അനുരാഗ് എഞ്ചിനീയറിംഗ് വര്‍ക്‌സ്
അത്ര ചെറിയ ഷോര്‍ട്ട് ഫിലിം അല്ല
അനുരാഗ് എഞ്ചിനീയറിംഗ് വര്‍ക്‌സ് അത്ര ചെറിയ ഷോര്‍ട്ട് ഫിലിം അല്ല
യു ട്യൂബിൽ റിലീസ് ചെയ്ത് നാലാഴ്ച കൊണ്ട് 29 ലക്ഷം പേര്‍ കണ്ട ‘അനുരാഗ് എഞ്ചിനീയറിംഗ് വര്‍ക്‌സ്' എന്ന അര മണിക്കൂര്‍ മാത്രം ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിം, മലയാളം ഷോര്‍ട്ട് ഫിലിം ഷോണര്‍ ഇന്ന് എത്തിനില്‍ക്കുന്ന സ്വതന്ത്ര അസ്തിത്വത്തിന് മികച്ച ദൃഷ്ടാന്തമാണ്. തിരക്കഥയിലെ ലാളിത്യം കൊണ്ടും സംവിധാനത്തിലെ സൂക്ഷ്മത കൊണ്ടും അഭിനയത്തിലെ സ്വാഭാവികതകൊണ്ടും പ്രണയമെന്ന സ്ഥിരം പ്രമേയത്തിന്റെ തേഞ്ഞുപഴകിയ സ്വഭാവത്തെ മറികടക്കുന്നു ഈ സിനിമ.
20 Sep 2022, 09:55 AM
ചലച്ചിത്രത്തിന്റെ ചരിത്രം പ്രാരംഭം കുറിച്ച 1895 ഡിസംബര്‍ 28 ന് ലൂമിയര്‍ സഹോദരന്മാര്‍ സ്‌ക്രീന്‍ ചെയ്തത് 10 ഷോര്‍ട്ട് ഫിലിമുകള്‍ ആയിരുന്നു. 1927 ല്‍ വാര്‍ണര്‍ ബ്രദേഴ്സ് നിര്‍മിച്ച് അലന്‍ ക്രോസ് ലാന്‍ഡ് സംവിധാനം ചെയ്ത ആദ്യ ശബ്ദ ഫീച്ചര്‍ സിനിമയായ ‘ജാസ് സിങ്ങര്‍' റിലീസ് ചെയ്യുന്നവരെയും ഷോര്‍ട്ട് ഫിലിമുകള്‍ക്കായിരുന്നു ആധിപത്യം.
ഫീച്ചര്‍ സിനിമയുടെ വരവോടെ ഷോര്‍ട്ട് ഫിലിമുകള്‍ ഫീച്ചര്‍ സിനിമാ സംവിധായകരുടെ പഠനക്കളരിയായി മാറി. മിക്ക സംവിധായകരുടെയും അരങ്ങേറ്റ ചിത്രങ്ങള്‍ ഷോര്‍ട്ട് ഫിലിമുകളായി. സാഹിത്യത്തില്‍ ചെറുകഥ പോലെ ഗ്രാവിറ്റി കുറഞ്ഞ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന രണ്ടാം നിരക്കാരനായി ഷോര്‍ട്ട്ഫിലിം. ഫീച്ചര്‍ സിനിമകള്‍ ചെയ്‌തെങ്കില്‍ മാത്രമേ സംവിധായകന്റെ ലേബല്‍ ചാര്‍ത്തിക്കിട്ടുകയുള്ളു എന്ന നിലയിലുമായി കാര്യങ്ങള്‍. 2005 ല്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്തതും 2006 ല്‍ ഗൂഗിള്‍ ഏറ്റെടുക്കുകയും ചെയ്ത യുട്യൂബിന്റെ വരവോടെ ഷോര്‍ട്ട് ഫിലിമുകള്‍ സ്വതന്ത്ര അസ്തിത്വമുള്ള ഒരു ഷോണര്‍ ആയി മാറി. ഇന്ന് ഓരോ മിനുട്ടിലും 500 മണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള വീഡിയോകളാണത്രെ ലോകത്തെമ്പാടുനിന്നും യു ട്യൂബില്‍ അപ് ലോഡ് ചെയ്യപ്പെടുന്നത്. അതില്‍ ഭൂരിഭാഗവും ഷോര്‍ട്ട് ഫിലിം ഗണത്തില്‍ പെടുന്നവയുമാണ്. യുവതലമുറ ഏറെക്കുറെ പൂര്‍ണമായും യു ട്യൂബ് അഡിക്റ്റ് ആയിക്കഴിഞ്ഞു. ഒ.ടി.ടി പ്ലാറ്റ് ഫോമുകളിലും ഷോര്‍ട്ട്ഫിലിമുകള്‍ പിടിമുറുക്കിക്കഴിഞ്ഞു.
