ഇപ്പോള്‍
ആള്‍ക്കൂട്ടം എവിടെ,
വ്യക്തി എവിടെ?
സമൂഹം തന്നെ ശത്രുവായിരിക്കുന്നു
ഇപ്പോള്‍ ആള്‍ക്കൂട്ടം എവിടെ, വ്യക്തി എവിടെ? സമൂഹം തന്നെ ശത്രുവായിരിക്കുന്നു
ആശയങ്ങളുടെ ധാരാളിത്തം താങ്കളുടെ രചനകളുടെ സര്‍ഗ്ഗാത്മക സ്വഭാവത്തെ പ്രശ്‌നവത്കരിക്കുന്നു എന്ന് പറഞ്ഞാല്‍ ? ആശയങ്ങളില്ലാതെ വെറും കഥയായി എന്തെങ്കിലും എഴുതണം എന്ന് എനിക്ക് തോന്നിയിട്ടില്ല. ആശയങ്ങളില്ലാതെ ഒന്നും എഴുതാന്‍ തോന്നിയിട്ടില്ല.
6 Jun 2020, 11:07 AM
ചിന്തിക്കാനും അസ്വസ്ഥമാവാനും കഴിയുന്ന ഒരാള്‍ക്കേ ആള്‍ക്കൂട്ടത്തെ മനസ്സിലാക്കാനാവൂ; ആള്‍ക്കൂട്ടത്തെ കണ്ടെത്താനാവൂ. ആള്‍ക്കൂട്ടം എന്ന നോവലിലൂടെയാണ് സച്ചിദാനന്ദന്‍ എന്നയാള്‍ ആനന്ദ് എന്ന എഴുത്തുകാരനാവുന്നത് - അങ്ങ് - 1970-ല്‍.
ഇന്ത്യയെന്ന വലിയ ആശയത്തെയും അതിന്റെ ചരിത്രത്തെയും ആഴത്തില്‍ ഉള്‍ക്കൊള്ളുക എന്ന വലിയ ദൗത്യമാണ് ആനന്ദ് അന്നു മുതല്‍ ഏറ്റെടുത്തത്. നൂറ്റാണ്ടുകളുടെ ചരിത്രത്തിന്റെ ഭാരം മുകളില്‍ നിന്നും കോടിക്കണക്കിനു മനുഷ്യരുടെ സമ്മര്‍ദ്ദം അരികുകളില്‍ നിന്നും ഏറ്റുകൊണ്ട് ഫോസിലുകളായിപ്പോയ ആള്‍ക്കൂട്ടത്തെപ്പറ്റിയാണ് അയാള്‍ സംസാരിച്ചത്. അയാളെ വായിച്ച ഓരോരുത്തരും സ്വയം തിരിച്ചറിയാന്‍ വിധിക്കപ്പെടുകയായിരുന്നു. അവരുടെ സ്വസ്ഥതകളെ അയാള്‍ ഇല്ലാതാക്കി. ചിന്തകളെ അയാള്‍ കലുഷിതമാക്കി. നീതിബോധത്തിന്റെ അസാധാരണ വിസ്‌ഫോടനം കണ്ട് അവര്‍ അമ്പരന്നു. ആനന്ദ് പുതിയൊരു രാഷ്ട്രീയ ബോധം എഴുത്തില്‍ സൃഷ്ടിച്ചു. ആനന്ദ് ഒരു സര്‍ഗ്ഗാത്മക വിപ്ലവം ഒറ്റയ്ക്ക് നയിച്ച എഴുത്തുകാരനാണ്. ഇന്ത്യയുടെ എഴുത്തുകാരന്‍. ഇന്ത്യക്കാരുടെ വേദനകളാണ് ആ വിപ്ലവം പുറത്തെടുത്തിട്ടത്. അതിനിനി മുന്നോട്ട് പോകാന്‍ പുതിയ നായകരുണ്ടാവണം. അതാണ് കാലം ആവശ്യപ്പെടുന്നത്. അതിനായി ആനന്ദിനെ അറിയണം. ആനന്ദിനെ അറിയുക എന്നത് ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ്.

കോവിഡ് കാലത്ത് ഞാന്‍ മൂന്നു തവണ ആനന്ദുമായി ഫോണില്‍ സംസാരിച്ചിരുന്നു. മനുഷ്യര്‍ വന്നുപെട്ടിരിക്കുന്ന വിചിത്രമായ അവസ്ഥയെപ്പറ്റിയുള്ള അസ്വസ്ഥതകളാണ് ആ കൊച്ചു സംഭാഷണങ്ങളിലാകെ നിഴലിച്ചത്. ചെറിയ ചെറിയ കുറേ സന്ദേഹങ്ങള്‍ ... കുറെ നിശ്ശബ്ദതകള്‍ .. വീണ്ടും ചില നിരീക്ഷണങ്ങള്‍. ചരിത്രത്തില്‍ നിന്നുള്ള ചില ഉദാഹരണങ്ങള്‍ ... എല്ലാ സംഭാഷണങ്ങളിലും വല്ലാത്തൊരുത്സാഹക്കുറവ്. പുതിയ അവസ്ഥയെപ്പറ്റിയുള്ള ചിന്തകളൊക്കെ എഴുതണമെന്ന് ഞാന്‍ നിര്‍ബന്ധിച്ചു. മൊത്തത്തില്‍ ഒരു താല്പര്യമില്ലായ്മ എനിക്കനുഭവപ്പെട്ടു. കൂട്ടത്തില്‍ ആള്‍ക്കൂട്ടത്തിന് അമ്പതു വയസ്സായ കാര്യവും സൂചിപ്പിച്ചു. അപ്പോള്‍ ഒരു ചിരി ഞാന്‍ കേട്ടു. അമ്പത് വയസ്സ് ഒരു കാര്യമാണോ, അമ്പത്തൊന്നോ, നാല്പത്തിയെട്ടോ ആയാലെന്താ ? കുഴപ്പമൊന്നുമില്ല. എന്നാലും ആ നോവലിന് അമ്പതായി എന്ന് ഞാനും. അതിപ്പോഴും പലരും വായിക്കുന്നു. പുതിയ തലമുറയിലെ യുവാക്കളും അതില്‍ മുങ്ങി തപ്പുന്നു. ഇതൊന്നും ചെറിയ കാര്യമല്ല എന്ന് വാദിക്കാനും ഞാന്‍ ശ്രമിച്ചു. ആ മനസ്സിലെ അസ്വസ്ഥത എനിക്ക് മനസ്സിലാവും. ഈ അവസ്ഥയില്‍ അദ്ദേഹത്തിന് എഴുതാന്‍ കഴിയില്ല എന്നെനിക്കു തോന്നി. ദിവസങ്ങള്‍ കടന്നു പോയി. ഞാന്‍ വീണ്ടും വിളിച്ചു. ആള്‍ക്കൂട്ടത്തെപ്പറ്റി നമുക്കൊന്ന് സംസാരിക്കണം. മടിച്ചാണെങ്കിലും എന്റെ ശാഠ്യത്തിന് അദ്ദേഹം വഴങ്ങി. അങ്ങനെ നടന്ന ഫോണ്‍ സംഭാഷണമാണ് ഇതോടൊപ്പം.
