വസ്​ത്ര സ്വാതന്ത്ര്യത്തിനായി കുടുംബത്തിനകത്ത്​ നടത്തിയ ഒരു ഫൈറ്റിന്റെ വർഷം

‘‘പൊലീസ് സ്റ്റേഷനിൽ മൂന്നുതവണയും, ഒരു തവണ മജിസ്ട്രേറ്റിനുമുന്നിലും എനിക്ക് മൊഴി നൽകേണ്ടി വന്നു. ഓരോ തവണയും ആ തെറികൾ എനിക്ക് ആവർത്തിച്ചു കേൾക്കേണ്ടിയും പറയേണ്ടിയും വന്നു. ആ നിമിഷം ഭൂമിയിലേറ്റവും അപമാനിക്കപെട്ട സ്ത്രീ ഞാനാണെന്ന് എനിക്ക് തോന്നി. 2022 ലെ ഒരുപാട് സമയം ഈ കേസിനു പുറകേ ഞാൻ അലഞ്ഞു. പക്ഷെ, അതിലെനിക്ക് നിരാശയോ നഷ്ടബോധമോ തോന്നുന്നില്ല. ഈ വർഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട നേട്ടമായി ഞാൻ ഈ ഫൈറ്റിനെ അടയാളപ്പെടുത്തും’’- ജീവിതത്തിൽനിന്ന് ഒരു വർഷം കൂടി അടർന്നുപോകുമ്പോൾ, അത് ജീവിതത്തിൽ പലതും ബാക്കിയാക്കും. 2022 അവശേഷിപ്പിച്ചുപോയ അത്തരം അനുഭവങ്ങൾ വീണ്ടെടുക്കപ്പെടുകയാണിവിടെ. പലതരം ജീവിതങ്ങളുടെ വക്കിൽനിന്ന് കീറിയെടുത്ത, ചോരപ്പാടുള്ള ഏടുകൾ. അനുപമ മോഹൻ എഴുതുന്നു.

രാതി സംബന്ധിച്ച മൊഴി നൽകാൻ കോഴിക്കോട് നഗരത്തിലെ നടക്കാവ് പൊലീസ് സ്റ്റേഷനിലിരിക്കുമ്പോൾ രൂക്ഷമായ തെറികളടങ്ങിയ ആ ഓഡിയോ, ഞാൻ ആവർത്തിച്ച് കേൾക്കുകയായിരുന്നു. അതിലെ ഓരോ തെറിവാക്കും ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ കോൺസ്റ്റബിൾ പേപ്പറിൽ രേഖപ്പെടുത്തി എന്നെ വായിച്ചുകേൾപ്പിച്ചു. എല്ലാം ശരിയാണെന്ന് ഞാൻ ഉറപ്പ് വരുത്തി.

പൊലീസ് സ്റ്റേഷനിൽ മൂന്നുതവണയും, ഒരു തവണ മജിസ്ട്രേറ്റിനുമുന്നിലും എനിക്ക് മൊഴി നൽകേണ്ടി വന്നു. ഓരോ തവണയും ആ തെറികൾ എനിക്ക് ആവർത്തിച്ചു കേൾക്കേണ്ടിയും പറയേണ്ടിയും വന്നു. ആ നിമിഷം ഭൂമിയിലേറ്റവും അപമാനിക്കപെട്ട സ്ത്രീ ഞാനാണെന്ന് എനിക്ക് തോന്നി. പക്ഷേ, പരാതി പിൻവലിക്കുന്നതിനെ കുറിച്ച് ഞാൻ ഒരിക്കൽ പോലും ചിന്തിച്ചില്ല.

പരാതിക്കാരിയായ ഞാനും പ്രതിയും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന പൊലീസുകാരുടെ ചോദ്യത്തിന് ഞാൻ നൽകിയ മറുപടി സ്റ്റേഷനിലുള്ളവർക്ക് അല്പം വിചിത്രമായിരുന്നു. കുടുംബബന്ധുക്കൾ തമ്മിലുള്ള പ്രശ്‌നം മാത്രമായി ആ പരാതിയെ നിസാരവൽക്കരിക്കാൻ അവർക്ക് കൂടുതൽ സമയമൊന്നും വേണ്ടി വന്നില്ല. പ്രശ്‌നപരിഹാരം ഒരു മാപ്പുപറച്ചിലിലെത്തിക്കാനുള്ള സാധ്യതയൊരുങ്ങുകയായിരുന്നു അവിടെ. പക്ഷെ അയാളോട് ക്ഷമിച്ചു കൊടുക്കാൻ ഞാൻ തയ്യാറല്ലായിരുന്നു. ഞാൻ എന്റെ ആത്മാഭിമാനത്തിനാണ് മുൻഗണന കൊടുത്തത്. ആ തീരുമാനം മാത്രമായിരുന്നു എന്റെ ശരി.