വളരെവേഗത്തില്‍ മാറിക്കൊണ്ടിരിക്കുന്ന ദൃശ്യങ്ങളുടെ പരമ്പരയാണ് കാഴ്ച്ചയുടെ പുതുശീലങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് മനുഷ്യരുടെ ചിന്തയേയും ഭാവുകത്വത്തെയും ഇന്ന് നിര്‍ണയിക്കുന്നത്. ശ്ലഥ ചിന്ത (Fragmentary Thinking or Clip Thinking) എന്ന പ്രതിഭാസത്തിലേക്കാണ് ഇത് പുതുതലമുറയെ എത്തിക്കുന്നത്. ദീഘമായ ഫീച്ചര്‍ സിനിമകളും ദീര്‍ഘമായ ഷോട്ടുകളും പുതുതലമുറയ്ക്ക് അസഹനീയമായി മാറുന്നു. ഒരു വൃത്തം പൂര്‍ത്തിയാവുന്നപോലെ സിനിമയുടെ പ്രാരംഭകാലത്തുണ്ടായിരുന്ന ഷോര്‍ട്ട് ഫിലിം മാത്രം എന്ന അവസ്ഥയിലേക്ക് പുതുകാല ഡിജിറ്റല്‍ സിനിമയുടെ ചരിത്രവും മാറാന്‍ സാധ്യതയുണ്ട് എന്നുപോലും പുതുമാധ്യമ ഗവേഷകര്‍ (New Media Researchers) ദീര്‍ഘദര്‍ശനം ചെയ്യുന്നു.

ക്രെഡിറ്റ്‌സ് ഉള്‍പ്പടെ 40 മിനിറ്റില്‍ കുറഞ്ഞ സമയംകൊണ്ട് പൂര്‍ത്തിയാവുന്ന ചലച്ചിത്രങ്ങളാണ് ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ ഉള്‍പ്പെടുന്നത്. ഒന്നിലധികം ഷോര്‍ട്ട് ഫിലിമുകള്‍ ചേര്‍ത്ത് ഫീച്ചര്‍ സിനിമയായി റിലീസ് ചെയ്യുന്ന രീതിയും മലയാളത്തില്‍ ഉള്‍പ്പടെ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഒരു ചെറുകഥയുടേതുപോലെ ഭാവസാന്ദ്രമായ അനുഭവങ്ങളുടെ ചിതറലുകള്‍ ഇല്ലാത്ത ആവിഷ്‌കാരമാണ് ഷോര്‍ട്ട്ഫിലിമുകളില്‍ പൊതുവെ കണ്ടുവരുന്നത്. ക്യാമറ മുതല്‍ നടീനടന്മാരും സാങ്കേതിക വിദഗ്ദ്ധരും ചിലവുകുറഞ്ഞ നിര്‍മാണത്തിന് സഹായകരമായ രീതിയിലാണ് ഷോര്‍ട്ട് ഫിലിമുകളില്‍ ഉപയോഗിക്കപ്പെടുന്നത്. മിക്ക ഷോര്‍ട്ട്ഫിലിമുകളും യു ട്യൂബില്‍ സൗജന്യമായി കാണാന്‍ കഴിയുന്നു എന്നതും ചിലവുകുറഞ്ഞ നിര്‍മാണ സാധ്യതയും ഷോര്‍ട്ട്ഫിലിമുകളെ ജനപ്രിയവും ജനകീയവുമാക്കിമാറ്റുന്നു. മുപ്പതും നാല്പതും ലക്ഷം ആളുകളൊക്കെയാണ് ഒരു ജനപ്രിയ ഷോര്‍ട്ട്ഫിലിം മലയാളത്തില്‍ ആണങ്കില്‍പോലും കാണുന്നത്. ശരാശരി ടിക്കറ്റ് നിരക്ക് 100 രൂപ കണക്കാക്കിയാല്‍ മുപ്പതു കോടിക്കും നാല്‍പതു കോടിക്കുമിടയില്‍ കലക്ട് ചെയ്യുന്ന ഒരു മെഗാഹിറ്റ് ഫീച്ചര്‍ സിനിമ കാണുന്ന അത്രയും ആളുകള്‍ ഈ ഷോര്‍ട്ട് ഫിലിമുകള്‍ കാണുന്നുണ്ട് എന്ന് അനുമാനിക്കാം.