എന്‍.ഇ. സുധീര്‍: ആള്‍ക്കൂട്ടത്തിന് അമ്പതു വയസ്സാകുന്നു. ആള്‍ക്കൂട്ടം ഇപ്പോഴും പുതിയ വായനക്കാരെ കണ്ടെത്തുന്നു. മറിച്ചും പറയാം. 1970 ല്‍ പുറത്തു വന്ന ആ നോവലുമായി സമ്പര്‍ക്കത്തിലാവാന്‍ ഇപ്പോഴത്തെ വായനക്കാര്‍ക്കും സാധിക്കുന്നു. അമ്പതു വര്‍ഷത്തിന്റെ പഴക്കം ആ കൃതിയെ വായനക്കാരില്‍ നിന്ന് അകറ്റിയിട്ടില്ല എന്നര്‍ത്ഥം. അതൊരു സാധാരണ കാര്യമല്ല. വെറും ചരിത്രപരമായ ഒരു നിലനില്‍പല്ല ആ നോവല്‍ നിര്‍വ്വഹിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് ഇത് സൂചിപ്പിക്കുന്നത്. നോവലിന്റെ സ്രഷ്ടാവിന് ഇത് നല്‍കുന്ന വികാരം എന്താണ്? ഇങ്ങനെയൊരു സ്വീകാര്യത പ്രസിദ്ധീകരിച്ച കാലത്ത് പ്രതീക്ഷിച്ചിരുന്നുവോ?

ആനന്ദ് : പെട്ടെന്ന് ഓര്‍മ്മ വരുന്നത് റിച്ചാര്‍ഡ് ഫെയിന്‍മാന്റെ ഒരു ഫലിതമാണ്. യുദ്ധകാലത്ത് നിര്‍ബന്ധ സൈനിക സേവനത്തിന് വിളിച്ചപ്പോള്‍ ഇന്റര്‍വ്യൂ ചെയ്തവര്‍ അദ്ദേഹത്തോട് ചോദിച്ച ഒരു ചോദ്യം "How do you value your life? ' എന്നായിരുന്നു. ഉത്തരമായി അദ്ദേഹം വെറുമൊരു നമ്പര്‍ പറഞ്ഞു: 64 . എന്താണിത്, ചോദ്യ കര്‍ത്താവ് നീരസം പ്രകടിപ്പിച്ചു. ഫെയിന്‍മാന്‍ ഉത്തരത്തില്‍ ഉറച്ചു നിന്നു. ഞാന്‍ ചോദിക്കുന്നത്, നിങ്ങള്‍ എന്തുകൊണ്ട് 64 എന്ന് പറഞ്ഞു, 74 എന്ന് പറഞ്ഞില്ല, വീണ്ടും ചോദ്യം.
ഫെയിന്‍മാന്‍ ഒരു മറു ചോദ്യമുന്നയിച്ചു. ഞാന്‍ 74 എന്ന് പറഞ്ഞാലും നിങ്ങള്‍ ഇത് ചോദിക്കുമായിരുന്നില്ലെ ?
എന്റെ മനസ്സില്‍ വന്നത് അതുപോലൊന്നാണ്. എന്തുകൊണ്ട് 50 കൊല്ലം? 45, അല്ലെങ്കില്‍ 32 ആകരുതോ ? 50, 100 എന്നതൊക്കെ ഡെസിമല്‍ സമ്പ്രദായം, മെട്രിക്ക്, ബ്രിട്ടീഷ് സിസ്റ്റം (FPS) ആയിരുന്നെങ്കില്‍ 12, 24 അങ്ങനെ പോയേനെ. ഒരു നോവലിന്റെ പ്രായത്തെ ഇങ്ങനെ പിന്തുടരേണ്ടതുണ്ടോ എന്നാണ് ചോദ്യം. സാഹിര്‍ ലുധിയാന്‍വിയുടെ കവിതയിലെന്ന പോലെ നാമൊക്കെ ഇമവെട്ടും നേരത്തെ എഴുത്തുകാര്‍, ഇമവെട്ടും നേരത്തിന്റെ കൃതികളെഴുതുന്നവര്‍. നാളെ വരും നമ്മളേക്കാള്‍ നല്ല സാഹിത്യകാരന്മാര്‍, നിങ്ങളേക്കാള്‍ നല്ല വായനക്കാര്‍.
ബുദ്ധിജീവികളുടെ മനസ്സുകളാകട്ടെ അവരെക്കൊണ്ടു മാത്രം നിറഞ്ഞിരിക്കുന്നു. ഏത് സന്ദര്‍ഭവും ഏത് വിഷയവും ആയാലും, സംസാരിച്ചു തുടങ്ങിയാല്‍ അവര്‍ അവരുടെ വൃത്തത്തിലേയ്ക്കും അവരിലേയ്ക്കും എഴുത്തിലേയ്ക്കും എത്തുന്നു.
ലോകം എത്ര വേഗമാണ് മാറുന്നത്. കാലവും. ഈ നാലഞ്ചു മാസങ്ങളുടെ കഥ തന്നെ നോക്കൂ. നമ്മള്‍ മനുഷ്യവര്‍ഗ്ഗം വളരെയേറെ conceited ഉം അഹങ്കാരികളുമാണ്. അതിനകത്തെ വ്യക്തികളും അതുപോലെത്തന്നെ. ബുദ്ധിജീവികളുടെ മനസ്സുകളാകട്ടെ അവരെക്കൊണ്ടു മാത്രം നിറഞ്ഞിരിക്കുന്നു. ഏത് സന്ദര്‍ഭവും ഏത് വിഷയവും ആയാലും, സംസാരിച്ചു തുടങ്ങിയാല്‍ അവര്‍ അവരുടെ വൃത്തത്തിലേയ്ക്കും അവരിലേയ്ക്കും എഴുത്തിലേയ്ക്കും എത്തുന്നു. ഗോരു രചന എന്ന ഒരു പ്രയോഗമുണ്ട് ബംഗാളിയില്‍. പശുവിനെപ്പറ്റി പത്തുവാചകമെഴുതാനാണ് കുട്ടി പഠിച്ചു പോയത്. പരീക്ഷയ്ക്ക് വന്നതോ വൃക്ഷത്തെപ്പറ്റി എഴുതാന്‍. കുട്ടി ഉപേക്ഷിച്ചില്ല, എഴുതി: വീടിന്റെ മുറ്റത്ത് ഒരു വൃക്ഷമുണ്ട്, അതിന്റെ താഴെ ഒരു പശു നില്‍ക്കുന്നുണ്ടായിരുന്നു, അത് ഒരു വളര്‍ത്തുമൃഗമാണ്, അതിന് നാല് കാലും ഒരു തലയും ഉണ്ട്.
ഈ പരിമിതികളും പടുകുഴികളും മുമ്പില്‍ വെച്ചു കൊണ്ടു തന്നെ നമുക്ക് വിഷയത്തിലേയ്ക്ക്, അതിന്റെ പ്രാധാന്യവും പ്രസക്തിയും എന്തായാലും, വരാം.
ആ നോവല്‍ എഴുതാനിടയായ സാഹചര്യം ഒന്നു വിശദീകരിക്കാമോ? എഴുതിയ കാലത്ത് താങ്കളും യുവാവായിരുന്നു. എനിക്കു തെറ്റിയില്ലെങ്കില്‍ ഒരു 30 വയസ്സുകാരന്‍. ഏതു തരം സ്വാധീനമാണ് ആള്‍ക്കൂട്ടത്തിന്റെ പ്രമേയത്തിന് വഴിയൊരുക്കിയത്? ഗൗരവമായ ആശയങ്ങള്‍ ...ഒരേ പ്രാധാന്യമുള്ള പല കഥാപാത്രങ്ങള്‍... .. മലയാളത്തിലെ ആദ്യത്തെ ഇന്ത്യന്‍ നോവല്‍ എന്ന സ്ഥാനവും ആള്‍ക്കൂട്ടത്തിനുള്ളതാണല്ലോ. എങ്ങനെയാണ് ഇതൊക്കെ സംഭവിച്ചത്?
