ഷോകേസുകളിൽ കിടന്ന് നിലവിളിയ്ക്കുന്നുണ്ട് പുസ്തകങ്ങൾ

ഞാനടങ്ങുന്ന പുതുതലമുറയിൽ ഒരു പറ്റം ആളുകൾ പുസ്തക പ്രേമികളായിരിക്കെ തന്നെ വായനാ ശീലത്തിൽ നിന്ന് അകന്നകന്നുപോകുന്നുണ്ട്. ഫെസ്റ്റിവലുകളിൽ നിന്നും മറ്റും ഓഫറുകളുടെ സഹായങ്ങളാൽ ധാരാളം പുസ്തകങ്ങൾ വാങ്ങി ശേഖരിക്കുമ്പോഴും പലപ്പോഴും അവ ഷോകേസുകളുടെ ഇടുങ്ങിയ ഗ്ലാസുകൾക്കുള്ളിൽ കിടന്ന് പരിതപിക്കുന്നു. ഡസൻ കണക്കിന് പതിപ്പുകളായി പുസ്തകങ്ങൾ വിറ്റഴിക്കപ്പെടുന്നതിലൂടെ വായന സജീവമാകുന്നുണ്ടെന്ന പ്രത്യക്ഷ ധാരണയെ ചിലപ്പോഴെങ്കിലും പണം കൊടുത്ത് വാങ്ങുന്ന പുസ്തകങ്ങൾ വായിക്കാൻ തോന്നാറില്ലെന്ന അനുഭവസത്യങ്ങൾ പൊളിച്ചെഴുതുന്നുണ്ട്- കാലിക്കറ്റ് സർവകലാശാലയിൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന അനീസ് മുഹമ്മദ് എഴുതുന്നു

ണ്ട് നഗരങ്ങളുടെ കഥ എഴുതുന്നതിനുമുമ്പ് ഫ്രഞ്ച് വിപ്ലവത്തെ കുറിച്ചുള്ള ഒരുപാട് പുസ്തകങ്ങൾ ചാൾസ് ഡിക്കൻസ് വായിച്ചിരുന്നുവെന്ന് കേട്ടിട്ടുണ്ട്. കാർലൈൽ എത്തിച്ചു കൊടുത്ത ഒരു വണ്ടി നിറയെ പുസ്തകങ്ങൾ ഡിക്കൻസ് വായിച്ചു തീർത്തുവത്രെ.

മലയാളത്തിന്റെ പ്രിയ എഴുത്തുകാരനും ലോക സഞ്ചാരിയുമായ എസ്.കെ. പൊറ്റെക്കാടിനെ കുറിച്ചും ഇങ്ങനെയൊരു കഥയുണ്ട്. മാസശമ്പളം പറ്റിയ ദിവസം വീട്ടിലേക്ക് അവശ്യസാധനങ്ങൾ പോലും വാങ്ങാതെ എസ്.കെ. ഒരു പെട്ടി ഓട്ടോ നിറയെ പുസ്തകങ്ങളുമായി വീട്ടിലെത്തുകയും തന്റെ മുറിയിൽ കയറി കതകടച്ച് പുസ്തകം വായിച്ചു കൊണ്ടേയിരിക്കുകയും ചെയ്തതാണ് കഥ.
മനുഷ്യന്റെ സ്വതന്ത്ര്യാന്വേഷണ വഴികളിൽ ഏറ്റവും ആനന്ദം സമ്മാനിക്കുന്ന ഏർപ്പാടായി വായന മുൻപന്തിയിലുണ്ടാവുന്നു എന്നത് ഓരോ വായനക്കാരന്റെയും ചെറിയ സന്തോഷങ്ങളിൽ ഒന്നാണ്.

എസ്.കെ പൊറ്റക്കാട്

സുഹൃത്തുക്കളുടെ വലിയ പുസ്തക ശേഖരങ്ങൾ കാണുമ്പോൾ സ്വാഭാവികമായുണ്ടാകേണ്ടുന്ന കുശുമ്പുകൾക്കുപകരം അവ തന്റെ കൂടി സമ്പാദ്യമാണെന്നതിൽ ആശ്വാസം കൊള്ളാൻ വായിക്കുന്ന മനുഷ്യർക്ക് പറ്റുന്നുണ്ട്.

