എന്തുകൊണ്ട് കേരളത്തില്‍
അര്‍ജന്റീനയ്ക്ക് ഇത്രയധികം
ആരാധകര്‍
എന്തുകൊണ്ട് കേരളത്തില്‍ അര്‍ജന്റീനയ്ക്ക് ഇത്രയധികം ആരാധകര്‍
അര്‍ജന്റീനക്കൊപ്പം നിന്ന് തോല്‍ക്കുന്നതില്‍ സങ്കടപ്പെടുന്നതിലും ഒരാനന്ദം കണ്ടെത്താന്‍ ഞങ്ങള്‍, അര്‍ജന്റീനിയന്‍ ആരാധകര്‍ക്ക് കഴിയുന്നതിനുപിന്നില്‍ ജയിക്കുന്നവര്‍ക്കൊപ്പം നില്‍ക്കുക എന്നതിനപ്പുറം തോല്‍ക്കുന്നവര്‍ക്കും നിന്ദിതര്‍ക്കും മര്‍ദ്ദിതര്‍ക്കുമൊപ്പം ഐക്യപ്പെടുന്നതിന്റെ വിമോചനപരമായ ഒരു രാഷ്ട്രീയം ബോധാബോധതലങ്ങളില്‍ ഒരു പോലെ പ്രവര്‍ത്തിക്കുന്നുണ്ട്.
27 Nov 2022, 10:20 AM
ആദ്യമായി ടെലിവിഷനില്‍ ലോക നിലവാരമുള്ള കളി കണ്ടതോടെ ഞങ്ങളുടെ ഫുട്ബോള്‍ സങ്കല്‍പ്പങ്ങള്‍ വിപ്ലവകരമായി മാറിമറിഞ്ഞു. സന്തോഷ് ട്രോഫിയ ടക്കമുള്ള ആഭ്യന്തര ഫുട്ബോള്‍ മത്സരങ്ങള്‍ കാണാനുള്ള താല്‍പര്യം കുറഞ്ഞു. താരതമ്യം മുഴുവന്‍ ലോകോത്തര കളിക്കാരും ടീമുമായിട്ടായി. ലോകോത്തര താരങ്ങളെല്ലാം വീട്ടുകാരെയും നാട്ടുകാരെയും പോലെ ദൈനംദിന സംഭാഷണ വിഷയങ്ങളായി. അവരുടെ വിശേഷങ്ങള്‍ ഞങ്ങളുടെയും വിശേഷങ്ങളായി. എന്റെയും അനിയന്‍ ബ്രിജേഷിന്റെയും നോട്ടുബുക്കുകള്‍ മുഴുവന്‍ അവരുടെ പേരും കളിക്കുന്ന പൊസിഷനും മറ്റ് വിവരങ്ങളും കൊണ്ട് നിറഞ്ഞു. ഞങ്ങള്‍ സ്വന്തം നിലയ്ക്ക് ഡ്രീം ഇലവനുകളുണ്ടാക്കി. ആ സ്വപ്നടീമുകള്‍ തമ്മില്‍ കളിച്ചാല്‍ എങ്ങനെയിരിക്കുമെന്ന് സ്വപ്നം കണ്ടു.
വളരെ അവികസിതമായിരുന്ന ഞങ്ങളുടെ നാട്ടിന്‍പുറത്തും ടെലിവിഷനില്‍ കണ്ട ലോകകപ്പ് മാറ്റങ്ങള്‍ കൊണ്ടുവന്നു. ഇത്ര ചടുലമായും മാന്ത്രിക വൈദഗ്ധ്യത്തോടെയും വശ്യതയോടെയും പന്തു കളിക്കാമോ എന്ന് ഗ്രാമീണ കായികപ്രേമികള്‍ അന്തംവിട്ടു. ഗോളടിച്ചാലും ജയിച്ചാലുമൊക്കെ പല രാജ്യക്കാരും ഭൂഖണ്ഡക്കാരും നടത്തുന്ന സവിശേഷ ആഘോഷങ്ങള്‍ ഞങ്ങളുടെ കളിപ്പറമ്പുകളില്‍ അനുകരിക്കപ്പെട്ടു. റോജര്‍മില്ലയെന്നും സ്‌കിലാച്ചിയെന്നും ഡോണാ ഡോണിയെന്നുമൊക്കെ പലര്‍ക്കും വിളിപ്പേര് വീണു. (മറഡോണയെന്നു മാത്രം ചെല്ലപ്പേര് ആര്‍ക്കും നല്‍കാന്‍ ധൈര്യമുണ്ടായില്ല. ഒരേയൊരു മറഡോണ മാത്രം!) ചുരുക്കിപ്പറഞ്ഞാല്‍ ഞങ്ങളുടെ കയിലിയാടും ഒരു ഫുട്ബോള്‍ സാര്‍വദേശീയതയുടെ ഭാഗമായിക്കഴിഞ്ഞു. ലോകകപ്പുകള്‍ ഓരോന്നും പിന്നിടുമ്പോഴും ആ ഫുട്ബോള്‍ സാര്‍വദേശീയത ശക്തിപ്പെട്ടു. കേരളത്തിലാകെ പ്രകടമായ മാറ്റങ്ങള്‍ തന്നെയാണിവ. ജാതിക്കും മതത്തിനുമെല്ലാം അതീതമായ ഒരു ഫുട്ബോള്‍ സാഹോദര്യവും വളര്‍ന്നു വന്നു. ദേശാതിര്‍ത്തികളെ ഉല്ലംഘിക്കുന്ന ഇഷ്ടാനിഷ്ടങ്ങളും ആരാധക സംഘങ്ങളും സൗഹാര്‍ദ്ദപൂര്‍ണമായ സഹവര്‍ത്തിത്വം പുലര്‍ത്തി. ആ ഫുട്ബോള്‍ സാര്‍വദേശീയത കേരളത്തെ സംബന്ധിച്ച് സാമ്രാജ്യത്വ വിരുദ്ധവും മതനിരപേക്ഷവുമാണ്. മറഡോണയേയും മെസ്സിയേയും റൊണാള്‍ഡോയേയും എംബാപ്പെയേയും സിദാനെയുമെല്ലാം മലയാളി ആരാധകര്‍ ഭ്രാന്തമായി ഇഷ്ടപ്പെട്ടത് അവരുടെ മതമോ നിറമോ സ്വത്വത്തിന്റെ ഏതെങ്കിലും അടയാളമോ നോക്കിയിട്ടല്ല. കളി മാത്രമായിരുന്നു ഘടകം.
കേരളത്തില്‍ കളര്‍ ടെലിവിഷന്‍ വന്ന ശേഷം ഒരിക്കലും ജയിച്ചിട്ടില്ലാത്ത ടീം എന്ന് പരിഹസിക്കപ്പെടുന്ന അര്‍ജന്റീനക്ക് കേരളത്തില്‍ ഇത്രമേല്‍ ആരാധകരുണ്ടാവാനുള്ള കാരണമോ, ലാറ്റിനമേരിക്കന്‍ ഫുട്ബോളിന്റെ ചന്തമോലുന്ന ഗംബീത്തയുടെ പ്രയോക്താക്കളെന്നതിനൊപ്പം തികച്ചും വൈകാരികവും ആത്മനിഷ്ഠവുമായ കാരണങ്ങള്‍ കൂടിയാണുള്ളത്. 86 മുതല്‍ അടിയുറച്ച അര്‍ജന്റീന ആരാധകരായി തുടരുന്ന എന്നെപ്പോലുള്ള പതിനായിരങ്ങള്‍ ജയസാധ്യതയുടെ അടിസ്ഥാനത്തിലേയല്ല അര്‍ജന്റീനയോട് ഉലയാത്ത പ്രതിബദ്ധത പുലര്‍ത്തുന്നത്. "ദുഃഖമാണെങ്കിലും നിന്നെക്കുറിച്ചുള്ള ദുഃഖം എനിക്കെന്താനന്ദമാണോമനേ' എന്ന് ചുള്ളിക്കാട് എഴുതിയതുപോലെ അര്‍ജന്റീനക്കൊപ്പം നിന്ന് തോല്‍ക്കുന്നതില്‍ സങ്കടപ്പെടുന്നതിലും ഒരാനന്ദം കണ്ടെത്താന്‍ ഞങ്ങള്‍, അര്‍ജന്റീനിയന്‍ ആരാധകര്‍ക്ക് കഴിയുന്നതിനുപിന്നില്‍ ജയിക്കുന്നവര്‍ക്കൊപ്പം നില്‍ക്കുക എന്നതിനപ്പുറം തോല്‍ക്കുന്നവര്‍ക്കും നിന്ദിതര്‍ക്കും മര്‍ദ്ദിതര്‍ക്കുമൊപ്പം ഐക്യപ്പെടുന്നതിന്റെ വിമോചനപരമായ ഒരു രാഷ്ട്രീയം ബോധാബോധതലങ്ങളില്‍ ഒരു പോലെ പ്രവര്‍ത്തിക്കുന്നുണ്ട്. രാജീവ് രാമചന്ദ്രന്‍ എഴുതുന്നതു പോലെ ആ ഐക്യപ്പെടലില്‍ ചെ ഗുവേരയുടെ രക്ത സാക്ഷിത്വവും മറഡോണയുടെ കളത്തിനകത്തും പുറത്തുമുള്ള ജീവിതവും നിലപാടുകളും പോരാട്ടങ്ങളും റൊസാരിയോയും മെസ്സിയുമെല്ലാമുണ്ട്.