1958 ലെ ഒരു ദിവസം ഞാന്‍ വിക്ടോറിയ ടെര്‍മിനസ്സില്‍ വണ്ടിയിറങ്ങിയതായിരിക്കാം, ഒരു പക്ഷേ, നാടകീയമായി പറഞ്ഞാല്‍, എന്റെ നോവലിന്റെയും എഴുത്ത് എന്ന പ്രക്രിയയുടെയും തുടക്കം. അതിന് മുമ്പ് ഞാന്‍ ഒന്നും എഴുതിയിട്ടില്ല. ഉത്സവങ്ങളിലേയോ രാഷ്ട്രീയ പരിപാടികളിലേയോ അല്ലാത്ത സ്വഭാവ രഹിതമായ ആള്‍ക്കൂട്ടത്തെ കേരളത്തില്‍ കണ്ടിട്ടില്ല. പലതും ഞാന്‍ അതിവേഗം മനസ്സിലാക്കാന്‍ തുടങ്ങി. മഹാനഗരത്തെപ്പറ്റി, ജനസഞ്ചയങ്ങളെപ്പറ്റി, ജനപ്രവാഹങ്ങളെപ്പറ്റി. സംഘര്‍ഷങ്ങളും കലാപങ്ങളും വഴി സ്വന്തം പ്രദേശങ്ങളില്‍ നിന്ന് തിരസ്‌കരിക്കപ്പെട്ടവര്‍. ഭൂതത്താല്‍ പീഡിതരായവരെപ്പോലെ ഭാവിയെ സ്വപ്നം കണ്ടിരുന്നവരും. വെറും മാല്‍ത്തൂസിയന്‍ അഭയാര്‍ത്ഥികള്‍ വേറെ. ദാരിദ്ര്യത്തിനും ശൂന്യതയ്ക്കുമൊക്കെ മീതെ സ്വാതന്ത്ര്യത്തിന്റേയും ജനാധിപത്യത്തിന്റേയും മേമ്പൊടി വിതറുന്ന മോഹങ്ങള്‍. ഇതൊക്കെ മുഴുവന്‍ രാജ്യത്തിലേയ്ക്ക് സ്ഥലപരമായും, ചരിത്രത്തിലേയ്ക്ക് സമയപരമായും തുറന്നപ്പോള്‍ ഒരു ദ്വന്ദ്വം പതുക്കെപ്പതുക്കെ തെളിഞ്ഞു വന്നു: സ്വയം കണ്ടെത്താന്‍ ശ്രമിക്കുന്ന വ്യക്തിയും ആള്‍ക്കൂട്ടവും തമ്മില്‍ (സമൂഹമല്ല, അത് ക്രിയാത്മകമായ ഒരു പ്രതിഭാസമാണ്).
കാട്ടിലും നാട്ടിലും ക്യാമ്പുകളിലും പലായനങ്ങളിലുമായി കഴിഞ്ഞ അടുത്ത എട്ടു കൊല്ലങ്ങളില്‍ നോട്ടുബുക്കുകള്‍ നഷ്ടപ്പെടാതെ പോന്നു. കഥാപാത്രങ്ങളും എഴുത്തുകാരനും വായനക്കാരുമായി മാറിമാറിക്കളിച്ച, വേദനിച്ച, വേദനിപ്പിച്ച അര്‍ദ്ധരാത്രികളില്‍ ഒരു ടൈം ഫ്രയിമും കഥയും ഉണ്ടായി വന്നു. ഇത്രയുമാണ് നോവലിന്റെ കഥ.
എന്റെ മുമ്പിലെ material നായികമാരും നായകന്മാരുമല്ലായിരുന്നു. സുഖകരമല്ലാത്ത ഭൂതവും സുഖകരമല്ലാത്ത വര്‍ത്തമാനവും പേറി നില്‍ക്കുന്നവര്‍. അവരില്‍ നിന്ന് കുറച്ചു പേരെ ഞാന്‍ തിരഞ്ഞെടുത്തു. എന്റെ കയ്യില്‍, അഥവാ കടലാസില്‍ ഒതുങ്ങുന്നവര്‍. അവരില്‍ ഞാനുമുണ്ടായിരുന്നു. എന്റെ സ്വന്തക്കാരും. വേദനകള്‍. അടഞ്ഞ വഴികള്‍. ആള്‍ക്കൂട്ടത്തിന്റെ മതില്‍ മുമ്പില്‍. ഒരു പക്ഷെ അതായിരുന്നു പ്രചോദനം. എന്തിനാണ് എഴുതുന്നതെന്നറിയില്ലായിരുന്നു. കഥയൊന്നുമില്ലായിരുന്നു. ടൈം ഫ്രെയിമും. ഒരു പക്ഷെ ഡയറി എഴുതുന്നതുപോലെ.
1960-ല്‍ ഒരു ദിവസം, ഒരു കട്ടില്‍ മാത്രമുള്ള ബറോഡയിലെ എന്റെ മുറിയില്‍, കട്ടിലില്‍ കടലാസ് വെച്ച്, നിലത്തിരുന്ന് ഞാന്‍ ആദ്യത്തെ അധ്യായമെഴുതി. ആ അധ്യായം മാറ്റിയെഴുതേണ്ടി വന്നില്ല. കാട്ടിലും നാട്ടിലും ക്യാമ്പുകളിലും പലായനങ്ങളിലുമായി കഴിഞ്ഞ അടുത്ത എട്ടു കൊല്ലങ്ങളില്‍ നോട്ടുബുക്കുകള്‍ നഷ്ടപ്പെടാതെ പോന്നു. കഥാപാത്രങ്ങളും എഴുത്തുകാരനും വായനക്കാരുമായി മാറിമാറിക്കളിച്ച, വേദനിച്ച, വേദനിപ്പിച്ച അര്‍ദ്ധരാത്രികളില്‍ ഒരു ടൈം ഫ്രയിമും കഥയും ഉണ്ടായി വന്നു. ഇത്രയുമാണ് നോവലിന്റെ കഥ.
ആള്‍ക്കൂട്ടത്തെ സൃഷ്ടിച്ചത് ബോംബെയാണല്ലോ ? ആനന്ദെന്ന എഴുത്തുകാരനെ സൃഷ്ടിച്ചതിലും ബോംബെയ്ക്ക് പങ്കുണ്ടോ? കേരളത്തിലെ വായനക്കാര്‍ ഇതിനെ സ്വീകരിക്കും എന്ന് ഉറപ്പുണ്ടായിരുന്നോ?
ബോംബെ എന്റെ മുന്‍തലമുറയുടെ സ്ഥലമാണ്. രണ്ടു മൂന്നു തലമുറകള്‍ക്ക് ആ സ്ഥലവുമയി ബന്ധമുണ്ടായിരുന്നു. ഞാന്‍ അവിടെ താമസിച്ച സമയം അധികമില്ലായിരുന്നെങ്കിലും അതെനിക്ക് നാടു പോലെ തന്നെയായിരുന്നു. അവിടെ നിന്ന് ഞാനൊരുപാട് സ്ഥലങ്ങളില്‍ കറങ്ങിക്കൊണ്ടിരുന്നു. ഓരോ യാത്രയ്ക്കു ശേഷവും ഞാന്‍ ബോംബെയിലേക്ക് മടങ്ങി വന്നിരുന്നു. അതു കൊണ്ടു തന്നെ ആ നഗരം എന്റെ ഭാവനയെ സ്വാധീനിച്ചു. "ആള്‍ക്കൂട്ടം' എഴുതാന്‍ പ്രേരിപ്പിച്ചത് ബോംബെ തന്നെയായിരുന്നു എന്നാണ് തോന്നല്‍.