2022 ഏപ്രിലിൽ, എന്റെ ഒരു ബന്ധു ഞാൻ വീട്ടിൽ ഷോർട്‌സ് ഇടുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നു പറഞ്ഞ് രാത്രി വീട്ടിലെത്തി ബഹളമുണ്ടാക്കി. അത് ഭീഷണിയിലേക്കും തെറിവിളിയിലേക്കും മാറി. ഒച്ച കൂട്ടി സംസാരിച്ചാൽ ഞാൻ പേടിക്കില്ലെന്നും നിങ്ങൾ എന്റെ കാര്യത്തിൽ ഇടപെടരുതെന്നും ഞാൻ മറുപടി പറഞ്ഞു. ഇനിയും ഇത്തരം സദാചാര ഭീഷണിയുമായി വന്നാൽ നിയമപരമായി നേരിടുമെന്ന് പറഞ്ഞപ്പോൾ ‘എന്നാൽ നീ പോയി കേസ് കൊടുക്ക്' എന്നായിരുന്നു അയാളുടെ മറുപടി.

ഇത്തരം ഉപദ്രവക്കാരുടെ പിറകെ പോകാൻ സമയവും താല്പര്യവുമില്ലാത്തത് കൊണ്ട് ആദ്യം ഞാനത് വിട്ടു. പതിയെ എന്റേതായ കാര്യങ്ങളിൽ തന്നെ മുഴുകി. പക്ഷെ അയാളുടെ ഉപദ്രവം തുടരുകയായിരുന്നു. 23 വയസ്സായ, ജോലിയെടുത്ത് സ്വതന്ത്രമായി ജീവിച്ചിരുന്ന എന്നെ ബന്ധുക്കളുടെ മുന്നിൽ അപമാനിക്കാൻ അയാൾക്ക് അധികസമയം വേണ്ടിവന്നിരുന്നില്ല. ഞാനും എന്റെ രണ്ട് ആൺ സുഹൃത്തുക്കളും കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ രാത്രി ബസ് കാത്തുനിൽക്കുന്നതിന്റെ ഫോട്ടോ ഇയാളുടെ സഹോദരിയുടെ ഭർത്താവ് എന്റെ ഫാമിലി ഗ്രൂപ്പിൽ ഷെയർ ചെയ്തു. അതിനുശേഷം യാതൊരു പ്രകോപനവുമില്ലാതെ എന്റെ ചേച്ചിയുടെ ഫോണിലേക്ക് എന്നെ തെറി വിളിച്ചും സ്ലട്ട് ഷെയിം ചെയ്തും അയാൾ വാട്​സ്​ആപ്​ ഓഡിയോ അയച്ചു. ഇനിയും അയാളെ വെറുതെ വിടാൻ എന്റെ അഭിമാനബോധം അനുവദിച്ചില്ല. പൊലീസ് സ്റ്റേഷനിൽ പരാതി നൽകാനും കേസുമായി മുന്നോട്ട് പോകാനും ഞാൻ തീരുമാനിച്ചു. അതുമായി ബന്ധപ്പെട്ട നിയമനടപടികൾ ഇപ്പോഴും തുടരുകയാണ്.