മറ്റു എഴുത്തുകാരുടെ കൃതികൾ വായിക്കുമ്പോൾ തന്റെ എഴുത്തുകൾ അനുകരണ സ്വഭാവമുള്ളതാവുമെന്നും അതുകൊണ്ട് താൻ പുസ്തകങ്ങൾ വായിക്കാറുമില്ലെന്ന വിദേശ മലയാളി എഴുത്തുകാരന്റെ സംഭാഷണ ശകലമോർക്കുന്നു. ജീവിതത്തിൽ നിന്നുള്ള ഒളിച്ചോട്ടമെന്നല്ലാതെ എന്താണ് അതിനെ വിശേഷിപ്പിക്കുക. പോകെപ്പോകെ തീർച്ചയായും അയാളുടെ ലോകം ചെറുതാവുന്നുണ്ടെന്ന് വായിക്കാത്ത മനുഷ്യർ അറിയുന്നില്ല.
വായനക്കാരന് അവന്റെ ദേശത്ത് മാത്രമല്ല, ഇംഗ്ലണ്ടിലും ബംഗാളി പാരീസിലും റഷ്യയിലുമെല്ലാം പരിചയക്കാരുണ്ടാവുന്നെന്ന് അപ്പൻ മാഷ് പറഞ്ഞത് വായിക്കുന്നവന് പല ജീവിതവും വായിക്കാത്തവന് ഒരു ജീവിതവുമേയുള്ളുവെന്നതിന്റെ മറുവാക്കാണ്.

എന്നാൽ ഞാനടങ്ങുന്ന പുതുതലമുറയിൽ ഒരു പറ്റം ആളുകൾ പുസ്തക പ്രേമികളായിരിക്കെ തന്നെ വായനാ ശീലത്തിൽ നിന്ന് അകന്നകന്നുപോകുന്നുണ്ട്. ഫെസ്റ്റിവലുകളിൽ നിന്നും മറ്റും ഓഫറുകളുടെ സഹായങ്ങളാൽ ധാരാളം പുസ്തകങ്ങൾ വാങ്ങി ശേഖരിക്കുമ്പോഴും പലപ്പോഴും അവ ഷോകേസുകളുടെ ഇടുങ്ങിയ ഗ്ലാസുകൾക്കുള്ളിൽ കിടന്ന് പരിതപിക്കുന്നു. ഡസൻ കണക്കിന് പതിപ്പുകളായി പുസ്തകങ്ങൾ വിറ്റഴിക്കപ്പെടുന്നതിലൂടെ വായന സജീവമാകുന്നുണ്ടെന്ന പ്രത്യക്ഷ ധാരണയെ ചിലപ്പോഴെങ്കിലും പണം കൊടുത്ത് വാങ്ങുന്ന പുസ്തകങ്ങൾ വായിക്കാൻ തോന്നാറില്ലെന്ന അനുഭവസത്യങ്ങൾ പൊളിച്ചെഴുതുന്നുണ്ട്. സ്വന്തമായി വാങ്ങിയ പുസ്തകം സമയം കിട്ടുമ്പോൾ വായിക്കാമെന്ന തോന്നലിലാണ് ഇത്തരം പുസ്തകങ്ങൾ വീടിനകത്ത് ഒതുങ്ങുന്നത്. ധാരാളം സമയമുള്ളപ്പോഴും സമയം കിട്ടുന്നില്ലെന്ന പൊള്ള വാദങ്ങളും ഇതോടൊപ്പം ന്യായീകരണങ്ങളാകുന്നുണ്ട്.

അക്ബർ കക്കട്ടിൽ

അക്ബർ കക്കട്ടിൽ, ഒരു വർഷത്തിൽ മുന്നൂറോളം പുസ്തകങ്ങൾ വായിക്കാൻ കിട്ടിയ അവസരത്തെ കുറിച്ചെഴുതിയിട്ടുണ്ട്. ചെറുകഥാ മത്സരത്തിൽ ലഭിച്ച സമ്മാനം സ്വീകരിക്കാൻ പോയ കുട്ടിയായ അക്ബറിനോട് എം.ടി. പറഞ്ഞത് ഇനി ഉടനെ അടുത്ത കഥ എഴുതരുതെന്നും വായിക്കണമെന്നുമാണ്. ആ നിർദ്ദേശം ചെവിക്കൊണ്ടാണ് അദ്ദേഹത്തിന്റെ പുസ്തക വായന മൂന്നക്കം കടന്നത്. തീർച്ചയായും ആ വായനയുടെ റിസൾട്ടാണ് മാഷിന്റെ ശിഷ്ഠസാഹിത്യ ജീവിതം.