1960-ല്‍ ബോംബെയില്‍ നിന്ന് തുടങ്ങി മറ്റ് പലയിടങ്ങളില്‍ നിന്നായി തുടര്‍ന്ന് 1968-ല്‍ അരുണാചല്‍ പ്രദേശില്‍ വെച്ച് അവസാന അധ്യായം എഴുതി പൂര്‍ത്തിയാക്കി.
ആള്‍ക്കൂട്ടത്തിന്റെ വിഷയവും അതു തന്നെയായിരുന്നല്ലോ. മഹാനഗരവും അതിന്റെ ജനസഞ്ചയവുമെല്ലാം. ഞാന്‍ സിറ്റിയുടെ നടുക്ക് തന്നെയായിരുന്നു ഒരു ലോഡ്ജില്‍ താമസിച്ചിരുന്നത്. ആള്‍ക്കൂട്ടം കാഴ്ചയിലും സ്പര്‍ശത്തിലുമെല്ലാം കൂടെയുണ്ടായിരുന്നു. അപ്പോഴും അതൊരു നിമിത്തം മാത്രമായിരുന്നു. പക്ഷേ, പ്രശ്‌നങ്ങള്‍ അതിലും deep ആയിരുന്നു. ബോംബെ എന്റെ ചിന്തയെയും അനുഭവത്തെയും മാറ്റിമറിച്ചു. കേരളത്തില്‍ താമസിച്ച ആദ്യകാലത്തും ഇത്തരം ആലോചനകള്‍ ഉണ്ടായിരുന്നെങ്കിലും അതിനെ മുന്നോട്ടു കൊണ്ടുപോയത് ബോംബെയിലെ ജീവിതം തന്നെയാണ്. നോവല്‍ എഴുതിത്തുടങ്ങിയതു ബോംബെയിലാണെങ്കിലും അതിന്റെ അധികഭാഗവും എഴുതിയത് ബോംബെയ്ക്ക് പുറത്തു വെച്ചാണ്. 1960-ല്‍ ബോംബെയില്‍ നിന്ന് തുടങ്ങി മറ്റ് പലയിടങ്ങളില്‍ നിന്നായി തുടര്‍ന്ന് 1968-ല്‍ അരുണാചല്‍ പ്രദേശില്‍ വെച്ച് അവസാന അധ്യായം എഴുതി പൂര്‍ത്തിയാക്കി.
പിന്നീടും എഴുതിയതൊന്നും മാറ്റണമെന്നോ തിരുത്തണമെന്നോ തോന്നിയിട്ടില്ല. എല്ലാം എനിക്കെങ്ങനെയാണോ വേണ്ടിയിരുന്നത് അതുപോലെയാണ് എഴുതിയിട്ടുള്ളത്.
ബോംബെ നഗരം എന്നിലുണ്ടാക്കിയ ആഘാതം വലുതായിരുന്നു. ഞാന്‍ ഇന്ത്യയെ മനസ്സിലാക്കാന്‍ തുടങ്ങുകയായിരുന്നു. ബോംബെ ഒരു മിനി ഇന്ത്യയായിരുന്നു. എല്ലാ കൃതികളിലും അതിന്റെയൊക്കെ തുടര്‍ച്ചയുണ്ടായിരുന്നു. ഇന്ത്യ എന്ന രാജ്യത്തിന്റെ പൊതുവെയുള്ള പ്രശ്‌നങ്ങളെ എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചത് ബോംബെയില്‍ നിന്നാണ്.
എന്നിലെ എഴുത്തുകാരനെ സൃഷ്ടിച്ചതില്‍ ബോംബെയ്ക്ക് പങ്കുണ്ട്.
അതൊരു സാധാരണ നോവലായിരുന്നില്ലല്ലോ. എഴുതുമ്പോള്‍ കേരളത്തിലെ വായനക്കാര്‍ മനസ്സിലുണ്ടായിരുന്നോ? ഇതെങ്ങനെ സ്വീകരിക്കപ്പെടും എന്ന ചിന്ത അലട്ടിയിരുന്നോ?
ഇല്ല. ആരും ഏന്റെ മുന്നിലില്ലായിരുന്നു. ഞാനൊരു നോവലെഴുതുകയാണ് എന്ന ബോധം തന്നെ ഇല്ലായിരുന്നു. ഒരു പുസ്തകം എഴുതുകയാണെന്നോ പബ്ലിഷ് ചെയ്യാന്‍ പോവുകയാണെന്നോ തോന്നിയിരുന്നില്ല. ഒരു ഡയറി എഴുതുന്നതു പോലെ അങ്ങനെ എഴുതി. അതിന് പതുക്കെ പതുക്കെ കഥാ രൂപവും ഷേപ്പും എല്ലാം ഉണ്ടായി വന്നതാണ്.
പിന്നീടുള്ള "ആള്‍ക്കൂട്ടത്തിന്റെ ' യാത്രപ്രധാനമാണ്. മാനുസ്‌ക്രിപ്റ്റില്‍ നിന്ന് പുസ്തകത്തിലേക്കുള്ള യാത്രയെപ്പറ്റി ഒന്നു പറയാമോ?
1968-ലെ അവധിക്കാലത്ത് നാട്ടിലേക്കു വരുന്ന വഴിക്കാണ് ഞാന്‍ മദിരാശിയിലിറങ്ങി അത് എം. ഗോവിന്ദനെ ഏല്പിക്കുന്നത്. എനിക്കദ്ദേഹത്തെ നേരിട്ട് പരിചയമില്ല. ചില കത്തുകളൊക്കെ ഇടയ്ക്ക് സമീക്ഷയില്‍ ഞാനെഴുതിയിരുന്നു. അത്ര തന്നെ. അദ്ദേഹം അവിടെയുണ്ടായിരുന്നില്ല. ഞാനവിടെ ഏല്പിച്ചു. ഒരു കുറിപ്പും എഴുതി വെച്ചു.

നാട്ടില്‍ നിന്ന് തിരിച്ചെത്തി ഒന്നു രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ഗോവിന്ദന്റെ കത്തു വന്നു. വളരെ ആവേശത്തോടെ അദ്ദേഹമത് വായിച്ചിരിക്കുന്നു. Something unusual ആണെന്നും ഇത് പ്രസിദ്ധികരിക്കാതെ പറ്റില്ല എന്നും അദ്ദേഹം എഴുതി. കാരണം ഞാന്‍ ഏല്പിച്ച കുറിപ്പില്‍ പ്രസിദ്ധീകരണത്തെപ്പറ്റിയൊന്നും ഞാനാലോചിച്ചിട്ടില്ല എന്ന് എഴുതിയിരുന്നു. കാരണം ഞാന്‍ അതിനു മുമ്പൊന്നും എഴുതിയിട്ടില്ല. ഭാഷ എനിക്കറിയില്ല. ഒരു ചെറു കഥപോലും പബ്ലിഷ് ചെയ്തിട്ടില്ലാത്ത ഒരാള്‍ ഒരു നോവല്‍ കൊണ്ടു കൊടുത്താല്‍ ആരും പ്രസിദ്ധീകരിക്കില്ലല്ലോ.