യു ട്യൂബ് റിലീസ് ചെയ്ത് നാലാഴ്ച കൊണ്ട് 29 ലക്ഷം പേര്‍ കണ്ട ‘അനുരാഗ് എഞ്ചിനീയറിംഗ് വര്‍ക്‌സ്' എന്ന അര മണിക്കൂര്‍ മാത്രം ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിം, മലയാളം ഷോര്‍ട്ട് ഫിലിം ഷോണര്‍ ഇന്ന് എത്തിനില്‍ക്കുന്ന സ്വതന്ത്ര അസ്തിത്വത്തിന് മികച്ച ദൃഷ്ടാന്തമാണ്. തിരക്കഥയിലെ ലാളിത്യം കൊണ്ടും സംവിധാനത്തിലെ സൂക്ഷ്മത കൊണ്ടും അഭിനയത്തിലെ സ്വാഭാവികത കൊണ്ടും പ്രണയമെന്ന സ്ഥിരം പ്രമേയത്തിന്റെ തേഞ്ഞുപഴകിയ സ്വഭാവത്തെ മറികടക്കുന്നുണ്ട് ഈ സിനിമ.
ചിത്രത്തിന്റെ പേരിലെ ആ മൂന്നു വാക്കുകള്‍- ‘അനുരാഗ്', ‘എഞ്ചിനീയറിംഗ്', ‘വര്‍ക്‌സ്'- എങ്ങനെയൊക്കെയാണ് അനുരാഗം എഞ്ചിനീയറിംഗ് ചെയ്യപ്പെടുന്നത് എന്നും അത് ഒടുവില്‍ എങ്ങിനെ വര്‍ക്ക് ചെയ്യുന്നു എന്നും കാണിക്കുന്നു. ചലച്ചിത്രത്തിന്റെ പ്രമേയത്തിലേക്കുള്ള താക്കോലുകളാണ് ഈ മൂന്നു വാക്കുകള്‍. അനുരാഗ് എന്നുപേരായ ചെറുപ്പക്കാരന്‍ തന്റെ സുഹൃത്തുക്കളുടെ കൂടി പ്രേരണയാല്‍ പ്രണയം സഫലമാക്കാന്‍ അക്ഷരാര്‍ത്ഥത്തിലും അലങ്കാരികമായും നടത്തുന്ന എഞ്ചിനീയറിംഗ് എങ്ങനെ പ്രവര്‍ത്തനക്ഷമമാവുന്നു (works) എന്ന് ചിത്രം കാണിച്ചുതരുന്നു. ‘എഞ്ചിനീയറിംഗ് വര്‍ക്‌സ്' എന്നതിലെ വര്‍ക്‌സ് ബഹുവചന നാമമാണെന്ന് നമുക്കറിയാം. എന്നാല്‍ ഈ ചലച്ചിത്രത്തിന്റെ പേര് അനുരാഗ്‌സ് എഞ്ചിനീയറിംഗ് വര്‍ക്‌സ് (Anurag's engineering works) എന്നാക്കി മാറ്റിയാലും ശരിയാവും എന്നും അങ്ങനെയാവുമ്പോള്‍ ‘വര്‍ക്‌സ്' എന്ന ഇംഗ്ലീഷ് വാക്ക് നാമരൂപമല്ലാതാവുകയും ‘വര്‍ക്‌സ്' എന്ന ക്രിയാപദമായി മാറുകയും ചെയ്യുന്നു എന്നും നമുക്കനുഭവപ്പെടും.

കിരണ്‍ ജോസി സംവിധാനവും ആദര്‍ശ് സദാനന്ദന്‍ ക്യാമറയും എഡിറ്റിങ്ങും നിര്‍വഹിച്ച ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത് സംവിധായകനും ക്യാമറാമാനും ചേര്‍ന്നാണ്. മിലന്‍ ജോണ്‍ ഒരുക്കിയ സംഗീതവും ബിലാല്‍ റഷീദ് എന്ന കളറിസ്റ്റിന്റെ മിടുക്കും ഈ ഷോര്‍ട്ട് ഫിലിമിന്റെ മികവിന് ഏറെ സംഭാവനകള്‍ ചെയ്തിട്ടുണ്ട്. മലയാള സിനിമയില്‍ ‘തിങ്കളാഴ്ച നിശ്ചയ’വും ‘ആന്‍ഡ്രോയിഡ് കുഞ്ഞപ്പ’നും ‘എന്നാ താന്‍ കേസ് കൊട്' തുടങ്ങിയ സിനിമകൾ അടയാളപ്പെടുത്തിയ അത്യുത്തര മലബാര്‍ ആണ് ‘അനുരാഗ് എഞ്ചിനീയറിംഗ് വര്‍ക്‌സ് 'എന്ന ചിത്രത്തിന്റെയും ലൊക്കേഷന്‍. പ്രാദേശിക ഭാഷയുടെ വാമൊഴിവഴക്കം തനിമയൊട്ടും ചോരാതെ ഈ ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നു.