ഈ പ്രശ്നത്തിനുശേഷം കുടുംബത്തിൽ ഞാൻ ഒറ്റപ്പെട്ടു. പലരും എന്നോട് സംസാരിക്കാൻ തയ്യാറായില്ല. ‘നീ ചെയ്തതാണ് ശരി’ എന്നാരും പറഞ്ഞില്ല. ‘നിന്നെ ഞങ്ങൾ വിശ്വസിക്കുന്നു’ എന്നാരും പറഞ്ഞില്ല. കുടുംബത്തിനത്ത് അപകടകാരിയായ ഒരു സ്ത്രീയായി ഞാൻ മാറി. ഞാൻ എന്തോ തെറ്റ് ചെയ്തപോലെ രഹസ്യമായി ആളുകളെന്നെ കുറ്റപ്പെടുത്തി. തെറിവിളിച്ച, സ്ലട്ട് ഷെയിം ചെയ്ത അയാൾ എല്ലാ പരിപാടികളിലും ആഘോഷിക്കപ്പെട്ടു.

ആത്മാഭിമാനമുള്ള, സ്വാതന്ത്ര്യബോധമുള്ള സ്ത്രീകൾ കുടുംബത്തിനകത്ത് പാകമാവാത്ത ഉടലുകളാണെന്ന് ഞാൻ മനസിലാക്കുകയായിരുന്നു. എന്റെ ദേഹത്തെ കുറിച്ച് ചുറ്റുമുള്ളവർ ജാഗരൂഗരാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. എനിക്ക് പാകമായ ഉടുപ്പുകൾ അവരുടെ സദാചാരബോധത്തെ തൃപ്തിപെടുത്തിയില്ലെങ്കിൽ വേശ്യയെന്ന പേരിട്ടുവിളിക്കാൻ അവർ എല്ലാ സമയവും തയ്യാറായിരുന്നു.

സ്വന്തം താത്പര്യമനുസരിച്ച് ഉടുത്തൊരുങ്ങുന്ന, ആൺസുഹൃത്തുക്കളുള്ള സ്ത്രീകളെ അവർക്കെളുപ്പം വേശ്യകളെന്ന് വിളിക്കാൻ പറ്റുന്നുണ്ടെങ്കിൽ അതിനു കുടുംബത്തിനകത്തുനിന്ന്​ ലഭിക്കുന്ന പിന്തുണ വലുതായിരിക്കും. സുരക്ഷിതമായി, സ്വതന്ത്രമായി ജീവിക്കാൻ പറ്റുന്ന ഇടം വീടും കുടുംബവുമാണെന്ന് പറയുന്ന സ്ത്രീകൾ വളരെ കുറവായിരിക്കും. നിരന്തരം അപമാനിക്കപ്പെടാൻ പാകത്തിലാണ് അവർ പലരും വീടുകളിൽ കഴിയുന്നത്. വസ്ത്രസ്വാതന്ത്ര്യം എന്നത് കുടുംബലോകത്ത് കേട്ടുകേൾവിയില്ലാത്ത ഒരു പദമാണ്. അവരുടെ തീരുമാനങ്ങൾക്കനുസരിച്ച് വസ്ത്രം ധരിക്കാൻ വിമുഖത കാണിക്കുന്നവർ അവിടെ നിന്ന്​ പുറത്താക്കപ്പെടും.

ഞാൻ അത്തരത്തിൽ കുടുംബത്തിന്റേതായ സകല ഇടങ്ങളിൽ നിന്നും പുറത്താക്കപ്പെടുകയായിരുന്നു. അയാൾ വിളിച്ച തെറികൾക്കായിരുന്നു കൂടുതൽ സ്വീകാര്യത. ആ തെറിവിളികൾ ആൾക്കൂട്ടങ്ങളിൽ നിന്ന്​ ഞാൻ എല്ലാ സമയവും പ്രതീക്ഷിച്ചു. സംസാരിച്ചു ജയിക്കാനായി ആരെങ്കിലും ആ വാക്കുകൾ ഉപയോഗിക്കുമോയെന്ന് നിരന്തരം ഭയന്നു. ആ ഭയത്തിൽ നിന്ന്​പുറത്തുകടക്കാൻ എനിക്ക് ഇവിടുത്തെ നിയമവ്യവസ്ഥയിൽ വിശ്വസിച്ചേ മതിയാവൂ. 2022 ലെ ഒരുപാട് സമയം ഈ കേസിനു പുറകേ ഞാൻ അലഞ്ഞു. പക്ഷെ, അതിലെനിക്ക് നിരാശയോ നഷ്ടബോധമോ തോന്നുന്നില്ല. ഈ വർഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട നേട്ടമായി ഞാൻ ഈ ഫൈറ്റിനെ അടയാളപ്പെടുത്തും.

കോഴിക്കോട്​ ഫാറൂഖ് കോളേജിനടുത്തുള്ള ഒരു ഗ്രാമീണ പ്രദേശത്താണ് ഞാൻ ജീവിക്കുന്നത്. സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുന്ന സ്ത്രീകൾ ആ നാട്ടിൽ ഈ കാലത്തും പുതിയ കാഴ്ചയാണ്. ചുരിദാറിനും ജീൻസിനും അപ്പുറം വസ്ത്രങ്ങൾ എക്സ്പ്ലോർ ചെയ്യുന്ന സ്ത്രീകൾ അത്ഭുതമാണ്. ആൺസുഹൃത്തുക്കളുള്ള, സമയം നോക്കാതെ യാത്ര ചെയ്യുന്ന സ്ത്രീകളെ ഉൾക്കൊള്ളാൻ തയ്യാറാവാത്തവരായിരുന്നു ആ പ്രദേശത്തുള്ളവർ. പക്ഷെ ഇപ്പോൾ അവരിൽ പലരും മാറി തുടങ്ങുന്നുണ്ട്. ഈ പ്രദേശത്തെ ഒരുപാട് സ്ത്രീകൾ എന്നോട് സംസാരിക്കാൻ തയ്യാറായി. വയസും ജോലിയും വസ്ത്രവും സാമ്പത്തിക സ്ഥിതിയും, വിദ്യാഭ്യാസവുമെല്ലാം വ്യത്യസ്തമായവർ. സ്വന്തം ഇഷ്ടത്തിന് ജീവിക്കുക എന്ന തീരുമാനത്തിലേക്ക് പതിയെയാണെങ്കിലും അവർ വളരുന്നുണ്ട്. മറ്റുള്ളവരുടെ സ്വകാര്യതയിൽ ഇടപെടാനും അഭിപ്രായം പറയാനും ആളുകൾ മടിക്കുന്നുണ്ട്.

വീടിനടുത്തുള്ള, 45-നടുത്ത് പ്രായമുള്ള ഒരു ചേച്ചി എന്നെ കഴിഞ്ഞ ദിവസം വിളിച്ചിരുന്നു. ജോലിയെടുത്ത് ജീവിക്കുന്ന അവർ പെട്ടെന്ന് ഒരു ദിവസം ചുരിദാറിലേക്ക് മാറിയതിലുള്ള ചിലരുടെ അസഹിഷ്ണുതയെ കുറിച്ച് സംസാരിച്ചു. വസ്ത്രം ഒരാളുടെ സ്വഭാവശുദ്ധിയെ തന്നെ ചോദ്യം ചെയ്യുന്നത് ഞാൻ മനസിലാക്കി. ‘കേസ് കൊടുത്തത് നന്നായി, ഇനി അവർക്ക് പെണ്ണുങ്ങളുടെ കാര്യത്തിൽ ഇടപെടാൻ ധൈര്യം വരില്ല’ എന്ന്​ അവരെന്നോട് ചിരിച്ചുകൊണ്ട് പറഞ്ഞു.

വളരെ സ്വഭാവികമായ രീതിയിൽ സ്ത്രീകളുടെ സ്വാതന്ത്ര്യം നിഷേധിക്കാൻ എന്നേ തയ്യാറായിക്കഴിഞ്ഞ വീട്ടുകാരോടും കുടുംബക്കാരോടും യുദ്ധം ചെയ്യാൻ എന്റെ പരിചയത്തിലുള്ള സ്ത്രീകളെങ്കിലും ശ്രമിക്കുന്നുണ്ട്. അതുതന്നെയാണ് ഒരു വർഷം കൊണ്ട് ഞാൻ പോരാടി നേടിയ വിജയം. ഈ വർഷം മാത്രമല്ല, ഒരു പക്ഷെ ഇനിയും ഒരുപാട് വർഷങ്ങൾ ഇതുപോലുള്ള കേസുകളുമായി നടക്കേണ്ടി വരുമെന്ന യാഥാർഥ്യം ഞാൻ മനസ്സിലാക്കുന്നുണ്ട്. മുന്നിൽ മറ്റ് വഴികളില്ല.

Comments