കളിമികവിലും ജയപ്രവചനങ്ങളിലും മുന്നില്‍ നില്‍ക്കുന്ന യൂറോപ്യന്‍ ടീമുകള്‍ക്കുള്ളതിനേക്കാള്‍ ആരാധകര്‍ അര്‍ജന്റീന, ബ്രസീല്‍ തുടങ്ങിയ ലാറ്റിനമേരിക്കന്‍ ടീമുകള്‍ക്ക് ഉണ്ടാകുന്നതിന്റെ കാരണം ഫുട്ബോളിനേക്കാള്‍ ചരിത്രപരവും രാഷ്ട്രീയവുമാണ്. അവിടത്തെ ടീമുകളെയും താരങ്ങളെയും മുന്‍നിര്‍ത്തി കേരളത്തിലെ ആരാധകര്‍ യഥാര്‍ഥത്തില്‍ ഐക്യപ്പെടുന്നത് അവിടത്തെ ചൂഷിത ജനതയോടാണ്. ആ ചൂഷിത ജനതയുടെ ആഗ്രഹാഭിലാഷങ്ങളെയും ആഹ്ലാദങ്ങളെയും പ്രതിനിധീകരിക്കുന്ന ടീമിനൊപ്പം നില്‍ക്കുമ്പോള്‍ ഇവിടത്തെ മനുഷ്യര്‍ അറിഞ്ഞോ അറിയാതെയോ വന്‍കരകള്‍ക്കപ്പുറമുള്ള ആ മനുഷ്യരുടെ വിമോചനകാംക്ഷക്കൊപ്പം അണിനിരക്കുകയാണ്. അറിയപ്പെടാത്ത മനുഷ്യരുമായി അതെനിക്ക് സാഹോദര്യം നല്‍കിയെന്ന് വിശ്വമഹാകവി പാബ്ലോ നെരൂദ കമ്യൂണിസ്റ്റ് പാര്‍ട്ടിയെക്കുറിച്ച് പറഞ്ഞത് ഫുട്ബോളിനെക്കുറിച്ചും പറയാം. അതുകൊണ്ടൊക്കെയാണ് യൂറോപ്യന്‍ ടീമുകളേക്കാള്‍ ലാറ്റിനമേരിക്കന്‍ ടീമുകള്‍ കേരളത്തില്‍ ജനപ്രിയമാകുന്നത്.

പലസ്തീന്‍ നേതാവ് മഹമൂദ് അബ്ബാസിനെ കണ്ടുമുട്ടിയപ്പോള്‍ 'ഹൃദയം കൊണ്ട് ഞാനൊരു പലസ്തീന്‍കാരനാ'ണെന്നും ഇറാഖിലെ കൂട്ടക്കുരുതിയുടെ പേരില്‍ ബുഷ് ചോരക്കൊതിയനാണെന്നും ധീരമായി പ്രഖ്യാപിക്കുന്ന, ശരീരത്തില്‍ ചെയേയും ഫിദലിനെയും പച്ചകുത്തിയ മറഡോണയെ മലയാളി തങ്ങളെപ്പോലെ ചിന്തിക്കുന്ന, ഏറ്റവും പ്രിയപ്പെട്ട ആളായും അയാളുടെ രാജ്യത്തെ സഹോദര രാജ്യവും ടീമുമായും കാണുകയും ആ ടീം തോറ്റുപോകരുതെന്ന് ആഗ്രഹിക്കുകയും അഥവാ തോറ്റുപോയാലും തോല്‍വിയിലും ഉപേക്ഷിക്കില്ലെന്ന് നിശ്ചയിച്ചുറപ്പിക്കുകയും ചെയ്യുന്നതിന്റെ മാനദണ്ഡം കളിമൈതാനങ്ങള്‍ക്കുമപ്പുറം ചരിത്രത്തിന്റെ ആഴങ്ങളിലേക്ക് നീളുന്നതാണ്. യഥാര്‍ഥത്തില്‍ അര്‍ജന്റീന തോല്‍ക്കുമ്പോഴും ഒപ്പം നില്‍ക്കുന്ന ആരാധകര്‍ ഒരു ടീമിനെ മാത്രമല്ല ഉപേക്ഷിക്കാന്‍ വിസമ്മതിക്കുന്നത്; നിലപാടുകളെക്കൂടിയാണ്. ഒരുപക്ഷേ, പ്രത്യക്ഷത്തില്‍ അവര്‍ പോലും അത് തിരിച്ചറിയുന്നുണ്ടാവണമെന്നില്ല.

