തെല്‍തുംദെയെ ജയിലിലടച്ച
അംബേദ്കര്‍ ജയന്തി
തെല്‍തുംദെയെ ജയിലിലടച്ച അംബേദ്കര്‍ ജയന്തി
14 Apr 2022, 05:08 PM
രാജ്യത്തിന്റെ ഭരണഘടനാ ശില്‍പി ഡോ. ഭീമാറാവു അംബേദ്കറിന്റെ ഒരു ജന്മദിനം കൂടി കടന്നുപോവുകയാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കണ്ടുവരുന്ന ഒരു പുതിയ പതിവെന്ന പോലെ ഇത്തവണയും കേന്ദ്ര സര്‍ക്കാറും സംഘപരിവാര്‍ സംഘടനകളും വ്യാപകമായി തന്നെ അംബേദ്കര്‍ ജന്മദിനം ആചരിക്കുന്നുണ്ട്. അംബേദ്കര്‍ എന്ന പ്രതീകത്തെ തങ്ങളുയര്‍ത്തുന്ന സാംസ്‌കാരിക ദേശീയതക്കുള്ളിലേക്കൊതുക്കാനുള്ള ഹിന്ദുത്വ ശ്രമങ്ങള്‍ക്കായി വര്‍ഷം തോറും കോടികള്‍ ചെലവഴിക്കപ്പെടുന്നുമുണ്ട്. തീവ്ര വലതുകേന്ദ്രങ്ങളും ഹിന്ദുത്വ പ്രചാരകരും ഇതിനായി വലിയ രീതിയില്‍ ബൗദ്ധിക വ്യവഹാരങ്ങളിലേര്‍പ്പെടുകയും ചരിത്രത്തെ തന്നെ അപനിര്‍മിക്കുകയും ചെയ്യുന്നുണ്ട്. അംബേദ്കറാണ് തന്റെ രാഷ്ട്രീയ ഗുരുവെന്ന് വരെ പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അംബേദ്കര്‍ ജീവിച്ചിരുന്ന സ്ഥലങ്ങളിലെല്ലാം സ്മാരകമന്ദിരങ്ങള്‍ കെട്ടിപ്പടുക്കാനുള്ള തയ്യാറെടുപ്പിലാണ്.
ആര്‍ക്കെതിരെയാണോ, എന്തിനെതിരെയാണോ ഒരു മനുഷ്യായുസ്സ് മുഴുവന്‍ അംബേദ്കര്‍ പോരാടിയത്; അവര്‍ തന്നെ അദ്ദേഹത്തിന്റെ അവശേഷിപ്പുകളെ വിഴുങ്ങുന്ന വിചിത്ര കാഴ്ച. വിവിധ ഭാഷകളിലെ സംഘപരിവാര്‍ പ്രസിദ്ധീകരണങ്ങളില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ നിരവധി അംബേദ്കര്‍ സ്തുതികളാണ് അച്ചടിമഷി പുരണ്ടത്. ആശയ ഭൗതിക മണ്ഡലങ്ങളില്‍ ഹിന്ദുത്വ സംസ്‌കാരിതക്കെതിരായ ധീരജീവിതം നയിച്ച ചരിത്ര പുരുഷനെ വക്രബുദ്ധിയിലൂടെ തങ്ങളിലേക്കടുപ്പിക്കാന്‍ ശ്രമിക്കുന്ന ഇന്ത്യന്‍ ഫാസിസ്റ്റുകളുടെ ഇരട്ടത്താപ്പ് പ്രകടമാകുന്നത് അബേംദ്കര്‍ രാഷ്ട്രീയത്തിന്റെ യഥാര്‍ത്ഥ അവശേഷിപ്പുകളോടുള്ള അവരുടെ സമീപനങ്ങളില്‍ നിന്നാണ്.

