ചന്ദ്രകല - മട്ടാഞ്ചേരിയിലെ ആൾക്കവിതകൾ

ആയിരം പൂർണ്ണചന്ദ്രന്മാർ
പിറക്കുന്ന കൈകളിൽ
ഉഴുന്നുമുപ്പും കാരവും
പുരണ്ടുവാടിയ കൈകളിൽ
മണ്ണും വെള്ളവും കാറ്റും
വേദനിക്കുന്ന കൈകളിൽ

നിത്യാവർത്തനചക്രത്തിൽ
കുടികൊള്ളുന്ന ദേവതേ
നിന്റെ നെന്മണിയൊന്നൊന്നായ്
പെറുക്കിക്കൊണ്ടുപോകയായ്
നിവേദിക്കാനുറുമ്പുകൾ
പ്രപഞ്ചത്തിന്റെ പെണ്മയിൽ

ആയിരം പൂർണ്ണചന്ദ്രന്മാർ
കിടന്നാറുന്ന തിണ്ണയിൽ
ആയിരം പൂർണ്ണചന്ദ്രന്മാർ
അടുങ്ങുന്ന കൈവെള്ളയിൽ
ആയിരം പൂർണ്ണചന്ദ്രന്മാർ
ചുട്ടുപൊള്ളുമടുപ്പുകൾ
ആയിരം പൂർണ്ണചന്ദ്രന്മാർ
അസ്തമിക്കുന്ന ദിക്കുകൾ

വീട്ടുതളത്തിൽ കുന്തിച്ചിരുന്ന് നിത്യേന പപ്പടങ്ങൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന, ഒരുപക്ഷെ ആ വേലവഴക്കമുള്ള അവസാനതലമുറയിലെ കൈകളുടെ ഉടമയാണ് ചന്ദ്രകല എന്ന എൺപതു പിന്നിട്ട അമ്മ. ക്ഷേത്രത്തോട് തൊട്ടുചേർന്ന വീട്. അവരുടെ വാടിയ കൈകളിൽ പൂർണ്ണചന്ദ്രന്മാരെപ്പോലെയുള്ള പപ്പടങ്ങളുടെ പിറവി കണ്ടു, അതിന്റെ അവസാനിക്കാത്ത ആവർത്തനം കണ്ടു, ആ കൈകളിൽത്തന്നെ ഒടുങ്ങുവാൻ പോകുന്ന ഒരു തൊഴിലിന്റെ അസ്തമയകാലം കണ്ടു. പ്രപഞ്ചത്തിന്റെ പെണ്മയിലേക്ക് അവർ കൂട്ടിച്ചേർക്കുന്ന സ്വന്തം ജീവിതം കണ്ടു.

മട്ടാഞ്ചേരിയിലെ ആൾക്കവിതകൾ


അനിത തമ്പി

കവി, വിവർത്തക. ആദ്യ കവിതാസമാഹാരം മുറ്റമടിക്കുമ്പോൾ. അഴകില്ലാത്തവയെല്ലാം, ആലപ്പുഴ വെള്ളം എന്നിവ മറ്റു സമാഹാരങ്ങൾ​. ഇംഗ്ലീഷ്, ഫ്രഞ്ച്, ജർമൻ, സ്വീഡിഷ് ഭാഷകളിലേക്ക്​ കവിതകൾ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

Comments