മുഖ്യധാരാ എന്ന സങ്കല്‍പ്പത്തെ പൊളിച്ചുകളഞ്ഞ് അരികുകളില്‍ നിന്നാണ് ഇന്ന് മികച്ച കലാസൃഷ്ടികളുണ്ടാവുന്നത് എന്ന് ഒന്നുകൂടി ഉറപ്പിക്കുന്നുണ്ട് ഈ ചിത്രം. എഴുപതുകളുടെ അവസാനവും എണ്‍പതുകളുടെ തുടക്കത്തിലും ട്രെന്റിയായിമാറിയ വിഷാദ കാമുക ഭാവം ഈ ചിത്രത്തിലെ പ്രധാനകഥാപാത്രമായ അനുരാഗിനുണ്ട്. പക്ഷെ, അയാളുടെ സാമൂഹിക-സാമ്പത്തിക ചുറ്റുപാട് മുന്‍കാല സിനിമകളിലെ കോളേജ് കുമാരന്മാരുടേതല്ല. സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരു വെല്‍ഡിങ്ങ് തൊഴിലാളിയാണ് അയാള്‍. മൊബൈല്‍ ഫോണ്‍ ഒക്കെ ഉപയോഗിക്കുന്നുണ്ടങ്കിലും വാട്‌സ് ആപ് സ്റ്റാറ്റസ് ഇടാനും, എന്തിന് ഒരുനല്ല ഫോട്ടോ പോലും ഫേസ് ബുക്കിലോ വാട്‌സ് ആപ് സ്റ്റാറ്റസ് ആയോ അപ്ലോഡ് ചെയ്യാന്‍ പോലും അയാള്‍ വിമുഖനാണ്. അമ്മയും മകനും മാത്രമടങ്ങുന്ന കുടുംബത്തിലെ മഹാസാധുവായ ഒരു ചെറുപ്പക്കാരനാണ് അയാള്‍.
തന്റെ വീട്ടില്‍ നിന്ന് പണിസ്ഥലത്തേക്കുള്ള യാത്രകളില്‍ ജീപ്പിലും ബസിലുമായി അയാള്‍ സ്ഥിരം കാണുന്ന പെണ്‍കുട്ടിയാണ് ഇ-സേവ കേന്ദ്രത്തില്‍ ജോലിയുള്ള നീതു. അവളോട് അനുരാഗിന് തോന്നുന്ന അടുപ്പവും അത് പ്രകടിപ്പിക്കാന്‍ അറിയാത്തതിന്റെ വിഷമവുമാണ് അയാളെ അലട്ടുന്നത്. സുഹൃത്തിന്റെ പ്രേരണയാല്‍ അവളുടെ ബര്‍ത്ത് ഡേയ്ക്ക് വിഷ് ചെയ്ത് അയാള്‍ ഇടുന്ന വാട്‌സ് ആപ് സ്റ്റാറ്റസും പിന്നീട് അവള്‍ക്കായി ഓര്‍ഡര്‍ ചെയ്ത ടെഡി ബെയറും ആ നിശബ്ദ അനുരാഗത്തെ പ്രക്ഷുബ്ധമാക്കുന്നു.

അനുരാഗ് ആയി വേഷമിട്ട വിനീത് വാസുദേവന്‍ സൂപ്പര്‍ ശരണ്യയിലെ കോമിക് വില്ലനില്‍നിന്ന് അനായാസമായി ഒരു ഇന്‍ട്രോവേര്‍ട്ട് കാമുകനായി മാറിയിരിക്കുന്നു. സൂക്ഷ്മഭാവങ്ങള്‍ മിന്നിമറയുന്ന അഭിനയസിദ്ധിയിലൂടെ ഈ നടന്‍ ഏറെക്കാലം മലയാസിനിമയിലുണ്ടാവും എന്നുറപ്പിക്കാം. നായിക നീതുവായി അഭിനയിച്ച അഖില ഭാര്‍ഗവന്റെ അവിസ്മരണീയമായ പ്രകടനവും എടുത്തുപറയത്തക്കതാണ്. ഫീച്ചര്‍ സിനിമകള്‍ അരങ്ങുവാണ മലയാള ചലച്ചിത്ര ചരിത്രത്തില്‍ ഷോര്‍ട്ട് ഫിലിമുകള്‍ അവഗണിക്കാനാവാത്ത സ്ഥാനം ഉറപ്പിക്കുന്നുണ്ട്.
അധ്യാപകന്‍, മുന്‍ റിസര്‍ച്ച് ഓഫിസര്‍, എസ്.സി.ഇ.ആര്‍.ടി., കേരള.
ഷാജു വി ജോസഫ്
Feb 01, 2023
5 Minutes Read
റിന്റുജ ജോണ്‍
Jan 30, 2023
5 Minutes Watch
റിന്റുജ ജോണ്‍
Jan 28, 2023
4 Minutes Watch
മുഹമ്മദ് ജദീര്‍
Jan 27, 2023
4 minutes Read
പ്രഭാഹരൻ കെ. മൂന്നാർ
Jan 21, 2023
5 Minutes Read