കൃത്യം രണ്ട് വര്‍ഷം മുമ്പ്, ഇതുപോലൊരു ഏപ്രില്‍ 14 നാണ് രാജ്യത്തെ ഏറ്റവും പ്രമുഖനായ ദളിത് മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനും അംബേദ്കറൈറ്റ് രാഷ്ട്രീയത്തെ ആഴത്തില്‍ വിശകലനം ചെയ്യുന്ന ഗ്രന്ഥകാരനും അംബേദ്കറിന്റെ കുടുംബാംഗവുമെല്ലാമായ ഡോ. ആനന്ദ് തെല്‍തുംദെ വ്യാജ കേസിലകപ്പെട്ട് ജയിലിലടയ്ക്കപ്പെടുന്നത്. കൊവിഡ് മഹാമാരിയുടെ വ്യാപനവുമായി ബന്ധപ്പെട്ട് രാജ്യം കൂടുതല്‍ ഗുരുതരമായ സാഹചര്യങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരുന്ന ദിവസങ്ങളായിരുന്നു അത്. കൊവിഡ് വ്യാപന സാധ്യത കുറയ്ക്കുന്നതിനായി ജയിലുകളില്‍ കഴിയുന്ന വിചാരണ തടവുകാരില്‍ 7 വര്‍ഷത്തില്‍ താഴെ ശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ളവരെയെല്ലാം ജാമ്യവ്യവസ്ഥയില്‍ വിട്ടയയ്ക്കണമെന്ന കോടതി നിര്‍ദേശം വന്ന സമയം. എന്നിട്ടും ഒരു കാര്യത്തില്‍ മാത്രം ഭരണകൂടത്തിന് യാതൊരു വിട്ടുവീഴ്ചയുമുണ്ടായിരുന്നില്ല. ആശയപരമായി വിരുദ്ധ ധ്രുവങ്ങളില്‍ നിന്നിരുന്ന ഇന്ത്യയിലെ ദളിത് - മാര്‍ക്‌സിസ്റ്റ് മുന്നേറ്റങ്ങള്‍ക്കിടയില്‍ രാഷ്ട്രീയ യോജിപ്പ് സാധ്യമാകുന്ന തരത്തില്‍ അംബേദ്കര്‍ - മാര്‍കസിസ്റ്റ് ചിന്തകളെ സമന്വയിപ്പിച്ച, ഇന്ത്യയിലെ പ്രമുഖ ബുദ്ധിജീവിയും ദളിത് മാര്‍ക്സിസ്റ്റ് സൈദ്ധാന്തികനുമായ, ആനന്ദ് തെല്‍തുംദെയെ കൃത്യം ഏപ്രില്‍ 14 ന് തന്നെ ജയിലിലടക്കണമെന്ന കാര്യത്തില്‍.
അംബേദ്കറിന്റെ പൗത്രിയായ രമ തെല്‍തുംദെ അംബേദ്കറിനും ഭര്‍ത്താവ് ആനന്ദ് തെല്‍തുംദെയ്ക്കും ഏപ്രില്‍ 14 എന്നത് സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും ദിനമായിരുന്നു 2020 വരെ. വര്‍ഷം തോറും ചൈത്യഭൂമിയിലെ അംബേദ്കര്‍ പ്രതിമക്കരികില്‍ ചെന്ന് തിരി തെളിച്ചുകൊണ്ടായിരുന്നു ഇരുവരും ആ ദിവസത്തിന്റെ ആരംഭത്തെ വരവേറ്റിരുന്നത്. 2020 ലും ആ രാത്രിയില്‍ ക്ലോക്കില്‍ 12 മണിയാകുന്നതിന് മുന്നേ തന്റെ വെളുത്ത കുര്‍ത്തയും പൈജാമയും ധരിച്ച് നിറഞ്ഞ ചിരിയുമായി ആനന്ദ് അംബേദ്കര്‍ പ്രതിമക്കരികില്‍ കാത്തുനിന്നു. കോടതി നിര്‍ദേശാനുസരണം എന്‍.ഐ.