കൈയിൽ കിട്ടുന്നതെന്തും വായിക്കുക എന്ന പോളിസി യഥാർത്ഥ വായനക്കാരനെ സംബന്ധിച്ച് ഗുണകരമാവുന്നു. അയാളുടെ വായന അനന്തമായ അറ്റങ്ങളിൽ ചെന്നവസാനിക്കുന്നത് ഒരർത്ഥത്തിൽ വായനക്കാരനെ ബലപ്പെടുത്തുന്നുണ്ട്. പൈങ്കിളി സാഹിത്യവായന കൂടി തന്റെ എഴുത്തിനെ രൂപപ്പെടുത്തുന്നതിൽ സഹായകമായിട്ടുണ്ടെന്ന് വിനോയ് തോമസിന്റെ അഭിമുഖ സംഭാഷണത്തിലുണ്ട്.

മലയാളിയുടെ ഭാവുകത്വത്തെ ലഹരി പിടിപ്പിക്കുന്ന ഭാഷ കൊണ്ട് നിരന്തരം വെല്ലുവിളിച്ച മുകുന്ദനും ഒ.വി. വിജയനും കാക്കനാടനും സക്കറിയയുമടങ്ങുന്ന സുഹൃത് വലയം എം.പി നാരായണപ്പിള്ളയെന്ന പത്രപ്രവർത്തകനെ എഴുത്തുകാരനാക്കുന്നതിൽ ശ്രദ്ധേയ വേഷം ചെയ്തിട്ടുണ്ട്. ഡൽഹിയുടെ അനിയന്ത്രിതമായ തിരക്കുകളിൽ, കൂട്ടത്തിൽ അപ്രശസ്തനായി വീർപ്പുമുട്ടിയ ‘നാണപ്പൻ' മാതൃഭൂമിയുടെ നാൽപത് ലക്കങ്ങൾ വാങ്ങി അകത്തുകടന്ന് വായനാമുറിയുടെ താഴിടുന്നു. നാൽപത് ലക്കങ്ങളിലെയും ചെറുകഥകളിലെ രചനാതന്ത്രം ശ്രദ്ധയോടെ ഗ്രഹിക്കുന്നു. പിൽക്കാലത്ത് വായനയുടെ ലോകത്തുനിന്ന് പുറത്തുവന്നത് മലയാള ആധുനികത കണ്ട ഏറ്റവും പ്രതിഭാ ശാലിയായ ‘കള്ളനെ' വായനക്കാർക്ക് തിരിച്ച് നൽകിയാണ്. താൻ വായിച്ച കഥകളിലൊന്നിനോടും സാമ്യമുണ്ടായിരുന്നില്ല നാരായണപ്പിള്ളയുടെ കള്ളനോ പിന്നീടെഴുതപ്പെട്ട കഥകൾക്കോ. തുടർച്ചകളായിരുന്നില്ല, തുടക്കങ്ങളായിരുന്നു എന്നും എം. പി. നാരായണപ്പിള്ള.

എം. പി. നാരായണപ്പിള്ള

വായിച്ച കഥകളോ കവിതകളോ എഴുത്തുവഴിയിൽ പ്രചോദനപ്പെടുക തന്നെ ചെയ്യുമെന്നതിന് വേറെയും ഉണ്ട് ഉദാഹരണങ്ങൾ.
മറ്റുള്ളവരെ വായിക്കുന്നതിലൂടെ നിങ്ങൾക്ക് നിങ്ങളെ സ്വയം വികസിപ്പിക്കാനാകുന്നു. മറ്റുള്ളവരെ വായിക്കുമ്പോൾ അവരുടെ കണ്ടെത്തലുകളിലേക്ക് അനായാസേന എത്തിപ്പെടാനാകുന്നു.
ബെന്യാമിൻ ഒരു വർഷത്തിനുള്ളിൽ 160ഓളം പുസ്തകങ്ങൾ വായിച്ചതിന്റെ സന്തോഷം പ്രകടമാക്കിയത് വായന നൽകിയ ആനന്ദത്തിനൊടുവിലാണ്. വായിച്ച പുസ്തകങ്ങളുടെ ചെറുകുറിപ്പുകൾ എഴുതി വെക്കാനും മറന്നില്ല അദ്ദേഹം.