പക്ഷേ, ഗോവിന്ദന് ഒരുറപ്പ്. അങ്ങനെ അദ്ദേഹം പലര്‍ക്കും വായിക്കാന്‍ കൊടുത്തും. ഗോവിന്ദന്റെ സ്‌നേഹിത വലയത്തില്‍ - സമീക്ഷയുടെ ആളുകളെല്ലാം അത് വായിച്ചു. അച്ചടിയ്ക്കുന്നതിന് മുമ്പ് ആ മാനുസ്‌ക്രിപ്റ്റ് ഒരു പാട് യാത്ര ചെയ്തു. ആ യാത്രയില്‍, പുസ്തകമാവുന്നതിനു മുമ്പ് അതൊരുപാട് വായിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തു. അതൊരു സവിശേഷതയായി. ചെറിയ സര്‍ക്കിളിലാണെങ്കിലും that work existed before it came to print .
ഞാന്‍ അതിനു മുമ്പൊന്നും എഴുതിയിട്ടില്ല. ഭാഷ എനിക്കറിയില്ല. ഒരു ചെറു കഥപോലും പബ്ലിഷ് ചെയ്തിട്ടില്ലാത്ത ഒരാള്‍ ഒരു നോവല്‍ കൊണ്ടു കൊടുത്താല്‍ ആരും പ്രസിദ്ധീകരിക്കില്ലല്ലോ. പക്ഷേ, ഗോവിന്ദന് ഒരുറപ്പ്.
ഗോവിന്ദന്‍ അത് കാരൂരിനെ ഏല്പിച്ചു. കാരൂരിന്റെ ആദ്യ ശ്രമം നടന്നില്ല. spcs അതേറ്റെടുക്കാന്‍ തയ്യാറായില്ല. എനിക്കതില്‍ അത്ഭുതമൊന്നും തോന്നിയില്ല. പറ്റില്ല എന്നല്ല അവര്‍ പറഞ്ഞത്. സാമ്പത്തിക പ്രശ്‌നം പറഞ്ഞു. ചെലവ് വഹിക്കാമോ എന്നാണ് എന്നോടു ചോദിച്ചത്. എന്റെ കയ്യില്‍ അത്രയും കാശില്ല. മാത്രവുമല്ല , അങ്ങനെ ചെയ്യാനെനിക്ക് താല്പര്യവുമില്ലായിരുന്നു. പ്രസിദ്ധീകരിക്കുന്നതിന്റെ ആശയൊന്നുമില്ലായിരുന്നു. അതുകൊണ്ട് നിരാശയും തോന്നിയില്ല. തിരിച്ചയച്ചോളൂ എന്ന് പറഞ്ഞു. എന്നാല്‍ കാരൂര്‍ അതവിടെ ഇരിക്കട്ടെ എന്നു പറഞ്ഞു. കുറച്ചു കഴിഞ്ഞു നോക്കാം എന്നു പറഞ്ഞു. പിന്നെ അവരത് പബ്ലിഷ് ചെയ്യാന്‍ തീരുമാനിച്ചത് 1970 ല്‍. രണ്ടു കൊല്ലത്തിനു ശേഷം ആദ്യ spcs എഡിഷന്‍ പുറത്തുവന്നു.
ഗോവിന്ദന്റെയും സുഹൃത്തുക്കളുടെയും വായനയില്‍ നിന്നുണ്ടായ പ്രതികരണം ആ രചനയെ ഏതെങ്കിലും രീതിയില്‍ മാറ്റണമെന്നോ തിരുത്തണമെന്നോ തോന്നലുണ്ടാക്കിയോ ?
ഇല്ല. ഒന്നും ചെയ്തില്ല. ഭാഷയിലെ പ്രശ്‌നങ്ങള്‍ ആദ്യ വായനക്കാരനായ ഗോവിന്ദന്‍ അവിടവിടെ ചൂണ്ടിക്കാട്ടിയിരുന്നു. അല്ലാതെ മറ്റൊന്നിലും മാറ്റമുണ്ടായില്ല. പിന്നീടും എഴുതിയതൊന്നും മാറ്റണമെന്നോ തിരുത്തണമെന്നോ തോന്നിയിട്ടില്ല. എല്ലാം എനിക്കെങ്ങനെയാണോ വേണ്ടിയിരുന്നത് അതുപോലെയാണ് എഴുതിയിട്ടുള്ളത്.
പ്രസിദ്ധീകരിക്കപ്പെട്ടപ്പോള്‍ ഏതുതരം സ്വീകരണമാണ് അതിനു ലഭിച്ചത്? ആരൊക്കെയാണ് അതിനെപ്പറ്റി എഴുതിയത് ?
എനിക്കത് പറയാന്‍ വിഷമമാണ്. കാരണം ഞാന്‍ കേരളത്തിലായിരുന്നില്ലല്ലോ. കേരളത്തിലെ മാഗസിനുകളൊന്നും എനിക്കു കിട്ടുമായിരുന്നില്ല. ഞാനറിയുന്ന ആദ്യ റിവ്യു മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വന്നതാണെന്നാണോര്‍മ്മ. അത് അപ്പന്റെതായിരുന്നു. കെ.പി. അപ്പന്റേത്.

നാലഞ്ചു പുറത്തിലായി വളരെ ആവേശത്തോടെ അദ്ദേഹം എഴുതിയിരുന്നു. പിന്നീട് വലുതായൊന്നും കേട്ടില്ല. ഒരു ടlow pace ആയിരുന്നു എന്നാണ് ഞാന്‍ കേട്ടത്. പിന്നെയാണ് ആളുകള്‍ ധാരാളം വായിച്ചിരുന്നു എന്ന് മനസ്സിലാവുന്നത്.
അതാകട്ടെ മലയാള സാഹിത്യത്തില്‍ പുതിയ പരീക്ഷണങ്ങള്‍ നടന്ന കാലവും. എം.ടി, വിജയന്‍ , മുകുന്ദന്‍ തുടങ്ങിയ established ആയ വലിയ വലിയ എഴുത്തുകാരുടെ നോവലുകള്‍ വന്ന സമയം. ആ സമയത്താണ് ഞാന്‍ പെട്ടന്ന് ഇടയിലേക്ക് കേറി വരുന്നത്. എനിക്കാണെങ്കില്‍ ആരെയും പരിചയവുമില്ല.
ആള്‍ക്കൂട്ടം എഴുതുന്ന മാനസികാവസ്ഥയില്‍ എത്തിയതില്‍ താങ്കളുടെ വായനകള്‍ക്ക് വല്ല പങ്കുമുണ്ടോ? എഴുത്ത് രീതി ബോധപൂര്‍വ്വമായ തിരഞ്ഞെടുപ്പായിരുന്നോ? ആണെങ്കില്‍ എന്തുകൊണ്ട്?
ധാരാളം വായിച്ചിരുന്ന സമയമായിരുന്നു അത്. വായനകള്‍ പലതും nonfiction കൃതികളായിരുന്നു. ഫിക്ഷന്‍ വായനയും കുറച്ചുണ്ടായിരുന്നു. ബോംബെയിലെ ജീവിതം അതിനെയൊക്കെ വിപുലമാക്കി. എഴുത്തില്‍ ഞാനൊരു ഡിസൈന്‍ ഉണ്ടാക്കി. തുടക്കത്തില്‍ തന്നെ ഒരു ചാര്‍ട്ടൊക്കെ ഉണ്ടാക്കി.