എ ഓഫീസില്‍ കീഴടങ്ങേണ്ട, വരാന്‍ പോകുന്ന പകലിനെക്കുറിച്ച് മനസ്സില്‍ നിറയെ ആശങ്കകള്‍ ഉണ്ടായിരുന്നുവെങ്കിലും എന്ത് സംഭവിച്ചാലും ധര്‍മനിഷ്ഠ കൈവിടരുതെന്ന് അദ്ദേഹം പ്രിയ പത്‌നിയെയും മക്കളെയും ഓര്‍മിപ്പിച്ചു. ജീവിതത്തില്‍ സംഭവിച്ച ക്രൂരമായ അനീതിയുടെയും അളവറ്റ സഹനത്തിന്റെയും തുടക്കമായാണ് രമ തെല്‍തുംദെ അംബേദ്കര്‍ ആ ദിവസത്തെ ഓര്‍ത്തെടുക്കുന്നത്. അംബേദ്കറിന്റെ രാഷ്ട്രീയത്തുടര്‍ച്ചയില്‍ രാജ്യത്തെ അരികുവത്കരിക്കപ്പെട്ട ജനതയുടെ വിമോചനത്തിനായി പ്രവര്‍ത്തിച്ച, തന്റെ ഭര്‍ത്താവിനെ 72 ാമത്തെ വയസ്സിലും തടവറയില്‍ തളച്ച മോദി ഭരണകൂടം അംബേദ്കര്‍ ജയന്തിക്കായി കോടികള്‍ ചെലവഴിക്കുന്നത് കാണേണ്ടി വരുന്ന അംബേദ്കറിന്റെ പൗത്രിയുടെ അവസ്ഥ വിവരണാതീതമാണ്.
ആരാണ് ആനന്ദ് തെല്‍തുംദെ, എന്തുകൊണ്ടാണ് ഹിന്ദുത്വ ഭരണകൂടം അദ്ദേഹത്തെ ഇത്രമേല്‍ ഭയക്കുന്നത്
മഹാരാഷ്ട്രയിലെ യവാത്മാല്‍ ജില്ലയിലെ രജുര്‍ എന്ന പിന്നോക്ക ഗ്രാമത്തില്‍ ഒരു ദളിത് കര്‍ഷക കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന ആനന്ദ്, മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ബിരുദ പഠന ശേഷം അഹമ്മദാബാദ് ഐ.ഐ.എമ്മില്‍ നിന്ന് എം.ബി.എയും കര്‍ണാടക സ്റ്റേറ്റ് ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ഡോക്ടറേറ്റും നേടി. തുടക്ക കാലത്ത് ഭാരത് പെട്രോളിയത്തിന്റെ എക്സിക്യൂട്ടീവ് ആയും പിന്നീട് പെട്രോണെറ്റ് ഇന്ത്യാ ലിമിറ്റഡിന്റെ മാനാജിംഗ് ഡയറക്ടറായുമെല്ലാം പ്രവര്‍ത്തിച്ച അദ്ദേഹം പതിയെ തന്റെ തത്പരമേഖലയായ അക്കാദമിക രംഗത്തേക്ക് കടന്നുവരികയായിരുന്നു.
കരഖ്പൂര്‍ ഐ.ഐ.ടിയില്‍ അധ്യാപകനായി അക്കാദമിക് ജീവിതം ആരഭിച്ച ആനന്ദ് പിന്നീട് ഗോവ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ സീനിയര്‍ പ്രൊഫസര്‍ ആയി മാറി. അക്കാലത്ത് ഇക്കണോമിക് ആന്റ് പൊളിറ്റിക്കല്‍ വീക്കിലിയില്‍ അദ്ദേഹം ആരംഭിച്ച 'മാര്‍ജിന്‍ സ്പീക്' എന്ന കോളത്തിലൂടെയാണ് ആനന്ദ് തെല്‍തുംദെ എന്ന രാഷ്ട്രീയ ചിന്തകനെ രാജ്യത്തെ സാമൂഹിക രാഷ്ട്രീയ രംഗം അറിഞ്ഞുതുടങ്ങിയത്. പിന്നീട് വന്ന അദ്ദേഹത്തിന്റെ പുസ്തകങ്ങളും ലേഖനങ്ങളുമെല്ലാം ദളിത് - മാര്‍കിസ്റ്റ് രാഷ്ട്രീയ ജ്ഞാന മണ്ഡലങ്ങളില്‍ നിരവധി ചര്‍ച്ചകള്‍ക്ക് വഴി തെളിച്ചു.