വായനക്കാരൻ പുസ്തക വായനയിലൂടെ ആർജിച്ചെടുക്കുന്ന തുല്യ അളവിലുള്ള ഗുണങ്ങൾ എഴുത്തുകാരനും വായനയിലൂടെ ലഭ്യമാകുന്നുണ്ട്. ഒരു പക്ഷെ അയാളുടെ തൊട്ടടുത്ത രചനകളിലൂടെ അത് പ്രകടമാകുന്നു. വായന നൽകുന്ന നമ്പർ വൺ ഗുണം പദസമ്പാദ്യമായിരിക്കെകൂടി, കുമാരനാശാൻ പോലും വേണ്ടത്ര പദസമ്പത്തില്ലാത്തതിന്റെ പരിമിതി തുറന്നുപറഞ്ഞിട്ടുണ്ട്. പുന്നയൂർക്കുളത്തെയും കൽക്കട്ടയിലെയും ഏകാന്ത ബാല്യങ്ങളെ കുറെക്കൂടി സുന്ദരമാക്കാൻ നാലപ്പാട്ട് തറവാട്ടിലെ വായനാ ശീലം സഹായകമായിട്ടുണ്ടെന്ന് മാധവിക്കുട്ടി അഭിപ്രായപ്പെട്ടത് കുട്ടിക്കാലത്തെ വലിയ സന്തോഷങ്ങളിലൊന്നായാണ്.

എഴുത്തുകാരന്റെ യാദൃശ്ചികതയിലുള്ള ജീവിതപഥത്തിൽ ജീവിതവുമായുള്ള ബന്ധം അയാളുടെ ഭാഷ രൂപപ്പെടുത്തുന്നു. എഴുത്തുകാരന്റെ വളർച്ചയിൽ അയാളുടെ ഭാഷയും വായനയും ഒരുപോലെ ഒപ്പമുണ്ടാകുന്നു. അയാൾ ജീവിക്കുന്ന ചുറ്റുപാടുകളും സാമൂഹ്യവ്യവസ്ഥകളും പ്രത്യക്ഷമോ പരോക്ഷമോ ആയി സ്വാധീനിക്കുന്നു. അയാളുടെ വായനകളിൽ, പുസ്തകങ്ങളിൽ നിരന്തരം ദേശങ്ങളെ വായിക്കപ്പെടുന്നു.

വൈക്കം മുഹമ്മദ് ബഷീർ / ഫോട്ടോ : പുനലൂർ രാജൻ

ഭാരതപര്യടനമുണ്ടാക്കിയ അനുഭവങ്ങളുടെ അതേ അളവിൽ മലയാളിയുടെ പ്രിയപ്പെട്ട ബഷീർ വായനയുടെ ഇടങ്ങളിലൂടെ ലോക സഞ്ചാരം നടത്തിയിട്ടുണ്ട്. ജോലി കഴിഞ്ഞുള്ള മടക്കയാത്രകളിൽ പുസ്തകക്കടയിൽ നിന്ന് വിൽപനക്ക് വെച്ച പുസ്തകങ്ങൾ കടം വാങ്ങി രാത്രി മുഴുവനിരുന്ന് വായിച്ചുതീർത്ത് അടുത്ത ദിവസം അവിടെ തിരിച്ചേൽപ്പിക്കുമ്പോൾ ബഷീർ അനുഭവിച്ച ആനന്ദമെന്തായിരിക്കും?. വായിക്കുന്ന സമയം കൂടെ എഴുതാനുപയോഗിച്ചു കൂടെ മനുഷ്യാ.. എന്ന ഫാബിയുടെ ചോദ്യത്തിന് വായിച്ചെങ്കിലല്ലേ എഴുതാനാവൂ എന്ന ബഷീറിന്റെ മറുപടിയിൽ എഴുത്തുകാരന്റെ വായനയുടെ സൂക്ഷ്മ ബന്ധങ്ങളുണ്ട്.
ആളുകൾ വായിച്ചു തീരാത്തത്രയും സൃഷ്ടികൾ ലോകത്ത് സംഭവിക്കുന്നത് വായന പാഷനാക്കിയവരുണ്ടെന്നതിന്റെ തെളിവാണ്. അവരുടെ വലിയ വായനകൾ ലോകത്തിന് സമർപ്പിച്ച കൃതികൾ ഇനിയുമിനിയും വായിക്കപ്പെട്ടു കൊണ്ടേയിരിക്കുന്നു. വായനയുടെ സൂക്ഷ്മ ബിംബങ്ങൾ പ്രകടമാക്കുന്ന സൂസന്നയുടെ ഗ്രന്ഥപ്പുര എഴുതിയ അജയ് പി. മങ്ങാട്ട് എഴുതിയതുപോലെ, നിങ്ങൾ ആണാവട്ടെ പെണ്ണാവട്ടെ നിരന്തരം വായിച്ചു കൊണ്ടിരിക്കുന്ന ആളാണെങ്കിൽ നിങ്ങൾക്ക് എഴുതാതിരിക്കാനാവില്ല...


Comments