ഓരോന്നും ഞാനെഴുതുന്നത് വളരെ കൊല്ലങ്ങള്‍ എടുത്തുകൊണ്ടാണ്. ഒരു വര്‍ക്കും ഞാന്‍ ഒരു കൊല്ലം കൊണ്ടൊന്നും തീര്‍ത്തിട്ടില്ല. എല്ലാം വളരെ involved ആയി എഴുതിയവയാണ്.
പേപ്പറില്‍ മുകളില്‍ ഒരു കോളം വരക്കും. ചര്‍ച്ചയാവേണ്ട സംഭവങ്ങളുടെ ഒരു ചിത്രം അതിലെഴുതും. ഇടതു വശത്ത് വര്‍ഷവും തിയ്യതിയുമൊക്കെ എഴുതി വെച്ചിരിക്കും. വിട്ടു പോവാതിരിക്കാനും കാലക്രമം തെറ്റാതിരിക്കാനും വേണ്ടി. ആ ചാര്‍ട്ടൊക്കെ നോക്കിയാണ് ആദ്യമൊക്കെ എഴുതിയത്. ഒരു സ്റ്റേജില്‍ തോന്നി. അങ്ങനെ വേണ്ട എന്ന് . പിന്നെ നിര്‍ത്തി.
ഇങ്ങനെയൊരു എഴുത്തുരീതിയുടെ ആശയം എവിടെ നിന്നാണ് വന്നത്? സ്വയം തോന്നിയതാണോ? അതോ മറ്റാരെങ്കിലും ഇങ്ങനെ പരീക്ഷിച്ചതായി അറിയാമോ? മറ്റ് കൃതികള്‍ ഉരുത്തിരിഞ്ഞു വന്നതിലും ഇത്തരം തയ്യാറെടുപ്പുകള്‍ ഉണ്ടായിരുന്നോ?
(നല്ലൊരു ചിരിയ്ക്കുശേഷം). എന്റെ എന്‍ജിനിയറിങ്ങ് ബുദ്ധിയാവാം അതിന്റെ പുറകില്‍ എന്നു തോന്നുന്നു. ഒരു design ഒക്കെ വെച്ച് ചെയ്യുന്ന ഒരു രീതി. ഞാന്‍ എല്ലാം പ്ലാന്‍ ചെയ്ത് എഴുതുന്ന ആളാണ്.
ഓരോന്നും ഞാനെഴുതുന്നത് വളരെ കൊല്ലങ്ങള്‍ എടുത്തുകൊണ്ടാണ്. ഒരു വര്‍ക്കും ഞാന്‍ ഒരു കൊല്ലം കൊണ്ടൊന്നും തീര്‍ത്തിട്ടില്ല. എല്ലാം വളരെ involved ആയി എഴുതിയവയാണ്. രൂപവും ഭാവവും കഥാപാത്രങ്ങളുമൊക്കെ അങ്ങനെ രൂപം കൊണ്ടതാണ്. കഥാപാത്രങ്ങളുമായി ഒരു സംവാദമൊക്കെ നടത്തി ... എഴുത്തുകാരനും കഥാപാത്രങ്ങളും തമ്മിലുള്ള സംവാദമില്ലേ ... അങ്ങനെ സംവദിച്ചാണ് ഒരു മാനസിക ഘടന രൂപം കൊള്ളുന്നത്. ആ മാനസിക ഘടനയുടെ ഒരു reflection ആണ് എന്റെ രചന.
ആശയങ്ങളുടെ ധാരാളിത്തം താങ്കളുടെ രചനകളുടെ സര്‍ഗ്ഗാത്മക സ്വഭാവത്തെ പ്രശ്‌നവത്കരിക്കുന്നു എന്ന് പറഞ്ഞാല്‍ ?
ആശയങ്ങളില്ലാതെ വെറും കഥയായി എന്തെങ്കിലും എഴുതണം എന്ന് എനിക്ക് തോന്നിയിട്ടില്ല. ആശയങ്ങളില്ലാതെ ഒന്നും എഴുതാന്‍ തോന്നിയിട്ടില്ല.
ആള്‍ക്കൂട്ടം പുറത്തുവന്നതോടെ എഴുത്തുകാരന്‍ എന്ന തോന്നലുണ്ടായോ? അതൊരാത്മവിശ്വാസം തന്നുവോ?
അതെ. ഒരാത്മവിശ്വാസം കിട്ടി. ശ്രമം തെറ്റിയില്ല; നന്നായി എന്നു തോന്നി. പരിചയമുള്ള വഴിയായിരുന്നില്ല. ഒരു ചെറുകഥ പോലും ആള്‍ക്കൂട്ടം പബ്ലിഷ് ചെയ്തതിനു ശേഷമാണ് എഴുതിയത്. അതിനു മുമ്പുതന്നെ ചില കഥകളൊക്കെ പല രൂപത്തിലും മനസ്സിലുണ്ടായിരുന്നു. അതൊക്കെ എഴുതാനുള്ള ആത്മവിശ്വാസം അതോടെ കിട്ടി. അത് പിന്നിട് നഷ്ടപ്പെട്ടിട്ടില്ല.
ആദ്യ നോവലിനു ശേഷം ധാരാളം എഴുതി. പല കൃതികളും ആള്‍ക്കൂട്ടത്തെക്കാള്‍ ശ്രദ്ധേയമായി. പലതും വായനക്കാരുടെ വലിയ സ്വീകര്യത നേടി. നോവലിസ്റ്റിന്റെ മനസ്സില്‍ ആള്‍ക്കൂട്ടത്തിന് പ്രത്യേകമായ ഒരിടമുണ്ടോ?
ഇല്ല. എനിക്ക് എല്ലാം ഇഷ്ടമാണ്.
മുന്‍പ് സൂചിപ്പിച്ച "ഫെയ്ന്‍മാന്‍ ബുദ്ധിയൊക്കെ' ഉപയോഗിച്ച് തള്ളിയാലും ഒരു നോവലിന്റെ ജീവിതത്തില്‍ 50 വര്‍ഷം ചെറുതല്ല. അതിന്റെ പ്രസക്തിയെയാണ് അത് സൂചിപ്പിക്കുന്നത്. അങ്ങനെ ഒന്നുകൂടി ചിന്തിച്ചു കൂടെ ?
നോവലിന്റെ പ്രസക്തി, ഇന്നും വായിക്കപ്പെടുന്നത്, ഇതിനെയൊക്കെപ്പറ്റി എന്തു പറയാന്‍. ശരിയാണ്, അന്നത്തേതില്‍ നിന്ന് ജനസംഖ്യ മൂന്നിരട്ടി വര്‍ദ്ധിച്ചു. ഭൗതികമായ സമ്മര്‍ദ്ദം വഴികളിലും പൊതുസ്ഥലങ്ങളിലും വണ്ടികളിലും തൊഴില്‍ സ്ഥലങ്ങളിലും വര്‍ദ്ധിച്ചുവെന്നു തന്നെയല്ല , പല നഗരങ്ങളിലും ഇന്ന് അനുഭവപ്പെടുന്ന ഹിംസ എത്രയോ മടങ്ങ് അധികം. യുദ്ധങ്ങള്‍, അക്രമങ്ങള്‍ , കലാപങ്ങള്‍, ഭികരത ... രാഷ്ട്രീയമായും, മതപരമായും, സാമ്പത്തിക രംഗത്തും തൊഴില്‍ മേഖലയിലും ആള്‍ക്കൂട്ടം വന്‍തോതില്‍ ഉപയോഗിക്കപ്പെടുന്നു. സ്വഭാവരഹിതവും ദിശാബോധമില്ലാത്തതെന്നും ഞാന്‍ വിശേഷിപ്പിച്ച ആള്‍ക്കൂട്ടം ഇന്ന് ഹിംസാത്മകമാണ്. എട്ടും പത്തും പേരുടെ തന്നെ.