ജാതിവ്യവസ്ഥയുമായും, ഇന്ത്യയിലെ ദളിത് പ്രസ്ഥാനങ്ങളുമായും ബന്ധപ്പെട്ട് നിരവധി പഠനങ്ങളും പുസ്തകങ്ങളും അദ്ദേഹത്തിന്റെതായുണ്ട്. ജയിലിലടക്കെപ്പെടുന്നതിന് തൊട്ടുമുമ്പത്തെ വര്‍ഷം പുറത്തുവന്ന അദ്ദേഹത്തിന്റെ 'റിപബ്ളിക് ഓഫ് കാസ്റ്റ് - തിങ്കിംഗ് ഇക്വാലിറ്റി ഇന്‍ ദ ടൈം ഓഫ് നിയോലിബറല്‍ ഹിന്ദുത്വ' എന്ന ഗ്രന്ഥം ജാതി വ്യവസ്ഥയേയും അതിനെതിരായ പോരാട്ടങ്ങളെയും വളരെ ആഴത്തില്‍ പരിശോധിക്കുന്നുണ്ട്. ജാതി ഉന്മൂലനത്തിലൂടെയും സ്‌റ്റേറ്റ് സോഷ്യലിസത്തിലൂടെയും ഇന്ത്യയില്‍ സാമൂഹിക സാമ്പത്തിക ജനാധിപത്യം ഉറപ്പുവരുത്തുക എന്ന അംബേദ്കറിന്റെ അതേ രാഷ്ട്രീയ വീക്ഷണമാണ് ആനന്ദ് തെല്‍തുംദെയും മുറുകെ പിടിച്ചത്.
ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രവുമായും സമകാലീന സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട ദാര്‍ശനികവും പ്രതികരണ സ്വഭാവമുള്ളതുമായ അദ്ദേഹത്തിന്റെ നിരവധി എഴുത്തുകള്‍ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ വന്നുകൊണ്ടിരുന്നു. ഇതില്‍ ബഹുഭൂരിപക്ഷവും ഇന്ത്യയിലെ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ കാപട്യങ്ങളെ തുറന്നുകാണിക്കുന്നവയും ബി.ജെ.പി ഭരണകൂടത്തിനെതിരായ രൂക്ഷവിമര്‍ശനങ്ങടങ്ങിയവയുമായിരുന്നു.
2018 ആഗസ്റ്റ് 29 ന് ഗോവയിലെ ആനന്ദ് തെല്‍തുംദെയുടെ വീട്ടില്‍ നടന്ന ഒരു പൊലീസ് റെയിഡോടുകൂടിയാണ് അദ്ദേഹത്തിന് നേരെയുള്ള ഭരണകൂടവേട്ട ആരംഭിക്കുന്നത്. 2018 ജനുവരി 1 ന് മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവില്‍ നടന്ന സംഘര്‍ഷങ്ങളുടെ ആസൂത്രകരിലൊരാളായി ആനന്ദ് തെല്‍തുംദെയെയും പട്ടികയില്‍ പെടുത്തിയ പൊലീസ്, പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കുന്നതിനായുള്ള മാവോയിസ്റ്റ് ഗൂഢാലോചന എന്ന പൊലീസ് ആരോപിക്കുന്ന കുറ്റകൃത്യത്തിലും അദ്ദേഹത്തെ പെടുത്തുകയായിരുന്നു. ഇതുപ്രകാരം അദ്ദേഹത്തിന് നേരെ യു.എ.പി.എ കുറ്റം ചുമത്തുകയും ചെയ്തു.

