read
രാംനാഥ് വി.ആർ.
Mar 10, 2023
10 Minutes Read
സംഗമേശ്വരന്‍ മാണിക്യം
Feb 14, 2023
6 Minutes Read
ജേക്കബ് ജോഷി
Feb 06, 2023
8 Minutes Read
സംഗമേശ്വരന്‍ മാണിക്യം
Jan 13, 2023
10 Minutes Read