എന്നാല്‍ ഇന്ന്, ഇപ്പോള്‍ ആള്‍ക്കൂട്ടം തന്നെ എവിടെ, വ്യക്തി എവിടെ? സമൂഹം തന്നെ ശത്രുവായിരിക്കുന്നു. വഴിപോക്കനും അയല്‍വാസിയും. ഫോബിയ . രണ്ടു മൂന്നു മാസങ്ങളില്‍ mindset ആകെ മാറി.
എന്തിന്, ആള്‍ക്കൂട്ടം സ്വയം ഇരയാകുന്നു. മാര്‍ക്കറ്റില്‍, ആരാധനാലയങ്ങളില്‍, വിവാഹവേളകളില്‍, വിക്ടോറിയ ടെര്‍മിനല്‍സ്സിലെ വെയ്റ്റിങ്ങ് റൂമില്‍ വരെ. വാസ്തവം, ജീവിതശൈലിയും ടെക്‌നോളജിയും, തൊഴില്‍ രംഗവും മാറിയിട്ടും, വ്യക്തിയും ആള്‍ക്കൂട്ടവും തമ്മിലുള്ള ദ്വന്ദ്വം നിലനില്‍ക്കുന്നുവെന്നതാണ്. അഭിരുചിക്കനുസരിച്ചും സ്വതന്ത്രമായും express ചെയ്യാന്‍ ശ്രമിക്കുന്ന വ്യക്തി ...
എന്നാല്‍ ഇന്ന്, ഇപ്പോള്‍ ആള്‍ക്കൂട്ടം തന്നെ എവിടെ, വ്യക്തി എവിടെ? സമൂഹം തന്നെ ശത്രുവായിരിക്കുന്നു. വഴിപോക്കനും അയല്‍വാസിയും. ഫോബിയ . രണ്ടു മൂന്നു മാസങ്ങളില്‍ mindset ആകെ മാറി. face to face, across the table തുടങ്ങിയ പ്രയോഗങ്ങള്‍ ഇല്ലാതായി. സ്‌ക്രീനില്‍ കാണുന്ന മനുഷ്യ രൂപങ്ങള്‍ മാത്രം. അടുത്ത കാലം വരെ അപലപിക്കപ്പെട്ടിരുന്ന Screen Dependency Disorder (SDD) ഇന്ന് order ആയി.
അമ്പതു വര്‍ഷത്തിനുശേഷമുള്ള ഇന്ത്യ. നിരാശയാണോ തോന്നുന്നത്?
അന്നും അതൊക്കെ എഴുതുമ്പോഴും എനിക്ക് പ്രതീക്ഷയുണ്ടായിരുന്നു. അന്നും ശുഭാപ്തി വിശ്വാസമുണ്ടായിരുന്നു. ഓരോ സ്റ്റേജിലും അതിനു മങ്ങലേറ്റു. പക്ഷേ, പ്രതീക്ഷ കൈവിട്ടില്ല. ഇപ്പോഴും .
ഇന്ത്യ രാഷ്ടീയമായും സാമൂഹ്യമായും സാമ്പത്തികമായും പ്രശ്‌നങ്ങളില്‍ നിന്ന് കൂടുതല്‍ കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് പോയി. ഒരു crisis ല്‍ നിന്ന് മറ്റൊരു crisis ... എന്ന രീതിയില്‍ .
ജനാധിപത്യം നമ്മള്‍ ഉപേക്ഷിച്ചിട്ടില്ല. അതിന്റെ content ശോഷിച്ച് ശോഷിച്ച് പോവുന്നു. ഇപ്പോള്‍ Dictatorship ന്റെ അടുത്തുവന്നു നില്‍ക്കുന്നു. ഇന്നിപ്പോള്‍ ലോകത്തിന്റെ അവസ്ഥയും അതുതന്നെയാണ്. എവിടെയാണ് democratic view ഇപ്പോഴുള്ളത് ?
(Richard Feynman - 1918 -1988 : ഭൗതികശാസ്ത്രത്തിനുള്ള നോബല്‍ പുരസ്‌കാരം 1965 ല്‍ നേടിയ അമേരിക്കന്‍ ശാസ്ത്രജ്ഞന്‍)
Rose George
9 Jun 2020, 07:39 PM
എത്ര നല്ല വെളിപ്പെടുത്തലുകൾ ..
Hakh Tirur
9 Jun 2020, 01:21 AM
ആദ്യകൃതിയായ ആൾക്കൂട്ടത്തെക്കുറിച്ച് 1990കളിലോ മറ്റോ കവി സച്ചിദാനന്ദനുമായുള്ള ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ആദ്യതവണ എം ഗോവിന്ദന് ആൾക്കൂട്ടം വായിക്കാൻ കൊടുത്തതും അദ്ദേഹം വളരെ നല്ല അഭിപ്രായം പറഞ്ഞതായും വായിച്ചിരുന്നു. എന്നാൽ രണ്ടു വർഷമോ മറ്റോ കഴിഞ്ഞു ആരും പ്രസിദ്ധീകരിക്കാതിരിക്കെ അത് തിരിച്ചു വാങ്ങാനായി ഗോവിന്ദന്റെ അടുക്കൽ പോയപ്പോൾ ആ കൃതി അതേ പടി ഗോവിന്ദന്റെ മേശയ്ക്ക് മുകളിൽ ചായക്കോപ്പ ഇരുന്ന അടയാളത്തോടെ ഒട്ടൊക്കെ മുഷിഞ്ഞ രൂപത്തിൽ അവിടെത്തന്നെ കണ്ടതായി അദ്ദേഹം പറഞ്ഞതോർക്കുന്നു.
ഷാജി വി
6 Jun 2020, 10:31 PM
നല്ല ഇന്റർവ്യൂ... നോവലിന്റെ പശ്ചാത്തലം അറിയാൻ കഴിഞ്ഞു.
ജയദേവൻ.വി
6 Jun 2020, 09:57 PM
വളരെ നല്ല ഒരു ഇന്റർവ്യൂ. സാധിക്കുമെങ്കിൽ ഈ കൊറോണ കാലത്തിനു ശേഷം എൻ.ഇ സുധീർ The Cueഇന് വേണ്ടി സക്കറിയായയുമായി നടത്തിയപോലെ ഒരു വിശദമായ മുഖാമുഖം ആനന്ദുമായി നടത്തണം. കുറഞ്ഞപക്ഷം ആനന്ദ് എഴുതിയ 11 നോവലുകളെങ്കിലും ചർച്ചയ്ക്കു വിധേയമാക്കണം. മലയാളി പൊതുസമൂഹം ഈ ബുദ്ധിജീവിയെ വേണ്ടവിധത്തിൽ നാളിതു വരെ പഠിച്ചതായി തോന്നുന്നില്ല. True Copy ആൾക്കൂട്ടത്തിന്റ പ്രാധാന്യം തിരിച്ചറിഞ്ഞതിൽ അഭിനന്ദനം അർഹിക്കുന്നു. അത് പോലെ തന്നെ ആനന്ദിന്റെ മനോഹരമായ രണ്ട് ചെറിയ കുറിപ്പുകൾ വായിക്കുവാനും അവസരം ഉണ്ടാക്കിത്തന്ന True Copyയ്ക്കു അകമഴിഞ്ഞ നന്ദി പ്രകടിപ്പിക്കുന്നു.