2020 ജനുവരിയില്‍ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി അദ്ദേഹം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചെങ്കിലും ഫെബ്രുവരിയില്‍ പൂനൈ കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹം ബോംബെ ഹൈക്കോടതിയെ സമീപിച്ചു. ഈ ഘട്ടത്തിലൊരിക്കല്‍ അഭിഭാഷകനെ കാണാനായി മുംബെയിലേക്ക് പോകവെ 2020 ഫെബ്രുവരി മൂന്ന് പുലര്‍ച്ചെ 3.30 ന് അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തെങ്കിലും കോടതി നാലാഴ്ച സാവകാശം നല്‍കി വിട്ടയയ്ക്കുകയായിരുന്നു. പിന്നീടദ്ദേഹം സുപ്രീം കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചെങ്കിലും മാര്‍ച്ച് 16 ന് ജാമ്യാപേക്ഷ നിരസിക്കുകയും കീഴടങ്ങുന്നതിനായി മൂന്നാഴ്ച സമയം അനുവദിക്കുകയുമായിരുന്നു.
ഭീമ കൊറേഗാവും തെല്‍തുംദെയും തമ്മിലെന്ത്
1818 ലാണ് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയും മറാഠികളും തമ്മിലുള്ള ഭീമ കൊറേഗാവ് യുദ്ധം നടന്നത്. കമ്പനി സൈന്യത്തില്‍ കൂടുതലുമുണ്ടായിരുന്നത് ഇന്ത്യക്കാരായ മഹര്‍ എന്ന ദളിത് സമുദായക്കാരായിരുന്നു. ഈ യുദ്ധത്തെ ദളിത് വിഭാഗക്കാര്‍ രാജസേനയെ ചെറുത്തു തോല്‍പ്പിച്ച ദളിതരുടെ ആത്മ വീര്യം എന്ന നിലയിലാണ് കണക്കാക്കുന്നത്. വര്‍ഷം തോറും ജനുവരി ഒന്നിന് മാഹാരാഷ്ട്രയിലെ പ്രമുഖ ദളിത് വിഭാഗമായ മഹറുകള്‍ പൂനെയ്ക്ക് സമീപമുള്ള കൊറേഗാവ് ഗ്രാമത്തില്‍ യുദ്ധസ്മരണക്കായി ഒത്തുചേരാറുമുണ്ട്.
എന്നാല്‍ 2018 ജനുവരി 1ന് നടന്ന ഭീമകൊറേഗാവില്‍ നടന്ന യുദ്ധ അനുസ്മരണ പരിപാടിയില്‍ ദളിത് പ്രവര്‍ത്തകരും സംഘപരിവാറും തമ്മില്‍ വലിയ ഏറ്റുമുട്ടല്‍ നടക്കുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. യുദ്ധത്തിന്റെ വാര്‍ഷികവുമായി ബന്ധപ്പെട്ട് നടന്ന പരിപാടിക്ക് നേരെ കലാപം അഴിച്ചുവിട്ടത് ഹിന്ദുത്വ നേതാക്കളായ മിലന്ദ് ഏക്ബോട്ടെയും സംഭാജി ഭിട്ടെയുമാണെന്ന് ആദ്യ ഘട്ടത്തില്‍ പൊലീസ് കണ്ടെത്തുകയും ഇതില്‍ മിലന്ദ് ഏക്ബോട്ടെയെ ഒരു ഘട്ടത്തില്‍ അറസ്റ്റ് ചെയ്യുകയും ചെയ്തതാണ്. എന്നാല്‍ പിന്നീട് കേസ്സ് അട്ടിമറിക്കപ്പെട്ടു. മിലന്ദ് ഏക്ബോട്ടെയ്ക്കും സംഭാജി ഭിയ്‌ക്കെുമെതിരെ പൊലീസില്‍ മൊഴി നല്‍കിയ ദളിത് വിഭാഗത്തില്‍പ്പെട്ട ഒരു പെണ്‍കുട്ടിയെ ദുരൂഹസാഹചര്യത്തില്‍ കിണറ്റില്‍ കൊല്ലപ്പെട്ട നിലയിലാണ് പിന്നീട് കണ്ടത്.