ഞാനെന്നും അര്‍ജന്റീനക്കൊപ്പമാണ്. അവര്‍ ജയിക്കില്ലെന്ന് ഉറപ്പുള്ളപ്പോള്‍ പോലും അവര്‍ക്കൊപ്പമേ നിന്നിട്ടുള്ളൂ. ഇനിയും അങ്ങനെ മാത്രമേ നില്‍ക്കുകയുള്ളൂ. ബുദ്ധി മറ്റ് ടീമുകള്‍ക്കൊപ്പം പോകുമ്പോള്‍പ്പോലും എന്റെ ഹൃദയത്തിന് വെള്ളയില്‍ നീല വരകളാണുള്ളത്. അര്‍ജന്റീനയേക്കാള്‍ നന്നായി കളിക്കുന്ന ടീമുകളുടെ പ്രകടനത്തെ അംഗീകരിക്കാനും മാനിക്കാനും മടിയൊട്ടുമില്ല. അത് ആസ്വദിക്കാന്‍ തടസ്സവുമില്ല.
ഞാനൊരു അന്ധനായ അര്‍ജന്റീനിയന്‍ ആരാധകനല്ല. പക്ഷേ ഭ്രാന്തമായ ഒരു അര്‍ജന്റീനിയന്‍ പക്ഷപാതിയാണ്. ആരാധകരില്‍ മഹാഭൂരിപക്ഷത്തിനും അര്‍ജന്റീനയെന്നാല്‍ ഒരു രാഷ്ട്രമോ അതിരുകളോ അതില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒരു ഫുട്ബോള്‍ ടീമോ ഒന്നുമല്ല. മനുഷ്യന്റെ അതിരുകളില്ലാത്ത വിമോചനാഭിവാഞ്ഛകളുടെ ചരിത്രത്തെയാകെ ചുരുക്കിയെഴുതാവുന്ന ഒരു പദമാണ്. അവര്‍ കളിക്കുന്ന മൈതാനങ്ങളെല്ലാം നീതിക്കും അതിജീവനത്തിനുമുള്ള പടനിലങ്ങളായിട്ടും കൂടിയാണ് ഞാന്‍ വിഭാവനം ചെയ്യുന്നത്. തിരിച്ചടികളില്‍ തകരാതെയും തളരാതെയും അന്തിമ വിജയം സ്വപ്നം കണ്ടു കൊണ്ട് അടിയുറച്ചു നില്‍ക്കുന്നത് മനുഷ്യ വംശത്തിന്റെ അണമുറിയാത്ത ചരിത്രത്തിനൊപ്പമാണെന്ന ഭാവനയാണെന്നെ നയിക്കുന്നത്. ഫുട്ബോള്‍ വെറുമൊരു കളിയല്ല. അണമുറിയാത്ത ആ ചരിത്രത്തിന്റെ തീവ്രാവിഷ്‌കാരമാണ്.
ട്രൂകോപ്പി വെബ്സീനില്‍ പ്രസദ്ധീകരിച്ച ലേഖനത്തിന്‍റെ പൂർണ്ണ രൂപം വായിക്കാം - എന്റെ ഹൃദയത്തിന് വെള്ളയില്‍ നീല വരകളാണുള്ളത് | എം.ബി. രാജേഷ്
തദേശസ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി
സച്ചു ഐഷ
Jan 05, 2023
4 Minutes Read
ദിലീപ് പ്രേമചന്ദ്രൻ
Dec 24, 2022
34 Minutes Watch
സംഗീത് ശേഖര്‍
Dec 23, 2022
8 Minutes Listening
ഡോ. പി.ജെ. വിൻസെന്റ്
Dec 21, 2022
5 Minutes Watch
Think Football
Dec 21, 2022
3 Minutes Read
എ. ഹരിശങ്കര്‍ കര്‍ത്ത
Dec 20, 2022
2 Minutes Read
ദിലീപ് പ്രേമചന്ദ്രൻ
Dec 19, 2022
23 Minutes Watch