എൽ.തോമസ്കുട്ടി
6 Jun 2020, 05:01 PM
നല്ല ഇൻറർവ്യു.
ഇശാം
6 Jun 2020, 03:48 PM
എഴുത്തുകാരന്റെ നോവലിനെ കുറിച്ചുള്ള കാഴ്ചപ്പാടുകളും എഴുത്ത് രീതിയും എഴുതാനുണ്ടായ സാഹചര്യവും പ്രസാദനത്തിന് ശേഷമുള്ള അവസ്ഥകളും ചിന്തകളും, പേരിന് മാത്രം സമകാലീക സംഭവങ്ങളും ഉൾപ്പെടുത്തി ഒരു തട്ടിക്കൂട്ട് അഭിമുഖമായി എന്നാണ് വ്യക്തിപരമായ അഭിപ്രായം. സുധീർ സാർ ആനന്ദിനെ ഇന്റർവ്യൂ ചെയ്യുന്നു എന്ന് കേട്ട് അമിതമായ ആവേശത്തിലും തിടുക്കത്തിലും വായിച്ചു തീർത്തപ്പോൾ പുതുതായി ഓർമ്മിക്കത്തക്ക ഒന്നും മനസ്സിൽ ബാക്കിയാവുന്നില്ല എന്നോർക്കുമ്പോൾ നിരാശ തോന്നുന്നു. ടെലിഫോൺ മുഖാന്തരം നടത്തുന്ന അഭിമുഖത്തിന് തന്നെ പരിമിതി ഉള്ളപ്പോൾ, അത് പ്രസിദ്ധീകരിച്ഛ് വിജയിപ്പിക്കുന്നതിൽ അതിലേറെ സാങ്കേതികമായ ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് വിസ്മരിച്ഛ് കൊണ്ടല്ല ഇതെഴുതുന്നത് എന്ന് ആദരപൂർവ്വം അറിയിച്ചു കൊള്ളട്ടെ. റിച്ചാർഡ് ഫെയിൻമാന്റെ ഒരു റഫറൻസ് വന്നപ്പോഴേക്കും ആനന്ദിന് അയാളിൽ നിന്നും എന്ത് ചിന്തയാണ് എടുക്കാനാണുള്ളത് എന്ന് അന്വേഷിച്ച എന്നിലെ ആനന്ദിന്റെ വായനക്കാരന്റെ ത്വര മറ്റു വായനക്കാർക്കും ഉണ്ടെന്നാണ് തോന്നുന്നത്. കുറച്ചു കൂടെ വ്യക്തികൾ, പുസ്തകങ്ങൾ, സംഭവങ്ങൾ എന്നിവയുടെ റഫറൻസ് ആവാമായിരുന്നു.സുധീർ സാറിന്റെ അടുത്ത പുസ്തക പരിചയ വീഡിയോ വേഗത്തിൽ പ്രതീക്ഷിച്ചു കൊണ്ട്... വായനക്കാരൻ...
NishanthNichu
6 Jun 2020, 03:16 PM
നന്നായിട്ടുണ്ട് സുധിയേട്ടാ ..... എല്ലാ അർത്ഥത്തിലും മുഖം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന , വെറും ആൾക്കൂട്ടങ്ങളായി മാത്രം തിരിച്ചറിയപ്പെടുന്ന മനുഷ്യരുടെ ഈ കാലത്തെ ഇങ്ങനെ അടയാളപ്പെടുത്തുന്ന അധികം കൃതികളുണ്ടെന്നു തോന്നുന്നില്ല .....
P .K .Sreedharan Nambiar
6 Jun 2020, 01:05 PM
അതിമനോഹരമായ ഒരു മുഖാമുഖം .വർഷങ്ങൾക്കുമുൻപ് നോവൽവായന ,അതും ക്ലാസിക്കു നോവലുകളിൽ അഭിരമിച്ചു കൊണ്ടിരുന്ന കാലത്തു ഗോവിന്ദന്റെ അന്വേഷണബുദ്ധി കണ്ടെത്തിയ "ആൾക്കൂട്ടം "ഒരുപാട് ശ്രേഷ്ഠനിമിഷങ്ങൾ എനിക്കു സമ്മാനിച്ചത് ഞാനോർക്കുന്നു .ഇന്നു നോവലുകളിൽനിന്നെല്ലാമകന്ന വിചാരങ്ങളുമായി കഴിയുന്ന എന്നെപ്പോലുള്ള പ്രായമുള്ളവർ ആനന്ദിന്റെ ആ രചന ഒരു കോരിത്തരിപ്പിക്കുന്ന അനുഭവമായി ഓർക്കുന്നു .ഇമ്മാതിരി രചനകൾ എഴുതപ്പെടുകയല്ല ,സംഭവിക്കുകയാണ് .ശ്രീ .സുധീറിന് ആനന്ദിനെ രംഗത്തു നിർബന്ധിച്ചു കൊണ്ടുവന്നതിന് അനുമോദനങ്ങൾ !
മുഹമ്മദ് കുഞ്ഞി.കെ.എൻ, ദുബൈ
6 Jun 2020, 01:01 PM
"അയാളെ വായിച്ച ഓരോരുത്തരും സ്വയം തിരിച്ചറിയാന്‍ വിധിക്കപ്പെടുകയായിരുന്നു. അവരുടെ സ്വസ്ഥതകളെ അയാള്‍ ഇല്ലാതാക്കി. ചിന്തകളെ അയാള്‍ കലുഷിതമാക്കി. നീതിബോധത്തിന്റെ അസാധാരണ വിസ്‌ഫോടനം കണ്ട് അവര്‍ അമ്പരന്നു. ആനന്ദ് പുതിയൊരു രാഷ്ട്രീയ ബോധം എഴുത്തില്‍ സൃഷ്ടിച്ചു." കൃത്യമായ വായന.
Think
Nov 30, 2020
3 Minutes Watch
എന്‍.ഇ.സുധീര്‍
Nov 28, 2020
4 Minutes Read
എന്‍.ഇ.സുധീര്‍
Oct 09, 2020
3 Minutes Read
എന്‍.ഇ.സുധീര്‍
Sep 23, 2020
8 Minutes Read
റോബിൻ ജെഫ്രി / എൻ.ഇ. സുധീർ
Aug 29, 2020
8 Minute Read
Shashi Tharoor/N.E. Sudheer
Jul 27, 2020
7 minute read
Dr Vidya D R
9 Sep 2020, 01:47 PM
ഇന്ത്യൻ ജീവിതത്തിലെ ആകുലതകളും ആശങ്കകളുമാണ് ആനന്ദിൻ്റെ എഴുത്തു മുഴുവൻ.വീടും പ്രവാസവും വിപരീത ദ്വന്ദ്വങ്ങളായി മനുഷ്യനെ വീർപ്പുമുട്ടിക്കുന്ന ആധുനികതയുടെ അവസ്ഥയിൽ ആരംഭിച്ച അശരണമായ അതിജീവന യാത്ര ഇന്നും ഇന്ത്യൻ മണ്ണിൽ തുടർന്നു കൊണ്ടേയിരിക്കുന്നു .മഹാമാരിയും തൊഴിൽ നഷ്ടവും മൂലം പലായനം ചെയ്യുന്ന മുഖമില്ലാത്ത നിസ്സഹായരായ ആൾക്കൂട്ടം ഈ കാലത്തും നോവലിനെ പ്രസക്തമാക്കുന്നു