കേസന്വേഷത്തിനായി തുടര്‍ന്ന് നിയോഗിക്കപ്പെട്ട മുന്‍സൈനിക ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള ഒരു പ്രത്യേക കമ്മിറ്റി മറ്റൊരു അന്വേഷണം നടത്തുകയും സംഭവങ്ങള്‍ക്കെല്ലാം പിന്നില്‍ മാവോയിസ്റ്റ് ബന്ധമുള്ള ഒരു സംഘമാണെന്ന് ആരോപിക്കുകയുമായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്ത്യയിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവര്‍ത്തകയായ സുധാ ഭരദ്വാജ്, മനുഷ്യാവകാശ പ്രവര്‍ത്തകരായ വെര്‍നോണ്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേറിയ, റോണ വില്‍സണ്‍, സുധീര്‍ ധവാലെ, അഭിഭാഷകനായ സുരേന്ദ്ര ഗാഡ്ലിംഗ്, നാഗ്പൂര്‍ യൂണിവേഴ്‌സിറ്റിയിലെ ഇംഗ്ലീഷ് അധ്യാപികയായ ഷോമ സെന്‍, ഗവേഷകനും ആക്ടിവിസ്റ്റുമായ മഹേഷ് റൗത്ത്, കവിയും എഴുത്തുകാരനുമായ വരവരറാവു, ദളിത് ചിന്തകനും അക്കാദമിസ്റ്റുമായ ആനന്ദ് തെല്‍തുംദെ, പത്രപ്രവര്‍ത്തകനായ ഗൗതം നവലാഖ്, ദല്‍ഹി സര്‍വകലാശാലയിലെ അധ്യാപകനായ ഹാനി ബാബു, സാമൂഹ്യപ്രവര്‍ത്തകനും വൈദികനുമായ ഫാ. സ്റ്റാന്‍ സ്വാമി, കലാപ്രവര്‍ത്തകരായ സാഗര്‍ ഗോര്‍ഖെ, രമേഷ് ഗായ്‌ചോര്‍, ജ്യോതി ജഗ്തപ് എന്നിവരെല്ലാം വിവിധ ഘട്ടങ്ങളിലായി കുറ്റം ചുമത്തപ്പെട്ട് ജയിലില്‍ അടക്കപ്പെട്ടത്.
ചുമത്തപ്പെട്ട കുറ്റവും യാഥാര്‍ത്ഥ്യവും
ഭീമ കൊറേഗാവ് സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ റെയ്ഡില്‍ കണ്ടെടുത്ത ചില രേഖകളാണ് ആരോപിക്കപ്പെട്ട കുറ്റത്തിലെ ആനന്ദ് തെല്‍തുംദെയുടെ പങ്കിന് തെളിവായി പൂനെ പൊലീസ് പറയുന്നത്. അഞ്ച് കത്തുകളാണ് തെളിവായി പൂനെ പൊലീസ് ഹാജരാക്കിയത്. ഇതില്‍ ഒന്നിലും ആനന്ദ് തെല്‍തുംദെയെ കുറിച്ച് നേരിട്ട് പരമാര്‍ശിക്കുന്നില്ല. മറിച്ച് കോമ്രേഡ് ആനന്ദ്, ആനന്ദ് ടി എന്നിങ്ങനെയുള്ള പരാമര്‍ശങ്ങള്‍ ആനന്ദ് തെല്‍തുംദെയെക്കുറിച്ചുള്ളതാണെന്നാണ് പൊലീസിന്റെ വാദം. ആ വാദമാണ് പ്രഥമദൃഷ്ട്യാ മജിസ്‌ട്രേറ്റ് കോടതി മുതല്‍ സുപ്രീം കോടതി വരെ അംഗീകരിച്ചിരിക്കുന്നത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വധിക്കാനുള്ള നക്‌സലൈറ്റുകളുടെ രൂപരേഖ കേസില്‍ പ്രതിയായ റോണ വില്‍സന്റെ കംപ്യൂട്ടറില്‍ നിന്ന് ലഭിച്ചുവെന്നായിരുന്നു പൊലീസിന്റെ ഭാഷ്യം. കോടതിയില്‍ ഹാജരാക്കുകയും ബന്ധപ്പെട്ടവര്‍ക്കെല്ലാം നല്‍കുകയും ചെയ്ത റോണ വില്‍സന്റെ ഹാര്‍ഡ് ഡിസ്‌ക്ക് സൈബര്‍ ഫോറന്‍സിക് മേഖലയില്‍ അമേരിക്കയിലെ വിദഗ്ധ ഏജന്‍സിയായ ആര്‍സണല്‍ കണ്‍സള്‍ട്ടിംഗ് എന്ന ലബോറട്ടറി വിശദമായി പരിശോധിച്ചതിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
പുറത്തുനിന്ന് അദ്ദേഹത്തിന്റെ കംപ്യൂട്ടര്‍ നിയന്ത്രിക്കാനും ഫയലുകള്‍ അതില്‍ ഉള്‍പ്പെടുത്താനും സാധിക്കുന്ന മാല്‍വയര്‍ ആ ഹാര്‍ഡികില്‍ പ്രവേശിപ്പിച്ചതായി ആഴ്‌സനല്‍ കണ്ടെത്തിയിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളെല്ലാം ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടും കേന്ദ്ര സര്‍ക്കാറോ കോടതിയോ ഇതുവരെ അവ മുഖവിലക്കെടുത്തിട്ടില്ല.
കൃത്യമായ തെളിവുകളൊന്നുമില്ലാതെ കേവലം സംശയത്തിന്റെ പേരില്‍ രാജ്യത്തെ പ്രഗത്ഭരായ പത്രപ്രവര്‍ത്തകരും അഭിഭാഷകരും എഴുത്തുകാരുമെല്ലാമായ ആക്ടിവിസ്റ്റുകളെ കാലങ്ങളോളം തടവിലിടുന്നതിനെതിരെ അന്തര്‍ദേശീയ തലത്തില്‍ തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടും കേന്ദ്രസര്‍ക്കാര്‍ അവയൊന്നും ഗൗനിച്ചിട്ടേയില്ല.
ഇന്ത്യയിലെ സംഘപരിവാര്‍ ഭരണകൂടം അവരുടെ രാഷ്ട്രീയ എതിരാളികളായി കണക്കാക്കുന്ന വിഭാഗങ്ങള്‍, പ്രത്യേകിച്ചും ദളിത് ആദിവാസി ജനത, മത ന്യൂനപക്ഷങ്ങള്‍, കമ്യൂണിസ്റ്റുകള്‍, രാഷ്ട്രീയത്തടവുകാര്‍, ഇവരുടെയെല്ലാം അവകാശങ്ങള്‍ക്ക് വേണ്ടി സംസാരിക്കുകയും സമരങ്ങള്‍ സംഘടിപ്പിക്കുകയും ചെയ്യുന്ന ആക്ടിവിസ്റ്റുകളെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയുമെല്ലാം തടവറയ്ക്കുള്ളിലാക്കി ആ ശബ്ദങ്ങളെ ഇല്ലാതാക്കാനാണ് നരേന്ദ്രമോദിയുടെ ഭരണകൂടം ശ്രമിക്കുന്നത് എന്നത് വ്യക്തമാണ്. മാവോയിസ്റ്റുകള്‍ എന്ന, ഭരണകൂടം നേരത്തെ പ്രയോഗിച്ചിരുന്ന മുദ്രചാര്‍ത്തലുകള്‍ കുറേകൂടി എളുപ്പമാക്കാനും അവ ആര്‍ക്ക് നേരെയും പ്രയോഗിക്കുന്നത് സാധ്യമാക്കാനുമായി നഗര നക്സലുകള്‍ അഥവാ അര്‍ബന്‍ നക്സലൈറ്റ്സ് എന്ന പുതിയ പേരിനും കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കി.

ജയിലിലേക്ക് പോകുന്നതിന് മുമ്പ് ആനന്ദ് തെല്‍തുംദെ ഈ രാജ്യത്തെ ജനങ്ങള്‍ക്ക് ഒരു തുറന്ന കത്തെഴുതിയിട്ടുണ്ട്. കേസിലെ അപാകതകളും തനിക്കെതിരെ നടന്ന ആസൂത്രിതനീക്കങ്ങളും വ്യക്തമാക്കിക്കൊണ്ട് അദ്ദേഹമെഴുതിയ തുറന്ന കത്തിന്റെ അവസാനത്തില്‍ രാജ്യത്തെ ഓരോ പൗരന്മാരോടുമായി ചിലത് പറഞ്ഞുവെക്കുന്നുണ്ട്, ഈ കാലഘട്ടത്തില്‍ അനിവാര്യമായ ചില ഓര്‍മ്മപ്പെടുത്തലുകള്‍.
തീവ്ര ദേശീയതയും കടുത്ത ദേശീയ വാദവുമാണ് എതിര്‍ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുവാനും ജനതയെ ഭിന്നിപ്പിക്കുവാനും രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രയോഗിക്കുന്ന മാരകമായ ആയുധങ്ങള്‍. ചിത്തഭ്രമം പിടിച്ച ഈ രാഷ്രീയവസ്ഥയില്‍ പദപ്രയോഗങ്ങളുടെ അര്‍ത്ഥതലങ്ങള്‍ പോലും കീഴ്മേല്‍ മറിഞ്ഞിരിക്കുന്നു. ഇവിടെ രാജ്യത്തെ നശിപ്പിക്കുന്നവരാണ് ഇന്ന് 'ദേശഭക്തര്‍'. രാജ്യത്തിന് വേണ്ടി നിസ്വാര്‍ത്ഥ സേവനം സമര്‍പ്പിച്ചവര്‍ 'ദേശദ്രോഹികളും'. എന്റെ രാജ്യം തകര്‍ക്കുന്നത് മാത്രമാണ് എനിക്ക് കാണാന്‍ കഴിയുന്നത്. പ്രതീക്ഷയുടെ ഒരു വിദൂര വെളിച്ചം മാത്രമേ ഈ കഠിന നിമിഷത്തില്‍ ഇത് എഴുതുമ്പോഴും എനിക്ക് മുന്നിലുള്ളൂ. ഞാന്‍ എന്‍.ഐ.എ കസ്റ്റഡിയിലേക്കു പോകുന്നു. ഇനി നിങ്ങളോട് എന്ന് സംസാരിക്കന്‍ സാധിക്കുമെന്നറിയില്ല. നിങ്ങളെത്തേടി അവര്‍ എത്തും മുമ്പെങ്കിലും നിങ്ങള്‍ ശബ്ദമുയര്‍ത്തും എന്ന് ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.
പ്രിന്‍സിപ്പല്‍ കറസ്‌പോണ്ടന്റ്, ട്രൂകോപ്പി തിങ്ക്
ഷഫീഖ് താമരശ്ശേരി
Jun 29, 2022
60 Minutes Watch
ഷഫീഖ് താമരശ്ശേരി
Jun 26, 2022
52 Minutes Watch
സി.എല്‍. തോമസ്
Jun 22, 2022
5 Minutes Read
റിദാ നാസര്‍
Jun 21, 2022
12 Minutes Read
സ്മൃതി പരുത്തിക്കാട്
Jun 21, 2022
5 Minutes Read
എം.ജി.രാധാകൃഷ്ണന്‍
Jun 20, 2022
7 Minutes Read
പ്രമോദ് രാമൻ
Jun 20, 2022
6 Minutes Read
ഷഫീഖ് താമരശ്ശേരി
Jun 19, 2022
10 Minutes Watch